ഇക്കഴിഞ്ഞ ജനുവരി 25ന്റെ രാത്രിയിൽ എന്റെ ജീവിതത്തിൽ സംഭവിച്ചത്...

ഒരു മമ്മൂട്ടി ആരാധകന്റെ ഓർമക്കുറിപ്പുകൾ. 'മധുരം മമ്മൂട്ടി' ഭാ​ഗം-31
ഇക്കഴിഞ്ഞ ജനുവരി 25ന്റെ രാത്രിയിൽ 
എന്റെ ജീവിതത്തിൽ സംഭവിച്ചത്...
Published on
Summary

മമ്മൂട്ടിയും പദ്മപുരസ്കാരങ്ങളും. ആരാധകന്റെ ഓർമകൾ

1998-ൽ മമ്മൂട്ടിക്ക് പദ്മശ്രീ കിട്ടിയ ദിവസം

2026-ൽ മമ്മൂട്ടിക്ക് പദ്മഭൂഷൺ പ്രഖ്യാപിച്ച ജനുവരി 25ലെ അനുഭവവിവരണം

കഴിഞ്ഞ കുറേ വർഷങ്ങളായി ജനുവരി 25 എന്ന തീയതിക്ക് ജീവിതത്തിൽ വലിയ പ്രധാന്യമുണ്ട്. രാവിലെ മുതൽ നെഞ്ചിടിപ്പ് തുടങ്ങും. വൈകുന്നേരമാകുമ്പോൾ അത് ചെണ്ടമേളത്തിന്റെ കലാശക്കൊട്ട് പോലെയാകും. 1998-ൽ തുടങ്ങിയതാണത്. ഇക്കഴിഞ്ഞ ജുനവരി 25നും നെഞ്ചിൽ ചെണ്ടകൊട്ട് തുടങ്ങി. ഇത്തവണ അതിനെന്തോ കൂടുതൽ മുറുക്കമുണ്ടായിരുന്നു. അതിന് കാരണവുമുണ്ടായിരുന്നു.

ഓർമകൾ ഫ്ലാഷ്ബാക്കിലേക്ക് പോകുന്നു. 28വർഷം മുമ്പുള്ള കാര്യമാണ്. അന്നൊക്കെ കേരളത്തിലെ വീടുകളിൽ വാർത്തയറിയാനുള്ള പ്രധാന മാർ​ഗം ആകാശവാണിയായിരുന്നു. രാവിലെ മുതൽ വീടുകളിൽ റേഡിയോ പാടും,വാർത്ത വായിക്കും. ഇം​ഗ്ലീഷിലും മലയാളത്തിലും സംസ്കൃതത്തിലുമായിരുന്നു ആകാശവാണി വാർത്തകൾ. ഇവയുടെ സമയത്തിനനുസരിച്ചായിരുന്നു അന്ന് നമ്മൾ പലപ്പോഴും പല കാര്യങ്ങളും ചെയ്തിരുന്നതും നിശ്ചയിച്ചിരുന്നതും.

Must Read
പള്ളിക്കത്തോട്ടിലെ കഥ പറയുമ്പോൾ.. എന്റെ ജീവിതത്തിലെ അശോക് രാജ്..
ഇക്കഴിഞ്ഞ ജനുവരി 25ന്റെ രാത്രിയിൽ 
എന്റെ ജീവിതത്തിൽ സംഭവിച്ചത്...

റേഡിയോവാർത്തകൾ വീടുകളിൽ ക്ലോക്കുകളായി പ്രവർത്തിച്ചു എന്നുവേണമെങ്കിൽ പറയാം. രാവിലെ ആറുമണിക്ക് ആദ്യ വാർത്ത. പിന്ന 6.45,7.00,7.25. ഉച്ചയ്ക്ക് 12.30,1.00 ഇങ്ങനെ നീളും വാർത്തകളുടെ സമയം. എല്ലാവീടുകളിലും റേഡിയോ എന്നും കൃത്യമായി വച്ചിരുന്നതുകൊണ്ട് ക്ലോക്ക് നോക്കാതെ തന്നെ സമയം അറിയാം. ഇം​ഗ്ലീഷിലുള്ള ആദ്യവാർത്ത കേൾക്കുമ്പോഴേ ആറുമണിയായെന്ന് ഉറപ്പിക്കാം. പിന്നെ ഓരോ വാർത്തയ്ക്കുമൊപ്പം ഉച്ചഭക്ഷണം പൊതിയൽ, സ്കൂളിൽപോക്ക്,വൈകുന്നേരം ​ഗ്രൗണ്ടിലെ കളി മതിയാക്കൽ തുടങ്ങി എല്ലാക്കാര്യങ്ങളുടെയും സമയം തിരിച്ചറിയപ്പെട്ടു.

മമ്മൂട്ടിയും റോബർട്ട് കുര്യാക്കോസും
മമ്മൂട്ടിയും റോബർട്ട് കുര്യാക്കോസുംഫോട്ടോ-അറേഞ്ച്ഡ്

എന്റെ വീട്ടിലും എന്നും റേഡിയോ വാർത്തകൾ ഉറക്കെ വയ്ക്കും. സ്കൂളിൽ പഠിക്കുന്ന കാലം തൊട്ടേ അത് കേട്ടുശീലിച്ചു. ഇം​ഗ്ലീഷിലും മലയാളത്തിലുമുള്ള വാർത്തകൾ ഉറപ്പായും കേൾക്കും. മനസ്സിലായില്ലെങ്കിലും സംസ്കൃതം വാർത്തയും ശ്രദ്ധിക്കും. അറിവുണ്ടാകാൻ വാർത്ത കേൾക്കുകയും പത്രം വായിക്കുകയും ചെയ്യണമെന്ന് അന്നത്തെ എല്ലാകുട്ടികളെയും എന്നപോലെ എന്നെയും വീട്ടുകാർ പറഞ്ഞുപഠിപ്പിച്ചിരുന്നു. അതുകൊണ്ട് മെച്ചമുണ്ടായി എന്നത് സത്യം.

അങ്ങനെ 1998-ലെ ഒരു വൈകുന്നേരം. അന്ന് ഞാൻ വിദ്യാർഥിയാണ്. മമ്മൂട്ടി ഫാൻസിന്റെ പ്രവർത്തനങ്ങൾ തലയ്ക്ക് പിടിച്ച് മറ്റൊരു ചിന്തയുമില്ലാതെ നടക്കുന്ന കാലം. മമ്മൂട്ടി എന്നൊരു വാക്ക് എത്രദൂ​രത്തുനിന്ന് കേട്ടാലും കാത് അത് പിടിച്ചെടുക്കും. അങ്ങനെ ആറുമണി ഇം​ഗ്ലീഷ് വാർത്തയിൽ പദ്മശ്രീ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു എന്നതിന്റെ കൂട്ടത്തിൽ മമ്മൂട്ടി എന്ന വാക്ക് അങ്ങനെ കാതിലേക്ക്,അല്ല ഹൃദയത്തിലേക്ക് വന്ന് വീണു. വീടിന് പുറത്തുനില്കുകയായിരുന്നതിനാൽ എന്താണ് പറഞ്ഞതെന്ന് വ്യക്തമായി കേട്ടില്ല. മമ്മൂക്കയ്ക്ക് പദ്മശ്രീ ഉണ്ട് എന്നു മാത്രം മനസ്സിലായി. പക്ഷേ കാത് കള്ളം പറഞ്ഞതാണെങ്കിലോ... ഒന്നുകൂടി ഉറപ്പിക്കാൻ 6.15ന്റെ മലയാളം വാർത്ത കേൾക്കാൻ വീടിനുള്ളിലേക്ക് ഓടിക്കയറി. അതിൽ ആ വാർത്ത പ്രഖ്യാപിച്ചപ്പോൾ അക്ഷരാർഥത്തിൽ തുള്ളിച്ചാടി എന്നുതന്നെ പറയാം. വീട്ടുകാർ 'ഇവനെന്താ വട്ടായോ...'എന്നുചിന്തിച്ചു കാണണം.

1998-ൽ മമ്മൂട്ടിക്ക് പദ്മശ്രീ കിട്ടിയപ്പോൾ സിനിമാപ്രവർത്തകർ ഒരുക്കിയ സ്വീകരണച്ചടങ്ങിൽ നിന്ന്
1998-ൽ മമ്മൂട്ടിക്ക് പദ്മശ്രീ കിട്ടിയപ്പോൾ സിനിമാപ്രവർത്തകർ ഒരുക്കിയ സ്വീകരണച്ചടങ്ങിൽ നിന്ന്ഫോട്ടോ കടപ്പാട്-മമ്മൂട്ടി ഫേസ്ബുക്ക് പേജ്

ഇഷ്ടപ്പെട്ട ഒരു കാര്യം അറിഞ്ഞാൽ അത് എത്രകേട്ടാലും മതിയാകില്ല. പിന്നെയും പിന്നെയും അത് ആവർത്തിച്ചുകേട്ടുകൊണ്ടേയിരിക്കണം. എനിക്ക് ആ ശീലമുണ്ട്. അങ്ങനെ കേട്ടതുമതിയാകാതെ 7.30ന്റെ ദൂരദർശൻ വാർത്തയ്ക്കായി ടി.വിക്കുമുമ്പിൽ കുത്തിയിരുന്നു. മമ്മൂക്കയുടെ ഫോട്ടോക്കൊപ്പം ആ വാക്ക് തെളിഞ്ഞു-പദ്മശ്രീ. അന്നത്തെ രാത്രി ഉറങ്ങിയില്ല. ജീവിതത്തിൽ ഏറ്റവും വലിയ ആരാധനാപാത്രത്തിന് കിട്ടിയ അം​ഗീകാരം എനിക്ക് കിട്ടിയ എന്തോ വലിയ അവാർഡുപോലെയാണ് അനുഭവപ്പെട്ടത്. എനിക്കുമാത്രമായിരിക്കില്ല,അന്ന് എല്ലാ മമ്മൂക്ക ആരാധകർക്കും ഇതേ മനോവികാരമായിരിക്കും ഉണ്ടായിരിക്കുക.

മമ്മൂട്ടി
മമ്മൂട്ടിഫോട്ടോ കടപ്പാട്-മമ്മൂട്ടി ഫേസ്ബുക്ക് പേജ്

പിന്നെ കാത്തിരിപ്പ് പത്രത്തിനായിട്ടായിരുന്നു. തിരിഞ്ഞും മറിഞ്ഞും കിടന്ന് നേരം വെളുപ്പിച്ചു. വെളുപ്പിന് എഴുന്നേറ്റ് പത്രം വരാൻ കാത്തിരുന്നു. മുറ്റത്തേക്ക് 'മലയാള മനോരമ' പറന്നുവീണതും ഓടിച്ചെന്നെടുത്തു. അതിൽ ഒന്നാംപേജിൽ മമ്മൂക്ക. മലയാള മനോരമയുടെ ചീഫ് എഡിറ്റർ കെ.എം.മാത്യുവിന് പദ്മഭൂഷൺ ലഭിച്ചിട്ടും അതിനേക്കാൾ വലിയ രീതിയിലാണ് അവർ മമ്മൂക്കയുടെ പദ്മശ്രീ നേട്ടം ആഘോഷിച്ചത്. അന്ന് ഞാൻ മമ്മൂക്കയെ നേരിട്ടുകണ്ടിട്ടുപോലുമില്ല. എനിക്കറിയാവുന്ന, മമ്മൂക്കബന്ധമുള്ള ഏകയാൾ പലതവണ ഈ പംക്തിയിൽ പരാമർശിച്ച പള്ളിക്കത്തോട്ടിലെ ഫാൻസ് നേതാവ് ബാബുക്കുട്ടനാണ്. ഞങ്ങൾ പരസ്പരം സന്തോഷം പങ്കിട്ടു. കൂട്ടുകാരായ ലാലേട്ടൻ ഫാൻസുകാരുടെ മുമ്പിൽ തലപൊക്കിപ്പിടിച്ചു നടന്നു. അതല്ലാതെ ആഘോഷിക്കാൻ മറ്റു മാർ​ഗങ്ങളൊന്നുമുണ്ടായിരുന്നില്ല.

മമ്മൂട്ടി
മമ്മൂട്ടിഫോട്ടോ- അറേഞ്ച്ഡ്

വൈകീട്ട് കണ്ടപ്പോൾ ബാബുക്കുട്ടൻ പറഞ്ഞു,വരാൻപോകുന്ന 'വെള്ളിനക്ഷത്രം' മമ്മൂക്ക സ്പെഷൽ ആണ്. പിന്നെയുള്ള ദിവസങ്ങളിൽ അതിനുവേണ്ടിയുള്ള കാത്തിരിപ്പ്. ഒടുവിൽ വെള്ളിനക്ഷത്രം എത്തിയെന്നറിഞ്ഞപ്പോൾ ബാബുക്കുട്ടൻ പൊൻകുന്നത്തുപോയി രണ്ടെണ്ണം വാങ്ങിക്കൊണ്ടുവന്നു. ഒരെണ്ണം ബാബുക്കുട്ടനും മറ്റേത് എനിക്കും.

Must Read
വിമാനത്തിലിരുന്ന് ഉമ്മൻചാണ്ടി ചോദിച്ചു: 'അപ്പോ...താൻ മമ്മൂട്ടിയെ കാണാൻ പോകുവാ അല്ലേ..?'
ഇക്കഴിഞ്ഞ ജനുവരി 25ന്റെ രാത്രിയിൽ 
എന്റെ ജീവിതത്തിൽ സംഭവിച്ചത്...

10 രൂപയായിരുന്നുവെന്ന് തോന്നുന്നു അതിന്റെ വില. ഒരു വലിയ പുസ്തകം പോലെ ഒരുപാട് താളുകൾ. എല്ലാത്തിലും മമ്മൂക്ക മാത്രം. ഇ.കെ.നായനാരെപ്പോലെയുള്ളവർ മമ്മൂക്കയെ അഭിനന്ദിച്ചുകൊണ്ട് അതിൽ കുറിപ്പെഴുതിയിട്ടുണ്ടായിരുന്നു. 'മമ്മൂട്ടിക്ക് കിട്ടിയപ്പോൾ പദ്മശ്രീ ചെറുപ്പമായി' എന്ന നായനാരുടെ വിഖ്യാതമായ കമന്റ് അതിലായിരുന്നുവെന്നാണ് ഓർമ.(തെറ്റെങ്കിൽ ക്ഷമിക്കുക) 'മറവത്തൂർ കനവി'ന്റെ ഷൂട്ടിങ്ങിനായി തമിഴ്നാട്ടിലേക്ക് പോകുംവഴിയാണ് മമ്മൂക്ക അവാർഡ് വാർത്തയറിഞ്ഞതെന്നത് ഉൾപ്പെടെയുള്ള വിശേഷങ്ങളും നിറയെ ഉണ്ടായിരുന്നു. ഒപ്പം ലൊക്കേഷനിൽ അദ്ദേഹത്തെ സ്വീകരിക്കുന്ന ചിത്രങ്ങളും. മമ്മൂക്കയെക്കുറിച്ചുള്ള വിവരങ്ങളുടെ അക്ഷയഖനിയായിരുന്നു ആ വെള്ളിനക്ഷത്രം.

മമ്മൂട്ടി
മമ്മൂട്ടിഫോട്ടോ- കടപ്പാട് മമ്മൂട്ടി ഫേസ്ബുക്ക് പേജ്

പിന്നീട് കുറച്ചുവർഷം കഴിഞ്ഞപ്പോൾ മുതൽ പദ്മഭൂഷൺ എന്ന പുരസ്കാരത്തെക്കുറിച്ചുള്ള ചിന്തകളായി. അപ്പോഴേക്കും മമ്മൂക്കയുമായി അടുപ്പമൊക്കെയായിക്കഴിഞ്ഞിട്ടുണ്ടായിരുന്നു. കുറച്ചുകൂടി ലോകപരിചയം വന്നു. സൗഹൃദങ്ങൾ വലുതായി. മുതിർന്ന രാഷ്ട്രീയനേതാക്കന്മാരുമായി പരിചയമുണ്ടായി. അവരെയൊക്കെക്കാണുമ്പോൾ മമ്മൂക്കയുടെ പദ്മഭൂഷണെക്കുറിച്ചുള്ള വിവരങ്ങൾ ചോദിച്ചുതുടങ്ങി.

ഓരോ വർഷവും ജനുവരി 25ന് ആദ്യം പറഞ്ഞതുപോലെ നെഞ്ചിടിപ്പുതുടങ്ങും. കഴിഞ്ഞ പത്തുവർഷത്തിനിടെ അതിന്റെ തീവ്രത കൂടി. അറിയാവുന്ന എല്ലാവഴിയിലൂടെയും മമ്മൂക്കയ്ക്ക് പദ്മഭൂഷൺ ഉണ്ടോ എന്ന് അന്വേഷിക്കും. ആർക്കും അറിവൊന്നുമുണ്ടാകില്ല. എന്നാലും ആകാംക്ഷകൊണ്ട് അങ്ങനെ അന്വേഷിക്കാതിരിക്കാനാകുമായിരുന്നില്ല. 1998-ലെ ആരാധകന്റെ അതേ മാനസികാവസ്ഥതന്നെയായിരുന്നു കഴിഞ്ഞ പത്തുവർഷമായി ഓരോ ജനുവരി 25ലും. പക്ഷേ ഒടുവിൽ രാത്രിയാകുമ്പോൾ മനസ്സിൽ നിറയെ നിരാശയുടെ,നഷ്ടബോധത്തിന്റെ ഇരുട്ടുനിറയും. അതായിരുന്നു പതിവ്.

2024-ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരവിതരണ വേദിയിൽ മമ്മൂട്ടിയെ അഭിനന്ദിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ. മന്ത്രി വി.ശിവൻകുട്ടി സമീപം
2024-ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരവിതരണ വേദിയിൽ മമ്മൂട്ടിയെ അഭിനന്ദിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ. മന്ത്രി വി.ശിവൻകുട്ടി സമീപംഫോട്ടോ-അറേഞ്ച്ഡ്

മമ്മൂക്കയാകട്ടെ ഒരിക്കലും ഇത്തരം പുരസ്കാരങ്ങളെയോ അം​ഗീകാരങ്ങളെയോ ചൊല്ലി ആകുലപ്പെട്ടുകണ്ടിട്ടില്ല. അദ്ദേഹത്തിന് സിനിമയാണ് എപ്പോഴും ഏറ്റവും വലുത്. അതേക്കുറിച്ച് ചിന്തിക്കുന്നതിനിടെ മറ്റൊന്നിനെക്കുറിച്ചും ആലോചിച്ച് തലപുകയ്ക്കാറില്ല. സിനിമാജീവിതത്തിനിടെ കിട്ടുന്ന അം​ഗീകാരങ്ങളെയെല്ലാം അദ്ദേഹം സന്തോഷത്തോടെ സ്വീകരിക്കുന്നു. കിട്ടാതെ പോകുന്നവയെക്കുറിച്ച് ഒരിക്കലും നിരാശപ്പെടില്ല. അതൊന്നും അദ്ദേഹത്തെ ബാധിക്കുകയോ അലട്ടുകയോ ഇല്ല. കിട്ടിയാൽ സന്തോഷം,കിട്ടിയില്ലെങ്കിൽ സങ്കടവുമില്ല. ഇതാണ് മമ്മൂക്കയുടെ രീതി.

ഇത്തവണ പക്ഷേ 25ന് രണ്ടുമൂന്നുദിവസം മുമ്പുതന്നെ നെഞ്ചിടിപ്പ് ഇക്കാലമിത്രയുമില്ലാത്ത വിധം ഉയർന്നു. രാവിലെതന്നെ വന്ന ജോർജേട്ടന്റെ വിളിയായിരുന്നു അതിന് കാരണം. കേന്ദ്രസർക്കാരിലെ ഉത്തരവാദപ്പെട്ട ഒരിടത്തുനിന്ന് ജോർജേട്ടനെ വിളിക്കുന്നു. മമ്മൂക്കയുടെ ഔദ്യോ​ഗികമായ പലവിവരങ്ങൾക്കുമൊപ്പം അദ്ദേഹത്തിന്റെ ജീവാകാരുണ്യപ്രവർത്തനങ്ങളുടെ വിശദാംശങ്ങളും വേണം. അത് തയ്യാറാക്കി ഉടൻ ഡൽഹിക്ക് അയയ്ക്കണം. തൊട്ടുപിന്നാലെ ജോർജേട്ടൻ എന്നെ വിളിച്ചതാണ്. കേന്ദ്രസർക്കാരിൽ നിന്ന് ആവശ്യപ്പെട്ട ജീവകാരുണ്യപ്രവർത്തനങ്ങളുടെ റിപ്പോർട്ട് പെട്ടെന്ന് തയ്യാറാക്കാൻ പറഞ്ഞു. അതുകേട്ടതും കൈകൾ ആയിരം ഇരട്ടിവേ​ഗത്തിൽ ചലിച്ചു. പെട്ടെന്നുതന്നെ എല്ലാം സജ്ജ‍മാക്കി. അത് ജോർജേട്ടന് അയച്ചു. അതിനൊപ്പം ചില രേഖകൾ അദ്ദേഹം തന്ന വിലാസങ്ങളിലേക്കും മെയിൽ ചെയ്തു.

Must Read
'താൻ ഒന്ന് തീരുമാനിക്ക്...മമ്മൂട്ടി വേണോ, യേശുക്രിസ്തു വേണോ എന്ന്...'
ഇക്കഴിഞ്ഞ ജനുവരി 25ന്റെ രാത്രിയിൽ 
എന്റെ ജീവിതത്തിൽ സംഭവിച്ചത്...

പിന്നീട് ഒരു കാത്തിരിപ്പായിരുന്നു. ഉള്ളിൽ വലിയൊരു രഹസ്യമിങ്ങനെ തിങ്ങിനിറഞ്ഞുനില്കുകയാണ്. അതിന്റെ ​ഗൗരവസ്വഭാവമറിയാവുന്നതിനാൽ ഭാര്യയോട് പോലും പറഞ്ഞില്ല. 25ാം തീയതി രാവിലെ തന്നെ മമ്മൂക്കയും ജോർജേട്ടനും സംസ്ഥാന ചലച്ചിത്ര അവാർഡ് വിതരണച്ചടങ്ങിന് തിരുവനന്തപുരത്തേക്ക് പോയി. ന്യൂഡൽഹിയിൽ നിന്ന് എന്തെങ്കിലും ഔദ്യോ​ഗിക അറിയിപ്പു വന്നെങ്കിൽ അത് മമ്മൂക്കയ്ക്കായിരിക്കും. അദ്ദേഹം അത് ആരോടും പറയുകയുമില്ല. ഉച്ചയായപ്പോൾ(ഓസ്ട്രേലിയയിൽ അപ്പോൾ സന്ധ്യപരന്നു) അപ്പോൾ ടെൻഷൻ സഹിക്കവയ്യാതെ ജോർജേട്ടനെ വിളിച്ചു. 'എന്തെങ്കിലും അറിഞ്ഞോ' എന്നു ചോദിച്ചപ്പോൾ ജോർജേട്ടൻ പൊട്ടിച്ചിരിച്ചു. ഒന്നും പറയുന്നുമില്ല. 'ഒടുവിൽ സാറെന്തെങ്കിലും പറഞ്ഞോ' എന്നായി സഹികെട്ട ഞാൻ. 'സാറ് ഇത്തരം കാര്യങ്ങളൊന്നും ആരോടും പറയില്ല എന്ന് നിനക്കറിയില്ലേ' എന്ന് അപ്പോൾ ജോർജേട്ടൻ.

2024-ലെ മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം മുഖ്യമന്ത്രി പിണറായി വിജയൻ മമ്മൂട്ടിക്ക് സമ്മാനിക്കുന്നു. മന്ത്രി സജി ചെറിയാൻ സമീപം
2024-ലെ മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം മുഖ്യമന്ത്രി പിണറായി വിജയൻ മമ്മൂട്ടിക്ക് സമ്മാനിക്കുന്നു. മന്ത്രി സജി ചെറിയാൻ സമീപംഫോട്ടോ-അറേഞ്ച്ഡ്

ഓസ്ട്രേലിയൻ സമയം ഏഴുമണിയോടെ(നാട്ടിൽ ഉച്ചയ്ക്ക്2.30) 'പത്മപുരസ്കാരങ്ങൾ പ്രഖ്യാപിച്ചു' എന്ന് ഏഷ്യാനെറ്റിൽ ഫ്ളാഷ്. അത് നെഞ്ചിലേക്കാണ് മിന്നക്കയറിയത്. പക്ഷേ കാത്തിരുന്ന വാർത്ത അതിലില്ല. ഇത്തവണയും നിരാശയോ എന്നായി സംശയം. അറിയാവുന്ന മാധ്യമസുഹൃത്തുക്കളെയൊക്കെ വിളിച്ചു. പപ്പപ്പ ഡോട് കോം എഡിറ്റർ-ഇൻ-ചീഫും ആത്മസുഹൃത്തുമായ ശരത്കൃഷ്ണ ഡൽഹിയിലെ ഒരു മുതിർന്ന പത്രസുഹൃത്തിനെ വിളിച്ച് അന്വേഷിച്ചിട്ട് പറഞ്ഞു,'അൺസങ് ഹീറോസ് എന്ന പേരിൽ പദ്മശ്രീ കിട്ടിയവരുടെ പട്ടികയാണ് ഇപ്പോൾ പ്രഖ്യാപിച്ചിട്ടുള്ളത്. പദ്മഭൂഷൺ ഒക്കെ വൈകിട്ടേ പ്രഖ്യാപിക്കൂ'. അതറിഞ്ഞപ്പോൾ തെല്ലുസമാധാനമായി.

രാത്രി പത്തുമണികഴിഞ്ഞിട്ടും ഉറങ്ങാൻ പോകാൻ തോന്നുന്നില്ല. ടി.വി.ക്ക് മുന്നിൽ തന്നെ കുത്തിയിരുന്നു. മറാത്താ ചാനലുകൾ വരെ വച്ചുനോക്കി. ഇതിനിടയ്ക്ക് ഓരോ പത്തുമിനിട്ടിലും ജോർജേട്ടനെ വിളിക്കുന്നുണ്ട്. അദ്ദേഹവും ടി.വിയിൽ വാർത്താചാനലുകൾ മാറിമാറി നോക്കുകയാണ്. ഇടയ്ക്ക് ഞാൻ മമ്മൂക്ക എന്തുപറയുന്നുവെന്ന് ചോദിക്കുമ്പോഴൊക്കെ ​'ഗസ്റ്റുകളുണ്ട്,അവരുമായി സംസാരിക്കുന്നു'വെന്നാണ് ജോർജേട്ടൻ പറയുന്നത്. എനിക്കറിയാം. മമ്മൂക്ക ഏതൊരു ദിവസത്തെയും പോലെ മാത്രമേ ഈ ദിവസത്തെയും കാണുന്നുള്ളൂ. ഏറ്റവുമൊടുവിൽ ചോദിച്ചപ്പോൾ ജോർജേട്ടൻ പറഞ്ഞത് അടൂർ സാറിന്റെ പടത്തെക്കുറിച്ചുള്ള ചർച്ചയിലാണ് എന്നാണ്.

പദ്മഭൂഷൺ നേട്ടത്തിൽ സന്തോഷവും നന്ദിയും അറിയിച്ച് മമ്മൂട്ടി പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പ്
പദ്മഭൂഷൺ നേട്ടത്തിൽ സന്തോഷവും നന്ദിയും അറിയിച്ച് മമ്മൂട്ടി പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പ് സ്ക്രീൻഷോട്ട്

ഒടുവിൽ രാത്രി പതിനൊന്നുമണിയാപ്പോൾ(നാട്ടിലപ്പോൾ വൈകീട്ട് ആറര) ശരതിന്റെ ഫോൺകോൾ. 'ഉണ്ട്...ഉണ്ട്..പിഐബി ലിസ്റ്റ് വന്നു..' ആഹ്ലാദത്തോടെ ശരത് പറഞ്ഞപ്പോൾ ഒരുനിമിഷം വിശ്വസിക്കാനായില്ല. തൊട്ടുപിന്നാലെ മുന്നിലെ ടി.വിചാനലിൽ 28 വർഷമായി കാത്തിരുന്ന വാർത്ത തെളിഞ്ഞു. 'മമ്മൂട്ടിക്ക് പദ്മഭൂഷൺ'. ശരതിന്റെ ഫോൺ കട്ട് ചെയ്ത് നേരെ ജോർജേട്ടനെ വിളിച്ചു. അദ്ദേഹവും ടി.വിക്ക് മുന്നിലായിരുന്നു. മമ്മൂക്കയുടെ മുഖത്ത് അപ്പോഴുണ്ടായിരുന്ന സന്തോഷത്തിന്റെ മുഴുവൻ പ്രകാശവും ഞാൻ ജോർജേട്ടന്റെ ശബ്ദത്തിൽ തെളിഞ്ഞുകണ്ടു.

സന്തോഷം അടക്കാൻ വയ്യാതെ അഞ്ചുമിനിട്ട് കഴിഞ്ഞപ്പോൾ മമ്മൂക്കയെ വിളിച്ചു. എൻ​ഗേജ്ഡ്. ഞാൻ ഒരു ഹൃദയചിഹ്നം വാട്സ്ആപ്പിൽ അയച്ചു. കുറച്ചുനിമിഷം കഴിഞ്ഞപ്പോൾ അതുപോലൊന്ന് തിരികെ വന്നു. ഞാനപ്പോൾ 1998-ലെ ആറുമണി വാർത്ത കേട്ട് വീട്ടിനകത്തേക്കോടിയ കുട്ടിയായി. എത്രകണ്ടിട്ടും കണ്ടിട്ടും മതിവരാത്ത ആ വാർത്ത കാണാൻ ചാനലുകൾ മാറി മാറി വച്ചു. പിന്നെ ഉറങ്ങാതെ നേരം വെളുപ്പിച്ചു...

(തുടരും)

Related Stories

No stories found.
Pappappa
pappappa.com