
'കഥ പറയുമ്പോൾ' എന്ന സിനിമ കാണുമ്പോഴെല്ലാം ഞാൻ എന്റെ വിവാഹദിനം ഓർക്കുന്നു. നേരത്തെ പറഞ്ഞതുപോലെ ഞാനന്ന് നാട്ടിൽ ബാർബർ ബാലൻ തന്നെയായിരുന്നു. പക്ഷേ ബാലനായി എന്നെ സങ്കല്പിക്കുന്നതിലും ഇഷ്ടം അശോക് രാജായി മമ്മൂക്കയെ കാണാനാണ്. നേരുപറഞ്ഞാൽ മമ്മൂക്ക തന്നെയാണ് അശോക് രാജ്. അവർ രണ്ടല്ല,ഒരാൾ തന്നെയാണ്. എന്റെ ജീവിതത്തിൽ തൊട്ടുനിന്നുകൊണ്ടാണ് ഞാനിത് പറയുന്നത്. കാതിലെ കടുക്കൻ കടം തന്ന ബാലനെ വിതുമ്പലോടെ ഓർത്ത അശോക് രാജിനെപ്പോലെ മമ്മൂക്കയുടെ ഉള്ളിലുമുണ്ട് ഒരുപാടുപേരോടുള്ള കടപ്പാടുകൾ. അത് അദ്ദേഹം പലപ്പോഴും പറയാറുമുണ്ട്. തന്നെ മമ്മൂട്ടിയാക്കിയവരെല്ലാം അദ്ദേഹത്തിന്റെ ഹൃദയത്തിന്റെ അറകളിൽ ഇപ്പോഴുമുണ്ട്.
ഞാൻ അവരിലാരിലും പെട്ടയാളല്ല. എനിക്ക് അദ്ദേഹത്തോടുള്ള ബന്ധം ആരാധകനെന്ന നിലയിലും അദ്ദേഹം ഏല്പിക്കുന്ന ജോലി ചെയ്യുന്ന ജോലിക്കാരൻ എന്ന നിലയിലും മാത്രമാണ്. അതുപോലുള്ള അനേകം പേരിൽ ഒരാൾ. എന്നിട്ടും അദ്ദേഹത്തിന്റെ ഉള്ളിൽ എനിക്ക് ഒരിടമുണ്ട് എന്ന് അഭിമാനത്തോടെ ലോകത്തോട് വിളിച്ചുപറയാൻ ആ വിവാഹദിന ഓർമ മാത്രം മതി.
വിവാഹച്ചടങ്ങുകളെല്ലാം കഴിഞ്ഞ് ഉച്ചയായപ്പോൾ ആന്റോ ചേട്ടൻ വിളിച്ചു. 'കല്യാണം ഒക്കെ ഭംഗിയായില്ലേ' എന്നു ചോദിക്കാൻ മമ്മൂക്ക പറഞ്ഞുവെന്ന് ആന്റോ ചേട്ടനിൽ നിന്ന് കേട്ടപ്പോഴുണ്ടായ സന്തോഷം പറഞ്ഞറിയിക്കാവുന്നതായിരുന്നില്ല. എന്നെ ഓർത്തല്ലോ മമ്മൂക്ക. അതുതന്നെ ധാരാളം. പക്ഷേ അടുത്ത വാചകം ഞാൻ ജീവിതത്തിൽ അന്നേവരെ കേട്ടിട്ടുള്ളതിൽ വച്ച് ഏറ്റവും പ്രകാശംനിറഞ്ഞതും തണുപ്പുള്ളതും കോരിത്തരിപ്പുണ്ടാക്കുന്നതുമെല്ലാമായ വാചകമായിരുന്നു. 'ഞങ്ങളിവിടുന്ന് നാലുമണിയാകുമ്പോൾ ഇറങ്ങും...'എനിക്കത് ആരോടെങ്കിലുമൊക്കെപ്പറയണമെന്ന് തോന്നി. പക്ഷേ പറയാനാകുമായിരുന്നില്ല. കാരണം മമ്മൂക്കവരുന്ന കാര്യം പുറത്തറിഞ്ഞാൽ എന്താണ് സംഭവിക്കുക എന്ന് എനിക്ക് തന്നെ അറിയില്ലായിരുന്നു. ഞാൻ സ്വയം നുള്ളി നോക്കി. സ്വപ്നമല്ല, സത്യമാണ്. മമ്മൂക്ക എന്റെ വീട്ടിലേക്ക് വരുന്നു. പക്ഷേ അത് ആരോടും പറയാനാകാത്ത സ്ഥിതി.
ഞാൻ പറഞ്ഞില്ലെങ്കിലും ഫാൻസുകാർ വഴിയോ മറ്റോ വിവരം പതിയെ നാട്ടിലെത്തി. മൂന്നുമണിയായപ്പോൾ മുതൽ വീടിന് ചുറ്റും ആളുകൂടാൻ തുടങ്ങി. അന്നേവരെ ഒരു സീരിയൽ നടൻപോലും വരാത്ത പള്ളിക്കത്തോട്ടിലേക്ക് മമ്മൂട്ടി വരുന്നു എന്ന വാർത്ത അപ്പോഴേക്കും കാട്ടുതീ പോലെ പടർന്നിരുന്നു. കല്യാണത്തിന് വരുമെന്ന് പ്രതീക്ഷിച്ചുനിന്നിട്ട് അവസാനം മഴകൊണ്ടത് മാത്രം ബാക്കിയായ അനുഭവമുള്ളതുകൊണ്ട് ഭൂരിഭാഗം പേരും അത് വിശ്വസിച്ചില്ല. പക്ഷേ മമ്മൂക്കയോട് സ്നേഹമുള്ള കുറേപ്പേർ അത് വിശ്വസിച്ച് വീട്ടിലേക്കെത്തിത്തുടങ്ങി.
അപ്പോഴാണ് അന്നേവരെ ആ നാട്ടുകാർ കാണാത്ത ഒരു കാർ പള്ളിക്കത്തോട്ടിലെ കവലയിലേക്ക് പാഞ്ഞുവന്ന് ഒരു കടയ്ക്ക് മുന്നിൽ നിർത്തിയത്. മുകളിലേക്ക് തുറക്കാവുന്ന രണ്ടുവാതിലുകൾ മാത്രമുള്ള ഏറ്റവും പുതിയ മോഡൽ ബെൻസ് കാർ. ചിറകുവിടരും പോലെ അതിന്റെ വാതിലുകൾ തുറന്നുവന്നു. അതുകണ്ട് ആരോ വിളിച്ചുപറഞ്ഞു 'ദേ...മമ്മൂട്ടി....'ഡ്രൈവർ പതിയെ വഴിചോദിക്കാനിറങ്ങാനായി പുറത്തേക്ക് കാൽവെച്ചു. നിമിഷനേരത്തിനകം കാറിനെ കവലയിലുണ്ടായിരുന്ന ആൾക്കൂട്ടം വളഞ്ഞു. കാറിന് ഒരിഞ്ച് മുന്നോട്ടെടുക്കാൻ പറ്റാത്ത അവസ്ഥ. അവസാനം കാറിലുണ്ടായിരുന്നയാൾ പുറത്തിറങ്ങി. അപ്പോഴാണ് നാട്ടുകാർക്ക് മനസ്സിലായത് അത് മമ്മൂട്ടിയുടെ കാർ അല്ലെന്ന്...'ഏയ് ഇത് മമ്മൂട്ടി അല്ല വേറെ ആരാണ്ടാ' എന്നു പറഞ്ഞ് നാട്ടുകാർ പലവഴികളിലേക്ക് നിരാശയോടെ നടന്നു.
മമ്മൂക്കയുടെ അടുത്ത സുഹൃത്തും കെയർ ആന്റ് ഷെയറിന്റെ നേതൃനിരയിലെ പ്രധാനിയും സുഗന്ധവ്യഞ്ജന വ്യവസായത്തിൽ പേരുകേട്ട സിന്തൈറ്റ് ഇൻഡസ്ട്രീസിന്റെ മാനേജിങ് ഡയറക്ടറുമായ ഡോ.വിജു ജേക്കബ്ബ് ആയിരുന്നു അത്. മമ്മൂക്ക വരുന്ന സമയത്തുതന്നെ വീട്ടിലെത്താനാണ് മന്ത്രിമാരെപ്പോലെ അദ്ദേഹം ഉദ്ദേശിച്ചിരുന്നത്. അതിനായി കോലഞ്ചേരിയിൽ നിന്ന് പള്ളിക്കത്തോട്ടിലേക്ക് പാഞ്ഞുവരികയായിരുന്നു കാർ.
വീടിന് ചുറ്റും അപ്പോഴേക്കും വലിയൊരു ജനക്കൂട്ടമായിക്കഴിഞ്ഞിരുന്നു. കവലയിലേക്ക് ഓരോ കാറുവരുമ്പോഴും അവിടെയുണ്ടായിരുന്നവരുടെ ശ്രദ്ധ അതിലേക്കാകും. റോഡിലൊക്കെ ആളുകൂടിയതോടെ മമ്മൂക്കയ്ക്ക് വഴിയൊരുക്കാനായി ഞാൻ പോലീസ് സഹായം തേടി. മമ്മൂക്കയുടെ വാഹനത്തിന് പോലീസ് പൈലറ്റ് വാഹനവും ഏർപ്പെടുത്തി.(ഉമ്മൻചാണ്ടി സാറിന് എന്നോടുള്ള സ്നേഹം കൊണ്ടുമാത്രം കിട്ടിയ സഹായം) അങ്ങനെ ആറുമണിയായപ്പോൾ ആ ലാൻഡ് ക്രൂയിസർ കാർ(അതെ,ഇത്തവണ പിറന്നാൾ ദിനത്തിൽ മമ്മൂക്ക സോഷ്യൽമീഡിയയിൽ പങ്കിട്ട ഫോട്ടോയിലെ കാറുപോലെ അന്ന് വന്നതും ലാൻഡ് ക്രൂയിസറിലായിരുന്നു) പാലാ കടന്ന് പള്ളിക്കത്തോട്ടിലേക്കുള്ള റോഡിലേക്ക് പ്രവേശിച്ചു. പിന്നെയത്, ഒരിക്കൽ ഞാൻ മമ്മൂക്കയുടെ ചിത്രവും പിടിച്ചോടിയ റബ്ബർതോട്ടങ്ങൾക്ക് നടുവിലൂടെ എന്റെ വീട്ടിലേക്കുള്ള വഴിയിലൂടെ കയറിവന്നു.
കാറിനുള്ളിൽ സംഭവിച്ചതിന്റെ വിവരണം(മമ്മൂക്കയുടെ സഹായി ലാലേഷിൽ നിന്ന് പിന്നീട് കേട്ടറിഞ്ഞത്): മമ്മൂക്ക കാറിലിരുന്ന് ചെറിയൊരു മയക്കത്തിലായിരുന്നു. കാർ കയറ്റം കയറിയപ്പോഴാണ് ഉണർന്നത്. ചുറ്റിനും നോക്കി മമ്മൂക്ക ചോദിച്ചത്രേ, 'ഇങ്ങനെ ഇതേത് കാട്ടിലേക്കാണ് നമ്മൾ പോകുന്നത്....?' 'വീടെത്തി' എന്നു പറഞ്ഞപ്പോൾ വീണ്ടും: 'ഇവൻ കാട്ടിലാണോ വീടുവച്ചിരിക്കുന്നത്...!'
വീടിന് മുന്നിലെത്തിയപ്പോൾ അവിടം ജനനിബിഡം. മമ്മൂക്കയ്ക്ക് കാലുകുത്താൻപോലും സ്ഥലമില്ല. അതുകണ്ട് മമ്മൂക്ക ചോദിച്ചു: 'നമുക്ക് തിരിച്ചുപോകാമല്ലേ....'അപ്പോൾ ആന്റോചേട്ടനും ലാലേഷുമുൾപ്പെടെ കാറിലുള്ളവർ ഓർത്തത് തിരിച്ചുപോകാനാണ് മമ്മൂക്കയുടെ തീരുമാനം എന്നുതന്നെയാണ്. ആരും ഒന്നും മിണ്ടിയില്ല. അപ്പോൾ മമ്മൂക്ക ചിരിച്ചുകൊണ്ടു പറഞ്ഞു: 'വാ...അവന്റെ നാട്ടുകാരൊക്കെ നമ്മളെയൊന്ന് കാണട്ടെ...'
പോലീസുകാർ മമ്മൂക്കയെ പണിപ്പെട്ട് ജനത്തിനിടയിലൂടെ വീടിനുള്ളിലെത്തിച്ചു. അദ്ദേഹം ഞങ്ങളുടെ വീട്ടിലെ സോഫയിലിരുന്നു. കൂടിനിന്നവരോടെല്ലാ കുശലം പറഞ്ഞു,കൈവീശിക്കാണിച്ചു. മമ്മൂട്ടി ആരാണ് എന്ന് കുഞ്ഞുന്നാളുതൊട്ടേ എന്നെ പഠിപ്പിച്ച എന്റെ അയൽപക്കത്തുള്ള ചേച്ചിമാർ,എന്റെ കൊണ്ടുനടന്ന ചേട്ടന്മാർ,ഞാൻ മമ്മൂക്കയിലേക്ക് എത്തിയെന്ന് അറിഞ്ഞ് സന്തോഷിച്ചിരുന്നവർ,മമ്മൂക്കയെ ഒരിക്കൽപോലും കാണാനാകുമെന്ന് കരുതാത്തവർ..ഇവരെല്ലാം അക്കൂട്ടത്തിലുണ്ടായിരുന്നു. അശോക് രാജ് വീട്ടിലെത്തിയപ്പോൾ ബാർബർ ബാലന്റെ അവസ്ഥയെന്താണോ അതിന്റെ ആയിരം ഇരട്ടിയായിരുന്നു എനിക്കുണ്ടായ വികാരം.
പള്ളിക്കത്തോട്ടിലെ ഫാൻസ് അസോസിയേഷന്റെ നേതാവായി എന്ന മമ്മൂക്കയിലേക്ക് നയിച്ച ബാബുക്കുട്ടൻ പ്ലാത്തറ, പ്രാദേശിക കോൺഗ്രസ് നേതാക്കളായ ബാബു ജോസഫ്,സുനിൽ മാത്യു തുടങ്ങി ഒട്ടേറെ നേതാക്കന്മാരും കോൺഗ്രസ് പ്രവർത്തകരും അവിടെയെത്തിയിരുന്നു. അവരോടൊന്നും ഞാൻ പറഞ്ഞിരുന്നില്ല. മമ്മൂക്ക വരുന്ന വിവരമറിഞ്ഞുവന്നവരുടെ കൂട്ടത്തിൽപെട്ടവരായിരുന്നു അവരും.
വീടിനുനിറയെ ജനം. എനിക്ക് ഭാര്യയോട് സംസാരിക്കാൻ പോലും ഗ്യാപ് കിട്ടുന്നില്ല. ഇടയ്ക്ക് ഞാൻ ഗീതുവിനെ 'എടീ ഗീതൂ..'എന്ന് എന്തോ വിളിച്ചതുകേട്ട് മമ്മൂക്ക കുസൃതി കലർത്തി എന്ന ശാസിച്ചു. 'എടീ എന്നൊന്നും വിളിക്കരുത്..അങ്ങനെയൊക്കെ വിളിക്കാൻ നിനക്ക് ആരാ അധികാരം തന്നത്..?'എന്റെ മാതാപിതാക്കളോട് അദ്ദേഹം ദീർഘനേരം സംസാരിച്ചു. വീട്ടുകാരോടൊപ്പം കട്ടൻ ചായ കുടിച്ചു..അങ്ങനെ രണ്ടുമണിക്കൂറോളം അദ്ദേഹം വീട്ടിൽ ചെലവഴിച്ചു. ഇന്നും ആലോചിക്കുമ്പോൾ സ്വപ്നമായിരുന്നോ എന്ന് സംശയിച്ചുപോകുന്ന നിമിഷങ്ങൾ..
രാത്രി സലാം അരൂക്കുറ്റി വിളിച്ചപ്പോഴാണ് അന്ന് ഷൂട്ടിങ് സെറ്റിൽ സംഭവിച്ചത് ഞാനറിഞ്ഞത്. രാവിലെ സെറ്റിൽ വന്നപ്പോൾ തന്നെ മമ്മൂക്ക സംവിധായകൻ ഷാജി കൈലാസിനോട് പറഞ്ഞു, 'ഉച്ചയ്ക്ക് കോട്ടയത്തിന് പോകു'മെന്ന്. അന്ന് രാത്രി വൈകുവോളമുള്ള ഷൂട്ടാണ് പ്ലാൻ ചെയ്തിരുന്നത്. അതുകൊണ്ട് ഏതൊരു സംവിധായകനും പറയുന്നതുപോലെ 'പോകരുത്' എന്നുപറഞ്ഞ് ഷാജി കൈലാസും നിർബന്ധം പിടിച്ചു. പക്ഷേ മമ്മൂക്ക പറഞ്ഞു: 'നടക്കില്ല ഷാജി ...ഇന്ന് എന്റെ പിള്ളാരുടെ തലൈവരുടെ കല്യാണമാണ്. ഞാൻ അവിടെ പോകണം. ഞാൻ ചെന്നില്ലെങ്കിൽ പിന്നെ അവൻ അവിടെ ജീവിച്ചിരുന്നിട്ട് കാര്യമില്ല.' അപ്പോൾ തലൈവർ ആരാണെന്നായി ഷാജി കൈലാസ്. അപ്പോൾ മമ്മൂക്ക വിശദമായി എന്നെക്കുറിച്ച് പറഞ്ഞുകൊടുത്തു. 'അവൻ കോട്ടയത്താണ്.. ഫാൻസിന്റെ പ്രസിഡന്റും എന്റെ പി.ആർ.ഒയുമാണ്. എന്റെ ചാരിറ്റി പ്രവർത്തനങ്ങളൊക്കെ അവനെയാണ് ഏല്പിച്ചിരിക്കുന്നത്. ഞാനവിടെ പോയേ പറ്റൂ...അല്ലെങ്കിൽ അവനില്ല...എനിക്കതറിയാം..'
സലാം പറഞ്ഞുനിർത്തുമ്പോൾ അക്ഷരാർഥത്തിൽ ഞാൻ കരയുകയായിരുന്നു. നമ്മുടെ മനസ്സിലെന്താണ് ആഗ്രഹം,ചെന്നില്ലെങ്കിൽ നാട്ടുകാർ എന്താകും പറയുക..എന്നൊക്കെ മമ്മൂക്കയ്ക്ക് നന്നായി അറിയാമായിരുന്നു. അത് കൃത്യമായി മനസ്സിലാക്കി അദ്ദേഹം പ്രവർത്തിച്ചു. അതാണ് മമ്മൂക്ക എന്ന മനുഷ്യൻ.
മമ്മൂക്ക വന്ന സമയത്ത് ഉമ്മൻചാണ്ടി സാറിന് എത്താൻ കഴിഞ്ഞില്ല. അദ്ദേഹം കുറേക്കഴിഞ്ഞാണ് വന്നത്. വന്നയുടൻ മറ്റുവിശേഷങ്ങളൊന്നും അല്ല സാർ ചോദിച്ചത്. 'എടോ മമ്മൂട്ടി ഇവിടെ വന്നല്ലേ' എന്നാണ്. എന്നിട്ട് മറ്റൊന്ന് കൂടി ചോദിച്ചു: 'എടോ..മമ്മൂട്ടിയെ കാണാൻ തന്റെ പട്ടിക്കൂടിന് മുകളിൽ വരെ ആളുകേറിനിന്നെന്നാണല്ലോ കേട്ടത്...'ഞാൻ പറഞ്ഞു: 'സത്യമാണ് സാർ...'
അതെ മമ്മൂക്ക എന്റെ വീട്ടിൽ വന്നുവെന്നത് സത്യം. ആൾക്കാർ വീടിന്റെ എല്ലാ കോണിലും,കാലുകുത്താൻ ഇടമുള്ളിടത്തെല്ലാം..എന്തിന് ഉമ്മൻചാണ്ടിസാർ പറഞ്ഞതുപോലെ പട്ടിക്കൂടിന് മുകളിൽ വരെ നിറഞ്ഞു എന്നത് സത്യം..എന്റെ ഉച്ചയ്ക്കുള്ള വിവാഹവിരുന്ന് കുളമായിപ്പോയി എന്നതും സത്യം...പക്ഷേ എല്ലാ പേരുദോഷവും മമ്മൂക്ക വന്നതോടെ മാറി. പക്ഷേ ഇതെഴുതുമ്പോഴും എന്റെ മനസ്സിൽ ബാബു ജോസഫിനോട് പള്ളിക്കത്തോട്ടിലെ കോൺഗ്രസ് നേതാവ് പറഞ്ഞ ആ ഭീകരസത്യമാണ്: 'മമ്മൂക്കയുടെ കൂടെ ഒരു റോബർട്ട് ഉണ്ട് എന്നത് നേരാ..എനിക്കറിയാം..പക്ഷേ അത് ഈ റോബർട്ടല്ല...വേറെ ഒരാളാ...അയാളുടെ പേരിൽ ഇവൻ ആളുകളിച്ച് ആളെപ്പറ്റിക്കുന്നതാ...'
ആ സത്യത്തിന്റെ കാര്യം പറഞ്ഞ് ബാബുജോസഫും ഞാനും പിന്നീട് ഒരുമിച്ച് ചിരിച്ചിട്ടുണ്ട്. പ്രിയപ്പെട്ട മമ്മൂക്ക.. അന്ന് എന്റെ അഭിമാനം കാത്തതിന്...ഞാൻ ചെന്നില്ലെങ്കിൽ അവൻ ഇല്ല എന്നുപറഞ്ഞ് കാടുംമലയും താണ്ടി വന്നതിന്.. അങ്ങയെ ഓർത്ത് അതുപോലൊരു ചിരി ഈ നിമിഷം ഞാൻ ചിരിക്കട്ടെ...