വിമാനത്തിലിരുന്ന് ഉമ്മൻചാണ്ടി ചോദിച്ചു: 'അപ്പോ...താൻ മമ്മൂട്ടിയെ കാണാൻ പോകുവാ അല്ലേ..?'

ഒരു മമ്മൂട്ടി ആരാധകന്റെ ഓർമക്കുറിപ്പുകൾ 'മധുരം മമ്മൂട്ടി' ഭാ​ഗം-11
മമ്മൂട്ടിയും ഉമ്മൻ ചാണ്ടിയും
മമ്മൂട്ടിയും ഉമ്മൻ ചാണ്ടിയുംഫോട്ടോ-അറേഞ്ച്ഡ്
Published on

ഇന്ന് മമ്മൂക്കയുടെ ജന്മദിനമാണ്. സെപ്റ്റംബർ 7 എന്ന തീയതി ഓരോ മമ്മൂക്കാ ആരാധകന്റെയും ആത്മാവിന്റെ കലണ്ടറിലാണ് രേഖപ്പെടുത്തപ്പെട്ടിട്ടുള്ളത്. ഞങ്ങൾക്കിതാണ് ദേശീയ ഉത്സവം. ഇന്ന് മമ്മൂക്കയുടെ പിറന്നാൾ ദിനത്തിൽ അദ്ദേഹത്തെക്കുറിച്ചുള്ള പംക്തിയിൽ എന്തെഴുതണമെന്ന് ഏറെ ആലോചിച്ചു. പല കാര്യങ്ങളും ആലോചിച്ചെങ്കിലും ഒന്നും വേണ്ടത്ര തൃപ്തി തന്നില്ല. അങ്ങനെ ആലോചിച്ചിരുന്നപ്പോഴാണ് മേശപ്പുറത്ത് 'കാലം സാക്ഷി' എന്ന പുസ്തകം കണ്ടത്. ഉമ്മൻചാണ്ടി സാറിന്റെ ആത്മകഥ. മമ്മൂക്കയെപ്പോലെതന്നെ പ്രിയപ്പെട്ട മറ്റൊരാൾ. പണ്ടൊന്ന് വായിച്ച് മടക്കിയതാണെങ്കിലും ആ പുസ്തകം വെറുതേയെടുത്ത് ഒന്നു കൂടി മറിച്ചു നോക്കി. അതിന്റെ അവതാരികയിൽ,'അപൂർവതയ്ക്ക് ഒരു ആമുഖം' എന്ന തലവാചകത്തിന് കീഴേ ഇന്ന് പിറന്നാൾ ആഘോഷിക്കുന്ന മഹാനടന്റെ പേര് കണ്ടു. അത് ഇന്നത്തെ എന്റെ അക്ഷരങ്ങൾക്കൊരു ആമുഖം കൂടി തീർത്തുതന്നു.

മമ്മൂക്കയും ഉമ്മൻചാണ്ടി സാറും തമ്മിലുണ്ടായിരുന്ന ആത്മബന്ധത്തിന്റെ ആഴം അടുത്തുനിന്ന് കണ്ടറിഞ്ഞിട്ടുണ്ട്. ഒരു രാഷ്ട്രീയനേതാവും സിനിമാതാരവും തമ്മിലുള്ള അടുപ്പത്തിനപ്പുറം സഹോദരസ്നേഹത്തിന്റെ തലത്തിലേക്ക് വളർന്നതായിരുന്നു അവരുടെ സൗഹൃദം. സിനിമകാണാൻ ഒരിക്കലും സമയം കിട്ടാതിരുന്ന ഉമ്മൻചാണ്ടി സാർ മമ്മൂക്കയെ കാണാൻ പലവട്ടം സമയം കണ്ടെത്തി. സാറിന് എത്ര കണ്ടാലും മടുക്കാത്തൊരു സിനിമയുടെ പേരുതന്നെയായിരുന്നു മമ്മൂട്ടി. കെയർ ആന്റ് ഷെയറിന്റെ പ്രവർത്തനങ്ങളിൽ മമ്മൂക്കയ്ക്ക് പിന്തുണയുമായി എന്നും ഉമ്മൻചാണ്ടിസാറുണ്ടായിരുന്നു. അതിന് അദ്ദേഹത്തിന് അധികാരചിഹ്നങ്ങൾ ആവശ്യമായിരുന്നില്ല. ഒടുവിൽ ആത്മകഥയ്ക്ക് അവതാരിക എഴുതാനായി സാറ് തിരഞ്ഞെടുത്തതും മമ്മൂക്കയെ തന്നെ.

മമ്മൂട്ടിയും ഉമ്മൻ ചാണ്ടിയും
'താൻ ഒന്ന് തീരുമാനിക്ക്...മമ്മൂട്ടി വേണോ, യേശുക്രിസ്തു വേണോ എന്ന്...'

ഉമ്മൻചാണ്ടി സാറിനെക്കുറിച്ച് എഴുതപ്പെട്ടിട്ടുള്ളവയിൽ എനിക്ക് ഏറ്റവും രോമാഞ്ചം തന്നിട്ടുള്ള വാചകങ്ങൾ 'കാലം സാക്ഷി'യുടെ അവതാരികയിൽ മമ്മൂക്ക എഴുതിയതാണ്. അതിങ്ങനെയാണ്: 'ഉമ്മൻചാണ്ടിക്ക് ആരും ഡോക്ടറേറ്റ് നല്കിയിട്ടില്ല. നല്കുകയായിരുന്നുവെങ്കിൽ അത് മനുഷ്യസ്നേഹത്തിലാകണമായിരുന്നു. ചുറ്റുമുള്ള ഓരോ മനുഷ്യനെയും എങ്ങനെ സഹായിക്കാം എന്ന വിഷയത്തിൽ ഏറ്റവും കൂടുതൽ ​ഗവേഷണം നടത്തിയ ആളാണ് അദ്ദേഹം. അതിനുവേണ്ടിയാണ് ജീവിതം സമർപ്പിച്ചതും.'

ഇന്ന് മമ്മൂക്കയുടെ പിറന്നാൾ ദിനത്തിൽ ഉമ്മൻചാണ്ടി സാർ ഉണ്ടായിരുന്നെങ്കിൽ എന്ന് കൊതിച്ചുപോകുന്നു. കാരണം അദ്ദേഹം മമ്മൂക്കയ്ക്ക് അത്രത്തോളം പ്രിയപ്പെട്ട ഒരാളായിരുന്നു. മറ്റുള്ളവരെ സഹായിക്കാനായി ​ഗവേഷണം നടത്തിയ ആളെന്ന് മമ്മൂക്ക വിശേഷിപ്പിച്ച ഉമ്മൻചാണ്ടി സാർ എന്നെയും സഹായിച്ചിട്ടുണ്ട്,ഒരിക്കൽ. അത് മമ്മൂക്കയുടെ അരികിലേക്ക് എത്താനാണ്. അതിന്റെ കഥ തുടങ്ങുന്നത് അങ്കമാലിയിൽ നിന്നാണ്.

പ്രസ് അക്കാദമിയിലെ പഠനശേഷം ഞാൻ ആദ്യമായി ജോലിക്ക് ചേർന്നത് അങ്കമാലി ലിറ്റിൽഫ്ളവർ ആശുപത്രിയിലെ പബ്ലിക് റിലേഷൻസ് വിഭാ​ഗത്തിലായിരുന്നു. ആ തസ്തികയിലേക്കുള്ള എന്റെ ബയോഡാറ്റയിൽ പ്രസ് അക്കാദമി എന്നു കണ്ട, ആശുപത്രിയിലെ അന്നത്തെ പി.ആർ.മേധാവി ഷൈജു കുടിയിരിപ്പിലാണ് എന്നെ തിരഞ്ഞെടുക്കാനുള്ള വഴിയൊരുക്കിയത്. അദ്ദേഹവും ഒരു പഴയ പ്രസ് അക്കാദമിക്കാരനാണ്. ആ സ്ഥാപനത്തിൽ നിന്ന് പബ്ലിക് റിലേഷൻസിൽ ബിരുദം നേടിയ ഒരാളെക്കുറിച്ച് സ്വാഭാവികമായും മതിപ്പുണ്ടാകുമല്ലോ. അങ്ങനെ ഞാൻ ലിറ്റിൽ ഫ്ളവറിലെത്തി.

'കാഴ്ച' പദ്ധതിയുടെ മൂന്നാംഘട്ടത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽ, മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിക്ക് ഓണപ്പുടവ സമ്മാനിക്കുന്ന മമ്മൂട്ടി. കെ.ബാബു,റോബർട്ട് കുര്യാക്കോസ് തുടങ്ങിയവർ സമീപം
'കാഴ്ച' പദ്ധതിയുടെ മൂന്നാംഘട്ടത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽ, മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിക്ക് ഓണപ്പുടവ സമ്മാനിക്കുന്ന മമ്മൂട്ടി. കെ.ബാബു,റോബർട്ട് കുര്യാക്കോസ് തുടങ്ങിയവർ സമീപംഫോട്ടോ-അറേഞ്ച്ഡ്

കേരളത്തിൽ അന്നും ഇന്നും പ്രശസ്തമായ കണ്ണാശുപത്രികളിലൊന്നാണ് അങ്കമാലി ലിറ്റിൽഫ്ളവർ. അവിടെയെത്തിയപ്പോൾ കാഴ്ചയില്ലാത്തവരുടെയും അത് നഷ്ടപ്പെടുന്നവരുടെയും സങ്കടങ്ങളായിരുന്നു എന്റെ കണ്ണിൽ നിറയെ. അവർക്കുവേണ്ടി എന്തു ചെയ്യാം എന്ന ആലോചനയാണ് 'കാഴ്ച' എന്ന പദ്ധതിയായി രൂപപ്പെടുന്നത്. അതിന്റെ ആശയവുമായി മമ്മൂക്കയെയാണ് സമീപിച്ചത്. ഫാൻസിന്റെ ഒരു പ്രോ​ഗ്രാം എന്ന നിലയ്ക്കായിരുന്നു അത്. അവിടെയാണ് നമുക്ക് മറ്റുള്ളവരുടെ വേദനയറിയാനുള്ള മമ്മൂക്കയുടെ ഉൾക്കണ്ണും ഉൾക്കാഴ്ചയും ബോധ്യപ്പെടുക. ആലോചിച്ച് മാത്രം തീരുമാനമെടുക്കുന്നതാണ് എപ്പോഴും അദ്ദേഹത്തിന്റെ ശീലം. അതുകൊണ്ട് പദ്ധതിക്ക് സമ്മതം മൂളിയെങ്കിലും ഔപചാരിക ഉദ്ഘാടനം കുറച്ചുകഴിഞ്ഞ് മതിയെന്നായിരുന്നു നിർദേശം. എങ്ങനെ മുന്നോട്ടുപോകുന്നുവെന്നറിഞ്ഞിട്ട് മതി അതിനെക്കുറിച്ചുള്ള വിളംബരം എന്ന നിലപാടായിരുന്നു മമ്മൂക്കയ്ക്ക്. അതായിരുന്നു ശരിയും.

ആയിരത്തോളം നേത്രശസ്ത്രക്രിയകളായതോടെ 'കാഴ്ച' പദ്ധതി ഔദ്യോ​ഗികമായി ഉദ്ഘാടനം ചെയ്യപ്പെട്ടു. അതിലൂടെ മമ്മൂക്കയുമായുള്ള ബന്ധം കൂടുതൽ ദൃഢമാകുകയായിരുന്നു. മാത്രവുമല്ല അദ്ദേഹത്തിന്റെ കുടുംബാം​ഗങ്ങളുമായുള്ള അടുപ്പത്തിനും അവസരം കൈവന്നു. 'മമ്മൂട്ടിയുടെ അടുത്ത വൃത്തങ്ങൾ' എന്ന് പത്രഭാഷയിൽ പറയുന്ന ചെറിയ കൂട്ടത്തിലേക്ക് എനിക്കും പതിയെ പ്രവേശനം ലഭിച്ചു.

അങ്ങനെയിരിക്കെ തിരുവനന്തപുരത്ത് തിരുവിതാംകൂർ രാജകുടുംബത്തിന്റെ കവടിയാർ കൊട്ടാരത്തിൽ നിന്ന് മമ്മൂക്കയ്ക്ക് ഒരു ചടങ്ങിലേക്ക് ക്ഷണം വന്നു. പാലസ് സെക്രട്ടിയായിരുന്ന മുൻ ഐഎഎസ് ഉദ്യോ​ഗസ്ഥൻ രവീന്ദ്രൻതമ്പിസാർ വഴിയായിരുന്നു അത്. അദ്ദേഹവുമായി നേരത്തെ ചില പരിപാടികളിലൂടെ പരിചയമുണ്ട്. അങ്ങനെയാണ് മമ്മൂക്കയെ ചടങ്ങിനെത്തിക്കാനുള്ള ദൗത്യം എന്നിലേക്ക് വന്നുചേർന്നത്.

ചികിത്സയ്ക്ക് ശേഷം വിശ്രമിക്കുന്ന ഉമ്മൻചാണ്ടിയെ കാണാൻ മമ്മൂട്ടി എത്തിയപ്പോൾ. ചാണ്ടി ഉമ്മൻ,മറിയാമ്മ ഉമ്മൻ,മറിയ ഉമ്മൻ എന്നിവർ സമീപം
ചികിത്സയ്ക്ക് ശേഷം വിശ്രമിക്കുന്ന ഉമ്മൻചാണ്ടിയെ കാണാൻ മമ്മൂട്ടി എത്തിയപ്പോൾ. ചാണ്ടി ഉമ്മൻ,മറിയാമ്മ ഉമ്മൻ,മറിയ ഉമ്മൻ എന്നിവർ സമീപംഫോട്ടോ-അറേഞ്ച്ഡ്

ചടങ്ങ് നടക്കുന്ന സമയത്ത് മമ്മൂക്കയ്ക്ക് തിരുവനന്തപുരത്ത് ഷൂട്ട് ഉണ്ടായിരുന്നു. അതോടെ കാര്യങ്ങൾ എളുപ്പമായി. അദ്ദേ​ഹം ചടങ്ങിൽ പങ്കെടുക്കാമെന്ന് സമ്മതിച്ചു. എനിക്കും അതിലേക്ക് ക്ഷണം കിട്ടി. പക്ഷേ ആശുപത്രിയിൽനിന്ന് അവധി കിട്ടുക പ്രയാസമുള്ള കാര്യമായിരുന്നു. ഒറ്റദിവസം കൊണ്ട് പോയിവരണം. അത് ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു.

വർഷം 2006 ആണ്. ഞാൻ അതുവരെ വിമാനത്തിൽ കയറിട്ടില്ല. ഭൂമിയിൽ വന്നിട്ട് വർഷം കുറേയായെങ്കിലും ആകാശയാത്ര അന്യമായിത്തുടരുകയായിരുന്നു. എനിക്കാകട്ടെ വിമാനത്തിൽ കയറണമെന്നത് വലിയൊരു ആ​ഗ്രഹവും. അങ്ങനെ പെട്ടെന്ന് തിരുവനന്തപുരത്ത് പോയിവരാനുള്ള ഉപാധിയെന്ന നിലയിൽ വിമാനത്തിൽ പോകാനുള്ള പദ്ധതിയിട്ടു. രാത്രി ഡ്യൂട്ടി കഴിഞ്ഞ് നെടുമ്പാശ്ശേരിയിലെത്തി അവിടെ നിന്ന് വിമാനത്തിൽ തിരുവനന്തപുരത്തേക്ക്. അതായിരുന്നു ഉദ്ദേശ്യം.

ഇതിനിടയ്ക്ക് മമ്മൂക്കയുടെ ഏറ്റവും അടുത്തയാളായ ജോർജേട്ടൻ വിളിച്ചിരുന്നു. എന്നുവരും,എവിടെയാണ് താമസം തുടങ്ങിയ കാര്യങ്ങളെല്ലാം സൗഹൃദ സംഭാഷണത്തിനിടെ അന്വേഷിച്ചു. താമസം ഏതെങ്കിലും ഹോട്ടലിൽ നോക്കിക്കൊള്ളാമെന്ന് പറഞ്ഞെങ്കിലും ജോർജേട്ടൻ സമ്മതിച്ചില്ല. തന്റെ കൂടെ താമസിക്കാമെന്നായി അദ്ദേഹം. അന്ന് ജോർജേട്ടനുമായി അത്ര അടുത്ത ബന്ധമൊന്നുമായിട്ടില്ല. അതുകൊണ്ട് അദ്ദേഹത്തിന് ബുദ്ധിമുട്ടായാലോ എന്നുകരുതി വേറെ ഹോട്ടലിൽ എവിടെയെങ്കിലും താമസിച്ചുകൊള്ളാണെന്ന് പറഞ്ഞു. പക്ഷേ ജോർജേട്ടൻ വഴങ്ങുന്നില്ല. അങ്ങനെ വിമാനത്തിൽ യാത്രയും ജോർജേട്ടനൊപ്പം താമസവും എന്നതായി തീരുമാനം.(ഇന്ന് എനിക്ക് മൂന്ന് സഹോദരങ്ങളാണുള്ളത്. രണ്ടുപേർ രക്തബന്ധത്തിലുള്ള അനുജന്മാർ. ഒരാൾ ഹൃദയബന്ധത്തിലുള്ള ചേട്ടൻ. ആ ചേട്ടനാണ് ജോർജേട്ടൻ)

എസ്.ജോർജ്,റോബർട്ട് കുര്യാക്കോസ്,സഹോദരൻ ആൽബിൻ എന്നിവർ
എസ്.ജോർജ്,റോബർട്ട് കുര്യാക്കോസ്,സഹോദരൻ ആൽബിൻ എന്നിവർഫോട്ടോ-അറേഞ്ച്ഡ്

വിമാനത്താവളത്തിന് അടുത്തുള്ള ആശുപത്രിയായതിനാൽ അവിടത്തെ ഉദ്യോ​ഗസ്ഥരെല്ലാം പലവിധ കാര്യങ്ങൾ ലിറ്റിൽഫ്ളവറിൽ വരുമായിരുന്നു. മാത്രവുമല്ല ആശുപത്രിയുമായി ബന്ധപ്പെട്ട് എയർപോർട്ടിലെ കാര്യങ്ങൾ നോക്കേണ്ട ചുമതല എനിക്കായിരുന്നു. അതുകൊണ്ട് നിരവധി പരിചയക്കാരുണ്ട്,അവിടെ. അതുകൊണ്ട് ചെന്നാൽ മാത്രം മതി. ബാക്കിക്കാര്യങ്ങളെല്ലാം എളുപ്പമായിരിക്കും.

ഓഫറിൽ ടിക്കറ്റ് കിട്ടി. അന്ന് ചെലവായത് 1950 രൂപ. അതുമായി വിമാനത്താവളത്തിലേക്ക് ചെന്നു. അവിടെയെത്തി ചില പരിചയക്കാരുമായി കുശലം പറഞ്ഞുനില്കെ പോലീസുകാരുൾപ്പെടെ ഇരുവശങ്ങളിലേക്കുമായി ആദരവോടെ മാറിനില്കുന്നു. പെട്ടെന്ന് സ്ഥിരം ശൈലിയിൽ ധൃതിയോടെ കടന്നുവരികയാണ് ഉമ്മൻചാണ്ടി സാർ. അദ്ദേഹം അന്ന് പ്രതിപക്ഷനേതാവാണ്. കാതിൽ ഫോണുണ്ട്.

ഒരു കോൺ​ഗ്രസുകാരനെന്ന നിലയിൽ ഉമ്മൻചാണ്ടി സാറാണ് എനിക്ക് പ്രിയപ്പെട്ട നേതാവെന്ന് ഈ പംക്തിയിൽ മുമ്പ് പറഞ്ഞിട്ടുണ്ട്. നാട്ടിൽവച്ചുണ്ടായ അടുപ്പം പിന്നീട് ലിറ്റിൽ ഫ്ളവറിലെത്തിയപ്പോഴും തുടർന്നു. അക്കാലത്ത് പള്ളിക്കത്തോട് പുതുപ്പള്ളി മണ്ഡലത്തിലാണ്. അതുകൊണ്ട് പള്ളിക്കത്തോട്ടിലെ ഓരോ വീട്ടിലെയും അം​ഗം എന്തു ചെയ്യുന്നു,അവരുടെ ജോലി,മറ്റ് പ്രവർത്തനങ്ങൾ എല്ലാം ഉമ്മൻചാണ്ടി സാറിന് മന:പാഠമാണ്. അതുകൊണ്ട് എനിക്ക് മമ്മൂക്കയോടുള്ള ഇഷ്ടവും നാട്ടിലെ ഞങ്ങളുടെ ഫാൻസ് പ്രവർത്തനങ്ങളെക്കുറിച്ചുമെല്ലാം അദ്ദേ​ഹത്തിനറിയാമായിരുന്നു. മുമ്പ് പലവട്ടം മമ്മൂക്കയെക്കുറിച്ച് കൗതുകത്തോടെ പലതും എന്നോട് ചോദിച്ചറിഞ്ഞിട്ടുമുണ്ട്.

അന്ന് കോൺ​ഗ്രസിലെ ​ഗ്രൂപ്പുകളുമായി ബന്ധപ്പെട്ട് എന്തോ വലിയ തർക്കം നടക്കുന്ന സമയമാണ്. അതിന്റെ തിരക്കുകൾക്കിടെയാണ് ഉമ്മൻചാണ്ടി സാർ തിരുവനന്തപുരത്തേക്ക് പോകാനായി വിമാനത്താവളത്തിലെത്തിയത്. തുടരെ ഫോൺകോളുകൾ വരുന്നുണ്ട്. അരികത്ത് മാറിനിന്ന എന്നെ കണ്ടതും പെട്ടെന്ന് തിരിച്ചറിഞ്ഞ്,ചിരിച്ച് കൈപിടിച്ചു. 'എന്താ ഇവിടെ'യെന്നായിരുന്നു ചോദ്യം. 'തിരുവനന്തപുരത്തേക്ക് പോകുവാ' എന്നുപറഞ്ഞപ്പോൾ 'ഞാനും അതേ വാ..'യെന്ന് പറഞ്ഞ് കൈപിടിച്ച് മുന്നോട്ടു നടക്കുകയായിരുന്നു സാർ. ​ഗൺമാൻ കൂടെ യാത്ര ചെയ്യുന്നില്ല. അതുകൊണ്ട് എന്നോട് ബാ​ഗ് വാങ്ങിപ്പിടിച്ചോളാൻ സാർ പറഞ്ഞു. അങ്ങനെ ഞാൻ ഉമ്മൻചാണ്ടിസാറിനൊപ്പം അദ്ദേഹത്തിന്റെ ബാ​ഗും പിടിച്ച് മമ്മൂക്കയെ കാണാൻ തിരുവനന്തപുരത്തേക്ക്.

കാഴ്ച പദ്ധതിയുടെ മൂന്നാംഘട്ടത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽ, മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടി,മമ്മൂട്ടി,അബുദാബി ഷെർവുഡ് ഇന്റർനാഷണൽ സ്കൂൾ സ്ഥാപക സുശീല ജോർജ്, റോബർട്ട് കുര്യാക്കോസ് തുടങ്ങിയവർ
കാഴ്ച പദ്ധതിയുടെ മൂന്നാംഘട്ടത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽ, മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടി,മമ്മൂട്ടി,അബുദാബി ഷെർവുഡ് ഇന്റർനാഷണൽ സ്കൂൾ സ്ഥാപക സുശീല ജോർജ്, റോബർട്ട് കുര്യാക്കോസ് തുടങ്ങിയവർഫോട്ടോ-അറേഞ്ച്ഡ്

വിമാനത്തിൽ കയറും വരെയുള്ള അധികം സമയവും ഉമ്മൻചാണ്ടി സാർ ഫോണിൽ തന്നെയായിരുന്നു. ഇതിനിടയ്ക്ക് അമ്പരിപ്പിക്കുന്ന യാദൃച്ഛികതപോലെ പള്ളിക്കത്തോട്ടിലെ അന്നത്തെ കോൺ​ഗ്രസ് മണ്ഡലം പ്രസിഡന്റും ഇപ്പോഴത്തെ കർഷക കോൺ​ഗ്രസ് സംസ്ഥാന നേതാവുമായ ബാബു ജോസഫ് അദ്ദേഹത്തെ ഫോണിൽ വിളിച്ചു. എന്നെ ആദ്യമായി ഉമ്മൻചാണ്ടിയുടെ അടുത്തുകൊണ്ടുപോകുന്നത് ഒരുകാലത്തും വലിയപദവികൾ മോഹിക്കാതിരുന്ന ബാബു ജോസഫാണ്. ഞാൻ കൂടെയുണ്ടെന്നും മമ്മൂട്ടിയെ കാണാൻ പോകുകയാണെന്നും സാർ പറഞ്ഞപ്പോൾ 'അവനെയൊന്ന് നോക്കിക്കോണേ...'എന്ന് അദ്ദേഹം തമാശപറഞ്ഞു. പക്ഷേ സാർ അത് സീരിയസായി എടുത്തു എന്ന് പിന്നീട് എനിക്ക് മനസ്സിലായി.

എല്ലാവരും ചെക്ക് ഇൻ ചെയ്ത് കഴിഞ്ഞപ്പോൾ ഒരു പോലീസ് ഉദ്യോ​ഗസ്ഥൻ വന്നു പറഞ്ഞു: 'സാർ സീറ്റ് റെഡി.' അങ്ങനെ സാറിനൊപ്പം വിമാനത്തിനുള്ളിലേക്ക്. ഒന്നാംനമ്പർ സീറ്റുതന്നെയായിരുന്നു അദ്ദേഹത്തിന്. എന്നെ അടുത്തുപിടിച്ചിരുത്തി. വിമാനത്തിനുള്ളിൽ കടന്നതോടെ ഫോൺ കട്ടായി.

സാർ ചോദിച്ചു: 'എന്താ പരിപാടി..ഇന്ന് ജോലിയില്ലായിരുന്നോ...?'

ഞാൻ വിവരങ്ങളൊക്കെ പറഞ്ഞു. അപ്പോൾ അദ്ദേഹം ചോദിച്ചു

'അപ്പോ...താൻ മമ്മൂട്ടിയെ കാണാൻ പോകുവാ അല്ലേ..?'

ഞാൻ പറഞ്ഞു: 'ഉറപ്പായിട്ടും..'

ഉമ്മൻചാണ്ടി സാറങ്ങ് ചിരിക്കാൻ തുടങ്ങി. അദ്ദേഹം ഒരു കൊച്ചുകുട്ടിയെപ്പോലെ വീണ്ടും:

'ഭയങ്കര എക്സൈറ്റ്മെന്റായിരിക്കും തനിക്ക്..അല്ലേ..'

'എനിക്ക് എപ്പോ കണ്ടാലും എക്സൈറ്റ്മെന്റ് തന്നെയാ' എന്നു ഞാൻ.

സാർ: 'തിരുവനന്തപുരത്ത് ചെന്നിട്ട് എങ്ങനെ പോകും?'

ഞാൻ: 'അതെനിക്ക് അറിയത്തില്ല...ഒരാ​ഗ്രഹത്തിന് ഫ്ളൈറ്റ് ടിക്കറ്റെടുത്തതാ.. മുത്തൂറ്റ് ഹോട്ടലിലാ താമസം. എയർപോർട്ടിൽ ചെന്നിട്ട് ഓട്ടോ വിളിച്ചുപോകും..'

സാർ: 'ഓ...അപ്പോ അങ്ങനെയാണല്ലേ..'

ഉമ്മൻചാണ്ടിയുടെ ആത്മകഥയായ കാലം സാക്ഷിക്ക് മമ്മൂട്ടി എഴുതിയ അവതാരികയിൽ നിന്ന്
ഉമ്മൻചാണ്ടിയുടെ ആത്മകഥയായ കാലം സാക്ഷിക്ക് മമ്മൂട്ടി എഴുതിയ അവതാരികയിൽ നിന്ന്പപ്പപ്പ

പിന്നെ അദ്ദേഹം തിരുവനന്തപുരത്ത് വിമാനം ലാൻഡ് ചെയ്യുന്നതുവരെ മമ്മൂക്കയെക്കുറിച്ച് മാത്രമാണ് ചോദിച്ചതും പറഞ്ഞതും. 'ഇപ്പോൾ ഏത് സിനിമയിലാണ് അഭിനയിക്കുന്നത്,തന്നെ മമ്മൂക്കയ്ക്ക് അടുത്തറിയാമോ..താൻ ഇങ്ങനെ ഇടയ്ക്കൊക്കെ പോയി കാണാറുണ്ടോ...' എന്നുതുടങ്ങി നിഷ്കളങ്കമായ ചോദ്യങ്ങൾ. കേരളത്തിന്റെ മുൻമുഖ്യമന്ത്രിയും അപ്പോഴത്തെ പ്രതിപക്ഷ നേതാവുമാണ് ആകാശത്തുവച്ച് എന്നോട് വാത്സല്യത്തോടെ ഇങ്ങനെയൊക്കെ ചോദിക്കുന്നത്. അക്ഷരാർഥത്തിൽ 'ഇൻ ക്ലൗഡ് നയൻ' എന്നുപറയാവുന്ന അവസ്ഥ. അദ്ദേഹത്തിന്റെ വാക്കുകളിൽ ഞാൻ കണ്ടത് മമ്മൂക്കയോടുള്ള സ്നേഹം മാത്രം.

തിരുവനന്തപുരം വിമാനത്താവളത്തിന് പുറത്തെത്തിയപ്പോൾ അദ്ദേഹത്തെ കാത്ത് പോലീസും പാർട്ടി പ്രവർത്തകരുമെല്ലാമുണ്ട്. എവിടെപ്പോയാലും ആൾക്കൂട്ടം അദ്ദേഹത്തോടൊപ്പം സഞ്ചരിക്കുന്ന പതിവിന് ഒട്ടും മാറ്റമില്ല.

'എന്നാൽ ശരി സാർ...'എന്നു പറഞ്ഞ് ഞാൻ യാത്ര പറഞ്ഞു. അപ്പോൾ അദ്ദേഹം ചോദിച്ചു: 'എങ്ങോട്ട്...?'

'അല്ല സാർ...‍ഞാൻ ഓട്ടോ വിളിച്ചുപൊയ്ക്കോളാം..' ധൃതികാട്ടി പോകാൻതുടങ്ങിയപ്പോഴേക്കും അദ്ദേഹം എന്റെ കൈയും പിടിച്ച് കാറിനടുത്തേക്ക് നടന്നുകഴിഞ്ഞു. ഇടയ്ക്ക് ഒന്ന് നിന്നിട്ട് പറഞ്ഞു:

'തന്നെ ഇവിടുന്ന് ഒറ്റയ്ക്ക് വിട്ടെന്നറിഞ്ഞാൽ രണ്ടു കൂട്ടര് പ്രശ്നമുണ്ടാക്കും...'

'ആരാ സാറേ..'-ഞാൻ ഒന്നും മനസ്സിലാകാതെ ചോദിച്ചു.

പക്ഷേ ഉത്തരം തരും മുമ്പേ അദ്ദേഹം എന്നെ കാറിലേക്ക് പിടിച്ചുകയറ്റി. പതിവുപോലെ ആ കാർ അപ്പോൾ സഞ്ചരിക്കുന്നൊരു ഇന്ദിരാഭവൻ പോലെയായിക്കഴിഞ്ഞിരുന്നു. ഇടിച്ചുകുത്തി കുറേ പ്രവർത്തകർ അകത്ത് കയറിയിട്ടുണ്ട്. അവരിലൊരാളായി ഞാനും,എനിക്കൊപ്പം പ്രതിപക്ഷനേതാവ് ഉമ്മൻചാണ്ടിയും തിങ്ങിഞെരുങ്ങിയിരുന്നു. അപ്പോഴാണ് അദ്ദേഹം ഞാൻ നേരത്തെ ചോദിച്ച ചോദ്യത്തിന് ചിരിച്ചുകൊണ്ട് ഉത്തരം നല്കിയത്.

'എടോ...ഞാന്.. തന്നെ ഇവിടെക്കൊണ്ടുവന്ന് വഴിയിലിറക്കിവിട്ടെന്ന് കേട്ടുകഴിഞ്ഞാല് പള്ളിക്കത്തോട്ടുകാരെല്ലാംകൂടി എന്നോട് പിണങ്ങും. അവര് മാത്രമല്ല,മമ്മൂട്ടീം പിണങ്ങും....തന്നെ ടൗണിലിറക്കാം...'

കാർ ആൾക്കൂട്ടത്തെയും വഹിച്ച് മുന്നോട്ട് നീങ്ങി. ന​ഗരത്തിന്റെ ലക്ഷണം കണ്ടുതുടങ്ങിയപ്പോൾ ഞാൻ പറഞ്ഞു: 'സാർ എവിടേലും ഒന്ന് ചവിട്ടിനിർത്തിയാൽ മതി..ഞാൻ ഇറങ്ങിക്കൊള്ളാം..'

അപ്പോൾ ഉമ്മൻചാണ്ടി സാർ ഡ്രൈവറോട് പറയുകയാണ്: 'നമുക്ക് മുത്തൂറ്റ് ഹോട്ടലിലേക്കാണ് പോകണ്ടത്..'

മമ്മൂട്ടി,ഉമ്മൻ ചാണ്ടി,ചാണ്ടി ഉമ്മൻ
മമ്മൂട്ടി,ഉമ്മൻ ചാണ്ടി,ചാണ്ടി ഉമ്മൻഫോട്ടോ-അറേഞ്ച്ഡ്

ഞാനത് കേട്ട് ഞെട്ടി. അദ്ദേഹത്തിന്റെ വാഹനത്തിന് പൈലറ്റ് വാഹനമൊക്കെയുണ്ട്. സാറിന്റെ നിർദേശം കിട്ടിയതോടെ പൈലറ്റ് വാഹനവുമായി കാർ നേരേ ഹോട്ടലിലേക്ക്. അവിടെ വലിയ ഹോണടിയോടെ പ്രതിപക്ഷനേതാവിന്റെ വാഹനവ്യൂഹം ചെന്നുനിന്നു. അതിൽ നിന്ന് അവിശ്വസനീയതയോടെ ഞാനിറങ്ങി. മുകളിൽ ജോർജേട്ടൻ നില്കുന്നത് എനിക്ക് കാണാം. കൂടെ കെ.ആർ.വിശ്വംഭരൻ സാറുമുണ്ട്. പക്ഷേ അവർക്ക് എന്നെ മനസ്സിലായിട്ടില്ല. ഏതോ വി.ഐ.പി വന്നിറങ്ങുന്നുവെന്നത് കണ്ട് ആരാണെന്നറിയാൻ താഴേക്ക് നോക്കിനില്കുകയാണ് രണ്ടുപേരും. പെട്ടെന്ന് എന്നെ വീണ്ടും ഞെട്ടിച്ചുകൊണ്ട് കാറിൽ നിന്ന് ഉമ്മൻചാണ്ടി സാറും ഇറങ്ങി. അ​ദ്ദേഹം എന്റെ അടുത്ത് വന്നിട്ടുപറഞ്ഞു: 'ഇവിടെതന്നെയല്ലേ മമ്മൂട്ടി താമസിക്കുന്നത്...താൻ പോയി ചെക്ക് ചെയ്തിട്ട് വാ...'

ഞാൻ പറഞ്ഞു: 'അതെ സാർ..മുകളിൽ മാനേജർ ഒക്കെ നില്പുണ്ട്..'

അപ്പോൾ അ​ദ്ദേഹം വീണ്ടും: 'ഇനി അഥവാ ഇവിടെയെന്തെങ്കിലും കൺഫ്യൂഷനുണ്ടായാൽ നേരെ കന്റോൺമെന്റ് ഹൗസിലേക്ക് പോരേ...'

എന്നിട്ട് ചിരിയോടെ അദ്ദേഹം കാറിലേക്ക് കയറി.

മുകൾ നിലയിൽ ചെന്നപ്പോൾ ജോർജേട്ടൻ എന്നോട് ചോദിച്ചു: 'നീ താഴെ ഉമ്മൻചാണ്ടി വന്നത് കണ്ടില്ലേ...?'

അപ്പോൾ അല്പം ​ഗമ കലർന്ന ലജ്ജ‍യോടെ ഞാൻ പറഞ്ഞു: 'സാറ് എന്നേം ഇവിടെ കൊണ്ടുവിടാൻ വന്നതാ...'

ജോർജേട്ടൻ ഒന്നുകൂടി നോക്കി.

പിന്നെ മമ്മൂക്കയുടെ അടുക്കലേക്ക് കൂട്ടിക്കൊണ്ടുപോയി. മമ്മൂക്കയെ കണ്ടതും ജോർജേട്ടൻ പറഞ്ഞു

'ദേ...കാണാൻ ഉമ്മൻചാണ്ടിയേം കൂട്ടി വന്നിരിക്കുവാ..ഫാൻബോയി..'

അപ്പോൾ മമ്മൂക്ക ഒരു ചിരി ചിരിച്ചു.

എക്കാലവും അതുപോലെ ചിരിക്കാൻ കഴിയട്ടെ മമ്മൂക്കാ...ഈ പിറന്നാൾ ദിനത്തിൽ അതാണ് ഈ ആരാധകന്റെ ആശംസ...

Related Stories

No stories found.
Pappappa
pappappa.com