

മമ്മൂട്ടിയും ആരാധകരും തമ്മിലുള്ള ബന്ധം
ഒരു ഫാൻസ് അസോസിയേഷൻ പ്രവർത്തകന്റെ സന്ദേശത്തോട് മമ്മൂട്ടി പ്രതികരിച്ചവിധം
മമ്മൂട്ടിയുടെ ഫാൻസ് അസോസിയേഷൻ പ്രവർത്തനങ്ങൾ എങ്ങനെ വ്യത്യസ്തമാകുന്നു
കഴിഞ്ഞവർഷം ഫെബ്രുവരി 27ന് പതിവുപോലെ പെരിന്തൽമണ്ണ മമ്മൂട്ടി ഫാൻസ് അസോസിയേഷൻഅംഗം ജസീർബാബു മമ്മൂക്കയ്ക്ക് ഒരു വാട്സ്ആപ്പ് സന്ദേശമയച്ചു. റിലീസ് ദിവസം തന്നെ മമ്മൂക്കയുടെ സിനിമകൾ കണ്ട് അദ്ദേഹത്തെ അഭിപ്രായം അറിയിക്കുന്നയാളാണ് ജസീർ. മറുപടി പ്രതീക്ഷിച്ചല്ലെങ്കിലും പത്തുവർഷമായി തുടരുന്ന ദിനചര്യയാണ് അദ്ദേഹത്തിനത്. മമ്മൂക്ക ഒരിക്കലും മറുപടി നല്കാറില്ല. മറുപടി പ്രതീക്ഷിക്കാത്തതുകൊണ്ട് ജസീറിനതിൽ നിരാശയുമില്ല. പക്ഷേ അന്ന് അയച്ച മെസേജിലെ വിഷയം സിനിമയായിരുന്നില്ല. എങ്കിലും പതിവ് നിശബ്ദത മാത്രമേ ജസീർ പ്രതീക്ഷിച്ചുള്ളൂ. പക്ഷേ ഒരുമണിക്കൂറിനുള്ളിൽ ഒരു ഫോൺവിളിയെത്തി. അതിന്റെ ക്ലൈമാക്സിൽ സ്നേഹപൂർവം മമ്മൂട്ടിയെന്നെഴുതിയ കടലാസും പൂക്കളും മുറുകെപ്പിടിച്ച് ഒരു മൂന്നരവയസ്സുകാരി വിടർന്നുചിരിക്കുന്നു.
ആ കഥയിലേക്ക് വിശദമായി പോകും മുമ്പ് മമ്മൂക്കയും ഫാൻസ് അസോസിയേഷനും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പറയേണ്ടിയിരിക്കുന്നു. പലരും ചോദിക്കുന്ന ചോദ്യമാണ്,മമ്മൂട്ടിയും ഫാൻസ് അസോസിയേഷനും തമ്മിലുള്ള ബന്ധമെന്താണ് എന്ന്. മമ്മൂട്ടിക്ക് ഇവന്മാരിൽ വല്ല താത്പര്യവും ഉണ്ടോടേയ്, ഇവന്മാരുടെ ഈ ജയ്വിളിയൊക്കെ മമ്മൂട്ടി അറിയുന്നുണ്ടേടേയ്... എന്ന പുച്ഛമാണ് ആ സംശയത്തിൽ നിഴലിക്കുന്നത്. പലവട്ടം,ആയിരംവട്ടം അതിന് ഉത്തരം നല്കിയിട്ടുണ്ട്. മുമ്പ് ഇതേ പംക്തിയിൽ തന്നെ അതേപ്പറ്റി ചിലത് കുറിച്ചിട്ടുമുണ്ട്. എങ്കിലും അല്പം കൂടി പറയണമെന്ന് തോന്നുന്നു.
ഫാൻസിനെക്കുറിച്ചുള്ള നിലപാട് മമ്മൂക്ക തന്നെ പലവേദികളിലും വ്യക്തമാക്കിയതാണ്. എന്നെ ഇഷ്ടപ്പെടുന്നവർ,അല്ലെങ്കിൽ ആരാധിക്കുന്നു എന്നുപറയുന്നവർ തിയേറ്ററിൽ കൈയടിക്കാനല്ല വരേണ്ടത്. എന്റെ പേരിൽ നന്മചെയ്യാൻ സമൂഹത്തിലേക്ക് ഇറങ്ങുകയാണ് അവർ ചെയ്യേണ്ടത്. അവരുടെ സ്നേഹം വേണം,ഇഷ്ടം വേണം,അവർ എന്നെ സ്നേഹിക്കുന്നതിൽ നൂറുമടങ്ങ് ഞാൻ അവരെ സ്നേഹിക്കുന്നുണ്ട്. പക്ഷേ ആരാധനയെ നന്മയുടെ വെളിച്ചമാക്കി സമൂഹത്തിൽ നിറയ്ക്കണമെന്നാണ് എനിക്ക് അവരോട് പറയുവാനുള്ളത്-ഇതാണ് മമ്മൂക്ക ഞങ്ങളോട് ആവർത്തിച്ചുപറഞ്ഞിട്ടുള്ള വാചകങ്ങൾ.
ഒരു വടക്കൻവീരഗാഥയുടെ സെറ്റിൽ തുടക്കമിട്ടതാണ് മമ്മൂട്ടി ഫാൻസിന്റെ പ്രവർത്തനം. തിരുവനന്തപുരത്തുള്ള ഭാസ്കർ,അനിൽകുമാർ ശ്രീശൈലം,ശ്രീവല്ലഭൻ,അശോകൻ തുടങ്ങിയവർ ചേർന്ന് ഒരു ബാനർ കെട്ടി തുടങ്ങിയതാണ് ആ കൂട്ടായ്മ. പിന്നീട് അവരുടെ അധ്വാനത്തിൽ അത് വളർന്നു,വലുതായി. ഫാൻസ് അസോസിയേഷൻ ആരംഭിച്ച്,പത്തുപന്ത്രണ്ടുവർഷത്തിനുശേഷമാണ് ഞാനൊക്കെ അതിൽ അംഗമായി എത്തുന്നത്. അതിനും മുമ്പ് വലിയൊരു ചരിത്രം പറയാനുണ്ട് ആ സംഘടനയ്ക്ക്. സ്കൂൾ കാലത്ത് മമ്മൂക്ക ഫാൻസിൽ അംഗമായി ചേരുമ്പോൾ ഞങ്ങൾ ചെയ്യുന്നതൊക്കെ മമ്മൂക്ക അറിയുന്നുണ്ടോ എന്നൊന്നും നോക്കിയിരുന്നില്ല. അല്ലെങ്കിൽ അതൊന്നും അദ്ദേഹത്തിനടുത്ത് എത്തണമെന്നതിനായിരുന്നില്ല പ്രഥമ പരിഗണന. മമ്മൂക്ക എന്ന വലിയ മനുഷ്യനോടുള്ള ഇഷ്ടം പ്രകടിപ്പിക്കാനുള്ള ഒരു വേദി. അത്രയുമായിരുന്നു എന്നെപ്പോലെ പലർക്കും ഫാൻസ് എന്നത്.
എന്നെ സംബന്ധിച്ച് പറയുകയാണെങ്കിൽ മമ്മൂക്കയുടെ ഒരു സിനിമയുടെ റിലീസ് ദിവസത്തിലേക്കുണ്ടായിരുന്നത് ഒരു മണിക്കൂറിന്റെ ബസ് യാത്രയാണ്. പള്ളിക്കത്തോട്ടിൽ അന്ന് റിലീസ് തിയേറ്ററുകളില്ല. കോട്ടയത്തെ അഭിലാഷ്,ആനന്ദ്,ആശ,അനുപമ തിയേറ്ററുകളിൽ എവിടെയെങ്കിലുമായിരിക്കും മമ്മൂക്കയുടെ പുതിയ സിനിമകളുടെ റിലീസ്. നാട്ടിൽ നിന്ന് കോട്ടയത്തേക്ക് ഒരുമണിക്കൂർ ബസിൽ യാത്ര ചെയ്യണം. വട്ടയിലകളിലും തുണിയിലും തടിയുമെല്ലാം എഴുതിയ വാചകങ്ങളുമായി പുലർച്ചെയുള്ള ബസിന് കോട്ടയത്തേക്ക്. പണിക്കാരൊക്കെ രാവിലെ പണിയായുധങ്ങളുമായി തൊഴിലിടത്തേക്ക് പോകുന്നതുപോലെയുള്ള യാത്ര. ഇതൊന്നും മമ്മൂക്കയുടെ അനുവാദത്തോടെയാണോ സംഘടന പ്രവർത്തിക്കുന്നത് എന്ന് അന്വേഷിച്ചിട്ടായിരുന്നില്ല. പിന്നീട് വർഷങ്ങൾ കഴിഞ്ഞ് സംഘടനയുടെ തലപ്പത്തുവന്നപ്പോഴാണ് അദ്ദേഹത്തിന് ഞങ്ങളിലുള്ള താത്പര്യം എന്തെന്ന് തിരിച്ചറിയുന്നത്.
ഭാരവാഹികൾ മാറുന്നതൊക്കെ മമ്മൂക്കയുടെ അറിവോടെ തന്നെയാണ്. പുതിയ ആളുകൾ വരുമ്പോൾ അവരെക്കുറിച്ച് അദ്ദേഹത്തെ ധരിപ്പിക്കും. ഒന്നുരണ്ട് തിക്താനുഭവങ്ങൾ ഉണ്ടായതുകൊണ്ട് ഭാരവാഹിപ്രഖ്യാപനത്തിന് മുമ്പുതന്നെ മമ്മൂക്കയെ കണ്ട് അനുവാദം വാങ്ങിക്കും. ഫാൻസ് അസോസിയേഷന്റെ ഭാരവാഹിയാകാൻ,എന്തിന് ഒരു അംഗമാകാൻ പോലും അദ്ദേഹം നിശ്ചയിച്ചിരിക്കുന്ന ചില യോഗ്യതകളുണ്ട്.
ഒറ്റവാചകത്തിൽ പറഞ്ഞാൽ സ്വന്തം കുടുംബം നോക്കുന്നവനായിരിക്കണം അഥവാ ജോലി ചെയ്ത് കുടുംബത്തെ പോറ്റുന്നവനായിരിക്കണം. കുടുംബാംഗങ്ങളുടെ സന്തോഷത്തിനായിരിക്കണം പ്രഥമ പരിഗണന. ഭാര്യയുടെയും മക്കളുടെയും, വിവാഹം കഴിക്കാത്തവരാണെങ്കിൽ മാതാപിതാക്കളുടെയും സഹോദരങ്ങളുടെയുമെല്ലാം കാര്യങ്ങൾ വേണ്ടരീതിയിൽ നോക്കി ബാക്കി സമയമുണ്ടെങ്കിൽ മാത്രം ഫാൻസ് പ്രവർത്തനത്തിനിറങ്ങിയാൽ മതി. 'ആ പ്രവർത്തനമെന്നുപറയുന്നത് എന്റെ ഫ്ലക്സിൽ മാലയിടുക' എന്നതല്ല എന്നും മമ്മൂക്ക തറപ്പിച്ചുപറയുന്നു.
പലരും ചോദിക്കാറുണ്ട്,മമ്മൂട്ടി എന്താണ് മറ്റ് സൂപ്പർസ്റ്റാറുകളെപ്പോലെ ആരാധകരുടെ തോളിൽ കൈയിട്ടുനടക്കാത്തത്..അവർക്കൊപ്പം ഗ്രൂപ്പ് ഫോട്ടോയെടുക്കാൻ സമയം ചെലവിടാത്തത് എന്ന്. പക്ഷേ ആരാധകർക്ക് മമ്മൂക്കയുടെ മനസ്സിലുള്ള സ്ഥാനമെന്ത് എന്നറിയണമെങ്കിൽ.. അവരെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാട് എന്തെന്ന് അറിയണമെങ്കിൽ നമുക്ക് ആദ്യം പറഞ്ഞ ജസീർബാബുവിന്റെ കഥയിലേക്ക് പോകാം..
2025 ഫെബ്രുവരി 27ന് ജസീർ മമ്മൂക്കയ്ക്ക് അയച്ച സന്ദേശത്തിൽ നിറഞ്ഞത് ഒരു കുടുംബത്തിന്റെ ഹൃദയവേദനയാണ്. മലപ്പുറം തിരൂർക്കാട് സ്വദേശിനി നിദ ഫാത്തിമയെന്ന കുഞ്ഞിനെക്കുറിച്ചായിരുന്നു അതിൽ പറഞ്ഞിരുന്നത്. ജനിച്ച് മൂന്നര വയസാകുന്നതിനിടയിൽ രണ്ടു ഹൃദയ ശസ്ത്രക്രിയകളിലൂടെ നിദ ഫാത്തിമ കടന്ന് പോയി. സാധാരണ ഹൃദയത്തിന് താഴെ രണ്ട് അറകൾ ഉണ്ടാകും. നിദയ്ക്ക് ജന്മനാ ഹൃദയത്തിൽ ഒരു അറ മാത്രമേ ( ഇടത് വെൻട്രിക്കിൾ) ഉണ്ടായിരുന്നുളളു.
ജനിച്ച് മൂന്ന് മാസത്തിൽ തന്നെ ആദ്യ സർജറി നടത്തി. നാലാം വയസിന് മുമ്പ് രണ്ടാമത്തെ സർജറി വേണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചിരുന്നു. ഡ്രൈവർ ജോലി ചെയ്ത് കുടുംബം പുലർത്തുന്ന പിതാവ് അലിക്ക് മകളുടെ ശസ്ത്രക്രിയക്ക് വേണ്ടിയുളള തുക കണ്ടെത്തുക അസാധ്യമായിരുന്നു. മാസങ്ങൾക്ക് മുമ്പ് ആൻജിയോപ്ലാസ്റ്റിക്ക് വിധേയനായ അലിക്ക് കുഞ്ഞിന്റെ തുടർചികിത്സ ഇരട്ടി ആഘാതവുമായി. സുഹൃത്തും, തയ്യൽക്കാരനുമായ കുഞ്ഞാപ്പു വഴി നിദ ഫാത്തിമയുടെ രോഗവിവരം ജസീർ അറിഞ്ഞു. അങ്ങനെയാണ് ജസീർ മമ്മൂക്കയ്ക്ക് വാട്സ്ആപ്പ് സന്ദേശം അയയ്ക്കുന്നത്.
ജസീറിന്റെ സന്ദേശം കിട്ടി ഒരുമണിക്കൂറിനുള്ളിൽ തന്നെ മമ്മൂട്ടിക്കയുടെ നിർദ്ദേശത്തെ തുടർന്ന് അദ്ദേഹത്തിന്റെ കാരുണ്യപ്രസ്ഥാനമായ കെയർ ആൻഡ് ഷെയർ ഇന്റർനാഷണലിന്റെ ഭാരവാഹികൾ ജസീറിനെ നേരിട്ട് വിളിച്ചു. തുടർന്ന് കാര്യങ്ങളെല്ലാം അതിവേഗത്തിൽ. ആലുവ രാജഗിരി ആശുപത്രിയിൽ നിദയ്ക്ക് സൗജന്യശസ്ത്രക്രിയ്ക്കുള്ള ക്രമീകരണങ്ങൾ ഒരുക്കി. ഏഴ് ലക്ഷത്തോളം രൂപ ചെലവ് വരുന്ന ശസ്ത്രക്രിയ കെയർ ആന്റ് ഷെയറിന്റെ വാത്സല്യം പദ്ധതിയിലൂടെ പൂർണമായും സൗജന്യമായി ചെയ്ത് നല്കി. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികളുടെ ശസ്ത്രക്രിയ സൗജന്യമായി നടത്തുന്നതിനാണ് കെയർ ആൻഡ് ഷെയർ ‘വാത്സല്യം’ പദ്ധതി ആവിഷ്കരിച്ചത്. ആദ്യഘട്ടത്തിൽ ആലുവ രാജഗിരി ആശുപത്രിയുമായി ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്.
രാജഗിരിയിലെ ഏറ്റവും മികച്ച ഡോക്ടർമാർ തന്നെയാണ് സർജറിക്ക് നേതൃത്വം നല്കിയത്. കാർഡിയോളജി വിഭാഗം മേധാവി ഡോ.കെ കെ പ്രദീപ്,പീഡിയാട്രിക് കാർഡിയാക് സർജൻ ഡോ. മുസ്തഫ ജനീൽ,പീഡിയാട്രിക് കാർഡിയോളജിസ്റ്റ് ഡോ. എസ് വെങ്കടേശ്വരൻ, പീഡിയാട്രിക് ഐസിയു വിഭാഗം മേധാവി ഡോ. സൗമ്യ മേരി തോമസ് എന്നിവരാണ് മേൽനോട്ടം വഹിച്ചത്. രക്തത്തിൽ ഓക്സിജന്റെ അളവ് കുറയുന്നതിനെ തുടർന്ന് ശരീരം നീല നിറമാകുന്ന നിദയുടെ രോഗാവസ്ഥ പൂർണമായും ഭേദമായെന്ന് ഡോ. എസ് വെങ്കടേശ്വരന്റെ ഉറപ്പ്. കൃത്യസമയത്ത് ശസ്ത്രക്രിയ നടത്താൻ കഴിഞ്ഞത് നിദയുടെ ഭാവിയ്ക്ക് ഗുണകരമാണെന്നായിരുന്നു ഡോ. മുസ്തഫ ജനീൽ എം പറഞ്ഞത്.
മൂന്നാഴ്ച നീണ്ട ആശുപത്രി വാസത്തിനൊടുവിൽ പഴയ കളിയും, ചിരിയും വീണ്ടെടുത്ത് മടങ്ങാൻ ഒരുങ്ങവെ നിദയെ തേടി ഒരു അപ്രതീക്ഷിത സമ്മാനം എത്തി. സാക്ഷാൽ മമ്മൂക്ക കൊടുത്തയച്ച ബൊക്കയും, ആശംസ കാർഡും ആയിരുന്നു അതിൽ. കെയർ ആൻഡ് ഷെയർ ഭാരവാഹികളും, ജസീർ ബാബുവും ചേർന്ന് അത് കൈമാറി. അങ്ങനെ മമ്മൂക്കയുടെ സ്നേഹസമ്മാനവുമായാണ് നിദയും, കുടുംബവും നാട്ടിലേക്ക് മടങ്ങിയത്. അവൾക്ക് പുതുഹൃദയം. അത് ഇടറാതെ മിടിക്കും.
മകളുമായി മടങ്ങുമ്പോൾ മമ്മൂക്കയുടെ ആരാധകൻ കൂടിയായ അലിക്ക് ഒരാഗ്രഹം മാത്രമായിരുന്നു. മമ്മൂക്കയെ കാണണം, കൂടെയൊരു ഫോട്ടോയും എടുക്കണം. പക്ഷേ ചില സ്വപ്നങ്ങൾ ഒരിക്കലും സാക്ഷാത്കരിക്കപ്പെടുകയില്ലല്ലോ. ഹൃദ്രോഗബാധിതനായ അലിയുടെ ശസ്ത്രക്രിയയും പിന്നീട് കെയർ ആന്റ് ഷെയർ ഏറ്റെടുത്തെങ്കിലും അതിന് കാത്തുനില്കാതെ അദ്ദേഹം ലോകത്തോട് വിടപറഞ്ഞു. എനിക്കുറപ്പാണ്,ആ വാർത്തയറിഞ്ഞപ്പോൾ മമ്മൂക്ക എന്ന മനുഷ്യന്റെ കണ്ണിന്റെ ഒരു കോണിലുണ്ടായിക്കാണും...ഒരു തുള്ളിനനവ്...
(തുടരും)