പൊള്ളാച്ചിയിൽ മമ്മൂക്ക നട്ട രണ്ട് മരക്കുഞ്ഞുങ്ങൾ

ഒരു മമ്മൂട്ടി ആരാധകന്റെ ഓർമക്കുറിപ്പുകൾ. 'മധുരം മമ്മൂട്ടി' ഭാ​ഗം-29
മൈ ട്രീ ചലഞ്ചിന് തുടക്കം കുറിച്ച് പൊള്ളാച്ചിയിൽ മമ്മൂട്ടി ആദ്യ മരം നടുന്നു. മമ്മൂട്ടിയുടെ സഹായി ലാലേഷ്,റോബർട്ട് കുര്യാക്കോസ്,അബ്ദുൾ മനാഫ്,എസ്.ജോർജ് എന്നിവർ സമീപം
മൈ ട്രീ ചലഞ്ചിന് തുടക്കം കുറിച്ച് പൊള്ളാച്ചിയിൽ മമ്മൂട്ടി ആദ്യ മരം നടുന്നു. മമ്മൂട്ടിയുടെ സഹായി ലാലേഷ്,റോബർട്ട് കുര്യാക്കോസ്,അബ്ദുൾ മനാഫ്,എസ്.ജോർജ് എന്നിവർ സമീപംഫോട്ടോ-അറേഞ്ച്ഡ്
Published on
Summary

മമ്മൂട്ടി എന്ന പ്രകൃതിസ്നേഹിയെക്കുറിച്ച്

'മൈ ട്രീ ചലഞ്ച്' എന്ന ആശയത്തിന്റെ തുടക്കം

മരംനടൽ ലോകമെങ്ങും പടർത്തിയ മമ്മൂട്ടി

മമ്മൂക്കയുടെ കൃഷിത്തോട്ടത്തിൽ നിന്നപ്പോൾ ഞാൻ ഓർത്തത് ഇത്രയും മരങ്ങൾ എത്രയോ കാലം ഈ ഭൂമിക്ക് തണലും തണുപ്പും നല്കും എന്നാണ്. ഒരു മരം നടുമ്പോൾ അത് ഇന്നേക്കുവേണ്ടിയല്ല,നാളേക്ക് വേണ്ടിയാണ് എന്ന് അതിലെ ഓരോ ചില്ലയും പറഞ്ഞു തരുന്നുണ്ടായിരുന്നു. ഓർമകൾ കൊണ്ട് വീണ്ടും ആ കൃഷിത്തോട്ടത്തിലെത്തിയപ്പോൾ മമ്മൂക്ക എന്ന മനുഷ്യൻ തുടക്കമിട്ട മൈ ട്രീ ചലഞ്ച് എന്ന സംരംഭത്തെക്കുറിച്ചായിരുന്നു ആദ്യചിന്ത. മണ്ണിനെയും പ്രകൃതിയെയും കൃഷിയെയും സ്നേഹിക്കുന്നയാളായതുകൊണ്ട് മമ്മൂക്കയുടെ മനസ്സിൽ നാമ്പിട്ട ആശയം.

Must Read
മമ്മൂക്കപറഞ്ഞു: 'വേണ്ട..കിളി കൊത്തിത്തിന്നട്ടെ..ഇത് കിളികൾക്ക് കൂടിയുള്ളതല്ലേ..'
മൈ ട്രീ ചലഞ്ചിന് തുടക്കം കുറിച്ച് പൊള്ളാച്ചിയിൽ മമ്മൂട്ടി ആദ്യ മരം നടുന്നു. മമ്മൂട്ടിയുടെ സഹായി ലാലേഷ്,റോബർട്ട് കുര്യാക്കോസ്,അബ്ദുൾ മനാഫ്,എസ്.ജോർജ് എന്നിവർ സമീപം

വർഷങ്ങൾക്ക് മുമ്പൊരു പകൽ. 2014 ആണെന്ന് തോന്നുന്നു. ഞാനന്ന് കൊച്ചിയിലാണ് താമസം. ഒരുദിവസം മമ്മൂക്കയുടെ സോഷ്യൽീഡിയാ വിഭാ​ഗത്തിന്റെ അന്നത്തെ ചുമതലക്കാരനും കൊച്ചിയിലെ ഈസി സോഫ്ട് ടെക്നോളജീസ് സി.ഇ.ഒയുമായ അബ്ദുൾ മനാഫ് വിളിക്കുന്നു. പ്രകൃതിസംരക്ഷണത്തിനായി മരംനടീലുകൾ അന്ന് പലയിടങ്ങളിലും നടക്കുന്നുണ്ട്. പക്ഷേ അതൊക്കെ വെറും ചടങ്ങ് മാത്രമായി അവസാനിക്കും. പിന്നെ ആരും പരിപാലിക്കാനുണ്ടാകില്ല. നട്ടമരം ഒരാഴ്ച കൊണ്ട് വാടിത്തളരുകയും ചെയ്യും. ഇതിനുപകരം മരംനടീൽ എന്നതിനെ കൂടുതൽ ക്രിയാത്മകമായി എങ്ങനെ വികസിപ്പിക്കാം എന്നതിനെക്കുറിച്ച് എന്തെങ്കിലുമൊരു ആശയം രൂപപ്പെടുത്താൻ മമ്മൂക്ക മനാഫിനോട് പറഞ്ഞിരുന്നു. അതിനുള്ള വഴിയും അദ്ദേഹം പറഞ്ഞുകൊടുത്തു. ഇനി ഫോളോ അപ് ചെയ്യുകയെന്നതാണ് മനാഫിന്റെ ജോലി.

അബ്ദുൾ മനാഫും റോബർട്ട് കുര്യാക്കോസും
അബ്ദുൾ മനാഫും റോബർട്ട് കുര്യാക്കോസുംഫോട്ടോ-അറേഞ്ച്ഡ്

അന്ന് ലോകമെങ്ങും 'ഐസ് ബക്കറ്റ് ചലഞ്ച്' എന്ന പേരിൽ ഒരു പരിപാടി നടക്കുന്നുണ്ടായിരുന്നു. ഒരു ബക്കറ്റിലെ തണുത്തുറഞ്ഞ വെള്ളം അപ്പാടെ തലയിലേക്ക് കമിഴ്ത്തുകയും അങ്ങനെ ചെയ്യാൻ മറ്റൊരാളെ വെല്ലുവിളിക്കുകയും ചെയ്യുക എന്നതായിരുന്നു അതിന്റെ ആശയം. ഇതിനെ എങ്ങനെ മരംനടീലിലേക്ക് കൊണ്ടുവരാമെന്ന് ചിന്തിക്കാനാണ് മമ്മൂക്ക പറഞ്ഞത്. ലോകത്ത് എവിടെയും സംഭവിക്കുന്ന കാര്യങ്ങളെ അതിസൂക്ഷ്മമായി നിരീക്ഷിക്കുന്ന മമ്മൂക്ക 'ഐസ് ബക്കറ്റ് ചലഞ്ചി'നെക്കുറിച്ച് മനസ്സിലാക്കിയപ്പോൾ അതിനെ നമ്മുടെ സമൂഹത്തിനായി എങ്ങനെ ക്രിയാത്മകമായി ഉപയോ​ഗപ്പെടുത്താം എന്നാണ് ചിന്തിച്ചത്.

അങ്ങനെ 'ഐസ് ബക്കറ്റ് ചലഞ്ച്' മാതൃകയിൽ ഒരു മരംനടീൽ ചലഞ്ചിന് തുടക്കമിടാനാണ് മനാഫ് വിളിച്ചത്. പിറ്റേന്ന് രാവിലെ പൊള്ളാച്ചിക്ക് പോകണം. മമ്മൂക്ക അവിടെ 'രാജാധിരാജ' എന്ന സിനിമയുടെ ഷൂട്ടിലാണ്. പുലർച്ചെ പുറപ്പെട്ടാലെ ഉച്ചയോടെ പൊള്ളാച്ചിയിലെത്തൂ. മനാഫ് മരംനടീൽ ചലഞ്ചിന്റെ ഏകദേശരൂപം പറഞ്ഞുതന്നു. കേട്ടപ്പോൾ നമസ്കരിച്ചുപോയത് മമ്മൂക്കയുടെ ദീർഘവീക്ഷണത്തിനുമുന്നിലാണ്. ഒരുപക്ഷേ ലോകത്തുതന്നെ ഒരു സിനിമാനടൻ ആദ്യമായിട്ടാകും അങ്ങനെയൊരു ആശയത്തിന് രൂപംനല്കിയത്.

കോയമ്പത്തൂർ എസ്.പിയായിരുന്ന മാടസ്വാമിക്കൊപ്പം റോബർട്ട് കുര്യാക്കോസ്
കോയമ്പത്തൂർ എസ്.പിയായിരുന്ന മാടസ്വാമിക്കൊപ്പം റോബർട്ട് കുര്യാക്കോസും സുഹൃത്ത് നോബിയുംഫോട്ടോ-അറേഞ്ച്ഡ്

പിറ്റേന്ന് അഞ്ചുമണിയോടെ മനാഫും ഞാനും പൊള്ളാച്ചിക്ക് പുറപ്പെട്ടു. ഞങ്ങൾ രണ്ടുപേർക്കുമൊപ്പം കൊച്ചിയിലുള്ള ​ഗാബി തോമസ് എന്ന സുഹൃത്തുമുണ്ടായിരുന്നു. മണ്ണുത്തിയിലെത്തിയപ്പോൾ കാർഷിക സർവ്വകലാശാലാ കാമ്പസിൽ നിന്ന് രണ്ട് മാവിൻതൈകൾ വാങ്ങി. പൊള്ളാച്ചിയിൽ അത് പൂക്കളുടെ കാലമായിരുന്നു. മലയാളികൾക്ക് ഓണപ്പൂക്കളമിടാനുള്ള പൂക്കൾ. വിടർന്നുനില്കുന്ന പൂപ്പാടങ്ങൾക്ക് നടുവിലൂടെ കാർ നീങ്ങുമ്പോൾ ഞങ്ങളുടെ കാറിനുള്ളിൽ രണ്ട് കുഞ്ഞിമരങ്ങളുണ്ടായിരുന്നു.

കോയമ്പത്തൂരിലെത്തിയപ്പോൾ അവിടത്തെ എസ്.പി.മാടസ്വാമി സാറിനെ വിളിച്ചു. അദ്ദേഹം എന്റെ സുഹൃത്താണ്. മമ്മൂക്കയുടെ അടുത്തേക്ക് പോകുകയാണെന്ന് പറഞ്ഞപ്പോൾ അദ്ദേഹത്തിനും നിർബന്ധം മമ്മൂക്കയെ കാണണമെന്ന്. അങ്ങനെ മാടസ്വാമി സാറും ഞങ്ങൾക്കൊപ്പം പൊള്ളാച്ചിയിലേക്ക് വന്നു.

മമ്മൂട്ടി
മമ്മൂട്ടിഫോട്ടോ-അറേഞ്ച്ഡ്

ഞങ്ങളവിടെ ചെല്ലുമ്പോൾ കാണുന്ന സീൻ അത്ര പന്തിയല്ല. പോലീസ് അനുമതി നല്കാതെ ഷൂട്ടിങ് തടഞ്ഞിരിക്കുകയാണ്. പ്രൊഡക്ഷനിലെ ആൾക്കാരും പോലീസുമായി അതേച്ചൊല്ലിയുള്ള സംഭാഷണത്തിനിടയിലേക്കാണ് ഞങ്ങൾ കയറിച്ചെല്ലുന്നത്. എസ്.പിയെ കണ്ടതും പോലീസുകാർ ഞെട്ടി. പ്രൊഡക്ഷൻ കൺട്രോളറോട് മാടസ്വാമി സാർ വിവരംതിരക്കി. കാര്യങ്ങൾ മനസ്സിലാക്കിയശേഷം അദ്ദേഹം തന്നെ ഷൂട്ടിങ്ങിന് അനുമതി നല്കുകയും ചെയ്തു. അതോടെ പോലീസുകാർ നിശബ്ദരായി.

ഒരു ​ഗാനരം​ഗമാണ് ചിത്രീകരിച്ചുകൊണ്ടിരുന്നത്. മമ്മൂക്ക വളരെ ഫ്രീയായിരുന്നു. ഷൂട്ടിനിടെ മനാഫ് മരംനടീൽ ചലഞ്ച് ആശയം മമ്മൂക്കയ്ക്ക് മുമ്പാകെ അവതരിപ്പിച്ചു. താൻ നല്കിയ നിർദേശത്തിനനുസരിച്ച് രൂപപ്പെടുത്തിയതിനാൽ അദ്ദേഹത്തിനതിൽ കൂടുതലായിട്ടൊന്നും കൂട്ടിച്ചേർക്കാനുണ്ടായിരുന്നില്ല. പക്ഷേ എന്തു പേരിടും എന്ന ആലോചനയായി. ഒടുവിൽ 'മൈ ട്രീ ചലഞ്ച്' എന്ന പേര് മമ്മൂക്ക കണ്ടെത്തി. അങ്ങനെ 'രാജാധിരാജ'യുടെ സെറ്റിൽ പിന്നീട് ലോകമെങ്ങും പടർന്നുപന്തലിച്ച ഒരു മഹത്തായ ആശയത്തിന്റെ ആദ്യ നാമ്പുകൾ രൂപപ്പെട്ടു.

Must Read
കുട്ടികൾ അയാളോട് ആജ്ഞാശക്തിയോടെ പറഞ്ഞു: 'സി​ഗരറ്റ് കളയാനാ പറഞ്ഞത്....'
മൈ ട്രീ ചലഞ്ചിന് തുടക്കം കുറിച്ച് പൊള്ളാച്ചിയിൽ മമ്മൂട്ടി ആദ്യ മരം നടുന്നു. മമ്മൂട്ടിയുടെ സഹായി ലാലേഷ്,റോബർട്ട് കുര്യാക്കോസ്,അബ്ദുൾ മനാഫ്,എസ്.ജോർജ് എന്നിവർ സമീപം

പൊള്ളാച്ചിയിലെ ഏതോ ഒരു ഭൂവുടമയുടെ വീട്ടുമുറ്റത്തായിരുന്നു അപ്പോൾ ഞങ്ങൾ. അവിടെ മമ്മൂക്കയുടെ സഹായി ലാലേഷും ഞാനും ചേർന്ന് രണ്ട് ചെറിയ കുഴിയുണ്ടാക്കി. ഞങ്ങൾ കൊണ്ടുചെന്ന മാവിൻ തൈകൾ അതിലൊന്നിലേക്ക് മമ്മൂക്ക ചേർത്തുവച്ചു. അദ്ദേഹം തട്ടിവിളിച്ചപ്പോൾ അത്രയും നേരം ഉറക്കമായിരുന്ന ആ മരക്കുഞ്ഞുങ്ങൾ കണ്ണുതുറന്നു. മമ്മൂക്കയൊഴിച്ചുകൊടുത്ത വെള്ളം പാൽമധുരംപോലെ നുണഞ്ഞു. പിന്നെ അവ ഭൂമിയെ കെട്ടിപ്പിടിക്കാനായി കുഞ്ഞിവിരലുകൾപോലുള്ള വേരുകൾ താഴ്ത്തിക്കാണും. അവിടെ 'മൈ ട്രീ ചലഞ്ച്' എന്ന സംരംഭം കൂടിയാണ് മമ്മൂക്കയുടെ കൈകളിലൂടെ തളിർത്തത്.

മൈ ട്രീ ചലഞ്ചിന്റെ ആദ്യമരം നടുന്നതിനുള്ള തയ്യാറെടെപ്പുകളിൽ മമ്മൂട്ടിയുടെ സഹായി ലാലേഷും റോബർട്ട് കുര്യാക്കോസും
മൈ ട്രീ ചലഞ്ചിന്റെ ആദ്യമരം നടുന്നതിനുള്ള തയ്യാറെടെപ്പുകളിൽ മമ്മൂട്ടിയുടെ സഹായി ലാലേഷും റോബർട്ട് കുര്യാക്കോസുംഫോട്ടോ-അറേഞ്ച്ഡ്

ഒരു മരം നടുക,അതിന് ഒരു ബക്കറ്റ് വെള്ളമൊഴിക്കുക, അങ്ങനെ ചെയ്യനായി മൂന്നുപേരെ വെല്ലുവിളിക്കുക. ഇത്രയും ലളിതമായിരുന്നു മൈ ട്രീ ചലഞ്ച്(എം.ടി.സി). ആദ്യ മരം നട്ടുകൊണ്ട് മമ്മൂക്ക വെല്ലുവിളിച്ചത് ഷാരൂഖ് ഖാൻ,സൂര്യ,വിജയ് എന്നിവരെയും സിനിമയിലെയും ഫേസ്ബുക്കിലെയും സുഹൃത്തുക്കളെയുമാണ്. പിന്നെ കണ്ണഞ്ചിക്കുന്ന വേ​ഗത്തിൽ മൈ ട്രീ ചലഞ്ച് ലോകമെങ്ങും ശാഖകൾ പടർത്തുന്ന കാഴ്ചയായിരുന്നു.

രാജ്യത്തെ സിനിമാതാരങ്ങളെല്ലാം ഇത് ഏറ്റെടുത്തു. സൂര്യയും വിജയ് യും മമ്മൂട്ടിയുടെ മരം നടൽ വെല്ലുവിളി സ്വീകരിച്ചതോടെ മൈ ട്രീ ചലഞ്ച് തമിഴകത്തും മെഗാഹിറ്റായി. സ്വന്തം വീട്ടിൽ തെങ്ങിൻ തൈ നട്ടുകൊണ്ടാണ് സൂര്യ മൈ ട്രീ ചലഞ്ചിൽ പങ്കാളിയായത്. മരം നടനായി സൂര്യ ചലഞ്ച് ചെയ്തത് അമീർഖാൻ,തെലുങ്ക്താരം മഹേഷ്ബാബു,കന്നഡ നടൻ സുദീപ് എന്നിവരെയാണ്. വിജയ് വെല്ലുവിളി സ്വീകരിച്ചുകൊണ്ട് 25,000 മരത്തൈകൾ നടുമെന്നാണ് പ്രഖ്യാപിച്ചത്.

തിരുവനന്തപുരത്ത് ശാന്തി​ഗിരി ആശ്രമത്തിലെ മൈ ട്രീ ചലഞ്ചിന് മമ്മൂട്ടി സ്വാമി ​ഗുരുരത്നം ജ്ഞാനതപസ്വിക്ക് വൃക്ഷത്തൈ നല്കി തുടക്കം കുറിച്ചപ്പോൾ
തിരുവനന്തപുരത്ത് ശാന്തി​ഗിരി ആശ്രമത്തിലെ മൈ ട്രീ ചലഞ്ചിന്, മമ്മൂട്ടി സ്വാമി ​ഗുരുരത്നം ജ്ഞാനതപസ്വിക്ക് വൃക്ഷത്തൈ നല്കി തുടക്കം കുറിച്ചപ്പോൾഫോട്ടോ-അറേഞ്ച്ഡ്

ആഷിഖ് അബുവും റിമ കല്ലിങ്കലും മരം നട്ട് ഫഹദ് ഫാസിൽ,നസ്രിയ,സംവിധായകൻ രഞ്ജിത് എന്നിവരെ ചലഞ്ച് ചെയ്തു. മൈ ട്രീ ചലഞ്ചിൽ അണിചേർന്ന ജൂഡ് ആന്റണി ജോസഫ് മരം നടനായി ചലഞ്ച് ചെയ്തത് വിനീത് ശ്രീനിവാസൻ,നിവിൻപോളി,അജുവർഗ്ഗീസ്,അൽഫോൺസ് പുത്രൻ,ഷാൻ റഹ്മാൻ എന്നിവരെയായിരുന്നു. പ്രമുഖ വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിയുടെ ചലഞ്ച് ഗോപകുമാർ (കുമാർ ഗ്രൂപ്പ്), സി.ജെ.ജോർജ് (ജിയോജിത്), രാമചന്ദ്രൻ (ഉജാല) എന്നിവരോടായിരുന്നു.

ഇതിനൊപ്പം മമ്മൂക്കയുടെ ചലഞ്ച് ഏറ്റെടുക്കാൻ ഒട്ടേറെ സ്കൂളുകളും കോളജുകളും സംഘടനകളും, കോർറേറ്റ് സ്ഥാപനങ്ങളും മുമ്പോട്ടുവന്നു. ഇന്ത്യയുടെ പല ഭാഗങ്ങളിലും, യു.എ.ഇയിലും നിരവധി ആളുകൾ മൈ ട്രീ ചലഞ്ചിനോട് അനുഭാവം പ്രകടിപ്പിച്ച് മരം നട്ടു. ദിവസങ്ങൾക്കുള്ളിൽ അയ്യായിരത്തിലധികം ഫോട്ടോകൾ #മൈട്രീചലഞ്ച് എന്ന ടാഗിൽ ഇന്റർനെറ്റിൽ പ്രത്യക്ഷപ്പെട്ടു. ക്യാമ്പയിനിന്റെ ഒഫിഷ്യൽ ഫേസ് ബുക്ക് പേജിന്റെ (www.facebook.com/MyTreeChallenge) ലൈക്കുകൾ ഒരു ലക്ഷത്തിലെത്തിയതും വളരെപ്പെട്ടെന്നായിരുന്നു.

ഓസ്ട്രേലിയയിലെ ടാസ്മാനിയയുടെ തലസ്ഥാനന​ഗരിയിലെ ടോലോസ പാർക്കിൽ മരം നട്ടു കൊണ്ട് ഗ്ലെനോർക്കി മേയർ സ്റ്റുവർട്ട് സ്ലയിട് മൈ ട്രീ ചലഞ്ചിന്റെ ഭാഗമായപ്പോൾ
ഓസ്ട്രേലിയയിലെ ടാസ്മാനിയയുടെ തലസ്ഥാനന​ഗരിയിലെ ടോലോസ പാർക്കിൽ മരം നട്ടു കൊണ്ട് ഗ്ലെനോർക്കി മേയർ സ്റ്റുവർട്ട് സ്ലയിട് മൈ ട്രീ ചലഞ്ചിന്റെ ഭാഗമായപ്പോൾ.റോബർട്ട് കുര്യാക്കോസ് സമീപം

സാധാരണക്കാരും ഇതിൽ ആവേശത്തോടെ പങ്കാളികളായി. പുത്തൂർ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരും,പുത്തൂർ ഫ്രണ്ട്സ് ഫേസ്ബുക്ക് കൂട്ടായ്മയും ഞങ്ങൾ ഇത് ഏറ്റെടുക്കുന്നുവെന്ന് പ്രഖ്യാപിച്ചാണ് രം​ഗത്തുവന്നത്. അവർ മരം നടാനായി ചലഞ്ച് ചെയ്തത് കേരളത്തിലെ എല്ലാ പോലീസ് സ്റ്റേഷനുകളെയുമാണ്.

ഓസ്ട്രേലിയയിലെ ദ്വീപ് സംസ്ഥാനമായ ടാസ്മാനിയയുടെ തലസ്ഥാനന​ഗരിയിലെ ടോലോസ പാർക്കിൽ ​ഗം ട്രീ നട്ടുകൊണ്ട് ​ഗ്ലെനോർക്കി മേയർ സ്റ്റുവർട്ട് സ്ലയിട് മൈ ട്രീ ചലഞ്ചിന് വിദേശത്ത് വിത്ത് പാകി. ഓസ്ട്രേലിയയും ഇന്ത്യയും തമ്മിലുള്ള സൗഹൃദത്തിന് ഇത് മുതൽക്കൂട്ടാകുമെന്ന് പറഞ്ഞ മേയർ മരത്തിന് മഹാത്മാ​ഗാന്ധിയുടെ ബഹുമാനാർഥം ​'ഗാന്ധി' എന്ന പേരാണ് നല്കിയത്. മരം നടാനായി അദ്ദേഹം വെല്ലുവിളിച്ചത് ലോകത്തിലെ വൻന​ഗരങ്ങളായ ന്യൂയോർക്ക്,ലണ്ടൻ, പാരീസ്,സിഡ്നി,മെൽബൺ ​ഗവർണർമാരെയാണ്.

നിവിൻ പോളി മൈ ട്രീ ചലഞ്ചിന്റെ ഭാ​ഗമായി മരം നട്ടപ്പോൾ
നിവിൻ പോളി മൈ ട്രീ ചലഞ്ചിന്റെ ഭാ​ഗമായി മരം നട്ടപ്പോൾഫോട്ടോ-അറേഞ്ച്ഡ്

ഒരു മരം നട്ട് മറ്റുള്ളവർ ആ വെല്ലുവിളി ഏറ്റെടുത്ത് ജനസംഖ്യയുടെ അത്രയും മരങ്ങളുണ്ടാകണം-ആദ്യ മരം നട്ടുകഴിഞ്ഞപ്പോൾ മമ്മൂക്ക ഞങ്ങളോട് പറഞ്ഞത് ഇങ്ങനെയാണ്. അതിനുശേഷം അദ്ദേഹം 'മാതൃഭൂമി'യിലൂടെ ലോകത്തോടായി ഇങ്ങനെ പറഞ്ഞു:'കേരളത്തിൽ മൂന്നരക്കോടി ജനങ്ങളുണ്ട്. എന്നാൽ കാടൊഴിച്ചാൽ അത്രയും മരങ്ങളുണ്ടോ. സംശയമാണ്. ഒരാൾ ഒരു മരം വീതം നടുകയാണെങ്കിൽ നമ്മുടെ നാട്ടിൽ ജനസംഖ്യയോളം തന്നെ വരില്ലേ മരങ്ങളും? മരം പലതുമാണ്. തണൽ,തണുപ്പ്,അഭയം,ആഹാരം,വായു,വെള്ളം അങ്ങനെ പലതും. എല്ലാം വിഷമയമാകുന്ന കാലത്ത് മനുഷ്യരാശിക്കായുള്ള അവസാനത്തെ ഓക്സിജൻ സിലിണ്ടർ. മരങ്ങൾക്കുവേണ്ടിയാണ് എന്റെ വെല്ലുവിളി. അത് വെട്ടിനശിപ്പിക്കാനല്ല,പകരം നട്ടുവളർത്താമോ എന്ന വെല്ലുവിളി. മരം നട്ടാൽ മാത്രം പോര. അത് നമ്മുടേതാണെന്ന ബോധ്യത്തിൽ പരിപാലിക്കണം. അത് നമ്മുടേതുമാത്രമായ ഒരു ഓർമയാണ്. മരം നട്ട് നാളെ അത് ഫലമാകുമ്പോൾ,തണലാകുമ്പോൾ കണ്ട് നില്കാനുള്ള സംതൃപ്തമായ ഓർമ. ‘ഞാൻ നട്ട മരമല്ലേ ഇത്’ എന്ന തോന്നൽ ഉള്ളിലുണ്ടാക്കുന്ന അഭിമാനവും ആഹ്ലാദവും ചെറുതായിരിക്കില്ല. മരങ്ങൾക്ക് വേണ്ടിയുള്ള എന്റെ എളിയ ദൗത്യമാണ് ‘മൈ ട്രീ ചലഞ്ച്’. നിങ്ങളിലെല്ലാവരിലും നന്മയുടെ ഒരു നാമ്പ് നട്ടുവളർത്താനുള്ള ശ്രമം. നാടെങ്ങും കാടുകളും തണലുകളും നിറയട്ടെ...മനസ്സുകൾ ഹരിതാഭമാകട്ടെ...'

ഇപ്പോൾ ഓർത്തുപോകുന്നത് പൊള്ളാച്ചിയുടെ മണ്ണിൽ മമ്മൂക്ക നട്ട ആ രണ്ട് മാവിൻതൈകളെക്കുറിച്ചാണ്. ആ മരക്കുഞ്ഞുങ്ങൾ ഇപ്പോൾ വലിയ മരങ്ങളായിക്കാണും. അവ തമിഴകത്തിന്റെ പശിമയുള്ള മണ്ണിൽ പൂത്തിട്ടും,തളിർത്തിട്ടും കായ്ച്ചിട്ടുമുണ്ടാകും. അവ മമ്മൂട്ടിയെന്ന മഹാനടനെപ്പോലെ ചിരിക്കും. കാലങ്ങളോളം...

(തുടരും)

Related Stories

No stories found.
Pappappa
pappappa.com