മമ്മൂക്കപറഞ്ഞു: 'വേണ്ട..കിളി കൊത്തിത്തിന്നട്ടെ..ഇത് കിളികൾക്ക് കൂടിയുള്ളതല്ലേ..'

ഒരു മമ്മൂട്ടി ആരാധകന്റെ ഓർമക്കുറിപ്പുകൾ 'മധുരം മമ്മൂട്ടി' ഭാ​ഗം-28
മമ്മൂട്ടി കുമരകം പള്ളിക്കായലിലെ സ്വന്തം പാടശേഖരത്തിൽ ഞാറു നടീലിനെത്തിയപ്പോൾ (ഫയൽഫോട്ടോ)
മമ്മൂട്ടി കുമരകം പള്ളിക്കായലിലെ സ്വന്തം പാടശേഖരത്തിൽ ഞാറു നടീലിനെത്തിയപ്പോൾ (ഫയൽഫോട്ടോ)അറേഞ്ച്ഡ്
Published on
Summary

മമ്മൂട്ടി എന്ന അറിയപ്പെടാത്ത കർഷകൻ

മമ്മൂട്ടിയുടെ കൃഷിത്തോട്ടത്തിൽ ഒരുദിവസം

മമ്മൂട്ടിയോടൊത്ത് ടാസ്മാനിയയിലേക്ക് നടത്തിയ യാത്രയുടെ ഓർമ

എല്ലാ മനുഷ്യർക്കും എന്തെങ്കിലുമൊക്കെ ദൗർബല്യങ്ങളുണ്ടാകും. അതിന് പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ പുരുഷനെന്നോ സ്ത്രീയെന്നോ ഉള്ള വ്യത്യാസങ്ങളില്ല. ഓരോരുത്തരുടെയും വ്യക്തിത്വവും സവിശേഷതകളുമനുസരിച്ചായിരിക്കും ആ ദൗർബല്യങ്ങളുടെ സ്വഭാവമെന്ന് മാത്രം. മമ്മൂക്കയ്ക്കുമുണ്ട് ഇത്തരമൊരു ദൗർബല്യം. അത് പക്ഷേ പലരും കരുതിയിട്ടുള്ളതുപോലെ കാറുകളോ ഡ്രൈവിങ്ങോ കൂളിങ് ​ഗ്ലാസ്സുകളോ വിലകൂടിയ വസ്ത്രങ്ങളോ പാദരക്ഷകളോ പെർഫ്യൂമുകളോ ഒന്നുമല്ല. മമ്മൂക്കയുടെ ഒരേയൊരു ദൗർബല്യം കൃഷിയാണ്. മറ്റെല്ലാം അദ്ദേഹത്തിന്റെ ഇഷ്ടപ്പട്ടികയിലെ പലയിനങ്ങൾ മാത്രം. ഇഷ്ടവും ദൗർബല്യവും രണ്ടും രണ്ടാണ്.

Must Read
കുട്ടികൾ അയാളോട് ആജ്ഞാശക്തിയോടെ പറഞ്ഞു: 'സി​ഗരറ്റ് കളയാനാ പറഞ്ഞത്....'
മമ്മൂട്ടി കുമരകം പള്ളിക്കായലിലെ സ്വന്തം പാടശേഖരത്തിൽ ഞാറു നടീലിനെത്തിയപ്പോൾ (ഫയൽഫോട്ടോ)

മമ്മൂക്കയ്ക്ക് കൃഷി എന്താണ് എന്ന് ആധികാരികമായി പറയാൻ കഴിയുന്ന ഇരുപതോളം പേരുണ്ടാകും. അവർക്കറിയാവുന്നതിന്റെ നൂറിലൊരംശം എനിക്കറിയില്ല. ഞാൻ നേരിട്ടുകണ്ട,എന്റെ അനുഭവത്തിലുണ്ടായ ചിലത് കുറിക്കുന്നുവെന്നുമാത്രം. കൃഷി,മണ്ണ്,ഭൂമി, ഫലവൃക്ഷങ്ങൾ,അതിലെ പഴങ്ങൾ,പൂന്തോട്ടം,പൂവ് ഇതൊക്കെ ഇഷ്ടപ്പെടുന്ന..അല്ല ദൗർബല്യമായ ഒരു മമ്മൂക്കയുണ്ട്. അതിനെ അദ്ദേഹം തന്റെ കൃഷിത്തോട്ടം പോലെ ആരുടെ മുമ്പിലും പ്രദർശിപ്പിക്കാതെ സ്വകാര്യമായി സൂക്ഷിക്കുന്നുവെന്ന് മാത്രം. മമ്മൂക്കയുമായി ബന്ധമുണ്ടായ കാലം തൊട്ടേ അദ്ദേഹത്തിന്റെ കൃഷിയിടങ്ങളും സന്ദർശിക്കാനും അതിനോട് ബന്ധപ്പെട്ട കാര്യങ്ങളിൽ പങ്കാളിയാകാൻ സാധിച്ചിട്ടുണ്ട്. അദ്ദേഹം കൃഷിയെ എത്രത്തോളം വിലപിടിപ്പുള്ളതായി കാണുന്നുവെന്ന് നേരിട്ടറിഞ്ഞത് അങ്ങനെയാണ്.

'വാത്സല്യ'ത്തിൽ മേലേടത്ത് രാഘവൻനായർ എന്ന കർഷകനായി മമ്മൂട്ടി
'വാത്സല്യ'ത്തിൽ മേലേടത്ത് രാഘവൻനായർ എന്ന കർഷകനായി മമ്മൂട്ടിഫോട്ടോ-അറേഞ്ച്ഡ്

മമ്മൂക്കയുടെ ഓസ്ട്രേലിയൻ സന്ദർശനവേളയിലുണ്ടായ അനുഭവത്തെക്കുറിച്ച് ആദ്യം പറയാം. അദ്ദേഹം ഓസ്ട്രേലിയയിൽ വരുന്നുവെന്നറിഞ്ഞപ്പോൾ ടാസ്മാനിയ എന്ന പ്രദേശത്തേക്ക് കൂട്ടിക്കൊണ്ടുപോകണം എന്ന് ഞാൻ ഉദ്ദേശിച്ചിരുന്നു. മമ്മൂക്കയെത്തിയപ്പോൾ ടാസ്മാനിയ കാണണമെന്ന് പലവട്ടം പറയുകയും ചെയ്തു. കാരണം ഞാൻ പത്തുവർഷത്തോളം ജീവിച്ച സ്ഥലമാണ് ടാസ്മാനിയ. കുടുംബം ഓസ്ട്രേലിയയിലേക്ക് കുടിയേറിയ കാലം തൊട്ടേ പരിചയമുള്ളയിടം.

അതിമനോഹരമാണ് ടാസ്മാനിയ. മമ്മൂക്കയെന്ന യാത്രികന് അത് ഏറ്റവും ഇഷ്ടപ്പെടുന്ന സ്ഥലമായിരിക്കുമെന്ന് എനിക്കുറപ്പായിരുന്നു. പക്ഷേ ഓസ്ട്രേലിയയിലെ മറ്റുപലയിടങ്ങളിലും സഞ്ചരിച്ചുവെങ്കിലും ടാസ്മാനിയൻ യാത്ര നീട്ടിവയ്ക്കപ്പെട്ടു. ഒരു ദിവസം വൈകീട്ട് മമ്മൂക്ക പറഞ്ഞു: 'നമ്മൾ നാളെ ടാസ്മാനിയയ്ക്ക് പോകുന്നു.' അപ്പോൾ ഞങ്ങൾ കാറിൽ വിവിധ ഓസ്ട്രേലിയൻ പ്രദേശങ്ങളിലൂടെ യാത്ര ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. കാർയാത്ര തത്കാലം മെൽബണിൽ അവസാനിപ്പിച്ച് അവിടെ നിന്ന് വിമാനമാർ​ഗം ടാസ്മാനിയയിലെത്തി കാറിൽ വിവിധ സ്ഥലങ്ങൾ കാണാം. തിരിച്ച് വിമാനമാർ​ഗം തന്നെ മെൽബണിലെത്തി കാർ യാത്ര തുടരുന്നു. അതാണ് പ്ലാൻ.

മമ്മൂട്ടിക്കൊപ്പം റോബർട്ട് കുര്യാക്കോസ് ഓസ്ട്രേലിയൻ യാത്രക്കിടെ
മമ്മൂട്ടിക്കൊപ്പം റോബർട്ട് കുര്യാക്കോസ് ഓസ്ട്രേലിയൻ യാത്രക്കിടെഫോട്ടോ-അറേഞ്ച്ഡ്

അങ്ങനെ ഞങ്ങൾ ടാസ്മാനിയയിലെത്തി. മമ്മൂക്കയെയും കൂട്ടിപ്പോകാനായി ചില ടൂറിസ്റ്റ് ഡസ്റ്റിനേഷനുകൾ ഞാൻ നേരത്തെ കണ്ടുവച്ചിരുന്നു. പക്ഷേ അവിടെയെത്തിയപ്പോൾ അദ്ദേഹം പറയുന്നു,'അവിടെയൊന്നും പോകേണ്ട.' ഞാനൊരു നിമിഷം അമ്പരന്നു. പക്ഷേ പിന്നീടാണ് മനസ്സിലായത് ടാസ്മാനിയയിലെത്തിയിരിക്കുന്നത് മമ്മൂക്കയെന്ന യാത്രികനല്ല,കൃഷിക്കാരനാണ്.

അവിടത്തെ പ്രസിദ്ധമായ ചില ചെറി ഫാമുകൾ,സ്ട്രോബെറി ഫാമുകൾ,പ്രത്യേകതരം പൂക്കൾ നിറഞ്ഞ ഉദ്യാനങ്ങൾ തുടങ്ങിയവയെക്കുറിച്ചുള്ള വിവരങ്ങളൊക്കെ ശേഖരിച്ചാണ് മമ്മൂക്ക എത്തിയിരിക്കുന്നത്. പക്ഷേ ഒറ്റക്കുഴപ്പം മാത്രം. ഇവയൊക്കെ തമ്മിൽ ഇരുന്നൂറും മുന്നൂറുമൊക്കെ കിലോമീറ്ററുകൾ അകലമുണ്ട്. പക്ഷേ മമ്മൂക്കയ്ക്ക് അതൊന്നും വിഷയമായിരുന്നില്ല. അദ്ദേഹം ക്ഷീണമില്ലാതെ ഓരോയിടത്തേക്കായി കാർ യാത്ര തുടങ്ങി. ഒരു സ്ട്രോബെറി ഫാമിലെത്തിയപ്പോൾ അവിടത്തെ വിളവെടുപ്പ് കഴിഞ്ഞിരുന്നു. അതോടെ മമ്മൂക്ക ലേശം നിരാശനായി. പക്ഷേ അടുത്തനിമിഷം അദ്ദേഹം വീണ്ടും ഊർജ്വസ്വലനായി ഡ്രൈവിങ് സീറ്റിലേക്ക്. 'നമുക്ക് അടുത്തിയിടത്തേക്ക് പോകാം' എന്നുപറഞ്ഞ് കാർ സ്റ്റാർട്ടു ചെയ്തുകഴിഞ്ഞു.

ടാസ്മാനിയയിലെ സ്ട്രോബറി ഫാമുകളിലൊന്ന്
ടാസ്മാനിയയിലെ സ്ട്രോബറി ഫാമുകളിലൊന്ന്ഫോട്ടോ-അറേഞ്ച്ഡ്

അടുത്ത സ്ഥലം 150 കിലോമീറ്റർ അകലെയാണ്. അവിടെയെത്തിയപ്പോൾ വിളഞ്ഞുനില്കുന്ന സ്ട്രോബറിപ്പാടം. അതിനിടയിലൂടെ മമ്മൂക്ക നടന്നു. യഥാർഥ കൃഷിക്കാരൻ സ്വന്തം തോട്ടത്തിലെ വിളവുകൾ ഭക്ഷിക്കാറില്ല. അത് മറ്റുള്ളവർക്ക് പങ്കിടുന്നതായിരിക്കും അയാളുടെ സന്തോഷം. അങ്ങനെയൊരു യഥാർഥകൃഷിക്കാരനെ ഞാൻ ആ സ്ട്രോബെറി തോട്ടത്തിൽ കണ്ടു. അദ്ദേഹത്തിന്റെ പേര് മമ്മൂട്ടി എന്നായിരുന്നു.

അദ്ദേഹം ആ സ്ട്രോബറിത്തോട്ടങ്ങളിലൂടെ നടന്ന്,പുഴുക്കൾ എടുത്തുകളഞ്ഞ്,കേടായ ഇലകൾ നുള്ളി,അങ്ങനെ ആ ഫാമിനെ സ്വന്തം തോട്ടമെന്നോണം പരിപാലിച്ച് സന്തോഷത്തോടെ മുന്നോട്ടുനടന്നു. ഇടയ്ക്ക് ഒപ്പമുണ്ടായിരുന്ന ഭാര്യയെയും സുഹൃത്ത് രാജശേഖരനെയും സ്ട്രോബറികൾ കഴിക്കാൻ നിർബന്ധിക്കുന്നുണ്ടായിരുന്നു. ഓസ്ട്രേലിയൻ യാത്രയിൽ മമ്മൂക്ക ഏറ്റവും കൂടുതൽ സന്തോഷവനായി കാണപ്പെട്ടത് ആ തോട്ടത്തിൽ നില്കുമ്പോഴായിരുന്നു.

Must Read
കറുത്തപക്ഷികളുടെ സെറ്റിൽ കണ്ട കറുത്തരൂപം,റിലീസ് ദിനത്തിലെ വാഹനാപകടം
മമ്മൂട്ടി കുമരകം പള്ളിക്കായലിലെ സ്വന്തം പാടശേഖരത്തിൽ ഞാറു നടീലിനെത്തിയപ്പോൾ (ഫയൽഫോട്ടോ)

മമ്മൂക്ക കൊച്ചി എളംകുളത്തെ പുതിയ വീട്ടിലേക്ക് താമസം മാറിയതിനുശേഷം ആദ്യമായി ഞാൻ നാട്ടിൽ വന്നപ്പോഴുണ്ടായതാണ് രണ്ടാമത്തെ അനുഭവം. അന്നാണ് മമ്മൂക്കയിലെ കർഷകൻ മുന്നിൽ ശരിക്കും വെളിപ്പെട്ടത്. വീട്ടിൽ ചെല്ലുമ്പോൾ മമ്മൂക്ക ഉറക്കത്തിലാണ്. ഞാൻ ജോർജേട്ടനുമായി സംസാരിച്ചിരിക്കെ അദ്ദേഹം എഴുന്നേറ്റു. എന്നെ ആദ്യം വീടിനകം കാണിക്കാനല്ല മമ്മൂക്ക കൊണ്ടുപോയത്,വീടിനുപിറകിലെ കൃഷിത്തോട്ടത്തിലേക്കാണ്. ഏദൻതോട്ടത്തെക്കുറിച്ച് ബൈബിളിലെന്താണോ പറഞ്ഞിരിക്കുന്നത്,അതിനെ അനുസ്മരിപ്പിക്കുന്ന പൂക്കളും ഫലവൃക്ഷങ്ങളുമെല്ലാം നിറഞ്ഞതായിരുന്നു ആ തോട്ടം. അതിനിടയിലൂടെ മേലേടത്ത് രാഘവൻ നായരെപ്പോലെയോ അല്ലെങ്കിൽ കോട്ടയത്തോ പള്ളിക്കത്തോട്ടിലോ കുട്ടനാട്ടിലോ ഒക്കെക്കാണുന്ന തനിനാടൻ കൃഷിക്കാരനെപ്പോലെയോ മമ്മൂക്ക നടന്നു.

മമ്മൂട്ടിയുടെ കൃഷിത്തോട്ടത്തിൽ അദ്ദേഹത്തിന്റെ പഴ്സണൽ മാനേജർ എസ്.ജോർജിനൊപ്പം റോബർട്ട് കുര്യാക്കോസ്
മമ്മൂട്ടിയുടെ കൃഷിത്തോട്ടത്തിൽ അദ്ദേഹത്തിന്റെ പഴ്സണൽ മാനേജർ എസ്.ജോർജിനൊപ്പം റോബർട്ട് കുര്യാക്കോസ്ഫോട്ടോ-അറേഞ്ച്ഡ്

ഓരോന്നോരോന്നായി അദ്ദേഹം കാട്ടിത്തരികയാണ്. പലതരം മാമ്പഴങ്ങൾ,വാഴകൾ,ചാമ്പയ്ക്ക,പപ്പായ..പിന്നെ നാട്ടിൽ കണ്ടിട്ടില്ലാത്ത ഏതൊക്കയോ ഫലവൃക്ഷങ്ങൾ...വെറുതെ കാണിച്ചുതരികയല്ല. ഓരോന്നിന്റെ പേരും പ്രത്യേകതകളും ​ഗുണവിശേഷങ്ങളുമെല്ലാം വിവരിക്കുന്നുമുണ്ട്. ഇതൊന്നു രുചിച്ചു നോക്കൂ...എന്നു പറഞ്ഞ് ചിലതിൽ നിന്ന് വിളഞ്ഞവ പറിച്ചുതരുന്നു,ഇടയ്ക്കിടെ. എനിക്ക് അതുകണ്ടിട്ട് അദ്ഭുതം അടക്കിവയ്ക്കാനായില്ല. ഒരു മായാവനത്തിലെത്തിയ പോലെ. 'എനിക്കിവിടെ നിന്ന് ഒരു ഫോട്ടോ എടുക്കണം'-ഞാൻ പറഞ്ഞു. ഉടൻ മമ്മൂക്ക: 'എടുക്കുന്നതൊക്കെ കൊള്ളാം...അതെടുത്ത് ഫേസ്ബുക്കിലെങ്ങാനും ഇട്ടാൽ നീ വിവരം അറിയും..'സ്വന്തം കൃഷിയിടം മമ്മൂക്കയ്ക്ക് സ്വകാര്യമായ സന്തോഷമാണ്.

മമ്മൂട്ടിയുടെ കൃഷിത്തോട്ടത്തിൽ റോബർട്ട് കുര്യാക്കോസ്
മമ്മൂട്ടിയുടെ കൃഷിത്തോട്ടത്തിൽ റോബർട്ട് കുര്യാക്കോസ്ഫോട്ടോ-അറേഞ്ച്ഡ്

തോട്ടത്തിന്റെ മാനേജറുടെ പേര് ശരത് എന്നാണ്. ചില പഴങ്ങളൊക്കെ വലകളിട്ട് സംരക്ഷിച്ചിട്ടുണ്ട്. എന്നാൽ മറ്റുചിലത് പഴുത്ത് താഴെ വീണുകിടക്കുന്നു. മമ്മൂക്ക വരുന്നതുകണ്ട് ശരത് അവ പെറുക്കിക്കളയാൻ ശ്രമിച്ചു. പഴങ്ങൾ പഴുത്തുവീഴുന്നതിന്റെ പേരിൽ ശരതിനെ മമ്മൂക്ക വഴക്കുപറയും എന്നാണ് ഞാൻ പ്രതീക്ഷിച്ചത്. പക്ഷേ അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ്: 'അവിടെ കിടക്കെട്ടെട്ടാ...അത് കിളി കൊത്തിത്തിന്നട്ടെ..ഇത് കിളികൾക്ക് കൂടിയുള്ളതല്ലേ.. 'താൻ വിളയിച്ചെടുക്കുന്നതിന്റെ ഒരു പങ്ക് മണ്ണിനും കിളികൾക്കുമുള്ളതാണെന്ന് വിശ്വസിക്കുന്ന ആ മനുഷ്യനെ ഞാൻ അമ്പരപ്പോടെയാണ് നോക്കിയത്.

അപ്പോഴും ആ പച്ചനിറഞ്ഞ തോട്ടത്തിൽ നിന്നൊരു ഫോട്ടോ എന്റെ മനസ്സിൽ നിന്ന് വിട്ടുപോയില്ല. ഒടുവിൽ ഞാൻ മമ്മൂക്കയോട് പറഞ്ഞു: 'എനിക്ക് എന്തുവന്നാലും ഇവിടെ നിന്നൊരു ഫോട്ടോയെടുക്കണം.' അതുകേട്ട് മമ്മൂക്ക പറഞ്ഞു: 'നിനക്ക് അത്രനിർബന്ധമാണെങ്കിൽ വാ...'എന്നിട്ട് എന്നെ ഒരു പ്രത്യേകതരത്തിലുള്ള ചാമ്പയ്ക്കയുടെ അടുത്തേക്ക് കൊണ്ടുപോയി. ഒരു ചാമ്പയ്ക്ക ഇരുന്നൂറു മുന്നൂറു ​ഗ്രാം വരും. അതിൽ അഞ്ചാറെണ്ണം പറിച്ചു തന്നിട്ട് മമ്മൂക്ക ചോദിച്ചു: 'നീ എപ്പോ വീട്ടിൽചെല്ലും?' 'ഒരു മൂന്നുനാലുമണിക്കൂർ' എന്നുപറഞ്ഞപ്പോൾ അദ്ദേഹം സ്നേഹത്തിന്റെ വലിയൊരു കനിയായി മാറി. 'ങ്ഹാ..വാടിപ്പോകണ്ട..വേ​ഗം വീട്ടിൽ കൊണ്ടുപോയി പിള്ളാർക്ക് കൊടുക്ക്..അവർക്ക് ഇഷ്ടപ്പെടും..'ഇതിന്റെ പടം എടുത്തോട്ടെ എന്നു ചോദിച്ചപ്പോൾ മമ്മൂക്ക ചിരിച്ചു(ആ ഫോട്ടോയാണ് ഈ കുറിപ്പിനൊപ്പമുള്ളത്).

മമ്മൂട്ടിയുടെ കൃഷിത്തോട്ടത്തിൽ വിളഞ്ഞ ചാമ്പയ്ക്കുമായി റോബർട്ട് കുര്യാക്കോസ്
മമ്മൂട്ടിയുടെ കൃഷിത്തോട്ടത്തിൽ വിളഞ്ഞ ചാമ്പയ്ക്കുമായി റോബർട്ട് കുര്യാക്കോസ്ഫോട്ടോ-അറേഞ്ച്ഡ്

മീൻകുളങ്ങളും കടന്ന് മുന്നോട്ടുനീങ്ങവേ പെട്ടെന്ന് മുന്നിൽ ഒരു കുളത്തിലൂടെ നീർക്കോലിയുടെ നീന്തൽ. പാമ്പ് എന്ന് എഴുതിക്കാണിച്ചാൽപോലും പേടിക്കുന്ന ഞാൻ അത് കണ്ട് ഉച്ചത്തിൽ വിളിച്ചു. 'ദേ..പാമ്പ്...'അപ്പോൾ കൂടെയുണ്ടായിരുന്ന മമ്മൂക്കയുടെ ഡ്രൈവർ ഉണ്ണി പറഞ്ഞു. 'അതിവിടെ വളർത്തുന്നതാ...'ഞാൻ പിന്നെയും ഞെട്ടി. 'അതൊരു നീർക്കോലിയാടോ...'എന്ന് നിസാരവത്കരിച്ച് മമ്മൂക്ക ഇതെല്ലാം കണ്ടും കേട്ടും പൂക്കളെ തലോടിയും പുഴുക്കുത്തേറ്റ ഇലകളെ നുള്ളിയും മരങ്ങളെ തലോടിയും മുന്നോട്ടുനടക്കുകയാണ്.

വീടിനകത്തേക്ക് ഈച്ചയ്ക്കു പോലും അനുവാദമില്ലാതെ പ്രവേശനമില്ലെങ്കിലും കൃഷിത്തോട്ടത്തിൽ മമ്മൂക്ക കിളികൾക്കും നീർക്കോലിക്കുമെല്ലാം സ്വാതന്ത്ര്യം അനുവദിച്ചുകൊടുത്തിരിക്കുകയാണ്. അവരുടേത് കൂടിയാണ് ഈ ഭൂമി എന്ന് അദ്ദേഹം തിരിച്ചറിയുന്നു. ഭൂമിയിലുള്ളതെല്ലാം നിറയുന്ന വലിയൊരു ആവാസവ്യൂഹം തന്നെയാണ് അവിടം. പൂക്കളും കിളികളും മീനും പഴുതാരയുമെല്ലാം പരസ്പരം സഹവർത്തിത്വത്തോടെ വാഴുന്നസ്ഥലം. ഏതാണ്ട് ഒന്നരമണിക്കൂറോളം എടുത്തു അതൊന്ന് ചുറ്റിനടന്നു കാണാൻ.

കൊച്ചിപോലെ അന്തീരീക്ഷമലിനീകരണത്തിന്റെ പുകനിറഞ്ഞ ഒരു വലിയ ന​ഗരത്തിനുനടുവിൽ ഒരു പച്ചത്തുരുത്തുണ്ട്. ശുദ്ധവായു നിറയുന്ന,കിളികൾ പാടുന്ന,പൂക്കൾ വിടരുന്ന,പഴങ്ങൾ വിളയുന്ന ഹരിതഭൂമി. മനുഷ്യന് മാത്രമല്ല ഭൂമിയിലുള്ള എല്ലാത്തിനും അവകാശമുള്ള ഒരു സ്ഥലം. അതിനരികിൽ ചിരിയോടെ ഒരു മനുഷ്യനും...

(തുടരും)

Related Stories

No stories found.
Pappappa
pappappa.com