

മമ്മൂട്ടിയുടെ 'കറുത്തപക്ഷികളു'ടെ ചിത്രീകരണസമയത്തെ ഓർമകൾ
ആ സിനിമയുടെ റിലീസ് ദിനത്തിൽ മമ്മൂട്ടിക്കുണ്ടായ വാഹനാപകടം
'കറുത്തപക്ഷികളും' മമ്മൂട്ടിയുടെ കാഴ്ച പദ്ധതിയും
മമ്മൂക്കയുമായുള്ള ബന്ധം തുടങ്ങിയിട്ട് ഒരു വ്യാഴവട്ടം പിന്നിട്ടെങ്കിലും അദ്ദേഹം അഭിനയിച്ച സിനിമകളുടെ പ്രവർത്തനങ്ങളുമായൊന്നും ഞാൻ ബന്ധപ്പെട്ടിട്ടില്ല. ഫാൻസ് ഭാരവാഹിയാണെങ്കിലും മമ്മൂക്ക എന്നോട് പറയുന്നതും എന്നെ ഏല്പിക്കുന്നതുമായ കാര്യങ്ങളെല്ലാം ജീവകാരുണ്യ മേഖലയുമായി ബന്ധപ്പെട്ടതാണ്. സിനിമ ഞങ്ങളുടെ ചർച്ചകളിൽ വളരെ അപൂർവമായി മാത്രമേ കടന്നുവരാറുള്ളൂ. പക്ഷേ ഒരിക്കൽ മാത്രം മമ്മൂക്ക എന്നോട് ഒരു സിനിമയുടെ പ്രവർത്തനങ്ങളിൽ പങ്കാളിയാകണമെന്ന് നിർദേശിച്ചു. അതുപക്ഷേ നേരത്തെ പറഞ്ഞ ജീവകാരുണ്യത്തിന്റെ സന്ദേശമുള്ള സിനിമയായതുകൊണ്ടുമാത്രം. അതിന്റെ പേരാണ് 'കറുത്തപക്ഷികൾ'. പക്ഷേ ആ സിനിമയാണ് എന്റെ ജീവിതം മാറ്റിമറിച്ചതും. മമ്മൂക്കയുമായുള്ള ബന്ധം 'കറുത്തപക്ഷികൾ'ക്ക് മുമ്പും അതിനുശേഷവും എന്ന രീതിയിൽ വേർതിരിക്കപ്പെട്ടു. അത്രത്തോളം പ്രാധാന്യമുണ്ട് ഞാൻ ഭാഗമായ ഒരേയൊരു മമ്മൂക്കാസിനിമയ്ക്ക്.
അങ്കമാലി ലിറ്റിൽഫ്ളവർ ആശുപത്രിയിൽ ജോലി ചെയ്യുന്ന കാലം. നേത്രചികിത്സയിൽ കേരളത്തിലെ ഏറ്റവും വലിയ ആശുപത്രികളിലൊന്നാണ് അന്നും ഇന്നും ലിറ്റിൽഫ്ളവർ. ഒരുദിവസം ജോർജേട്ടൻ വിളിച്ചിട്ട് പറഞ്ഞു,'സംവിധായകൻ കമൽ സാറിന്റെ അസോസിയേറ്റ് വിളിക്കും,അവർക്ക് ഒരു സ്ക്രിപ്റ്റിൽ കണ്ണുമായി ബന്ധപ്പെട്ട ചില സംശയങ്ങൾ ചോദിക്കാനാണ്' എന്ന്. അങ്ങനെ കുറച്ചുസമയം കഴിഞ്ഞപ്പോൾ ഒരു ചെറുപ്പക്കാരൻ വിളിച്ചു അയാളുടെ പേര് ആഷിഖ് അബു എന്നായിരുന്നു. ജോർജേട്ടൻ പറഞ്ഞപോലെ ആഷിഖ് ചില കാര്യങ്ങൾ ചോദിച്ചു. 'എനിക്ക് അറിയാവുന്ന കാര്യങ്ങൾ പറഞ്ഞുതരാം,പക്ഷേ ഇക്കാര്യങ്ങളിൽ എന്നേക്കാൾ അറിവോടെ സംസാരിക്കാൻ പറ്റുന്ന ചിലരെ പരിചയപ്പെടുത്താം' എന്ന് ഞാൻ ആഷിഖിനോട് പറഞ്ഞു. അതിനുശേഷം ഒരു ദിവസം ഞങ്ങൾ പാലാരിവട്ടത്ത് ഒരിടത്ത് ഒത്തുചേർന്നു. ലിറ്റിൽഫ്ളവറിലെ പ്രോജക്ട് ഓഫീസറായിരുന്ന നൂറുദ്ദീനും കൂടെയുണ്ടായിരുന്നു. അന്ന് കമൽ സാറും അവിടേക്ക് വന്നു. അദ്ദേഹത്തിന് നേത്ര ചികിത്സയെക്കുറിച്ചും കണ്ണ് മാറ്റിവയ്ക്കലിനെക്കുറിച്ചുമുള്ള ചില സാങ്കേതികസംശയങ്ങളാണുണ്ടായിരുന്നത്. അതേക്കുറിച്ചെല്ലാം സംസാരിച്ച് പിരിഞ്ഞു.
പിന്നീട് കമൽസാറിനെ കാണുന്നത് 'കറുത്തപക്ഷികളു'ടെ ലൊക്കേഷനിൽ ഷൂട്ടു തുടങ്ങുന്ന ദിവസമാണ്. ഒരു നേത്രചികിത്സാക്യാമ്പിന്റെ രംഗങ്ങളാണ് ആദ്യം ചിത്രീകരിക്കുന്നത്. അതിനുവേണ്ട സാങ്കേതിക സഹായങ്ങൾ ചെയ്യാമോ,ഒരു ക്യാമ്പ് സെറ്റ് ചെയ്യാമോ എന്ന് കമൽസാർ നേരത്തെ ചോദിച്ചിട്ടുണ്ടായിരുന്നു. അതനുസരിച്ച് ലിറ്റിൽഫ്ളവറിലെ നേത്രചികിത്സാക്യാമ്പിന് പോകുന്ന മെഡിക്കൽസംഘവുമായി ലൊക്കേഷനിൽ ചെന്നു. ആ ദിവസം മമ്മൂക്കയുടെ സീനുകളൊന്നും ഇല്ല. അതുകൊണ്ട് അദ്ദേഹം ലൊക്കേഷനിലെത്തിയിട്ടില്ല. മമ്മൂക്കയുമായി അന്ന് അധികം പരിചയമില്ല. ചില സെറ്റുകളിൽ ചെന്ന് കണ്ടിട്ടുണ്ട് എന്നല്ലാതെ അടുപ്പമായിട്ടില്ല.
ചെല്ലുമ്പോൾ കാണുന്നത് നേത്രചികിത്സാകേന്ദ്രമെന്നോ പദ്ധതിയെന്നോ മറ്റോ എഴുതിവച്ച ബോർഡാണ്. അതിൽ നിന്നാണ് സിനിമ തുടങ്ങുന്നതുതന്നെ. ഞാൻ അപ്പോൾ ''സാധാരണ ഇത്തരം ക്യാമ്പുകളിൽ കാണുന്നത് സൗജന്യ നേത്രചികിത്സാക്യാമ്പ് എന്നാണ്' എന്നുപറഞ്ഞ് ആ ബോർഡിന്റെ രൂപം പറഞ്ഞുകൊടുത്തു. ഒരു നേത്രചികിത്സാക്യാമ്പിന്റെ അന്തരീക്ഷത്തിലേക്കെത്തിക്കാൻ പിന്നെയും കുറച്ചുകാര്യങ്ങൾ അവിടെ ചെയ്യേണ്ടതായിട്ടുണ്ടായിരുന്നു. യഥാർഥ്യവുമായി ബന്ധമുള്ളവയായിരുന്നില്ല ചെയ്തുവച്ചിരുന്ന പലതും. ഞാൻ പറഞ്ഞുകൊടുത്തതനുസരിച്ച് ആർട്ട് ഡയറക്ടർ സുരേഷ് കൊല്ലം പെട്ടെന്നുപെട്ടെന്ന് കാര്യങ്ങൾ സജ്ജീകരിച്ചു. അപ്പോഴേക്കും കമൽ സാർ അവിടേക്കെത്തി. 'നിങ്ങൾ ഈ സിനിമയിൽ കൂടുതൽ ഇൻവോൾവ് ആകണം..എന്നാലേ ശരിയാകൂ...'-അദ്ദേഹം പറഞ്ഞു. പക്ഷേ നമ്മുടെ ലക്ഷ്യം മുഴുവൻ മമ്മൂക്കയുടെ ഷൂട്ട് കാണുക എന്നതാണ്.
മൂന്നുദിവസമായിട്ടാണ് നേത്രചികിത്സാക്യാമ്പിലെ രംഗങ്ങൾ പ്ലാൻചെയ്തിരുന്നത്. ആദ്യത്തെ ദിവസത്തെ ഷൂട്ട് കഴിഞ്ഞു. പിറ്റേദിവസം മമ്മൂക്ക വരുന്നുണ്ട്. അദ്ദേഹം കാഴ്ചപരിമിതിയുള്ള മകളെയും കൊണ്ട് നേത്രചികിത്സാക്യാമ്പിന് വരുന്ന രംഗമാണ് ആദ്യം ചിത്രീകരിക്കുന്നത്. ക്യാമ്പിന്റെ സെറ്റപ്പ് ഒരുക്കുന്നതിനിടെ മമ്മൂക്ക ലൊക്കേഷനിലെത്തിയ വിവരം ആരോ വന്നു പറഞ്ഞു. അദ്ദേഹം നേരെ മേക്കപ്പിടാനാണ് പോയിരിക്കുന്നത്. അതുകഴിഞ്ഞേ സെറ്റിലേക്ക് വരൂ. 'പളുങ്ക്' എന്ന സിനിമയുടെ സെറ്റിലോ മറ്റോ ആണെന്ന് തോന്നുന്നു അതിനുമുമ്പ് മമ്മൂക്കയെ കണ്ടത്. അതിസുന്ദരനായ മമ്മൂക്കയെ കാത്ത് സെറ്റിൽ നില്കുമ്പോൾ കമൽസാറിന്റെ പ്രൊഡക്ഷനിലെ ആരോ വന്നുപറഞ്ഞു, 'മമ്മൂക്ക മേക്കപ്പ് കഴിഞ്ഞ് വന്നിട്ടുണ്ട്,ഇപ്പോ ചെന്നാൽ കാണാം.'
ഞാൻ ചെല്ലുമ്പോൾ കാണുന്ന കാഴ്ച, കറുത്ത് കരിവാളിച്ച് കൈയിലൊക്കെ ചെളിയൊക്കെ പുരണ്ട ഒരാൾ കമൽസാറുമായി ഇരുന്ന് സംസാരിക്കുന്നതാണ്. തെരുവിൽ നിന്ന് വന്ന ഒരാളെപ്പോലെയുണ്ട്. അയാളെപ്പിടിച്ച് കമൽസാർ അടുത്തിരുത്തിയിരിക്കുന്നതെന്തിന് എന്ന് സംശയിച്ച് അടുത്തേക്ക് ചെന്നപ്പോൾ ആ കറുത്തരൂപം എന്നെ നോക്കിച്ചിരിച്ചു. എനിക്ക് തിരിച്ചുചിരിക്കാൻ തോന്നിയില്ല. അത്രയ്ക്ക് വൃത്തികെട്ടൊരു രൂപം.
പെട്ടെന്ന് കൂടെയുണ്ടായിരുന്ന നൂറുദ്ദീൻ പറഞ്ഞു:'മമ്മൂക്കയുടെ മേക്കപ്പ് നോക്ക്...കണ്ടാൽ മനസ്സിലാകില്ല അല്ലേ...!' അപ്പോഴാണ് ഞാൻ ഞെട്ടി ഒന്നുകൂടി ആ കറുത്തമനുഷ്യനെ നോക്കിയത്. 'അല്ല..ഇതെന്റെ മമ്മൂക്കയല്ല..എന്റെ മമ്മൂക്കയ്ക്ക് ഇത്രയും വൃത്തികെട്ട ഒരു രൂപമാകാൻ സാധിക്കില്ല..'എന്ന് മനസ്സ് പറഞ്ഞു. അപ്പോൾ മുമ്പ് എവിടെയോ നിർത്തിയതിന്റെ തുടർച്ചയെന്നോണം ഒരു ശബ്ദം ഉയർന്നു കേട്ടു-'ങ്ഹാ...എന്നിട്ട്...'അതെ..അത് മമ്മൂക്കയുടെ ശബ്ദമായിരുന്നു. അപ്പോഴാണ് കൺമുന്നിലിരിക്കുന്നത് മമ്മൂക്കയാണെന്ന് മനസ്സ് വിശ്വസിച്ചത്.
കമൽസാർ, നമ്മൾ ക്യാമ്പിന്റെ കാര്യത്തിൽ ചെയ്ത കാര്യങ്ങളൊക്കെ മമ്മൂക്കയുടെ മുമ്പാകെ വിശദീകരിച്ചു. അതുകേട്ട് 'ഇവർക്ക് ആവശ്യമുള്ളതെല്ലാം നന്നായിട്ട് ചെയ്തുകൊടുക്കണം' എന്നു പറഞ്ഞ മമ്മൂക്ക കുറച്ച് സംശയങ്ങൾ ചോദിച്ചു. കണ്ണ് മാറ്റിവയ്ക്കലിനെയും മരിച്ചയാളുടെ കണ്ണ് ശസ്ത്രക്രിയ ചെയ്ത് എടുത്ത് മറ്റൊരാളിൽ തുന്നിച്ചേർക്കുന്നതിനിടയിലെ സമയദൈർഘ്യത്തെക്കുറിച്ചും നേത്രദാനത്തിന്റെ സാങ്കേതികവശങ്ങളെക്കുറിച്ചുമെല്ലാമാണ് അദ്ദേഹത്തിന് അറിയേണ്ടിയിരുന്നത്. അതേക്കുറിച്ചെല്ലാം ഞാനും നൂറുദ്ദീനും പങ്കുവെച്ച കാര്യങ്ങളൊക്കെ കേട്ടപ്പോൾ മമ്മൂക്ക അതിനനുസരിച്ച് കഥയിൽ ചില മാറ്റങ്ങൾ വരുത്തുന്നത് നന്നാകില്ലേ എന്ന് കമൽസാറിനോട് ചോദിച്ചു. അദ്ദേഹവും അത് ശരിവെച്ചു. അങ്ങനെ 'കറുത്തപക്ഷികളു'ടെ തിരക്കഥയിൽ വരെ കാതലായ മാറ്റങ്ങൾ വരുത്താൻ ഞങ്ങളുടെ ആ സംഭാഷണം വഴിവെച്ചു.
പിന്നെ ഷൂട്ട് പൂർത്തിയാകും വരെ ഞാൻ ആ സിനിമയ്ക്കൊപ്പമുണ്ടായിരുന്നു. 'കറുത്തപക്ഷികളു'ടെ ആ സെറ്റിലാണ് കാഴ്ചപരിമിതർക്കായുള്ള മമ്മൂക്കയുടെ 'കാഴ്ച' പദ്ധതിയുടെ ആശയം ജനിച്ചതും. ഷൂട്ട് പൂർത്തിയായപ്പോൾ മമ്മൂക്ക കമൽസാറിനോട് പറഞ്ഞു,'നമുക്കാർക്കും മരിച്ചുകഴിഞ്ഞാൽ കണ്ണുകൊണ്ട് ഒരു പ്രയോജനവുമില്ല,അത് കാഴ്ചയില്ലാത്തവർക്ക് വെളിച്ചമാകട്ടെ...നമുക്കെല്ലാവർക്കും നേത്രദാനത്തിനുള്ള സമ്മതപത്രം നല്കാം.' അങ്ങനെ ആ നിർദേശം ഹൃദയത്തിലേറ്റുവാങ്ങി 'കറുത്തപക്ഷികളു'ടെ സെറ്റിലുണ്ടായിരുന്ന 120 പേരും നേത്രദാനസമ്മതപത്രം നല്കി. മലയാളസിനിമയുടെ ചരിത്രത്തിലാദ്യമായിട്ടായിരുന്നു ഒരു യൂണിറ്റ് മുഴുവൻ നേത്രദാനം നടത്തിയത്.
ആ സിനിമയുടെ ലൊക്കേഷനിൽ നിന്ന് ഒരുപാട് സൗഹൃദങ്ങളും കിട്ടി. 'കറുത്തപക്ഷികൾ'ക്കുശേഷമാണ് മമ്മൂക്കയുമായുള്ള ബന്ധം ദൃഢമായതും. നേരത്തെ പറഞ്ഞപോലെ ആ സിനിമയ്ക്ക് മുമ്പും ശേഷവും എന്ന നിലയിൽ നിർവചിക്കപ്പെടുന്ന തരത്തിലേക്കെത്തിയ ആത്മബന്ധം. മറ്റൊരാൾ കമൽ സാറാണ്. അന്നുതുടങ്ങി ഞാൻ പറയാറുള്ളത് രണ്ട് സിനിമാക്കാർക്കേ എന്നെ അറിയുകയുള്ളൂ എന്നാണ്. ഒന്ന് മമ്മൂക്ക,മറ്റേത് കമൽസാർ. ആഷിഖ് അബുവും അതിനുശേഷം നല്ല സുഹൃത്തായി മാറി. അന്നും ഇന്നും എന്നെ അതിശയപ്പെടുത്തുന്ന മറ്റൊരാൾ ആഷിഖിനൊപ്പം കട്ടയ്ക്ക് നിന്നിരുന്ന കമൽസാറിന്റെ മറ്റൊരു അസോസിയേറ്റാണ്. ഹരീഷ് തെക്കേപ്പാട്ട് എന്നായിരുന്നു പേര്. മിടുക്കൻ. പക്ഷേ ഇന്നും അസോസിയേറ്റായി തുടരുകയാണ്. എന്തുകൊണ്ടാണ് അദ്ദേഹം സ്വന്തമായി സിനിമ സംവിധാനം ചെയ്യാത്തത് എന്നോർക്കുമ്പോഴാണ് അതിശയം തോന്നുന്നത്. മലയാള സിനിമയുടെ സംവിധായനിരയിലേക്ക് ഹരീഷിന്റെ പ്രവേശവും ഉടനുണ്ടാകുമെന്ന് ഉറച്ചുവിശ്വസിക്കുന്നയാളാണ് ഞാൻ. ജയപ്രകാശ് പയ്യന്നൂർ എന്ന സ്റ്റിൽഫോട്ടാഗ്രാഫറാണ് കറുത്തപക്ഷികളിലൂടെ കിട്ടിയ മറ്റൊരു സുഹൃത്ത്. ഇവരെല്ലാം അന്ന് സെറ്റിൽ തന്ന അതേ അളവിൽ ഇന്നും സ്നേഹം തരുന്നു.
ഷൂട്ട് തുടങ്ങിയ ദിവസം പലരും ചോദിച്ചു,ഇതുവരെ സിനിമയിൽ അഭിനയിച്ചിട്ടില്ലേ എന്ന്. ആഷിഖും ഹരീഷുമെല്ലാം ഒരുപാട് നിർബന്ധിച്ചു, നേത്രചികിത്സാക്യാമ്പിന്റെ സീനിൽ അതിന്റെ മേൽനോട്ടക്കാരിലൊരാളായി അഭിനയിക്കാൻ. പക്ഷേ ഭയവും നാണവും മടിയുമെല്ലാം കൊണ്ട് ആകെ ചൂളിപ്പോയി ഞാൻ. 'ആരാധിക്കുന്ന നടനെ കാണാൻ വന്നയാളാണ്,നടനാകാൻ വന്നയാളല്ല നീ' എന്ന് മനസ്സിലിരുന്ന് ആരോ പറയുന്നതുപോലെ. അതുകൊണ്ട് ഞാൻ ആ ക്ഷണത്തിൽനിന്നെല്ലാം ഒഴിഞ്ഞുമാറി. ആ തീരുമാനം ശരിയായിരുന്നോ തെറ്റായിരുന്നോ എന്ന് ഇന്നും അറിയില്ല. പക്ഷേ സിനിമയിൽ അഭിനയിക്കാനുള്ള ആദ്യക്ഷണവും അതിൽ നിന്നുള്ള ഒഴിഞ്ഞുമാറലും സംഭവിച്ചതും 'കറുത്തപക്ഷികളു'ടെ ഷൂട്ടിങ്ങിനിടയിലാണ്.
ആ സിനിമയുടെ റിലീസ് ദിവസം. എറണാകുളം സവിത തിയേറ്ററിൽ രാവിലെ സ്പെഷൽ ഷോ. ലിറ്റിൽഫ്ളവർ ആശുപത്രിയിലെ അച്ചന്മാരും സ്റ്റാഫും എല്ലാം സിനിമകാണാൻ എത്തിയിട്ടുണ്ട്. വലിയ ആഘോഷമായിട്ടാണ് ആ സിനിമയ്ക്കുള്ള വരവേല്പ് ഒരുക്കിയിരുന്നത്. തിയേറ്റർമുറ്റത്ത് നില്കുമ്പോൾ ഒരു ഫോൺകോൾ. കട്ടപ്പന തോപ്രാംകുടിയിൽ നിന്നൊരാളാണ്. അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ്:' ഇവിടെ ഇപ്പോൾ ഒരു വണ്ടി ആക്സിഡന്റായിട്ടുണ്ട്..അത് മമ്മൂട്ടിയുടെ കാറാണെന്ന് തോന്നുന്നു...'കണ്ണിൽ ഇരുട്ടുകയറുന്നതുപോലെ തോന്നി. ഉടൻ ജോർജേട്ടനെ വിളിച്ചു,എടുക്കുന്നില്ല...പലരെയും വിളിച്ചു. കിട്ടുന്നില്ല. അവസാനം മമ്മൂക്കയുടെ ഭാര്യാസഹോദരൻ അസീസിനെ(കോയമോൻ) വിളിച്ചു. ഫോണെടുത്തു. പക്ഷേ കോയയ്ക്കും വലിയ വിവരമുണ്ടായിരുന്നില്ല. കുറച്ചുകഴിഞ്ഞപ്പോൾ തിരിച്ചുവിളിച്ചുപറഞ്ഞു,'പേടിക്കണ്ട, അളിയന് കുഴപ്പമൊന്നുമില്ല,ജോർജേട്ടനും ഒകെയാണ്...ഡ്രൈവറും സേഫ്..' അപ്പോഴാണ് ആശ്വാസമായത്. അല്പം കഴിഞ്ഞപ്പോൾ ജോർജേട്ടൻ വിളിച്ചു. അപ്പോഴാണ് അപകടത്തിന്റെ വിശദാംശങ്ങളറിഞ്ഞത്. മമ്മൂക്ക സഞ്ചരിച്ചിരുന്ന ബിഎംഡബ്ല്യു കാർ സ്വകാര്യബസുമായി കൂട്ടിയിടിക്കുകയായിരുന്നു. പക്ഷേ കാറിന്റെ സുരക്ഷാസൗകര്യങ്ങൾകൊണ്ട് ആർക്കും കാര്യമായി പരിക്കേറ്റില്ല.
'കറുത്തപക്ഷികളു'ടെ സെറ്റിൽ നിന്നാണ് 'കാഴ്ച' പദ്ധതിയുടെ തുടക്കം എന്നുപറഞ്ഞുവല്ലോ. ലിറ്റിൽഫ്ളവറിലെ പ്രോജക്ട് ഓഫീസർ നൂറുദ്ദീൻ തന്നെയാണ് അതിന്റെ ഫ്രയിം ഉണ്ടാക്കിയത്. എം.എസ്.ഡബ്ല്യുക്കാരനായ നൂറുദ്ദീന് സിനിമയോട് വലിയ കമ്പമൊന്നുമില്ല. പക്ഷേ മമ്മൂക്കയെന്നു കേട്ടാൽ ചാടിയുണരും. മമ്മൂക്കയുടെ പേരുപറഞ്ഞാണ് നൂറുദ്ദീനെ 'കറുത്തപക്ഷികളു'ടെ പ്രീ പ്രൊഡക്ഷനിലേക്കും ഷൂട്ടിങ് സെറ്റിലേക്കുമൊക്കെ കൂട്ടിക്കൊണ്ടുപോയത്. 'കറുത്തപക്ഷികളി'ലെ നേത്രചികിത്സയുമായി ബന്ധപ്പെട്ട സാങ്കേതികാര്യങ്ങളൊക്കെ അദ്ദേഹമാണ് പറഞ്ഞുകൊടുത്തുകൊണ്ടിരുന്നത്. 'കാഴ്ച' പദ്ധതിയുടെ ആദ്യന്തം അതിനുവേണ്ടി അധ്വാനിച്ചതും നൂറുദ്ദീൻ തന്നെ. 'മിഷൻ നയന്റി ഡേയ്സ്' എന്ന സിനിമയുടെ സെറ്റിലാണ് കാഴ്ചയുടെ ആദ്യഘട്ട ചർച്ചകൾ നടന്നത്. ആ സമയത്ത് ഞങ്ങൾ കാണാൻ ചെല്ലുമ്പോൾ സെറ്റിലുള്ള സുഹൃത്തുക്കളെയൊക്കെ വിളിക്കും. കണ്ണിന്റെ പറ്റി എന്തെങ്കിലും സംശയമുണ്ടെങ്കിൽ ഇവരോട് ചോദിച്ചോ എന്നു പറയും. അങ്ങനെ കൊച്ചിൻ ഹനീഫയൊക്കെ നൂറുദ്ദീന്റെ അടുത്തുവന്ന് തിമിരത്തെപ്പറ്റിയും അതിനുള്ള ശസ്ത്രക്രിയയെപ്പറ്റിയുമെല്ലാം ചോദിച്ചത് ഇന്നും കൗതുകത്തോടെ ഓർക്കുന്നു.
നൂറുദ്ദീൻ ലിറ്റിൽഫ്ളവറിൽനിന്ന് സർക്കാർ സർവീസിലേക്ക് പോയി,അവിടെ നിന്ന് പിന്നീട് ജോലിവിട്ട്, ഇപ്പോൾ ആലുവയിലെ ടോണി ഫെർണാണ്ടസ് ആശുപത്രിയിലെ അഡ്മിനിസ്ട്രേറ്ററായി പ്രവർത്തിക്കുന്നു. കണ്ണിനെക്കുറിച്ചുള്ള നൂറുദ്ദീന്റെ പകരം വയ്ക്കാൻ ഒരാൾ ഇന്ന് ഇന്ത്യയിൽതന്നെയില്ല എന്ന് എനിക്ക് നിസ്സംശയം പറയാനാകും. നൂറുദ്ദീന്റെ കൂടെയുള്ള ജിബി മാത്യു,ഐ ബാങ്ക് മാനേജർ ജിയോ തുടങ്ങിയവരും 'കാഴ്ച'യുടെ തുടക്കത്തിൽ തുണയായി വന്നവരാണ്.
'കറുത്തപക്ഷികളു'ടെ നന്മയെ രാജ്യം തന്നെ അംഗീകരിച്ചു എന്നുവേണം പറയാൻ. 2006-ലെ മികച്ച കുടുംബക്ഷേമ ചിത്രത്തിനുള്ള ദേശീയപുരസ്കാരം അതിനുലഭിച്ചപ്പോൾ അങ്ങേയറ്റം ആഹ്ലാദവും അഭിമാനവും തോന്നി. അതിൽ നമ്മളുടേതായ എളിയ പിന്തുണയുമുണ്ടായിരുന്നല്ലോ...
(തുടരും)