ഡാഡി അപ്പോൾ ആ ബ്രാൻഡി ​ഗ്ലാസ് എനിക്കുനേരെ നീട്ടി

'അച്ഛൻ ഒരു ഫ്ളാഷ്ബാക്ക്' ഭാ​ഗം-5
മലയാളം സിനി ടെക്നീഷ്യൻസ് അസോസിയേഷന്റെ(മാക്ട) ഒരു ​ചടങ്ങിൽ സംവിധായകൻ പവിത്രന്റെ ​ഗാനത്തിനൊത്ത് ചുവടുവയ്ക്കുന്ന കെ.ജി.ജോർജ്. ജോൺപോൾ സമീപം
മലയാളം സിനി ടെക്നീഷ്യൻസ് അസോസിയേഷന്റെ(മാക്ട) ഒരു ​ചടങ്ങിൽ സംവിധായകൻ പവിത്രന്റെ ​ഗാനത്തിനൊത്ത് ചുവടുവയ്ക്കുന്ന കെ.ജി.ജോർജ്. ജോൺപോൾ സമീപം ഫോട്ടോ-അറേഞ്ച്ഡ്
Published on

ഡാഡിയുടെ സിനിമകളുടെ ലൊക്കേഷൻ ഓർമകളിൽ ഇന്നും മനസ്സിൽ തങ്ങിനില്കുന്നത് 'മഹാന​ഗര'ത്തിന്റെ നാളുകളാണ്. കോഴിക്കോട്ടായിരുന്നു അതിന്റെ ഷൂട്ടിങ്. ആ സിനിമയിൽ പക്ഷേ ഡാഡിയുടെ റോൾ സംവിധായകന്റേതായിരുന്നില്ല. നിർമാതാവിന്റേതായിരുന്നു. ഡാഡി നിർമിച്ച ഏകസിനിമയാണ് 'മഹാന​ഗരം'. അതുകൊണ്ടുതന്നെ അതിന്റെ സെറ്റിൽ ഞങ്ങൾക്ക് നിർമാതാവിന്റെ മക്കളുടെ പരിവേഷമായിരുന്നു.

ഡാഡി സംവിധാനം ചെയ്യുന്ന സിനിമകളുടെ സെറ്റുകളിൽ ഞങ്ങൾ എപ്പോഴും പോയി നില്കാറുണ്ടായിരുന്നില്ല. അവധിക്കാലത്ത് അച്ഛനമ്മമാരുടെ വീട്ടിൽ കുറച്ചുദിവസം പോയി നില്കുന്നതുപോലെയായിരുന്നു അത്. ഓരോ സിനിമയും ഡാഡിക്ക് വലിയൊരു ക്രിയേറ്റീവ് പ്രോസസ് ആയിരുന്നു. ഡാഡിയിലെ പെർഫെക്ഷനിസ്റ്റും ക്രിയേറ്ററും ഏറ്റവും കൂടുതൽ തിളച്ചുനില്കുന്ന സമയമായിരിക്കും അത്. അതിനിടയ്ക്ക് കൂടുതൽ ദിവസം കൂടെ നിന്ന് ഡാഡിക്ക് ബുദ്ധിമുട്ടുണ്ടാക്കരുത് എന്നായിരുന്നു മമ്മിയുടെ തീരുമാനം. അതുകൊണ്ടാണ് ഞങ്ങളെയും കൊണ്ട് എപ്പോഴുമെപ്പോഴും സെറ്റിലേക്ക് ഓടിച്ചെല്ലാതിരുന്നത്. എന്നാൽ ഇടയ്ക്ക് ചുരുക്കംദിനങ്ങളിലേക്ക് ഒരു ഒഴിവുകാലയാത്രപോലെ സെറ്റുകളിലേക്ക് ചെല്ലുകയും ചെയ്യും. ഡാഡിക്കും അത് ഇഷ്ടമായിരുന്നു.

Must Read
തൈരിട്ടുകുഴച്ച ചോറും സീമാന്റിയുടെ വാത്സല്യവും കാത്തിരുന്നുറങ്ങിപ്പോയ ഒരു രാത്രിയും
മലയാളം സിനി ടെക്നീഷ്യൻസ് അസോസിയേഷന്റെ(മാക്ട) ഒരു ​ചടങ്ങിൽ സംവിധായകൻ പവിത്രന്റെ ​ഗാനത്തിനൊത്ത് ചുവടുവയ്ക്കുന്ന കെ.ജി.ജോർജ്. ജോൺപോൾ സമീപം

പക്ഷേ 'മഹാന​ഗര'ത്തിൽ ഡാഡിക്ക് സംവിധായകന്റേതായ ബാധ്യതകളൊന്നുമുണ്ടായിരുന്നില്ല. അതുകൊണ്ട് കുറച്ചൊക്കെ റിലാക്സ്ഡ് ആയിരുന്നു. ഞങ്ങൾക്ക് പതിവിനേക്കാൾ കൂടുതൽ ദിവസങ്ങൾ ഡാഡിക്കൊപ്പം ചെലവഴിക്കാനുമായി. മഹാറാണി ഹോട്ടിലിലായിരുന്നു താമസം. മമ്മൂട്ടിയങ്കിൾ കുടുംബവുമൊത്താണ് വന്നത്. ഞങ്ങളുള്ള ദിവസങ്ങളിൽ സുലുവാന്റിയും ദുൽഖറും സുറുമിയും അവിടെയുണ്ടായിരുന്നു. അവരും മഹാറാണി ഹോട്ടലിലാണ് താമസിച്ചിരുന്നത്. ഞാനും സഹോദരനും ദുൽഖറും സുറുമിയും ആ ദിവസങ്ങളിൽ ഒരു ​ഗ്യാങ് പോലെയായിരുന്നു. മമ്മിയും സുലുവാന്റിയുമായിരുന്നു കൂട്ട്. ഞങ്ങൾക്ക് പുറത്തുപോകാൻ പ്രൊഡക്ഷൻ വണ്ടി വരും. അതിൽ കയറി കോഴിക്കോട് ബീച്ചിലൊക്കെ കറങ്ങും. ഐസ്ക്രീം കഴിക്കും. രസകരമായിരുന്നു ആ ദിവസങ്ങളും.

മമ്മൂട്ടി, കെ.ജി.ജോർജ്. സംവിധായകൻ സിദ്ദിഖ് എന്നിവർ
മമ്മൂട്ടിയ്ക്കൊപ്പം കെ.ജി.ജോർജ്. സംവിധായകൻ സിദ്ദിഖ് സമീപംഫോട്ടോ-അറേഞ്ച്ഡ്

കോഴിക്കോട് ഭക്ഷണത്തിന്റെ ഒരു രാജ്യമാണ് എന്നാണ് എനിക്ക് എന്നും തോന്നിയിട്ടുള്ളത്. അവിടെയുള്ളവരുടെ സത്കാരപ്രിയം മുഴുവൻ 'മഹാന​ഗര'ത്തിന്റെ ഷൂട്ടിങ് ദിനങ്ങളിൽ ‍ഞങ്ങൾ അനുഭവിച്ചറിഞ്ഞു. മമ്മൂട്ടിയങ്കിളിന്റെ ആരാധകരും സുഹൃത്തുക്കളുമായ ധാരാളം പേരുണ്ടായിരുന്നു കോഴിക്കോട്ട്. അവരൊക്കെ സ്നേഹം പ്രകടപ്പിച്ചത് അങ്കിളിനായി ഭക്ഷണം കൊടുത്തയച്ചാണ്. എല്ലാദിവസും ആരുടെയെങ്കിലുമൊക്കെ വീട്ടിൽ നിന്ന് മമ്മൂട്ടിയങ്കിളിനായി ഭക്ഷണം മഹാറാണിയിലെത്തും. കല്ലുമ്മക്കായ,ചിക്കൻ,മീൻ തുടങ്ങിയവയുടെ വിവിധതരത്തിലുള്ള വിഭവങ്ങൾ. എല്ലാം കൂടി നിരത്തിവച്ചാൽ ഒരു ബുഫെപോലെയുണ്ടാകും. അത്രയും വൈവിധ്യംനിറഞ്ഞ ഭക്ഷണം. അങ്കിൾ അത് ഞങ്ങൾക്ക് എല്ലാവർക്കുമായി വിളമ്പിത്തരും. അതായിരുന്നു അദ്ദേഹത്തിന്റെ സന്തോഷം. സ്വാദിഷ്ഠമായ ഭക്ഷണം കഴിക്കുക എന്നതിനേക്കാൾ കഴിപ്പിക്കുക എന്നതാണ് മമ്മൂട്ടിയങ്കിളിന്റെ രീതി. നമ്മളുടെ വയറുനിറയുമ്പോൾ അദ്ദേഹത്തിന്റെ മനസ്സ് നിറയും. അങ്ങനെ മഹാറാണിയിലേക്ക് ഒഴുകി വന്ന രുചിയുടെ വലിയ പുഴകളിൽ നീന്തിത്തുടിച്ച നാളുകൾ ഇപ്പോഴും ഓർക്കുന്നു.

Must Read
ബേ വാച്ച് കാണാൻ പറഞ്ഞ,ടൈം മാ​ഗസിൻ വായിക്കാൻ നിർബന്ധിച്ച ഡാഡി
മലയാളം സിനി ടെക്നീഷ്യൻസ് അസോസിയേഷന്റെ(മാക്ട) ഒരു ​ചടങ്ങിൽ സംവിധായകൻ പവിത്രന്റെ ​ഗാനത്തിനൊത്ത് ചുവടുവയ്ക്കുന്ന കെ.ജി.ജോർജ്. ജോൺപോൾ സമീപം

അങ്ങനെയൊരു ദിവസം മമ്മൂട്ടിയങ്കിളിന്റെ മഹാറാണിയിലെ സ്വീറ്റ് റൂമിൽ ഞങ്ങളെല്ലാവരും കൂടി ഭക്ഷണം കഴിക്കുകയാണ്. പതിവുപോലെ അങ്കിൾ എല്ലാവർക്കും വിളമ്പിത്തരുന്നു. അത് 'ജോണിവാക്കർ' എന്ന സിനിമയിറങ്ങിയ സമയമാണ്. ഞാൻ മമ്മൂട്ടിയങ്കിളിനോട് ചോദിച്ചു,'അങ്കിളേ..ആ ശാന്തമീ രാത്രിയിൽ പാട്ടിലെ സ്റ്റെപ്പ്സ് ഒന്ന് കാണിക്കാമോ...?' ഇപ്പോൾ ആലോചിക്കുമ്പോൾ ലേശം പേടിതോന്നും. കാരണം മമ്മൂട്ടിയങ്കിളിനെപ്പോലൊരാളോട് അങ്ങനെയൊക്കെ ചോദിക്കാൻ ചില്ലറ ധൈര്യംപോരല്ലോ..പക്ഷേ ഞാനന്ന് കുട്ടിയാണല്ലോ. അതൊരു കുട്ടിയുടെ കുസൃതിയായിട്ടേ അങ്കിളെടുത്തുള്ളൂ. എന്റെ ആവശ്യംകേട്ട് അങ്കിൾ പറഞ്ഞത് ഇങ്ങനെയാണ്: ഒന്നു പോ കൊച്ചേ...അത് ചെയ്തത് എങ്ങനെയാണെന്ന് എനിക്കും പടച്ചതമ്പുരാനും മാത്രം അറിയാം...'മമ്മൂട്ടിയങ്കിളിന്റെ തമാശകേട്ട് മുറിയിലുണ്ടായിരുന്നവരെല്ലാം പൊട്ടിച്ചിരിച്ചുപോയി.

കെ.ജി.ജോർജ്,മമ്മൂട്ടി,ജോഷി,എം.ജി.സോമൻ എന്നിവർ
മമ്മൂട്ടി,ജോഷി,എം.ജി.സോമൻ എന്നിവർക്കൊപ്പം കെ.ജി.ജോർജ്ഫോട്ടോ-അറേഞ്ച്ഡ്

ഭക്ഷണവുമായി ബന്ധപ്പെട്ട മറ്റുചില ഓർമകൾ കൂടിയുണ്ട്. അത് ഫിലിം ഫെസ്റ്റിവലുകളുമായി ബന്ധപ്പെട്ടതാണ്. ഞങ്ങൾ ചെന്നൈയിൽ താമസിക്കുന്ന കാലത്തും പിന്നീട് തിരുവനന്തപുരത്തേക്ക് മാറിയപ്പോഴും ഡാഡിയുടെ ഒരുപാട് സുഹൃത്തക്കൾ ഫിലിം ഫെസ്റ്റിവലുകൾക്കായി വരുമായിരുന്നു. അവർക്കൊക്കെയായി ഓരോ ദിവസവും ഡാഡി വീട്ടിൽ ഡിന്നർ ഒരുക്കും. ചെന്നൈയിലായിരുന്നപ്പോൾ ഭരതൻ അങ്കിൾ,അരവിന്ദൻഅങ്കിൾ,പവിത്രൻ അങ്കിളൊക്കെ സ്ഥിരമായി വീട്ടിൽ വരും. അതൊരു പതിവാണ്. പക്ഷേ ഫിലിം ഫെസ്റ്റിവൽ സമയമാണെങ്കിൽ പുനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ഡാഡിക്കൊപ്പം പഠിച്ചവരും വിദേശത്തുനിന്നുള്ള സംവിധായകരും ടെക്നീഷ്യന്മാരും സ്പെഷൽ ​ഗസ്റ്റുകളായിട്ടുണ്ടാകും.

സംവിധായകൻ മണികൗൾ,ക്യാമറാമാൻ കെ.കെ.മഹാജൻ തുടങ്ങിയവരൊക്കെ മദ്രാസിലെ വീട്ടിൽ ഇങ്ങനെ വന്നിട്ടുണ്ട്. ഞങ്ങൾ തിരുവനന്തപുര ത്തേക്ക് താമസം മാറിയപ്പോഴാണ് ഫെസ്റ്റിവൽ ​ഗസ്റ്റുകളുടെ വരവ് കൂടിയത്. അത് ഐഎഫ്എഫ്കെയുടെ തുടക്കവർഷങ്ങളായിരുന്നു. ഫിലിം ക്രിട്ടിക് ആയിരുന്ന ഡെറക് മാൽകം എല്ലാവർഷവും ഫെസ്റ്റിവലിന് എത്തുമായിരുന്നു. ഡാഡിക്കൊപ്പം വീട്ടിൽ വരും. പിന്നെ അടൂർ ​ഗോപാലകൃഷ്ണൻ അങ്കിൾ,ക്യാമറാമാൻ രാമചന്ദ്രബാബു അങ്കിൾ തുടങ്ങിയവരും.

കെ.ജി.ജോർജ് ഫെഡറേഷൻ ഓഫ് ഫിലിം സൊസൈറ്റീസ് ഇന്ത്യ സംഘടിപ്പിച്ച ചലച്ചിത്രമേളയുടെ ഓപ്പൺഫോറത്തിൽ സംസാരിക്കുന്നു. അരവിന്ദൻ,കെ.പി.കുമാരൻ,അടൂർ ​ഗോപാലകൃഷ്ണൻ എന്നിവർ സമീപം
ഫെഡറേഷൻ ഓഫ് ഫിലിം സൊസൈറ്റീസ് ഇന്ത്യ സംഘടിപ്പിച്ച ചലച്ചിത്രമേളയുടെ ഓപ്പൺഫോറത്തിൽ കെ.ജി.ജോർജ് സംസാരിക്കുന്നു. അരവിന്ദൻ,കെ.പി.കുമാരൻ,അടൂർ ​ഗോപാലകൃഷ്ണൻ എന്നിവർ സമീപംഫോട്ടോ-അറേഞ്ച്ഡ്

ഫെസ്റ്റിവൽ ഇല്ലാത്ത സമയത്തും ഞങ്ങൾ ഇടയ്ക്കിടയ്ക്ക് അടൂർ അങ്കിളിന്റെ വീട്ടിൽപ്പോകും. പഴയകാലശൈലിയിൽ പണിത ഭം​ഗിയുള്ള ഒരുവീടാണത്. വല്ലാത്തൊരു തണുപ്പ് നിറഞ്ഞുനില്കുന്നുണ്ടാകും അവിടെ. അതുകൊണ്ട് എനിക്കവിടെ പോകാൻ വലിയ ഇഷ്ടമായിരുന്നു. അങ്കിളിന്റെ ഭാര്യ സുനന്ദ ആന്റിയും മകൾ അശ്വതിയുമൊക്കെ കുടുംബാം​ഗത്തെപ്പോലെയാണ് എന്നെ കണ്ടിരുന്നത്. ഡാഡിയും അടൂർ അങ്കിളുമായുള്ള സൗഹൃദവും ആഴത്തിലുള്ളതായിരുന്നു.

ഫെസ്റ്റിവലിന് എത്തുന്ന വിദേശ സിനിമാപ്രവർക്കർക്ക് ഒരു ദിവസം ഞങ്ങളുടെ വീട്ടിലും അതിനടുത്ത ഏതെങ്കിലും ദിവസം അടൂർ അങ്കിളിന്റെയും വീട്ടിൽ ഡിന്നർ. അത് ഒരു ആചാരം പോലെയായിരുന്നു. ഇവർക്കൊപ്പം പൂനെ ഇൻസ്റ്റിറ്റ്യൂട്ടിലെ ഡാഡിയുടെയും അടൂർ അങ്കിളിന്റേയുമൊക്കെ ബാച്ച്മേറ്റ്സും കാണും. മമ്മി ഉണ്ടാക്കുന്ന തിരുവല്ല സ്റ്റൈൽ നാടൻഭക്ഷണം ​ഗസ്റ്റുകൾക്കൊക്കെ വലിയ ഇഷ്ടമായിരുന്നു. മീനും ഇറച്ചിയുമൊക്കെ തിരുവല്ലസ്റ്റൈലിൽ പാചകം ചെയ്യുന്നതിന്റെ കൂടെ ചില്ലിചിക്കൻപോലുള്ള ചൈനീസ് ഡിഷുകളും മമ്മി ഒറ്റയ്ക്ക് ഉണ്ടാക്കും. ഏതാണ്ട് പത്തിരുപത് വിഭവങ്ങൾ കാണും. ഇതുകൂടാതെ പായസവും ഡെസേർട്ടും.

കെ.ജി.ജോർജ്
കെ.ജി.ജോർജ്ഫോട്ടോ-അറേഞ്ച്ഡ്

സെറ്റുകളിൽ പോയി നില്കുന്നതിനേക്കാൾ എനിക്കിഷ്ടം ഈ ഫെസ്റ്റിവൽ സീസണുകളായിരുന്നു. നമ്മുടെ വീട്ടിൽ തന്നെയാണ് ആഘോഷം. അതിന്റെയൊരു അടുപ്പമുണ്ട്. രാത്രി വൈകും വരെ പാട്ടും ഡാൻസുമെല്ലാമുണ്ടാകും. പിന്നെ വിവിധതരത്തി ലുള്ള ഭക്ഷണങ്ങളും. പത്തുമണിയൊക്കെയാകു മ്പോൾ എനിക്കും സഹോദരനും ഉറക്കം വരും. ഞങ്ങൾ പോയി കിടക്കും.

ഒരിക്കൽ ഇങ്ങനെ ഉറങ്ങാൻ പോയ ഞാൻ രാത്രി കുറേയായപ്പോൾ പാട്ടിന്റെ ബഹളമൊക്കെക്കേട്ട് ഉറക്കത്തിൽ നിന്നെഴുന്നേറ്റ് വന്നു. പാതിയുറക്കത്തിൽ ഹാളിലേക്ക് ചെന്ന ഞാൻ കണ്ടത് ​കൈയിലൊരു ​ഗ്ലാസുമായി നൃത്തംവയ്ക്കുന്ന ഡാഡിയെയാണ്. ഡാഡിയുടെ കൈയിലിരിക്കുന്നത് ജൂസ് പോലുള്ള എന്തോ ആണെന്നാണ് ഞാൻ കരുതിയത്. എന്താണത് എന്ന് ഞാൻ ചോദിച്ചപ്പോൾ ഡാഡി ബ്രാൻഡിയെന്നു പറഞ്ഞു. അതെന്താണ് എന്നൊന്നും മനസ്സിലാക്കാനുള്ള തിരിച്ചറിവൊന്നും അന്നെനിക്കില്ലായിരുന്നു. എനിക്കും വേണമെന്നായി ഞാൻ. ഡാഡി വഴക്കൊന്നും പറയാതെ ഒരു സിപ്പ് എടുക്കാനായി എനിക്ക് നേരെ ​ഗ്ലാസ് നീട്ടി. ഒന്നുനുണഞ്ഞതും ചവർപ്പുകൊണ്ട് ഞാൻ തുപ്പിക്കളഞ്ഞു.

കെ.ജി.ജോർജ്
കെ.ജി.ജോർജ് ഒരു സൗഹൃദസദസ്സിൽഫോട്ടോ-അറേഞ്ച്ഡ്

അതായിരുന്നു ഡാഡി. ഒന്നിനോടും 'നോ' പറഞ്ഞില്ല. ഞാൻ എന്താവശ്യപ്പെട്ടോ അതൊക്കെ തന്നു. എനിക്ക് മുന്നിൽ ഒരിക്കൽപ്പോലും അദ്ദേഹം വിലക്കുകൾ വെച്ചില്ല. അങ്ങനെ ചെയ്യാതിരുന്നതുകൊണ്ടാണ് തെറ്റായ വഴിയിലൂടെ പോകാതിരുന്നത് എന്നു ഞാൻ വിശ്വസിക്കുന്നു. കുട്ടികൾക്ക് മുന്നിൽ വിലക്കുകൾ സൃഷ്ടിക്കുമ്പോഴോ അവരോട് 'നോ' പറയുമ്പോഴോ ആണ് പലപ്പോഴും അവർക്കത് കിട്ടിയേ തീരൂ എന്ന വാശിയുണ്ടാകുന്നത്. അതേസമയം അത് ഒന്ന് കൊടുത്തുനോക്കിയാൽ ചിലപ്പോൾ അതിനോടുള്ള ഹരം ചിലപ്പോൾ അപ്പോഴേ തീരും. എല്ലാവരുടെ കാര്യത്തിലും ഇത് ഇങ്ങനെതന്നെ ആകണം എന്ന നിർബദ്ധവുമില്ല എന്നുകൂടി പറയട്ടെ.

പക്ഷേ ഡാഡിക്ക് ഡാഡിയുടേതായ ചില പേരന്റിങ് സമ്പ്രദായങ്ങളുണ്ടായിരുന്നു. ഒരു കലാകാരന്റെ അല്ലെങ്കിൽ ക്രിയേറ്ററുടെ സങ്കല്പത്തിലുള്ളവയായിരുന്നു അവ. അതുകൊണ്ടാണ്, ബ്രാൻഡി എന്താണെന്നറിയാതെ അതുവേണം എന്നു നിർബന്ധം പിടിച്ച എനിക്കുനേരെ ഡാഡി ആ ​ഗ്ലാസ് നീട്ടിയത്. ചവർപ്പാണെന്നറിഞ്ഞതോടെ എനിക്ക് ഡാഡിയുടെ കൈയിലെ ​ഗ്ലാസിലെ ദ്രാവകത്തോടുള്ള ആ​ഗ്രഹം തീർന്നു. പിന്നെ ഡാഡിയുടെ ​കൈയിൽ അതുകണ്ടാലും ഞാൻ ചോദിക്കില്ല. ഒരുപക്ഷേ അതായിരിക്കും ഡാഡി ഉദ്ദേശിച്ചതും.

(തുടരും)

Related Stories

No stories found.
Pappappa
pappappa.com