തൈരിട്ടുകുഴച്ച ചോറും സീമാന്റിയുടെ വാത്സല്യവും കാത്തിരുന്നുറങ്ങിപ്പോയ ഒരു രാത്രിയും

കെ.ജി.ജോർജിന്റെ മകൾ എഴുതുന്ന കോളം 'അച്ഛൻ ഒരു ഫ്ളാഷ്ബാക്ക്' ഭാ​ഗം-4
സംവിധായകൻ കെ.ജി.ജോർജും സീമയും മറ്റൊരാളിന്റ സെറ്റിൽ
'മറ്റൊരാളി'ന്റെ സെറ്റിൽ സംവിധായകൻ കെ.ജി.ജോർജും സീമയുംഅറേഞ്ച്ഡ്
Published on

സംവിധാനം ചെയ്യുന്ന സിനിമകൾ സ്വന്തം തിരക്കഥയിലാകണമെന്ന നിർബന്ധം ഡാഡിക്കുണ്ടായിരുന്നു. ഒരു സിനിമയിലേക്ക് കടന്നാൽ തിരക്കഥയെഴുത്തിനായി കുറച്ചുദിവസം വീട്ടിൽ നിന്ന് മാറിനില്കുന്നതായിരുന്നു ഡാഡിയുടെ രീതി. ഞങ്ങൾ തിരുവനന്തപുരത്ത് താമസിക്കുന്ന കാലത്ത് ഞാൻ ഇത് നേരിൽകണ്ടിട്ടുണ്ട്. ചിലപ്പോൾ അവിടെയുള്ള ഏതെങ്കിലും ഹോട്ടലിൽ ഇരുന്നായിരുന്നു എഴുത്ത്. അല്ലെങ്കിൽ സുഹൃത്തുക്കളുടെ ആരുടെയെങ്കിലും ഒഴിഞ്ഞുകിടക്കുന്ന വീട്ടിലേക്ക് പോയി,അവിടെ താമസിച്ച് എഴുതും. എഴുതുന്ന സമയത്ത് ഏകാന്തത വേണമെന്നതും അദ്ദേഹത്തിന്റെ അനേകം ശീലങ്ങളിലൊന്നായിരുന്നു.

വീട്ടിലിരുന്നാണ് എഴുത്തെങ്കിൽ ഈ ഏകാന്തത കിട്ടില്ല. ഞങ്ങളുടെ രണ്ടാളുടെയും(എന്റെയും സഹോദരന്റെയും) ബഹളവും വഴക്കും കരച്ചിലുമെല്ലാം ഉണ്ടാകും. കൂടാതെ ഡാഡിയെ കാണാനെത്തുവരുടെ തിരക്കും. ഡാഡി ഏതെങ്കിലും സിനിമ തുടങ്ങാൻ പോകുന്നുവെന്നറിഞ്ഞാൽ വീട്ടിലേക്ക് വരുന്നവരുടെ എണ്ണം പെട്ടെന്ന് കൂടും. അവരിൽ ഭൂരിഭാ​​ഗവും അഭിനയിക്കാൻ ആ​ഗ്രഹിച്ചുനടക്കുന്നവരാകും. ചാൻസ് ചോദിച്ചുവരുന്ന ഇക്കൂട്ടരിൽ നിന്ന് രക്ഷപ്പെടുകയെന്ന മറ്റൊരു ഉദ്ദേശ്യവും തിരക്കഥയെഴുതാനായി മാറിത്താമസിക്കുമ്പോൾ ഡാഡിക്കുണ്ടായിരുന്നു.

Must Read
ബേ വാച്ച് കാണാൻ പറഞ്ഞ,ടൈം മാ​ഗസിൻ വായിക്കാൻ നിർബന്ധിച്ച ഡാഡി
സംവിധായകൻ കെ.ജി.ജോർജും സീമയും മറ്റൊരാളിന്റ സെറ്റിൽ

ഒരു സ്യൂട്ട്കേസുമായി വീട്ടിൽ നിന്ന് തിരക്കഥാരചനയ്ക്കിറങ്ങുന്ന ഡാഡിയെ ഇന്നും ഓർമയുണ്ട്. അതിൽ വസ്ത്രങ്ങളും പുസ്തകങ്ങളുമൊക്കെ കാണും. എഴുത്തുപൂർത്തിയായിക്കഴിഞ്ഞാൽ ഫൈനൽ ഡ്രാഫ്റ്റ് സ്വന്തം കൈപ്പടയിൽ വെട്ടുംതിരുത്തുമില്ലാതെ വേണം എന്നത് ഡാഡിയുടെ മറ്റൊരു ശീലം. കാരണം ഡാഡിയൊരു പെർഫക്ഷനിസ്റ്റായിരുന്നു. ചെയ്യുന്ന എന്തിലും തന്റേതായൊരു സി​ഗ്നേച്ചർ വേണം എന്ന് അദ്ദേഹത്തിന് നിർബന്ധമുണ്ടായിരുന്നു. ചെയ്യുന്നതെന്തും വെട്ടുംതിരുത്തുമില്ലാത്തതാകണമെന്നും അദ്ദേഹത്തിനുള്ളിലുള്ള പെർഫക്ഷനിസ്റ്റ് സദാ ശഠിച്ചു.

ഡാഡി വീട്ടിൽ നിന്ന് പോകുന്നത് പക്ഷേ എനിക്ക് സങ്കടമായിരുന്നു. അതുകൊണ്ടുതന്നെ തിരക്കഥയെഴുതാനായി ഡാഡി വീട്ടിൽ നിന്നിറങ്ങുന്ന ദിവസം ഞാൻ ആകെ മൂഡ്ഓഫ് ആകും. തിരിച്ചുവരും എന്നറിയാം. എങ്കിലും കുറച്ചുദിവസം ഡാഡി കൂടെയില്ലാത്തതിൽ എന്തോ ഒരു വിഷമം തോന്നിയിരുന്നു. ഡാഡിയും മമ്മിയും ഞാനും സഹോദരനും ചേർന്നുള്ള അത്താഴനേരങ്ങളെക്കുറിച്ച് പറഞ്ഞിരുന്നല്ലോ. ഡാഡി പോയിക്കഴിഞ്ഞാൽ അത്താഴസമയത്ത് വലിയൊരു ശൂന്യതയായിരിക്കും. അതുകൊണ്ട് ആദ്യ കുറേദിവസങ്ങളിൽ പലപ്പോഴും വിശപ്പുതോന്നാറില്ല.

തിരക്കഥയെഴുത്ത് എത്രകാലം നീളും എന്നത് ഓരോ സിനിമയുടെയും സ്വഭാവം അനുസരിച്ചിരിക്കും. ചിലപ്പോൾ ഒരുമാസം കൊണ്ട് എഴുത്തുകഴിയും. ചിലപ്പോൾ രണ്ടുമാസം എടുക്കും. സിനിമ തുടങ്ങുമ്പോഴും ഡാഡി ക്രൂവിനൊപ്പം ഹോട്ടലിലായിരിക്കും താമസിക്കുക. തിരുവനന്തപുരത്താണ് ഷൂട്ടിങ്ങ് എങ്കിൽ ഇടയ്ക്ക് മമ്മിയും ഞാനും സഹോദരനും സെറ്റിലേക്ക് ചെല്ലും. ഡാഡിയുടെ സിനിമകളിൽ അഭിനയിക്കുന്ന,അന്നത്തെ പ്രശസ്തരായ പല നടികളും മമ്മിയുടെ സുഹൃത്തുക്കളായിരുന്നു. അതുകൊണ്ട് അവർ ഷൂട്ടിന്റെ ഇടവേളയിൽ മമ്മിയെ കാണാൻ വീട്ടിലേക്കും വരും.

കെ.ജി.ജോർജ് സംവിധാനം ചെയ്ത മറ്റൊരാളിൽ നിന്നൊരു രം​ഗം
'മറ്റൊരാളി'ൽ മമ്മൂട്ടിയും സീമയുംഅറേഞ്ച്ഡ്

'മറ്റൊരാളി'ന്റെ ഷൂട്ടിങ്ങ് ഓർക്കുന്നു. മമ്മൂട്ടി അങ്കിൾ,കരമന അങ്കിൾ,മുരളിയങ്കിൾ,സീമാന്റി,ഉർവശിയാന്റി അവരൊക്കെ സെറ്റിലുണ്ടായിരുന്നു. അവരെയൊക്കെ അന്ന് കണ്ടത് ഇപ്പോഴും മനസ്സിലുണ്ട്. ഡയറക്ഷന്റെ കാര്യത്തിലും ഡാഡി പെർഫക്ഷനിസ്റ്റായിരുന്നു. സംവിധായകനായ കെ.ജി.ജോർജ് വീട്ടിൽ ഞങ്ങൾ കാണുന്ന കെ.ജി.ജോർജ് അല്ല. തീർത്തും 'മറ്റൊരാൾ'. 'ആക്ഷൻ' എന്നു പറഞ്ഞാൽ പിന്നെ സെറ്റിൽ പിൻ ഡ്രോപ് സൈലൻസ് ആയിരിക്കണം. എന്തെങ്കിലും ഒരു ശബ്ദം സെറ്റിൽനിന്ന് എവിടെനിന്നെങ്കിലും കേട്ടാൽ ഡാഡിക്ക് നല്ല ദേഷ്യംവരും. അതുകൊണ്ട് സീൻ എടുക്കുന്നതിന് മുമ്പുതന്നെ ഡാഡിയുടെ അസോസിയേറ്റുമാർ സെറ്റിലുള്ള ആൾക്കാരെ എല്ലാം ഷൂട്ട് നടക്കുന്ന ഏരിയയിൽനിന്ന് മാറ്റും. 'മറ്റൊരാളി'ന്റെ ഷൂട്ടിനിടെ ഇതൊന്നും അറിയാതെ സെറ്റിൽ ഉച്ചത്തിൽ സംസാരിച്ചതിന് ഒരു ദിവസം എനിക്ക് ഡാഡിയുടെ കൈയിൽനിന്ന് നല്ല വഴക്ക് കിട്ടി. അന്ന് സിങ്ക് സൗണ്ട് ഒന്നുമില്ല. സംഭാഷണങ്ങളൊക്കെ പിന്നീട് ഡബ്ബു ചെയ്യുകയാണ്. എന്നിട്ടും ആക്ഷൻ പറഞ്ഞാൽ പിന്നെ അഭിനേതാക്കളല്ലാതെ ആരും സംസാരിക്കരുതെന്നായിരുന്നു ഡാഡിയുടെ ചട്ടം.

ഓരോ ഷോട്ടും സീനും അത്ര പെർഫക്ട് ആയിരിക്കണമെന്നാണ് ഡാഡി ആ​ഗ്രഹിച്ചിരുന്നത്. ഓരോ സീനിലെയും ഡയലോ​ഗുകൾ ടേക്കിന് മുമ്പ് നടീനടന്മാരെ വായിച്ചുകേൾപ്പിക്കും. പിന്നെ അത് അഭിനയിച്ച് കാണിക്കും. ഡാഡി സിനിമയിലേക്കായി കണ്ടെത്തുന്നവരെല്ലാം മികച്ച നടനോ നടിയോ ആയിരുന്നു. അതുകൊണ്ട് അവർക്ക് ഡാഡി എന്താണ് ഉദ്ദേശിക്കുന്നതെന്ന് പെട്ടെന്ന് മനസ്സിലാകുമായിരുന്നു. ഡാഡി പറഞ്ഞതുപോലെ ചെയ്യേണ്ട കാര്യമേ അവർക്കുണ്ടായിരുന്നുള്ളൂ. അത്രത്തോളം വെൽ പ്ലാൻഡ് ആയിരുന്നു ഡയറക്ടർ എന്ന നിലയിൽ ഡാഡി.

കെ.ജി.ജോർജിന്റെയും ഭാര്യ സെൽമയുടെയും പഴയ ചിത്രം
കെ.ജി.ജോർജും ഭാര്യ സെൽമയും. പഴയ ചിത്രംഅറേഞ്ച്ഡ്

'മറ്റൊരാളി'ന്റെ ഷൂട്ടിന്റെ സമയത്ത് ഒരു ദിവസം സീമാന്റി വീട്ടിൽ വന്നു. അപ്പോൾ മമ്മി എനിക്ക് ഭക്ഷണം തരികയായിരുന്നു. ചെന്നൈയിൽ ജനിച്ചുവളർന്നതുകൊണ്ട് ചെറുപ്പംതൊട്ടേ എനിക്ക് തൈരുസാദം വലിയ ഇഷ്ടമായിരുന്നു. അതുകൊണ്ട് കിന്റർ ​ഗാർട്ടനിലായിരിക്കുമ്പോൾ മമ്മി ഉച്ചഭക്ഷണമായി തന്നുവിട്ടിരുന്നത് പലപ്പോഴും തൈരുസാദമായിരുന്നു. സീമാന്റി വീട്ടിൽ വരുമ്പോൾ ഞാൻ ചോറും തൈരുമാണ് കഴിച്ചുകൊണ്ടിരുന്നത്. അതുകണ്ടപ്പോൾ ആന്റി ,'ഞാൻ കൊടുക്കാം' എന്നു പറഞ്ഞ് മമ്മിയുടെ കൈയിൽ നിന്ന് പാത്രം വാങ്ങി. പിന്നെ ആ തൈരൊഴിച്ച് ചോറ് നന്നായി കുഴച്ച് നല്ല സോഫ്റ്റ് ആക്കിയെടുത്തു. എന്നിട്ട് കായുപ്പേരി ഓരോ കഷണവും ചേർത്ത് എനിക്ക് വാരിത്തന്നുതുടങ്ങി. ആന്റി എന്നോടുള്ള വാത്സല്യം കൂടി ചേർത്തുകുഴച്ചുതന്നതുകൊണ്ടാകാം അത്രയും നേരം കഴിച്ചിരുന്നതിനേക്കാൾ സ്വാദ് കൂടുതലുണ്ടായിരുന്നു. അത് ഇപ്പോഴും നാവിലുണ്ട്.

പിന്നീടുള്ള ദിവസങ്ങളിൽ സീമാന്റി ഭക്ഷണം വാരിത്തന്നാലേ കഴിക്കൂ എന്ന വാശിയിലായി ‍ഞാൻ. ചില ദിവസങ്ങളിൽ എനിക്ക് ഭക്ഷണം തരാനായി ആന്റി വീട്ടിൽ വരികയും ചെയ്യും. ഒരുദിവസം ആന്റി വരാമെന്ന് പറഞ്ഞ സമയം കഴിഞ്ഞിട്ടും വന്നില്ല. കാത്തുകാത്തിരുന്ന് ഞാൻ ഭക്ഷണം കഴിക്കാതെ ഉറങ്ങിപ്പോയി. അന്ന് ഷൂട്ട് തീർന്ന് രാത്രി വൈകി സീമാന്റി വീട്ടിൽ വന്നപ്പോൾ. മമ്മി എന്നെ ഉറക്കത്തിൽ നിന്ന് വിളിച്ചുണർത്തി. ആന്റി പതിവുപോലെ തൈരും ചോറും കുഴച്ച് കായുപ്പേരിക്കൊപ്പം എനിക്ക് വാരിത്തന്നു. ഉറക്കത്തെ തോല്പിച്ചുകൊണ്ട് ആ സ്വാദ് വീണ്ടും എന്റെ നാവിൽ നിറഞ്ഞു.

സംവിധായകൻ കെ.ജി.ജോർജ്
കെ.ജി.ജോർജ്അറേഞ്ച്ഡ്

ഡാഡിയോടുള്ള ബഹുമാനവും മമ്മിയോടുള്ള സൗഹൃദവും കൊണ്ടാണ് സീമാന്റിയെപ്പോലുള്ളവർ ഞങ്ങളുടെ കുടുംബത്തോട് എന്നും അടുപ്പം കാട്ടിയിരുന്നത്. ആ സ്നേഹമത്രയും അവർ ‍എനിക്കും വാരിത്തന്നു. വാത്സല്യം നിറഞ്ഞ വിരലുകൾ കൊണ്ട് അവർ സ്നേഹത്തിന്റെ വിരുന്നാണ് ഊട്ടിയിരുന്നത്. കെ.ജി.ജോർജിന്റെ മകൾ എന്നത് എനിക്ക് എല്ലാക്കാലത്തേക്കുമുള്ള ഒരു പ്രിവിലജ് തന്നെയായിരുന്നു.

ഷൂട്ട് തുടങ്ങിയാൽ മമ്മിയും ഞാനും സഹോദരനും നല്ല ജാ​ഗ്രതയുള്ളവരാകും. എന്തെങ്കിലും ചെറിയൊരു പാളിച്ച ഞങ്ങളിൽ നിന്നുണ്ടായാൽ അത് ഡാഡിയെ പെട്ടെന്ന് ട്രി​ഗർ ചെയ്യും. ഡാഡി അസ്വസ്ഥനാകും. ക്രിയേറ്റീവ് ആയവരുടെയെല്ലാം സ്വഭാവമാണത്. അതുകൊണ്ട് ഡാഡിയുടെ ശ്രദ്ധതെറ്റിക്കുന്നതും അദ്ദേഹത്തിന് അസ്വസ്ഥതയുണ്ടാക്കുന്നതുമായ യാതൊന്നും ഞങ്ങളുടെ ഭാ​ഗത്തുനിന്ന് ഉണ്ടാകാതിരിക്കാൻ ഞങ്ങൾ മൂന്നുപേരും എപ്പോഴും ശ്രദ്ധിച്ചു.

കെ.ജി.ജോർജ് സംവിധാനം ചെയ്ത മറ്റൊരാളിലെ ഒരു രം​ഗത്തിൽ മമ്മൂട്ടിയും ഉർവശിയും
'മറ്റൊരാളി'ൽ മമ്മൂട്ടിയും ഉർവശിയുംഅറേഞ്ച്ഡ്

അദ്ദേഹത്തിന്റെയത്ര പ്രതിഭയില്ലാത്തുകൊണ്ട് ക്രിയേറ്റീവായി ഡാഡിക്ക് സപ്പോർട്ട് കൊടുക്കാൻ ഞങ്ങൾക്ക് സാധിക്കില്ലായിരുന്നു(മമ്മിയോട് ഡാഡി പക്ഷേ പലപ്പോഴും തിരക്കഥയെഴുത്ത് പൂർത്തിയാകുമ്പോഴും സിനിമ ഇറങ്ങിക്കഴിയുമ്പോഴും അഭിപ്രായം ചോദിക്കുമായിരുന്നു) അതിനാൽ അദ്ദേഹത്തിന്റെ ക്രിയേറ്റിവിറ്റിക്ക് തടസ്സമുണ്ടാകുന്ന ഒന്നും ഞങ്ങളുടെ ഭാ​ഗത്തുനിന്ന് ഉണ്ടാകാതിരിക്കുക എന്നതായിരുന്നു ഞങ്ങൾക്ക് ഡാഡിക്ക് കൊടുക്കാൻ സാധിക്കുന്ന ഏറ്റവും വലിയ സഹായവും ബഹുമാനവും. അത് ‍ഞങ്ങൾ എപ്പോഴും ചെയ്തു.

എങ്കിലും ഡാഡി വീട്ടിലില്ലാത്തതിന്റെ സങ്കടം എന്റെയുള്ളിലുണ്ടായിരുന്നു. ഡാഡി മറ്റൊരിടത്ത് ആണ് എന്നോർക്കുമ്പോൾ ഡാഡിയെ വല്ലാതെ മിസ് ചെയ്യും. ഈ നിമിഷവും ഡാഡി മറ്റേതോ ലോകത്താണ് എന്ന് ചിന്തിക്കുമ്പോൾ എനിക്ക് ഡാഡിയെ മിസ് ചെയ്യുന്നു. തിരക്കഥയെഴുതാനോ ഷൂട്ടിങ്ങിനോ വീട്ടിൽ നിന്നിറങ്ങുമ്പോൾ ഡാഡി മടങ്ങിവരും എന്ന് എനിക്ക് അറിയാമായിരുന്നു. പക്ഷേ ഇപ്പോൾ....

(തുടരും)

Related Stories

No stories found.
Pappappa
pappappa.com