ബേ വാച്ച് കാണാൻ പറഞ്ഞ,ടൈം മാ​ഗസിൻ വായിക്കാൻ നിർബന്ധിച്ച ഡാഡി

'അച്ഛൻ ഒരു ഫ്ളാഷ്ബാക്ക്' ഭാ​ഗം-3
കെ.ജി.ജോർജിന്റെ പഴയ ഫോട്ടോ
കെ.ജി.ജോർജ് പഴയ ചിത്രംഅറേഞ്ച്ഡ്
Published on

കഴിഞ്ഞ ദിവസം ആൽബം പരതിയപ്പോൾ ഒരു ഫോട്ടോ കിട്ടി. ഒരു വെള്ളത്തുണിയിൽ പൊതിഞ്ഞ ഞാൻ. അത് ഡാഡിയുടെ ഒരു ലൊക്കേഷൻ സ്റ്റിൽ ആയിരുന്നു എന്നുവേണമെങ്കിൽ പറയാം. ഇതേ പ്രായത്തിലാണ് ആ സിനിമയിൽ ഞാൻ അഭിനയിച്ചത്. 'ലേഖയുടെ മരണം ഒരു ഫ്ളാഷ് ബാക്ക്' ആയിരുന്നു ആ സിനിമ. അതിൽ ലേഖ സിനിമാനടിയായതിനുശേഷമുള്ള ഒരു സീനിലാണ് കൈക്കുഞ്ഞായി ഞാൻ അഭിനയിച്ചത്. സിനിമയ്ക്കുള്ളിലെ മറ്റൊരു സിനിമയുടെ ഷൂട്ടിങ് രം​ഗത്തിൽ.

ലേഖ അഭിനയിക്കുന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെ കൈയിൽ പിടിച്ചിരിക്കുന്ന പിഞ്ചുകുഞ്ഞായിട്ടാണ് ഡാഡി എന്നെ അഭിനയിപ്പിച്ചത്. അതിന്റെ ഓർമകൾ പിന്നീട് ഡാഡി പറഞ്ഞിട്ടുണ്ട്. ആ സീനിൽ കുഞ്ഞ് കരയണം. പക്ഷേ ഞാൻ എത്രശ്രമിച്ചിട്ടും കരയുന്നില്ല. അവസാനം ആരോ എന്നോ നുള്ളിനോവിച്ചപ്പോഴാണ് ഞാൻ കരഞ്ഞത്.

ഞാനും സഹോദരനും വളർന്നത് ഡാഡിയുടെ കൃത്യമായ പ്ലാനിങ്ങിന് അനുസരിച്ചുതന്നെയാണ്. ഒരു സീനോ ഷോട്ടോ ചിത്രീകരിക്കുന്ന അതേ സൂക്ഷ്മതയോടെയും വ്യക്തതയോടെയുമാണ് അദ്ദേഹം ഞങ്ങളുടെ ബാല്യകാലത്തെ ഓരോ ഘട്ടവും സംവിധാനം ചെയ്തത്. അച്ഛൻ എന്ന നിലയിലും കെ.ജി.ജോർജ് മികച്ച ഒരു സംവിധായകനായിരുന്നു. ഞാൻ ചിന്മയ വിദ്യാലയത്തിൽ പഠിക്കുമ്പോൾ ഫാൻസിഡ്രസ്,ലളിത​ഗാനം,ഡ്രോയിങ് ഇവയിലെല്ലാം മത്സരിക്കുമായിരുന്നു. അതുപോലെ തന്നെ എന്റെ സഹോദരനും. കലാമത്സരങ്ങളിലൊക്കെ പങ്കെടുക്കണമെന്ന് ഡാഡിയും മമ്മിയും എപ്പോഴും പറഞ്ഞിരുന്നു. ഞങ്ങൾ അത് അനുസരിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തുകയും ചെയ്തു. ക്രിയേറ്റിവിറ്റി കൈവിടരുത് എന്ന നിർബന്ധമായിരുന്നു അവർക്ക്. പങ്കെടുക്കുന്ന എല്ലാ മത്സരങ്ങൾക്കും ഫസ്റ്റോ സെക്കൻഡോ ഒക്കെ വാങ്ങി ഞങ്ങൾ അവരുടെ കാഴ്ചപ്പാടിനൊപ്പം നില്കുകയും ചെയ്തു. അന്നു കിട്ടിയ സർട്ടിഫിക്കറ്റുകളൊക്കെ ഇപ്പോഴും ഞങ്ങളുടെ കൈയിലുണ്ട്.

കെ.ജി.ജോർജിന്റെ മകൾ താരാ കെ.ജോർജ് പിഞ്ചുകുഞ്ഞായിരുന്നപ്പോഴുള്ള ഫോട്ടോ
താരാ കെ.ജോർജ് പിഞ്ചുകുട്ടിയായിരുന്നപ്പോൾഅറേഞ്ച്ഡ്

ഇങ്ങനെ ചെറുപ്പം തൊട്ടേ വളരെ നിറപ്പകിട്ടുള്ളതായിരുന്നു ഞങ്ങളുടെ ജീവിതം. അതോടൊപ്പം വളരെയധികം ഊർജ്വസ്വലത നിറഞ്ഞതും. ഡാഡി ഓരോ യാത്രയ്ക്ക് പോകുമ്പോഴും തിരിച്ചുവരുമ്പോൾ എന്തുകൊണ്ടുവരണമെന്ന് എന്നോട് ചോദിക്കുമായിരുന്നു. ഞാൻ പറഞ്ഞിരുന്ന ആ​ഗ്രഹങ്ങൾ ബാർബി ഡോളും ടെഡിബെയറൊന്നുമായിരുന്നില്ല. അതിനോടൊന്നും ഒരു താത്പര്യവും എനിക്ക് ഇല്ലായിരുന്നു. പകരം ട്രെയിനും റിമോർട്ട്കാറും പ്ലെയിനും ഹെലികോപ്റ്ററുമൊക്കെയാണ് ഞാൻ ഡാഡിയോട് ആവശ്യപ്പെട്ടിരുന്നത്. ഡാഡിയോട് വളരെ അറ്റാച്ച്ഡ് ആയി വളർന്നതുകൊണ്ട് എനിക്ക് എപ്പോഴും എന്റേതായ രീതികളുണ്ടായിരുന്നു. ഡാഡി എപ്പോഴും അതിന് ഒപ്പം നിന്നു.

Must Read
'നിന്റെ അച്ഛൻ ശ്രീവിദ്യയെ ഉപേക്ഷിച്ച് രണ്ടാമത് കെട്ടിയതാണ് നിന്റെ അമ്മയെ..'
കെ.ജി.ജോർജിന്റെ പഴയ ഫോട്ടോ

പെൺകുട്ടി-ആൺകുട്ടി എന്ന വിവേചനം ഒരിക്കലും വീട്ടിലുണ്ടായിട്ടില്ല. ഞാൻ ടോംബോയ്ഷ് ആറ്റിറ്റ്യൂഡിലായിരുന്നു കുട്ടിക്കാലത്തൊക്കെ. വേഷം ഷോർട്സും ടീഷർട്ടും മാത്രം. നല്ല ഉള്ളുള്ള ചുരുണ്ട മുടിയായിരുന്നു എന്റേത്. അത് ചീകിവയ്ക്കുന്നതൊക്കെ വലിയ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. സ്കൂളിൽപ്പോകുമ്പോൾ മുടികെട്ടാൻ പോയാൽ സമയം വൈകും. അതുകൊണ്ട് ഞാൻ മുടി ആൺകുട്ടികളുടേതുപോലെ വെട്ടി. ഡാഡിയെ കാണാൻ വീട്ടിൽ വരുന്നവരൊക്കെ ചോ​ദിക്കും,'സാറിന് രണ്ട് ആൺമക്കളാണോ' എന്ന്. എന്നെക്കണ്ട എല്ലാവരും വിചാരിച്ചിരുന്നത് ഞാനൊരു ആൺകുട്ടിയാണെന്നാണ്. ഡാഡിയാകട്ടെ എന്റെ രീതികൾക്ക് ഒരിക്കലും എതിരുപറഞ്ഞില്ല. പെൺകുട്ടിയായതുകൊണ്ട് ഫ്രോക്കോ പാവാടയോ ഒക്കെ മാത്രമേ ഇടാവൂ എന്നൊന്നും പറഞ്ഞ് വഴക്കിട്ടില്ല. സ്വാതന്ത്ര്യത്തിന്റേതായ ആകാശങ്ങൾ കൂടിയാണ് ഡാഡി എനിക്കായി തുറന്നിട്ടുതന്നത്.

കെ.ജി.ജോർജിന്റെയും മകൾ താരയുടെയും പഴയ ഫോട്ടോ
കെ.ജി.ജോർജും താരയും. പഴയ ചിത്രംഅറേഞ്ച്ഡ്

ടി.വി.പ്രചാരത്തിലായിത്തുടങ്ങിയ കാലമായിരുന്നു അത്. ദൂരദർശൻ മാത്രമേ അന്നുണ്ടായിരുന്നുള്ളൂ. എനിക്കിപ്പോഴും ഓർമയുണ്ട്,ഞാനും സഹോദരനും വാർത്തകാണാനായി ടി.വിക്ക് മുന്നിലിരിക്കുന്നത്. അത് ഡാഡി പറഞ്ഞിട്ടായിരുന്നു. എല്ലാവാർത്തകളും കണ്ടിരിക്കണമെന്നായിരുന്നു ഡാഡിയുടെ നിർദേശം. അങ്ങനെ ഇം​ഗ്ലീഷ് വാർത്തകളും ലോകവാർത്തകളും ഞങ്ങൾ സ്ഥിരമായി കണ്ടു. ഇം​ഗ്ലീഷ് ഭാഷയിൽ ഞങ്ങൾ നല്ല സ്ട്രോങ് ആയിരിക്കണമെന്നും അതിന് ടി.വിയിലെ ഇം​ഗ്ലീഷ് വാർത്തകൾ കാണുന്നത് സഹായിക്കുമെന്നും ഡാഡി പറഞ്ഞിരുന്നു. ഇം​ഗ്ലീഷ് ഭാഷ പഠിക്കുന്നതിനൊപ്പം അത് പാശ്ചാത്യരുടെ ശൈലിയിൽ തന്നെ ഉച്ചരിക്കണമെന്ന നിഷ്കർഷ അദ്ദേഹത്തിനുണ്ടായിരുന്നു. സിനിമയിലെ ഡീറ്റയിലിങ് പോലെ തന്നെയായിരുന്നു ഇക്കാര്യത്തിലെല്ലാമുള്ള അദ്ദേഹത്തിന്റെ സമീപനം. ഞങ്ങൾ മടികാണിച്ചാലും രാവിലെയും വൈകീട്ടും ടി.വിക്ക് മുന്നിൽ പിടിച്ചിരുത്തി വാർത്ത കേൾപ്പിക്കും. അതിൽ ഞങ്ങൾക്ക് മറ്റ് ഓപ്ഷനുകളില്ലായിരുന്നു. ഭാഷാപഠനത്തിനൊപ്പം ലോകവിവരമുണ്ടാകുക എന്ന ഉദ്ദേശ്യം കൂടി ഇതിന് പിന്നിലുണ്ടായിരുന്നു.

കെ.ജി.ജോർജിന്റെ പഴയ ഫോട്ടോ
കെ.ജി.ജോർജ്. പഴയ ചിത്രംഅറേഞ്ച്ഡ്

കേബിൾ ടി.വിയിലൂടെ ബി.ബി.സി,സി.എൻ.എൻ,സ്റ്റാർവേൾഡ് ഒക്കെ വന്നപ്പോൾ കാഴ്ച കുറേക്കൂടി വിശാലമാക്കിത്തന്നു,ഡാഡി. ലോകവാർത്തകൾ കേൾക്കാൻ പുതിയ ചാനലുകളായി. ബി.ബി.സിയും സി.എൻ.എന്നും ഞങ്ങൾ കാണുന്നുണ്ടെന്ന് ഡാഡി എപ്പോഴും ഉറപ്പുവരുത്തി. അതുപോലെ സ്റ്റാർ വേൾഡിലെ 'ബേ വാച്ച്','90210' തുടങ്ങിയവയൊക്ക കാണാൻ നിർബന്ധിച്ചതും അദ്ദേഹം തന്നെ. ഹോളിവുഡ് ആക്സന്റ് കിട്ടാൻ വേണ്ടിയിട്ടായിരുന്നു ഇത്. വായനയിലും ഞാനും സഹോദരനും വളരെ പിന്നിലായിരുന്നു. അതുകൊണ്ട് ഞങ്ങൾക്ക് ഇം​ഗ്ലീഷ് ഭാഷയിൽ സ്വാധീനം കിട്ടാൻ ടെലിവിഷനെ ഉപകരണമാക്കുകയായിരുന്നു ഡാഡി. സർക്കാർ സ്കൂളുകളിലൊക്കെ പഠിച്ചതുകൊണ്ട് മലയാളം വലിയ പ്രശ്നമുണ്ടായിരുന്നില്ല. പക്ഷേ അതുപോലെ തന്നെ ഇം​ഗ്ലീഷും വഴങ്ങണമെന്നായിരുന്നു ഡാഡി എപ്പോഴും പറഞ്ഞിരുന്നത്.

എനിക്ക് ഏറ്റവും ഇഷ്ടമുള്ള കുട്ടിക്കാല ഓർമ,അല്ലെങ്കിൽ ഞാൻ എന്നും ഓർക്കാനാ​ഗ്രിക്കുന്ന കുട്ടിക്കാല ദൃശ്യം ‍ഞങ്ങളുടെ തീൻമേശാസംസാരങ്ങളാണ്. എല്ലാദിവസവും ഒരുനേരത്തെ ഭക്ഷണം ഞങ്ങൾ നാലുപേരും (ഡാഡി,മമ്മി,ഞാൻ,സഹോദരൻ) ഒരുമിച്ചിരുന്ന് കഴിക്കണമെന്ന് ഡാഡിക്ക് നിർബന്ധമായിരുന്നു. അത് ബ്രേക്ക് ഫാസ്റ്റോ,ലഞ്ചോ,ഡിന്നറോ ആകാം. ഞങ്ങൾ സ്കൂളിൽ പോകുന്നതുകൊണ്ട് മിക്കപ്പോഴും ഡിന്നറായിരുന്നു ഒരുമിച്ചിരുന്ന് കഴിച്ചിരുന്നത്. വെറുതെ മിണ്ടാതിരുന്ന് ഭക്ഷണം കഴിക്കുകയായിരുന്നില്ല രീതി. ആ അവസരത്തെയും ഡാഡി ഞങ്ങൾക്ക് വേണ്ടി ഫലപ്രദമായി വിനിയോ​ഗിച്ചു. മാസികകളിലൂടെയും പുസ്തകങ്ങളിലൂടെയും കിട്ടിയ പുതിയപുതിയ അറിവുകൾ സമ്മാനിക്കാനുള്ള വേദിയായിരുന്നു അദ്ദേഹത്തിനത്.

കെ.ജി.ജോർജിന്റെ പുസ്തകശേഖരത്തിന് മുന്നിൽ മകൾ താരാ കെ.ജോർജ്
കെ.ജി.ജോർജിന്റെ പുസ്തകശേഖരത്തിനരികെ താരപപ്പപ്പ

ഉദാഹരണത്തിന് ആ ആഴ്ചയിലെ ടൈം മാ​ഗസിനെക്കുറിച്ചായിരിക്കും ചിലപ്പോൾ സംസാരം. അതിന്റെ കവർ,ഉള്ളടക്കം എല്ലാം വിശദീകരിക്കും. കവർഫോട്ടോയുടെ റിപ്പോർട്ട് ഏതുപേജിലാണെന്ന് കൃത്യമായി ഓർത്തുപറഞ്ഞിട്ട്,അത് എടുത്തുനോക്കണമെന്ന് ‍ഞങ്ങളോട് നിർദേശിക്കും. ടൈം മാ​ഗസിൻ ഞാനും സഹോദരനും വായിക്കാൻ പോകുന്നില്ലെന്ന് ഡാഡിക്കറിയാം. അതുകൊണ്ടാണ് കവർ പേജിലുള്ള കാര്യമെങ്കിലും വായിക്കണമെങ്കിൽ വായിക്കട്ടെ എന്നുകരുതിയാണ് പേജ് നമ്പർ സഹിതം പറഞ്ഞുതന്നിരുന്നത്. എന്നിട്ടും ഞങ്ങൾ വായിച്ചില്ലെങ്കിൽ പിന്നീട് ഡാഡി തന്നെ വായിച്ചുകേൾപ്പിക്കും. മാസികകളിലെ കാര്യങ്ങൾ മാത്രമല്ല,പുതുതായി വായിച്ച പുസ്തകത്തെക്കുറിച്ചും കണ്ട സിനിമകളെക്കുറിച്ചുമൊക്കെ ഡാഡി സംസാരിച്ചുകൊണ്ടേയിരുന്നു.

അതുകൊണ്ടുതന്നെ ഒരുമിച്ചിരുന്ന അത്താഴം ഞങ്ങളെ സംബന്ധിച്ചിടത്തോളം വളരെ മൂല്യമുള്ളതായിരുന്നു. അറിവുകളുടെ വലിയൊരു ഖനിയായിരുന്നു ഡാഡി. അദ്ദേഹം തീൻമേശയിൽ അതിന്റെ പങ്കുകൾ ഞങ്ങൾക്കായി സ്നേഹപൂർവം വിളമ്പിവെച്ചു. ഭക്ഷണത്തിനപ്പോൾ രുചിയും മണവും മാത്രമല്ല അറിവുകളുടെ ചൂടുകൂടിയുണ്ടായി. അതുകൊണ്ടുതന്നെ തണുത്തതായിരുന്നില്ല ആ തീൻമേശയും രാത്രികളും.

ഏതു വിഷയവുമാകട്ടെ, അതിലുള്ള അറിവുതേടി ഞങ്ങൾ രണ്ടുമക്കളും പുറത്തുപോകരുതെന്ന് ഡാഡിക്ക് നിഷ്കർഷയുണ്ടായിരുന്നു. അതിനായി അദ്ദേഹം ലോകത്തെ എല്ലാ വിഷയങ്ങളെയും കുറിച്ചുള്ള പുസ്തകങ്ങൾ വാങ്ങിച്ചുകൂട്ടി. സയൻസ് ആന്റ് ടെക്നോളജി,സിനിമ, ആർട്ട്,ജീവജാലങ്ങൾ, പരിണാമം,മനുഷ്യശരീരം തുടങ്ങി വിവിധ യന്ത്രങ്ങൾ എങ്ങനെ പ്രവർത്തിക്കുന്നു എന്നതിനെക്കുറിച്ചുള്ള പുസ്തകങ്ങൾ വരെ ഡാഡിയുടെ ശേഖരത്തിലുണ്ടായിരുന്നു. ഇതെല്ലാം ഞങ്ങൾക്കുവേണ്ടി,ഞങ്ങളുടെ ഭാവിയിലേക്കുള്ള ഒരു ഇൻവെസ്റ്റ്മെന്റ് പോലെ ഡാഡി വാങ്ങിയതാണ്. ചരിത്രപുസ്തകങ്ങൾ,ആത്മകഥകൾ,ജീവചരിത്രങ്ങൾ അങ്ങനെ ഏത് ഴോണറുകളിലുമുള്ള പുസ്തകങ്ങൾ. എന്തിന് വേൾഡ് അറ്റ്ലസും ഹിന്ദി നിഘണ്ടുവും വരെ ‍ഞങ്ങളുടെ വീട്ടിലുണ്ട്. ജീവിതത്തിൽ ഒരറിവിനും വേണ്ടി പുറത്തു പോകേണ്ടിവരരുത്, എല്ലാം കൈയകലത്തിലുണ്ടായിരിക്കണം. അതുപോലെ തന്നെ എന്റെ മക്കൾ എല്ലാ വിഷയത്തിലും എന്തെങ്കിലും കുറച്ച് അറിവുള്ളവരായിരിക്കണം-ഇതായിരുന്നു ഡാഡിയുടെ ചിന്ത.

 കാർയാത്രക്കിടെ കെ.ജി.ജോർജ് വായനയിൽ
കെ.ജി.ജോർജ് കാർയാത്രക്കിടെ വായനയിൽഅറേഞ്ച്ഡ്

അതുപോലെ തന്നെ എല്ലാ ഞായറാഴ്ചകളിലും ഡാഡി ഞങ്ങളെയും കൊണ്ട് പുറത്തുപോകും. തിരുവനന്തപുരത്ത് അന്നുള്ള ലൂസിയ, ജിൻസ്, മാ​ഗ്നറ്റ് തുടങ്ങിയ ഏതെങ്കിലും ഹോട്ടലിലേക്കാകും കൊണ്ടുപോകുക. സിസ് ലേഴ്സ് അല്ലെങ്കിൽ ഏതെങ്കിലും ചൈനീസ് വിഭവങ്ങളൊക്കെയാകും ഞങ്ങൾ ഓർഡർ ചെയ്യുന്നത്. ഓരോ ആഴ്ചയും ഹോട്ടലിലേക്ക് പോകും മുമ്പ് എന്തു കഴിക്കണമെന്ന് ഞങ്ങൾ നിശ്ചയിക്കും. അവിടെച്ചെന്ന് ഓർഡർ ചെയ്തു കഴിയുമ്പോൾ ഡാഡി പതിയ ചെറിയ ഡ്രിങ്ക്സ് നുണഞ്ഞിരിക്കും. ഫൺ ...അക്കാലത്തെ ജീവിതത്തെ വിശേഷിപ്പിക്കാൻ മറ്റൊരു വാക്കില്ല. അത്രയും മനോഹരമായിരുന്നു അത്. ഇതെഴുതുമ്പോഴും ഡിന്നറിന് ഒപ്പമിരുന്ന് ലോകകാര്യങ്ങൾ പറയുന്ന,ഞായറാഴ്ചകളിൽ ഹോട്ടലിലെ അരണ്ടവെളിച്ചത്തിൽ ഞങ്ങൾ ഭക്ഷണം കഴിക്കുന്നതുകണ്ട് ഡ്രിങ്ക്സ് നുണഞ്ഞ് ചെറുതായി ചിരിക്കുന്ന ഡാഡിയെ എനിക്ക് കാണാം. ആ നാളുകൾ എന്ത് മനോഹരമായിരുന്നു അല്ലേ ഡാഡീ...

(തുടരും)

Related Stories

No stories found.
Pappappa
pappappa.com