'നിന്റെ അച്ഛൻ ശ്രീവിദ്യയെ ഉപേക്ഷിച്ച് രണ്ടാമത് കെട്ടിയതാണ് നിന്റെ അമ്മയെ..'

'അച്ഛൻ‍ ഒരു ഫ്ളാഷ് ബാക്ക്' ഭാ​ഗം-2
കെ.ജി.ജോർജ് മക്കളായ താരയ്ക്കും അരുണിനുമൊപ്പം'മറ്റൊരാൾ' ലൊക്കേഷനിൽ
താരയും സഹോദരൻ അരുണും കുട്ടിക്കാലത്ത് അച്ഛൻ കെ.ജി.ജോർജിനൊപ്പം 'മറ്റൊരാൾ' ലൊക്കേഷനിൽഅറേഞ്ച്ഡ്
Published on

ഡാഡിയെക്കുറിച്ചുള്ള എന്റെ ഓർമക്കുറിപ്പുകളുടെ ആദ്യഭാ​ഗം പ്രസിദ്ധീകരിക്കപ്പെട്ട ദിവസം തന്നെ സന്തോഷവും അഭിമാനവും കലർന്ന ഒരു അനുഭവമുണ്ടായി. ഡാഡിയുടെ ആദ്യസിനിമയായ 'സ്വപ്നാടന'ത്തിന് ലഭിച്ച ദേശീയ അവാർഡിന്റെ സർട്ടിഫിക്കറ്റ് എനിക്ക് തിരികെക്കിട്ടി. വർഷങ്ങൾക്ക് മുമ്പ് ഡാഡി തന്നെ തുടക്കമിട്ട മലയാളം സിനി ടെക്നീഷൻസ് അസോസിയേഷ(മാക്ട)ന്റെ നേതൃത്വത്തിലുള്ള കെ.ജി.ജോർജ് ഫിലിം ഫെസ്റ്റിവലിൽവെച്ച് അത് സ്വീകരിച്ചപ്പോൾ എന്നോ നഷ്ടപ്പെട്ടുപോയ വലിയൊരു നിധി വീണ്ടും കൈയിലെത്തിയതുപോലെയാണ് തോന്നിയത്. ഡാഡിയുടെ സ്വപ്നം വീണ്ടും ഞങ്ങളിലേക്ക്. ഇനി അദ്ദേഹത്തിന് കിട്ടിയ അവാർഡുകളുടെ വലിയ നിരയ്ക്കൊപ്പം വീട്ടിൽ ഇതുമുണ്ടാകും.

'സ്വപ്നാടന'ത്തിന്റെ അവാർഡ് സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടുപോയ കാര്യം മമ്മി എപ്പോഴും പറയുമായിരുന്നു. അടുത്തിടെ 'മാക്ട'യുടെ ചെയർമാൻ ജോഷി മാത്യു സാർ മമ്മിയെ വിളിച്ചുപറഞ്ഞു,സർട്ടിഫിക്കറ്റ് 'മാക്ട'യുടെ ഓഫീസിലുണ്ടെന്ന്. ആരോ ഉപേക്ഷിച്ചതോ മറന്നുവച്ചതോ പോലെ അത് ആരുടെയും ശ്രദ്ധയിൽ പെടാതെ അവിടെ ഇരിക്കുകയായിരുന്നു ഇത്രയുംകാലം. ഡാഡി 'മാക്ട'യിൽ ഏല്പിച്ചതാണോ എന്നായിരുന്നു ആദ്യം ജോഷി മാത്യു സാർ സംശയിച്ചത്. പിന്നെ മമ്മിയെ വിളിച്ചുചോദിച്ചപ്പോഴാണ് നഷ്ടപ്പെട്ട വിവരം അറിഞ്ഞത്. ഉടൻതന്നെ അത് ‍ഞങ്ങളെ തിരികെ ഏല്പിക്കാനുള്ള ശ്രമത്തിലായി 'മാക്ട'ഭാരവാഹികൾ. അങ്ങനെയാണ് ഡാഡിയുടെ പേരിലുള്ള ഫിലിംഫെസ്റ്റിവലിൽവെച്ച് അത് കൈമാറിയത്. ആ സമയം കേരളത്തിലുണ്ടാകാനും,ആ സർട്ടിഫിക്കറ്റ് ‍ഏറ്റുവാങ്ങാനും, അന്നുതന്നെ ഡാഡിയെക്കുറിച്ചുള്ള എന്റെ കുറിപ്പുകൾ പ്രസിദ്ധീകരിക്കപ്പെടാനുമൊക്കെ ഇടയായതിൽ എവിടെയോ ഡാഡിയുടെ അനു​ഗ്രഹം ഞാൻ കാണുന്നു. നിയോ​ഗം എന്നും വിളിക്കാം അതിനെ. 'മാക്ട'യ്ക്ക് നന്ദി,ഡാഡിയുടെ(ഞങ്ങളുടെയും) സ്വപ്നത്തെ തിരികെത്തന്നതിന്..

Must Read
അച്ഛാ..ഇനിയും പകൽക്കിളിയായി പാടിയെത്തുക...
കെ.ജി.ജോർജ് മക്കളായ താരയ്ക്കും അരുണിനുമൊപ്പം'മറ്റൊരാൾ' ലൊക്കേഷനിൽ

കുറച്ചുനാൾ മുമ്പ് ബ്ലസി അങ്കിൾ പറഞ്ഞു,ഡാഡിയുടെ കൈയക്ഷരത്തിലുള്ള 'സ്വപ്നാടന'ത്തിന്റെ തിരക്കഥ അദ്ദേഹത്തിന് പരിചയമുള്ള ഒരാളുടെ കൈയിലിരിപ്പുണ്ടെന്ന്. ഡാഡിയിൽ നിന്ന് എന്നെങ്കിലും വാങ്ങിക്കൊണ്ടുപോയതാകണം. അതുപോലെ ഡാഡിയുമായി ബന്ധപ്പെട്ട ഒരുപാട് അമൂല്യമായ രേഖകളും വസ്തുക്കളും ഞങ്ങൾക്ക് നഷ്ടപ്പെട്ടിട്ടുണ്ട്. റിസർച്ച്,ഡോക്യുമെന്ററി എന്നൊക്കെയുള്ള പേരിൽ പലരും പലതും ഡാഡിയുടെ കൈയിൽ നിന്ന് കൊണ്ടുപോയി. സിനിമയെ സ്നേഹിച്ചുവരുന്നവരായതുകൊണ്ട് ഡാഡി ആരോടും 'നോ' പറഞ്ഞില്ല.

പക്ഷേ വാങ്ങിയവരിൽ പലരും അതൊന്നും മടക്കിത്തന്നില്ല. ചിലപ്പോൾ അവരുടെ വീടിന്റെ ഏതെ​ങ്കിലും മൂലയിൽ ആരും കാണാതെ അത് കാണും. ചിലപ്പോൾ ചിതലരിച്ച് കാണും. അതല്ലെങ്കിൽ അവരുടെ അടുത്ത തലമുറ നശിപ്പിച്ചോ വിറ്റോ കാണും. പക്ഷേ അതൊക്കെ ഞങ്ങളുടെ വിലപിടിപ്പുള്ള സമ്പത്തായിരുന്നു. അതിന്റെ വില വാങ്ങിക്കൊണ്ടുപോയവർക്ക് മനസ്സിലാകില്ല. അതിൽ ഒരു ഫിലിംമേക്കറുടെ ആത്മാവ് ഇന്നുമുണ്ട്. ഡാഡിയുടെ ഒരുപാട് രാത്രികളുടെയും പകലുകളുടെയും അധ്വാനത്തിന്റെ ഫലമായിരുന്നു അവയൊക്കെ. നിങ്ങൾ നിസാരമായി കണ്ടത് ഞങ്ങൾക്ക് ജീവനോളം വിലയുള്ളവയാണ്. എനിക്ക് എന്റെ ഡാഡിയുടെ ഓർമയും,സ്മാരകവുമെല്ലാമാണത്.

കെജി.ജോർജിന് സ്വപ്നാടനത്തിന് ലഭിച്ച ദേശീയ അവാർഡ് സർട്ടിഫിക്കറ്റുമായി മകൾ താരാ കെ.ജോർജ്
കെജി.ജോർജിന് 'സ്വപ്നാടന'ത്തിന് ലഭിച്ച ദേശീയ അവാർഡ് സർട്ടിഫിക്കറ്റുമായി താരാ കെ.ജോർജ്അറേഞ്ച്ഡ്

അതുകൊണ്ട് ഡാഡിയിൽ നിന്ന് വാങ്ങിക്കൊണ്ടുപോയ അദ്ദേഹത്തിന്റെ തിരക്കഥകൾ,മറ്റുരേഖകൾ,അവാർഡ് സർട്ടിഫിക്കറ്റുകൾ, ചിത്രങ്ങൾ, പുസ്തകങ്ങൾ ഇവയൊക്കെ ആരുടെയെങ്കിലും കൈവശമുണ്ടെങ്കിൽ ദയവായി തിരികെത്തരിക. നിങ്ങളോടിത് പറയാൻ എനിക്ക് വേറെ മാർ​ഗമില്ല. നിങ്ങളിലാരെങ്കിലുമൊക്കെ ഇതുവായിക്കും എന്ന പ്രതീക്ഷയിലെഴുതുന്നതാണ്. ഇതൊരു അപേക്ഷയാണ്. നിങ്ങളോട് യാതൊരു പിണക്കമോ ഇത്രയും കാലം തിരികെത്തരാത്തതിൽ ദേഷ്യമോ ഒന്നുമില്ല. അതൊരു മറവിയായി മാത്രമേ ഞാൻ കാണുന്നുള്ളൂ. പ്ലീസ്...അത് തിരിച്ചുതരിക...

ഭാര്യ സെൽമയ്ക്കും മക്കളായ അരുണിനും താരയ്ക്കുമൊപ്പമുള്ള കെ.ജി.ജോർജിന്റെ പഴയഫോട്ടോ
കെ.ജി.ജോർജ് ഭാര്യ സെൽമയ്ക്കും മക്കളായ അരുണിനും താരയ്ക്കുമൊപ്പം. പഴയ ചിത്രംഅറേഞ്ച്ഡ്

ഇനി തിരികെ ഡാഡിയോടൊത്തുള്ള ഫ്ളാഷ്ബാക്കിലേക്ക്. ഞാനും എന്റെ സഹോദരൻ അരുൺ ജോർജും ജനിച്ചത് ചെന്നൈയിലാണെന്ന് നേരത്തെ പറഞ്ഞല്ലോ. എനിക്ക് ആറുവയസ്സുള്ളപ്പോഴാണ് ഞങ്ങൾ തിരുവനന്തപുരത്തേക്ക് താമസം മാറുന്നത്. കിന്റർ​ഗാർട്ടൻ മുതൽ ഒന്നാംക്ലാസുവരെ ഞാൻ ചിന്മയ വിദ്യാലയയിലാണ് പഠിച്ചത്. രണ്ടാംക്ലാസുമുതൽ നാലാംക്ലാസുവരെ നിർമലഭവനിൽ. പിന്നെ അഞ്ചുമുതൽ പത്താംക്ലാസുവരെ കോട്ടൻ ഹില്ലിലും. എന്റെ സഹോദരൻ പഠിച്ചത് ക്രൈസ്റ്റ് ന​ഗറിലും മോഡൽ സ്കൂളിലുമായിരുന്നു.

ഡാഡിക്ക് ഞങ്ങൾ രണ്ടുപേരും ​ഗവൺമെന്റ് സ്കൂളിൽ പഠിക്കണമെന്ന് വലിയ നിർബന്ധമായിരുന്നു. കോൺവെന്റ് സ്കൂളിൽ പഠിച്ചാൽ നമുക്ക് ഹൈ പ്രൊഫൈൽ കുട്ടികളുമായി മാത്രമേ സൗഹൃദമുണ്ടാകൂ,അല്ലെങ്കിൽ അവരുടെ റേഞ്ചിലേക്ക് നമ്മുടെ ചിന്തകളും പെരുമാറ്റവും ശൈലിയുമെല്ലാം മാറുമെന്നാണ് ഡാഡി പറഞ്ഞിരുന്നത്. ജീവിതത്തെ അറിയണമെങ്കിൽ,അതിന്റെ ചൂടും മണവുമെല്ലാം മനസ്സിലാക്കണമെങ്കിൽ സാധാരണക്കാരെപ്പോലെ സർക്കാർ സ്കൂളിൽ പഠിക്കണമെന്നായിരുന്നു അദ്ദേഹം എപ്പോഴും പറഞ്ഞിരുന്നത്. നമ്മുടെ സ്വാഭാവവും വ്യക്തിത്വവുമെല്ലാം രൂപപ്പെടുന്നത് ചെറുപ്പം തൊട്ടാണല്ലോ. അതുകൊണ്ട് സ്കൂൾകാലം വളരെ പ്രധാനമാണെന്ന് ഡാഡി വിശ്വസിച്ചു. അതിനനുസരിച്ചാണ് ഞങ്ങളുടെ വിദ്യാഭ്യാസരീതികളും അദ്ദേഹം തീരുമാനിച്ചത്.

കെ.ജെ.ജോർജിന്റെ മക്കളായ താരയുടെയും അരുണിന്റെയും കുട്ടിക്കാല ഫോട്ടോ
താരയും സഹോദരൻ അരുണും കുട്ടിക്കാലത്ത്ഫോട്ടോ- അറേഞ്ച്ഡ്

കമലേശ്വരത്താണ് ഞങ്ങൾ ആദ്യം താമസിച്ചത്. നിർമലഭവനിൽ പഠിക്കുന്ന സമയത്ത് വൈകീട്ട് സ്കൂൾ വിട്ടുവരുമ്പോൾ വീട്ടിൽ സിനിമാക്കാർ ആരെങ്കിലുമൊക്കെക്കാണും. ഡാഡിക്ക് പൂനാ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് പാരമ്പര്യമുള്ളതുകൊണ്ട് ഹിന്ദി സിനിമാരം​ഗത്തുനിന്നുള്ള പ്രശസ്തർ പലരും തിരുവനന്തപുരത്തെത്തുമ്പോൾ ഡാഡിയെ കാണാൻ വരും. എനിക്കിപ്പോഴും ഓർമയുണ്ട്. ഒരു ദിവസം വൈകീട്ട് സ്കൂൾ വിട്ടുവരുമ്പോൾ ഞങ്ങളുടെ സ്വീകരണമുറിയിലിരുന്നത് നീന ​ഗുപ്തയാണ്. പിങ്ക് സാരിയും പിങ്ക് ബ്ലൗസുമായിരുന്നു വേഷം. ബ്ലാക്ക് മെറ്റലിന്റെ വളകളും മാലകളും കമ്മലുകളുമാണ് അവർ ധരിച്ചിരുന്നത്. എന്റെയുള്ളിലെ കുട്ടിക്ക് അതൊരു സിനിമാദൃശ്യംപോലെയാണ് തോന്നിയത്. എന്തുരസമായിരുന്നു അവരെക്കാണാൻ! ഇന്നലെകണ്ടപോലെ എന്റെയുള്ളിൽ അന്നുകണ്ട നീന ​ഗുപ്ത ഇന്നുമുണ്ട്. മറ്റൊരു വൈകുന്നേരം ഡാഡിക്കൊപ്പം ചായകുടിച്ചുകൊണ്ടിരുന്നത് റാസ മുറാദ് എന്ന നടനാണ്. ജയ ബച്ചനും ഞങ്ങളുടെ തിരുവനന്തപുരത്തെ വീട്ടിൽ വന്നിട്ടുണ്ട്.

പൂനാ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ഡിപ്ലോമ നേടിയ മലയാളികളുടെ പട്ടിക(1976 വരെയുള്ളത്) അടൂർ ​ഗോപാലകൃഷ്ണൻ,ജോൺ എബ്രഹാം,ഷാജി എൻ കരുൺ തുടങ്ങിയവരുടെ പേരുകൾ ഇതിലുണ്ട്
പൂനാ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ഡിപ്ലോമ നേടിയ മലയാളികളുടെ പട്ടിക(1976 വരെയുള്ളത്) അടൂർ ​ഗോപാലകൃഷ്ണൻ,ജോൺ എബ്രഹാം,ഷാജി എൻ കരുൺ തുടങ്ങിയ പേരുകൾ ഇതിൽ കാണാംകെ.ജി.ജോർജിന്റെ ശേഖരത്തിൽ നിന്ന്

മലയാളസിനിമയിലെ തുടക്കക്കാരെല്ലാം അന്ന് ഡാഡിയെ കാണാൻ സ്ഥിരമായിവരും. കെ.ബി.​ഗണേഷ് കുമാർ,ബൈജു തുടങ്ങിയവരെയൊക്കെ ഓർക്കുന്നു. ഇതുകൂടാതെ ഡാഡിയുമായി ചർച്ചകൾക്കെത്തുന്ന സംവിധായകർ,എഴുത്തുകാർ,ടെക്നീഷ്യന്മാർ എന്നിവരുടെ നിര വേറെ. ഇങ്ങനെ എപ്പോഴും സിനിമ മാത്രം നിറഞ്ഞുനിന്നതായിരുന്നു ഞങ്ങളുടെ വീട്. ഏതെങ്കിലും സിനിമാക്കാരെത്തുന്നുണ്ടോ എന്നറിയാൻ അയൽപക്കക്കാരുടെ ഒരു കണ്ണ് എപ്പോഴും ഞങ്ങളുടെ വീട്ടിലായിരിക്കും. ആരെങ്കിലും വന്നാൽ അവരെ പരിചയപ്പെടാനും സംസാരിക്കാനും അടുത്ത് താമസിക്കുന്നവർ ഓടിവരും. അന്നൊന്നും സെൽഫിയില്ലല്ലോ! അതുകൊണ്ട് പരിചയപ്പെടലും രണ്ടോ മൂന്നോ മിനിറ്റിലെ സംസാരവും മാത്രമായിരുന്നു അവർക്കൊക്കെ എല്ലാക്കാലത്തേക്കുമുള്ള ഓർമ.

മമ്മി പറഞ്ഞൊരു കഥയാണ്. 'ആദാമിന്റെ വാരിയെല്ലി'ന്റെ ഷൂട്ടിങ് സമയം. കൊച്ചിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് ഫ്ളൈറ്റിൽ വരികയാണ് ഞങ്ങൾ. എനിക്കന്ന് രണ്ടോ മൂന്നോ വയസ്സേയുള്ളൂ. വിമാനം പറന്നുതുടങ്ങിയപ്പോൾ ഞാൻ മമ്മിയുടെ മടിയിൽ നിന്നിറങ്ങി അതിനുള്ളിലൂടെ ഓടിനടക്കാൻ തുടങ്ങി. അന്നേ അത്തരമൊരു പ്രകൃതമായിരുന്നു എനിക്ക്. ക്യാബിൻക്രൂവൊക്കെ എന്നെ ലാളിച്ചു.(അതേ ഞാൻ വർഷങ്ങൾ കഴിഞ്ഞപ്പോൾ വിവിധ എയർലൈനുകളിൽ ക്യാബിൻ ക്രൂവായി എന്നത് മറ്റൊരു യാദൃച്ഛികത) വിമാനത്തിലെ യാത്രക്കാരെല്ലാം എന്റെ കുസൃതികൾ ശ്രദ്ധിച്ചു. ലാൻഡ് ചെയ്ത് ഞങ്ങൾ പുറത്തേക്കിറങ്ങുമ്പോഴാണ് അതേ വിമാനത്തിൽ യാത്രചെയ്തിരുന്ന നടി ശ്രീവിദ്യയെ കണ്ടത്. അവരും വിമാനത്തിനുള്ളിലെ എന്റെ കുട്ടിക്കളികൾ കണ്ടിരുന്നു. ഡാഡിക്കും മമ്മിക്കുമൊപ്പം എന്നെ കണ്ടപ്പോൾ ശ്രീവിദ്യ അന്ന് പറഞ്ഞത്രേ, 'ഓാാ..എനിക്കപ്പോഴേ തോന്നി...ഇതേതോ കലാകാരന്റെ മകളാണെന്ന്...ഇപ്പോ എനിക്ക് മനസ്സിലായി..എന്റെ ഊഹം കറക്ടായിരുന്നു..'

കെ.ജി.ജോർജ് സംവിധാനം ചെയ്ത ആദാമിന്റെ വാരിയെല്ല് എന്ന സിനിമയിൽ ശ്രീവിദ്യ
'ആദാമിന്റെ വാരിയെല്ല്' എന്ന സിനിമയിൽ ശ്രീവിദ്യഅറേഞ്ച്ഡ്

ഇതേ ശ്രീവിദ്യയുടെ പേരിൽ ഞാൻ പിന്നീടൊരിക്കൽ ഒരുപാട് കരഞ്ഞു. ഒരിക്കലും മറക്കാനാകില്ല ആ സംഭവം. പണ്ടേ ഡാഡിയെപ്പറ്റിയുള്ള ഒരു റൂമറാണ് ശ്രീവിദ്യയാണ് ഡാഡിയുടെ ആദ്യ ഭാര്യ എന്നത്. ശ്രീവിദ്യയെ ഉപേക്ഷിച്ചശേഷമാണ് ഡാഡി മമ്മിയെ കല്യാണം കഴിച്ചതെന്നാണ് അന്നൊക്കെ പലരും പറഞ്ഞിരുന്നത്. ആരാണ് ഈ കഥയുണ്ടാക്കിയതെന്ന് ഞങ്ങൾക്കറിയില്ല. പക്ഷേ ഇപ്പോഴും പലരും വിശ്വസിച്ചിരിക്കുന്നത് ഡാഡിയുടെ ആദ്യ ഭാര്യ ശ്രീവിദ്യയാണെന്നാണ്. ഒരു ചോദ്യചിഹ്നമായി ഇന്നും ആ കഥ തുടരുന്നു..പക്ഷേ അത് ഞങ്ങൾക്ക് പലപ്പോഴും തന്നത് വേദന മാത്രം.

ഞാൻ നിർമലഭവനിൽ നാലാംക്ലാസിൽ പഠിക്കുമ്പോഴാണ് ആ സംഭവമുണ്ടായത്. എന്നെയും സഹോദരനെയും സ്കൂളിൽ കൊണ്ടുവിടുന്നത് ഞങ്ങൾക്കന്നുണ്ടായിരുന്ന അംബാസിഡർ കാറിലാണ്. മോഹൻ അങ്കിൾ എന്നയാളാണ് അതിന്റെ ഡ്രൈവർ. ഒരുദിവസം ഉച്ചയ്ക്ക് ല‍ഞ്ച് ബ്രേക്ക് കഴി‍ഞ്ഞപ്പോൾ ക്ലാസിൽപഠിക്കുന്ന ഒരു കുട്ടി എന്റെയടുത്തേക്ക് വന്നു പറയുകയാണ്: 'നിന്റെ അച്ഛൻ ശ്രീവിദ്യയെ ഉപേക്ഷിച്ച് രണ്ടാമത് കെട്ടിയതാണ് നിന്റെ അമ്മയെ..നിന്റെ അമ്മ രണ്ടാനമ്മയാണ്...'അങ്ങനെ എന്നെ വിഷമിപ്പിക്കുന്ന തരത്തിൽ എന്തൊക്കയോ ആ കുട്ടി പറഞ്ഞു. എനിക്ക് ഭയങ്കരവിഷമമായി. ഞാൻ കരയാൻതുടങ്ങി. അതൊരു വലിയ നിലവിളിയായപ്പോൾ ടീച്ചർമാരൊക്കെ വിവരമറിഞ്ഞു. എന്നിട്ടും എന്റെ കരച്ചിൽ നിന്നില്ല. അവസാനം അവർ എന്നെ മോഹൻ അങ്കിളിനെ ഏല്പിച്ചു പറഞ്ഞു, 'സ്കൂളിൽ കുറച്ച് പ്രശ്നമൊക്കെയുണ്ടായി..അതൊക്കെ സോൾവ് ചെയ്തിട്ടുണ്ട്..ഇപ്പോ കുഴപ്പമൊന്നുമില്ല...' അവരും ആകെ പേടിച്ചുപോയി.

കെ.ജി.ജോർജിന്റെ പഴയ ഫോട്ടോ
കെ.ജി.ജോർജിന്റെ പഴയകാല ചിത്രംഅറേഞ്ച്ഡ്

വീട്ടിൽ വന്നപ്പോൾ ഞാൻ വീണ്ടും കരയാൻ തുടങ്ങി. മമ്മി ചോദിച്ചു, 'എന്തിനാ നീയിങ്ങനെ കരയുന്നതെ'ന്ന്. 'ഡാഡിയെപ്പറ്റി സ്കൂളിൽ കുട്ടികൾ ഓരോന്നുപറയുന്നു...'എന്ന് കരഞ്ഞുകൊണ്ട് പറഞ്ഞ്, ഞാൻ സ്കൂളിൽ നടന്നതൊക്കെ വിവരിച്ചു. 'അതൊന്നും കാര്യമാക്കേണ്ടെ'ന്ന് പറഞ്ഞ് മമ്മി എന്നെ ആശ്വസിപ്പിച്ചു. വൈകീട്ട് ഡാഡി വന്നപ്പോൾ ഞാൻ ചോദിച്ചു, 'ഡാഡീ.. സ്കൂളിലെ കുട്ടികൾ പറയുന്നത് സത്യമാണോ..?' ഞാനൊരു നാലാം ക്ലാസുകാരിയായിരുന്നിട്ടും,ഒന്നും മനസ്സിലാക്കാനുള്ള പ്രായമാകാതിരുന്നിട്ടും ഡാഡി എന്നോട് പറഞ്ഞു: 'ഒരിക്കലുമല്ല മോളേ...ശ്രീവിദ്യ, ഞാൻ ഏറ്റവും കൂടുതൽ ആരാധിക്കുന്ന നടിയും സ്ത്രീയുമാണ്. അതിനപ്പുറമൊന്നുമില്ല.' മമ്മിയെയും എന്റെ സഹോദരനെയും സാക്ഷിയാക്കിയാണ് ഡാഡി ഇത് എന്നോട് പറഞ്ഞത്. ഞാൻ മുതിർന്നപ്പോൾ ഡാഡി പിന്നീട് പലപ്പോഴും പറഞ്ഞിട്ടുണ്ട്, ശ്രീവിദ്യയെ നടിയെന്നും സ്ത്രീയെന്നുമുള്ള നിലയ്ക്കാണ് ആരാധിച്ചിരുന്നതെന്നും,ഇഷ്ടപ്പെട്ടിരുന്നതെന്നും ബഹുമാനിച്ചിരുന്നതെന്നും...ഡാഡി എന്നോട് പ്രോമിസ് ചെയ്യുകയായിരുന്നു എന്നുവേണമെങ്കിൽ പറയാം..

(നീ വിഷമിക്കേണ്ടെന്ന് പറഞ്ഞ മമ്മി ആ കുട്ടിയോട് പോയി തിരിച്ചുപറയേണ്ട ചിലകാര്യങ്ങളും എനിക്ക് പറഞ്ഞുതന്നു. ഞാൻ അതുപോലെ തന്നെ പോയിപ്പറഞ്ഞു. അപ്പോൾ ആ കുട്ടി വലിയ കരച്ചിലായി എന്നത് ഇതിന്റെ ക്ലൈമാക്സ്!)

ഭാര്യ സെൽമയ്ക്കും മകൾ താരയ്ക്കുമൊപ്പം കെ.ജി.ജോർജ്
കെ.ജി.ജോർജ്,ഭാര്യ സെൽമ,മകൾ താരഫോട്ടോ-അറേഞ്ച്ഡ്

ഡാഡി മരിച്ചിട്ടും, സ്കൂളിലെ ആ ഉച്ചനേരം എന്റെയുള്ളിൽ നിന്ന് മാഞ്ഞുപോയിട്ടില്ല. ആ ദിവസം എനിക്ക് മനസ്സിലായി എന്റെ ഡാഡി ആരാണെന്നും എങ്ങനെയുള്ള ഒരു മനുഷ്യനാണെന്നും...ഡാഡിയുടെ വാക്കുകൾ എനിക്ക് കിട്ടിയ ഒരുറപ്പായിരുന്നു. അതിനപ്പുറം വേറെയൊരു ഉറപ്പ് എനിക്ക് ആവശ്യമുണ്ടായിരുന്നില്ല. ഇന്നിപ്പോൾ പണ്ടത്തെ ആ കഥയൊക്കെ വെറും കെട്ടുകഥയാണെന്ന് ഡാഡിയുടെ പിന്നീടുള്ള അഭിമുഖങ്ങളിലൂടെയും മറ്റുപലരുടെയും സാക്ഷ്യങ്ങളിലൂടെയുമൊക്കെ കുറേപ്പേരെങ്കിലും മനസ്സിലാക്കിക്കഴിഞ്ഞു. പക്ഷേ എന്റെ അന്നത്തെ അവസ്ഥ ഒന്ന് ആലോചിച്ചുനോക്കൂ...പെൺകുട്ടികൾ അച്ഛൻ കുട്ടികളാണല്ലോ..നമ്മൾ ആരാധിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന നമ്മുടെ അച്ഛനെപ്പറ്റി ഇങ്ങനെയൊക്കെ കേൾക്കുമ്പോൾ നമുക്കുണ്ടാകുന്ന വേദന,നമ്മുടെ അപ്പോഴത്തെ മാനസികാവസ്ഥ അതൊന്നും പറഞ്ഞറിയിക്കാനാകില്ല.

പക്ഷേ ഇപ്പോഴും ചിലരെങ്കിലും ആ പഴയ കഥ വിശ്വസിക്കുന്നുവെന്നതാണ് സങ്കടം. ഒന്നുരണ്ടുവർഷം മുമ്പ് ഖത്തറിൽവെച്ച് എന്റെയൊരു സുഹൃത്തിന്റെ അമ്മയെ പരിചയപ്പെട്ടു. അവർ വർഷങ്ങളായി യു.എസിലാണ്. 'ഇത് കെ.ജി.ജോർജിന്റെ മകളാണ്' എന്നുപറഞ്ഞ് സുഹൃത്ത് എന്നെ പരിചയപ്പെടുത്തിയപ്പോൾ അമ്മ ഉടൻ ചോദിച്ചു: 'ങ്ഹാ...എനിക്കറിയാം..ശ്രീവിദ്യയുടെ ഭർത്താവല്ലേ...'

കെ.ജി.ജോർജിനും ഭാര്യ സെൽമയ്ക്കും വിവാഹാശംസയുമായി ഒ.എൻ.വി കുറുപ്പ് അയച്ച കത്ത്
കെ.ജി.ജോർജിനും ഭാര്യ സെൽമയ്ക്കും വിവാഹാശംസനേർന്ന് കവി ഒ.എൻ.വി കുറുപ്പ് അയച്ച കത്ത്കെ.ജി.ജോർജിന്റെ ശേഖരത്തിൽനിന്ന്

ഇനിയും അങ്ങനെ സംശയിക്കുന്ന മലയാളികളോടായി പറയട്ടെ...അതൊരു കെട്ടുകഥമാത്രമാണ്. ഒരു തരിപോലും സത്യം അതിലില്ല. ഡാഡിയുടെ ആദ്യത്തെയും അവസാനത്തെയും ഭാര്യ എന്റെ മമ്മിയാണ്. ഡാഡിയുടെ ഡയറിയിൽ പോലും അതുണ്ട്. ഡാഡിയുടെ വാക്കുകൾക്കും അക്ഷരങ്ങൾക്കുമപ്പുറം വേറെ ഒരുറപ്പിന്റെ ആവശ്യം ഞങ്ങൾക്കില്ല. ആ ഉറപ്പ് തന്നെയാണ് ഏറ്റവും വലിയ സത്യവും.

എന്നെ സംബന്ധിച്ച് ഡാഡി തന്നെയാണ് എന്റെ എപ്പോഴത്തെയും ഹീറോ...ജീവിതകാലം മുഴുവനും അത് അങ്ങനെതന്നെയായിരിക്കും. അതുകൊണ്ട് ആരൊക്കെ എന്തൊക്കെപ്പറഞ്ഞാലും എന്തൊക്കെ നേരിടേണ്ടി വന്നാലും ഡാഡിയുടെ ഓർമകൾ മതി എനിക്ക് ധൈര്യത്തിന്. അച്ഛൻ എന്ന നിലയിൽ,ഫിലിം മേക്കർ എന്നനിലയിൽ,ഒരു റോൾ മോ‍ഡൽ എന്ന നിലയിൽ എന്റെ ഡാഡി തന്നെയാണ് എന്റെ ഹീറോ. അതുകഴിഞ്ഞിട്ടേയുള്ളൂ എനിക്ക് ജീവിതത്തിൽ ആരും..

(തുടരും)

Related Stories

No stories found.
Pappappa
pappappa.com