അച്ഛാ..ഇനിയും പകൽക്കിളിയായി പാടിയെത്തുക...

മലയാളസിനിമയിലെ മാസ്റ്റർ ക്രാഫ്റ്റ്സ്മാനെക്കുറിച്ച് മകളുടെ ഓർമക്കുറിപ്പുകൾ. 'അച്ഛൻ ഒരു ഫ്ളാഷ്ബാക്ക്'-ഭാ​ഗം1
കെ.ജി.ജോർജും മകൾ താരയും. പഴയ ചിത്രം
കെ.ജി.ജോർജും മകൾ താരയും. പഴയ ചിത്രംഫോട്ടോ-അറേഞ്ച്ഡ്
Published on

ഇന്ന് സെപ്റ്റംബർ 24. ഡാഡി ഞങ്ങളെ വിട്ടുപോയിട്ട് രണ്ടുവർഷം തികയുന്നു. ഈ ദിവസം ഡാഡിയെക്കുറിച്ചുള്ള ഓർമകൾ ലോകത്തോട് പങ്കുവെച്ചുതുടങ്ങുകയെന്നത് എന്നെ സംബന്ധിച്ചിടത്തോളം അവിശ്വസനീയമായ കാര്യമാണ്. ഒരിക്കലും വിചാരിച്ചിരുന്നതല്ല ഇങ്ങനെയൊരു ശ്രമം. ഞാനിത് എഴുതിത്തുടങ്ങുന്നത് വാരണാസിയിലിരുന്നാണ്. അധികം അകലെയല്ലാതെ ​ഗം​ഗ ഒഴുകുന്നു. മരിച്ചുപോയവർക്കായി ബലയിടാനെത്തിയവരുടെ തിരക്കുണ്ട് നദിക്കരയിലും റോഡുകളിലും. ബലിയർപ്പിച്ച്, ഗം​ഗയിൽ മുങ്ങിനിവരുമ്പോൾ ആത്മാക്കൾ മോക്ഷത്തിലെത്തുന്നു എന്ന സങ്കല്പം പോലെ ഞാനും ​ആ പുണ്യനദിയുടെ അരികിലിരുന്ന് ഓർമകളുടെ ഓളങ്ങളിൽ മുങ്ങിനിവരുകയാണ്. ഡാഡിക്കുവേണ്ടിയുള്ള പുണ്യകർമമാണിത്. അക്ഷരങ്ങൾ കൊണ്ടല്ലാതെ എന്റെ ഡാഡിക്ക് ഞാൻ എന്തുകൊണ്ടാണ് ബലിയിടേണ്ടത്? ഓരോ സിനിമയെയും ഓരോ മഹാകാവ്യം പോലെയാക്കിയ എന്റെ ഡാഡിക്ക്,മലയാളിയുടെ കെ.ജി.ജോർജിന് അതുതന്നെയായിരിക്കും ഇഷ്ടവും.

ഡാഡിയുടെ ചിതാഭസ്മം ചേലാമറ്റത്ത് പെരിയാറിൽ നിമഞ്ജനം ചെയ്തിരുന്നു. വാരണാസിയിൽ ​പിണ്ഡദാനവും നടത്തി. അതൊക്കെ ഡാഡിക്കുവേണ്ടി ഞാൻ ചെയ്യണം എന്നുവിശ്വസിക്കുന്ന കാര്യങ്ങളാണ്. അതുപോലെ തന്നെ പവിത്രമായ കാര്യമാണ് മകൾ എന്ന നിലയിൽ ഞാൻ കണ്ട കെ.ജി.ജോർജിനെ അക്ഷരങ്ങളിൽ പകർത്തുകയെന്നതും. എനിക്കിത് മറ്റൊരു ബലികർമവുമാണ്.

കെ.ജി.ജോർജ്, ഭാര്യ സൽമ,മകൾ താര
കെ.ജി.ജോർജ്, ഭാര്യ സൽമ,മകൾ താരഫോട്ടോ-അറേഞ്ച്ഡ്

ഡാഡി വിട്ടുപോയി എന്ന സത്യം എനിക്ക് ഇനിയും വിശ്വസിക്കാനായിട്ടില്ല. 2023 സെപ്റ്റംബർ 24ന് ശേഷം ഡാഡിയെക്കുറിച്ച് ആലോചിക്കാത്ത ഒരുദിവസം പോലും എന്റെ ജീവിതത്തിലുണ്ടായിട്ടില്ല. ചെറുതെന്നോ വലുതെന്നോ വ്യത്യാസമില്ലാതെ എന്തെങ്കിലുമൊരു കാര്യം വരുമ്പോൾ ഞാൻ ഡാഡിയെ ഓർക്കും. ഡാഡി ഉണ്ടായിരുന്നെങ്കിൽ എന്ന് ആ​ഗ്രഹിക്കും. അതിപ്പോൾ യാത്രക്കിടയിൽ മനോഹരമായ ഒരു ദൃശ്യം കാണുമ്പോഴാകാം. അപ്പോൾ ഡാ‍ഡിയുടെ ഏതെങ്കിലും സിനിമയിലെ സീൻ മനസ്സിലേക്ക് വരും.

അടുത്തിടെ ഞാൻ ഒരു സിനിമയിൽ ഒറ്റസീനിൽ അഭിനയിച്ചു. അതിനുമുമ്പ് ഒരു പരസ്യത്തിൽ അഭിനയിച്ചതിന്റെ തുടർച്ചയായി സംഭവിച്ചുപോയതാണ്. ഞാൻ ആ​ഗ്രഹിച്ച കാര്യമൊന്നുമായിരുന്നില്ല. പക്ഷേ ക്യാമറയ്ക്ക് മുന്നിൽ നില്കുമ്പൊഴൊക്കെ ഞാൻ ഡാഡിയെയാണ് ഓർത്തുകൊണ്ടിരുന്നത്. ഡാഡിയുണ്ടായിരുന്നെങ്കിൽ എന്റെ അഭിനയം കണ്ട് എന്തു പറയുമായിരുന്നുവെന്നായിരുന്നു എന്റെയുള്ളിലെ ചോദ്യം. സന്തോഷമോ സങ്കടമോ ഉണ്ടാകുമ്പോൾ അത് പങ്കുവയ്ക്കാനും ഡാഡിയുണ്ടായിരുന്നെങ്കിൽ ആ​ഗ്രഹിക്കും.

നമ്മളൊക്കെ ഒരർഥത്തിൽ നോക്കിയാൽ സ്വാർഥരാണ്. മാതാപിതാക്കൾ എപ്പോഴും നമ്മുടെ കൂടെയുണ്ടാകണം എന്ന് നമ്മൾ ആ​ഗ്രഹിക്കുന്നു. അതൊരിക്കലും നടക്കാത്ത കാര്യമായിട്ടും നമ്മൾ ജീവിതത്തിലെപ്പോഴും അവരുടെ സാന്നിധ്യം ആ​ഗ്രഹിക്കുന്നു. എനിക്കും ഡാഡിയെക്കുറിച്ച് അങ്ങനെതന്നെയാണ് എന്നും തോന്നാറുള്ളത്. ഞാൻ ജീവിതത്തിൽ ഏറ്റവും കൂടുതൽ സ്നേഹിച്ചിരുന്നത് എന്റെ ഡാഡിയെയാണ്. ഡാഡിയുടെ മരണം എന്നെ ഒറ്റയടിക്ക് ഒരു ക്യാരംബോർഡിലെ കോയിനുകൾ പോലെ പലയിടത്തേക്കായി ചിതറിച്ചുകളഞ്ഞു. അതിൽ നിന്ന് കരകയറി വരാനും പഴയ അവസ്ഥയിലേക്ക് എത്താനും ഏതാണ്ട് ഒരു വർഷമെടുത്തു. പതിയെപ്പതിയെ ഡാഡിയില്ല എന്ന സത്യത്തോട് മനസ് പൊരുത്തപ്പെട്ടു.

Must Read
അവസാനത്തെ ആൺകുയിലും ഓർമകളുടെ പാട്ടും
കെ.ജി.ജോർജും മകൾ താരയും. പഴയ ചിത്രം

ഇനിയിപ്പോ എനിക്ക് ഡാഡിക്കായി ചെയ്യാവുന്നത് അദ്ദേഹത്തിന്റെ ഓർമകളെ,ലെ​ഗസിയെ എക്കാലത്തേക്കുമായി നിലനിർത്തുക എന്നതാണ്. അതിന് ഞാനും എന്റെ സഹോദരനും കുടുബവും മാത്രമേയുള്ളൂ. ‍ഞങ്ങളതിന്റെ ശ്രമങ്ങൾ തുടങ്ങിക്കഴിഞ്ഞു. ഒരു പ്രൊഡക്ഷൻ കമ്പനിയുൾപ്പെടെയുള്ളവ ഡാഡിക്കുവേണ്ടിയുള്ള ഞങ്ങളുടെ പ്രവർത്തനങ്ങളുടെ ഭാ​ഗമായുണ്ടാകും. ഉചിതമായ സമയത്ത് അതിന്റെ വിശദവിവരങ്ങൾ എല്ലാവരെയും അറിയിക്കും.

ഡാഡിയെന്നാണ് ഞാൻ വിളിക്കാറുള്ളതെങ്കിലും 'അച്ഛൻ ഒരു ഫ്ളാഷ് ബാക്ക്' എന്ന് ഈ ഓർമക്കുറിപ്പുകൾക്ക് പേരിടാൻ ഒരു കാരണമുണ്ട്. ഡാഡിയുടെ ഓരോ സിനിമയുടെയും പേരിന് ഓരോ പ്രത്യേകതയുണ്ട്. ലേഖയുടെ മരണം ഒരു ഫ്ളാഷ് ബാക്ക്,ആദാമിന്റെ വാരിയെല്ല്, യവനിക,സ്വപ്നാടനം അങ്ങനെയങ്ങനെ..ഡാഡിയുടെ സിനിമകളിലെ ചില ഡയലോ​ഗുകളാകട്ടെ,അല്ലെങ്കിൽ പാട്ടുകളുടെ വരികളാകട്ടെ..കേൾക്കുമ്പോൾ ഡാഡിയെന്ന നഷ്ടം എനിക്ക് അനുഭവപ്പെടുത്തിത്തരും. 'ഉൾക്കടലി'ലെ 'ശരദിന്ദു മലർദീപ നാളം നീട്ടി..' എന്ന പാട്ടിലെ ആ വരിയില്ലേ...'ഇനിയും പകൽക്കിളി പാടിയെത്തും..ഇനിയും ത്രിസന്ധ്യ പൂചൂടി നില്കും..' എന്ന വരി...അതുകേൾക്കുമ്പോൾ ഡാഡി എന്റെ മുന്നിൽ നിന്ന് പല്ലുകൾ മുഴുവൻകാട്ടി ചിരിക്കുന്നതുപോലെ തോന്നും.

കെ.ജി.ജോർജ്
കെ.ജി.ജോർജ്ഫോട്ടോ-അറേഞ്ച്ഡ്

ഒരു മകൾ എന്ന നിലയിൽ ഡാഡിയുടെ സിനിമകൾ എങ്ങനെയാണ് ഞാൻ കാണുന്നത്,അതിന്റെ വ്യക്തിപരമായ ഓർമകളും സ്വാധീനവും,ഡാഡിയുടെ കരിയർ ഞങ്ങളുടെ കുടുംബവുമായി ചേർന്നപ്പോഴുണ്ടായ അനുഭവങ്ങൾ ഇതൊക്കെയാണ് ഞാൻ എഴുതാൻ ഉദ്ദേശിക്കുന്നത്. അതിന് ഡാഡിയുടെ സ്റ്റൈലിലുള്ള ഒരു പേരുവേണം എന്ന് എനിക്കുണ്ടായിരുന്നു. അതുകൊണ്ടാണ് ഡാഡി എന്നത് മാറ്റി അവിടെ അച്ഛൻ എന്ന് വെച്ചതും ഒപ്പം ഒരു ഫ്ളാഷ്ബാക്കിലേക്ക് നിങ്ങളെ ക്ഷണിച്ചതും.

ഡാഡിക്ക് ഡയറിയെഴുതുന്ന സ്വഭാവമുണ്ടായിരുന്നു. സംവിധായകനൊപ്പം ഡാഡിയുടെയുള്ളിൽ എന്നുമൊരു തിരക്കഥാകൃത്തോ എഴുത്തുകാരനോ ഉണ്ടായിരുന്നതുകൊണ്ടാവാം ഓരോദിവസത്തെയും സംഭവങ്ങൾ കുറിച്ചുവെച്ചിരുന്നത്. അത് അദ്ദേഹത്തിലെ ക്രിയേറ്ററുടെ മറ്റൊരു വശമായിട്ടാണ് ഞാൻ കാണുന്നത്. ഒരിക്കൽ ഞാനത് വായിക്കാനിടയായി. അതിൽനിന്നാണ് മദ്രാസിലെ ഡാഡിയുടെ ആദ്യകാലവും മമ്മിയുമായുള്ള വിവാഹം നടന്നതിന്റെ പശ്ചാത്തലവുമൊക്കെ അറിഞ്ഞത്. മദ്രാസ് ജീവിതത്തിലെ ഓരോ ദിവസത്തെയും കാര്യങ്ങൾ വിശദമായിട്ടായിരുന്നു ഡാഡി രേഖപ്പെടുത്തിവച്ചിരുന്നത്. ഡാഡിയുടെ സിനിമകളിലെ ഷോട്ടുകൾ പോലെ, സ്വന്തം കയ്യക്ഷരത്തിലുള്ള ആഴമേറിയ അർഥമുള്ള വാചകങ്ങൾ.

കെ.ജി.ജോർജ്
കെ.ജി.ജോർജ്ഫോട്ടോ-തരുൺ ഭാസ്കരൻ

1975-76 കാലത്താണ് ഡാഡി മദ്രാസിലെത്തിയത്. 'സ്വപ്നാടനം' എന്ന ആദ്യസിനിമയ്ക്ക് തന്നെ നാഷണൽ അവാർഡ് കിട്ടിയതോടെ ഡാഡിക്ക് മറ്റാർക്കും കിട്ടാത്ത തുടക്കമാണ് കിട്ടിയത്. ഡാഡി മമ്മിയെ ആദ്യം കാണുന്നത് മദ്രാസില ഒരു റെക്കോഡിങ് സ്റ്റുഡിയോയിൽ വച്ചാണ്. എം.ബി.ശ്രീനിവാസൻ സാറാണ് ഡാഡിക്ക് മമ്മിയെ പരിചയപ്പെടുത്തിക്കൊടുക്കുന്നത്. മമ്മി ഏതോ സിനിമയ്ക്കായി പാടാൻ വന്നതാണ്. മമ്മിയുടെ അമ്മയും അവിടെയുണ്ടായിരുന്നു. അച്ഛനും അമ്മയ്ക്കുമൊപ്പമാണ് മമ്മി റെക്കോഡിങ്ങുകൾക്ക് പോയിരുന്നത്.

അപ്പോൾ അവിടെയുണ്ടായിരുന്ന ഡാഡിയെ ശ്രീനിവാസൻ സാർ പരിചയപ്പെടുത്തി: 'ഇത് കെ.ജി.ജോർജ്...സിനിമാ സംവിധായകനാണ്, രാമു കാര്യാട്ടിന്റെ അസിസ്റ്റന്റായിരുന്നു...ഇപ്പോൾ സ്വന്തമായി ഒരു സിനിമയെടുത്തു' എന്നൊക്കെപ്പറഞ്ഞായിരുന്നു പരിചയപ്പെടുത്തൽ. അത് രണ്ടുപേർ തമ്മിൽ കണ്ടുമുട്ടുമ്പോഴുള്ള ഔപചാരികമായ ഒരു പരിചയപ്പെടുത്തൽ മാത്രമായിരുന്നു. ഡാഡിയാകട്ടെ, അടുത്ത സിനിമ ചെയ്യുമ്പോൾ പാടാൻ അവസരം തരാമെന്നാണ് മമ്മിയോട് പറഞ്ഞത്. അന്ന് അത് സംസാരിച്ചുപിരിഞ്ഞുവെങ്കിലും ലവ് അറ്റ് ഫസ്റ്റ് സൈറ്റ് എന്നത് ഡാഡിയുടെ ജീവിതത്തിൽ സംഭവിച്ചുവെന്നാണ് ഞാൻ വിശ്വസിക്കുന്നത്. മമ്മിക്ക് പക്ഷേ അങ്ങനെയൊന്നുമില്ലായിരുന്നു. ഒരു സംവിധായകനെ പരിചയപ്പെട്ടു എന്നതിനപ്പുറം മറ്റൊന്നും ചിന്തിച്ചില്ല. പാട്ടുകാരിയായി അറിയപ്പെടുക എന്നതുമാത്രമായിരുന്നു അന്ന് മമ്മിയുടെ ലക്ഷ്യം.

കെ.ജി.ജോർജും ഭാര്യ സൽമയും വിവാഹദിനത്തിൽ അടൂർ ഭാസി,മല്ലിക സുകുമാരൻ എന്നിവർക്കൊപ്പം
കെ.ജി.ജോർജും ഭാര്യ സൽമയും വിവാഹദിനത്തിൽ അടൂർ ഭാസി,മല്ലിക സുകുമാരൻ എന്നിവർക്കൊപ്പംഫോട്ടോ-അറേഞ്ച്ഡ്

അവരുടെ രണ്ടാമത്തെ കൂടിക്കാഴ്ചയും റെക്കോഡിങ് സ്റ്റുഡിയോയിൽ വെച്ചായിരുന്നു. അതിനുശേഷം ഡാഡി മമ്മിയോട് വിവാഹം കഴിക്കാൻ ആ​ഗ്രഹമുണ്ടെന്നുൾപ്പെടെ തന്റെ ഉള്ളിലെ ഇഷ്ടം തുറന്നുപറഞ്ഞു. മമ്മി സമ്മതം അറിയിച്ചതോടെ 1977 ഫെബ്രുവരിയിൽ അവരുടെ വിവാഹം നടന്നു. തൊട്ടടുത്ത വർഷം എന്റെ സഹോദരൻ ജനിച്ചു. അപ്പോഴേക്കും ഡാഡി രണ്ടുമൂന്നു സിനിമകളെടുത്തുകഴിഞ്ഞിരുന്നു.

1981-ൽ ആയിരുന്നു എന്റെ ജനനം. ഡാഡിയുടെ ഒരു ചിത്രത്തിൽ കൈക്കുഞ്ഞായി ഞാൻ അഭിനയിച്ചിട്ടുണ്ട്. ലേഖയുടെ മരണം ഒരു ഫ്ളാഷ് ബാക്ക് എന്ന ചിത്രമായിരുന്നു അത്. അതിലെ ഒരു സീനിൽ ലേഖയായി അഭിനയിച്ച നളിനിയുടെ കൈയിലിരിക്കുന്ന കുഞ്ഞ് ഞാനാണ്. എന്റെ സഹോദരനും ആ സിനിമയിലുണ്ട്.

1981-ൽ 1990വരെയുള്ള കാലത്താണ് ഡാഡി സിനിമയിൽ ഏറ്റവും സജീവമായി നിന്നത്. അക്കാലത്തൊക്കെ ഞാൻ ചെറിയ കുട്ടിയാണ്. പക്ഷേ ഡാഡി പിന്നീട് എന്നോട് പറഞ്ഞുതന്നിട്ടുള്ള ഒരുപാട് അനുഭവങ്ങളുണ്ട്. അതൊക്കെ ഓർമയിൽ ഇപ്പോഴുമുണ്ട്. ഡാഡിയുടെ ഓരോ സിനിമയും ഓരോ ഴോണറിലായിരുന്നു. അത് ഡാഡിക്ക് വലിയ നിർബന്ധമുള്ള കാര്യമായിരുന്നു. ഒന്നിൽ നിന്ന് വ്യത്യസ്തമായിരിക്കണം മറ്റൊന്ന്. സത്യജിത് റായ് ആയിരുന്നു ഇന്ത്യയിൽ ഡാഡിക്ക് ഏറ്റവും ഇഷ്ടമുള്ള സംവിധായകൻ. അദ്ദേഹത്തിന്റെ ഫിലിം മേക്കിങ് രീതികളെക്കുറിച്ച് എപ്പോഴും പറയുമായിരുന്നു. ഫിലിംഫെസ്റ്റിവലുകൾക്ക് പോകുമ്പോൾ ഡാഡി ഒരിക്കലും സത്യജിത് റായ് സിനിമകൾ നഷ്ടപ്പെടുത്തില്ലായിരുന്നു. ഫെസ്റ്റിവലുകളിൽ അതിഥിയായി രാജ്യത്തെ മിക്ക ന​ഗരങ്ങളിലും ഡാഡി പോയിട്ടുണ്ട്. ഇന്റർനാഷണൽ സിനിമകൾ കാണാനുള്ള അവസരമായിട്ടാണ് അതിനെ ഉപയോ​ഗപ്പെടുത്തിയിരുന്നത്. ഓരോ ഫെസ്റ്റിവലിനും പോയിവന്നശേഷം കണ്ട സിനിമകളെക്കുറിച്ച് പറയും. ഓരോ രാജ്യത്തെയും സിനിമകളുടെ പ്രത്യേകതകൾ വിവരിച്ചുതരും.

കെ.ജി.ജോർജ്. ഒരു ചലച്ചിത്രോത്സവക്കാഴ്ച
കെ.ജി.ജോർജ്. ഒരു ചലച്ചിത്രോത്സവക്കാഴ്ചഫോട്ടോ-അറേഞ്ച്ഡ്

ഇങ്ങനെ ഫ്രഞ്ച് സിനിമകളെക്കുറിച്ചും അവിടത്തെ അഭിനേതാക്കളെക്കുറിച്ചും ഒരിക്കൽ ഡാഡി വലിയ ആവേശത്തോടെ സംസാരിച്ചു. ഫ്രഞ്ച് ഭാഷ കേൾക്കാൻ പ്രത്യേകസുഖമാണ് എന്നായിരുന്നു ഡാഡിയുടെ അഭിപ്രായം. എന്നോട് ഫ്രഞ്ച് ഭാഷ പഠിക്കാനും പറഞ്ഞു. ‍അതനുസരിച്ച് ‍ഞങ്ങൾ തിരുവനന്തപുരത്ത് താമസിക്കുമ്പോൾ ഞാൻ തിരുവനന്തപുരത്തെ അലൈൻസ് ഫ്രോൻസൈസിൽ ഫ്രഞ്ച് പഠിക്കുകയും ചെയ്തു. ജാപ്പനീസ് സിനിമകളെക്കുറിച്ചും ഡാഡിക്ക് വലിയ മതിപ്പായിരുന്നു. ചൈനീസ് സിനിമകളിലെ എഡിറ്റിങ് പാറ്റേൺ ആണ് അദ്ദേഹത്തെ ആകർഷിച്ചിരുന്നത്. അതിനെ ലോകോത്തരം എന്നാണ് വിശേഷിപ്പിച്ചിരുന്നത്.

സിനിമയുടെ ജോലികളില്ലാത്ത സമയത്ത് മുഴുവൻ ഡാഡി വായനയിലായിരുന്നു. ഇന്ത്യയിലെയും വിദേശത്തെയും എല്ലാ പ്രധാനപ്പെട്ട വാരികകളും മാസികകളും വീട്ടിൽ വരുത്തിയിരുന്നു. ടൈം,സ്പാൻ,റീഡേഴ്സ് ഡൈജസ്റ്റ്,ലൈഫ് തുടങ്ങിയവ മുതൽ ഫിലിംഫെയർ,ഫെമിന,ഡെബൊണയർ, തുടങ്ങിയ വരെയും ഇന്ത്യാ ടുഡേ,ഇക്കണോമിക് ആന്റ് പൊളിറ്റിക്കൽ വീക്ക്ലി,ഇല്ലസ്ട്രേറ്റഡ് വീക്ക്ലി തുടങ്ങിയ മുതൽ കേരളത്തിലെ പ്രധാന പ്രസിദ്ധീകരണങ്ങൾ വരെയും വിശാലമായി പരന്നുകിടക്കുന്നതായിരുന്നു ഡാഡിയുടെ വായനാ ലോകം. എല്ലാ വിഷയങ്ങളെയും പറ്റി ഏറ്റവും അപ്ടുഡേറ്റ് ആകാൻ ഡാഡി ശ്രദ്ധിച്ചു.

കെ.ജി.ജോർജ് വായനയ്ക്കിടെ
കെ.ജി.ജോർജ് വായനയ്ക്കിടെഫോട്ടോ-അറേഞ്ച്ഡ്

ഞാനും സഹോദരനും ജനിച്ചത് ചെന്നൈയിലാണ്. അന്നത് മദ്രാസാണല്ലോ. അന്ന് സിനിമയുടെ ജോലികളെല്ലാം അവിടെയായിരുന്നതിനാലാണ് ഡാഡി കുടുംബത്തോടൊപ്പം അവിടെ താമസിച്ചത്. സുകുമാരൻ അങ്കിളും മല്ലികയാന്റിയുമായിരുന്നു ഞങ്ങളുടെ അയൽക്കാർ. ഒരുമതിലിന്റെ അപ്പുറവും ഇപ്പുറവുമായിട്ടാണ് ഞങ്ങൾ താമസിച്ചിരുന്നത്. ഇന്ദ്രജിത്തും പൃഥ്വിരാജുമായിരുന്നു എന്റെയും സഹോദരന്റെയും കളിക്കൂട്ടുകാർ. എനിക്ക് ആറു വയസ്സുള്ളപ്പോഴാണ് ഞങ്ങൾ തിരുവനന്തപുരത്തേക്ക് താമസം മാറിയത്. അത് ഡാഡിയുടെ നിർബന്ധം കൊണ്ടാണ്. എന്റെ മക്കൾ മലയാളം പഠിച്ചുവളരണം എന്ന് പറഞ്ഞാണ് ഡാഡി കേരളത്തിലേക്ക് വന്നത്. പക്ഷേ അപ്പോഴും സിനിമയുടെ ജോലികളെല്ലാം മദ്രാസിൽതന്നെയായിരുന്നു. അതുകൊണ്ട് മദ്രാസിലും തിരുവനന്തപുരത്തേക്കുമായി ഡാഡി യാത്ര ചെയ്തുകൊണ്ടിരുന്നു.

(തുടരും)

Related Stories

No stories found.
Pappappa
pappappa.com