രൺജിപണിക്കർ എന്ന പേര് എന്നോട് ചേർന്ന നാളുകൾ

ഒരു ഷാജി കൈലാസ് വർത്തമാനം ഭാ​ഗം-12
ഷാജി കൈലാസും രൺജി പണിക്കരും. ഒരു പഴയ ചിത്രം
ഷാജി കൈലാസും രൺജി പണിക്കരും. ഒരു പഴയ ചിത്രംഅറേഞ്ച്ഡ്
Published on

ഈയാഴ്ചയിലും നിങ്ങളോട് വർത്തമാനം പറയുന്നത് 'വരവി'ന്റെ ലൊക്കേഷനിലിരുന്നതാണ്. പ്രിയപ്പെട്ട രൺജിയെക്കുറിച്ചാണ് തുടർന്നെഴുതേണ്ടത്. ഷൂട്ടിങ്ങിന്റെ തിരക്കും ക്ഷീണവുമുണ്ടെങ്കിലും അതിന് ഇടവേളയെടുക്കാനാകില്ല. അതുകൊണ്ട് അർധരാത്രിയോടടുക്കുന്ന സമയത്താണ് ഈ വരികൾ കുറിക്കുന്നത്. രൺജിയെക്കുറിച്ച് സംസാരിക്കുമ്പോൾ ഏത് ക്ഷീണവും പോകും,ഏതുറക്കവും അകലും.

'ന്യൂസി'ന്റെ വിതരണക്കാരായിരുന്ന സാ​ഗാ ഫിലിംസ് നിർമിക്കുന്ന ആക്ഷൻ ചിത്രത്തിനുവേണ്ടിയുള്ള ആലോചനകളുടെ കാര്യം കഴിഞ്ഞ ഭാ​ഗത്തിൽ സൂചിപ്പിച്ചിരുന്നല്ലോ. ര​ഘുനാഥ് പലേരിയുടേതായിരുന്നു തിരക്കഥ. നായകന്മാരായി ഉദ്ദേശിച്ചിരുന്നത് രഘുവരനെയും പ്രഭുവിനെയുമാണ്. ഇവിടെ മറ്റൊരാളെക്കുറിച്ച് പരാമർശിക്കേണ്ടിയിരിക്കുന്നു. അത് മേനോൻ ചേട്ടനെക്കുറിച്ചാണ്. അന്ന് അ​ദ്ദേഹം സാ​ഗാമേനോൻ എന്നാണ് സിനിമാരം​ഗത്ത് അറിയപ്പെട്ടിരുന്നത്. പിന്നീട് മോഹൻലാലിന്റെ നിർമാണക്കമ്പനിയായ പ്രണവം മൂവീസിനൊപ്പം ചേർന്ന് പ്രവർത്തിച്ചുതുടങ്ങിയപ്പോൾ പ്രണവം മേനോനായി. സാ​ഗാ ഫിലിംസിന്റെ തുടക്കത്തിൽ അതിന്റെ കാര്യങ്ങളെല്ലാം മാനേജറായിരുന്ന മേനോൻ ചേട്ടനാണ് നിർവഹിച്ചിരുന്നത്.

പ്രണവം മേനോൻ
പ്രണവം മേനോൻഫോട്ടോ കടപ്പാട്-സിദ്ധു പനയ്ക്കൽ

രഘുനാഥ് പലേരിയും മേനോൻചേട്ടനും ഞാനും കൂടി ഒരു ഡിസംബർ മാസത്തിലാണ് രഘുവരനെയും പ്രഭുവിനെയും കാണാൻ പോകുന്നത്. അവർ അപ്പോൾ പൊള്ളാച്ചിയിൽ ഒരു തമിഴ്പടത്തിന്റെ ഷൂട്ടിങ്ങിലായിരുന്നു. ഞങ്ങൾ ചെന്ന് കഥ പറഞ്ഞു. കഥ ഇഷ്ടമായെങ്കിലും പക്ഷേ ആറുമാസത്തേക്ക് രണ്ടുപേർക്കും ഡേറ്റില്ല. ജൂൺ-ജൂലായ് മാസത്തിലേ സിനിമ തുടങ്ങാൻ പറ്റൂ. ഞങ്ങൾ മടങ്ങി.

പക്ഷേ നിർമാതാക്കൾക്ക് അത്രയും കാലം കാത്തിരിക്കാൻ പറ്റില്ലായിരുന്നു. അങ്ങനെ ഒരു ചെറിയ സിനിമ എന്ന ചിന്തയിലേക്ക് കാര്യങ്ങളെത്തി. മേനോൻ ചേട്ടനാണ് അങ്ങനെയൊരു ആശയം മുന്നോട്ടുവച്ചത്. സാ​ഗാഫിലിംസ് അപ്പച്ചൻ,ഷേണായീസിലെ ശ്രീനിവാസ ഷേണായി,എ.കെ.പി.മെറ്റൽസിലെ ആന്റണി... ഇവരാണ് സാ​ഗാഫിലിംസിന്റെ സാരഥികളെന്ന് 'ന്യൂസി'നെക്കുറിച്ചെഴുതിയപ്പോൾ സൂചിപ്പിച്ചിരുന്നു. മേനോൻ ചേട്ടന്റെ നിർദേശം അവർ മൂവരും അം​ഗീകരിച്ചു. ചെറിയ സിനിമ മതിയെന്ന് തീരുമാനിക്കപ്പെട്ടു.

അത് മഴവിൽക്കാവടി ഇറങ്ങിയ സമയമാണ്. ഇന്നസെന്റായിരുന്നല്ലോ ആ സിനിമയുടെ നട്ടെല്ല്. ഞങ്ങളെല്ലാവരും കൂടി മൈമൂണിൽ 'മഴവിൽക്കാവടി' കണ്ട് വരും വഴി പൊടുന്നനേ ഇന്നസെന്റിന്റെ നായകനാക്കി ഒരു സിനിമ ആയാലോ എന്ന ചർച്ചയ്ക്ക് തുടക്കമാകുന്നു. അതും മേനോൻ ചേട്ടൻതന്നെ ആശയമായിരുന്നു. മഴവിൽക്കാവടി ഹിറ്റായതോടെ കോമഡി സിനിമകൾക്ക് സാധ്യതയുണ്ടെന്നും ഇന്നസെന്റിനെ നായകനാക്കിയാൽ നന്നാകുമെന്നും അദ്ദേഹം പറഞ്ഞു. അപ്പോൾ എന്റെ മനസ്സിൽ മോഹൻ മുതുകുളം പറഞ്ഞ കഥ മിന്നി. ഞാൻ പറഞ്ഞു: 'ഒരു സാധനമുണ്ട്..'

Must Read
അയാളുടേതും ഒരു 'വരവ്' ആയിരുന്നു; എന്റെ ഹൃദയത്തിലേക്ക്...
ഷാജി കൈലാസും രൺജി പണിക്കരും. ഒരു പഴയ ചിത്രം

അവിടെ മനസ്സിൽ മറ്റൊരു ആശയം കൂടി തെളിഞ്ഞുവരികയായിരുന്നു. ഒരു പുതിയ ആളെക്കൊണ്ട് തിരക്കഥയെഴുതിക്കാം. അത് രൺജി തന്നെയാകട്ടെ. പുതിയ ആളെക്കൊണ്ട് എഴുതിക്കുന്നകാര്യം നിർമാതാക്കളോട് പറഞ്ഞപ്പോൾ അവർക്കും പൂർണസമ്മതം. മോഹൻമുതുകുളത്തിന്റെ നമ്പർ കൈവശമില്ല. പക്ഷേ രൺജിയുടെ നമ്പറുണ്ട്. അതിൽ വിളിച്ചിട്ട് പറഞ്ഞു: 'രണ്ടുകാര്യങ്ങളുണ്ട്. മോഹൻ മുതുകുളം പറഞ്ഞ കഥയൊന്ന് വന്ന് സാ​ഗാ ഫിലിംസിനോട് പറയണം. രണ്ടാമത്തെ കാര്യം.. രൺജിയാണ് സ്ക്രിപ്റ്റ് എഴുതുന്നത്..'

അപ്പുറത്തുനിന്ന് 'ഞാനോ...'എന്ന വലിയ സംശയമാണ് മുഴങ്ങിക്കേട്ടത്. ഞാൻ പറഞ്ഞു: 'അതെ രൺജി തന്നെ എഴുതണം.' പക്ഷേ അപ്പോഴും രൺജിക്ക് എന്തോ ഒരു ധൈര്യക്കുറവ്. പക്ഷേ എനിക്ക് അയാളിൽ വിശ്വാസമായിരുന്നു. രൺജിയുടെ അക്ഷരങ്ങളിലൊരു തിരക്കഥാകൃത്ത് ഒളിഞ്ഞുകിടക്കുന്നുണ്ടെന്ന് സംവിധായകനെന്ന നിലയിൽ നേരത്തെ തന്നെ ബോധ്യപ്പെട്ടതാണ്. അയാളുടെ ഭാഷയിൽ എവിടെയോ സിനിമയുടെ തിളക്കമുണ്ട്. അതുകൊണ്ട് എനിക്കുറപ്പായിരുന്നു,രൺജിക്ക് നന്നായി സ്ക്രിപ്റ്റ് എഴുതാനാകും.

മനസ്സില്ലാമനസ്സോടെയാണെങ്കിലും രൺജി വന്ന് കഥ പറഞ്ഞു. സാ​ഗാഫിലിംസിന്റെ മൂന്ന് സാരഥികൾക്കും അതിഷ്ടമായി. അവർ അപ്പോൾ തന്നെ രൺജിക്ക് അഡ്വാൻസും കൊടുത്തു. അതോടെ രൺജിക്ക് ഒഴിയാനാകാതെയായി. ഇനി എഴുതിയേ പറ്റൂ എന്ന നില. പക്ഷേ സംശയം തീരുന്നില്ല. 'ഞാൻ.. സ്ക്രിപ്റ്റെങ്ങനെ....'രൺജി ചോദിച്ചു. 'കഥയുണ്ടാക്കിക്കഴിഞ്ഞല്ലോ..ഇനി സ്ക്രിപ്റ്റ് നിനക്ക് പറ്റും. നിനക്ക് അതിനുള്ള ഭാഷയുണ്ട്,ക്രാഫ്റ്റുണ്ട്...'ഞാൻ ധൈര്യം കൊടുത്തു. പക്ഷേ അപ്പോൾ മറ്റൊന്നായി ചോദ്യം: 'അല്ല..ഹ്യൂമർ എനിക്കെങ്ങനെ എഴുതാൻ പറ്റും?' ഞാൻ പറഞ്ഞു, 'വരൂ...നമുക്കിത് എഴുതാം...'

രൺജി പണിക്കർ
രൺജി പണിക്കർഫോട്ടോ കടപ്പാട്-ഐഎംഡിബി

അങ്ങനെ രൺജിയുടെ കൈയും പിടിച്ചിറങ്ങി. ഒരു ​ഗ്രാമീണ പശ്ചാത്തലത്തിലുള്ളതാണ് കഥ. അതിന് പറ്റിയ സ്ഥലം കണ്ടെത്തണം. നിർമാതാക്കൾക്ക് ഉടൻ പടം ചെയ്യണം. ഒട്ടും സമയം കളയാനില്ല. അവർ എന്തിനും തയ്യാർ. അതുകൊണ്ട് കാര്യങ്ങളെല്ലാം വേ​ഗത്തിലായി. അങ്ങനെ ആദ്യം ലൊക്കേഷൻ നോക്കാനുളള ഒരുക്കങ്ങളായി. ഷൊർണൂർ,ഒറ്റപ്പാലം ഭാ​ഗത്ത് പറ്റിയ ​ഗ്രാമങ്ങളുണ്ടാകും. അതുകൊണ്ട് അങ്ങോട്ടേക്കായിരുന്നു യാത്ര.

അപ്പച്ചൻ സാറും സംഘവും തന്നെയാണ് എന്നെയും രൺജിയെയും ഷൊർണൂരിലേക്ക് കൊണ്ടുപോയത്. അവിടെ ​ഗസ്റ്റ് ഹൗസിൽ മുറിയെടുത്തുതന്നു. എഴുതിത്തീരുമ്പോൾ പറഞ്ഞാൽ മതി,ഞങ്ങൾ വിളിക്കാൻ വരാമെന്ന് പറഞ്ഞ് മടങ്ങി. ഞങ്ങൾ ഷൊർണൂർ ​ഗസ്റ്റ് ഹൗസിൽ പാർപ്പ് തുടങ്ങി.

സാ​ഗാ അപ്പച്ചൻ
സാ​ഗാ അപ്പച്ചൻഫോട്ടോ-അറേഞ്ച്ഡ്

പകൽ മുഴുവൻ കഥാചർച്ചയും സ്ക്രിപ്റ്റ് എഴുത്തും. വൈകുന്നേരമാകുമ്പോൾ ഭാരതപ്പുഴയിലേക്ക് പോകും. കുറേനേരം അതിന്റെ തീരത്തു ഇരിക്കും. പിന്നെ ഇറങ്ങിക്കുളിക്കും. അതുകഴിഞ്ഞ് പാലം വഴി നേരെ വീണ്ടും ​ഗസ്റ്റ്ഹൗസിലേക്ക്. രാത്രിയിൽ വീണ്ടും ചർച്ചയും എഴുത്തും.

ഭക്ഷണം ​ഗസ്റ്റ് ഹൗസിന്റെ താഴത്ത് ഇടതുഭാ​ഗത്തുണ്ടായിരുന്ന മു​ഹമ്മദ് എന്നയാളുടെ വീട്ടിലാണ് ഏർപ്പാടാക്കിയിരുന്നത്. നല്ല നാടൻ ഭക്ഷണം. മുഹമ്മദിക്കയും വീട്ടുകാരും ചേർന്നുണ്ടാക്കി തന്നിരുന്ന ഭക്ഷണത്തിന്റെ രുചി ഇപ്പോഴും നാവിലുണ്ട്. വള്ളുവനാട്ടുകാരുടെ സ്നേഹംകൂടി അലിഞ്ഞുചേർന്നതുകൊണ്ടാകും അതിന് സ്വാദേറിയിരുന്നത്. പാതിരാനേരത്ത് ഈ വരിയെഴുതുമ്പോഴും മുഹമ്മദിക്കയുടെ ഭക്ഷണം എന്റെ നാവിൽ വെള്ളം നിറയ്ക്കുന്നു.

ഷാജി കൈലാസ് പുതിയ സിനിമയായ 'വരവി'ന്റെ ലൊക്കേഷനിൽ
ഷാജി കൈലാസ് പുതിയ സിനിമയായ 'വരവി'ന്റെ ലൊക്കേഷനിൽഅറേഞ്ച്ഡ്

ചില ദിവസങ്ങളിൽ എഴുത്ത് നിർത്തിവെച്ച് രൺജിയും ഞാനും അടുത്തുള്ള നാട്ടുകാരോട് സംസാരിക്കാനിറങ്ങും. അവരുടെ സംസാരശൈലിയും മാനറിസങ്ങളുമൊക്കെ മനസ്സിലാക്കും. അതിനൊപ്പം ഇടവഴികളിലൂടെ നടന്ന് വള്ളുവനാടിനെ നന്നായി അറിഞ്ഞു. അങ്ങനെയാണ് 'ഡോക്ടർ പശുപതി' ഉണ്ടാകുന്നത്. ഇതിനിടയ്ക്ക് പ്രധാന കഥാപാത്രമായ പശുപതിയായി ഇന്നസെന്റ് മതിയന്ന് ഉറപ്പിച്ചിരുന്നു. നിർമാതാക്കൾ ഇരിങ്ങാലക്കുടയിൽ ചെന്ന് ഇന്നച്ചനെ കണ്ടു. അദ്ദേഹം 'എപ്പോഴേ റെഡി' എന്ന നിലപാടിലായിരുന്നു.

ഷണ്മുഖം അണ്ണനായിരുന്നു പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്. വിളിച്ചുവിളിച്ച് ഷണ്മുഖാണ്ണൻ എന്നായിത്തീർന്നിരുന്നു അദ്ദേഹത്തിന്റെ പേര്. ഒരുകാലത്ത് മലയാളസിനിമയിൽ നിറഞ്ഞുനിന്ന പേരാണ് കെ.ആർ.ഷണ്മുഖം എന്ന ഷണ്മുഖാണ്ണന്റേത്. എഴുപതുകളുടെ മധ്യത്തിൽ മുതൽ തൊണ്ണൂറുകളുടെ അവസാനം വരെ മലയാളസിനിമയിൽ എവിടെത്തിരിഞ്ഞാലും അദ്ദേഹമുണ്ടായിരുന്നു. ഞാൻ അസോസിയേറ്റായിരുന്ന കാലംതൊട്ടു തുടങ്ങിയ പരിചയമാണ് ഷണ്മുഖാണ്ണനുമായുള്ളത്. അത് പിന്നീട് വ്യക്തിപരമായ ബന്ധമായി വളർന്നു. അദ്ദേഹം എന്റെ വീട്ടിൽ വരും,ഭക്ഷണം കഴിക്കും. അദ്ദേഹത്തിന്റെ തേങ്ങാപ്പട്ടണത്തിലെ വീട്ടിൽ ഞാനും പോയിട്ടുണ്ട്. ഒരു കുടുംബസുഹൃത്തിനെപ്പോലെയായിരുന്നു ഷണ്മുഖാണ്ണൻ എന്റെ കൂടെ എന്നും ഉണ്ടായിരുന്നത്.

കെ.ആർ.ഷണ്മുഖം
കെ.ആർ.ഷണ്മുഖംഫോട്ടോ കടപ്പാട്-എം3ഡിബി

സിനിമ പണ്ടൊക്കെ ഒരു കുടുംബം പോലെയായിരുന്നു. എല്ലാവരും അങ്ങോട്ടുമിങ്ങോട്ടും സഹോദരങ്ങൾ പോലെയുള്ള അടുപ്പം സൂക്ഷിച്ചു. പരസ്പരം സന്തോഷവും സങ്കടവും പങ്കിട്ടു. മേനോൻചേട്ടനും ഷണ്മുഖാണ്ണനുമെല്ലാം അങ്ങനെയാണ് എനിക്ക് കുടുംബാം​ഗങ്ങളെപ്പോലെയായത്. അതുകൊണ്ടുതന്നെ അവർക്കൊപ്പം സിനിമ ചെയ്യുമ്പോൾ കുടുംബത്തിലെ ഒരാഘോഷം എന്ന തോന്നലായിരുന്നു എപ്പോഴും. അതേ രീതി ഇപ്പോഴും തുടരണമെന്ന ആ​ഗ്രഹമാണെനിക്ക്.

ഷൂട്ടിങ് തുടങ്ങി. സംഭാഷണത്തിൽ ഇടയ്ക്കിടയ്ക്ക് ഹിന്ദി വാക്കുകൾ ഉപയോ​ഗിക്കാം എന്നതുപോലെയുള്ള മിനുക്കുവിദ്യകൾ ഇന്നസെന്റിന്റെ സംഭാവനയായിരുന്നു. അത് രൺജിക്കും എളുപ്പമായി. ഡയ​ലോ​ഗിന്റെ ആശയം പറഞ്ഞാൽ മതി. അത് ഹിന്ദിയിലാക്കി ഇന്നസെന്റ് തട്ടിക്കോളും. ഇന്നസെന്റിന്റെയും അമ്പിളിച്ചേട്ടന്റെയും പ്രതിഭ അവിടെയാണ് തെളിയുക. ഒരു സീനിനെ അവർ സ്വന്തം നിലയ്ക്ക് അങ്ങ് കൊഴുപ്പിച്ചെടുക്കും. അത് പ്രേക്ഷകർക്ക് ഇഷ്ടപ്പെടുകയും ചെയ്യും. അതാണല്ലോ ഏറ്റവും പ്രധാനവും. പ്രേക്ഷകന് ഇഷ്ടപ്പെടുന്ന കാര്യമാണെങ്കിൽ അഭിനേതാക്കളെടുക്കുന്ന ഇത്തരം സ്വാതന്ത്ര്യങ്ങൾ സംവിധായകൻ അനുവദിച്ചുകൊടുക്കുകയാണ് വേണ്ടതെന്ന അഭിപ്രായക്കാരനാണ് ‍ഞാൻ.

സന്തോഷ് ശിവനായിരുന്നു ക്യാമറ. ഇന്ന് ആലോചിക്കുമ്പോൾ പലർക്കും വിശ്വസിക്കാൻ പറ്റിയെന്നുവരില്ല. അതെ, ഐശ്വര്യറായിയുടെ പോലും ആരാധന നേടിയെടുത്ത ഛായാ​ഗ്രഹകനാണ് പണ്ട് 'ഡോ.പശുപതി'യെന്ന തമാശച്ചിത്രം പകർത്തിയത്. 'സൺഡേ7 പി.എമ്മി'നുശേഷം സന്തോഷും ഞാനും ഒരുമിച്ച് ചെയ്ത ചിത്രം.

ഡോക്ടർ പശുപതി പോസ്റ്റർ
ഡോക്ടർ പശുപതി പോസ്റ്റർകടപ്പാട്-വിക്കിപ്പീഡിയ

രാവിലെ ആറുമുതൽ രാത്രി ഒമ്പതുവരെ ഷൂട്ടിങ്. രാത്രിരം​ഗങ്ങളുണ്ടെങ്കിൽ മാത്രം ഒമ്പതുമണിയാകും. അല്ലാത്ത ദിവസം ആറുതൊട്ട് ആറുവരെ. അതിവേ​ഗത്തിലാണ് ഷൂട്ട് മുന്നോട്ടുപോയത്. ആർട്ടിസ്റ്റികളൊരുപാടുണ്ടായിരുന്നു. ഇന്നച്ചനെക്കൂടാതെ നെടുമുടിവേണുച്ചേട്ടൻ, അമ്പിളിച്ചേട്ടൻ, കുതിരവട്ടം പപ്പുവേട്ടൻ,പറവൂർ ഭരതേട്ടൻ അങ്ങനെ തുടങ്ങി യു.ഡി.സിയായി സ്ക്രീനിലെത്തിയ കല്പന വരെ. പക്ഷേ എല്ലാവരും ചേർന്ന് ഒട്ടും ടെൻഷനില്ലാതെ ഷൂട്ടിങ് മുന്നോട്ടുകൊണ്ടുപോയി. ചിലപ്പോൾ നിങ്ങൾ വിശ്വസിക്കില്ല. 17 ദിവസം കൊണ്ട് ഡോ.പശുപതിയുടെ ചിത്രീകരണം പൂർത്തിയായി. സാ​ഗാ അപ്പച്ചൻ സാർ വന്നപ്പോൾ ഞാൻ പറഞ്ഞു: 'നാളെ ഷൂട്ട് ചെയ്യാൻ സീനില്ല...'അപ്പോൾ അപ്പച്ചൻ സാറിന്റെ മുഖം കറുത്തു. 'അതെന്താ..അതെന്തു പറ്റി...'അപ്പോഴാണ് ഞാൻ സസ്പെൻസ് പൊളിച്ചത്: 'പടം തീർന്നു...'

അപ്പച്ചൻ സാറിന് വിശ്വാസം വരാത്തപോലെ. ഞാൻ ഉറപ്പിച്ചുപറഞ്ഞപ്പോൾ മുഖത്ത് പ്രകാശം. പക്ഷേ അദ്ദേഹം അപ്പോഴാണ് മറ്റൊരു കാര്യം ഓർത്തത്...'ശ്ശേ നിങ്ങളിത് നേരത്തെ പറയണ്ടേ...എല്ലാ ബില്ലുകളും ഇന്നുതന്നെ സെറ്റിൽ ചെയ്യണ്ടേ...ഞാൻ ക്യാഷൊന്നും കൈയിൽ കരുതിയിട്ടില്ല...'-അപ്പച്ചൻ സാർ പറഞ്ഞു. അദ്ദേഹം കാറെടുത്ത് ഉടൻ കൊച്ചിക്ക് പാഞ്ഞു,പണവുമായി തിരികെ വരാൻ..

പക്ഷേ അതിവേ​ഗം ഷൂട്ടിങ് തീർത്ത് തീയറ്ററുകളിലെത്തിച്ച സിനിമ എന്ന നിലയ്ക്കല്ല 'ഡോ.പശുപതി'ക്ക് എന്റെ ജീവിതത്തിലുള്ള സ്ഥാനം. രൺജിയുമായുള്ള കൂട്ടുകെട്ട് അവിടെ തുടങ്ങുന്നു എന്നതിലാണ്. ഒരു യാത്രയുടെ ആരംഭമായിരുന്നു അത്. എന്റെ സിനിമാജീവിതത്തെ നിർണയിച്ച വഴിയിലേക്ക് ഒന്നിച്ചുള്ള നടത്തത്തിന്റെ തുടക്കം. പോക്കണംകോട് എന്ന നാടിന്റെ കഥയിൽ നിന്ന് പിന്നെ ഞങ്ങൾ കേരളത്തിന്റെ കഥ പറയാനായി കൈകോർത്തുനടന്നു...

(തുടരും)

Related Stories

No stories found.
Pappappa
pappappa.com