അയാളുടേതും ഒരു 'വരവ്' ആയിരുന്നു; എന്റെ ഹൃദയത്തിലേക്ക്...

'ഒരു ഷാജി കൈലാസ് വർത്തമാനം' ഭാ​ഗം-11
ഷാജി കൈലാസ് വരവിന്റെ ലൊക്കേഷനിൽ
ഷാജി കൈലാസ് വരവിന്റെ ലൊക്കേഷനിൽഫോട്ടോ-അറേഞ്ച്ഡ്
Published on

പുതിയ സിനിമയായ 'വരവി'ന്റെ പ്രധാന ലൊക്കേഷനുകളിലൊന്നായ മൂന്നാറിലെ ഹോട്ടൽമുറിയിലിരുന്നാണ് ഇത് എഴുതുന്നത്. വൈകീട്ട് വരെ ഷൂട്ടായിരുന്നു. രാത്രിക്ക് മീതേ മഞ്ഞിന്റെ പുതപ്പ് വീണിട്ടുണ്ട്. ഓർമകളുടെ തണുപ്പ് ചുറ്റിനും നിറയുന്നതുപോലെ. ഓരോ സിനിമയും ഓരോ അനുഭവമാണ്. അതിനിടയിൽ പരിചയപ്പെടുന്ന എത്രയോ പേർ. ഇപ്പോൾ തന്നെ മുരളി ​ഗോപി, ദീപക് പറമ്പോൽ, സാനിയ ഇയ്യപ്പൻ തുടങ്ങി പലതലമുറയിൽ പെട്ടവരാണ് 'വരവി'ൽ ഒപ്പമുള്ളത്. ജോജു വരാനിരിക്കുന്നു. ഇവർ ഓരോരുത്തരിൽ നിന്നും നമുക്ക് പുതുതായി എന്തെങ്കിലും പഠിക്കാനുണ്ടാകും.

'വരവി'ന്റെ സെറ്റിൽ ചായയും കുടിവെള്ളവുമെല്ലാം നല്കുന്ന ഒരു ചെറുപ്പക്കാരനുണ്ട്. മലയാളിതന്നെ. പക്ഷേ അയാളുടെ വേഷം പ്രത്യേകതരത്തിലുള്ളതാണ്. നേപ്പാളിലോ കൊറിയയിലോ ഒക്കെയുള്ള ആളുകൾ ധരിക്കുന്നതുപോലെ പ്രത്യേകതരത്തിലുള്ള ഒരു മേൽക്കുപ്പായവും കാൽവസ്ത്രവും. മീശയിൽപോലും അന്നാട്ടുകാരുടേതുപോലെയുള്ള എന്തോ ഒരു ടച്ച്. അത്തരത്തിലൊരാളെ ഞാൻ സിനിമാലൊക്കേഷനിൽ ആദ്യമായാണ് കാണുന്നത്. എനിക്കൊപ്പമുണ്ടായിരുന്ന വരവിന്റെ തിരക്കഥാകൃത്ത് എ.കെ.സാജൻ 'എവിടെനിന്ന് വാങ്ങി ഇത്' എന്നുചോദിച്ചപ്പോൾ 'ഫ്ളിപ്പ്കാർട്ടിൽ നിന്ന്' എന്ന് മറുപടി. ഇങ്ങനെ തീർത്തും നിസാരമെന്ന് തോന്നുന്ന കാര്യങ്ങൾ തൊട്ട് എന്തെല്ലാം എന്തെല്ലാം കൗതുകങ്ങളും ഓർമകളുമാണ് ഓരോ സെറ്റും സമ്മാനിക്കുന്നത്.

ഷാജി കൈലാസും എ.കെ.സാജനും 'വരവി'ന്റെ ലൊക്കേഷനിൽ
ഷാജി കൈലാസും എ.കെ.സാജനും 'വരവി'ന്റെ ലൊക്കേഷനിൽഫോട്ടോ-അറേഞ്ച്ഡ്

ഇവിടെനിന്നാണ് പല സൗഹൃദങ്ങളുടെയും തുടക്കവും. ഓരോ സിനിമാസെറ്റും ഒരുപാട് പുതിയ കൂട്ടുകാരെ സമ്മാനിക്കുന്നു. അതിൽ ചിലർ നമ്മുടെ ജീവിതത്തിന്റെ തന്നെ ഭാ​ഗമായിത്തീരുകയും ചെയ്യും. വർഷങ്ങൾക്ക് മുമ്പ് 'സൺഡേ7 പി.എമ്മി'ന്റെ തൊടുപുഴയിലെ ലൊക്കേഷൻ കവർ ചെയ്യാൻ 'ചിത്രഭൂമി'യിൽ നിന്ന് ഒരു ചെറുപ്പക്കാരൻ വന്നു. അന്നൊക്കെ ചലച്ചിത്രവാരികകളാണ് സിനിമയുടെ പ്രധാന പ്രചാരണമാധ്യമങ്ങൾ. ഒരു വടിയിലുറപ്പിച്ച മൊബൈൽഫോൺ സിനിമാപ്രവർത്തകരുടെ സ്വകാര്യതയിലേക്ക് വരെ 'മീഡിയ' എന്ന പേരിൽ നുഴഞ്ഞുകയറുന്നതിനും മുമ്പുള്ള കാലം. അന്ന് സെറ്റുകളിലെ വാർത്തകൾ തേടിവന്നിരുന്നത് നാന,വെള്ളിനക്ഷത്രം,ചിത്രഭൂമി തുടങ്ങിയ സിനിമാവാരികകളുടെ പ്രതിനിധികൾ മാത്രമാണ്. അവരാകട്ടെ പരിചയസമ്പന്നരും സിനിമയെക്കുറിച്ച് ആഴത്തിൽ അറിവുള്ളവരുമായിരുന്നു. അവരുടെ പേനത്തുമ്പിലാണ് അന്ന് താരങ്ങൾ ജനിച്ചിരുന്നതും ജ്വലിച്ചിരുന്നതും സിനിമകളുടെ ജാതകം കുറിക്കപ്പെട്ടിരുന്നതും. അതുകൊണ്ടുതന്നെ പ്രത്യേകപരി​ഗണനയാണ് നിർമാതാക്കളും സംവിധായകരും അഭിനേതാക്കളുമെല്ലാം അവർക്ക് നല്കിയിരുന്നത്.

അന്ന് തൊടുപുഴയിൽ വന്ന ചെറുപ്പക്കാരനെ അതിന് മുമ്പ് ഒരുവട്ടം ഞാൻ കണ്ടിട്ടുണ്ട്. തിരുവനന്തപുരത്ത് മേട്ടുക്കടയിലുള്ള ഒരു ലോഡ്ജിലേക്ക് കൂട്ടിക്കൊണ്ടുപോയത് സ്റ്റിൽ ഫോട്ടോ​ഗ്രാഫറായിരുന്ന സുനിൽ ​ഗുരുവായൂരാണ്. ഞങ്ങൾ ചെല്ലുമ്പോൾ അയാൾ എന്തോ എഴുതുകയാണ്. ചിത്രഭൂമിക്കുള്ള ലേഖനമായിരുന്നിരിക്കണം. ഒരു കാവിമുണ്ടാണ് ഉടുത്തിരിക്കുന്നത്. ഷർട്ട് ഇട്ടിട്ടില്ല. കഴുത്തിലൊരു കറുത്ത ചരടുണ്ട്. സുനിൽ ​ഗുരുവായൂർ പേരുവിളിച്ചപ്പോൾ അയാൾ തിരിഞ്ഞുനോക്കി. പക്ഷേ ആ കൂടിക്കാഴ്ച അധികസമയമൊന്നുമുണ്ടായില്ല. അയാളുടെ എഴുത്തിനെ ശല്യപ്പെടുത്താതെ ഞങ്ങൾ മടങ്ങി.

ഷാജി കൈലാസ് വരവിന്റെ ലൊക്കേഷനിൽ
ഏഴാമത്തെ റീലിന് സംഭവിച്ചതെന്ത്? ഇന്നും തെളിയാത്ത ആ ക്രൈം

പിന്നീടാണ് തൊടുപുഴയിൽ വച്ച് തമ്മിൽ കണ്ടത്. ഞാൻ സ്വതവേ കാര്യങ്ങൾ പരത്തിപ്പറയാനും ആത്മപ്രശംസനടത്താനും മടിയുള്ളയാളാണ്. കാര്യങ്ങൾ പൊലിപ്പിച്ചുപറയാനും എനിക്കറിയില്ല. ഷൂട്ടിങ് തുടങ്ങുമ്പോൾ മുതൽ റിലീസ് ചെയ്യുന്നതുവരെ സിനിമയെക്കുറിച്ച് വളരെക്കുറച്ചുമാത്രം സംസാരിക്കുന്നതാണ് എന്റെ രീതി. അതിനപ്പുറം വിടർത്തിപ്പറയാൻ എനിക്കറിയില്ല എന്നതാണ് സത്യം. അതുകൊണ്ട് 'ചിത്രഭൂമി'യിൽ നിന്ന് വന്നയാളോടും വളരെക്കുറച്ചുമാത്രം പറഞ്ഞു.

പക്ഷേ തൊട്ടടുത്ത ലക്കം വാരിക കണ്ടപ്പോൾ ഞെട്ടിപ്പോയി. ആദ്യമായി കളറിൽ എന്റെയൊരു അഭിമുഖം അടിച്ചുവന്നിരിക്കുന്നു എന്നതുമാത്രമല്ല അതിനുകാരണം. ഞാൻ പറഞ്ഞതിനെ സ്വാംശീകരിച്ചെടുത്ത് അതിമനോഹരമായി അവതരിപ്പിച്ചിരിക്കുകയാണ് ലേഖകൻ. കൊതിപ്പിക്കുന്ന ഭാഷ. ഒരു മൊട്ടിനെ വാക്കുകൾ കൊണ്ട് പൂവായി വിടർത്തിയെടുക്കുന്ന ഇന്ദ്രജാലം അതിൽ ഞാൻ കണ്ടു. കൈയിലുണ്ടായിരുന്ന നമ്പരിൽ വിളിച്ച് അപ്പോൾ തന്നെ അയാളെ അഭിനന്ദനം അറിയിച്ചു. 'നിങ്ങളുടെ ഭാഷ എന്നെ കീഴടക്കി'യെന്നു പറഞ്ഞപ്പോൾ ഫോണിനപ്പുറം അത്യാവേശമൊന്നും കേട്ടില്ല. പകരം ഒരു ചെറുചിരിയോട് സാമ്യം കല്പിക്കാവുന്ന ശബ്ദം കൊണ്ടുമാത്രം പ്രതികരണമറിയിച്ചു.

'സൺഡേ7 പി.എമ്മി'ന്റെ ഷൂട്ടിങ് തൊടുപുഴയിലായിരുന്നുവെങ്കിലും ഞാൻ താമസിച്ചിരുന്നത് കൊച്ചിയിലായിരുന്നുവെന്ന് പറഞ്ഞിരുന്നല്ലോ. കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിനടുത്തുള്ള സൺ ഇന്റർനാഷണലിലായിരുന്നു എന്റെ താമസം. ഇടയ്ക്കിടയ്ക്ക് മുറിയിൽ ആ ചെറുപ്പക്കാരൻ വരും. അപ്പോഴേക്കും ഞങ്ങൾ അടുത്ത സുഹൃത്തുക്കളായിക്കഴിഞ്ഞിരുന്നു. അയാൾ വരുമ്പോൾ കൂടെ മമ്മൂക്കയുടെ സഹോദരന്മാരായ ഇബ്രാഹിം കുട്ടിയും സക്കരിയയുമുണ്ടാകും. മമ്മൂക്കയുടെ മേൽനോട്ടത്തിൽ അവർ അന്ന് 'വാർത്ത' എന്ന പേരിൽ ഒരു വീഡിയോ മാ​ഗസിനുണ്ടായിരുന്നു. ആ ചെറുപ്പക്കാരൻ അതുമായും സഹകരിക്കുന്നുണ്ടായിരുന്നു. അതിന്റെ ചീഫ് എഡിറ്റർതന്നെയായിരുന്നു അയാൾ.

'വരവി'ന്റെ ലൊക്കേഷനിൽ ഷാജി കൈലാസും ക്യാമറാമാൻ എസ്.ശരവണനും
'വരവി'ന്റെ ലൊക്കേഷനിൽ ഷാജി കൈലാസും ക്യാമറാമാൻ എസ്.ശരവണനുംഫോട്ടോ-അറേഞ്ച്ഡ്

വീഡിയോ മാ​ഗസിനുകൾ അക്കാലത്തെ മറ്റൊരു സിനിമാപ്രചാരണമാധ്യമം ആയിരുന്നു. ഇന്നത്തെ ഒടിടി പ്ലാറ്റ്ഫോമുകൾപോലെ അന്ന് വി.സി.ആറും വീഡിയോ കാസറ്റുകളുമായിരുന്നു ടിവിയോട് ചേർന്നുള്ള വിനോദോപാധി. സിനിമാ വിജയാഘോഷച്ചടങ്ങുകളും ലൊക്കേഷൻ കാഴ്ചകളുമെല്ലാം ഉള്ളടങ്ങുന്നതായിരുന്നു 'വാർത്ത'യെന്ന വീഡിയോ മാ​ഗസിൻ. സിനിമാവാരികകളുടെ ദൃശ്യരൂപം.

കോർപ്പറേഷൻ സ്റ്റേഡിയത്തിനുള്ളിലായിരുന്നു 'വാർത്ത'യുടെ ഓഫീസ്. ഷൂട്ടിങ് കഴിഞ്ഞ് വൈകുന്നേരം ഞാനെത്തുമ്പോൾ ഞാൻ ആ ചെറുപ്പക്കാരനും ഇബ്രാഹിം കുട്ടിയും സക്കരിയയും എന്റെ ഹോട്ടൽ മുറിയിൽ വരും. ചിലദിവസങ്ങളിൽ ഞാൻ അവരുടെ ഓഫീസിലും പോയിരിക്കും. സിനിമതന്നെ പ്രധാന ചർച്ചാവിഷയം. ഇടയ്ക്ക് ഞാൻ തിരുവനന്തപുരത്തായിരുന്നപ്പോൾ മൂന്നുപേരും കൂടി എന്നെ കാണാൻ വന്നു. 'പരിചയമുള്ള ഒരാളുടെ കൈയിൽ നിങ്ങൾക്ക് പറ്റിയ ഒരു സംഭവമുണ്ട്. കഥ കേൾക്കാൻ വരണം.' ഇതായിരുന്നു അവർ പറഞ്ഞത്.

അവർ എന്നെ കൂട്ടിക്കൊണ്ടുപോയത് മോഹൻ മുതുകുളം എന്നുപേരുള്ളയാളുടെ അടുത്തേക്കാണ്. അദ്ദേഹം ദൂരദർശനിലെ ഉദ്യോ​ഗസ്ഥനാണ്. വളരെ ആവേശത്തോടെ മോഹൻ മുതുകുളം ഒരു കഥ പറഞ്ഞു. നർമം കലർത്തി വളരെ രസംപിടിപ്പിക്കുന്ന രീതിയിലായിരുന്നു അവതരണം. അതുകൊണ്ടുതന്നെ ആ കഥയും അതിലെ തമാശയും എനിക്കിഷ്ടമായി. 'ദൂരദർശനിലെ ഉദ്യോ​ഗസ്ഥനായതിനാൽ തിരക്കഥയെഴുതാനൊക്കെ അനുവാദം കിട്ടാൻ പ്രയാസമാണ്. അതുകൊണ്ട് കഥ തരാം. മറ്റാരെയെങ്കിലും കൊണ്ട് തിരക്കഥയെഴുതിക്കണം.'-ഇതായിരുന്നു മോഹൻ മുതുകുളത്തിന്റെ നിലപാട്.

ഇബ്രാഹിംകുട്ടി,സക്കരിയ
ഇബ്രാഹിംകുട്ടി,സക്കരിയഫോട്ടോ-അറേഞ്ച്ഡ്

പക്ഷേ ഞാനപ്പോൾ 'ന്യൂസി'ന്റെ വിതരണക്കാരായിരുന്ന സാ​ഗാഫിലിംസിനുവേണ്ടി ഒരു ആക്ഷൻ ചിത്രത്തിന്റെ ആലോചനകളിലായിരുന്നു. അതുകൊണ്ടുതന്നെ തത്കാലം ആ സിനിമ ചെയ്യാൻ നിർവാഹമുണ്ടായിരുന്നില്ല. ഞാൻ നിസ്സഹായാവസ്ഥ അറിയിച്ചെങ്കിലും ആ ചെറുപ്പക്കാരൻ സുഹൃത്ത് പ്രോത്സാഹിപ്പിച്ചു. 'ആക്ഷനല്ല,നിനക്ക് ഹ്യൂമറും ചെയ്യാൻ പറ്റും.' പക്ഷേ ഞാൻ അതിന് വഴങ്ങാതെ ആക്ഷൻ പടത്തിന്റെ ചർച്ചകളിലേക്ക് തന്നെ നീങ്ങി.

അതുകഴിഞ്ഞ് കുറച്ചുനാളുകൾക്കുശേഷം ഒരു പ്രഭാതം...

കഴിഞ്ഞ ലക്കത്തിൽ കുറിച്ചപോലെ ഞാനും കലൂർ ഡെന്നീച്ചായനും കൂടി സൺഡേ 7 പി.എം കാണാൻ പത്മതീയറ്ററിലേക്ക് നടക്കുന്നു. അന്ന് ഞങ്ങൾക്കൊപ്പം മൂന്നാമതൊരാൾ കൂടിയുണ്ടായിരുന്നുവെന്ന് എഴുതിയിരുന്നല്ലോ. അതേക്കുറിച്ച് പറഞ്ഞപ്പോൾ ഒളിപ്പിച്ചുവച്ച ആ സസ്പെൻസിലേക്ക്. അന്ന് ഞങ്ങൾക്കൊപ്പമുണ്ടായിരുന്നത് ഇത്രയും നേരം ഞാൻ ചെറുപ്പക്കാരൻ എന്ന് മാത്രം വിളിച്ച ആ പത്രപ്രവർത്തകസുഹൃത്താണ്...

അയാളുടെ പേര് രൺജി പണിക്കർ എന്നായിരുന്നു...!

(തുടരും)

Related Stories

No stories found.
Pappappa
pappappa.com