'അദ്ദേഹത്തിന് അങ്ങനെ ചെയ്യാമായിരുന്നു...പക്ഷേ ചെയ്തില്ല...കാരണം ആ മനുഷ്യന്റെ പേര് മമ്മൂട്ടി എന്നായിരുന്നു..'

'മമ്മൂക്കയെ അന്ന് സെറ്റിലുള്ളവർ എല്ലാം അന്ന് 'മമ്മൂട്ടി സാർ' എന്നാണ് വിളിച്ചിരുന്നത്. ഞാൻ പക്ഷേ 'മമ്മൂക്ക'യെന്നും'-ഒരു ഷാജി കൈലാസ് വർത്തമാനം നാലാംഭാ​ഗം
മമ്മൂട്ടിയും ഷാജികൈലാസും
മമ്മൂട്ടിയും ഷാജികൈലാസുംഫോട്ടോ-അറേഞ്ച്ഡ്
Published on

1984-ൽ ആയിരുന്നു 'വാ കുരുവി വരൂ കുരുവി'യുടെ ഷൂട്ടിങ്. അതേവർഷം തന്നെയായിരുന്നു 'എങ്ങനെയുണ്ട് ആശാനേ'യും 'പാവം പൂർണിമ'യും ചിത്രീകരിച്ചത്. അതുരണ്ടും ആ വർഷം ഇറങ്ങിയെങ്കിലും 'വാ കുരുവി വരൂ കുരുവി' 1985-ൽ 'നായകൻ' എന്ന പേരിലാണ് റിലീസായത്. എല്ലാത്തിന്റെയും സംവിധാനം ബാലു കിരിയത്ത് ആയിരുന്നു.

ആദ്യ സിനിമയിൽ സംവിധാനച്ചുമതലവരെ നിർവഹിച്ചെങ്കിലും പിന്നീടുള്ള സിനിമകളിൽ അസിസ്റ്റന്റിന്റെ ജോലികൾ തന്നെയാണ് ചെയ്തത്. എംഎ ക്ലാസിൽ നിന്ന് ഒന്നാംക്ലാസിൽ വന്നിരിക്കുംപോലെ. പക്ഷേ ബാലപാഠങ്ങളുറയ്ക്കാൻ അത് സഹായകമായിരുന്നുതാനും. സംവിധായകൻ പറയുന്ന ജോലി ചെയ്യുക. അതല്ലാതെ മറ്റൊന്നിനെക്കുറിച്ചും അന്ന് ആലോചിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ സ്ഥാനക്കയറ്റത്തെക്കുറിച്ചോ ഇറക്കത്തെക്കുറിച്ചോ ആലോചിച്ചതുമില്ല. ആദ്യസിനിമയിൽ തന്നെ സംവിധാനജോലി ചെയ്തല്ലോ അതുകൊണ്ട് ഇനി സ്വന്തമായൊരു സിനിമ ചെയ്തേക്കാം എന്ന് ആലോചിച്ച് ഇറങ്ങിപ്പുറപ്പെടാനൊന്നും തോന്നാതിരുന്നത് ഈ ഒരു അനുസരണശീലം കൊണ്ടായിരുന്നു. അത് അച്ഛൻ കുട്ടിക്കാലം തൊട്ടേ പഠിപ്പിച്ച പാഠമാണ്.

പക്ഷേ എന്നുകരുതി എല്ലാം മുതുകുവളച്ചുനിന്ന് കേൾക്കുന്ന വിധേയനായിരുന്നില്ലതാനും. അത് പ്രായം തന്ന ചോരത്തിളപ്പിന്റെ അഹങ്കാരമോ ആത്മവിശ്വാസമോ ആയിരുന്നു. വെങ്കിട്ടരാമൻ സാറിന്റെ മുന്നിൽ കയറി ഇരുന്നതുപോലുള്ള സംഭവങ്ങൾ പിന്നീടും പലതവണയുണ്ടായി. അത് സിനിമാശീലങ്ങൾ അറിയാത്തതുകൊണ്ട് സംഭവിച്ചതായിരുന്നു. ഒരുപക്ഷേ അറിഞ്ഞിരുന്നെങ്കിലും അങ്ങനെയേ പെരുമാറുമായിരുന്നുള്ളൂ. ധിക്കാരമല്ല,യൗവനത്തിന്റേതായ ചില കൂസലില്ലായ്മകൾ. പിന്നെ അതിനൊപ്പം അച്ഛൻ പഠിപ്പിച്ചുതന്ന മറ്റൊരു പാഠവും-അവനവന്റെ ജോലി നന്നായി ചെയ്താൽ പിന്നെ ആരുടെയും മുന്നിൽ തലകുനിക്കേണ്ട കാര്യമില്ല.

താരങ്ങളുടെ ചീത്തവിളി മുഴുവൻ കേൾക്കുന്നത് അസിസ്റ്റന്റ് ഡയറക്ടർമാരാണ്. ഒരുതരം റാ​ഗിങ് എന്നുവേണമെങ്കിൽ പറയാം. അതും സിനിമയിലെ അക്കാലത്തെ നടപ്പുശീലങ്ങളിലൊന്നാണ്. ഇത്തരം ചീത്തവിളികൾ കേട്ട് പരുവപ്പെട്ടവരാണ് ഇന്നത്തെ പലമുതിർന്ന സംവിധായകരും. കേൾക്കുമ്പോൾ വിഷമം തോന്നുന്നത് സ്വാഭാവികം. പക്ഷേ ഏതുസാഹചര്യത്തെയും നേരിടാൻ മനസ്സിനെ പരുവപ്പെടുത്തുമായിരുന്നു എന്നതായിരുന്നു അതിന്റെ ​ഗുണവശം. അത്തരം ചില അനുഭവങ്ങളെപ്പറ്റി പിന്നാലെ പറയാം.

ഷാജി കൈലാസ് ഷൂട്ടിങ്ങിനിടെ
ഷാജി കൈലാസ് ഷൂട്ടിങ്ങിനിടെഫോട്ടോ-അറേഞ്ച്ഡ്

ഇനി പറയുന്നത് നേരത്തെ സൂചിപ്പിച്ച കൂസലില്ലായ്മയുടെ ഉദാഹരണങ്ങളിലൊന്നാണ്. അത് കാട്ടിയത് മലയാളം മഹാനടൻ എന്നുപേരിട്ട് വിളിക്കുന്ന മമ്മൂക്കയോടും! ആ മനുഷ്യൻ യഥാർഥത്തിൽ എങ്ങനെയുള്ളയാളാണ് എന്നു പറഞ്ഞുതരാൻ എനിക്ക് എല്ലാക്കാലത്തേക്കുമായി ഉള്ളിലുള്ള ഒരോർമ.

'പാവം പൂർണിമ'യുടെ ഷൂട്ടിങ് സമയത്താണ്. അതിൽ മമ്മൂക്ക 'ജയരാജ്' എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. മേനകയാണ് 'പൂർണിമ'. മോഹൻലാലുമുണ്ട് മറ്റൊരു പ്രധാനവേഷത്തിൽ. അക്കാലത്ത് മമ്മൂട്ടിയും മോഹൻലാലും ഒരുമിച്ചഭിനയിക്കുന്ന സിനിമകൾ അപൂർവ്വതയായിരുന്നില്ല. മമ്മൂക്കയെ അന്ന് സെറ്റിലുള്ളവർ എല്ലാം അന്ന് 'മമ്മൂട്ടി സാർ' എന്നാണ് വിളിച്ചിരുന്നത്. ഞാൻ പക്ഷേ 'മമ്മൂക്ക'യെന്നും. അത് മുമ്പേ പറഞ്ഞ ചോരത്തിളപ്പുകൊണ്ടല്ല,അദ്ദേഹത്തെ അങ്ങനെ വിളിക്കാനേ തോന്നുമായിരുന്നുള്ളൂ എന്നതാണ് സത്യം. കാരണം 'മമ്മൂക്ക'യെന്ന വാക്ക് നമ്മൾ ഹൃദയം കൊണ്ടാണ് വിളിക്കുന്നത്. 'സാർ' എന്നതിന് ഒരുതരം ഔപചാരികതയാണുള്ളത്. എനിക്ക് അതിനേക്കാൾ ഇഷ്ടം ഹൃദയം കൊണ്ടുള്ള വിളിയാണ്. അത് അതേ അർഥത്തിൽ മനസ്സിലാക്കിയതുകൊണ്ടോ എന്തോ,മമ്മൂക്ക എന്നെയൊന്നും പറഞ്ഞതുമില്ല.

ഒരു ദിവസം ചെന്നെയിലെ പ്രശസ്തമായ വിജയ് ​ഗാർഡനിലെ ഒരു വീട്ടിലായിരുന്നു ഷൂട്ടിങ്. മമ്മൂക്കയുടെ സീനാണ് ചിത്രീകരിക്കുന്നത്. അദ്ദേഹത്തിനൊപ്പം വരലക്ഷ്മി എന്ന അഭിനേത്രിയായിരുന്നു എന്നാണ് ഓർമ. രാത്രിയിലെ ഫ്ളൈറ്റിൽ മമ്മൂക്കയ്ക്ക് ​ബോംബെക്കോ മറ്റോ പോകണം. അതുകൊണ്ട് ലൈറ്റ് പോകും മുമ്പ് പരമാവധി ഷോട്ടുകൾ എടുക്കാനുള്ള ധൃതിയിലാണ് ബാലുകിരിയത്ത്.

മമ്മൂട്ടിയും ഷാജികൈലാസും
ആദ്യ സിനിമയിൽ തന്നെ അസിസ്റ്റന്റ്,അസോസിയേറ്റ്, സംവിധായകൻ... അഥവാ ഒന്നാം ക്ലാസ് കഴിയുംമുമ്പേ മാസ്റ്റർബിരുദം

അന്ന് അസിസ്റ്റന്റ് ഡയറക്ടർമാരുടെ പ്രധാനജോലി കണ്ടിന്യുവിറ്റിയും മാർക്കിങ്ങും നോക്കുക എന്നതാണ്. ഇന്നത്തെപ്പോലെ മോണിറ്ററൊന്നുമില്ല. ക്യാമറയ്ക്കൊപ്പം ഞങ്ങൾ അസിസ്റ്റന്റുമാർ കണ്ണുകൾ കൊണ്ട് സീൻ ഒപ്പിയെടുക്കും. കട്ട് പറയുമ്പോൾ മനസ്സിലിട്ട് റീവൈൻഡ് ചെയ്യും. അടുത്ത ഷോട്ടെടുക്കും മുമ്പ് അതിനനുസരിച്ചാണ് അഭിനേതാക്കൾക്ക് മാർക്കിങ്ങും മറ്റും കാട്ടിക്കൊടുക്കുക.

മാർക്കിങ് തെറ്റിയാൽ ഷോട്ടിന്റെ കണ്ടിന്യുവിറ്റി പാളും. കഴിഞ്ഞഷോട്ടിൽ ജനാലയുടെ പാളിയ്ക്കടുത്തു നിന്നയാൾ അതിന്റെ അടുത്ത ഷോട്ടിൽ അല്പം മാറിയാൽ ആകെ കുഴപ്പമാകും. ഇന്നത്തെപ്പോലെ ഒടിടിയിലോ യൂട്യൂബിലോ വരുമ്പോൾ സ്ക്രീൻഷോട്ടുകളെടുത്തുവച്ച് തെറ്റുകൾ കണ്ടുപിടിക്കുന്ന രീതിയൊന്നുമില്ലായിരുന്നെങ്കിലും അതൊക്കെ തീയറ്ററിൽ സൂക്ഷ്മമായി പിടിച്ചെടുക്കുന്നവരുണ്ടായിരുന്നു അന്നും. ഫേസ്ബുക്കും ഇൻസ്റ്റയും എക്സും ഇല്ലാതിരുന്നതിനാൽ അവർക്ക് വിളിച്ചുപറയാൻ ഇടമില്ലായിരുന്നുവെന്ന് മാത്രം. പക്ഷേ സിനിമ കണ്ടതിനുശേഷമുള്ള ചർച്ചകളിൽ അത് വിഷയമാകും.

സംവിധായകന്റെ പാളിച്ചയായിട്ടാണ് ഇത്തരം സൂക്ഷ്മമായ കാര്യങ്ങൾ വിലയിരുത്തപ്പെടുക. കേൾക്കുമ്പോൾ നിസ്സാരമെന്നുതോന്നുമ്പോഴും അതിന്റെ വില വലുതായിരുന്നു. അതുകൊണ്ട് തെറ്റുകളൊഴിവാക്കാൻ,സർവോപരി പാളിച്ചയില്ലാതെ ജോലിചെയ്യാൻ ആയിരിക്കുമല്ലോ അന്നത്തെ സംവിധായകർ ആ​ഗ്രഹിച്ചിരിക്കുക. അത്തരം തെറ്റുകൾ സംഭവിക്കാതിരുന്നതിനുള്ള ഉത്തരവാദിത്തം അവർക്കുവേണ്ടി ഏറ്റെടുത്തിരുന്നത്‌​സംവിധാനസഹായികളാണ്. അവരുടെ കണ്ണ് ക്യാമറയും മനസ്സ് മോണിറ്ററുമായിരുന്നു അക്കാലത്ത്.

ഷാജി കൈലാസിനും സംവിധായകൻ വൈശാഖിനുമൊപ്പം മമ്മൂട്ടിയുടെ സെൽഫി
ഷാജി കൈലാസിനും സംവിധായകൻ വൈശാഖിനുമൊപ്പം മമ്മൂട്ടിയുടെ സെൽഫിഫോട്ടോ-അറേഞ്ച്ഡ്

അങ്ങനെ അതിവേ​ഗം ഷൂട്ടിങ് പുരോ​ഗമിക്കുകയാണ്. ഒരു ഷോട്ട് എടുത്തശേഷം ബാലു കിരിയത്ത് കട്ട് പറഞ്ഞു. മമ്മൂക്ക ധൃതി വയ്ക്കുകയാണ്. അടുത്ത ഷോട്ട് പെട്ടെന്നുവേണം. മമ്മൂക്ക റെഡിയായി നിന്നു. കൂടെയുള്ള അഭിനേത്രിയുമുണ്ട്. പെട്ടെന്ന് ഞാൻ നോക്കുമ്പോൾ അദ്ദേഹം കഴിഞ്ഞ ഷോട്ടിന്റെ മാർക്കിങ്ങിൽ നിന്ന് മാറിയാണ് നില്കുന്നത്. ക്യാമറയെല്ലാം തയ്യാർ. ഇനി 'ആക്ഷൻ' വിളി മാത്രമാണ് ബാക്കി.

ഞാൻ പെട്ടെന്ന് മമ്മൂക്കയുടെ അടുക്കലേക്ക് ഓടിച്ചെന്നു. അദ്ദേഹം എന്നെ തറപ്പിച്ചുനോക്കി. ഞാൻ ശബ്ദം താഴ്ത്തിപ്പറഞ്ഞു: 'മമ്മൂക്ക മാർക്കിങ് അവിടെയല്ല,ദേ ഇവിടെയാണ്...'അദ്ദേഹത്തിന്റെ കണ്ണുകളിൽ പെട്ടെന്നൊരു കോപം കത്തി. മമ്മൂക്കയെ അറിയുന്നവർക്കറിയാം. ഇത്തരം അ​ഗ്നിസ്ഫുലിം​ഗങ്ങൾ പതിവാണവിടെ.

'ധിക്കാരിയുടെ കാതൽ' സി.ജെ.തോമസിന്റെ ഒരു പുസ്തകത്തിന്റെ പേരാണ്. മമ്മൂട്ടിയെന്ന നടന് പലരും പണ്ടുതൊട്ടേ കല്പിച്ചുകൊടുത്തിട്ടുള്ള ധിക്കാരിയുടെ പരിവേഷമുണ്ട്. പക്ഷേ അതിന്റെ കാതൽ പലതരം അനുഭവങ്ങളിലൂടെ കടന്നുപോയി,സ്വപ്രയത്നത്തിലൂടെ സൂപ്പർതാരപദവിയിലെത്തിയ ഒരാളുടെ കളങ്കമില്ലാത്ത വികാരപ്രകടനമാണ്. സത്യത്തിൽ മമ്മൂക്കയുടെ ഉള്ളിൽ തർക്കുത്തരം പറയുന്ന കുട്ടിയും എന്തിനെയും ആദ്യം എതിർക്കുന്ന ഒരു നിഷേധിയും ഒത്തുചേർന്നിട്ടുണ്ട്. രണ്ടിലുമുള്ളത് നിഷ്കളങ്കത തന്നെ. അതുകൊണ്ട് എന്റെ ചോദ്യം കേട്ടതും പതിവുപോലെ മമ്മൂക്ക ക്ഷോഭിച്ചു.

'ഇവിടെ നിന്നാൽ എന്താ കുഴപ്പം...?'

എനിക്ക് അതിന് മറുപടിയില്ലായിരുന്നു. കാരണം കഴിഞ്ഞഷോട്ടിലെ മാർക്ക് കാണിച്ചുകൊടുക്കാൻ മാർ​ഗമില്ല. അത് എന്റെ കണ്ണിലും മനസ്സിലുമേയുള്ളൂ. അതെടുത്ത് വിടർത്തിക്കാട്ടാനാകില്ലല്ലോ..ആദ്യമൊന്ന് പതറിയെങ്കിലും അടുത്ത നിമിഷം ഞാൻ ആത്മസംയമനം വീണ്ടെടുത്തു. പെട്ടെന്നാണ് വീടിന്റെ സൺഷേഡിലെ കുറേ പൂച്ചെട്ടികൾ എന്റെ കണ്ണിൽപെട്ടത്. അതിൽ എനിക്കുള്ള രക്ഷാമാർ​ഗം വിടർന്നുവന്നു.

ഞാൻ പറഞ്ഞു: 'മമ്മൂക്ക..കഴിഞ്ഞഷോട്ടിൽ ദാ സൺഷേഡിലെ ആ പൂച്ചെട്ടി മമ്മൂക്കയുടെ പിറകിലായിരുന്നു. ഇപ്പോ ദേ..ഇവിടെയാണ്.. ഇപ്പോൾ നില്കുന്നിടത്താണെങ്കിൽ പൂച്ചെട്ടിയുടെ സ്ഥാനം മാറും.'

മമ്മൂക്ക ഒന്നുകൂടി എന്നെ തറപ്പിച്ചുനോക്കി. പിന്നെ ഞാൻ കാണിച്ച മാർക്കിങ്ങിലേക്ക്,പൂച്ചെട്ടിയുടെ മുന്നിലേക്ക് മാറിനിന്നു. സമാധാനത്തോടെ തിരിഞ്ഞുനടക്കുമ്പോൾ പിന്നിൽ 'ആക്ഷൻ' വിളിയുയർന്നു..

പക്ഷേ അപ്പോഴും എന്റെ മനസ്സിൽ ഒരു ചോദ്യം ബാക്കിയായിരുന്നു. അത് എന്നെ അലട്ടിക്കൊണ്ടിരുന്നു...

അധികസമയം കഴിയും മുമ്പ് അന്നത്തെ ഷൂട്ട് തീർന്നു. ഞാൻ വീടിന്റെ കോണിപ്പടിക്ക് താഴെ മമ്മൂക്കയെയും കാത്തുനിന്നു. എനിക്ക് ആ ചോദ്യത്തിന് ഉത്തരം കിട്ടണമായിരുന്നു.

മമ്മൂട്ടിയും ഷാജികൈലാസും
മമ്മൂട്ടിയും ഷാജികൈലാസും ഫോട്ടോ-അറേഞ്ച്ഡ്

മേക്കപ്പ് ഒക്കെ മാറ്റി മമ്മൂക്ക കോണിപ്പടിയിറങ്ങി വന്നു. ഹോട്ടലിലേക്ക് പോകാനുള്ളതുകൊണ്ട് അതിവേ​ഗമാണ് വരവ്. ഞാൻ അടുത്ത് ചെന്നു പറഞ്ഞു: 'മമ്മൂക്ക എനിക്ക് ഒരു കാര്യം പറയാനുണ്ട്...'

ഇങ്ങനെയുള്ള സാഹചര്യങ്ങളിലാണ് മമ്മൂക്കയിലെ യഥാർഥ മനുഷ്യൻ വെളിയിൽവരിക. അദ്ദേ​ഹം പൊട്ടിത്തെറിക്കാതെ എന്നെ കേൾക്കാനായി കോണിപ്പടിക്ക് കീഴേ നിന്നു.

ഞാൻ ചോദിച്ചു: 'ആ പൂച്ചെട്ടിയെടുത്ത് മാറ്റിവയ്ക്കാൻ മമ്മൂക്ക എന്താണ് പറയാതിരുന്നത്...?'

അദ്ദേഹത്തിനൊന്നും മനസ്സിലായില്ല. അതുകൊണ്ടുതന്നെ പെട്ടെന്ന് ഞാൻ തുടർന്നു: 'ഇന്ന് ആ ഷോട്ടെടുക്കുമ്പോൾ അവിടെയിരിക്കുന്ന പൂച്ചെട്ടി എന്റെ പിറകിലേക്ക് മാറ്റിവയ്ക്കെടാ എന്ന് മമ്മൂക്കയ്ക്ക് പറയാമായിരുന്നു. പക്ഷേ മമ്മൂക്ക പറഞ്ഞില്ല. അങ്ങനെ പറഞ്ഞിരുന്നെങ്കിൽ അവിടെത്തീരുമായിരുന്നു എന്റെ സിനിമാജീവിതം...'

മമ്മൂക്ക ഒന്നും മിണ്ടാതെ എന്നെ കുറച്ചുനേരം നോക്കിനിന്നു. പിന്നെപ്പറഞ്ഞു: 'എന്റെ കൂടെ വാ...'

അന്നൊരു ഫിയറ്റ് കാറാണ് മമ്മൂക്കയ്ക്ക്. അദ്ദേഹം എന്നെയും കയറ്റി അതിൽ ആദ്യം പോയത് ഒരു മുന്തിയ ടെക്സ്റ്റൈൽ ഷോപ്പിലേക്കാണ്. അവിടെനിന്ന് നാലുഷർട്ടുകൾ വാങ്ങി എനിക്ക് സമ്മാനിച്ചു. പിന്നെ അന്നത്തെ പ്രശസ്തമായ ഹോട്ടൽ ഹോളിവുഡിലേക്ക് കൊണ്ടുപോയി. അവിടെയായിരുന്നു ഞങ്ങളുടെ രാത്രിഭക്ഷണം. പിന്നെ ഒന്നും പറയാതെ യാത്ര പറഞ്ഞുപോയി...

ഇന്നും ഞാൻ ആലോചിക്കാറുണ്ട്; മമ്മൂട്ടിയെന്ന സൂപ്പർനടന് ഒരു പൂച്ചെട്ടി എത്ര നിസാരമായിരുന്നു എന്ന്. അദ്ദേഹം പറഞ്ഞിരുന്നെങ്കിൽ ആ പൂച്ചെട്ടി അപ്പോൾ തന്നെ അദ്ദേഹത്തിന്റെ പിന്നിൽ സ്ഥാനം പിടിച്ചേനെ. തന്നോട് മാറിനില്കാൻ ആവശ്യപ്പെട്ട അസിസ്റ്റന്റിനെ സെറ്റിൽനിന്നേ മാറ്റാൻ ആവശ്യപ്പെടുകയും ചെയ്യാമായിരുന്നു. ഇനി അഥവാ അദ്ദേഹം പറഞ്ഞില്ലെങ്കിൽക്കൂടിയും, മമ്മൂക്കയോട് മാറിനില്കാൻ പറഞ്ഞതിന്റെ പേരിൽ സെറ്റിലെ മറ്റുള്ളവർക്ക് സ്വമേധയാ എന്നെ പറഞ്ഞുവിട്ട് എന്റെ സിനിമാജീവിതം എന്നേക്കുമായി അവസാനിപ്പിക്കാൻ സാധിക്കുമായിരുന്നു.

എന്തും തന്നിലേക്ക് കൊണ്ടുവരാൻ ശേഷിയുമായി സിനിമാലോകത്ത് നിറഞ്ഞുനില്കുന്ന ഒരാൾക്കാണോ ഒരു സെറ്റ് പ്രോപ്പർട്ടിയുടെ സ്ഥാനം മാറ്റാൻ പ്രയാസം. പക്ഷേ ആ മനുഷ്യൻ അത് ചെയ്തില്ല. അത് എന്തുകൊണ്ടാണെന്ന് ഇതെഴുതുമ്പോഴും എനിക്കറിയില്ല. പിന്നീട് ഞങ്ങൾ സംവിധായകനും നായകനുമായി ഒരുമിച്ച് ജോലിചെയ്ത സമയങ്ങളിലും ഞാൻ ചോദിച്ചില്ല. അത് മമ്മൂക്കയ്ക്ക് മാത്രം അറിയാവുന്ന ഉത്തരമാണ്. പക്ഷേ എന്തായിരുന്നാലും അതിന്റെയർഥം സ്നേ​ഹം എന്നുമാത്രമായിരിക്കും എന്നെനിക്കറിയാം...

(തുടരും)

Related Stories

No stories found.
Pappappa
pappappa.com