ആദ്യ സിനിമയിൽ തന്നെ അസിസ്റ്റന്റ്,അസോസിയേറ്റ്, സംവിധായകൻ... അഥവാ ഒന്നാം ക്ലാസ് കഴിയുംമുമ്പേ മാസ്റ്റർബിരുദം

'ഇതു മാൻഡൊലിൻ അല്ലേ....?' വർഷം ഇത്രകഴിഞ്ഞിട്ടും കാതിലിന്നുമുണ്ട് ആ ചോദ്യം.‌ ഞാൻ ആണെന്നോ അല്ലെന്നോ അർഥം മനസ്സിലാക്കിയെടുക്കാൻ പറ്റാത്ത രീതിയിൽ തലയാട്ടി- 'ഒരു ഷാജി കൈലാസ് വർത്തമാനം' മൂന്നാംഭാ​ഗം
ഷാജി കൈലാസ്
ഷാജി കൈലാസ്ഫോട്ടോ-അറേഞ്ച്ഡ്
Published on

എഡിറ്റർമാർക്കിടയിലെ കാരണവർക്ക് മുന്നിലാണ് ഞാനിരിക്കുന്നത്. അന്നേവരെ ആരും ആ സാഹസത്തിനുമുതിർന്നിട്ടുണ്ടാകില്ല. സീനിയറായ ഡയറക്ടർമാർപോലും ബഹുമാനത്തോടെ വണങ്ങി നില്കുന്ന ​ഗുരുസ്ഥാനീയനു മുന്നിലേക്കാണ് ഇന്നലെവന്ന,അല്ല ഇന്നുവന്ന..ഒരുത്തൻ ചാടിക്കയറി ഇരുന്നത്. (സത്യത്തിൽ പിന്നീട് പലരും പറഞ്ഞാണ് ഞാൻ വെങ്കിട്ടരാമൻ സാർ ആരാണെന്നും അദ്ദേഹത്തിന്റെ വലിപ്പമെന്താണെന്നും മനസ്സിലാക്കിയത്. അതറിഞ്ഞിരുന്നെങ്കിൽ അങ്ങനെ ചെയ്യില്ലായിരുന്നു. അറിവില്ലായ്മകൊണ്ടുണ്ടായ ഒരു ചെറിയ തെറ്റായിരുന്നു അത്.)

പക്ഷേ ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ പലരും കരുതുന്നതുപോലെയല്ല സംഭവിച്ചത്. മറ്റുള്ളവരുടെ കണക്കുകൂട്ടലുകളെ ചിലപ്പോൾ ചില മനുഷ്യർ തെറ്റിച്ചുകളയും. ആരൊക്കയോ ചേർന്ന് കല്പിച്ചുകൊടുത്ത എല്ലാ ​ഗാംഭീര്യവും വെടിഞ്ഞ് അവർ ഒരു അപ്പൂപ്പൻതാടി പോലെ മൃദുലതയുള്ളവരായി പെരുമാറും. അങ്ങനെയുള്ളയാളായിരുന്നു വെങ്കിട്ടരാമൻ സാർ.

എന്നെ അദ്ദേഹം സ്നേഹത്തോടെ നോക്കി ചോദിച്ചു: 'തമ്പീ...എന്ന പൺറീങ്കേ..'ഞാൻ പറഞ്ഞു: 'പഠിച്ചുകൊണ്ടിരിക്കുകയാണ്.' കസേരയിൽ കയറി ഇരുന്നതുപോലെ ഇനി കൂടുതൽ അധികപ്രസം​ഗമെന്തെങ്കിലും കാണിച്ചാലോ എന്നുകരുതിയാകണം അപ്പോൾ കാശി ഇടപെട്ടു. 'ഇത് ബാലുകിരിയത്തിന്റെ കൂടെയുള്ളയാളാണ്. അസിസ്റ്റന്റ് ഡയറക്ടർ...സോങ് മാർക്ക് ചെയ്യാൻ വന്നതാണ്.'- കാശി തമിഴിൽ പറഞ്ഞു.

വെങ്കിട്ടരാമൻ സാർ അകത്തേക്ക് നോക്കി വിളിച്ചു. 'സത്യാാാ..'പെട്ടെന്ന് ഒരു മുറിയിൽ നിന്ന് ഒരാൾ തലനീട്ടി. അത് സത്യൻ എന്ന എഡിറ്ററായിരുന്നു. 'രാജൂൂൂ...'അടുത്തവിളി. മറ്റൊരുമുറിയിൽ നിന്ന് പുറത്തേക്ക് വന്നത് ഇന്നത്തെ ഏറ്റവും സീനിയറായ എഡിറ്റർമാരിലൊരാളായ കെ.രാജ​ഗോപാൽ. രണ്ടുപേരും അന്ന് വെങ്കിട്ടരാമൻ സാറിന്റെ അരുമശിഷ്യന്മാരാണ്. 'അങ്ക റൂമിലേക്ക് പോങ്കേ..' വെങ്കിട്ടരാമൻസാർ രാജ​ഗോപാലിന്റെ മുറിയിലേക്ക് വിരൽചൂണ്ടി. ഞാൻ ഏഴുന്നേറ്റ് രാജ​ഗോപാലിന്റെ മുറിയിലേക്ക് ചെന്നു.

ജി.വെങ്കിട്ടരാമൻ,കെ.രാജ​ഗോപാൽ
ജി.വെങ്കിട്ടരാമൻ,കെ.രാജ​ഗോപാൽഫോട്ടോ കടപ്പാട്-എംത്രീഡിബി,വിക്കിപീഡിയ

ഇനി പറയുന്ന പ്രക്രിയ ഇന്നത്തെ ചെറുപ്പക്കാരായ സിനിമാപ്രവർത്തകർക്ക് പലർക്കും അറിവുണ്ടാകില്ല. സാങ്കേതികവിദ്യയുടെ സഹായം വരുന്നതിന് മുമ്പേ സിനിമ ഇങ്ങനെയുള്ള പലപല മുറികളിലാണ് പിറവികൊണ്ടിരുന്നത്. അന്ന് മനുഷ്യരുടെ ബുദ്ധിയും വൈദ​ഗ്ദ്ധ്യവുമായിരുന്നു ഏറ്റവും വലിയ യന്ത്രങ്ങൾ. പരിമിതമായ സാങ്കേതികസൗകര്യങ്ങളെ സ്വന്തം മികവുകൊണ്ട് നൂറുശതമാനം ഔട്ട്പുട്ടിലേക്ക് എത്തിക്കുകയായിരുന്നു അന്നത്തെ ചലച്ചിത്രകാരന്മാർ. കമ്പ്യൂട്ടർ സഹായമില്ലാതെ കൈവിരലുകൾ കൊണ്ട് സൃഷ്ടിച്ചിരുന്ന ഇന്ദ്രജാലങ്ങൾ.

സോങ് പഞ്ചിങ് സിനിമയുടെ ചിത്രീകരണത്തിന് മുമ്പുള്ള വളരെ പ്രധാനപ്പെട്ട ഘട്ടമാണ്. അന്നൊക്കെ ​ഗാനങ്ങൾക്ക് കഥാ​ഗതിയിലും അന്തരീക്ഷനിർമിതിയിലുമൊക്കെ വളരെ പ്രാധാന്യമുണ്ട്. പാട്ടുകളുടെ റെക്കോഡിങ് കഴിഞ്ഞാൽ കിട്ടുന്ന സൗണ്ട് പോസിറ്റീവിലാണ് സോങ് പഞ്ചിങ് നടത്തുക. ഈ സൗണ്ട് പോസിറ്റീവ് എഡിറ്ററുടെ സഹായികൾ പ്ലേ ചെയ്ത് അതിലെ ഓരോസം​ഗീതോപകരണത്തിനും വരികൾക്കും അനുസരിച്ചാണ് പഞ്ച് ചെയ്യേണ്ടത്.

ഉദാഹരണത്തിന് ഒരു പാട്ടുതുടങ്ങുന്നത് വീണയുടെ ശബ്ദത്തിൽ നിന്നാണെന്നിരിക്കട്ടെ. അതിന്റെ ശബ്ദം തുടങ്ങിയവസാനിക്കുന്നിടത്തായിരിക്കും ഒന്നാമത്തെ പഞ്ച് അഥവാ P-1. അടുത്തത് ഹമ്മിങ് ആയിരിക്കാം വരിക. അതിനനുസരിച്ച് P-2. പിന്നെ പാട്ടിലെ വരികൾ. അതിന്റെ പഞ്ചുകൾ. അങ്ങനെയാണ് പഞ്ചിങ് നടത്തുക.

​ഗാനചിത്രീകരണം, സോങ് പഞ്ചിങ്ങിനെ അടിസ്ഥാനമാക്കിയാണ്. എഡിറ്റർ പഞ്ച് ചെയ്ത സൗണ്ട് പോസിറ്റീവ് പിന്നീട് നാ​ഗ്രടേപ്പിലാക്കും. അതാണ് പാട്ടുകൾ ചിത്രീകരിക്കുന്ന സമയത്ത് പ്ലേ ചെയ്യുക. ഇതു പ്ലേ ചെയ്യാൻ ലൊക്കേഷനിൽ നാ​ഗ്ര എന്ന ഉപകരണവും അതിന് ഒരു ഓപ്പറേറ്ററുമുണ്ടാകും. വീണയുടെ ഭാ​ഗം വരുന്നിടത്ത് ചിലപ്പോൾ അതുവായിക്കുന്ന വിരലുകളുടെ ക്ലോസപ്പ് ചിത്രീകരിക്കാനായിരിക്കും സംവിധായകൻ ഉദ്ദേശിച്ചിട്ടുണ്ടാകുക. അതുകൊണ്ട് നാ​ഗ്രയിൽ പാട്ടുപ്ലേ ചെയ്ത് തുടങ്ങി P-1 എന്ന പഞ്ച് മാർക്കിനനുസരിച്ച് നാ​ഗ്ര ഓപ്പറേറ്റർ അത് സ്റ്റോപ്പ് ചെയ്യും. അസിസ്റ്റന്റ് ഡയറക്ടർമാർ എഡിറ്റർമാരുടെ അടുത്ത് നിന്ന് രേഖപ്പെടുത്തിക്കൊണ്ടുവരുന്ന പഞ്ചുകൾക്ക് അനുസരിച്ചായിരിക്കും ​ഗാനചിത്രീകരണത്തിനിടെ നാ​ഗ്ര ഓപ്പറേറ്റർ പാട്ട് പ്ലേ ചെയ്യുന്നതും നിർത്തുന്നതും. പാട്ടിന്റെ ഷോട്ടുകൾക്ക് അനുസരിച്ചായിരിക്കും ഇങ്ങനെ പ്ലേ ചെയ്യലും നിർത്തലും. അത് സംവിധായകൻ നിശ്ചയിക്കും. അതുകൊണ്ട് പഞ്ച് മാർക്കുകൾ അദ്ദേഹത്തിനും വളരെ പ്രധാനപ്പെട്ടതാണ്.

പഴയകാല 'മൂവിയോള'കളിലൊന്ന്
പഴയകാല 'മൂവിയോള'കളിലൊന്ന്ഫോട്ടോ-അറേഞ്ച്ഡ്

സോങ് പോസിറ്റീവ് എഡിറ്റർ പ്ലേ ചെയ്യുന്നത് എഡിറ്റിങ് വ്യൂവർ എന്ന ഉപകരണത്തിലാണ്. പക്ഷേ ഇതിന് അന്ന് പൊതുവേ പറഞ്ഞിരുന്ന പേര് 'മൂവിയോള' എന്നാണ്. 'മൂവിയോള' കമ്പനി നിർമിക്കുന്ന ഉപകരണമായതിനാൽ ആ പേരുവന്നു. മണ്ണ്മാന്താനും സാധനങ്ങളുടെ കയറ്റിറക്കിനുമെല്ലാമുള്ള വാഹനത്തെ ഇന്ന് എല്ലാവരും ജെ.സി.ബി എന്ന് വിളിക്കുംപോലെ. 'മൂവിയോള'യുടെ താഴെ ബ്രേക്ക് പോലെയുള്ള ഒരു ഭാ​ഗമുണ്ട്. ഓരോ പഞ്ചിനും മുമ്പായി പാട്ട് നിർത്തുന്നത് ഈ 'ബ്രേക്ക്' ചവിട്ടിയാണ്. ഫൈനൽ എഡിറ്റിന്റെ സമയത്ത് പാട്ടും വിഷ്വലുകളും ഫിലിമിൽ സംയോജിപ്പിക്കുന്നതും 'മൂവിയോള'യിലായിരുന്നു അന്ന്. അവിടെയും സോങ് പഞ്ചിങ് പ്രധാനമാണ്. പഞ്ചിൽ നിന്ന് അല്പം മാറി ഏതെങ്കിലും ഷോട്ടിന് ദൈർഘ്യമുണ്ടെങ്കിൽ അത് ചെത്തിമിനുക്കി കൃത്യം സോങ് പോസിറ്റീവിലെ പഞ്ചിന് അനുസരിച്ചാക്കാൻ എഡിറ്റർ ആധാരമാക്കുന്നതും പ്രീ-പ്രൊഡക്ഷൻ സമയത്ത് തയ്യറാക്കിയ പഞ്ചിങ് രേഖയാണ്.

സോങ് പഞ്ചിങ് എന്തെന്ന് മനസ്സിലാക്കിയാലേ ഞാൻ ഇനി പറയുന്ന കാര്യങ്ങൾ പൂർണമായ അർഥത്തിൽ പിടികിട്ടൂ എന്നുള്ളതുകൊണ്ടുകൂടിയാണ് ഇത്രയും വിശദീകരിച്ചത്.

രാജ​ഗോപാൽ പാട്ട് ലോഡ് ചെയ്തു. ഞാൻ ഒന്നുംമിണ്ടാതെ അതുകണ്ടുകൊണ്ടിരിക്കുകയാണ്. പക്ഷേ ആദ്യമായി കാണുന്നയാളുടെ പരിഭ്രാന്തിയൊന്നും പ്രകടിപ്പിക്കാതെ ശാന്തനായിരിക്കുന്നതുകണ്ട് രാജ​ഗോപാൽ ഓർത്തു,ഞാനേതോ പരിചയസമ്പന്നനായ അസോസിയേറ്റ് ഡയറക്ടറാണെന്ന്. ആരും ഒന്നുംമിണ്ടുന്നില്ല. ഒടുവിൽ രാജ​ഗോപാൽ ചോദിച്ചു:'ആദ്യം സോങ് കേൾക്കാം അല്ലേ...'ഞാൻ പേപ്പറും ഫയലും കൈയിൽ വച്ച് ഇരിക്കുകയാണ്. ചുമ്മാ തലയാട്ടി.

പാട്ട് മുഴുവൻ കേട്ടു. എന്നിട്ട് റീ വൈൻഡ് ചെയ്തു. 'ഇനി പഞ്ച് ചെയ്യാം'-രാജ​ഗോപാൽ പറഞ്ഞു. വീണ്ടും പ്ലേ ചെയ്തപ്പോൾ രാജ​ഗോപാൽ പെൻസിൽകൊണ്ട് സ്ക്വയർ വരച്ചിട്ട് P-1 എന്നെഴുതി. അതുകണ്ടപ്പോൾ ഞാൻ വിചാരിച്ചു,സം​ഗതി ഇതുതന്നെ പഞ്ച് വൺ എന്നതിന്റെ ചുരുക്കപ്പേരായിരിക്കും P-1. ഞാനും അതുപോലെ എന്റെ കൈയിലുണ്ടായിരുന്ന കടലാസിൽ എഴുതി. ഒരു സം​ഗീതോപകരണത്തിന്റെ നാദം മുറിക്കുള്ളിൽ മുഴങ്ങുന്നു. ഒരിടത്തെത്തിയപ്പോൾ രാജ​ഗോപാൽ ചവിട്ടി നിർത്തി. എന്നിട്ട് ചോദിച്ചു:

'ഇതു മാൻഡൊലിൻ അല്ലേ....?'

വർഷം ഇത്രകഴിഞ്ഞിട്ടും എന്റെ കാതിലിന്നുമുണ്ട് ആ ചോദ്യം.‌

ഞാൻ ആണെന്നോ അല്ലെന്നോ അർഥം മനസ്സിലാക്കിയെടുക്കാൻ പറ്റാത്ത ഒരുരീതിയിൽ തലയാട്ടി. ഞാൻ P-1 ന് നേർക്ക് 'മാൻഡൊലിൻ' എന്നെഴുതി. അപ്പോൾ ഇങ്ങനെയായിരിക്കും ഇതിന്റെ രീതി. പിന്നെയെല്ലാം പെട്ടെന്നായിരുന്നു. പടപടപടേയെന്ന് പാട്ടും അതിലെ സംഗീതോപകരണങ്ങളുമെല്ലാം വേർതിരിച്ചെടുക്കുന്ന പ്രക്രിയ പൂർത്തിയായി.

പഞ്ചിങ് രേഖപ്പെടുത്തിയ കടലാസുമായി പാട്ടുംപാടി ഞാൻ തിരിച്ച് ​ഗോപാലകൃഷ്ണന്റെ അടുക്കലെത്തി. കടലാസ് വാങ്ങിനോക്കിയിട്ട് ​ഗോപാലകൃഷ്ണൻ ചോദിച്ചു: ;ഇപ്പോ എങ്ങനെയുണ്ട്..ആരെങ്കിലും പറഞ്ഞുതന്നോ?..എന്തെങ്കിലും അറിഞ്ഞിട്ടായിരുന്നോ...?അതാ പറഞ്ഞത്..'

ഞാൻ ഒന്നും മിണ്ടിയില്ല. ​ഗോപാലകൃഷ്ണൻ രാവിലെ തന്നെ ഉപദേശം മറ്റൊരു തരത്തിൽ ആവർത്തിച്ചു: 'ഒന്നും അറിയില്ലെങ്കിലും അത് പുറത്തറിയിക്കാതെ സ്വയംപഠിക്കണം. അറിയില്ല എന്നു പറഞ്ഞാൽ നിങ്ങൾ മൂന്നാംസ്ഥാനത്തേക്ക് പോകും. തെരിയണ ആളെ കൂപ്പിടപ്പാ...എന്ന് പറയും. അതാണ് മദിരാശിയിലെ സിനിമാനിയമം.'

വി.ആർ.​ഗോപാലകൃഷ്ണൻ
വി.ആർ.​ഗോപാലകൃഷ്ണൻഫോട്ടോ-അറേഞ്ച്ഡ്

അന്ന് ഞാൻ ആദ്യപാഠം പഠിച്ച 'വാ കുരുവി വരൂ കുരുവി' എന്ന സിനിമ 'നായകൻ' എന്ന പേരിലാണ് പിന്നീട് പുറത്തുവന്നത്. മോഹൻലാൽ ആയിരുന്നു പ്രധാനവേഷത്തിൽ. എന്തിനാണീ കള്ളനാണം, ആകാശമെവിടേ, ശ്രീദേവിയായി എന്നീ മൂന്നുപാട്ടുകളായിരുന്നു അതിലുണ്ടായിരുന്നത്. അവയിലൊന്നിലാണ് ഞാൻ ആദ്യമായി സോങ്പഞ്ച് കണ്ടതും പഠിച്ചതും. ​ഗാനരചന സംവിധായകൻ ബാലു കിരിയത്തിന്റേതുതന്നെയായിരുന്നു. സം​ഗീതം എ.ടി.ഉമ്മർ.

അന്ന് മോഹൻലാൽ അക്ഷരാർഥത്തിൽ പറന്നുനടന്നഭിനയിക്കുന്ന കാലമാണ്. ഒരു വർഷം ഇരുപതും മുപ്പതും ചിത്രങ്ങൾ. കേരളത്തിലും തമിഴ്നാട്ടിലുമാണ് മിക്കതിന്റെയും ഷൂട്ടിങ്. കേരളത്തിൽ നാലുദിവസം അഭിനയിച്ച് പിന്നെ ഒരു മൂന്നുദിവസത്തേക്ക് മദ്രാസ് ഫ്ളൈറ്റിൽ തമിഴ്നാട്ടിലേക്ക്. പിന്നെ തിരിച്ചുപറന്ന് വീണ്ടും കേരളത്തിലേക്ക്. ലാലിന്റെ മൂന്നോ നാലോ ദിവസത്തെ ഡേറ്റ് എന്നു പറഞ്ഞാൽ അമൂല്യമായ നിധിയായിരുന്നു അന്നും.

വന്നിറങ്ങിയ ദിവസംതന്നെ സോങ് പഞ്ചിങ്ങിൽ തുടങ്ങിയ എന്റെ ചലച്ചിത്രജീവിതം 'വാ കുരുവി വരൂ കുരുവി'യുടെ ഷൂട്ടിങ് അവസാനിക്കുമ്പോൾ സംവിധായകൻ എന്ന നിലയിലേക്കെത്തി! ആദ്യ സിനിമയിൽ തന്നെ അസിസ്റ്റന്റ് ഡയറക്ടറും അസോസിയേറ്റ് ഡയറക്ടറും ഒടുവിൽ ഡയറക്ടറുമായിത്തീർന്ന ഒരാൾ!

അന്നൊക്കെ നാലും അഞ്ചും ഷെഡ്യൂളുകൾകൊണ്ടാണ് ഒരു സിനിമയുടെ ചിത്രീകരണം പൂർത്തിയാകുക. 'വാ കുരുവി വരൂ കുരുവി'യുടെ സെക്കൻഡ് ഷെഡ്യൂളായപ്പോഴേക്കും ​ഗോപാലകൃഷ്ണൻ മറ്റൊരു സിനിമയുടെ ഡബ്ബിങ്ങിന് പോയി. അതോടെ അസോസിയേറ്റ് ഡയറക്ടറായി എനിക്ക് സ്ഥാനക്കയറ്റമുണ്ടായി. മൂന്നാമത്തെ ഷെഡ്യൂളിന് സംവിധായകനില്ല. അദ്ദേഹം 'എങ്ങനെയുണ്ട് ആശാനേ' എന്ന സിനിമയുടെ ലൊക്കേഷൻ നോക്കാനായി പോയി. ഇവരാരും അലംഭാവം കാട്ടി ചെയ്തതല്ല. ഒരേസമയം രണ്ടുംമൂന്നും പടങ്ങളുടെ ജോലികളിൽ ഏർപ്പെടുന്നതായിരുന്നു സംവിധായകനും അഭിനേതാക്കളും മുതൽ അസോസിയേറ്റുമാർ വരെയുള്ളവരുടെ അന്നത്തെ രീതി.

രണ്ടാം ഷെഡ്യൂൾ കഴിഞ്ഞൊരു ദിവസം നിർമാതാവ് പി.എച്ച്.റഷീദ് ഓടിവന്നുപറയുന്നു: 'മോഹൻലാലിന്റെ നാലുദിവസത്തെ ഡേറ്റുണ്ട്. അത് പോയാൽ പിന്നെ പടം സമയത്ത് റിലീസ് ചെയ്യാൻ പറ്റില്ല.' അന്നൊന്നും മൊബൈലില്ലല്ലോ. ഞാൻ സംവിധായകൻ ബാലുകിരിയത്ത് താമസിക്കുന്ന ഹോട്ടൽ അന്വേഷിച്ചുകണ്ടുപിടിച്ച് ട്രങ്ക് കോൾ വിളിച്ചു. 'പ്രൊഡ്യൂസർ മോഹൻലാലിന്റെ ഡേറ്റുണ്ടെന്നാണ് പറയുന്നത്. എന്താണ് ചെയ്യേണ്ടത്.'-ഞാൻ അദ്ദേഹത്തോട് ചോദിച്ചു. 'ഷാജി തന്നെ അങ്ങെടുത്തോളൂ.'-നിസാരമായി ബാലുകിരിയത്ത് പറഞ്ഞു. 'മൂന്നോ നാലോ ആർട്ടിസ്റ്റല്ലേയുള്ളൂ,സോങ്ങിന്റെ സീനും ഫൈറ്റ് സീനുമെല്ലാം എടുത്തേക്കൂ...'

ഞാൻ സംവിധായകന്റെ മറുപടി നിർമാതാവിനെ അറിയിച്ചു. എന്നെ സംവിധാനം ഏല്പിക്കാൻ അവർക്ക് സമ്മതമാണോ എന്നറിയണമല്ലോ. പക്ഷേ നിർമാതാവിനായിരുന്നു കൂടുതൽ ധൃതി. 'എടുത്തോ..എടുത്തോ..അല്ലെങ്കിൽ മോഹൻലാലിന്റെ ഡേറ്റ് ഇനി അടുത്തെങ്ങും കിട്ടില്ല.'-പി.എച്ച്.റഷീദ് പറഞ്ഞു.

​ഗോപാലകൃഷ്ണൻ തന്ന ഉപദേശം മനസ്സിൽ വച്ചുകൊണ്ട് അങ്ങനെ ഞാൻ ആദ്യസിനിമയിൽ തന്നെ ക്യാമറയ്ക്ക് പിന്നിൽനിന്നുവിളിച്ചു-ആക്ഷൻ!

(തുടരും)

ഷാജി കൈലാസ്
'ഇത് സിനിമയാണ്. ഇവിടെ ഒന്നും അറിയില്ല എന്നുപറയരുത്... എല്ലാം അറിയാമെന്നേ പറയാവൂ...അങ്ങനെയേ ഭാവിക്കാവൂ....'

Related Stories

No stories found.
Pappappa
pappappa.com