

മോഹൻലാൽ-ഷാജി കൈലാസ്-രഞ്ജിത് കൂട്ടുകെട്ടിൽ പിറക്കാതെ പോയ 'ദാവീദ് രാജാവ്'
ആന്റണി പെരുമ്പാവൂർ നിർമാതാവായ നിമിഷം
'നരസിംഹം' എന്ന സിനിമയിലേക്കെത്തിയ വഴികൾ
ആറാം തമ്പുരാൻ സിനിമാജീവിതത്തിലെയും വ്യക്തിജീവിതത്തിലെയും സുപ്രധാനമായ അധ്യായമാണ്. മോഹൻലാലിനൊപ്പമുള്ള ആദ്യസിനിമ എന്ന പ്രത്യേകതയിൽ മുതൽ എന്റെ മകന്റെ പിറവിയിലും പേരിലും വരെ അതിന്റെ തണലുകൾ വീണുകിടക്കുന്നു. മോഹൻലാലിനെവച്ച് ഒരു സിനിമ ചെയ്യുമ്പോൾ എന്താണോ പ്രേക്ഷകർ പ്രതീക്ഷിച്ചത് അതിനുമപ്പുറം കൊടുക്കാൻ സാധിച്ചു എന്നത് ഈശ്വരാധീനം. പക്ഷേ അത് ഒരേസമയം അംഗീകാരവും വെല്ലുവിളിയുമായി മാറുകയും ചെയ്തു.
'ആറാം തമ്പുരാൻ' വലിയ വിജയമായിക്കഴിഞ്ഞ് ഒരു ദിവസം ആന്റണി പെരുമ്പാവൂർ ചോദിച്ചു: 'ഷാജിയേട്ടാ...ഇതിനപ്പുറം എനി വേറൊരു സിനിമ എടുക്കാൻ പറ്റുമോ?' അന്ന് ആന്റണി നിർമാതാവായിട്ടില്ല. മോഹൻലാലിന്റെ മാനേജർ എന്ന നിലയ്ക്ക് നിഴലുപോലെ നിന്ന് എല്ലാകാര്യങ്ങളും ചെയ്യുന്ന ചുമതലയാണ് അദ്ദേഹത്തിന്. ആന്റണി അത് ഭംഗിയായി നിർവഹിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. മോഹൻലാലിന്റെ ആറാമത്തെ ഇന്ദ്രിയമെന്നോ മൂന്നാമത്തെ കരം എന്നോ വിളിക്കാമായിരുന്നു ആന്റണിയെ. ആ ആന്റണിയാണ് ചോദിക്കുന്നത് 'ഇനി ആറാം തമ്പുരാനപ്പുറം,അതിനുമീതേ ഒരു സിനിമ സാധ്യമോ..?'
മുമ്പ് പലവട്ടം എഴുതിയിരുന്നു ചില ചോദ്യങ്ങളും സാഹചര്യങ്ങളും വെല്ലുവിളിയായി മുന്നിൽ വന്നതും വല്ലാത്തൊരു ഹരത്തോടെ അതിനെ നേരിട്ടതുമായ കഥകൾ. ആന്റണിയുടെ ചോദ്യവും അങ്ങനെയൊരു വെല്ലുവിളിയുടെ ചോദ്യചിഹ്നമാണ് മുന്നിൽ ഉയർത്തിയത്. അതിൽ ഒരു വാസ്തവവും ഉണ്ടായിരുന്നു. കാരണം 'ആറാംതമ്പുരാൻ' 250ദിവസം പിന്നിട്ട സിനിമയാണ്. അതിലെ മോഹൻലാൽ എന്നത് അന്നേവരെയുണ്ടായിരുന്ന നായകസങ്കല്പങ്ങളുടെയെല്ലാം പരകോടിയും. അതിനപ്പുറമൊരു നായകനെ സങ്കല്പിക്കുകയും അതുവച്ച് സിനിമ സൃഷ്ടിക്കുകയും ചെയ്യുന്നത് എളുപ്പമുള്ള കാര്യമല്ല. ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ എന്റെ മനസ്സ് മനസ്സിനോടുതന്നെ ചോദിക്കും: 'നേരാണല്ലോ..അതൊരു വെല്ലുവിളിയല്ലേ...നീ എങ്ങനെ അത് തരണം ചെയ്യും...?'ആന്റണിയുടെ ചോദ്യം കേട്ടപ്പോഴും മനസ്സ് അങ്ങനെ തന്നെ മനസ്സിനോടു ചോദിച്ചു.
എപ്പോഴത്തെയും പോലെ ആ വെല്ലുവിളി സ്വീകരിക്കാൻ ഞാൻ തയ്യാറായി. ഇതിനിടെ മറ്റൊരു പ്രോജക്ടിനുള്ള ആലോചനകൾ തുടങ്ങിയിരുന്നു. അതാണ് ഒടുവിൽ 'ഉസ്താദ്' ആയി മാറിയത്. സംവിധായകനല്ല,നിർമാതാവായിരുന്നു ആ ചിത്രത്തിൽ ഞാൻ.(അതിന്റെ കഥ വേറെയാണ്. അത് പിന്നീട് പറയാം). 'ഉസ്താദി'ന്റെ ജോലികൾ നടക്കുമ്പോഴെല്ലാം എന്റെ മനസ്സിൽ ആ ചോദ്യം മുഴങ്ങിക്കൊണ്ടേയിരുന്നു 'ആറാംതമ്പുരാന'പ്പുറം ഇനിയെന്ത്? മനസ്സ് കലങ്ങി മറിയുകയാണ്. അടുത്ത പ്രോജക്ട് എങ്ങനെ ചെയ്യും? ആന്റണിയുടെ ചോദ്യവും അതുയർത്തിയ വെല്ലുവിളിയും അത് ഏറ്റെടുത്തേ തീരൂ എന്ന വാശിയും ഉള്ളിലൂടെയിങ്ങനെ പോകുകയാണ്. പക്ഷേ ദൈവമേ...എങ്ങനെയാണ് അത് സാധ്യമാകുക...? എങ്ങനെയെങ്കിലും അതൊന്ന് ചെയ്യണമല്ലോ.. അതോർക്കുമ്പോൾ ചെറുതായൊന്ന് ധൈര്യം കുറയും,പക്ഷേ അടുത്തനിമിഷം ആ വെല്ലുവിളിയുടെ ചൂടിൽ പിടഞ്ഞുണർന്ന് വീണ്ടും ആലോചന തുടങ്ങും.
ഒടുവിൽ മനസ്സിനെ മെല്ലെ പാകപ്പെടുത്തിത്തുടങ്ങി. അങ്ങനെയൊരു സിനിമ ചെയ്തേ തീരൂ. അത് എങ്ങനെയെങ്കിലും ചെയ്യണം. എനിക്കതിന് സാധിക്കും. ഔട്ട് ആന്റ് ഔട്ട് കൊമേഴ്സ്യൽ പടമായിരുന്നു മനസ്സിൽ. ഓരോ അണുവിലും പ്രേക്ഷകൻ ത്രസിക്കുന്ന ഒരു സിനിമ. പക്ഷേ രഞ്ജിത്തിനോട് പോലും ഞാൻ അതേപ്പറ്റി ചർച്ച ചെയ്തില്ല. പക്ഷേ അങ്ങനെയൊരു സിനിമ ചെയ്തേ പറ്റൂ.
ഇവിടെയൊരു ഫ്ളാഷ്ബാക്ക്. ആന്റണി എന്നോട് 'ആറാംതമ്പുരാന'പ്പുറം ഒരു സിനിമ' എന്ന ചോദ്യം ചോദിക്കുന്നതിന് ഒരു പശ്ചാത്തലമുണ്ടായിരുന്നു. 'ആറാംതമ്പുരാന്റെ' വിജയം സ്വാഭാവികമായും മോഹൻലാലിനെ ആവേശഭരിതനാക്കി. അതേപോലൊരു കഥാപാത്രം അദ്ദഹം വീണ്ടും ആഗ്രഹിക്കുന്നുമുണ്ടായിരുന്നു. 'ആറാംതമ്പുരാന്' ശേഷം ഒരുദിവസം ഞങ്ങൾ എല്ലാവരും തിരുവനന്തപുരത്ത് ഹോട്ടൽ പങ്കജിൽ ഒത്തുചേർന്നു. അന്ന് സ്വാഭാവികമായും അടുത്ത സിനിമ ചർച്ചാവിഷയമായി. കുറച്ചുസമയം കഴിഞ്ഞപ്പോൾ മോഹൻലാൽ എന്നെ മുറിയുടെ ഒഴിഞ്ഞ കോണിലേക്ക് വിളിച്ചുകൊണ്ടുപോയി. എന്നിട്ട് പറഞ്ഞു, 'ഷാജീ നമുക്ക് രണ്ടുപേർക്ക് പടം ചെയ്തുകൊടുക്കണം'. ഞാൻ ചോദിച്ചു: 'ആരാണവർ...?'
അപ്പോൾ ലാൽ പറഞ്ഞു: 'എന്റെ എല്ലാകാര്യങ്ങളും നോക്കുന്ന ആന്റണിക്കും പിന്നെ മാനേജറായി വർക്ക് ചെയ്യുന്ന സച്ചിക്കും(സച്ചിദാനന്ദൻ).' ആ നിമിഷമാണ് ശരിക്കും ഇന്ന് മലയാളസിനിമയിൽ ഏറ്റവും കൂടുതൽ ബോക്സ്ഓഫീസ് ഹിറ്റുകളുടെ ഉടമകളായ ആശിർവാദ് സിനിമാസിന്റെ പിറവി. പങ്കജ് ഹോട്ടലിലെ ആ മുറിയിൽവച്ച് ലാലിന്റെ ആ വലിയമനസ്സിലൂടെ ആന്റണി പെരുമ്പാവൂർ എന്ന നിർമാതാവും ആശിർവാദ് സിനിമാസ് എന്ന നിർമാണക്കമ്പനിയും ജനിക്കുകയായിരുന്നു.
മോഹൻലാലിന്റെ മനസ്സിലും 'ആറാംതമ്പുരാൻ' പോലൊരു സിനിമയാണ്. രഞ്ജിത്തിനോട് സംസാരിക്കാം എന്നു ഞാൻ പറഞ്ഞു. അതുകഴിഞ്ഞ് ഒരു ദിവസമാണ് ആന്റണി എന്നോട് ആ ചോദ്യം ചോദിച്ചത്, 'ഷാജിയേട്ടാ...ആറാംതമ്പുരാനപ്പുറം എനി വേറൊരു സിനിമ എടുക്കാൻ പറ്റുമോ?'
കട്ട് ബാക്ക് ടു ആ വെല്ലുവിളി ഏറ്റെടുക്കാൻ തീരുമാനിച്ച നിമിഷം.
ഔട്ട് ആന്റ് ഔട്ട് കൊമേഴ്സ്യൽ പടം എന്ന തീരുമാനമേ ഉള്ളിലുണ്ടായിരുന്നുള്ളൂ. അതെങ്ങനെ വേണം എന്നൊന്നും ഒരു ധാരണയുമില്ലായിരുന്നു. രഞ്ജിത്തിനോട് ആദ്യമൊന്നും അതേപ്പറ്റി സംസാരിച്ചിരുന്നില്ലെങ്കിലും പിന്നീട് ആന്റണിക്കുവേണ്ടിയൊരു സിനിമ എന്ന നിലയിൽ ഞങ്ങൾ വീണ്ടും ഒരുമിച്ചിരുന്നു. ഞാൻ എന്റെ ഉള്ളിലെ ആശയം പങ്കുവെച്ചു. രഞ്ജിത്തിനും അതിനോട് യോജിപ്പായിരുന്നു. കാരണം 'ആറാംതമ്പുരാ'ന് ശേഷം ഞങ്ങൾ മോഹൻലാലിനൊപ്പം ചെയ്യുന്ന സിനിമ. അപ്പോൾ പ്രേക്ഷകർ പ്രതീക്ഷിക്കുക മറ്റൊരു 'ആറാംതമ്പുരാൻ' തന്നെയാകും. അതുപോലെ തന്നെ ആന്റണി പെരുമ്പാവൂർ ആദ്യമായി നിർമാതാവ് ആകുകയാണ്. അപ്പോൾ ഒരു ഫുൾ കൊമേഴ്സ്യൽ പടമായിരിക്കും സേഫ്. മോഹൻലാലിന്റെ ഏറ്റവും വലിയ ആരാധകൻ ആരാണ് എന്നുചോദിച്ചാൽ ഞാൻ അന്നും ഇന്നും ആന്റണി പെരുമ്പാവൂർ എന്നേ ഉത്തരം പറയൂ. ഒന്നാമത്തെ ആരാധകനായ ആന്റണിക്കും അദ്ദേഹത്തിന്റെ ലാൽസാറിനെ 'ആറാംതമ്പുരാനി'ലെപ്പോലെ കാണാനായിരുന്നു ഇഷ്ടം. അതിനനുസരിച്ച് ഞങ്ങൾ ഒരുപാട് കഥകൾ ആലോചിച്ചു. അങ്ങനെ ഒടുവിൽ ഒരെണ്ണത്തിൽ ലാൻഡ് ചെയ്തു.
ഒരു ബോക്സറുടെ കഥ. പൂർണമായും മോഹൻലാലിൽ കേന്ദ്രീകൃതമായ സിനിമ. 'ദാവീദ് രാജാവ്' എന്നായിരുന്നു മനസ്സിൽ കണ്ട പേര്. ഒരു ബോക്സറുടെ റിംഗിലെയും പുറത്തെയും ജീവിതം പറയുന്ന അതിൽ മോഹൻലാൽ ആരാധകർക്ക് തൃപ്തിയാകുന്ന അത്രയും മുഹൂർത്തങ്ങൾ കൊണ്ടുവരാനായിരുന്നു ആഗ്രഹം. 'ദാവീദ് രാജാവ്' എന്ന സിനിമയ്ക്കായി മോഹൻലാലിന്റെ ഫോട്ടോ ഷൂട്ട് വരെ നടത്തി. പക്ഷേ എന്തുകൊണ്ടോ ആ കഥ ഞങ്ങൾ ആലോചിച്ചപോലെ മുന്നോട്ടുപോയില്ല. സ്ക്രിപ്റ്റ് എഴുതിത്തുടങ്ങിയപ്പോൾ കഥയിൽ കണ്ട ആവേശമുഹൂർത്തങ്ങൾ കൊണ്ടുവരാനാകാത്തതുപോലെ. അങ്ങനെ രഞ്ജിത് ഒടുവിൽ പറഞ്ഞു: 'ഇത് ശരിയാകുമെന്ന് തോന്നുന്നില്ല. നമുക്ക് ഇത് വിട്ട് വേറെ എന്തെങ്കിലും ഒരെണ്ണം പിടിക്കാം..'
അങ്ങനെയാണ് 'നരസിംഹ'ത്തിന്റെ പിറവി. ആർക്കും അറിയാത്ത കഥയാണിത്. ബോക്സറായ 'ദാവീദ് രാജാവി'ൽ തുടങ്ങി,ഫോട്ടോ ഷൂട്ട് വരെ കഴിഞ്ഞ ഒരു കഥയിൽ നിന്നാണ് ഞങ്ങൾ പിന്നെ പലവഴികളിലൂടെ സഞ്ചരിച്ച് ഒടുവിൽ പൂവള്ളി ഇന്ദുചൂഡനിലെത്തിച്ചേർന്നത്.
(തുടരും)