

'പുഴക്കര
പുഴക്കരയിലെ സൂര്യോദയം
ശംഖുവിളി ഉയരുന്ന പുഴക്കരയിലെ ക്ഷേത്രം
കാറ്റിൽ ഒഴുകിയെത്തുന്ന അഷ്ടപദി
പുഴയും ഗ്രാമവും
അതിന്റെ ജീവസ്സാർന്ന ചിത്രങ്ങൾക്കു മുകളിൽ വീഴുന്ന ശബ്ദം
ശബ്ദം: ഇത് തിരുവക്കര ദേശം. വേനലിൽ കരഞ്ഞ് കണ്ണീർ വറ്റിയും വർഷത്തിൽ ഉന്മാദിനിയായി മുടിയഴിച്ചാട്ടംകൊള്ളുകയും ചെയ്യുന്ന പുഴ വേർതിരിച്ച കരകൾ. അക്കരെ കൊളപ്പുള്ളി, ഇക്കരെ കണിമംഗലം. രണ്ടുനാടിനും കുലദൈവങ്ങളായി അക്കരെക്കാവിൽ ഏട്ടത്തി ഭഗവതി. ഇക്കരെ അനിയത്തി ഭഗവതി. ആരൂഢമുറപ്പിക്കാൻ തിരുവക്കരയിലെത്തിയ അമ്മദൈവങ്ങളിൽ മൂത്തവൾ വിളഞ്ഞ നെൽപ്പാടം കണ്ട് അക്കരെയിലും അനിയത്തി പൂത്തചെമ്പകം കണ്ട് ഇക്കരെയിലും ഇരിപ്പിടമുറപ്പിച്ചു.
കണിക്കൊന്ന മഞ്ഞത്തോരണം തൂക്കുന്ന മേടത്തിൽ രണ്ടുകാവിലും ഉത്സവം. ധനികയായ ഏട്ടത്തി തന്റെ കാവിലെ ഉത്സവം കഴിഞ്ഞ് തിരുവാഭരണങ്ങൾ ദരിദ്രയായ അനിയത്തിക്ക് ഊരാഴ്മക്കാർ വശം കൊടുത്തയയ്ക്കുന്നു. ഉത്സവം കഴിഞ്ഞാൽ അതുപോലെ തിരിച്ചുകൊടുക്കണമെന്ന് ആചാരം. പതിനാറുവർഷം മുമ്പൊരു മേടസന്ധ്യയിൽ രണ്ടുകരക്കാരും ചേരിതിരിഞ്ഞ് അങ്കംവെട്ടി. അതോടെ അനിയത്തിക്കാവിലെ ഉത്സവം മുടങ്ങി. കൊളപ്പുള്ളിക്കാർ പിന്നീട് തിരുവാഭരണങ്ങൾ ഇക്കരെയ്ക്ക് കൊടുത്തയച്ചില്ല. ഇപ്പോൾ..അക്കരെയിൽ മേളക്കൊടുംചിലമ്പിന്റെയും ഉടവാളിന്റെയും കിലുക്കം ഉയരുമ്പോൾ ഇക്കരെ മേടക്കാറ്റിൽ അലിയുന്ന ദേശക്കാരുടെ നെടുവീർപ്പുകൾ. ഇക്കുറിയും പോകുന്നുണ്ട്,കണിമംഗലത്തുകാർ അക്കരെ കോലോത്തെ തമ്പുരാന്റെ ദയ യാചിക്കാൻ. എല്ലാമറിയുന്ന കാലത്തിന്റെ സാക്ഷിയായി പുഴമാത്രം.. വേനലിൽ കരഞ്ഞ് കണ്ണീർ വറ്റിയും വർഷത്തിൽ ഉന്മാദം പൂണ്ട് മുടിയഴിച്ചാട്ടം നടത്തിയും...
എഴുത്തച്ഛൻ,ഷാരടി,നമ്പീശൻ,കെ.സി.കെ.മംഗലം,വേറെയും ചിലർ..തോണിയിൽ അക്കരെയ്ക്ക്..
വെള്ളത്തിൽ തുഴവീഴുന്ന ശബ്ദം മാത്രം...'
മദിരാശി സവേര ഹോട്ടലിലെ ഒരു മുറിയിലിരുന്ന്,ഇരുപത്തിയെട്ടുവർഷം മുമ്പ് രഞ്ജിത് തന്റെ ഘനഗംഭീരമായ ശബ്ദത്തിൽ എന്റെ ആദ്യ മോഹൻലാൽ സിനിമയുടെ ഒന്നാമത്തെ സീൻ വായിച്ചുനിർത്തി. മുന്നിൽ മോഹൻലാൽ. അവിടം മുതൽ ഒരു കൊമ്പനെപ്പോലെ കാതുകൂർപ്പിച്ചു കഥകേൾക്കുകയായിരുന്നു ലാൽ. അടുത്തുതന്നെ സുരേഷ് കുമാറും സംഘവുമുണ്ട്. ഏതാണ്ട് ഒന്നര രണ്ടുമണിക്കൂറിനുശേഷം ക്ലൈമാക്സിന് മുമ്പുള്ള സീനുകൾ വരെ രഞ്ജിത് വായിച്ചുനിർത്തിയതും ലാൽ ഞങ്ങളെ രണ്ടുപേരെയും കെട്ടിപ്പിടിച്ചു. പക്ഷേ ആ കെട്ടിപ്പിടുത്തം ലാലിന്റേതായിരുന്നില്ല...കണിമംഗലം കോവിലകത്തെ ജഗന്നാഥന്റേതായിരുന്നു...ഞങ്ങളുടെ ആറാംതമ്പുരാന്റെ...
അത്രയധികം ഇഷ്ടമായി ലാലിന് ഞങ്ങളുടെ നായകനെ. ആ നിമിഷംതന്നെ അദ്ദേഹത്തിലേക്ക് ജഗന്നാഥൻ ആവേശിച്ചതുപോലെ. ലാലിന്റെ, അല്ല, ജഗന്നാഥന്റെ ആലിംഗനത്തിന്റെ ചൂടുമായി ഞങ്ങൾ കോഴിക്കോട്ടേക്ക് മടങ്ങി. സംഗീതപ്രധാനമായ സിനിമയായതിനാൽ രവീന്ദ്രൻ മാസ്റ്റർ തന്നെ വേണം മ്യൂസിക് എന്ന് തിരക്കഥാവായനയ്ക്ക് ശേഷംതന്നെ തീരുമാനമായിരുന്നു. മദ്രാസിലിരുന്ന് പാട്ടുകമ്പോസ് ചെയ്യുന്നതാണ് രവീന്ദ്രൻ മാസ്റ്ററുടെ രീതി. അതിൽ നിന്ന് വ്യത്യസ്തമായി അദ്ദേഹത്തെ കോഴിക്കേട്ട് വരുത്താൻ ഞങ്ങൾ തീരുമാനിച്ചു. അങ്ങനെ മാഷ് കോഴിക്കോട്ടെത്തി.
മ്യൂസിക് സിറ്റി എന്ന കുഞ്ഞുസ്റ്റുഡിയോയിലായിരുന്നു പാട്ടുകളുടെ റിക്കാഡിങ്. നിസാർ എന്ന സംഗീതപ്രേമിയായ സുഹൃത്തിന്റേതായിരുന്നു ആ സ്റ്റുഡിയോ. അദ്ദേഹത്തിന് സംഗീതമെന്നത് പാഷൻ ആയിരുന്നു. മദ്രാസിലെ കോതണ്ഡപാണിയിലെയും പ്രസാദ് ലാബിലെയും വമ്പൻസ്റ്റുഡിയോകളുമായി താരതമ്യപ്പെടുത്തുമ്പോൾ മ്യൂസിക് സിറ്റി ഒരു അണ്ണാൻകുഞ്ഞിനോളമേയുണ്ടായിരുന്നുള്ളൂ. പക്ഷേ സംഗീതം നിറഞ്ഞുനില്കുന്ന സിനിമയിലെ പാട്ടുകൾ സംഗീതത്തെ സ്നേഹിക്കുന്ന ഒരാളുടെ സ്റ്റുഡിയോയിൽതന്നെ വേണം ആലേഖനം ചെയ്യപ്പെടാൻ എന്ന് ഈശ്വരൻ നിശ്ചയിച്ചുകാണണം.
അങ്ങനെ രവീന്ദ്രൻ മാസ്റ്റർ കമ്പോസിങ് തുടങ്ങി. ഓരോ പാട്ടു കഴിയുമ്പോഴും ലാലിനെ കേൾപ്പിക്കും. അപ്പോഴേക്കും ഞങ്ങളുടെ സിനിമയ്ക്ക് പിന്നിൽ മോഹൻലാലിന്റേതായ വലിയ സുഹൃദ്സംഘം അണിനിരന്നുകഴിഞ്ഞിരുന്നു. സുരേഷ്കുമാറിന്റെ നേതൃത്വത്തിലുള്ള ആ കൂട്ടായ്മ മോഹൻലാലിനൊപ്പം എന്തിനും കൂടെ നില്കുന്ന പോസിറ്റീവ് വൈബുള്ള ഒരു ടീം തന്നെയായിരുന്നു. സിനിമയ്ക്കുവേണ്ടിയും മോഹൻലാലിനുവേണ്ടിയുമാണ് അവർ അടിയുറച്ചുനിന്നിരുന്നത്. ആ കരുത്തുറ്റ സംഘത്തിന്റെ ചുമലുകളിലായിരുന്നു നിർമാണച്ചുമതല. അതുകൊണ്ടുതന്നെ നമുക്ക് ഒന്നുകൊണ്ടുംപേടിക്കേണ്ട. ഒന്നിനെച്ചൊല്ലിയും ആശങ്കവേണ്ട.
'ആറാംതമ്പുരാനെ'ക്കുറിച്ചോർക്കുമ്പോൾ തന്നെ മോഹൻലാലിന്റെ മുഖത്തിനൊപ്പം മലയാളികളുടെ മനസ്സിലേക്ക് വരിക 'ഹരിമുരളീരവം' എന്ന പാട്ടായിരിക്കും. അത് റിക്കാഡ് ചെയ്ത സി.ഡിയുമായി ഞാൻ ലാലിനെക്കാണാൻ തിരുവനന്തപുരത്തേക്ക് ചെന്നു. അദ്ദേഹം അവിടെ രണ്ടുദിവസത്തേക്ക് എന്തോ ചടങ്ങിനായി വന്നതാണ്. ട്രിവാൻഡ്രം ക്ലബ്ബിലെ കോട്ടേജിലാണ് താമസം. ചെല്ലുമ്പോൾ ഷിബു ബേബി ജോണും കൂടെയുണ്ട്. അവിടെവച്ചാണ് പിന്നീട് തന്റെ ചുണ്ടിലൂടെ മലയാളിസിനിമയിലെ ഐതിഹാസികഗാനമായി മാറിയ 'ഹരിമുരളീരവം' മോഹൻലാൽ ആദ്യമായി കേട്ടത്.
രവീന്ദ്രൻ മാസ്റ്റർ ആ പാട്ട് കമ്പോസ് ചെയ്തുവന്നപ്പോൾ പന്ത്രണ്ട് മിനിട്ടുണ്ടായിരുന്നു. സിനിമയിലെ ഒരു റീലിന്റെ ദൈർഘ്യം പത്തുമിനിട്ടാണ്. അപ്പോൾ ഒരു റീലും കവിഞ്ഞുനില്കും പാട്ട്. ലാലിന്റെ ആദ്യത്തെ ആശങ്ക പാട്ടിന്റെ ദൈർഘ്യത്തെക്കുറിച്ചായിരുന്നു. 'അത് ടെൻഷൻ വേണ്ട'-ഞാൻ പറഞ്ഞു. അങ്ങനെ തറപ്പിച്ചുപറയാനുള്ള ഏക കാരണം എൽ.ഭൂമിനാഥൻ എന്ന ഞങ്ങളുടെ എഡിറ്ററിലുള്ള വിശ്വാസമാണ്. 
ഗാനഭൂഷണമൊക്കെ പാസായ ഭൂമിയണ്ണൻ സംഗീതത്തിലുള്ള ജ്ഞാനത്താൽ സത്തയും ഗാംഭീര്യവും ചോർന്നുപോകാതെ പാട്ട് ചെറുതാക്കിത്തരും. എഡിറ്റിങ്ങ് താളനിബദ്ധമായ ഒരു ജോലിയാക്കിമാറ്റിയ ആളാണ് അദ്ദേഹം. ഉള്ളിലൊരു സംഗീതജ്ഞനുള്ളതുകൊണ്ടാണ് ഭൂമിയണ്ണന് അത് സാധിച്ചിരുന്നത്. സാങ്കേതികപരിജ്ഞാനവും സംഗീതപരിജ്ഞാനവും കൂടിച്ചേർന്ന അത്യപൂർവജനുസ്സിൽപെട്ട ഒരു ടെക്നീഷ്യൻ. കാസറ്റിൽതന്നെ അദ്ദേഹത്തിന് പാട്ട് ചെറുതാക്കാൻ സാധിക്കും. അതുകൊണ്ടുതന്നെയാണ് ലാലിനോട് പറഞ്ഞത് പാട്ടിന്റെ ദൈർഘ്യത്തെക്കുറിച്ച് ആശങ്കവേണ്ടെന്ന്.
ലാലിന്റെ അടുത്ത ചോദ്യം ഞാൻ ഇന്നും മറന്നിട്ടില്ല. ഒരു ചിരിയോടെ സ്വതസിദ്ധമായ ശൈലിയിൽ ലാൽ എന്നോട് ചോദിച്ചു: 'ഷാജീ...ഇത് ഗംഭീരപാട്ടാണ്.. ക്ലാസിക്കലാണ്.. നിങ്ങളിതെങ്ങനെ എടുക്കും...?'
അദ്ദേഹം അങ്ങനെ ചോദിക്കാൻ കാരണമുണ്ടായിരുന്നു. ഞാൻ അന്നുവരെ ചെയ്തത് മുഴുവൻ ആക്ഷൻ ചിത്രങ്ങളാണ്. അവയിൽ പാട്ടുകൾ തന്നെ അപൂർവമായിരുന്നു. അപ്പോൾ പിന്നെ ക്ലാസ്സിക്കൽ സംഗീതത്തിന്റെ എല്ലാവിധ സങ്കീർണതകളും കയറ്റിറക്കങ്ങളും നിറഞ്ഞ ഒരുപാട്ട് ഞാൻ എങ്ങനെ ചിത്രീകരിക്കും? ആർക്കും തോന്നാവുന്ന സംശയം. ലാലിനും തോന്നി അത്.
ചിരിയോടെ തന്നെ ഞാൻ മറുപടിപറഞ്ഞു: 'ഈ സിനിമയെങ്ങനെ എങ്ങനെ എടുക്കും...? അതുപോലെ തന്നെ എടുക്കും..'ലാൽ അതുകേട്ട് ചിരിച്ചു. അദ്ദേഹം എന്റെ മുന്നിലേക്ക് ഒരു വെല്ലുവിളി ഇട്ടുതരികയായിരുന്നു. അപ്പോൾ എനിക്കത് ഏറ്റെടുത്തേ പറ്റൂ. ഇങ്ങനെയുള്ള ചില ചോദ്യങ്ങളും അതുയർത്തുന്ന വെല്ലുവിളികളുമാണ് നമ്മളിലെ ക്രിയേറ്റിവിറ്റിയെ ഉണർത്തുക. അതുകൊണ്ട്, എന്റെ മുന്നിൽ ലാലുയർത്തിയ വെല്ലുവിളി എങ്ങനെ താണ്ടാം എന്ന ആലോചനയിലായി പിന്നെ ഞാൻ. ഊർജം പകരുന്ന ഔഷധം പോലെ ലാലിന്റെ ആ ചോദ്യം എന്നെ പ്രചോദിപ്പിച്ചുകൊണ്ടേയിരുന്നു.
ഞാൻ ഉറപ്പുകൊടുത്തപോലെ ഭൂമിയണ്ണൻ പന്ത്രണ്ടുമിനിട്ടുള്ള പാട്ടിനെ എട്ടുമിനിട്ടിലേക്ക് ചെറുതാക്കി. പക്ഷേ അതിന്റെ മനോഹാരിത ഒട്ടും ചോർന്നുപോയില്ല. കാസറ്റിൽതന്നെ നിർത്തി നിർത്തിയുള്ള എഡിറ്റിങ്ങായിരുന്നു. അങ്ങേയറ്റം പ്രതിഭാശാലിയായ ഒരാൾക്ക് മാത്രമേ അത് സാധിക്കുമായിരുന്നുള്ളൂ. പക്ഷേ ഭൂമിയണ്ണനിലെ സംഗീതജ്ഞാനമുള്ള സാങ്കേതികവിദഗ്ദ്ധന് അത് അനായാസം സാധിച്ചു. 'ആറാംതമ്പുരാനി'ൽ പറയുന്നതുപോലെ ഒരു പൂപറിക്കുന്നതുപോലെ നിസാരമായി...അങ്ങനെ ഭൂമിയണ്ണൻ എഡിറ്റ് ചെറുതാക്കിയ പാട്ട് നാഗ്രയിലേക്ക് മാറ്റിയാണ് ഷൂട്ടിങ് സമയത്ത് ഉപയോഗിച്ചത്.
ഇനി ലാൽ ചോദിച്ച ചോദ്യത്തിനുള്ള ഉത്തരം. കർണാടകസംഗീതത്തിന്റെയും ഹിന്ദുസ്ഥാനിയുടെയുമെല്ലാം രാഗസഞ്ചാരങ്ങൾ നിറഞ്ഞ 'ഹരിമുരളീരവ'ത്തെ കഥപറയാനുള്ള ഉപകരണമാക്കി മാറ്റുക എന്നതാണ് ഞാൻ മനസ്സിൽ കണ്ടത്. അങ്ങനെ വരുമ്പോൾ പാട്ടിന്റെ ദൈർഘ്യം പ്രേക്ഷകന് മടുപ്പുണ്ടാക്കില്ല. അതിമനോഹരമായ പാട്ടിന്റെ ലയത്തിലിങ്ങനെ നിറഞ്ഞിരിക്കുമ്പോൾ മുന്നിൽ ഒരു കഥ നിവരുകയാണ്. ജഗന്നാഥന്റെ ഫ്ളാഷ് ബാക്ക്. നേരത്തെ പറഞ്ഞതുപോലെ ഒരു പൂ പറിക്കും പോലെ നിസ്സാരമായി അയാൾ ചെയ്ത അതിസാഹസങ്ങൾ...
സിനിമയെങ്ങനെയെടുക്കുമോ അങ്ങനെ എടുക്കും എന്ന് ലാലിന് ഉറപ്പുകൊടുക്കുമ്പോൾ ഞാനിപ്പറഞ്ഞതൊന്നും ഓർത്തില്ല. അത് പിന്നീട് സംഭവിച്ചതാണ്. ചിത്രീകരിച്ചുവന്നപ്പോൾ ലാലിനോട് പറഞ്ഞപോലെ അത് ഒരു സിനിമപോലെ തന്നെയായി. ഒരുപാട്ടിനുള്ളിൽ ആ സിനിമാക്കഥയുടെ പശ്ചാത്തലം നിറയുന്ന മറ്റൊരു കുഞ്ഞുസിനിമ.
(തുടരും)