
പുതിയ ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ ജോലികളിലായതിനാൽ ഓർമകൾക്ക് ഒരാഴ്ച അവധി കൊടുക്കേണ്ടിവന്നു. എന്റെ ചെറിയ വർത്തമാനത്തിന് കാതോർത്തിരിക്കുന്നവർ ഒരുപാടുണ്ട് എന്ന് ഒരിടവേളയെടുത്തപ്പോൾ മനസ്സിലായി. എല്ലാവരുടെയും വാക്കുകളും പ്രോത്സാഹനവും നിർത്താതെ വർത്തമാനം പറയാനുള്ള പ്രേരണയാകുന്നു.
'ന്യൂസ്' എന്ന ചിത്രം എന്റെ ചലച്ചിത്രയാത്രയുടെ തുടക്കം എന്നതിലുപരി ഒരുപാട് ഓർമകളുടെ ആദ്യസീൻ കൂടിയാണ്. ജീവിതം എത്രമാത്രം ട്വിസ്റ്റുകളും ടേണുകളും നിറഞ്ഞതാണ് എന്ന് അത് എന്നെ ബോധ്യപ്പെടുത്തി. ചിലപ്പോഴൊക്കെ സിനിമയേക്കാൾ 'സിനിമാറ്റിക്' ആണ് ജീവിതമെന്നും.
'ന്യൂസി'ന്റെ പൂജ വടപളനിയിലെ എ.വി.എം സ്റ്റുഡിയോയിലാണ് നിശ്ചയിച്ചത്. അന്ന് മദ്രാസ് ആണല്ലോ മലയാളസിനിമയുടെ തലസ്ഥാനം. പൂജ മുതൽ ഫസ്റ്റ്കോപ്പി വരെയുള്ള എല്ലാ ജോലിയും ആ നഗരം കേന്ദ്രമാക്കിയായിരുന്നു. എന്റെ സിനിമയും അവിടെ നിന്ന് തുടങ്ങുന്നു.
പ്രൊഡ്യൂസർ ജി.ആർ.മോഹൻദാസും അദ്ദേഹത്തിന്റെ രണ്ട് സുഹൃത്തുക്കളും പിന്നെ ഞാനും പൂജയ്ക്കായി മദ്രാസിലേക്ക് പോകാൻ തയ്യാറെടുത്തു. രാവിലെ ഒമ്പതുമണിക്കാണ് സമയം കുറിച്ചിരിക്കുന്നത്. സാധാരണ ചെന്നൈ മെയിലിലാണ് കേരളത്തിൽ നിന്നുള്ള സിനിമാക്കാരുടെ യാത്ര. അത് രാവിലെ ഏഴരയോടെ മദ്രാസിലെത്തും. തീവണ്ടിക്ക് പോകാമെന്ന് ഞാൻ പറഞ്ഞെങ്കിലും കാറിൽ പോകാമെന്നായിരുന്നു പ്രൊഡ്യൂസറുടെ തീരുമാനം. കാരണം അവിടെച്ചെന്നാൽ പിന്നെ മറ്റുപല യാത്രകളും വേണ്ടിവരുമല്ലോ. അതുകൊണ്ട് കാറെടുക്കാം.
അങ്ങനെ ഞങ്ങൾ തലേന്ന് വൈകീട്ട് തന്നെ ഒരു അംബാസിഡർ കാറിൽ മദ്രാസിലേക്ക് യാത്ര തിരിച്ചു. മേനോൻചേട്ടൻ എന്നൊരാളാണ് കാറോടിക്കുന്നത്. വലിയ മീശയൊക്കെയുള്ള ഒരാൾ. അദ്ദേഹം അതിന്റെയൊരു ഗമയിലാണ് വണ്ടിയോടിക്കുന്നത്. പിറ്റേന്ന് സിനിമ തുടങ്ങുകയാണ്,എന്റെ വലിയൊരു സ്വപ്നത്തിനും തുടക്കം. അതിന്റെ ആകാംക്ഷയും സന്തോഷവും ഉള്ളിൽ നിറഞ്ഞപ്പോൾ ആ കാറിന് വേഗം പോരെന്ന് എനിക്ക് തോന്നി.
രാത്രിയായി. കാർ ട്രിച്ചിയിലെത്തി. ഞങ്ങൾ പെട്ടെന്നാണ് അക്കാര്യം ശ്രദ്ധിച്ചത്. മേനോൻ ചേട്ടന്റെ കണ്ണുകൾ ഇടയ്ക്കിടെ അടഞ്ഞുപോകുന്നു. അതോടെ വണ്ടി സൈഡിലൊതുക്കാൻ പറഞ്ഞു. ഒരു പത്തുമിനിട്ട് ഉറങ്ങിക്കഴിഞ്ഞ് യാത്ര തുടരാം. നഗരം അപ്പോഴേക്കും ഉറങ്ങിക്കഴിഞ്ഞിരുന്നു ട്രിച്ചിയിലെ പാതയോരത്ത് അംബാസിഡർ കാറൊതുക്കി ഞങ്ങളെല്ലാം ഒന്ന് കണ്ണടച്ചു.
പിന്നെ കേൾക്കുന്നത് വലിയ ഒച്ചയും ബഹളവുമാണ്. വാഹനങ്ങളുടെ ഹോണടി. ആൾക്കാരുടെ കലപിലകൾ. ഞെട്ടിയുണർന്നു നോക്കുമ്പോൾ ഞങ്ങളുടെ കാർ നഗരമധ്യത്തിലൊരിടത്താണ് പാർക്ക് ചെയ്തിരിക്കുന്നത്. ട്രിച്ചി ഉണർന്ന് പതിവുതിരക്കിലേക്ക് കടന്നിരിക്കുന്നത്. സമയം അപ്പോൾ രാവിലെ എട്ടര. ഉറക്കം ചതിച്ചു.
ചെന്നൈയിലേക്ക് പിന്നെയുമുണ്ട് ദൂരം. കാറിന് ചിറകുഘടിപ്പിച്ച് പറന്നാൽപോലും ഒമ്പതുമണിക്ക് മുമ്പ് അവിടെയെത്തില്ല. എല്ലാവർക്കും ടെൻഷനായി. എന്താണ് ചെയ്യേണ്ടതെന്ന് അറിയില്ല. ആദ്യത്തെ സിനിമയുടെ പൂജ എനിക്ക് നഷ്ടമാകുന്നു. ജീവിതത്തിലെ കാത്തിരുന്ന മുഹൂർത്തം കാതങ്ങൾക്കകലെ...എനിക്ക് ആദ്യം ആ സത്യത്തോട് പൊരുത്തപ്പെടാനായില്ല. പക്ഷേ രണ്ടുനിമിഷം കൊണ്ട് മന:സാന്നിധ്യം വീണ്ടെടുത്തു. അടുത്തതെന്ത് എന്നതിനുള്ള ഉത്തരംതേടി,ഞാൻ.
അടുത്തുകണ്ട പൈപ്പിൽ മുഖം കഴുകി,ഞങ്ങളെ ചതിച്ച ഉറക്കത്തെ ആട്ടിപ്പായിച്ച് ഞാൻ ഒരു എസ്.ടി.ഡി ബൂത്ത് തപ്പി നടന്നുതുടങ്ങി. അധികം അകലെയല്ലാതെ ഒരെണ്ണമുണ്ടായിരുന്നു. എ.വി.എം സ്റ്റുഡിയോയിലേക്ക് വിളിച്ചു. എഡിറ്റ് സ്യൂട്ടിൽ ശങ്കുണ്ണിയേട്ടൻ(ഫിലിം എഡിറ്റർ കെ.ശങ്കുണ്ണി)ഉണ്ടാകും. അദ്ദേഹത്തെ വിളിച്ച് കാര്യം ധരിപ്പിക്കാം.
എഡിറ്റ് സ്യൂട്ടിലെ കാര്യങ്ങളെല്ലാം നോക്കുന്നത് വാഞ്ചിനാഥൻ എന്നൊരാളാണ്. സ്നേഹനിധിയായ ഒരു മനുഷ്യൻ. തമിഴ്സിനിമകളിലെ ചില കഥാപാത്രങ്ങളെ ഓർമിപ്പിക്കുന്ന രൂപവും ഭാവവും. എ.വി.എമ്മിലെ എല്ലാ എഡിറ്റ് റൂമുകളിലെയും കാര്യങ്ങൾ നോക്കുന്നത് വാഞ്ചിയണ്ണൻ എന്നറിയപ്പെടുന്ന വാഞ്ചിനാഥനാണ്. കേരളത്തിൽ നിന്ന് ദിവസേന ഒട്ടേറെ ഫോൺവിളികൾ എ.വി.എമ്മിലേക്ക് എത്തും. അതെല്ലാം അപ്പപ്പോൾ അറിയിക്കേണ്ടവരെ അറിയിച്ച് അവർക്ക് ഫോൺ കൊടുക്കുന്നത് വാഞ്ചിയണ്ണനാണ്. രാവിലെ വന്ന് സ്റ്റുഡിയോയിൽ തിരിയെല്ലാം തെറുത്ത് പൂജ ചെയ്യുന്നത് തൊട്ട് സ്റ്റുഡിയോയിലുള്ളവരുടെ ഭക്ഷണകാര്യങ്ങൾ വരെയുള്ള എല്ലാം ഓടിനടന്നുചെയ്യുന്നയാൾ.
പതിവുപോലെ വാഞ്ചിയണ്ണൻ തന്നെയാണ് ഫോണെടുത്തത്. 'സാർ...'എന്ന വിളിയിൽ അണ്ണൻ പതിവുപോലെ അത്യുത്സാഹിയായി. ഞാൻ വിവരമെല്ലാം ധരിപ്പിച്ചു. പ്രൊഡക്ഷൻ കൺട്രോളർ ആൽവിൻ ആന്റണിയെ കണ്ടെത്തി കാര്യം അറിയിക്കണമെന്നും പറഞ്ഞു. പത്തുമിനിട്ട് ബൂത്തിൽതന്നെ നില്ക്,അപ്പോഴേക്കും ആൽവിനെ കണ്ടെത്തിക്കൊണ്ടുവരാമെന്ന് പറഞ്ഞ് വാഞ്ചിയണ്ണൻ ഫോൺവച്ചു.
പിച്ചിപ്പൂവുകളുടെ മണമുള്ള ട്രിച്ചി നഗരത്തിലെ ആ തെരുവിൽ നിന്നുകൊണ്ട് ഞാൻ ആലോചിച്ചു,ഇപ്പോൾ ഞാൻ മദ്രാസിൽ നില്കേണ്ട സമയമാണ്. സിനിമയിലെ സുഹൃത്തുക്കൾ ഓരോരുത്തരായി പൂജയ്ക്ക് വരുന്നു. അവരുടെ അഭിനന്ദനങ്ങൾക്ക് നടുവിൽ ഞാൻ. കാത്തിരുന്ന സമയം ഏതാനും നിമിഷങ്ങൾക്കകലെ...പക്ഷേ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചടങ്ങിൽ പങ്കെടുക്കാനാകാത്തവനെപ്പോലെ ഇതാ ഈ തെരുവിൽ ഞാൻ,ഒരനാഥനെപ്പോലെ...
പത്തുമിനിട്ട് കഴിഞ്ഞ് വിളിച്ചപ്പോൾ ഫോണെടുത്തത് ആൽവിൻ ആന്റണി തന്നെ. വാഞ്ചിയണ്ണൻ അതിനകം തപ്പിയെടുത്തുകൊണ്ടുവന്ന് ഫോണിനരികിൽ നിർത്തിയിട്ടുണ്ടായിരുന്നു. ഞാൻ ആൽവിനോട് പറഞ്ഞു: 'ട്രിച്ചിയിൽ നില്കുകയാണ്...ഒരു വഴിയുമില്ല അവിടെയെത്താൻ..'ആൽവിനൊന്ന് ഞെട്ടി. 'അയ്യോ..അപ്പോ പൂജ...'ഞാൻ പറഞ്ഞു: 'രാജാമണിയുണ്ടല്ലോ അവിടെ...അദ്ദേഹത്തെക്കൊണ്ട് പൂജ നടത്തിക്ക്...ഇനിയിപ്പോ അതേയുള്ളൂ മാർഗം. പൂജ കഴിയുമ്പോഴേക്കും ഞങ്ങളെത്താം..'
അസോസിയേറ്റായിരുന്ന കാലത്തേ രാജാമണിയുമായി സൗഹൃദമുണ്ട്. പ്രസിദ്ധനായ സംഗീതസംവിധായകൻ ബി.എ.ചിദംബരനാഥിന്റെ മകൻ. അച്ഛന്റെ പ്രാവീണ്യം വരംപോലെ പകർന്നുകിട്ടിയിട്ടുണ്ട് രാജാമണിക്ക്. അന്ന് അദ്ദേഹം റീറെക്കോഡിങ്ങ് കണ്ടക്ട് ചെയ്യുന്ന മ്യൂസിക് കണ്ടക്ടറായിരുന്നു. ഗിറ്റാറുവായനയുമുണ്ട്. സുഹൃത്ത് എന്നതിലുപരി സംഗീതജ്ഞൻ എന്ന നിലയിൽ അദ്ദേഹത്തെ എനിക്ക് വളരെ ഇഷ്ടമായിരുന്നു. രാജാമണിക്ക് സ്വന്തമായി സിനിമ ചെയ്യാൻ അവസരം കൊടുക്കണമെന്ന് നിശ്ചയിച്ചുറപ്പിക്കുകയും ചെയ്തിരുന്നു. അങ്ങനെയാണ് രാജാമണി 'ന്യൂസി'ന്റെ മ്യൂസിക് ചെയ്യാനെത്തുന്നത്.
അങ്ങനെ ഞാൻ മദ്രാസിലേക്കുള്ള കാറിലിരിക്കുന്ന നേരം വടപളനിയിലെ എ.വി.എം സ്റ്റുഡിയോയിൽ എന്റെ ആദ്യ സിനിമയ്ക്ക് തിരിതെളിഞ്ഞു. അവിടെയുയരുന്ന കർപ്പൂര ഗന്ധം കാറിലിരുന്ന് ഓർത്തെടുക്കാൻ ഞാൻ പരിശ്രമിച്ചു. രാജാമണി,പാട്ടുപാടാനെത്തിയ എം.ജി.ശ്രീകുമാർ,'അഥർവ'ത്തിന്റെ ജോലികൾക്കായി സ്റ്റുഡിയോയിലുണ്ടായിരുന്ന ഡെന്നീസ് ജോസഫ്,പിന്നെ ഗുരുസ്ഥാനീയരായ രാജീവ് അഞ്ചൽ,തമ്പികണ്ണന്താനം... എന്നിവരെല്ലാം ചേർന്ന് എന്റെ ആദ്യസിനിമയുടെ പൂജ നടത്തി. അവിടെയില്ലാതിരുന്നത് ഞാൻ മാത്രം...അങ്ങനെ സംവിധായകനില്ലാതെ-അതും ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ സംവിധായകൻ- തിരിതെളിഞ്ഞ ചിത്രമായി 'ന്യൂസ്'.
ഇന്നും മറക്കാനാകില്ല ആ ദിവസം. ഉച്ചയ്ക്ക് പന്ത്രണ്ടരമണിയായി എ.വി.എമ്മിലെത്തുമ്പോൾ. പൂജയെല്ലാം അപ്പോഴേക്കും കഴിഞ്ഞു. പാട്ടിന്റെ ട്രാക്കെടുത്തുകൊണ്ടിരിക്കുകയാണ്. അവിടെ ബാക്കിയുള്ള അനുഗ്രഹത്തിന്റെ കർപ്പൂരഗന്ധത്തിനായി ഞാൻ ശ്വാസം കൊണ്ടുതിരഞ്ഞു.
തിരുവനന്തപുരത്തായിരുന്നു 'ന്യൂസി'ന്റെ ഷൂട്ടിങ്. അതിലെ നായകനായ സുരേഷ് ഗോപി എന്ന നടൻ ചാറ്റൽമഴ നനഞ്ഞുകൊണ്ട് കയറിവന്നത് ആശ്രാമം ഗസ്റ്റ് ഹൗസിന്റെ സ്വീകരണമുറിയിലേക്കായിരുന്നില്ല. എന്റെ ജീവിതത്തിലേക്ക് തന്നെയായിരുന്നു. എന്റെ മനസ്സിന്റെ വ്യൂഫൈൻഡറിലാണ് അയാൾ പതിഞ്ഞത്. അതുകൊണ്ടുതന്നെ ഇന്നും അതവിടെത്തന്നെയുണ്ട്. ആദ്യകാഴ്ചയിലേ ഉള്ളിലുടക്കിയ സുരേഷിനോടുള്ള ആത്മബന്ധം 'ന്യൂസി'ന്റെ ചിത്രീകരണം തുടങ്ങിയതോടെയാണ് രൂപപ്പെട്ടത്.
സുരേഷ് ഇന്ന് രാജ്യംഭരിക്കുന്ന മന്ത്രിസഭയിലെ ഒരംഗമാണ്. പ്രധാനപ്പെട്ട വകുപ്പുകളുള്ളയാൾ. സുരേഷിന് ചുറ്റും പ്രോട്ടോക്കോളുകളുടെ നിയതമായ ചട്ടങ്ങളുണ്ട്. പക്ഷേ സുഹൃദ് വലയങ്ങളിലെ സംസാരങ്ങളിൽ പലപ്പോഴും അവൻ,നീ എന്നൊക്കെയായിപ്പോകും എന്റെ അഭിസംബോധന. കാരണം ഞങ്ങൾ അങ്ങനെ പരസ്പരം വിളിച്ചുശീലിച്ചവരാണ്. 'ന്യൂസി'ന്റെ ചിത്രീകരണം ഓരോദിവസവും പുരോഗമിക്കുന്തോറും ഞങ്ങളുടെ ബന്ധവും പുതിയ റീലുകളിലേക്ക് വളർന്നുകൊണ്ടിരുന്നു. ആദ്യമായി പരിചയപ്പെട്ട് ഒരു സിനിമയിൽ ഒരുമിച്ച് ജോലി ചെയ്യുന്നവരെപ്പോലെയായിരുന്നില്ല ഞങ്ങൾ. ഒരുപാട് കാലമായി അടുപ്പമുള്ളവരെപ്പോലെയായിരുന്നു ഞങ്ങൾ സെറ്റിൽ. ഏതോ ഘട്ടത്തിൽ സുഹൃത്തുക്കൾക്കപ്പുറം സഹോദരന്മാരെപ്പോലെയായി. അങ്ങനെയാണ് ഞങ്ങൾ 'എടാ'യെന്നും 'നീയെ'ന്നുമൊക്കെ വിളിച്ചുതുടങ്ങിയത്. ആ ബന്ധംതന്നെയാണ് ഇപ്പോഴും ഞങ്ങൾക്കിടയിലുള്ളതും.
'ന്യൂസി'ന്റെ സമയത്ത് സുരേഷിന് വിവാഹാലോചനകൾ തകൃതിയായി നടക്കുന്നുണ്ടായിരുന്നു. കേരളത്തിലെ മോസ്റ്റ് എലിജിബിൾ ബാച്ചിലർ ആയിക്കഴിഞ്ഞിരുന്നു അപ്പോഴേക്കും അയാൾ. ഒരുദിവസം സെറ്റിൽവച്ച് സുരേഷ് ഒരു ഫോട്ടോകാണിച്ചു. അതിലെ പെൺകുട്ടിയുടെ കുടുംബവിശേഷങ്ങൾ പറഞ്ഞു. വിവാഹാലോചന നടക്കുന്നുണ്ടെന്നും സൂചിപ്പിച്ചു. ആ കുട്ടിയായിരുന്നു രാധിക. പിന്നീട് സുരേഷിനൊപ്പം എന്റെയും ചിത്രയുടെയും ജീവിതത്തിന്റെ ഭാഗമായ ആൾ.
(തുടരും)