
സെറ്റുകളിൽ മുതിർന്ന അഭിനേതാക്കളുടെയും സംവിധായകന്റെയുമെല്ലാം പരിഹാസവും ചീത്തവിളിയുമെല്ലാം കേട്ട് നില്കുന്ന ഓരോ അസിസ്റ്റന്റിന്റെയും അസോസിയേറ്റിന്റെയും ഉള്ളിലുള്ളത് താനും ഒരു സംവിധായകനാകുന്ന ദിവസമാണ്. ആ ദിവസത്തിലേക്ക് എത്താനുള്ള പാതയിലെ ഇന്ധനമാണ് മേൽപ്പറഞ്ഞ പീഡനങ്ങളെല്ലാം. ആ ദിവസമുദിക്കുന്നതും കാത്താണ് അവരുടെ ഓരോ ദിവസവും പുലരുന്നതും അസ്തമിക്കുന്നതും.
രാജീവ് അഞ്ചലിന്റെ സഹസംവിധായകനായിരുന്ന കാലത്താണ് എന്റെ ആ ദിവസത്തിലേക്കുള്ള വഴി തുറന്നത്. രാജീവിന്റെ കൂടെ കുറച്ചുകാലം നിന്നപ്പോൾ മനസ്സ് തീരുമാനിച്ചു,സഹസംവിധായകന്റെ റോൾ തത്കാലം അഴിച്ചുവയ്ക്കാം. സംവിധായകനായിട്ടുമതി ഇനി ക്യാമറയ്ക്ക് പിന്നിലേക്ക്. അങ്ങനെ സിനിമകൾ ചെയ്യാതെ വെറുതെ ഇരുന്നൊരു കാലം. വെറുതെ ഇരുന്നു എന്നുപറഞ്ഞു കൂടാ. സിനിമാചർച്ചകൾ മുടക്കമില്ലാതെ നടക്കുന്നുണ്ടായിരുന്നു.
നടൻ ജഗദീഷിന്റെ, തിരുവനന്തപുരത്ത് കാലടിയിലുള്ള വീടായിരുന്നു താവളം. വൈകുന്നേരം ഞങ്ങൾ കുറച്ചുപേർ അവിടെ ഒത്തുകൂടും. പുതിയ കഥകൾ ചർച്ച ചെയ്യും. പുതിയ ആശയങ്ങൾ രൂപപ്പെടുത്തും. ജഗദീഷിന്റെ ഭാര്യ ഡോ.രമയും ഭാര്യാമാതാവും ഞങ്ങൾക്കായി ഇടയ്ക്കിടയ്ക്ക് ചായയും പലഹാരങ്ങളും മാറിമാറിക്കൊണ്ടുവരും. സ്നേഹനിർഭരമായ സായാഹ്നങ്ങൾ.
അതിനിടെ ഒരു ദിവസം രാജീവ് അഞ്ചൽ വിളിക്കുന്നു. അദ്ദേഹം അന്ന് 'മനുഅങ്കിൾ' എന്ന സിനിമയുടെ കലാസംവിധായകനായി പ്രവർത്തിക്കുകയാണ്. കൊല്ലത്ത് ആശ്രാമം ഗസ്റ്റ് ഹൗസിലാണ് ആ സിനിമയുടെ ഷൂട്ടിങ് നടന്നിരുന്നത്. എന്തോ ഒന്ന് സംവിധായകൻ ഡെന്നീസ് ജോസഫിനെ കാണിച്ച് അഭിപ്രായവും നിർദേശവും അറിയാനായാണ് രാജീവ് ഗസ്റ്റ് ഹൗസിലേക്ക് പോയത്. ഒപ്പം എന്നെയും കൂട്ടി. അന്നൊക്കെ ഇത്തരം യാത്രകൾ പതിവാണ്. സിനിമയിലെ സുഹൃത്തുക്കൾ പരസ്പരം ക്ഷണിക്കും. ആ യാത്രകളിലാണ് അവരവർ ജോലി ചെയ്യുന്ന സിനിമകളെക്കുറിച്ചും ആലോചനയിലുള്ള സിനിമകളെക്കുറിച്ചുമെല്ലാമുള്ള ചർച്ചകൾ.
ഗസ്റ്റ് ഹൗസിലെ റിസപ്ഷൻ ഭാഗത്ത് എന്നെയിരുത്തിയിട്ട് രാജീവ് ഡെന്നീസ് ജോസഫിനെ കാണാനായി പോയി. ക്ലൈമാക്സിലെ ഫൈറ്റ് സീനോ മറ്റോ ആണ് ചിത്രീകരിച്ചിരുന്നതെന്ന് തോന്നുന്നു. ചെറുതായി മഴ ചാറുന്നുണ്ട്. എന്നെ കണ്ട് ഷിബുചക്രവർത്തി അടുത്തേക്ക് വന്നു. പിന്നെ ഞങ്ങൾ കുറച്ചുനേരം സംസാരിച്ചിരുന്നു. ഷിബു പോയപ്പോൾ പരിചയമുള്ള മറ്റാരോ വന്നു. അങ്ങനെയാരൊക്കെയോ വന്നും പോയിയും ഇരിക്കുന്നതിനിടെ ചാറ്റൽമഴയിൽ നിന്ന് ഒരാൾ ഗസ്റ്റ്ഹൗസിനുള്ളിലേക്ക് കയറിവന്നു. അയാൾ കാക്കിക്കുപ്പായമാണിട്ടിരുന്നത്. അതിൽ ചെറുമഴത്തുള്ളികളുടെ നനവ്. ഒറ്റക്കാഴ്ചയിലേ അയാൾ എന്നെ അയാളുടെ രൂപഭാവങ്ങളിലേക്ക് ആകർഷിച്ചടുപ്പിച്ചു. ഏതാണ്ട് ആറടിക്ക് മേൽ ഉയരം. പൗരുഷം തുടിക്കുന്ന മുഖം. എന്നാൽ പ്രണയാതുരനായ ഒരു ചെറുപ്പക്കാരന്റെ സ്ഫുരണങ്ങൾ അതിലെവിടെയൊക്കയോയുണ്ടായിരുന്നു. കൂടയുണ്ടായിരുന്നയാൾ എന്നെ പരിചയപ്പെടുത്തി. ഞാൻ എഴുന്നേറ്റുനിന്ന് നമസ്തേ പറഞ്ഞു. അയാൾ എനിക്ക് ഹസ്തദാനം നല്കിയിട്ട് പറഞ്ഞു
ഞാൻ സുരേഷ് ഗോപി...
എന്റെ മനസ്സ് ആ നിമിഷം പറഞ്ഞു-ഇതാ..നിന്റെ നായകൻ..
ഒന്നോ രണ്ടോ വാചകത്തിലൊതുങ്ങിയ സംഭാഷണം. സുരേഷ് ഡ്രസ് മാറാനായി റൂമിലേക്ക് പോയി. ഞാനാരാണെന്ന് സുരേഷ് ഗോപിയ്ക്കും സുരേഷ് ആരാണെന്ന് എനിക്കും നിശ്ചയമുണ്ടായിരുന്നില്ല. സിനിമയിൽ പ്രവർത്തിക്കുന്ന രണ്ടുപേരുടെ ഔപചാരികമായ പരിചയപ്പെടൽ മാത്രം. പക്ഷേ എന്റെ മനസ്സുപറഞ്ഞുകൊണ്ടേയിരുന്നു ഇയാൾ തന്നെയാണ് നിനക്കുവേണ്ടി ജനിച്ച നായകൻ...
അപ്പോഴാണ് ഞാൻ മറ്റൊരു കാഴ്ച കണ്ടത്. സുരേഷിന്റെ മാരുതി 800 കാർ ഗസ്റ്റ് ഹൗസ് വളപ്പിൽ നിർത്തിയിട്ടിട്ടുണ്ടായിരുന്നു. അതിനുചുറ്റും കുറേ പെൺകുട്ടികൾ. അവർ അകത്തേക്കൊക്കെ നോക്കുന്നുണ്ട്. തിരയുന്നത് സുരേഷിനെയാണ്. ഒരു പൂവിന് ചുറ്റും ചിത്രശലഭങ്ങൾ പറക്കുന്നതുപോലൊരു ദൃശ്യം.
തിരിച്ചുള്ള യാത്രയിൽ മഴതോർന്നിരുന്നുവെങ്കിലും എന്റെ മനസ്സിൽ രണ്ടു കാഴ്ചകളായിരുന്നു തോരാതെ നിന്നത്. ചാറ്റൽമഴനനഞ്ഞ് പോലീസ് വേഷത്തിൽ വന്ന ആ ചെറുപ്പക്കാരനും അയാളുടെ കാറിന് ചുറ്റും ആരാധനയോടെ വലംവച്ച പെൺകുട്ടികളും. ഞാൻ രാജീവിനോട് പറഞ്ഞു-ആ സുരേഷ് ഗോപി എന്ന ചെറുപ്പക്കാരൻ കൊള്ളാം. അയാൾക്ക് നായകനാകാനുള്ള എല്ലാ ഫീച്ചേഴ്സും ഉണ്ട്. കാക്കി അയാൾക്ക് നന്നായി ചേരുന്നു. അയാളിൽ ഒരാക്ഷൻ ഹീറോയുണ്ട്...
ആ യാത്രയ്ക്ക് ശേഷം ഞാൻ പക്ഷേ അക്കാര്യം വിട്ടു. അങ്ങനെയിരിക്കെ പ്രൊഡക്ഷൻ കൺട്രോളർ ആൽവിൻ ആന്റണി ഒരു പ്രൊഡ്യൂസറുമായി വരുന്നു. ജി.ആർ.മോഹൻദാസ് എന്നായിരുന്നു അദ്ദേഹത്തിന്റെ പേര്. ഒരു സിനിമ ചെയ്യാമോ എന്നാണ് ചോദ്യം. രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. മനസ്സിലൊരു കഥയുണ്ട്. അത് ഡവലപ് ചെയ്തിട്ട് ബാക്കിക്കാര്യങ്ങൾ സംസാരിക്കാം എന്നായി ഞാൻ. പ്രൊഡ്യൂസർക്ക് അത് സമ്മതമായിരുന്നു.
അസോസിയേറ്റായിരുന്ന കാലത്ത് സുഹൃത്തുക്കൾക്കൊപ്പം ഒരുമിച്ച് താമസിച്ച കാലത്തിൽ നിന്ന് രൂപപ്പെടുത്തിയ കഥയാണ് ഉള്ളിലുണ്ടായിരുന്നത്. ഒരു വാടകവീട്ടിൽ താമസിക്കുന്ന നാലു ചെറുപ്പക്കാർ. ഒരു രാത്രിയിൽ അവർ അടുത്ത വീട്ടിൽ ഒരു കൊലപാതകം നടക്കുന്നത് കാണുന്നു. കൊലപാതകി അവരെയും കണ്ടു. അതോടെ അയാൾ അവിടെ നിന്ന് രക്ഷപ്പെടുന്നു. അന്ന് മഴപെയ്യുന്നുണ്ടായിരുന്നു. പിറ്റേദിവസം വാടകവീട്ടിലേക്ക് പാലുമായെത്തിയ പയ്യൻ കാലിലെ ചെളി കഴുകിക്കളയുന്നതിനായി ടാപ്പുതുറക്കുമ്പോൾ വരുന്നത് രക്തമാണ്. ആ കൊലപാതകി മൃതദേഹം ചെറുപ്പക്കാർ താമസിക്കുന്ന വീടിന്റെ വാട്ടർടാങ്കിൽ കൊണ്ടുവന്നിടുകയായിരുന്നു. ഇത്രയുമായിരുന്നു ആശയം. ഇനി വേണ്ടത് അന്വേഷണമാണ്.
ജഗദീഷിന്റെ വീട്ടിലെ പിന്നീടുള്ള സായാഹ്നങ്ങളിലെ ചർച്ച ഈ കഥയായിരുന്നു. അത് പൂർത്തിയാക്കണമെന്ന എന്റെ ആവശ്യം ജഗദീഷ് സ്നേഹപൂർവം ഏറ്റെടുത്തു. പോലീസ് അന്വേഷണം വേണ്ട പ്രൈവറ്റ് ഡിറ്റക്ടീവ് മതി എന്നായിരുന്നു എന്റെ നിർദേശം. അങ്ങനെ ഐപിഎസ് ഓഫീസറാകാൻ സിവിൽസർവീസ് പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്ന ഋഷിമേനോൻ എന്ന കഥാപാത്രം ജനിക്കുന്നു. വർണാന്ധത(കളർബ്ലൈൻഡ്നെസ്)കാരണം ഐപിഎസ് കിട്ടാതെ പോയ ഋഷി പ്രൈവറ്റ് ഐ എന്ന ഡിറ്റക്ടീവ് ഏജൻസി തുടങ്ങുകയാണ്.
നായകനെക്കുറിച്ചാലോചിച്ചപ്പോൾ എന്റെ മനസ്സിൽ ആശ്രാമം ഗസ്റ്റ്ഹൗസിലെ ചാറ്റൽമഴയുള്ള ആ ദിവസം വീണ്ടും തെളിഞ്ഞുവന്നു. മനസ്സ് അന്നേ നിശ്ചയിച്ചതുകൊണ്ടാകണം പ്രൊഡ്യൂസറോട് പറഞ്ഞു സുരേഷ് ഗോപിയെ നായകനാക്കാം. അദ്ദേഹത്തിന് അതിൽ എതിർപ്പൊന്നുമില്ലായിരുന്നു.
സുരേഷ് ഗോപി എവിടെയുണ്ടെന്നായി അന്വേഷണം. നായകൻ വിളിപ്പാടകലെ തന്നെയായിരുന്നു. സുരേഷ് ഗോപി തിരുവനന്തപുരത്ത് വന്നാൽ മുട്ടട എന്ന സ്ഥലത്ത് ആന്റിയുടെ വീട്ടിലാണ് താമസം. അവിടെയുണ്ടെന്നറിഞ്ഞപ്പോൾ ഞാനും ജഗദീഷും കൂടി അങ്ങോട്ട് പുറപ്പെട്ടു. ജഗദീഷിന് അന്നൊരു വെസ്പ സ്കൂട്ടറുണ്ട്. അതിനുപിന്നിലിരുന്നാണ് ഞാൻ എന്റെ ആദ്യസിനിമയുടെ നായകനെ കാണാനായി പോയത്.
ഏതാണ്ട് ഇരുപത്-ഇരുപത്തിയഞ്ച് മിനിട്ട് കൊണ്ട് കഥ പറഞ്ഞു. സുരേഷ് ഗോപി അപ്പോൾ തന്നെ സിനിമ ചെയ്യാമെന്ന് സമ്മതിച്ചു. വിവരം പ്രൊഡ്യൂസറെ അറിയിച്ചു. ഒറ്റനിബന്ധനയേ ഞാൻ വച്ചുള്ളൂ. സിനിമ പൂർത്തിയാക്കാനുള്ള പണംമുഴുവൻ താങ്കളുടെ കൈയിൽവേണം. കാരണം ഞാൻ ഒരു പുതുമുഖ സംവിധായകനാണ്. അന്ന് നിർമാണക്കമ്പനികൾക്ക് വിതരണക്കാരും തീയറ്ററും അഡ്വാൻസ് കൊടുക്കുമായിരുന്നു. അതുപയോഗിച്ചാണ് പലരും സിനിമപൂർത്തിയാക്കിയിരുന്നതും. പക്ഷേ വലിയ സംവിധായകരുടെ ചിത്രങ്ങൾക്ക് മാത്രമാണ് അഡ്വാൻസ് കിട്ടുക. ഒരു നവാഗത സംവിധായകന്റെ സിനിമയ്ക്ക് കിട്ടില്ല. അതുകൊണ്ട് സിനിമ നിർമിക്കാനുള്ള പണം മുഴുവൻ സ്വന്തമായി വേണം. മോഹൻദാസും പിന്നീട് സിനിമയുടെ നിർമാണമേറ്റെടുത്ത ജി.ആർ.സുരേഷ് കുമാറും ആൽവിൻ ആന്റണിയും അക്കാര്യത്തിലും എനിക്കൊപ്പം നിന്നു. അങ്ങനെ എന്റെ കഥയിൽ ജഗദീഷ് തിരക്കഥയും സംഭാഷണവുമെഴുതി സുരേഷ് ഗോപി നായകനായ ആദ്യ ചിത്രം ജനിച്ചു. എന്റെ ജീവിതത്തിലെ ആ ദിനം,ഏറ്റവും സന്തോഷമുള്ള വാർത്ത. അതിന്റെ പ്രതീകമെന്നോണമായിരുന്നു ആ സിനിമയുടെ പേര്-'ന്യൂസ്.'
(തുടരും)