

ഇന്ത്യയിൽ നിലവിലുള്ള രണ്ട് ആദിവാസി രാജവംശങ്ങളിലൊന്നായ മന്നാൻ ആദിവാസി സമുദായവും മമ്മൂട്ടിയും
മമ്മൂട്ടി ആദിവാസി സമൂഹത്തിനായി നടത്തിയ ഇടപെടലുകൾ
ഇടുക്കിയിലെ, വനത്തിനുള്ളിലെ ഗോത്രവർഗഗ്രാമമായ ഇടമലക്കുടിയിലേക്ക് മമ്മൂട്ടിയുടെ സഹായമെത്തിയ കഥ
ഇന്ത്യയിൽ നിലവിലുള്ള രണ്ട് ആദിവാസി രാജവംശങ്ങളിലൊന്നായ മന്നാൻ ആദിവാസി സമുദായത്തിന്റെ രാജാവായിരുന്ന തേവൻ രാജമന്നാന്റെ ചികിത്സക്കായി മമ്മൂക്ക ഇടപെട്ട കാര്യം ഈ പംക്തിയിൽ നേരത്തെ പറഞ്ഞിട്ടുണ്ട്. ആദിവാസി സമൂഹം അനുഭവിക്കുന്ന ജീവിത പ്രതിസന്ധികൾ അറിഞ്ഞതോടെ അദ്ദേഹത്തിന്റെയുള്ളിലെ മനുഷ്യന് വല്ലാതെ വേദനിച്ചു. അങ്ങനെയാണ് അവർക്കായി ചില ദൗത്യങ്ങൾ മമ്മൂക്ക രൂപപ്പെടുത്തിയത്.
ഇതിനിടെ 2012 ജൂൺ മാസത്തിലെ മഴക്കാലം. പള്ളിക്കത്തോട്ടിലെ സുഹൃത്ത് ജിജി അഞ്ചാനി എന്നെ ഫോണിൽ വിളിക്കുന്നു. മമ്മൂക്കയുടെ ഫാൻസ് പ്രവർത്തനങ്ങളിൽ സജീവമായിരുന്ന ജിജി നാട്ടിലെ കോൺഗ്രസ് നേതാവുമാണ്. ഇപ്പോൾ അഞ്ചാനി തീയറ്റർ ശൃംഖലയുടെ ഉടമ. ജിജി പറഞ്ഞത് മന്നാൻ ആദിവാസി സമൂഹത്തിന്റെ അപ്പോഴത്തെ രാജാവ് രാമൻ രാജമന്നാനെക്കുറിച്ചാണ്. അദ്ദേഹവുമായി പരിചയമുണ്ടായ കഥയും അടുത്തിടെ തമ്മിൽ കണ്ടകാര്യവുമൊക്കെ വിശദീകരിച്ചശേഷം ജിജി പറഞ്ഞു: 'രാജാവിന് ഒരാഗ്രഹം. മമ്മൂക്കയെ ഒന്ന് കാണണം...'
അത് വെറും ആരാധനകൊണ്ടുണ്ടായതല്ലെന്നും ജിജി കൂട്ടിച്ചേർത്തു. രണ്ടുകാരണങ്ങൾ കൊണ്ടാണ് രാജാവ് അങ്ങനെയൊരു ആഗ്രഹം പ്രകടിപ്പിച്ചത്. അതിൽ ആദ്യത്തേത് തന്റെ മുൻഗാമിയായിരുന്ന തേവൻ രാജമന്നാന് നല്കിയ സഹായങ്ങൾക്ക് നന്ദി പറയുക എന്നതാണ്. രണ്ടാമത്തേത് ആദിവാസി സമൂഹം അനുഭവിക്കുന്ന പ്രശ്നങ്ങളിലേക്ക് ശ്രദ്ധ ക്ഷണിക്കണം. 'അത് സർക്കാരല്ലേ ചെയ്യേണ്ടത്' എന്ന് ജിജി ചോദിച്ചിരുന്നു. പക്ഷേ രാമൻ രാജമന്നാൻ പറഞ്ഞത് അത് തങ്ങൾക്ക് സാധ്യമായ കാര്യമല്ലെന്നും മമ്മൂട്ടി സാർ ഇടപെട്ടൽ സർക്കാരിന്റെ ശ്രദ്ധയിൽ വന്നോളും എന്നാണ്.
അങ്ങനെ ഞാൻ മമ്മൂക്കയോട് ഇതേപ്പറ്റി പറഞ്ഞു. കൂട്ടിക്കൊണ്ടുവരാനായിരുന്നു അദ്ദേഹത്തിന്റെ നിർദേശം. ഇടുക്കിജില്ലയിലെ കാഞ്ചിയാർ പഞ്ചായത്തിലെ കോവിൽമലയാണ് മന്നാൻ രാജവംശത്തിന്റെ ആസ്ഥാനം. 2012 ജൂലായ് ഒന്നിന് ജവാൻ ഓഫ് വെള്ളിമലയുടെ കൊച്ചിയിലെ സെറ്റിലേക്ക് ഹൈറേഞ്ചിലെ ഹെയർപിൻവളവുകൾ താണ്ടി രാജാവിന്റെ വേഷഭൂഷാധികളോടെ രാമൻ രാജമന്നാൻ വന്നു. താരരാജാവ് നേരിട്ടുവന്ന് കോവിൽമലയുടെ രാജാവിനെ സ്വീകരിച്ചു. ഏറെ നേരം അവർ തമ്മിലുള്ള സംഭാഷണം നീണ്ടു. തനിക്ക് ചെയ്യാവുന്ന സഹായങ്ങളൊക്കെ ചെയ്യാമെന്നും ആദിവാസികൾ നേരിടുന്ന പ്രശ്നങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽപെടുത്താമെന്നും മമ്മൂക്ക മന്നാൻരാജാവിനോട് പറഞ്ഞു.
അതിനൊപ്പം അദ്ദേഹം മറ്റൊരു കാര്യംകൂടി സൂചിപ്പിച്ചു. 'ആദിവാസി സമൂഹത്തിനായി വിദ്യഭ്യാസപദ്ധതികളുൾപ്പെടെ ആവിഷ്കരിച്ചിട്ടും അതിൽനിന്ന് പലരും വിട്ടുപോകുന്നു'. അപ്പോൾ രാമൻ രാജമന്നാൻ അതിനുള്ള കാരണം വെളിപ്പെടുത്തി. 'ഞങ്ങളുടെ ആളുകളിൽ പലരും മദ്യത്തിനും മറ്റ് ലഹരിവസ്തുക്കൾക്കും അടിമകളായിക്കൊണ്ടിരിക്കുന്നു. അതുകൊണ്ടാണ് അവർ പലപ്പോഴും ഒന്നിനോടും സഹകരിക്കാത്തത്.
ആദിവാസിസമൂഹത്തിനായി ലഹരിവിമോചന ബോധവത്കരണപരിപാടികളും മെഡിക്കൽക്യാമ്പുകളും തൊഴിൽപരിശീലനപദ്ധതികളും സംഘടിപ്പിക്കാമെന്ന് മമ്മൂക്ക രാജാവിന് ഉറപ്പുനല്കി. രാജാവിനെ യാത്രയാക്കിയശേഷം, ഒരു പ്രോജക്ട് റിപ്പോർട്ട് ഉണ്ടാക്കാൻ മമ്മൂക്ക എന്നോട് ആവശ്യപ്പെട്ടു. ഏതാനും ദിവസങ്ങൾകൊണ്ടുതന്നെ അത് തയ്യാറാക്കി.
ലിറ്റിൽ ഫ്ളവർ ആശുപത്രിയിലെ അന്നത്തെ പ്രോജക്ട് ഓഫീസർ ജിബി മാത്യു(ജിബി ഇപ്പോൾ കാനഡയിലാണ്)വിന്റെയും ലിറ്റിൽ ഫ്ളവറിലെ തന്നെ മറ്റൊരു സഹപ്രവർത്തകനായ നൂറുദ്ദീന്റെയും സഹായത്തോടെ റിപ്പോർട്ട് തയ്യാറാക്കി മമ്മൂക്കയ്ക്ക് മുമ്പിൽ അവതരിപ്പിച്ചു. അദ്ദേഹത്തിനത് ഇഷ്ടപ്പെട്ടു. കെയർ ആന്റ് ഷെയർ വഴി തന്നെ പദ്ധതി നടപ്പിലാക്കാമെന്നും പറഞ്ഞു. അതിനായി ആദിവാസിസമൂഹം പാർക്കുന്ന ഒരു സ്ഥലം കണ്ടുപിടിക്കാൻ തോമസ് കുര്യൻ അച്ചനെ ചുമതലപ്പെടുത്തി.
അതിനുശേഷം ഒരുദിവസം അച്ചൻ വിളിച്ചു. മൂന്നാറിൽ ഇടമലക്കുടി എന്നൊരു ആദിവാസി ഗ്രാമമുണ്ട്. രണ്ടുദിവസം കാൽനടയായി വനത്തിലൂടെ യാത്രചെയ്താൽ മാത്രം എത്തിപ്പെടാവുന്ന സ്ഥലമാണ്. അതുകൊണ്ടുതന്നെ അവിടേക്ക് അധികമാരും കടന്നുചെല്ലാറില്ല. മന്ത്രി പി.കെ.ജയലക്ഷ്മി ഒരുതവണ സന്ദർശിച്ചുവെന്നത് മാത്രമാണ് ആകെയുണ്ടായ സർക്കാർ ഇടപെടൽ. കൂടുതൽ അന്വേഷണത്തിൽ കേരളത്തിലെ ആദ്യ ഗോത്രവർഗഗ്രാമപഞ്ചായത്താണ് ഇടമലക്കുടിയെന്നും മൂന്നാറിന് 32കിലോമീറ്റർ അകലെ നിബിഡവനത്തിലാണ് അത് സ്ഥിതി ചെയ്യുന്നതെന്നും എനിക്ക് മനസ്സിലായി.
അവിടെ എങ്ങനെയാണ് സഹായപദ്ധതികൾ തുടങ്ങുകയെന്ന സംശയം അച്ചനോട് പ്രകടിപ്പിച്ചപ്പോൾ അദ്ദേഹം പറഞ്ഞത്,'അവിടെ പോയി പ്രവർത്തിക്കുന്ന നിസ്വാർഥരായ കുറച്ചുപോലീസുകാർ ഉണ്ട് അവരുടെ സഹായം തേടാം' എന്നാണ്. പക്ഷേ പോലീസുമായി ചേർന്നുള്ള പദ്ധതികൾ എത്രത്തോളം ഫലപ്രദമാകുമെന്ന് സംശയമുണ്ടായിരുന്നതിനാൽ മറ്റേതെങ്കിലും വഴി നോക്കുന്നതല്ലേ നല്ലത് എന്ന് അച്ചനോട് ഞാൻ ചോദിച്ചു. എല്ലാ പോലീസുകാരും ഒരുപോലെ അല്ലെന്നും ഇവർ ആത്മാർഥമായി പ്രവർത്തിക്കുന്നവരാണെന്നുമായിരുന്നു അച്ചന്റെ മറുപടി.
ഇതിനിടെ ഏതോ നിയോഗമെന്നോണം മമ്മൂക്ക വി.എം.വിനു സംവിധാനം ചെയ്യുന്ന 'ഫേസ് ടു ഫേസ്' എന്ന സിനിമയുടെ ചിത്രീകരണത്തിനായി മൂന്നാറിലേക്ക് പോയിരുന്നു. കാര്യങ്ങളൊക്കെ അറിയിച്ചപ്പോൾ ഞങ്ങളെ അദ്ദേഹം അവിടേക്ക് വിളിപ്പിച്ചു. അവിടെയെത്തിയപ്പോൾ എപ്പോഴത്തെയും പോലെ മമ്മൂക്ക വിശദമായി എല്ലാം അന്വേഷിച്ചുവച്ചിരിക്കുകയാണ്. പ്രാഥമികമായ വിവരങ്ങൾ മുഴുവൻ അദ്ദേഹം ശേഖരിച്ചിട്ടുണ്ടായിരുന്നു. 'നമ്മുടെ സഹായം വളരെ ആവശ്യമുള്ള സ്ഥലമാണ് ഇടമലക്കുടി. ചെയ്യാൻ പറ്റാവുന്നതെല്ലാം ചെയ്യണം.'-മമ്മൂക്ക പറഞ്ഞു. ജനമൈത്രിപോലീസുകാർ ചെയ്യുന്ന സഹായങ്ങളെക്കുറിച്ച് അറിയിച്ചപ്പോൾ അദ്ദേഹം ഉടൻ ആവശ്യപ്പെട്ടത് അവിടെയുള്ള സജി എന്ന ഡി.വൈ.എസ്.പിയെ പോയി കാണാനാണ്.
ഇങ്ങനെയുള്ള സന്ദർഭങ്ങളിലാണ് നമുക്ക് മമ്മൂക്കയുടെ പരിചിതവലയത്തിന്റെയും വ്യക്തിബന്ധങ്ങളുടെയും വിശാലത തിരിച്ചറിയാനാകുക. പോലീസുകാരുടെ കാര്യം പറഞ്ഞപ്പോൾ അതിന് കൂടുതൽ സഹായം നല്കാനാകുന്ന ഒരാളുടെ പേര് അദ്ദേഹത്തിന്റെയുള്ളിൽ തെളിഞ്ഞുകഴിഞ്ഞു. ഓരോ ഫോൾഡറായി വച്ചിരിക്കുകയാണ് ഓരോ തരത്തിലുള്ള ബന്ധങ്ങൾ എന്നുതോന്നിപ്പോകും. ഓരോ കാര്യം പറയുമ്പോഴും അതിന് പറ്റിയ ആളെ ഉടൻ മനസ്സിന്റെ ഫോൾഡറിൽ നിന്ന് പുറത്തെടുത്ത് നമുക്ക് തരും.
'മിടുക്കനായ ഓഫീസർ,അഴിമതി എന്ന സാധനം ഏഴയൽപക്കത്തുപോലുമില്ല,ആത്മാർഥതയും കൃത്യനിഷ്ഠയുമാണ് അദ്ദേഹത്തിന്റെ മുഖമുദ്ര'-ഇതാണ് മമ്മൂക്ക ഡി.വൈ.എസ്.പി സജി സാറിനെക്കുറിച്ചുനല്കിയ ആമുഖം. അദ്ദേഹത്തിന്റെ കൂടെയുള്ള മൂന്നുനാല് ഓഫീസർമാരും അതേപോലെയുള്ളവരാണെന്നും അവർ സഹായങ്ങൾ ചെയ്യാതിരിക്കില്ലെന്നും മമ്മൂക്ക പറഞ്ഞു.
ബൈബിളിൽ പറയും പോലെ, മമ്മൂക്ക അടയാളങ്ങൾ കാണിച്ചുതരികയാണ്. ഞാനും അച്ചനും ഡി.വൈ.എസ്.പി.യെ കണ്ടു. ഞങ്ങളുടെ ആവശ്യം കേട്ട അദ്ദേഹം പിന്നെ കൈയും മെയ്യും മറന്ന് ഞങ്ങൾക്കൊപ്പമിറങ്ങുകയായിരുന്നു. അദ്ദേഹം രണ്ടു പോലീസുദ്യോഗസ്ഥരെ പരിചയപ്പെടുത്തി-ഫക്രുദ്ദീൻ,മധു. അവർ പറഞ്ഞ കഥകൾ കേട്ട് ഞെട്ടി. ഇടമലക്കുടിയിലേക്കുള്ള രണ്ടുദിവസത്തെ യാത്രയിൽ അവർ നടക്കുന്നത് കിലോമീറ്ററുകളാണ്. കാടിനുള്ളിലെ വഴിയിലൂടെ തലച്ചുമടായി വേണം സാധനങ്ങൾ കൊണ്ടുപോകാൻ. കൂടെയുള്ള പോലീസുകാർ മാറിമാറിവരുമെങ്കിലും ഫക്രുദ്ദീൻസാറും മധുസാറും എല്ലാത്തവണയും ഇടമലക്കുടിയിലേക്ക് പോകും. മരുന്നുകളും ഭക്ഷ്യവസ്തുക്കളുമൊക്കെ ഇങ്ങനെ പോലീസ് സംഘമാണ് അവിടെയെത്തിക്കുന്നത്. ഈ സംഘത്തിൽപെട്ട വനിതാ സിവിൽപോലീസ് ഓഫീസർമാരായ ലൈജാമോൾ,ഖദീജ എന്നിവരെയും കടപ്പാടോടെയും ആദരവോടെയും ഓർമിക്കുന്നു.
അങ്ങനെ ഇടമലക്കുടിയിലെ ആദിവാസി സമൂഹത്തിന് പ്രിയപ്പെട്ടവരായി മാറിക്കഴിഞ്ഞിരുന്നു ആ പോലീസുദ്യോഗസ്ഥരെല്ലാവരും. ഞങ്ങൾ അവരെ മമ്മൂക്കയെ കാണാൻ ക്ഷണിച്ചു. അവർ വന്നു. മമ്മൂക്ക അവരെ ഹൃദയത്തിലേക്ക് സ്വീകരിച്ചു. പിന്നീടുള്ള ഞങ്ങളുടെ പ്രവർത്തനങ്ങളെല്ലാം ജനമൈത്രി പോലീസുകാരുമായി ചേർന്നായിരുന്നു. ഒരുപാട് മെഡിക്കൽ ക്യാമ്പുകൾ നടത്തി. ചെയ്യാവുന്ന സഹായങ്ങളൊക്കെ എത്തിച്ചു. ടെലിമെഡിസിൻ സൗകര്യങ്ങൾ വരെ ആദിവാസി മേഖലകളിൽ കൊണ്ടുവന്നു.
ഇത്രയും പറയുമ്പോൾ മധുവിനെക്കുറിച്ചുകൂടി പറയണം. അട്ടപ്പാടിയിൽ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട മധു. ആ സംഭവമുണ്ടായപ്പോൾ തന്നെ നമുക്ക് എന്താണ് ചെയ്യാൻ പറ്റുക എന്നായിരുന്നു മമ്മൂക്ക അന്വേഷിച്ചത്. പ്രതികൾ രക്ഷപ്പെടുമെന്ന ഘട്ടം വന്നപ്പോൾ അദ്ദേഹം ഇടപെട്ടു. കുടുംബത്തിനുവേണ്ട നിയമസഹായത്തിനുള്ള നീക്കങ്ങൾ തുടങ്ങി. ഉള്ളിലെ ഫോൾഡറിൽ നിന്ന് അപ്പോൾ പൊന്തിവന്ന പേര് പാലക്കാട്സ്വദേശിയും കോയമ്പത്തൂരിൽ സ്ഥിരതാമസക്കാരനുമായ നന്ദകുമാർ എന്ന സുപ്രീംകോടതി അഭിഭാഷകന്റേതാണ്.(നരസിംഹത്തിൽ മോഹൻലാലിന്റെ ഇന്ദുചൂഡനെ നിർണായകഘട്ടത്തിൽ സഹായിക്കാൻവരുന്ന മമ്മൂക്കയുടെ നന്ദഗോപാൽ മാരാർ എന്ന കഥാപാത്രത്തെ ഈ നിമിഷം ഓർക്കുന്നു). അദ്ദേഹവുമായി ബന്ധപ്പെട്ട് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും എന്നെയാണ് ചുമതലപ്പെടുത്തിയത്.
ഫാൻസിന്റെ സജീവ അംഗമായിരുന്ന രോഹിത്തിനൊപ്പം അഡ്വ.നന്ദകുമാറും സംഘവും പിറ്റേന്നുതന്നെ മധുവിന്റെ കുടുംബത്തെ കാണുന്നു. പിന്നെ കേസിന്റെ നാൾവഴികളിൽ മമ്മൂക്കയ്ക്ക് വേണ്ടി മധുവിന്റെ കുടുംബത്തിനൊപ്പം അദ്ദേഹമുണ്ടായിരുന്നു. സുപ്രീംകോടതിയിൽ ലക്ഷങ്ങൾ ഫീസ് വാങ്ങുന്ന,ജയലളിത ഉൾപ്പെടെയുള്ളവരുടെ കേസുകൾ കൈകാര്യം ചെയ്തിട്ടുള്ള അഡ്വ.നന്ദകുമാർ ഒരുപൈസ പോലും പ്രതിഫലം വാങ്ങാതെയാണ് മധുവിന്റെ കുടുംബത്തിന് നിയമസഹായം നല്കിയത്.
മധുവിനെ തന്റെ സഹോദരൻ എന്നാണ് മമ്മൂക്ക വിളിച്ചത്. മധു ഉൾപ്പെട്ട അദിവാസി സമൂഹത്തിലെ മുഴുവൻ പേരെയും അദ്ദേഹം സഹോദരങ്ങളായാണ് കാണുന്നത്. ഷൂട്ടിങ്ങിനായി പലയിടങ്ങളിലും എത്തുമ്പോൾ അവിടത്തെ ഗോത്രസമൂഹങ്ങളിലുള്ളവരെ കാണാനും അവർക്കൊപ്പം സമയം ചെലവിടാനും ആവശ്യമുള്ള സഹായം നല്കാനും മമ്മൂക്ക ശ്രദ്ധിക്കുന്നു. പലപ്പോഴും ഇതൊന്നും ഞങ്ങൾ പോലും അറിയാറില്ല. കേരളത്തിലെ ആദിവാസി സമൂഹത്തിന് മമ്മൂട്ടി ഒരു താരമല്ല. വെറും സാധാരണക്കാരനായ ഒരു മനുഷ്യൻ മാത്രമാണ്. എപ്പോൾ വേണമെങ്കിലും കടന്ന് ചെന്ന് സങ്കടങ്ങൾ പറയാനാകുന്ന ഒരു സഹോദരൻ...
(തുടരും)