
'കാഴ്ച' എന്ന സിനിമയുടെ ഷൂട്ടിങ് തിരുവനന്തപുരത്ത് നടക്കുന്ന സമയത്താണ് നേത്രചികിത്സയ്ക്കുള്ള 'കാഴ്ച' പദ്ധതിക്ക് തുടക്കമാകുന്നത്. മമ്മൂക്കയ്ക്ക് സമൂഹത്തിലുള്ള സ്വാധീനശക്തിയും ഫാൻസ് അസോസിയേഷന്റെ സംഘടനബലവും ചേരുമ്പോൾ ഒരുപാട് പേരുടെ കണ്ണുകളിൽ നിന്ന് ഇരുളകറ്റി അവരുടെ ജീവിതത്തിൽ പ്രകാശം നിറയ്ക്കാനാകുമെന്നായിരുന്നു ഞങ്ങളുടെ വിശ്വാസം. നേത്രചികിത്സാക്യാമ്പുകളിലൂടെ തുടങ്ങാനായിരുന്നു ഉദ്ദേശ്യം. ഇക്കാര്യം മമ്മൂക്കയോട് അവതരിപ്പിച്ചപ്പോൾ അദ്ദേഹം പറഞ്ഞത്, 'ക്യാമ്പുകൾ എത്രത്തോളം ഫലപ്രദമായാണ് മുന്നോട്ടുപോകുന്നതെന്ന് ഞാൻ നോക്കട്ടെ..അതിനുശേഷം മതി ഔദ്യോഗികമായ പ്രഖ്യാപനവും ഉദ്ഘാടനവും' എന്നാണ്. അദ്ദേഹത്തിന് ജീവകാരുണ്യപ്രവർത്തനമെന്നത് ഇമേജ് വർധനയ്ക്കുള്ള ഉപാധിയല്ല. തീർത്തും സമഗ്രവും ശക്തവുമായി ആത്മാർപ്പണത്തോടെ ചെയ്യേണ്ട പാവനമായ കർമമമാണ്. അതുകൊണ്ടാണ് ക്യാമ്പുതുടങ്ങുന്നത് നാട്ടുകാർക്ക് മുന്നിൽ കൊട്ടിഗ്ഘോഷിക്കേണ്ട കാര്യമില്ലെന്ന് അദ്ദേഹം പറഞ്ഞത്. ആദ്യം പദ്ധതി മുന്നോട്ടുപോകട്ടെ. പിന്നീട് മതി അതിന്റെ പ്രചാരണവും മറ്റും. ഇതാണ് എല്ലാ ദൗത്യങ്ങൾ തുടങ്ങുമ്പോഴും മമ്മൂക്ക ഞങ്ങളോട് പറയാറുള്ളത്.
അങ്ങനെ ഞാൻ ജോലിചെയ്തിരുന്ന അങ്കമാലി ലിറ്റിൽ ഫ്ളവർ ആശുപത്രിയുടെ സഹകരണത്തോടെ ആദ്യത്തെ നേത്രചികിത്സാ ക്യാമ്പ് തിരുവനന്തപുരത്ത് നടത്തി. അതിൽ രോഗികളെ കാണാനും ക്യാമ്പിന്റെ നടത്തിപ്പ് വിലയിരുത്താനുമായി 'കാഴ്ച'യുടെ സംവിധായകൻ ബ്ലെസിയും മനോജ് കെ.ജയനുൾപ്പെടെ ആ സിനിമയിൽ അഭിനിയക്കുന്നവരും എത്തി. 'കാഴ്ച' കാണാൻ ശരിക്കും മമ്മൂക്കയുടെ പ്രതിനിധികൾ പോലെയായിരുന്നു 'കാഴ്ച'സംഘം വന്നത്. എന്നാൽ വെറുതെ കാഴ്ചകാണാൻ വന്നവരുമായിരുന്നില്ല. രോഗികളോട് അവർ സംസാരിച്ചു,ക്യാമ്പ് എങ്ങനെ നടക്കുന്നുവെന്ന് ശ്രദ്ധിച്ചു. ഒടുവിൽ ക്യാമ്പിനെക്കുറിച്ചുള്ള വിവരങ്ങളും അതിൽ പങ്കെടുത്തവരുടെ അഭിപ്രായങ്ങളുമെല്ലാം മമ്മൂക്കയെ അറിയിച്ചു. മനോഹരമായും പരാതിരഹിതമായുമാണ് ക്യാമ്പ് സംഘടിപ്പിച്ചതെന്നാണ് ബ്ലെസിയും മനോജ് കെ.ജയനുമെല്ലാം മമ്മൂക്കയോട് പറഞ്ഞത്.
അതോടെ അദ്ദേഹം 'കാഴ്ച' പദ്ധതിയുമായി മുന്നോട്ടുപോകാൻ അനുവാദം തന്നു. ഒരുപാട് നേത്രചികിത്സാക്യാമ്പുകൾ കേരളമെങ്ങും നടന്നു. 2006-ൽ ആയിരുന്നു ഔദ്യോഗിക ഉദ്ഘാടനം. കൊച്ചിയിൽ 'ബിഗ് ബി'യുടെ ലൊക്കേഷനിൽ നിന്നാണ് മമ്മൂക്ക എത്തിയത്. എല്ലാ മമ്മൂക്ക ആരാധകരെപ്പോലെയും എനിക്കും 'ബിഗ് ബി'യെന്നത് ബിലാലിന്റെയും 'കൊച്ചി പഴയ കൊച്ചിയല്ല' എന്ന ഡയലോഗിന്റെയും കോരിത്തരിപ്പിക്കുന്ന ഓർമയാണെങ്കിലും വ്യക്തിപരമായി അതിനേക്കാൾ മനസ്സിൽ തങ്ങി നില്കുന്നത് 'കാഴ്ച'യ്ക്ക് തുടക്കമിടാൻ അതിന്റെ സെറ്റിൽ നിന്ന് മമ്മൂക്ക വന്ന ദിവസമാണ്.(അതിന് മറ്റുചില കാരണങ്ങൾ കൂടിയുണ്ട്. അത് അടുത്തഭാഗത്തിൽ പറയാം)
അന്ന് മമ്മൂക്കയിരുന്നു പദ്ധതി ഉദ്ഘാടനം ചെയ്തത്. വിശിഷ്ടാതിഥികളായി ഋഷിരാജ് സിങ്ങിനെപ്പോലുള്ളവരുണ്ടായിരുന്നു. അവരെല്ലാം 'കാഴ്ച' പദ്ധതിയെയും മമ്മൂക്കയുടെ കാഴ്ചപ്പാടിനെയും പ്രശംസിച്ചു. 'കാഴ്ച' എന്നത് മമ്മൂക്കയുടെ ഒരു സിനിമയുടെ പേരല്ലാതായി മാറുകയായിരുന്നു അവിടെ.
പെയിൻ ആന്റ് പാലിയേറ്റീവ് കെയറിന്റെ പ്രവർത്തനങ്ങളോടും മമ്മൂക്ക സഹകരിക്കുന്നുണ്ടായിരുന്നു. ഹൃദ്രോഗികൾക്കുവേണ്ടിയുള്ള ഒരു ചികിത്സാ സഹായപദ്ധതിയെക്കുറിച്ചുള്ള ആലോചനയിലുമായിരുന്നു അദ്ദേഹം. ഇടനെഞ്ചിടറിയ ഒരുപാട് പേരുടെയും അവരുടെ കുടുംബാംഗങ്ങളുടെയുമെല്ലാം സങ്കടങ്ങൾ പലവഴികളിലൂടെ മമ്മൂക്കയിലേക്ക് ഒഴുകിയെത്തുന്നുണ്ടായിരുന്നു. അങ്ങനെയിരിക്കെയാണ് തിരുവനന്തപുരത്തെ നിംസ് ഹോസ്പിറ്റിൽ ഒരു ഹൃദയചികിത്സാസഹായപദ്ധതിയുമായി എത്തുന്നത്. 'ഹാർട്ട് ടു ഹാർട്ട്' എന്നായിരുന്നു അതിന് പേരിട്ടിരുന്നത്. അതോടെ മമ്മൂക്കയുടെ ഹൃദയത്തിൽ നിന്ന് അനേകം പേരുടെ ഹൃദയത്തിലേക്ക് കാരുണ്യമെത്താനുള്ള മാർഗം തുറന്നു.
'കാഴ്ച'പദ്ധതിയുടെ വിജയം മമ്മൂക്കയുടെ മനസ്സിൽ എനിക്ക് ഒരിടമുണ്ടാക്കി തന്നിരുന്നു. അതുകൊണ്ട് 'ഹാർട്ട് ടു ഹാർട്ട്' ഏകോപിപ്പിക്കാനുള്ള ചുമതലയും അദ്ദേഹം എന്നെ ഏല്പിച്ചു. അങ്ങനെ അതിന്റെ പ്രഖ്യാപനത്തിനായുള്ള പത്രസമ്മേളനം കൊച്ചിയിൽ സംഘടിപ്പിക്കാനുള്ള ഒരുക്കങ്ങളിലേക്ക് ഞാൻ കടന്നു. അതോടെ ചില കോണുകളിൽ നിന്ന് മുറുമുറുപ്പ് തുടങ്ങി. മമ്മൂക്കയോട് അടുപ്പമുണ്ടായിരുന്ന ചിലരിൽ നിന്നാണത് പൊട്ടിപ്പുറപ്പെട്ടത്. ഫാൻസ് അസോസിയേഷൻ നേതാവു മാത്രമായ ഞാൻ എന്തിനാണ് മമ്മൂക്കയുടെ മറ്റ് പ്രവർത്തനങ്ങളിൽ ഇടപെടുന്നത് എന്നായിരുന്നു ചോദ്യം. വളരെ പ്രധാനപ്പെട്ട ഒരാളിൽ നിന്ന് അതുകേട്ടപ്പോൾ എനിക്ക് വല്ലാതെ നൊന്തു.
'മമ്മൂട്ടി ടൈംസി'ന്റെ മാനേജിങ് എഡിറ്ററായിരുന്ന റഫീഖിനോട് ഞാൻ ഈ വിവരം പറഞ്ഞു. റഫീഖ് 'കാഴ്ച'യിലും 'ഹാർട്ട് ടു ഹാർട്ടിലു'മെല്ലാം ഒപ്പം നില്കുന്നയാളാണ്. അവൻ എന്നോട് പറഞ്ഞു, 'നമുക്ക് മമ്മൂക്കയെപ്പോയി കാണാം...എന്നിട്ട് ഈ വിവരങ്ങൾ പറയാം.' അങ്ങനെ ഞാനും റഫീഖും നിർമാതാവും മമ്മൂട്ടി ഫാൻസിന്റെ പ്രധാന സംഘാടകരിലൊരാളുമായ ഫൈസൽ ലത്തീഫും, 'കാഴ്ച'യുടെ സമയം മുതൽ കൂടെയുള്ള നടൻ സാജുകൊടിയനും എന്റെയൊരു ബന്ധു ഷിജുവും മമ്മൂക്കയെ കാണാനായി വട്ടക്കോട്ടയിൽ 'വന്ദേമാതരം' എന്ന സിനിമയുടെ ലൊക്കേഷനിലേക്ക് ചെന്നു. അവിടെ വച്ച് അത്രയും നാൾ ചെയ്ത പ്രവർത്തനങ്ങളെപ്പറ്റി അദ്ദേഹം വിശദമായി ചോദിച്ചറിഞ്ഞു. അത് ജോലിക്കുള്ള ഇന്റർവ്യൂവോ സ്ഥാനക്കയറ്റത്തിനുള്ള അപ്രൈസലോ പോലെയായിരുന്നുവെന്ന് പിന്നീടാണ് മനസ്സിലായത്.
റഫീഖാണ് കാര്യം അവതരിപ്പിച്ചത്: 'മമ്മൂക്ക...ജിൻസ് ഹാർട്ട് ടു ഹാർട്ട് പോലെയുള്ള പരിപാടികൾക്ക് മുമ്പിൽനില്കുമ്പോൾ പലരും ചോദിക്കുന്നു,വെറും ഫാൻസുകാരനായ ഒരാൾ ഇതൊക്കെ എന്തിനാണ് ചെയ്യുന്നതെന്ന്..'
അപ്പോൾ മമ്മൂക്ക തിരിച്ചുചോദിച്ചു: 'അത് നേരല്ലേ..ഫാൻസിന്റെ പ്രസിഡന്റ് ഫാൻസിന്റെ കാര്യം നോക്കിയാൽപ്പോരേ..?'
അപ്പോൾ റഫീഖ് എന്നെ നോക്കി. ഇത്തരം ഡയലോഗുകൾ മമ്മൂക്കയുടെ ഒരു കുസൃതിയാണ്. നമ്മളെ വെറുതെയൊന്ന് ഇളക്കാൻ പറയുന്നവ. പക്ഷേ മനസ്സിൽ ഉദ്ദേശിക്കുന്നത് നമുക്ക് ഏറെ സന്തോഷം തരുന്ന മറ്റൊരു കാര്യമാകും. രോഗംവരുമ്പോൾ കയ്പുള്ള മരുന്ന് മധുരമുള്ള വസ്തുവിന്റെ ഉള്ളിൽ വച്ച് കുട്ടികൾക്ക് കൊടുക്കില്ലേ...അതിന്റെ നേർവിപരീതമായ കാര്യമാണ് നമ്മുടെ സങ്കടം മാറ്റാൻ മമ്മൂക്ക ചെയ്യുക. മധുരമുള്ള കാര്യം കയ്പിന്റെ മേമ്പൊടിയോടെ നല്കും. അതുനുണയുന്നതോടെ നമ്മളുടെ വേദനയും മാറും.
ആദ്യത്തെ കയ്പുള്ള ഡയലോഗിൽപൊതിഞ്ഞ് മമ്മൂക്ക എന്റെ ജീവിതത്തിലെ ഏറ്റവും വലിയ മധുരമുള്ള നിമിഷം സമ്മാനിക്കുകയായിരുന്നു അവിടെ. മമ്മൂക്ക പറഞ്ഞു:
'ഒരുകാര്യം ചെയ്യാം....നിനക്ക് പി.ആർ.ഒ എന്ന പൊസിഷൻ തരാം. സത്യത്തിൽ എനിക്ക് പി.ആർ.ഒയുടെ ആവശ്യമൊന്നുമില്ല. അത്തരം കാര്യങ്ങളൊക്കെ നോക്കാൻ ജോർജുണ്ട്. പക്ഷേ അവനെ വേറെ ഒരുപാട് ജോലികൾ ഏല്പിച്ചിട്ടുണ്ട്. എല്ലാം കൂടി നോക്കാൻ സമയം തികയില്ല. അതുകൊണ്ട് നിന്നെ പി.ആർ.ഒ ആക്കാം....'
അവിടെ എന്റെ ജീവിതത്തിലെ ഏറ്റവും വലിയ വഴിത്തിരിവ് സംഭവിച്ചു. ഞാൻ മഹാനടൻ മമ്മൂട്ടിയുടെ പി.ആർ.ഒ എന്ന തസ്തികയിലേക്ക് നിയമിതനായി. അവിശ്വസനീയം എന്നുവിളിക്കാവുന്ന മുഹൂർത്തം. പണ്ട് റബ്ബർതോട്ടങ്ങൾക്കു നടുവിലൂടെ മമ്മൂക്കയുടെ പടവും പിടിച്ചോടിയ കുട്ടി അദ്ദേഹത്തിന്റെ പബ്ലിക് റിലേഷൻസ് കാര്യങ്ങൾ നോക്കാനുള്ള ചുമതലയിലേക്ക്..
ഇനിയാണ് ക്ലൈമാക്സ്. ഫാൻസുകാരനായ എന്നെ എന്തിനാണ് മറ്റുജോലികൾ ഏല്പിക്കുന്നതെന്ന ചോദ്യവും അതേച്ചൊല്ലിയുണ്ടായ മുറുമുറുപ്പുകളും മമ്മൂക്കയുടെ കാതിലുമെത്തിയിരുന്നു. മമ്മൂക്കയ്ക്ക് ഒരാളെ വിലയിരുത്താൻ മറ്റൊരാളുടെ ആവശ്യമില്ല. അനാവശ്യ പരദൂഷണങ്ങൾക്കും പാരവയ്പുകൾക്കും കാതുകൊടുക്കുന്ന ആളല്ല അദ്ദേഹം. നുണപറഞ്ഞ് അദ്ദേഹത്തെ വീഴ്ത്താനുമാകില്ല. 'കാഴ്ച' പദ്ധതിക്ക് ശേഷമുണ്ടായ സംഭവങ്ങൾ അളക്കാനുള്ള ഉൾക്കാഴ്ച അദ്ദേഹത്തിനുണ്ടായിരുന്നു. അതുകൊണ്ടാണ് അദ്ദേഹം അസൂയ കലർത്തി ആരോ ഉണ്ടാക്കിവിട്ട ചോദ്യങ്ങൾ അവഗണിച്ചത്. അവർക്കായി മമ്മൂക്ക അന്നേ ഒരു മറുപടിയും മനസ്സിൽ കുറിച്ചുവച്ചിരുന്നുവെന്നുവേണം കരുതാൻ. അതാണ് പി.ആർ.ഒ എന്ന തസ്തികയായി എന്നിലേക്ക് വന്നുചേർന്നത്.
(തുടരും)