അരണ്ടസൂര്യവെളിച്ചത്തിലെ സുന്ദരി, അതിസൗന്ദര്യം ശാപമായ ഒരാൾ

'സിനിമയും ഞാനും' ഭാ​ഗം-6
ശ്രീവിദ്യയുടെ ഫോട്ടോ
ശ്രീവിദ്യഫോട്ടോ- രാജൻ പൊതുവാൾ
Published on

1973-ൽ ആണ് ഞാൻ ശ്രീവിദ്യയെ ആദ്യമായി കാണുന്നത്. അന്ന് അത്രയേറെ സിനിമകൾക്ക് ഒറ്റപ്പാലം ലൊക്കേഷനായിട്ടില്ല. ചരിത്രം ഏറെ ഉറങ്ങിക്കിടക്കുന്ന കവളപ്പാറ കൊട്ടാരമുറ്റം. പഴയ മൂപ്പിൽ നായരുടെ പ്രതാപം വിളിച്ചോതുന്ന കൊട്ടാര കമാനം. മൂപ്പിൽ നായരുടെ സ്വന്തം വാഹനമായ, ചുവന്ന പട്ടുടുത്ത കൂറ്റൻ പല്ലക്ക് എട്ടാളുകൾ ചുമന്നു കൊണ്ടുവരുമ്പോഴുള്ള ഏക്കക്കാരുടെ താളമിട്ട മൂളൽ പൂമുഖത്ത് ചെവിയോർത്താൽ ഇപ്പോഴും കേൾക്കാം. അവിടെയാണ് പ്രശസ്ത ക്യാമറാമാനും സംവിധായകനുമായ എ.വിൻസൻറ് മാഷ് 'ചെണ്ട' എന്ന സിനിമ എടുക്കുന്നത്. മധുവിന്റെ ചുമലിൽ തൂങ്ങിക്കിടക്കുന്ന ചെണ്ടയിൽ താളമിടുമ്പോൾ കൊട്ടാരത്തിലെ വലിയ കോവണിയിറങ്ങി വരുന്ന ബംഗാളി നടി നന്ദിതാ ബോസ്. മധുവിന്റെ നായികയായിട്ടാണ് ശ്രീവിദ്യ ആ സിനിമയിൽ അഭിയിക്കുന്നത്.

പ്രശസ്ത കർണാടസം​ഗീതജ്ഞയും പിന്നണി ​ഗായികയുമായിരുന്ന എം.എൽ വസന്തകുമാരിയുടെ മകളായി1953 ജൂലൈ 24ന് ജനിച്ച വിദ്യ 40 വർഷത്തിനുള്ളിൽ 800 ഓളം സിനിമകൾ അഭിനയിച്ചു തീർത്തു. ആദ്യ സിനിമ തമിഴിലെ 'തിരുവുൾ ചൊൽവർ' ആണെങ്കിലും വിദ്യ മലയാളത്തിൽ ശ്രദ്ധേയയായി തുടങ്ങുന്നത് 'ചെണ്ട' എന്ന ഈ സിനിമയിലൂടെ ആയിരുന്നു. ഞാൻ കാണുമ്പോൾ വിദ്യ അതിസുന്ദരിയായിരുന്നു 20 വയസ്സിന്റെ ഭം​ഗിയും ഓജസും നിറഞ്ഞു തുളുമ്പുന്ന രൂപം. മോഹൻലാലിന്റെ ഈയിടെ ഇറങ്ങിയ ആഭരണപരസ്യത്തിലെ വാചകം പോലെ 'ആരും കൊതിച്ചു പോകും'. സൗന്ദര്യദേവത ഇത്രയേറെ അനു​ഗ്രഹിച്ച മറ്റൊരു താരം അന്നും ഇന്നും മലയാള സിനിമയിൽ ഉണ്ടായിട്ടില്ല. അമ്മ തന്ന ശബ്ദ മാധുര്യത്തിനും സംഗീതജ്ഞാനത്തിനുമൊപ്പം സ്വയം ആർജിച്ചെടുത്ത നൃത്ത പാഠങ്ങളും വിദ്യയെ അസാമാന്യ കഴിവുള്ള നടിയാക്കി.

Must Read
തെരുവിലിറങ്ങിയ മമ്മൂട്ടിയും മോഹൻലാലും, കല്ലേറിൽ നിന്ന് രക്ഷപ്പെട്ട ജ​ഗതി
ശ്രീവിദ്യയുടെ ഫോട്ടോ

വിദ്യ എന്റെ ക്യാമറയ്ക്ക് മുന്നിൽ ആദ്യമായി വന്ന ആ ദിവസം എനിക്ക് മറക്കാനാകില്ല.ഞാനന്ന് 'മാതൃഭൂമി'യിൽ ജോലിക്ക് ചേർന്നിട്ടില്ല. എങ്കിലും ഫോട്ടോ​ഗ്രഫി കൂടെയുണ്ട്. അങ്ങനെയാണ് 'ചെണ്ട'യുടെ ലൊക്കേഷനിലെത്തിയത്. മധുവിന്റെയും നന്ദിതാ ബോസിന്റെയും ചിത്രങ്ങൾ എടുത്ത ശേഷം അടുത്ത ഒരാൾക്കുവേണ്ടി തിരഞ്ഞുനിന്ന എന്നെ ജവഹർ മാധവൻ ആണ് ശ്രീവിദ്യയുടെ മുന്നിൽ എത്തിച്ചത്. അക്കാലത്ത് ഒറ്റപ്പാലം-ഷൊർണൂർ സിനിമാ ലോക്കേഷനുകളിലെ സ്ഥിരം സാന്നിധ്യമാണ് ജവഹർ മാധവൻ. കാരവനും വിലപിടിച്ച ഹോട്ടൽ മുറികളും ഇല്ലാത്ത കാലം.

കവളപ്പാറ കൊട്ടാരത്തിന്റെ അകത്തളം. കൊട്ടാരത്തിലെ നേത്യാരമ്മയെ പോലെ അതിസുന്ദരിയായ വിദ്യ ആട്ടു കട്ടിലിൽ ആടുന്നു. മാധവനെ കണ്ട ഉടനെ എളിമയോടെ 'സാർ, നമസ്കാരം' എന്നു പറഞ്ഞ് എഴുന്നേറ്റ് തൊഴുതു. 'ഇത് എന്റെ പയ്യനാണ് അവന് ഒരു സ്റ്റിൽ വേണം'-ജവഹർ മാധവൻ പറഞ്ഞു. വിദ്യ ഉടൻ ഞങ്ങളുടെ കൂടെ താഴേക്ക് ഇറങ്ങി. ഗോവണിപ്പടി ഇറങ്ങുമ്പോൾ നിഴലും വെളിച്ചവും വിദ്യയുടെ ദേഹത്ത് മറ്റൊരു സിനിമ കാണിക്കുകയായിരുന്നു. എന്നിലെ ഫോട്ടോ​ഗ്രഫർക്ക് മുന്നിൽ ഒരു അതിസുന്ദര നിമിഷം. 'മാധവേട്ടാ മതി.. ഇവിടെ മതി.. ഞാൻ ഫോട്ടോ എടുക്കട്ടെ..-ഞാൻ ആവേശത്തിൽ പറഞ്ഞു. മാധവേട്ടൻ സമ്മതം മൂളി. വിദ്യ എന്റെ ഫ്രെയിമിൽ. കൊട്ടാരത്തിലെ തകർന്ന ജനലിലൂടെ അരിച്ചെത്തുന്ന സൂര്യവെളിച്ചം ശ്രീവിദ്യയെ അതിസുന്ദരിയാക്കി. രണ്ടാമതൊരു ടേക്കും ഇല്ലാതെ നിഷ്കളങ്കയായി ആ സുന്ദരി പടികയറിപ്പോയി.

1973-ൽ ചെണ്ടയുടെ സെറ്റിൽ നിന്ന് രാജൻപൊതുവാൾ പകർത്തിയ ശ്രീവിദ്യയുടെ ഫോട്ടോ
'ചെണ്ട'യുടെ സെറ്റിൽ നിന്ന് 1973-ൽ രാജൻപൊതുവാൾ പകർത്തിയ ശ്രീവിദ്യയുടെ ഫോട്ടോഅറേഞ്ച്ഡ്

ആ ചിത്രം 'മനോരമ' ആഴ്ചപ്പതിപ്പിന്റെ മുഖചിത്രമായി അച്ചടിച്ചുവന്നു. ഒരുപക്ഷേ, പില്കാലം മലയാളസിനിമയുടെ മുഖശ്രീ ആയി മാറിയ വിദ്യയുടെ ആദ്യത്തെ മുഖചിത്രം. ബ്ലാക്ക് ആന്റ് വൈറ്റ് ഓർവോ ഫിലിം 100 എഎസ്എയിൽ, ആ ​ഗോവണിപ്പടിയിൽ കിട്ടിയ വെളിച്ചത്തിൽ ലൈറ്റ് ആൻഡ് ഷെയ്ഡ് ആയി എടുത്ത ചിത്രം. സിനിമ വാരികകൾ ഇല്ലാത്ത അക്കാലത്ത് 'മനോരമ' പോലെ ഏറെ പ്രചാരമുള്ള ഒരു പ്രസിദ്ധീകരണത്തിന്റെ കവറിൽ അത് പ്രത്യക്ഷപ്പെട്ടത് എന്റെയും വിദ്യയുടെയും ശ്രീ.

വർഷങ്ങൾ ഏറെകഴിഞ്ഞുപോയി. 1982-ൽ വീണ്ടും വിദ്യ എന്റെ മുന്നിൽ. അവർ അപ്പോഴേക്കും ഏറെ വലിയ താരമായിക്കഴിഞ്ഞിരുന്നു. മാതൃഭൂമിയുടെ സിനിമാവാരികയായ 'ചിത്രഭൂമി'യുടെ റിലീസ്. പ്രേംനസീർ ഉദ്ഘാടകൻ. ഞാൻ തിരുവനന്തപുരത്ത് 'മാതൃഭൂമി'യുടെ ഫോട്ടോ​ഗ്രാഫർ. തിരുവനന്തപുരത്തെ മാസ്കറ്റ് ഹോട്ടലിൽ താമസിക്കുന്ന വിദ്യയെ ചടങ്ങിനായി കൂട്ടികൊണ്ടുവരുന്ന ജോലി എനിക്കായിരുന്നു. റൂം നമ്പർ 33-ൽ വിദ്യയും ഭർത്താവ് ജോർജും. അവിടെ കണ്ട രംഗം വിദ്യതന്നെ അഭിനയിച്ച ചില സിനിമകളിലെ ഭാര്യാഭർതൃരം​ഗങ്ങളെ ഓർമിപ്പിച്ചു. ഒരു കാർമേഘം മൂടിനില്കുന്നു. സ്വയം മേക്കപ്പ് ചെയ്ത് പുറത്തിറങ്ങിയപ്പോൾ, ശാന്തമായ ഒരു തണ്ണീർചാലു പോലെ തോന്നിച്ചിരുന്ന ആ കണ്ണുകൾ കടലുപോലെ കലുഷിതമായത് ഞാൻ ശ്രദ്ധിച്ചു.

പഴയ ഓർമപുതുക്കി പരിചയപ്പെടാൻ പോലും തോന്നിയില്ല. കാറിൽ കയറിയ വിദ്യ പറഞ്ഞു: 'എന്നെ ഒന്ന് സഹായിക്കണം, തലമുടി കെട്ടാൻ സ്ലൈഡ് എടുത്തില്ല..' പാളയത്ത് രക്തസാക്ഷി മണ്ഡപത്തിന് മുന്നിലെ ഗുഡ്മോർണിങ് സ്റ്റോറിൽ കാർ നിർത്തി ആവശ്യപ്പെട്ട സ്ലൈഡ് വാങ്ങിക്കൊടുത്തു. നേരെ ചടങ്ങുനടക്കുന്ന തമ്പാനൂരിലെ 'തംബുരു' ഹോട്ടലിലേക്ക്. അധികമൊന്നും സംസാരിക്കാൻപോലും പറ്റാത്ത അവസ്ഥ.

അവർക്ക് ഏറെ സ്വപ്നങ്ങൾ ഉണ്ടായിരുന്നു. സമ്പാദിച്ചതെല്ലാം മദിരാശിയിലെ തെരുവിൽത്തന്നെ വലിച്ചെറിഞ്ഞു. എല്ലാം വിറ്റുകഴിഞ്ഞപ്പോൾ സ്വന്തമായി ഒരു വലിയ കൊട്ടാരം മാത്രം. പക്ഷേ അതിനു വേണ്ടിയും അവർക്ക് കോടതി കയറേണ്ടിവന്നു.

കാലം 2002. 'സ്വപ്നം'- മാതൃഭൂമിയുടെ സീരിയൽ. വിദ്യ വീണ്ടും കൺമുന്നിൽ. സിനിമവിട്ടൊഴിഞ്ഞ അവരുടെ ഇടത്താവളമായി സീരിയൽ. ഇടയ്ക്കൊക്കെ 'മാതൃഭൂമി' പ്രസിദ്ധീകരണങ്ങൾക്കായി ചിത്രം പകർത്താൻ 'സ്വപ്നം' സെറ്റിൽ ചെല്ലും. അങ്ങനെയൊരു ദിവസം ഷൂട്ടിങ്ങിന്റെ ബ്രേക്കിൽ വിദ്യ എന്റെ അടുത്ത കസേരയിൽ വന്നിരുന്നു. പഴയ ആ ഫോട്ടോയുടെ കാര്യം ഓർമ്മപ്പെടുത്തിയ ഉടനെ ആവശ്യം വന്നെത്തി. 'ആ ചിത്രം എനിക്ക് ഒന്നുകൂടി കാണണം'. എന്തോ ഒരു 'ഉൾവിളി'. പഴയ 120 ഫിലിമിന്റെ കവറുകളിൽ ഏറെ തപ്പിയപ്പോൾ എന്റെ പഴയ വിദ്യയെ കിട്ടി. നല്ല പ്രിന്റ് എടുത്ത് ലാമിനേറ്റ് ചെയ്ത് പിറ്റേദിവസം സെറ്റിലെത്തി.

അവിടെ കണ്ടകാഴ്ചയ്ക്ക് അതിമധുരം. വർഷങ്ങൾക്ക് മുമ്പുള്ള ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രത്തിലെ വിദ്യയെപ്പോലെ ശ്രീവിദ്യ മാറിയിരിക്കുന്നു. കോയമ്പത്തൂർ കൃഷ്ണാസ്വീറ്റ്സിലെ മധുരപ്പെട്ടികളുമായി ഷൂട്ടിങ് സെറ്റിലുള്ളവർക്കെല്ലാം മധുരം വിതരണം ചെയ്യുന്ന ശ്രീവിദ്യയെയാണ് ഞാൻ അവിടെ കണ്ടത്. എനിക്ക് മധുരപ്പെട്ടി തന്നപ്പോൾ ഞാൻ തിരിച്ച് എന്റെ പഴയ വിദ്യയെ നല്കി. ആ മുഖം പഴയതുപോലെ വീണ്ടും തിളങ്ങി. മദിരാശിയിലെ അവരുടെ വീട് കോടതിവിധിയിലൂടെ തിരിച്ചു കിട്ടിയ ദിവസമായിരുന്നു അത്. അന്നുതന്നെ ആ സമ്മാനം കൊടുക്കാൻ കഴിഞ്ഞത് വീണ്ടും 'ശ്രീ' നിറഞ്ഞ ഒരോർമ.

ശ്രീവിദ്യ അഭിനയിച്ച മാതൃഭൂമി ടെലിവിഷന്റെ സ്വപ്നം സീരിയലിലെ രം​ഗം. ശ്രീവിദ്യയും വത്സലാമേനോനും
മാതൃഭൂമി ടെലിവിഷന്റെ 'സ്വപ്നം' സീരിയലിൽ ശ്രീവിദ്യ വത്സലാമേനോനാപ്പംഫോട്ടോ-രാജൻ പൊതുവാൾ

അവർക്ക് ദു:ഖങ്ങൾ മാത്രമായിരുന്നു വിധി. ലൊക്കേഷനിലും തനിച്ചിരുന്ന് ആലോചനയിലായിരുന്നു. ആയിടയ്ക്ക് ഭയങ്കരമായ മുതുകുവേദന വിദ്യയെ അലട്ടിയിരുന്നു. പക്ഷേ അവർക്ക് ശക്തി നൽകിയത് സം​ഗീതക്കച്ചേരികൾ ആയിരുന്നു. പുട്ടപർത്തിയിൽ ഭഗവാന്റെ മുന്നിൽ കച്ചേരി നടത്തിവന്നതും ആ ഇടയ്ക്കായിരുന്നു.

തിരുവനന്തപുരത്ത് പിടിപി നഗറിൽ ചെറിയ ഒരു വീട് അതിനിടയിൽ ഒരുക്കിയിരുന്നു. അവിടേക്ക് വിളിക്കാത്ത അതിഥി പോലെ അസുഖവും വന്നെത്തി. അസുഖം രഹസ്യമായി കൊണ്ടുനടക്കുമ്പോഴേക്കും പൊതുവേദികളിൽ അവർ സജീവമായിരുന്നു. വിദ്യ പണ്ടൊരിക്കൽ സൂര്യയുടെ വേദിയിൽ നൃത്തം ചെയ്തിരുന്നു. അന്ന് ആ വേദി ആദ്യമായി നിറഞ്ഞുകവിഞ്ഞു. വിദ്യയുടെ നൃത്തപരിപാടിയുടെ ചിത്രം 'മാതൃഭൂമി' അന്ന് ഒന്നാംപേജിൽ വലിപ്പത്തിൽ ആണ് കൊടുത്തത്.

ഷൂട്ടിന്റെ ഇടയിൽ ഒരുദിവസം വിദ്യ എന്നെ വിളിച്ചു: 'അടുത്തമാസം സൂര്യ ഫെസ്റ്റിവലിൽ ഞാൻ കച്ചേരി നടത്തുന്നു വരണം'. ഒരുകാലത്ത് നൃത്തം കൊണ്ട് കീഴടക്കിയ വേദിയിൽ അവർ ശബ്ദ മാധുര്യം കൊണ്ട് നിറഞ്ഞൊഴുകി. കാണികൾ കയ്യടിക്കുമ്പോഴേക്കും പക്ഷേ വിദ്യ വേദന കൊണ്ട് പുളയുകയായിരുന്നു. അസുഖം കൂടി വരികയായിരുന്നു. കച്ചേരിക്കിടയിലെ വിദ്യയുടെ വിവിധ ഭാവങ്ങൾ പിറ്റേ ദിവസം 'മാതൃഭൂമി' ഒമ്പത് ചിത്രങ്ങളിലൂടെ ഒന്നാംപേജിൽ പ്രസിദ്ധീകരിച്ചു.

കമൽഹാസനും ശ്രീവിദ്യയും. അപൂർവരാ​ഗങ്ങൾ എന്ന ചിത്രത്തിലെ രം​ഗം
കമൽഹാസനും ശ്രീവിദ്യയും 'അപൂർവരാ​ഗങ്ങൾ' എന്ന ചിത്രത്തിൽഫോട്ടോ കടപ്പാട്-ഐഎംഡിബി

2006 ഒക്ടോബർ. തിരുവനന്തപുരം ആർസിസി ആശുപത്രി. ക്ലോറോഫോമിന്റെ മണം പരത്തുന്ന പരിസരം. മനസ്സും മുഖവും തണുപ്പിൽ വിറങ്ങലിച്ച് വിദ്യ. മരണത്തിന്റെ കാലടിയൊച്ചകൾക്കായി കാതോർത്ത് കിടന്ന വിദ്യ കേട്ടത് മറ്റൊരു സാന്ത്വനത്തിന്റെ പദനിസ്വനമായിരുന്നു നനുത്ത കാലൊച്ചകളോടെ കമൽഹാസൻ. അവർ ആദ്യം മനസ്സിൽ മോഹിച്ച സന്ദർശകൻ. അവസാനത്തെ സന്ദർശകനും കമൽഹാസനായി. മരണം അവരെ മറയ്ക്കുന്നതിന് മുന്നേ മനസ് മറക്കാതിരിക്കാൻ ഒരു അവസാന ആഗ്രഹം. ആ കൂടിക്കാഴ്ചയുടെ വിവരമറിഞ്ഞെങ്കിലും എനിക്കാ ചിത്രം പകർത്താൻ പോകാൻ തോന്നിയില്ല. 'വേണ്ടാ' എന്ന് എന്റെ മനസ്സും ക്യാമറയും പറഞ്ഞു. മനസ്സിനും ക്യാമറയ്ക്കും എന്നും ഇഷ്ടം അരണ്ട സൂര്യവെളിച്ചത്തിലെ ആ പഴയ വിദ്യയെയായിരുന്നു.

മുറിക്കകത്ത് നിശബ്ദത. അവിടെ അവർ രണ്ടുപേർ മാത്രം. ഏറെ തലോടിയ വിദ്യയുടെ കൈകളിൽ കമൽഹാസൻ തൊടുമ്പോൾ എങ്ങനെയോ എത്തിവലിഞ്ഞുകയറി ചിത്രം എടുക്കാൻ ശ്രമിക്കുന്ന ഒരു ഫോട്ടോഗ്രാഫറെ വിദ്യ കണ്ടു. തളർന്ന ശബ്ദത്തിൽ അവർ പറഞ്ഞു: 'എന്റെ ഈ ചിത്രം എടുത്ത് പത്രത്തിൽ കൊടുത്താൽ നാളെ ഒന്നുകൂടി ഇവിടെ വരണം. ഞാൻ ഈ കെട്ടിടത്തിനു മുകളിൽ നിന്നു ചാടും..' മരിക്കുംവരെ അസുഖത്തിന്റെ വൈരൂപ്യംനിറഞ്ഞ തന്റെ രൂപം എവിടെയുമുണ്ടാകരുതെന്ന് വിദ്യയ്ക്ക് നിർബന്ധമായിരുന്നു.

കാരണം അവർക്ക് അവരുടെ ആ പഴയ സുന്ദര രൂപം അത്രയേറെ ഇഷ്ടമായിരുന്നു. അതേപോലെ എനിക്കും എന്റെ ക്യാമറയ്ക്കും...

(തുടരും)

Related Stories

No stories found.
Pappappa
pappappa.com