37വർഷം മുമ്പ് മലയാളസിനിമാപ്രവർത്തകർ തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിനുമുന്നിൽ നടത്തിയ സമരത്തിൽ മമ്മൂട്ടി,മോഹൻലാൽ,മുകേഷ്,നെടുമുടി വേണു,കൊച്ചിൻ ഹനീഫ,നിർമാതാവ് വി.ബി.കെ.മേനോൻതുടങ്ങിയവർ
37വർഷം മുമ്പ് മലയാളസിനിമാപ്രവർത്തകർ തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിനുമുന്നിൽ നടത്തിയ സമരത്തിൽ മമ്മൂട്ടി,മോഹൻലാൽ,മുകേഷ്,നെടുമുടി വേണു,കൊച്ചിൻ ഹനീഫ,നിർമാതാവ് വി.ബി.കെ.മേനോൻതുടങ്ങിയവർഫോട്ടോ-രാജൻ പൊതുവാൾ

തെരുവിലിറങ്ങിയ മമ്മൂട്ടിയും മോഹൻലാലും, കല്ലേറിൽ നിന്ന് രക്ഷപ്പെട്ട ജ​ഗതി

'സിനിമയും ഞാനും' ഭാ​ഗം-5
Published on

1988 ഒക്ടോബർ 11, ചൊവ്വാഴ്ച. കേരളത്തിന്റെ തലസ്ഥാനനഗരിക്ക് മറക്കാനാവാത്ത ദിനം. അന്ന് പതിവുപോലെ ഒന്നിലധികം സമരങ്ങളുണ്ടായിരുന്നു സെക്രട്ടറിയേറ്റിനും പരിസരത്തുമായി. ഉച്ച കഴിഞ്ഞപ്പോൾ മുതൽ എം.ജി.റോഡിന് ഇരുവശങ്ങളിലുമായി ജനം തടിച്ചുകൂടാൻ തുടങ്ങി. കേരളം അന്നേവരെ കണ്ടിട്ടില്ലാത്ത ഒരു കാഴ്ചയാണ് പിന്നീട് തിരുവനന്തപുരം കണ്ടത്. ഇനിയൊരിക്കലും അങ്ങനെയൊരു ദൃശ്യം സംഭവിക്കാനും പോകുന്നില്ല.

മലയാളസിനിമയുടെ നീലാകാശത്തെ സകല നക്ഷത്രങ്ങളും അന്ന് സെക്രട്ടറിയേറ്റിന്റെ സമര കവാടത്തിൽ പൊട്ടി വീഴുകയായിരുന്നു. സാധാരണ അവിടെ നിറയാറുള്ളത് രാഷ്ട്രീയപാർട്ടികളുടെയും അവരുടെ വിദ്യാർഥി,യുവജന വിഭാ​ഗങ്ങളുടെയും പ്രക്ഷോഭക്കാഴ്ചകളാണ്. പക്ഷേ അന്ന് ആദ്യമായി,ഒരുപക്ഷേ അവസാനമായും സൂപ്പർതരങ്ങളുൾപ്പെടെ, മലയാള സിനിമാമേഖലയിലെ പ്രമുഖരെല്ലാം തെരുവിലിറങ്ങി മുദ്രാവാക്യം വിളിച്ച് സെക്രട്ടറിയേറ്റിന് നേർക്ക് നീങ്ങി.

Must Read
കൂടെയൊരാളുമായി കണ്ണൂർ ഡീലക്സിൽ കോഴിക്കോട്ടുവന്ന ജ​ഗതി ശ്രീകുമാർ
37വർഷം മുമ്പ് മലയാളസിനിമാപ്രവർത്തകർ തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിനുമുന്നിൽ നടത്തിയ സമരത്തിൽ മമ്മൂട്ടി,മോഹൻലാൽ,മുകേഷ്,നെടുമുടി വേണു,കൊച്ചിൻ ഹനീഫ,നിർമാതാവ് വി.ബി.കെ.മേനോൻതുടങ്ങിയവർ

ഇന്ത്യയിൽ ആദ്യമായി ഒരു സെക്രട്ടറിയേറ്റ് സിനിമാതാരങ്ങൾ വളയുകയായിരുന്നു. അന്നത്തെ സർക്കാരിന്റെ ചില തീരുമാനങ്ങളാണ് സമരത്തിന് വഴിവെച്ചത്. സിനിമയോടുള്ള സർക്കാരിന്റെ അവ​ഗണന അവസാനിപ്പിക്കുക,സിനിമാതീയറ്ററുകൾക്ക് പ്രത്യേക വൈദ്യുതി നിരക്ക് പ്രഖ്യാപിക്കുക,നികുതി കോമ്പൗണ്ടിങ് നടപ്പിലാക്കുക,അനധികൃത വീഡിയോ പ്രദർശനം നിരോധിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു സെക്രട്ടറിയേറ്റ് മാർച്ചും ധർണയും. ഉച്ചയ്ക്ക് മൂന്നുമണിയോടെ നിർമാതാവ് അപ്പച്ചൻ പാളയം എൽ.എം.എസ് പള്ളി സെമിത്തേരിയിൽ അനശ്വരനടൻ സത്യന്റെ ശവകുടീരത്തിൽ പുഷ്പാർച്ചന നടത്തിയതോടെയായിരുന്നു തുടക്കം.

ആവശ്യങ്ങളെഴുതിയ പ്ലക്കാർഡുമായാണ് താരങ്ങൾ നീങ്ങിയത്. പടുകൂറ്റൻ പ്രകടനം കാണാൻ, തിയേറ്ററിൽ സൂപ്പർഹിറ്റ് പടം കാണാനുള്ള ഇടിച്ചുതള്ളലിനേക്കാൾ തിരക്കായിരുന്നു എം.ജി റോഡിൽ. ഇഷ്ടതാരങ്ങളെ കാണാൻ എൽ.എം.എസ് ജങ്ഷൻ മുതൽ സെക്രട്ടറിയേറ്റ് വരെ ജനം ഇരച്ചു. തൊട്ടുമുന്നിൽ താരങ്ങളായല്ല,സമരക്കാരായി മുദ്രാവാക്യം വിളിച്ചുവരികയാണ് എല്ലാവരും... മമ്മൂട്ടി,മോഹൻലാൽ,നെടുമുടി വേണു,മുകേഷ്,കൊച്ചിൻ ഹനീഫ,ഒടുവിൽ ഉണ്ണികൃഷ്ണൻ,ഉർവശി,രോ​ഹിണി,സുകുമാരി തുടങ്ങിയവർ മുൻനിരയിൽ. ഒന്നു തൊടാൻ വേണ്ടി ജനം കൈകൾ നീട്ടി. ആക്ഷനും കട്ടും പറയാതെ സംവിധായകർ മുദ്രാവാക്യം മുഴക്കി. നടീനടന്മാർ അതേറ്റുവിളിച്ചു. സുകുമാരിച്ചേച്ചിയുടെ മുദ്രാവാക്യം വിളി ഒന്നുകേൾക്കേണ്ടതായിരുന്നു. ശൗര്യം ഏറെ. കൂടെ ഒടുവിലാശാനും.

മലയാളസിനിമാപ്രവർത്തകർ തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിനുമുന്നിൽ നടത്തിയ സമരത്തിനിടെ മുദ്രാവാക്യം മുഴക്കുന്ന സുകുമാരിയും ഒടുവിൽ ഉണ്ണികൃഷ്ണനും
മലയാളസിനിമാപ്രവർത്തകർ തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിനുമുന്നിൽ നടത്തിയ സമരത്തിനിടെ മുദ്രാവാക്യം മുഴക്കുന്ന സുകുമാരിയും ഒടുവിൽ ഉണ്ണികൃഷ്ണനുംഫോട്ടോ-രാജൻ പൊതുവാൾ

പക്ഷേ, പ്രകടനം യൂണിവേഴ്സിറ്റി കോളേജ് പരിസരത്ത് എത്തിയപ്പോൾ ഉള്ളിൽനിന്ന് സ്ഥിരം ഏർപ്പാടായ കല്ലേറുതുടങ്ങി. 'സമരം കലക്കി വളവ്' എന്നറിയപ്പെടുന്ന സ്പെൻസർ ജംഗ്ഷനിൽ കല്ലേറ് ശക്തമായി. ഉയരം കൂടിയ ക്യാപ്റ്റൻ രാജുവിനും ഉയരം കുറഞ്ഞ ജയഭാരതിയ്ക്കും കല്ലേറിൽ നിന്ന് രക്ഷപ്പെടാനായില്ല. താരങ്ങളുടെ മൂല്യമോ, വലിപ്പച്ചെറുപ്പമോ,ആകാരപ്രകൃതമോ കണക്കിലെടുക്കാതെ കല്ല് അതിന്റെ കൃത്യമായ സ്ഥാനം കണ്ടെത്തി!

മലയാളസിനിമാപ്രവർത്തകർ തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിനുമുന്നിൽ നടത്തിയ സമരത്തെക്കുറിച്ചുള്ള വാർത്തയും ചിത്രങ്ങളും പ്രസിദ്ധീകരിച്ച 'മാതൃഭൂമി' ദിനപത്രത്തിന്റെ ഒന്നാംപേജ്
മലയാളസിനിമാപ്രവർത്തകർ തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിനുമുന്നിൽ നടത്തിയ സമരത്തെക്കുറിച്ചുള്ള വാർത്തയും ചിത്രങ്ങളും പ്രസിദ്ധീകരിച്ച 'മാതൃഭൂമി' ദിനപത്രത്തിന്റെ ഒന്നാംപേജ്രാജൻ പൊതുവാളിന്റെ ശേഖരത്തിൽനിന്ന്

സമരപോരാളികളുടെ ചോര വാർന്നുവീഴാറുള്ള സെക്രട്ടറിയേറ്റിന്റെ ഒന്നാം ഗേറ്റ് താരങ്ങൾ കീഴടക്കി. ഉദ്ഘാടനം കഴിഞ്ഞു. സമരം തീർന്നു. പ്രമുഖതാരങ്ങളുൾപ്പെടെ പതിനഞ്ചോളം സിനിമാപ്രവർത്തകർക്ക് കല്ലേറിൽ പരിക്ക് പറ്റിയിട്ടുണ്ടായിരുന്നു. ശിങ്കിടികളും മാനേജർമാരും അവരുടെ താരങ്ങളെ കൊണ്ടുപോയി. പലരും പലവഴി പിരിഞ്ഞു. ശുഭം..

ഇതിന്റെയെല്ലാം ഫോട്ടോകളെടുത്തശേഷം ഞാൻ ഓഫീസിലേക്ക് പോകാനൊരുങ്ങി. കന്റോൺമെന്റ് പോലീസ് സ്റ്റേഷനു മുന്നിലാണ് ബൈക്ക് വെച്ചിരുന്നത്. അവിടെച്ചെന്ന് ബൈക്ക് എടുക്കുമ്പോൾ പിറകിലൊരു ഭാരക്കൂടുതൽ. തിരിഞ്ഞുനോക്കിയപ്പോൾ കാലിൽ കെട്ടലുമായി ജഗതി. 'ഏറു കിട്ടിയോ' എന്നു ഞാൻ ചോദിക്കും മുമ്പേ മറുപടി വന്നു: 'അളിയാ ഇത് നടക്കും എന്നെനിക്കറിയാം. ഇവർ എനിക്കുള്ള കല്ല് പണ്ടേ കരുതിയതാ.. അതുകൊണ്ട് ഞാൻ വീട്ടിൽ നിന്ന് വരും മുമ്പേ ഒരു അഡ്ജസ്റ്റ്മെന്റ് നടത്തി..'

ജ​ഗതി ശ്രീകുമാർ
ജ​ഗതി ശ്രീകുമാർഫോട്ടോ കടപ്പാട്-വിക്കിപ്പീഡിയ

ഇപ്പോൾ സോഷ്യൽമീഡിയ റീലുകളിലൊക്കെ കാണും മുമ്പേ 'എ ഫ്യൂ മിനിറ്റ്സ് ബിഫോർ' എന്ന വാചകം ഞാനിവിടെ എഴുതുന്നു. അതായത് ഫ്ളാഷ്ബാക്കിലേക്ക്.. പ്രകടനം എൽ.എം.എസ് ജങ്ഷനിൽ നിന്ന് തുടങ്ങുമ്പോൾ ജ​ഗതിയുണ്ട്. കാലിൽ എന്തോ മുറിവ് വച്ചുകെട്ടിയിരിക്കുന്നു. പ്രകടനം സെക്രട്ടറിയേറ്റിന് നേർക്ക് നീങ്ങിയതും ജ​ഗതി കാലിലെ മുറിവും നടക്കാനാകാത്ത അവസ്ഥയും കാട്ടി പതിയെ പിന്മാറുന്നു. സെക്രട്ടറിയേറ്റ് നടയിലേക്ക് എത്തിക്കോളാമെന്ന് പറയുന്നു..സമരക്കാർ യൂണിവേഴ്സിറ്റി കോളേജിനടുത്തെത്തുമ്പോഴേക്കും കല്ലേറ് തുടങ്ങുന്നു. പലർക്കും പരിക്ക് പറ്റുന്നു...ജ​ഗതി അതിൽ നിന്ന് രക്ഷപ്പെടുന്നു. ആ കാലിലെ ഇല്ലാത്ത മുറിവും വല്ലാത്ത കെട്ടും ജ​ഗതിയുടെ തിരക്കഥയായിരുന്നു...!

അതാണ് ജഗതി. ബൈക്കിന് പിന്നിലിരുന്ന് ഈ കഥ പറയുമ്പോൾ ഒരു ജ​ഗതിസിനിമയിലെ രം​ഗം പിറകിലോടുന്നതുപോലെ. ചിരിയുടെ മാലപ്പടക്കം 'അമൃത ഹോട്ടൽ' വരെ നീണ്ടു. മാനേജരും ശിങ്കിടിയും ഇല്ലാത്ത ജഗതി സമരത്തിനുശേഷം ഒറ്റയ്ക്ക് എന്റെ കൂടെ അങ്ങോട്ടേക്ക്...

ജ​ഗതി ശ്രീകുമാറിന്റെ കോളേജ് കാലത്തെ ചിത്രം
ജ​ഗതി ശ്രീകുമാറിന്റെ കോളേജ് കാലത്തെ ചിത്രംഅറേഞ്ച്ഡ്

ചരിത്രമായി മാറിയ സിനിമാസമരത്തിൽ നിന്ന് കഴിഞ്ഞ ഭാ​ഗത്തിന്റെ തുടർച്ചയായി വീണ്ടും ജ​ഗതിയിലേക്ക് വരട്ടെ.

കട്ട് ടു കോവളം..

അവിടെ ഒരു ഹോട്ടലിൽ ഗൾഫ് പര്യടനത്തിനുമുന്നോടിയായുള്ള ​ഗെറ്റ് ടു ​ഗെദറും പത്രസമ്മേളനവും. മോഹൻലാൽ മുതൽ വൻ സംഘം. ജഗതി വന്നിട്ടില്ല. 'തുക കുറഞ്ഞതുകൊണ്ട് ജഗതി വരുന്നില്ലല്ലോ' എന്ന് പത്രസമ്മേളനത്തിൽ ഏതോ പത്രപ്രവർത്തകൻ ചോദിച്ചത് സംഘാടകരിലൊരാളെ ക്ഷുഭിതനാക്കി. 'എന്നാൽ അവന്റെ മുഖം ഇനി സിനിമയിൽ കാണില്ല, ആസിഡ് ഒഴിക്കും.' സംഘാടകൻ പൊട്ടിത്തെറിച്ചു. രം​ഗം വഷളായതോടെ എല്ലാവരും സ്ഥലം വിട്ടു.

'എന്നാൽ അതൊന്ന് കാണട്ടെ..' ജഗതിയുടെ ശബ്ദം പെട്ടെന്ന് സൗണ്ട് ബോക്സിൽ. തിരിഞ്ഞുനോക്കുമ്പോൾ മൈക്കെടുത്ത് ആരെയും കൂസാതെ ജഗതി. ഹാസ്യനടൻ നായകനായി വെല്ലുവിളിക്കുന്നു. ഗുണ്ടകളും സംഘാടകരും ഓടിയൊളിച്ചു.

ഇങ്ങനെ അമ്പിളിവെട്ടം നിറഞ്ഞ നിരവധി കൂടിക്കാഴ്ചകൾ, കളിതമാശകൾ.. തിക്കുറിശ്ശിയെ അനുകരിച്ച് കാവിമുണ്ടും ജുബ്ബയും തലേക്കെട്ടുമായി ഒരിക്കൽ..അതുപോലെ പല വേഷം,പലകാലം..

രാജൻ പൊതുവാളിന്റെ മൂത്തമകൻ അർജുന്റെ വിവാഹത്തിന് ജ​ഗതിയെത്തിയപ്പോൾ.രാജൻപൊതുവാൾ,ഇളയമകൻ അശ്വിൻ എന്നിവർ സമീപം
രാജൻ പൊതുവാളിന്റെ മൂത്തമകൻ അർജുന്റെ വിവാഹത്തിന് ജ​ഗതിയെത്തിയപ്പോൾ.രാജൻപൊതുവാൾ,ഇളയമകൻ അശ്വിൻ എന്നിവർ സമീപംഅറേഞ്ച്ഡ്

ഉത്സവകാലം അമ്പിളിക്കാലമാണ്. ക്ഷേത്രച്ചടങ്ങുകളിൽ സ്ഥിരം മുഖ്യാതിഥി. മാതൃഭൂമി ലേഖകനായിരുന്ന ജി.ശേഖരൻ നായർ പറഞ്ഞതനുസരിച്ച് ജഗതിയെ ഒരു അമ്പലക്കമ്മിറ്റി ഉദ്ഘാടകനാക്കി. കൂടെ അന്നത്തെ ഭക്ഷ്യമന്ത്രി. പൊതുവിതരണ സംവിധാനത്തിലെ കുത്തഴിഞ്ഞ അവസ്ഥയുടെ പേരിൽ ഏറെ പഴികേട്ടുനില്കുകയായിരുന്നു അദ്ദേഹം, അക്കാലത്ത്. ജഗതിയെ മന്ത്രിക്ക് നന്നായി അറിയാം,ജ​ഗതിക്ക് തിരിച്ചും. രണ്ടു വാക്കിൽ സംസാരിച്ച് മന്ത്രി ഇറങ്ങാൻ തുടങ്ങി. മൈക്ക് കൈയിലെടുത്ത ജഗതി: 'മന്ത്രി ഇരിക്കണം..' മന്ത്രി താനെ ഇരുന്നു. പിന്നെ പൊതുവിതരണസംവിധാനം എന്താണെന്നും അതിനെ എങ്ങനെ പാവപ്പെട്ടവർക്ക് ഉപയോ​ഗപ്പെടുത്താമെന്നും ഒന്നരമണിക്കൂർ സ്റ്റഡി ക്ലാസ്..ചടങ്ങ് കഴിഞ്ഞപ്പോൾ മന്ത്രി കോപം മുഴുവൻ തീർത്തത് അദ്ദേഹത്തിന്റെ സഹപാഠികൂടിയായിരുന്ന ശേഖരൻനായരോട്..

എന്റെ മൂത്ത മകൻ അർജുന്റെ കല്യാണം. വീട്ടിലെ ഒരംഗം പോലെ എല്ലാം നടത്തിത്തന്ന് മടങ്ങുമ്പോൾ ജ​ഗതി അവസാനമായി കൈകൾ ചേർത്ത് പിടിച്ചു. അതൊരു അവസാന തലോടൽ ആയിരുന്നു എന്നു ഞാൻ അറിഞ്ഞില്ല. കോഴിക്കോട്ടെ 'മാതൃഭൂമി' ഓഫീസിൽനിന്ന് വാഹനാപകട വാർത്തയറിഞ്ഞപ്പോൾ സഹിക്കാനാകുന്നുണ്ടായിരുന്നില്ല. പിന്നെ ജ​ഗതി നമ്മെ ആരെയും ചിരിപ്പിച്ചില്ല. പണ്ട് താൻ സൃഷ്ടിച്ച ചിരികളോർത്ത് ഉള്ളാലെ ചിരിക്കുന്നുണ്ടാകും.

ചികിത്സാസമയത്ത് ആർക്കും കാണാൻ അനുവാദം ഉണ്ടായിരുന്നില്ല. വെല്ലൂരിലെ ആശുപത്രിയിൽ എത്തിച്ചപ്പോൾ മാതൃഭൂമി ഡയറക്ടർ ആയിരുന്ന പി.വി.​ഗം​ഗാധരന്റെ കൂടെ ഞാനും കാണാൻ ചെന്നു. പ്രത്യേക വാർഡിൽ ജഗതിക്ക് രണ്ടുപേർ 'ഫിസിയോ' നല്കുന്നു. കാണാൻ വരുന്നവരെ അറിയാമോ എന്ന്, ട്രീറ്റ്മെന്റിന്റെ ഭാഗമായി കൂടെയുണ്ടായിരുന്നവർ ചോദിക്കുന്നുണ്ടായിരുന്നു. 'ആരാ ഈ വന്നിരിക്കുന്നത്.. മനസ്സിലായോ?'-നഴ്സ് ജഗതിയുടെ ചെവിയിൽ ചോദിച്ചു. എത്രയോ കാലം 'പൊതുവാളേ...'എന്നുവിളിച്ച ചുണ്ടുകൾ ചിരിയോടെ ഒന്നനങ്ങി..

Pappappa
pappappa.com