
കൂടല്ലൂരിന്റെ വാസു. കോഴിക്കോട്ടുകാരുടെ എം.ടി. എല്ലാവരുടെയും എം.ടി വാസുദേവൻ നായർ. പക്ഷേ എനിക്ക് അദ്ദേഹം 'വാസുവേട്ട'നാണ്. ആ വാസുവേട്ടനെപ്പറ്റിയുള്ള കുറിപ്പാണിത്.
പെയ്തിറങ്ങാൻ വെമ്പുന്ന കർക്കിടകക്കോൾ പോലെ ഇരുണ്ട മുഖം. എപ്പോഴും കത്തുന്ന ബീഡിത്തുമ്പ്. അതിനേക്കാളേറെ മനസിനകത്ത് എന്തോ ആളിക്കത്തുന്ന ഭാവം. എപ്പോഴും ആലോചന. ഇടയ്ക്കിടെ അലസമായി ചുണ്ടറ്റത്തെ മീശത്തുമ്പ് ഇടതു കൈകൊണ്ട് വലിക്കുന്ന സ്വഭാവം.
എന്റെ ആദ്യ പത്രാധിപർ. വാസുവേട്ടനെ പരിചയപ്പെടുന്നത് അദ്ദേഹത്തിന്റെ ജ്യേഷ്ഠൻ എം.ടി.ബാലകൃഷ്ണൻനായർ(എംടിബി) വഴിയായിരുന്നു. ലിപ്റ്റൺ ചായപ്പൊടിയുടെ ഒറ്റപ്പാലം മാനേജർ. വാസുവേട്ടന്റെ മറ്റൊരു രൂപം.
ഫോട്ടോഗ്രാഫി കമ്പം കാരണം കൂടെക്കൂടെ അച്ഛന്റെ സ്റ്റുഡിയോയിൽ വരും. എടുത്ത ചിത്രങ്ങളുടെ വിവരണങ്ങൾ പറഞ്ഞുതന്ന് പടിയിറങ്ങുമ്പോൾ എന്നെയും കൂടെ കൂട്ടും. അക്കാലത്ത് നിള എന്ന പേരു വീഴാത്ത ഭാരതപ്പുഴയുടെ മണലിൽ ഇരുന്നാൽ പിന്നെ 'വാസു'മയമാണ്. സ്വന്തം അനുജന്റെ കഴിവുകളെപ്പറ്റി നിർത്താതെ സംസാരിക്കും. കഥ, നോവലുകൾ എല്ലാം. 1970 കാലത്ത് കറന്റ് ബുക്സ് ഇറക്കിയ എം.ടിയുടെ കഥാസമാഹാരം സമ്മാനിച്ചതും ബാലേട്ടനാണ്.
അക്കാലത്ത് തന്നെയാണ് ആദ്യമായി വാസുവേട്ടൻ സംവിധാനം ചെയ്ത 'നിർമാല്യം' വന്നെത്തുന്നത്. അതിലെ യുവനായകൻ രവിമേനോൻ ഞങ്ങളുടെ കുടുംബ സുഹൃത്ത് കൂടിയായിരുന്നു. രവിയുടെ അനുജത്തിയുടെ കല്യാണം. തലേദിവസം തന്നെ ഗുരുവായൂരിൽ നെന്മിനി ലോഡ്ജിൽ വാസുവേട്ടൻ വന്നെത്തി. സിനിമയെപ്പറ്റി രവിയുമായി ചർച്ച. അങ്ങനെയാ മഹാപുരുഷനെ ആദ്യമായി കണ്ടു.
1976-ൽ 'മാതൃഭൂമി'യിൽ എത്തി. വാസുവേട്ടനെ കാണാൻ മുറിയിൽ കയറി. മേശപ്പുറം ആകെ സാഹിത്യക്കൂമ്പാരം. പിറകിലെ കസേരയിൽ മറ്റൊരു ബീഡിക്ക് തീ പകരുകയായിരുന്നു. മുഖമുയർത്തിയപ്പോൾ കണ്ടത് എന്നെയാണ്. 'രാജനാണ്, ജോലിക്ക് ജോയിൻ ചെയ്യാൻ വന്നതാണ്.'
'ഒറ്റപ്പാലത്തെ പൊതുവാളിന്റെ മകനല്ലേ? ഏട്ടൻ പറഞ്ഞിരുന്നു. അതിനുമുമ്പ് കമ്പനി ഓർഡർ വന്നിരുന്നു.' കഴിഞ്ഞു. എം.ടി. കഥകളിലെ ഒരു വാചകം പോലെ പരിചയപ്പെടൽ അവസാനിച്ചു.
അതൊരു തുടക്കമായിരുന്നു. ആഴ്ചപ്പതിപ്പിന്റെ താളുകളെ വലുതാക്കിയ സാഹിത്യകാരന്മാരുടെ ഘോഷയാത്ര. ബാലപംക്തിയുടെ 'കുട്ടേട്ടൻ' കവി കുഞ്ഞുണ്ണിമാഷ്, ചിത്രങ്ങൾ വരച്ച ദേവൻ മുതൽ അക്കാലത്തെ സൂപ്പർ താരം വി.കെ.എൻ വരെ. ഞാൻ അറിഞ്ഞവരും അറിയാത്തവരും. ആരു വന്നാലും ആ മുഖം എന്നും ഒരുപോലെ. അമിതമായ വരവേൽക്കലും സന്തോഷപ്രകടനവും ഇല്ലാത്ത പെരുമാറ്റം. ലളിതാംബികാ അന്തർജനം വന്നു എന്നു കേട്ടപ്പോൾ മാത്രം മുറിയിൽ നിന്ന് പുറത്തിറങ്ങി അവരെ സ്വീകരിച്ചു.
ഇക്കാലമത്രയും വാസുവേട്ടന്റെ മുറിയിൽ ഞാൻ തിരഞ്ഞത് സിനിമാ താരങ്ങളെയായിരുന്നു. പക്ഷേ ഒരു താരവും ഈ താരസ്രഷ്ടാവിന്റെ മുന്നിൽ വന്നു കണ്ടില്ല! പ്രശസ്തനായ തിരക്കഥാകൃത്ത് ടി.ദാമോദരൻ മാഷ് മാത്രം ഇടയ്ക്കിടെ വാസുവേട്ടൻ മുറിയിൽ നിന്ന് പുറത്തിറങ്ങുന്നത് കാണാൻ മാത്രം വന്നിരിക്കും. കണ്ടാൽ മാത്രം മാഷ് പുറത്തിറങ്ങും. ഗുരു എന്നാണ് മാഷ് അന്ന് വാസുവേട്ടനെ വിളിച്ചിരുന്നത്.
നാടകനടനും സിനിമാനടനുമായ കുഞ്ഞാണ്ടിയാണ് വാസുവേട്ടന്റെ രണ്ടാം വീട് കാണിച്ചുതന്നത്. മിഠായിത്തെരുവിലെ വീറ്റ് ഹൗസ്. രാവേറെ ചർച്ചയും കൂടിച്ചേരലും. പ്രശസ്ത സാഹിത്യകാരൻ എൻ.പി മുഹമ്മദ് ആണ് സ്ഥിരം ആദ്യ സന്ദർശകൻ. സാഹിത്യവും ചർച്ചയും പെട്ടെന്ന് തീരും. ഒരു സുലൈമാനി കുടിച്ചാൽ എൻ.പി യാത്ര പറയും. പിന്നെയാണ് താരങ്ങളുടെ വരവ്. സന്തതസഹചാരി പുനത്തിൽ കുഞ്ഞബ്ദുള്ള അന്നും എപ്പോഴും കൂടെ. 'സ്മാരകശിലകൾ' ആഴ്ചപ്പതിപ്പിൽ വന്നിരുന്ന കാലം.
'ബന്ധനം' സിനിമ ഞാൻ തുടങ്ങുകയാണ്.' കഴിഞ്ഞു. ആദ്യമായിട്ടാണ് സിനിമ ഷൂട്ടിങ്ങിന്റെ മുഴുവൻ ലൊക്കേഷൻ കാണുന്നത്. ആരിഫ്ളക്സ് വലിയ ക്യാമറ. അതിനുചുറ്റും റിഫ്ളക്ടർ ബോർഡുകൾ. മിനി ജനറേറ്റർ. പുതിയ അന്തരീക്ഷം. പ്രൊഡ്യൂസർ വി.ബി.കെ.മേനോൻ, സഹസംവിധായകൻ വർക്കലക്കാരനായ എം. ആസാദ്. അന്നത്തെ സൂപ്പർസ്റ്റാർ സുകുമാരൻ..
ബ്ലാക്ക് ആൻഡ് വൈറ്റ് സിനിമയായതുകൊണ്ട് ആകെ മഞ്ഞമയം. താരങ്ങളുടെ വേഷമെല്ലാം മഞ്ഞനിറത്തിൽ. നടി പിന്നീട് ഏറെ പ്രശസ്തിയായ,ഒടുവിൽ ആത്മഹത്യ ചെയ്ത ശോഭ. നിലമ്പൂർ ബാലൻ, നിലമ്പൂർ വിജയലക്ഷ്മി തുടങ്ങിയവരും ഉണ്ടായിരുന്നു.
തൊപ്പിയും കൂളിങ് ഗ്ലാസും ഇല്ലാത്ത സംവിധായകൻ. കുടുംബകാരണവരെ പോലെ ചുമലിൽ ഒരു ഈരഴ തോർത്ത് ഉണ്ട്. സാധാരണ ഉടുക്കുന്ന മുണ്ടും ഷർട്ടും വേഷം, അന്നത്തെ പ്ലാസ്റ്റിക് മെടഞ്ഞ വട്ടക്കസേര. വലിയ ക്യാമറയുടെ പിറകിൽ രാമചന്ദ്രബാബു. സ്ക്രിപ്റ്റ് ബോർഡുമായി ആസാദ്. ക്ലോസപ്പ്,മീഡിയം, ലോങ് ഷോട്ട് ഇങ്ങനെ കൃത്യമായ ക്യാമറ ആംഗിൾ സംഭാഷണത്തോടൊപ്പം കുറിച്ചിട്ട സിനിമയുടെ പെരുന്തച്ചൻ മാറി ഇരിക്കുന്നു. സുകുമാരന്റെ സഹോദരിയുടെ വിവാഹരംഗമാണ് ഷൂട്ട് ചെയ്യുന്നത്. ആക്ഷൻ, കട്ട് എന്ന വിളികൾ കേൾപ്പിക്കാതെ ഷൂട്ടിങ്.
'ആസാദേ' എന്ന് മയത്തിൽ ഒരു വിളി വന്നാൽ 'നോക്കാം' എന്നുകൂടി പറയും. ആരിഫ്ലെക്സിന്റെ മുഴക്കം കേൾക്കാൻ തുടങ്ങും. മതിയെന്ന് പറഞ്ഞാൽ ക്യാമറ താനെ നില്കും. സിനിമാ സംവിധാനത്തിന്റെ മറ്റൊരു മുഖം. രണ്ടാമത്തെ ദിവസം ആയപ്പോഴേക്കും ഫിലിം തീർന്നു. മദിരാശിയിൽ നിന്നെത്തുന്ന ഫിലിം ക്യാനിനു വേണ്ടി കാത്തിരിപ്പ്. അപ്പോഴാണ് സാഹിത്യകാരനുപരി സിനിമാരംഗം കലക്കിക്കുടിച്ച വാസുവേട്ടന്റെ സ്റ്റഡിക്ലാസ്. 'രാജൻ ഈ കാണുന്ന ഫിലിം എല്ലാം നിൽക്കും. ഇനി ഫിലിം ഇല്ലാത്ത സിനിമാലോകമാണ് വരാൻ പോകുന്നത്.' ഡിജിറ്റൽ ക്യാമറയുടെ സാങ്കേതിക വശം ആദ്യമായി പറഞ്ഞു തന്നതും വാസുവേട്ടൻ.
അക്കാലത്ത് സിനിമാ വാരികകൾ ഒന്നും ഇല്ലായിരുന്നു. ഞാനെടുത്ത 'ബന്ധനം' ലൊക്കേഷൻ ചിത്രങ്ങൾ അന്ന് വന്നത് ഇല്ലസ്ട്രേറ്റഡ് വീക്കിലിയിലായിരുന്നു; വാസുവേട്ടന്റെ കുറിപ്പോടെ. പിന്നീട് ഒരു നാടുകടത്തലായിരുന്നു. കോഴിക്കോട് നിന്ന് തിരുവനന്തപുരത്തേക്ക് ഞാൻ എത്തുമ്പോഴേക്കും വാസുവേട്ടൻ തിരുവനന്തപുരം ഓഫീസിലെത്തി രാജിവച്ചു പോയിരുന്നു.
പിന്നീട് ഞാൻ കുറേ കാലം വാസുവേട്ടനെ കണ്ടിട്ടില്ല. അക്കാലമായിരുന്നു മലയാള സിനിമയുടെ സുവർണ്ണകാലം. തിരക്കേറിയ വാസുവേട്ടന് മുന്നിൽ സംവിധായകരുടെ നീണ്ട നിര. വള്ളുവനാടൻ ഭാഷയിൽ, വാസുവേട്ടന്റെ പേനത്തുമ്പിലായി മലയാള സിനിമാലോകം. എത്രയെത്ര സിനിമകൾ. നഖക്ഷതങ്ങൾ,പഞ്ചാഗ്നി, അമൃതം ഗമയ, ഋതുഭേദം,ആരണ്യകം, വൈശാലി,ഒരു വടക്കൻ വീരഗാഥ, താഴ്‌വാരം, പെരുന്തച്ചൻ...ഇതിഹാസനോവൽ 'രണ്ടാമൂഴം' പിറവിയെടുത്തതും അക്കാലയളവിൽതന്നെ.
പൂജപ്പുരയിലെ ഹിന്ദുസ്ഥാൻ ലാറ്റക്സ് ഗസ്റ്റ് ഹൗസിൽ 'രണ്ടാമൂഴം' നോവലിന്റെ ജോലിയുമായി എത്തിയ വാസുവേട്ടൻ എന്നെ വിളിച്ചു. കമ്പനി കാര്യമൊന്നും പറഞ്ഞില്ലെങ്കിലും ഞാൻ അതെല്ലാം അപ്പോൾ ഓർത്തെടുത്തു. ഓഫ് സെറ്റ് പ്രസിൽ അച്ചടിച്ച ആദ്യ വീക്ക്ലി,കളർ മുഖചിത്രം ആദ്യമായി മാതൃഭൂമി ആഴ്ചപ്പതിപ്പിൽ. കളർചിത്രങ്ങൾ അച്ചടിക്കാൻ തുടങ്ങിയതും വാസുവേട്ടന്റെ സമയത്തായിരുന്നു. പക്ഷേ വാസുവേട്ടന്റെ ജീവിതത്തിലെ 'രണ്ടാമൂഴം' പിന്നീടായിരുന്നു. മാതൃഭൂമിയിൽ വീണ്ടും. അക്കാലത്ത് സിനിമാരംഗത്ത് നിന്ന് കുറച്ചു മാറിനിന്നു.
'മാതൃഭൂമി'യിലെ വാസുവേട്ടന്റെ രണ്ടാമൂഴത്തിൽ ആഴ്ചപ്പതിപ്പ് ജനകീയമാക്കുന്നതിൽ ഒരു ചെറിയപങ്ക് വഹിക്കാൻ കഴിഞ്ഞത് ഞാനോർക്കുന്നു. ആയിടയ്ക്ക് തിരുവനന്തപുരത്തെ പ്രസിദ്ധമായ ഗോൾഫ് ക്ലബ്ബിൽവച്ച് പ്രശസ്ത കാർട്ടൂണിസ്റ്റ് അബുവിനെ ഞാൻ കണ്ടു. തിരുവനന്തപുരത്ത് സ്ഥിരതാമസമാക്കുന്ന വിവരം അദ്ദേഹം പറഞ്ഞു. ഞാൻ ആ വിവരം അന്നുതന്നെ വാസുവേട്ടനെ അറിയിച്ചു. ആഴ്ചപ്പതിപ്പിനുവേണ്ടി എന്തുചെയ്യണമെന്ന് ചോദിച്ചു. മറുപടി ഉടൻ വന്നു. അബുവിന്റെ കാർട്ടൂൺ പംക്തി എത്രയും പെട്ടെന്ന് ആരംഭിക്കണം. അത് അബുവുമായി സംസാരിച്ച് ഉറപ്പിക്കണമെന്നും ആവശ്യപ്പെട്ടു. വിവരമറിയിച്ചപ്പോൾ അബു സന്തോഷത്തോടെ സമ്മതിച്ചു. വാസുവേട്ടനുമായുള്ള പരിചയം പങ്കുവയ്ക്കുകയും ചെയ്തു. അങ്ങനെ തുടങ്ങിയതാണ് 'മാതൃഭൂമി' ആഴ്ചപ്പതിപ്പിലെ, 'മേമ്പൊടി' എന്ന അബുവിന്റെ കാർട്ടൂൺ സ്ട്രിപ്പ്. വായനക്കാരെ ആകർഷിച്ച ആ കാർട്ടൂൺ പരമ്പര അസുഖബാധിതനാകുന്നതുവരെ അബു തുടർന്നു.
ഓരോ സിനിമയും ചരിത്രവിജയം നേടുമ്പോഴും ഒട്ടും അഹങ്കരിക്കാത്ത ഒരു മനുഷ്യൻ. വാസുവേട്ടന്റെ ഏറ്റവും മികച്ച സിനിമയായ മാറിയ 'ഒരു വടക്കൻ വീരഗാഥ'യുടെ ആഘോഷം തിരുവനന്തപുരത്ത് ടാഗോർ തീയറ്ററിലായിരുന്നു. ആഘോഷം കാണാൻ വൻ ജനാവലി.
പത്രപ്രവർത്തനത്തിലും ഫോട്ടോഗ്രാഫിയിലും വഴികാട്ടിത്തന്ന വാസുവേട്ടൻ എനിക്ക് ജീവിതപങ്കാളിയെക്കൂടി തന്നു. 'മിനി' ഊട്ടിയിലായിരുന്നു വളർന്നത്. 1978-ലെ ഊട്ടി ഫ്ലവർ ഷോ കവർ ചെയ്യാൻ വാസുവേട്ടൻ ഏല്പിച്ചിരുന്നു. അന്ന് അവിടെ ചെന്നപ്പോഴാണ് മിനിയെ ആദ്യം കാണുന്നത്. വിവാഹത്തിന് അനുഗ്രഹം നല്കാൻ വാസുവേട്ടൻ വന്നെത്തി.
കർക്കടകത്തിലെ മറ്റൊരു ഉത്രട്ടാതിയാണ് നാളെ.(ആഗസ്റ്റ് 13) സരസ്വതി ടീച്ചർക്കും മകൾ അശ്വതിക്കും വാസുവേട്ടൻ ഇല്ലാത്ത ആദ്യ പിറന്നാൾ. ആ തൂശനില ശൂന്യമായി,സദ്യവട്ടമില്ലാതെ.
ഓർമകളുടെ പെരുമഴയാണ് ഈ പെരുന്തച്ചനെപ്പറ്റി. എല്ലാ മേഖലകളിലും സർവ്വജ്ഞപീഠം കയറിയ അതേ ആളുടെ കയ്യിൽ ജ്ഞാനപീഠ പുരസ്കാരം വന്നുചേരുന്നത് കാണാനും ഭാഗ്യമുണ്ടായി. അതിലേറെ സന്തോഷം മറ്റൊന്നാണ്. പുരസ്കാര വിഗ്രഹമായ വാഗ്ദേവതാശില്പം ചടങ്ങുകഴിഞ്ഞയുടനെ എന്നെ ഏല്പിച്ചു. 'ഇതിന് തക്കതായ നല്ല ഒരു പീഠം പണിത് കോഴിക്കോട് വരുമ്പോൾ കൊണ്ടുവരൂ..'വാസുവേട്ടൻ പറഞ്ഞു. അത് മറ്റൊരു നിമിത്തം.. ആ കമനീയവിഗ്രഹം അങ്ങനെ കുറച്ചുനാൾ എന്റെ സ്വീകരണമുറി അലങ്കരിച്ചു.
കുറേമാസങ്ങൾക്കുമുമ്പാണ് അവസാനമായി കണ്ടത്. എന്റെ ഒരു ഡോക്യുമെൻററി എടുക്കുന്നുണ്ടായിരുന്നു. അതിലേക്ക് വാസുവേട്ടന്റെ ഒരു ആശംസ വേണം. ഞാൻ ഏറെ ഭയത്തോടെയാണ് വിളിച്ചത്. 'എപ്പോൾ വേണമെങ്കിലും വരൂ..' മറുപടി ഉടൻ. വീടിന്റെ പൂമുഖത്ത് എന്നെയും കൂടെയിരുത്തിയാണ് റെക്കോർഡിങ് തുടങ്ങിയത്. ഏറെ സംസാരിച്ചശേഷം മതിയോ എന്ന് ചോദിച്ചു. എന്റെ അച്ഛനെപ്പറ്റി തുടങ്ങി ഒടുവിൽ എന്നെപ്പറ്റി പറഞ്ഞ ആ വലിയ വാക്കുകൾക്കു മുന്നിൽ ഞാൻ തലകുനിച്ച് ഇരിക്കുകയായിരുന്നു. എന്റെ ശിരസ്സിൽ ആ കൈവിരലുകൾ അമർന്നപ്പോൾ, അനുഗ്രഹിച്ചപ്പോഴാണ് ഞാൻ ഉണർന്നത്. ഒരു സാധാരണ മനുഷ്യന്റെ സ്നേഹവും രൂപവും ഞാനവിടെ കണ്ടു.
(തുടരും)