പ്രിയപ്പെട്ട ലാലു,വിവാഹം മുതൽ കിരീടധാരണം വരെ...

മനസ്സ് തിരഞ്ഞ ആ പുതുമ എടുത്തചിത്രങ്ങൾക്ക് ഒന്നിനുമില്ല. ഒരു ലാൽടച്ച് ഇല്ലാത്തതുപോലെ. പക്ഷേ ഞാൻ മറ്റൊരു ഫ്രെയിം മനസ്സിൽ കണ്ടിരുന്നു-'സിനിമയും ഞാനും' രണ്ടാംഭാ​ഗം
വിവാഹദിനത്തിൽ മോഹൻലാലും സുചിത്രയും
വിവാഹദിനത്തിൽ മോഹൻലാലും സുചിത്രയുംഫോട്ടോ-രാജൻ പൊതുവാൾ
Published on

മോഹൻലാലിനെ ലാലുവെന്ന് വിളിക്കാനാണ് എനിക്കിഷ്ടം. അങ്ങനെയാണ് വിളിക്കുന്നതും. ലാലുവിനെക്കുറിച്ചോർക്കുമ്പോൾ ആദ്യം മനസ്സിൽവരുന്നത് പത്മനാഭപുരം കൊട്ടാരമാണ്. ഹിസ് ഹൈനസ് അബ്ദുള്ളയുടെ ലൊക്കേഷൻ. 'ദേവസഭാതലം' എന്ന ​ഗാനരം​ഗത്തിന്റെ ചിത്രീകരണം. തിക്കുറിശ്ശി,നെടുമുടിവേണു,ശ്രീനിവാസൻ,കൈതപ്രം തുടങ്ങിയവർ ലൊക്കേഷനിലുണ്ടായിരുന്നു. നായകൻ ലാലു,നായിക ​ഗൗതമി. ഗൗതമിയുടെ ആദ്യ മലയാള സിനിമ.

'ചിത്രഭൂമി'യെന്ന പേരിൽ മാതൃഭൂമി സിനിമാവാരിക ആരംഭിച്ചപ്പോഴാണ് ‌ഞാൻ ലൊക്കേഷനുകളിൽ പോയിത്തുടങ്ങിയത്. 'ചിത്രഭൂമി'യുടെ മുഖചിത്രത്തിനും സെന്റർ സ്പ്രെഡിനുമുള്ള ചിത്രമെടുക്കാനാണ് ലൊക്കേഷനിലെത്തിയത്. ലാലുവിനോട് കാര്യങ്ങൾ പറഞ്ഞു. പാട്ടുരം​ഗം ചിത്രീകരിച്ചുകഴിഞ്ഞ് ഉടനെ വരാം എന്ന് പറഞ്ഞു.

വിവാഹദിനത്തിൽ മോഹൻലാലും സുചിത്രയും
"ഒരു ഫോട്ടോ​ഗ്രഫർ വലതുകൈയുടെ ചൂണ്ടുവിരൽ ദൈവത്തിന്റെ നിർദേശം അനുസരിച്ച് അമർത്തുമ്പോൾ ഒരു ജീവനുള്ള ചിത്രം ജനിക്കും"

പറഞ്ഞതുപോലെ ​ഗാനരം​​ഗം പൂർത്തിയായ ഉടൻ ലാലുവന്നു; പത്മനാഭപുരം കൊട്ടാരത്തിലെ പടുകൂറ്റൻ ഗോവണിപ്പടി വഴി, കൊട്ടാരത്തിലെ തമ്പുരാനെപ്പോലെ അതീവ സൗന്ദര്യത്തോടെ പതുക്കെ പടിയിറങ്ങി വരികയാണ്. ആദ്യമായിട്ടാണ് ഞാൻ ലാലുവിനെ ഫോട്ടോഷൂട്ടിനായി ക്യാമറയ്ക്ക് മുന്നിൽ നിർത്തുന്നത്. കസവ് കിന്നരിയിട്ട ഡബിൾ മുണ്ടും പട്ടുജുബ്ബയും വേഷം. കയ്യിൽ ഓടിക്കളിക്കുന്ന സ്വർണവള. കഴുത്തിൽ മിന്നിത്തിളങ്ങുന്ന മുത്തുമാല. മുടിചീകി ഒതുക്കി, പത്മനാഭസ്വാമിയുടെ കളഭം നെറ്റിയിൽ ചാർത്തിയപ്പോൾ ഒരു നല്ല 'ഉണ്ണിനമ്പൂതിരി' ലുക്ക്. പിറകിൽ നിഴലായി ഗൗതമിയും.

കൂറ്റൻ തൂണുകളുടെയും കമാനങ്ങളുടെയും പശ്ചാത്തലത്തിൽ നിരവധി ചിത്രങ്ങൾ. കുളക്കരയിലെ കല്പടവിൽ ലാലുവിന്റെ ​ദേഹത്ത് ചാരി ​ഗൗതമി. ആദ്യമായി മലയാളസിനിമയിലെത്തിയ ​ഗൗതമിക്ക് നാണം. 'മതി' എന്ന് ഞാൻ പറഞ്ഞ ഉടനെ പെട്ടെന്നൊരു ലാൽമാജിക്. ഗൗതമിയുടെ പിറകിലൂടെ വന്ന ലാലു കൈകൾ കൊണ്ട് ഗൗതമിയെ കെട്ടിപ്പിടിച്ച് തല ചുമലിൽ ചായ്ച്ചു. സിനിമകളിൽ മാത്രം കണ്ടിട്ടുള്ള ലാലുവിന്റെ പ്രേമരം​ഗംപോലെ. കുസൃതിനിറഞ്ഞ ലാൽചിരിയോടെ ആ ഫ്രെയിം ക്യാമറയിൽ.

മോഹൻലാലിനൊപ്പം രാജൻപൊതുവാൾ
മോഹൻലാലിനൊപ്പം രാജൻപൊതുവാൾഫോട്ടോ-അറേഞ്ച്ഡ്

ഓർമകൾ ഫ്ളാഷ്ബാക്കിലേക്ക് പോകുമ്പോൾ ഞാൻ ഓർക്കുന്നത് നസീറിനെയാണ്. കോളേജിൽ പഠിക്കുമ്പോൾ ഫോട്ടോഗ്രാഫിയിലെ കമ്പം കാരണം ലൊക്കേഷനുകളിൽ പോയിരുന്നു. എപ്പോഴെങ്കിലുമൊക്കെയാണ് നാട്ടിൽ സിനിമ ചിത്രീകരണം നടക്കുക. അങ്ങനെയൊരു ലൊക്കേഷനിൽ സത്യനെ കണ്ടെങ്കിലും ചിത്രം എടുക്കാൻ ധൈര്യം തോന്നിയില്ല. പി.ഭാസ്കരൻ സംവിധാനം ചെയ്ത 'മുത്തശ്ശി' എന്ന സിനിമയുടെ ഷൂട്ടിങ് വാണിയംകുളത്ത് പന്നിയൂർ തറവാട്ടിൽ നടക്കുന്നു. പ്രേംനസീറും ഷീലയും തമ്മിലുള്ള പ്രേമരംഗം. ആദ്യമായിട്ടാണ് ഒരു സിനിമാതാരത്തെ അത്രയും അടുത്തു കാണുന്നത്. വളരെ ചെറിയ കുട്ടിയായ ഞാൻ ക്യാമറയുമായി നില്കുന്നതുകണ്ടപ്പോൾ നസീർ ഫോട്ടോക്ക് തയ്യാറായി. അന്ന് ഞാൻ നസീറിൽ ശ്രദ്ധിച്ചത് രണ്ടുകാര്യങ്ങളാണ്. ഒന്ന് ആ സൗന്ദര്യം,പിന്നെ അതോടൊപ്പമുള്ള വിനയംനിറഞ്ഞ ലാളിത്യവും.

വിനയപൂർവം നസീർ 'അസ്സേ' എന്നു വിളിക്കുമ്പോൾ എത്രയോ വർഷം പരിചയമുള്ളതുപോലെ തോന്നിക്കും. നസീർ ബാക്കി വച്ചുപോയ ആ രണ്ടും- സൗന്ദര്യവും വിനയവും- ലാലുവിന് മാത്രമുള്ളതാണ്. എവിടെവച്ച് കണ്ടാലും കൈ തരാനും ചിരിക്കാനും ലാലുവിന് മാത്രമേ പറ്റൂ.

പക്ഷേ ലാലുവിനെക്കുറിച്ചുള്ള ഏറ്റവും സുന്ദരമായ ഓർമ മറ്റൊന്നാണ്. ആദ്യമായി പത്രത്തിൽ കളർചിത്രം ഉപയോ​ഗിച്ച് ശ്രദ്ധനേടി, മാതൃഭൂമി തിരുവനന്തപുരത്ത് തിളങ്ങി നില്കുന്ന കാലം. 1988 ഏപ്രിൽ 28. തിരുവനന്തപുരത്തെ ട്രിവാൻഡ്രം ക്ലബിലെ സുബ്രഹ്മണ്യം ഹാളിൽ ലാലുവും സുചിത്രയും വിവാഹിതരാകുന്നു. അതിന്റെ ചിത്രമെടുക്കാൻ രാവിലെ ഓഫീസിൽ നിന്നിറങ്ങുമ്പോൾ എന്തെങ്കിലും പുതുമയുള്ളൊരു ചിത്രത്തിനുവേണ്ടിയുള്ള ആലോചനയായിരുന്നു മനസ്സിൽ നിറയെ.

അഭിനയജീവിതത്തിൽ 25വർഷം പൂർത്തിയാക്കിയപ്പോൾ മോഹൻലാൽ അച്ഛൻ വിശ്വനാഥൻനായർക്കും അമ്മ ശാന്തകുമാരിക്കുമൊപ്പം
അഭിനയജീവിതത്തിൽ 25വർഷം പൂർത്തിയാക്കിയപ്പോൾ മോഹൻലാൽ അച്ഛൻ വിശ്വനാഥൻനായർക്കും അമ്മ ശാന്തകുമാരിക്കുമൊപ്പംഫോട്ടോ-രാജൻ പൊതുവാൾ

കല്യാണത്തിന് വൻ തിരക്കായിരുന്നു. പക്ഷേ ഇന്നത്തെപ്പോലെ ദൃശ്യമാധ്യമങ്ങളും യൂട്യൂബ് ചാനലുകളും ഇല്ലാത്തതുകൊണ്ട് സ്വതന്ത്രമായി ചിത്രങ്ങൾ എടുക്കാൻ സാധിച്ചു. വേദിയിൽ ലാലിന്റെ അച്ഛൻ വിശ്വനാഥൻ നായർ. കെ കരുണാകരൻ മുഖ്യമന്ത്രിയായിരുന്നപ്പോൾ ഫിനാൻസ് സെക്രട്ടറിയായിരുന്നു അദ്ദേഹം. വെളുത്തുതുടുത്ത് ആരോ​ഗദൃഢഗാത്രനായി വിശ്വനാഥൻ നായർ ദർബാർഹാൾ വരാന്തയിലൂടെ നടന്നുവരുന്നത് ഒരു കാഴ്ചയായിരുന്നു. അധികം സംസാരിക്കാത്ത സൗമ്യനായ ഒരാൾ. കെ.കരുണാകരനോടൊപ്പം അദ്ദേഹത്തെ നിരവധി തവണ കണ്ടിട്ടുണ്ട്.

ഇന്ന് മറ്റൊരു റോളിൽ വിശ്വനാഥൻ നായർ. കല്യാണ ചെക്കന്റെ അച്ഛന്റെ വേഷം. കൂടെ ലാലുവിന്റെ അമ്മ ശാന്തകുമാരി. പുതുപുത്തൻ കോടിയിൽ ലാലു തിളങ്ങിനിൽക്കുന്നു. ചുമലുകളിൽ സ്വതസിദ്ധമായ ആ ചരിവോടെ വേദിയിലിരിക്കുകയാണ്. സുചിത്ര അച്ഛൻ ബാലാജിയുടെ കൈകൾ പിടിച്ചു വേദിയിലേക്ക്. സുചിത്ര ലാലിന്റെ അടുത്തിരുന്നതോടെ ക്യാമറകൾ കണ്ണുതുറന്നു.

താലികെട്ടാൻ സമയമായി. തിരുവിഴ ജയശങ്കറുടെ നാ​ഗസ്വരമേളം ഉയർന്നപ്പോൾ ലാൽ സുചിത്രയെ താലികെട്ടി. നിരവധി സിനിമകളിൽ കണ്ട അതേ രംഗം. പ്രിയദർശന്റെയും സത്യൻ അന്തിക്കാടിന്റെയും സിനിമകളിലേതുപോലൊരു ദൃശ്യം മുന്നിൽ. നായകനായി ലാലു,നായികയായി സുചിത്ര.

കല്യാണപ്പുടവയുമായി സ്ഥിരം പോസിൽ ദമ്പതികൾ. അതും താലികെട്ടുമെല്ലാം എടുത്തുവെങ്കിലും മനസ്സിന് തൃപ്തിവന്നില്ല. രാവിലെ പുറപ്പെടുമ്പോൾ മനസ്സ് തിരഞ്ഞ ആ പുതുമ എടുത്തചിത്രങ്ങൾക്ക് ഒന്നിനുമില്ല. ഒരു ലാൽടച്ച് ഇല്ലാത്തതുപോലെ. പക്ഷേ ഞാൻ മറ്റൊരു ഫ്രെയിം മനസ്സിൽ കണ്ടിരുന്നു.

കല്യാണചടങ്ങിലെ പ്രധാന ഇനമായ പാലും പഴവും കൊടുക്കലാണ് അടുത്തത്. അതിനായി ലാലുവിനെയും സുചിത്രയെയും ബന്ധുക്കൾ അടുത്ത ഹാളിലേക്ക് കൂട്ടിക്കൊണ്ടുപോയി. ലാലിന്റെ അമ്മ ശാന്തകുമാരി പാലും പഴവുമായി എത്തി. ആദ്യം ലാലുവിനും പിന്നെ സുചിത്രയ്ക്കും മധുരമിട്ട പാൽ നൽകി. അമ്മ പഴം എടുത്ത ഉടനെ എന്റെ മനസ്സിൽ 'ലഡ്ഡു പൊട്ടി.' 'പഴം ലാലിന്റെ കയ്യിൽ കൊടുക്കൂ അമ്മേ...' ഒരു ധൈര്യത്തിൽ ഞാൻ പറഞ്ഞു. സംഗതി നടന്നു. അമ്മ പഴം ലാലുവിന് കൊടുത്തു. ലാലു അതുവാങ്ങി ഒന്നുനുള്ളി സാവധാനം സുചിത്രയുടെ ചുണ്ടിലേക്ക് വെച്ചുകൊടുത്തു. കട്ട്!

അങ്ങനെ പിറ്റേദിവസം 'മാതൃഭൂമി' പുതുമയുള്ള ഒരു വിവാഹചിത്രവുമായിട്ടാണ് പുറത്തിറങ്ങിയത്. സാധാരണ കാണുന്ന ദമ്പതികളുടെ പോസിനു പകരം ജീവൻ തുടിക്കുന്ന ചിത്രം. ലാലുവിന്റെ അനേകായിരം ആരാധകർക്ക് സമ്മാനമായി മാറി അത്.

മോഹൻലാലിന്റെ സിനിമാജീവിതത്തിന്റെ 25-ാംവർഷ ആഘോഷമായ 'തിരനോട്ട'ത്തിന്റെ വേദിയിൽ അദ്ദേഹത്തിന്റെ ആദ്യസിനിമയായ 'മഞ്ഞിൽവിരിഞ്ഞ പൂക്കളു'ടെ നിർമാതാവ് നവോദയ അപ്പച്ചൻ കിരീടം അണിയിക്കുന്നു
മോഹൻലാലിന്റെ സിനിമാജീവിതത്തിന്റെ 25-ാംവർഷ ആഘോഷമായ 'തിരനോട്ട'ത്തിന്റെ വേദിയിൽ അദ്ദേഹത്തിന്റെ ആദ്യസിനിമയായ 'മഞ്ഞിൽവിരിഞ്ഞ പൂക്കളു'ടെ നിർമാതാവ് നവോദയ അപ്പച്ചൻ കിരീടം അണിയിക്കുന്നുഫോട്ടോ-രാജൻ പൊതുവാൾ

അന്നു തുടങ്ങിയ ബന്ധം ഇന്നും ലാലു മറന്നിട്ടില്ല. മെസ്സേജ് അയച്ചാൽ തിരക്കിനിടയിലും മറുപടി അയയ്ക്കും. എന്റെ രണ്ടും മക്കളുടെയും വിവാഹത്തിന് കത്തയച്ച് ക്ഷണിച്ചു. ലാലു നേരിട്ട് വിളിച്ചും മറുപടി കത്തയച്ചും കുട്ടികൾക്ക് വിവാഹമംഗളാശംസകൾ തന്നു. നസീർ ബാക്കിവെച്ചുപോയ മലയാള സിനിമയുടെ ലാളിത്യം ഇന്നും ലാലുവിലൂടെ തുടരുന്നു...

22വർഷം മുമ്പ്, 2003 സെപ്റ്റംബർ 14ന് മുമ്പ് ലാലുവിന്റെ അഭിനജയജീവിതത്തിന്റെ കാൽനൂറ്റാണ്ട് തിരുവനന്തപുരം എം.ജി.കോളേജിൽ 'തിരനോട്ടം' എന്ന പേരിൽ ആഘോഷിക്കപ്പെട്ടപ്പോൾ അതിന്റെ ചിത്രങ്ങൾ പകർത്താനും എന്റെ ക്യാമറയ്ക്ക് സാധിച്ചു. അന്ന് ലാലുവിന്റെ ആദ്യസിനിമയായ 'മഞ്ഞിൽ വിരിഞ്ഞ പൂക്കളു'ടെ നിർമാതാവ് നവോദയ അപ്പച്ചൻ ലാലുവിനെ ഒരു കിരീടം അണിയിച്ചു. അക്ഷരാർഥത്തിൽ ഒരു കിരീടധാരണം. ആ നിമിഷമായിരുന്നു പിറ്റേന്നത്തെ 'മാതൃഭൂമി'യുടെ ഒന്നാം പേജ് ചിത്രം. ആഘോഷത്തിനുമുമ്പ് വീട്ടിൽ, അച്ഛനും അമ്മയ്ക്കുമൊപ്പമുള്ള ലാലുവിന്റെ ഒരു ആഹ്ലാദമുഹൂർത്തവും എനിക്ക് പകർത്താൻ സാധിച്ചിരുന്നു.

തിരുവനന്തപുരം മണക്കാട് ജംഗ്ഷൻ കഴിഞ്ഞാൽ ആറ്റുകാൽ അമ്പലത്തിലേക്ക് തിരിയുന്ന വലിയ വളവ്. കെഎസ്ആർടിസി ബസ് അവിടെയെത്തുമ്പോൾ ദേവിയെ കാണാൻ പോകുന്ന അമ്മമാർ പെട്ടെന്ന് വലത്തോട്ട് എത്തിനോക്കുന്ന കാഴ്ച ഞാൻ കണ്ടിട്ടുണ്ട്. മലയാളത്തിന്റെ മാത്രമായ സത്യന്റെ വീടാണവിടെ. സത്യനില്ലെന്ന് അറിഞ്ഞിട്ടും താരാരാധനയുടെ ബാക്കിപത്രം. അതുപോലെ പത്തനംതിട്ടയിൽ ഇലന്തൂർ എന്ന സ്ഥലത്തുകൂടി ശബരിമലയ്ക്ക് പോകുന്നവർ ആരോ ഓർമ്മപ്പെടുത്തിയ പോലെ വശങ്ങളിലേക്ക് നോക്കും. ആ നാട്ടിലാണ് മോഹൻലാൽ മുട്ടിലിഴിഞ്ഞ് നീങ്ങിയ വീടും വരാന്തയും...

Related Stories

No stories found.
Pappappa
pappappa.com