"ഒരു ഫോട്ടോ​ഗ്രഫർ വലതുകൈയുടെ ചൂണ്ടുവിരൽ ദൈവത്തിന്റെ നിർദേശം അനുസരിച്ച് അമർത്തുമ്പോൾ ഒരു ജീവനുള്ള ചിത്രം ജനിക്കും"

തീ അണയാത്ത വളഞ്ഞ പൈപ്പിൽ നിന്ന് പുക പടലങ്ങൾ പരക്കുന്ന പോലെ ചോദ്യങ്ങൾക്കുള്ള ഉത്തരവും പരന്നു-'സിനിമയും ഞാനും' ആദ്യഭാ​ഗം
സത്യജിത് റായ്,രാജൻ പൊതുവാൾ
സത്യജിത് റായ്,രാജൻ പൊതുവാൾഫോട്ടോ പിന്ററെസ്റ്റ്,അറേഞ്ച്ഡ്
Published on

കറുപ്പിലും വെളുപ്പിലും തുടങ്ങിയ ഫോട്ടോ​ഗ്രഫിക്കാലത്ത് അന്നിറങ്ങിയ സിനിമകളും അങ്ങനെത്തന്നെയായിരുന്നു. 'ചെമ്മീൻ' കളറിൽ ആദ്യമായി കണ്ടപ്പോൾ വല്ലാത്ത ഒരു ദൃശ്യാനുഭവമായിരുന്നു. സിനിമ തന്ന മായാലോകം പിന്നീട് ഒരു പ്രത്യേക ആവേശമായി.

കോളേജ് കഴിഞ്ഞ ഉടനെ 'മാതൃഭൂമി'യിൽ ജോലി. ചില്ലറ ശീലങ്ങളിലെ പുകവലി 'വിൽസി'ൽ വന്നെത്തി. അക്കാലത്തെവിടെയോ ഒരു ചോ​ദ്യാവലിയിൽ- 'വിൽസ് സി​ഗരറ്റ് കൂട് ഡിസൈൻ ചെയ്തതാരാണ്?'

സത്യജിത് റായ്! ഒരു ബ്രിട്ടീഷ് കമ്പനിയിൽ വിഷ്വലൈസറായി ജോലി ചെയ്തപ്പോൾ സത്യജിത് റായ് ചെയ്തതാണിത്. ഫിലിം ക്ലബ്ബിൽ കണ്ട 'പഥേർ പാഞ്ചാലി'യുടെ റായിക്ക് ഇങ്ങനെയൊരു കഴിവുണ്ടെന്ന് അറിഞ്ഞതുതന്നെ ഏറെ വൈകിയിട്ടാണ്.

ആ പ്രകാശ​ഗോപുരത്തിന്റെ മുന്നിൽപെട്ട കഥയാണ് ആദ്യം.

1983 കാലം. തിരുവനന്തപുരത്ത് 'സൂര്യ' ഒരുക്കുന്ന സത്യജിത് റായ് ഫിലിം ഫെസ്റ്റിവൽ. അരങ്ങത്ത് ഒരിക്കലും വരാത്ത കൃഷ്ണമൂർത്തി അണിയറയിൽ നിന്ന് ഒരു തീരുമാനം എടുത്തു. സത്യജിത് റായ് തന്നെ ഉദ്ഘാടനം ചെയ്യണം. അടൂരിന്റെ 'കൊടിയേറ്റം' കണ്ടതുമുതൽ റായ് അടൂരിന്റെ അടുത്ത സുഹൃത്തായി. അത് ഒരു വലിയ തുടക്കമായിരുന്നു.

അടൂർ ​ഗോപാലകൃഷ്ണൻ
അടൂർ ​ഗോപാലകൃഷ്ണൻഫോട്ടോ കടപ്പാട്-വിക്കിപ്പീഡിയ

അടൂരാണ് കൃഷ്ണമൂർത്തിയെ കൽക്കട്ടയ്ക്ക് അയച്ചത്. റായിയെ കണ്ട രം​ഗം മൂർത്തി ഇന്നും ഓർമിക്കുന്നു. കേരളത്തിലെ ഫിലിം സൊസൈറ്റികളിൽ ഒന്നാമതായി നില്കുന്ന സൂര്യയുടെ കഥകൾ കേട്ട റായ് ഒരു സിനിമയുടെ പെട്ടി മൂർത്തിക്കു നല്കി. കൽക്കട്ടയിലെ 13,ലെനിൻ സരാനി റോഡിലെ ബൻസർ ആന്റ് കമ്പനിയിലേക്ക് ഒരു കത്തും.

'ഇത് എന്റെ ​ദേവി എന്ന സിനിമയാണ്. പോയി കണ്ടിട്ട് വരൂ..ദേവി കണ്ടിട്ടില്ലല്ലോ അല്ലേ?'

'അത്രയ്ക്ക് ഇഷ്ടമാണോ ഈ സിനിമ?'- കൗതുകത്തോടെ മൂർത്തി റായിയോട് ചോദിച്ചു.

റായിയുടെ മറുപടി ഉടനെ വന്നുവത്രേ- 'ജലസാ​ഗർ ആണെനിക്ക് ഏറെ ഇഷ്ടം.' മൂർത്തിയുടെ മുഖത്ത് ഓർമയുടെ തിളക്കം.

പറഞ്ഞദിവസം തന്നെ റായ് തിരുവനന്തപുരത്ത് എത്തുന്നു.

കേരള സർക്കാരിന്റെ അതിഥിയായി എത്തുന്ന സിനിമാലോകത്തെ ആദ്യ വ്യക്തി. താമസം രാഷ്ട്രപതിയും പ്രധാനമന്ത്രിയും സന്ദർശനവേളകളിൽ തങ്ങുന്ന രാജ്ഭവനിൽ. അന്നത്തെ ​ഗവർണർ ജ്യോതി വെങ്കിടാചലം സൂര്യ അം​ഗം കൂടിയായിരുന്നു.

സത്യജിത് റായിയുമായി അഭിമുഖം നടത്തുന്ന മാതൃഭൂമി സംഘം. തോട്ടം രാജശേഖരൻ,അടൂർ ​ഗോപാലകൃഷ്ണൻ എന്നിവരെയും കാണാം
സത്യജിത് റായിയുമായി അഭിമുഖം നടത്തുന്ന മാതൃഭൂമി സംഘം. തോട്ടം രാജശേഖരൻ,അടൂർ ​ഗോപാലകൃഷ്ണൻ എന്നിവരെയും കാണാംഫോട്ടോ-രാജൻ പൊതുവാൾ

ഫെസ്റ്റിവൽ ഉദ്ഘാടനത്തിനുശേഷമാണ് 'മാതൃഭൂമി'ക്ക് അനുവദിച്ച അഭിമുഖം. അടൂർ ​ഗോപാലകൃഷ്ണൻ,സൂര്യ കൃഷ്ണമൂർത്തി,അന്നത്തെ പി.ആർ.ഡി ഡയറക്ടർ തോട്ടം രാജശേഖരൻ എന്നിവരാണ് സത്യജിത് റായിയെ പ്രധാന ഹാളിലേക്ക് കൊണ്ടുവന്നത്.

ആജാനുബാഹു. ചുണ്ടിൽ കടിച്ചുപിടിച്ച പൈപ്പ്. പാന്റും ഹാഫ് കൈ ഷർട്ടും വേഷം. എല്ലാവരെയും തൊഴുത് റായ് വന്നിരുന്നു. മാതൃഭൂമിയുടെ സംഘത്തിൽ 'ചിത്രഭൂമി'യുടെ ചാർജ് വഹിച്ചിരുന്ന ​ഗോപി പഴയന്നൂർ,പിന്നെ ടി.അരുൺകുമാർ,എ.ജനാർദനൻ,സണ്ണിക്കുട്ടി എബ്രഹാം,പി.എസ്. നിർമല എന്നിവരാണ് ഉണ്ടായിരുന്നത്.

തീ അണയാത്ത വളഞ്ഞ പൈപ്പിൽ നിന്ന് പുക പടലങ്ങൾ പരക്കുന്ന പോലെ ചോദ്യങ്ങൾക്കുള്ള ഉത്തരവും പരന്നു. വലിയ ഫ്ളാഷ് ലൈറ്റ് അടിക്കുമ്പോൾ അദ്ദേഹത്തിന് അതൊരു ശല്യമായിരുന്നോ എന്നെനിക്കൊരു സംശയം തോന്നി.

അന്നത്തെ സംഭാഷണത്തിൽ മൂർത്തി ഓർമിച്ച ഒരു വാചകം റായിയുടെ സിനിമയുടെ നേർക്കാഴ്ചയാണ്. റായ് പറഞ്ഞു: 'എന്റെ സിനിമയിലെ ക്യാരക്ടർ ചെയ്ത സ്ത്രീകളെ ബം​ഗാളിലെ വീട്ടമ്മമാരേക്കാൾ കേരളത്തിലെ വീട്ടമ്മമാർക്ക് സുപരിചിതരാണ്.'

സൂര്യകൃഷ്ണമൂർത്തി
സൂര്യകൃഷ്ണമൂർത്തി ഫോട്ടോ കടപ്പാട്-വിക്കിപ്പീഡിയ

പിറ്റേദിവസം മൂർത്തിയുടെ വീട്ടിൽ ഉച്ചയൂണ്. പത്മനാഭസ്വാമിയുടെ പഞ്ചസാരപായസത്തോടെ. കേരളസദ്യ. ഊണിനുശേഷം വിശ്രമിക്കുന്ന റായിയുടെ പലചിത്രങ്ങളും സ്വസ്ഥമായി എടുത്തു. കുറച്ചുകഴിഞ്ഞപ്പോൾ സത്യജിത് റായ് എന്നെ ശ്രദ്ധിക്കാൻ തുടങ്ങി.

'എന്തിനാ ഇത്രയേറെ ശക്തമായ വെളിച്ചം?'

പതുക്കെ ഞാൻ അടുത്തെത്തി ക്യാമറാ ബാ​ഗിൽനിന്ന് ഞാൻ ഉപയോ​ഗിക്കുന്ന ഫിലിം കാണിച്ചുകൊടുത്തു.

'വളരെ കുറഞ്ഞ സ്പീഡ് ഉള്ള ഫിലിമാണല്ലോ ഇത്?' -റായിയിലെ ക്യാമറാമാൻ ഉണർന്നു.

'എന്തൊരു ബുദ്ധിമുട്ടാണ് ഈ ഫിലിം കൊണ്ട് ചിത്രങ്ങൾ എടുക്കാൻ. ഞാൻ താങ്കളെ സമ്മതിച്ചു.'- ആ വാക്കുകൾ ഇന്നും ഓർമിക്കുന്നു.

റായിയുടെ സ്വന്തം ക്യാമറാമാൻ സുബ്രത മിത്രയുടെ ചലിക്കുന്ന ക്യാമറയുടെ വ്യൂഫൈൻഡറിലൂടെ ഫ്രെയിമുകൾ നോക്കുന്ന റായിയുടെ ചിത്രം ഓർമയിലെത്തി.

രണ്ടുദിവസം റായിയുടെ നിഴലായി ന​ഗരത്തിൽ കറങ്ങി. പിന്നെ പത്മനാഭപുരം കൊട്ടാരം സന്ദർശനം. ഉയരക്കൂടുതലുള്ള റായ് ചെറിയ വാതിലുകൾ കുനിഞ്ഞ് കടക്കുമ്പോൾ എന്റെ ചുമലിൽ കൈകൾ താങ്ങിയ നിമിഷം ഇന്നും ഓർക്കുന്നു.

റായിയെ ഇന്നും ഓർക്കുന്നു,അദ്ദേഹം പറഞ്ഞുതന്ന ആ വലിയ വാചകത്തിലൂടെ...

'ഒരു ഫോട്ടോ​ഗ്രഫർ അയാളുടെ വലതുകൈയുടെ ചൂണ്ടുവിരൽ ദൈവത്തിന്റെ നിർദേശം അനുസരിച്ച് അമർത്തുമ്പോൾ ഒരു ജീവനുള്ള ചിത്രം ജനിക്കും.'

(തുടരും)

Related Stories

No stories found.
Pappappa
pappappa.com