പെൺകുട്ടികളേ..ഇനി നിങ്ങൾ പന്തുപെറുക്കികളാകാതിരിക്കുക..

മഞ്ജു വാരിയർ ആദ്യമായെഴുതുന്ന വെബ്കോളം 'പിന്നെയും പിന്നെയും' ഭാ​ഗം-20
മഞ്ജു വാരിയർ
മഞ്ജു വാരിയർഫോട്ടോ-അറേഞ്ച്ഡ്
Published on
Summary

ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ ലോകകപ്പ് ജയത്തിന്റെ പ്രധാന്യത്തെക്കുറിച്ച് മഞ്ജു വാരിയർ

വനിതാ ലോകകപ്പ്ക്രിക്കറ്റ് ഫൈനൽ കണ്ടതിന്റെ ആവേശകരമായ അനുഭവം

ഒപ്പം പെൺകുട്ടികൾ ക്രിക്കറ്റിൽ നിന്ന് മാറ്റിനിർത്തപ്പെട്ട കാലത്തെപ്പറ്റിയും

ചില കരച്ചിലുകൾ നമ്മളെയും കരയിക്കും. സങ്കടം കൊണ്ടല്ല,സന്തോഷം കൊണ്ട്. ഉള്ളിനെ കീറിവരഞ്ഞെത്തുന്നതാകില്ല അപ്പോൾ കണ്ണിലെ നീർച്ചാലുകൾ. തണുത്ത ഏതോ പർവതശിഖരത്തിൽ നിന്ന് പുറപ്പെട്ടുവരുന്ന മഞ്ഞുറവകൾ. ഉപ്പിന് പകരം മധുരം തരുന്ന മിഴിനീർക്കണങ്ങൾ. അങ്ങനെ ഒരു പെൺകുട്ടിയുടെ കരച്ചിൽ കണ്ട് സന്തോഷത്താൽ കരഞ്ഞു കഴിഞ്ഞ ദിവസം. ജമീമ റോഡ്രി​ഗസ് എന്നായിരുന്നു അവളുടെ പേര്. തോറ്റുപോകുന്നു എന്ന ഇടത്തുനിന്ന്,കാലുകൾ തളർന്ന് മരണച്ചുഴിയിലേക്ക് ആഴ്ന്നുപോകുന്നു എന്ന് തോന്നിയ നിമിഷത്തിൽ നിന്ന് ഒരുരാജ്യത്തിന്റെ മുഴുവൻ പ്രതീക്ഷകളെയും ചുമലിലേറ്റി ഉയർന്നുപൊങ്ങിയവൾ. അവളുടെ അധ്വാനത്തിന്റെ തീവ്രതമുഴുവൻ ചെളിപുരണ്ട ആ ഉടുപ്പിലുണ്ടായിരുന്നു. വഴുതിമാറിയ വിജയം കൊത്തിയെടുക്കാൻ ചെളിയിലാണ്ടുമുങ്ങിയ ഒരു പൊന്മാൻ,അല്ലെങ്കിൽ കടിച്ചുകീറാനെത്തിയ തോൽവിയെ തോല്പിച്ച ഒരു പെൺമാൻ. കഴിഞ്ഞവർഷം ടീമിൽ നിന്ന് പുറത്താക്കപ്പെട്ടവൾ ഈ ലോകത്തോട് മുഴുവനുമായി വിളിച്ചുപറയുകയായിരുന്നു, 'തോല്ക്കാൻ എനിക്ക് മനസ്സില്ല...'

Must Read
കിമോണോയിട്ട ഞാൻ തന്നെയായിരുന്നു ചപ്പാത്തി വിരൽകൊണ്ടുമുറിച്ചുകഴിച്ച ചിക്കാക്കോ നാ​ഗസാക്കി
മഞ്ജു വാരിയർ

ജമീമയ്ക്കൊപ്പം വിതുമ്പിയ ആ രാത്രിയിൽതന്നെ ഉറപ്പിച്ചിരുന്നു,ഏതുതിരക്കുണ്ടായാലും വനിതാലോകകപ്പിന്റെ ഫൈനൽ കാണണമെന്ന്. കണ്ടു. തുള്ളിച്ചാടി. ലോകമെങ്ങുമുള്ള ഇന്ത്യക്കാരെപ്പോലെ ആഹ്ലാദത്തിന്റെയും അഭിമാനത്തിന്റെയും നീലവാനച്ചോലയിൽ നീരാടി. സഹവർത്തിത്തത്തിന്റെയും സൗഹൃദത്തിന്റെയും ഒരു മനോഹരസ്മൃതിയും പ്രതീകവും ആ രാത്രി തന്നു. കാല്‍ക്കുഴയ്ക്ക് പരിക്കേറ്റതിനെ തുടര്‍ന്ന് സെമിയും ഫൈനലും നഷ്ടപ്പെട്ട ഓപ്പണിങ് ബാറ്ററായ പ്രതിക റാവലിനെ വീല്‍ചെയറില്‍ ട്രോഫി ഏറ്റുവാങ്ങാന്‍ എത്തിച്ച സ്മൃതി മന്ഥാന. സ്വന്തം മെഡൽ പ്രതികയുടെ കഴുത്തിലണയിക്കുന്ന സ്മൃതിയെ കണ്ടപ്പോഴും എനിക്ക് കരയാൻ തോന്നി.

ക്രിക്കറ്റ് ഒരുകാലത്ത് പെൺകുട്ടികളുടെ കളിയേ ആയിരുന്നില്ല. അതിന്റെ 22 യാർഡുകൾ ആണുങ്ങൾക്ക് മാത്രം പ്രവേശനമുള്ള സ്ഥലംപോലെയായിരുന്നു. അതുകൊണ്ടാണല്ലോ ക്രിക്കറ്റ് 'ജെന്റിൽമാൻസ് ​ഗെയിം' എന്നുവിളിക്കപ്പെട്ടത്. ചേട്ടനോ അനിയനോ വേണ്ടി പന്തെറിഞ്ഞുകൊടുക്കാൻ വേണ്ടി മാത്രമുള്ള ഉപകരണങ്ങളായിരുന്നു പണ്ട് പെൺകുട്ടികൾ. അവരെ ആരും ക്രിക്കറ്റിന്റെ കളിനിയമങ്ങൾ പഠിപ്പിച്ചില്ല. അവർക്ക് ഒരുകാലത്തും ബാറ്റ് കൈയിൽ കിട്ടിയില്ല. വിക്കറ്റ് വീണാലും സഹോദരൻ സമ്മതിക്കില്ല. പകരം വീണ്ടും വീണ്ടും പന്തെറിയണം. അതാകട്ടെ അവന് സിക്സർ അടിക്കാൻ പാകത്തിനും. ഇങ്ങനെ കൂടപ്പിറപ്പ് പറത്തിയടിച്ച പന്തുകൾക്കൊപ്പം ഏതോ കുറ്റിക്കാട്ടിൽ അപ്രത്യക്ഷമായിക്കൊണ്ടേയിരുന്നു അവളുടെ ക്രിക്കറ്റ് കിനാവുകൾ. തീർന്നില്ല, ആ പന്ത് കണ്ടെത്തിക്കൊണ്ടുവരേണ്ട ജോലിയും അവൾക്കായിരുന്നു പലപ്പോഴും. 'അവർ' ആയിരുന്നില്ല ക്രിക്കറ്റ് കളിച്ചിരുന്നത്. 'അവൻ' മാത്രമായിരുന്നു..

ലോകകപ്പ് നേടിയ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം
ലോകകപ്പ് നേടിയ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ആഘോഷത്തിൽഫോട്ടോ-അറേഞ്ച്ഡ്

ഇതുകൊണ്ടൊക്കെയാകാം,കായികരം​ഗത്തെ മറ്റെല്ലാ ഇനങ്ങളിലും ഇന്ത്യൻസ്ത്രീകൾ സാന്നിധ്യമറിയിച്ചപ്പോൾ ക്രിക്കറ്റിൽ മാത്രം അത് സംഭവിക്കാതെ പോയത്. നമ്മുടെ പുരുഷ ക്രിക്കറ്റ് ടീം ലോകം കീഴടക്കിയിട്ടും അതിന്റെ ചലനങ്ങൾ പെൺലോകത്തേക്കെത്താൻ നാളേറെയെടുത്തു. പലതരം സാഹചര്യങ്ങൾ ബൗണ്ടറി ലൈൻ തീർത്തുനിന്നപ്പോൾ ക്രിക്കറ്റിലൊരു പി.ടി.ഉഷയോ,മേരി കോമോ,സാനിയ മിർസയോ, പി.വി.സിന്ധുവോ ഉദിക്കാതെ പോയി.

കുട്ടിക്കാലത്ത് ചേട്ടന് പന്തെറിഞ്ഞുകൊടുത്തു മാത്രം ക്രിക്കറ്റിനെ പരിചയിച്ച പെൺകുട്ടികളിലൊരാളായിരുന്നു ഞാനും. ചേട്ടന് ക്രിക്കറ്റായിരുന്നു താത്പര്യമെങ്കിൽ അച്ഛന് ഫുട്ബോളിനോടായിരുന്നു ഇഷ്ടം. ലോകകപ്പ് വരുമ്പോൾ അച്ഛൻ കളികാണാൻ കൂടെ പിടിച്ചിരുത്തും. അങ്ങനെയാണ് ബ്രസീലും അർജന്റീനയും ജർമനിയും സ്പെയിനുമൊക്കെ ഭൂപടങ്ങളിലെ വെറും വരകൾ മാത്രമല്ലെന്ന് തിരിച്ചറിഞ്ഞത്. പക്ഷേ അപ്പോഴൊന്നും കായികരം​ഗത്തേക്ക് എന്റെ മനസ്സ് പോയില്ല. അച്ഛന്റെ കൂടെ ഫുട്ബോൾ കളി കണ്ടും ചേട്ടനൊപ്പം ക്രിക്കറ്റ് പന്തെറിഞ്ഞും നടന്ന കാലത്തുതന്നെ എന്റെ കാലുകളിൽ ചിലങ്ക വന്നുചേർന്നിരുന്നു.

പക്ഷേ ക്രിക്കറ്റിനോടുള്ള താത്പര്യം പൂർണമായും ഇല്ലാതായി എന്നു പറയാനാകില്ലായിരുന്നു. മുതിർന്നപ്പോൾ ആദ്യം കപിൽദേവും ​രവിശാസ്ത്രിയും പിന്നെ സച്ചിനും രാഹുൽദ്രാവിഡും ​ഗാം​ഗുലിയുമെല്ലാം എനിക്കും പ്രിയപ്പെട്ടവരായി. അവരുടെ തലമുറ കഴിഞ്ഞപ്പോൾ വിരാട് കോലിയും രോഹിത് ശർമയുമെല്ലാം വന്നു. ഇവരുടെയൊക്കെ കളികണ്ട് കൈയടിച്ചപ്പോൾ ഞാനും ഒരിക്കലും ഓർത്തിരുന്നില്ല നാളെയൊരു കാലത്ത് ഹർമൻ പ്രീത് കൗർ,ദീപ്തി ശർമ,സ്മൃതി മന്ഥാന,ഷെഫാലി വർമ,ജമീമ റോഡ്രി​ഗ്സ് എന്നൊക്കെപ്പേരുള്ളവർക്കുവേണ്ടി ഇതേപോലെ കൈയടിക്കേണ്ടിവരുമെന്ന്.

ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ ലോകകപ്പുമായി
ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ ലോകകപ്പുമായി ഫോട്ടോ-ഇൻസ്റ്റ​ഗ്രാം

ക്രിക്കറ്റിനെ ഒരു മതമെന്ന് വിളിക്കാറുണ്ട്,പലപ്പോഴും. അങ്ങനെയെങ്കിൽ അതിനുള്ളിൽ സംഭവിച്ച വലിയൊരു സാമൂഹിക പരിഷ്കരണത്തിന്റെ തുടർച്ചയാണ് ഇന്ത്യൻ പെൺകുട്ടികളുടെ ലോകകപ്പ് ജയം. പണ്ട് 'ബാറ്റ്സ്മാൻ' മാത്രമേയുണ്ടായിരുന്നുള്ളൂ. 'ബാറ്റ്സ് വുമൺ' ഒരിക്കൽപോലും ഉണ്ടാകില്ലെന്നായിരിക്കും ഈ കളിയുടെ നിയമങ്ങളും അതിർവരമ്പുകളും സൃഷിച്ചവർ കരുതിയത്. കാരണം 'അവൾ' എല്ലാക്കാലത്തും കുറ്റിക്കാട്ടിൽ പന്തുതിരയാൻ വിധിക്കപ്പെട്ടവളായിരുന്നല്ലോ...പക്ഷേ ലോകത്തെല്ലായിടത്തും സംഭവിച്ച മാറ്റത്തിന്റെ അലയൊച്ച ക്രിക്കറ്റിലും കേട്ടു. അങ്ങനെ 'ബാറ്റ്സ്മാൻ' 'ബാറ്റർ' ആയി മാറി. തുല്യത എന്നത് കളിക്കളത്തിലും പ്രധാനമാണ് എന്ന് മാറിയകാലം വിളിച്ചുപറഞ്ഞു. ഇങ്ങനെയൊക്കെ പലതരം പരിണാമങ്ങളിൽ നിന്ന് ഉരുത്തിരിഞ്ഞുവന്ന ഒരു പോരാട്ടത്തിന്റെ ഫൈനലാണ് കഴിഞ്ഞദിവസം മുംബൈയിൽ കണ്ടത്.

ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിന് 36 വയസായി എന്ന് പറഞ്ഞുതന്നത് ചേട്ടനാണ്. ഞാനപ്പോൾ ആലോചിച്ചത് അവർ ഇങ്ങനെയൊരു നിമിഷത്തിനായി എത്രകാലമായി വിയർപ്പൊഴുക്കാൻ തുടങ്ങിയിട്ട് എന്നായിരുന്നു. ആ കിരീടം കിട്ടിയില്ലായിരുന്നുവെങ്കിൽ ഒരുപക്ഷേ അധികംവൈകാതെ ഹർമൻപ്രീത് കളി മതിയാക്കിയേക്കാം. തന്നെ കാത്തിരിക്കുന്ന ഒരു അടുക്കളയിലേക്ക് നടന്നുപോയേക്കാം. പിന്നെയുള്ള വിയർപ്പുതുള്ളികൾ ആ വീടിനകത്ത് മാത്രം വീഴുകയും ചെയ്തേക്കാം. ആ തിരിച്ചറിവു കൊണ്ടുതന്നെയാകാം ഹർമൻപ്രീത് ആ അവിശ്വസനീയമായ ക്യാച്ചിനുവേണ്ടി എല്ലാംമറന്ന് ഉയർന്നുചാടിയതും.

Must Read
അഭിനയത്തിനും ആത്മഹത്യയ്ക്കും ഇടയിൽ ഒരു നിമിഷം
മഞ്ജു വാരിയർ

കിരീടത്തിൽ മുത്താനാകാതെ പോയ മുൻതലമുറയെക്കുറിച്ചും ചേട്ടൻതന്നെ പറഞ്ഞു. മിതാലി രാജ്,ജുലൻ ​ഗോസ്വാമി തുടങ്ങിയ പേരുകൾ. ഒടുവിൽ അവരും ചുംബിച്ചു,ഒരു കാലം തങ്ങൾ കണ്ട സ്വപ്നത്തെ. വർഷങ്ങളായി അവർ കണ്ട സ്വപ്നങ്ങളെയെയാണ് പതിനൊന്ന് പെൺകുട്ടികൾ കഴിഞ്ഞ ഞായറാഴ്ച പൂരിപ്പിച്ചത്. അങ്ങനെ നോക്കുമ്പോൾ ആ മുൻ​ഗാമികൾക്കും കൂടിയുള്ളതാണ് ലോകകപ്പ്.

ക്രിക്കറ്റു കളിക്കാരിയാകാൻ ആ​ഗ്രഹിച്ച എത്രയോ പേർ നമുക്കിടയിലുണ്ടായിരുന്നിരിക്കാം. പക്ഷേ വെറും പന്തുപെറുക്കികൾ മാത്രമാകേണ്ടിവന്നർ. ഭർത്താവും മക്കളും ക്രിക്കറ്റ് കാണുന്നതിനിടയിലേക്ക്,അടുക്കളയിലെ തിരക്കിട്ട ജോലിക്കിടയിലും ഇടയ്ക്കിടയ്ക്ക് തലയെത്തിച്ചുനോക്കി പണ്ടത്തെ ഇഷ്ടത്തെ ഇപ്പോഴും മരിക്കാതെ നിർത്തുന്നവർ. ക്രിക്കറ്റ് പതുക്കെ സ്ത്രീയുടേതുകൂടിയായിത്തുടങ്ങിയതോടെ ചിലരൊക്കെ ആ​ഗ്രഹിച്ചപോലെ കളിക്കാരായി. പക്ഷേ അവർക്കൊന്നും ആകാശങ്ങൾ തുറന്നുകിട്ടിയില്ല. കോളേജ് കാമ്പസിലെ പൂഴിമൈതാനത്തോ അങ്ങേയറ്റംപോയാൽ ഒരു സംസ്ഥാനടൂർണമെന്റിലോ അവസാനിച്ചു ബാറ്റേന്തിയ യാത്രകൾ.

'ഹൗ ഓൾഡ് ആർ യു' വിൽ മഞ്ജു വാരിയർ
'ഹൗ ഓൾഡ് ആർ യു' വിൽ മഞ്ജു വാരിയർഫോട്ടോ-അറേഞ്ച്ഡ്

കളിക്കളത്തിൽ സ്ത്രീയ്ക്ക് അവളുടെ ശാരീരികപരിമിതികൾ എത്രത്തോളം വെല്ലുവിളികളുയർത്തുന്നുണ്ട് എന്ന് 'ഹൗ ഓൾഡ് ആർ യു' വിലെ മാരത്തോൺ രം​ഗത്തിൽ ഓട്ടക്കാരിയായപ്പോഴും 'കരിങ്കുന്നം സിക്സസി'ൽ വോളിബോൾ പരിശീലകയായപ്പോഴും നേരിട്ടറിഞ്ഞിട്ടുണ്ട്. പ്രകൃതിതന്നെ ശരീരത്തിൽവച്ചു കെട്ടിക്കൊടുത്ത ചുവപ്പടയാളങ്ങളെ അതിജീവിച്ചാണ് പെൺകുട്ടികൾ ഓടുകയും ചാടുകയും നീന്തുകയും പന്തെറിയുകയുമെല്ലാം ചെയ്യുന്നത്. ആണിന് ​ഗ്രൗണ്ടിൽ വിയർക്കുമ്പോൾ ഐസുകട്ടകൾവച്ച് സ്വയം തണുക്കാം. പക്ഷേ ജീവിതമെന്ന വലിയ മൈതാനത്തും അ​ഗ്നികുണ്ഡങ്ങളെ ശരീരത്തിൽപേറുന്നവളാണ് പെണ്ണ്. അതിനെ കെടുത്താൻ അവൾക്ക് പലപ്പോഴും ഒരു ഔഷധവും മതിയാകാതെ വരുന്നു. ആ കനലിൽ ചവിട്ടിയാണ് അവൾ കളിക്കളത്തിലേക്ക് വരുന്നത്. അവിടെയവൾ തിന്നുതീർക്കുന്നത് വേദന കൂടിയാണ്. ഇങ്ങനെ ഒരുപാട് 'അരുതു'കളെ അതിലംഘിച്ചുകൂടി വേണം പെണ്ണിന് കളി ജയിക്കാൻ. അവൾക്ക് രണ്ടാണ് എതിരാളികൾ. ഒന്ന് കളത്തിലും പിന്നെയൊന്ന് സ്വന്തം ശരീരത്തിലും.

മഞ്ജു വാരിയർ 'കരിങ്കുന്നം സിക്സസ്' എന്ന സിനിമയിൽ
മഞ്ജു വാരിയർ 'കരിങ്കുന്നം സിക്സസ്' എന്ന സിനിമയിൽഫോട്ടോ-അറേഞ്ച്ഡ്

എന്നിട്ടും ഇവിടെ മികച്ച സ്പോർട്സ് താരങ്ങളുണ്ടാകുന്നുവെങ്കിൽ, കായികരം​ഗത്ത് ഇന്ത്യൻ വനിതകൾ അവരുടേതായ ഇടം സൃഷ്ടിച്ചെങ്കിൽ അതിലൊരു തോൽക്കാൻ കൊതിക്കാത്ത മനസിന്റെ തുടിപ്പുണ്ട്. അതിന് കുതിപ്പേകും എന്നതാണ് വനിതാലോകകപ്പ് ജയത്തിന്റെ ഏറ്റവും വലിയ പ്രധാന്യവും. 1983-ൽ ഇന്ത്യയുടെ പുരുഷ ടീം ക്രിക്കറ്റ് ലോകകപ്പ് ജയിച്ചപ്പോഴാണ് ഇവിടെ ആ കളിക്ക് പ്രചാരമേറിയത്. അതുപക്ഷേ ലോകത്തെല്ലായിടത്തെയും പോലെ ആണിന്റെ കളിയായിത്തീരുകയായിരുന്നു നമ്മുടെ നാട്ടിലും. ഇപ്പോഴിതാ അതിന് സമാനമായൊരു ലോകജയം സംഭവിച്ചിരിക്കുന്നു. ഒരുവലിയ പെൺജയം. അതിന്റെ പ്രകാശത്തിൽ ഇവിടെ ഇനി ക്രിക്കറ്റ് കളിക്കുന്ന പെൺകുട്ടികൾ വളർന്നുവരട്ടെ. സഹോദരന് പന്തെറിഞ്ഞുകൊടുക്കാൻ വേണ്ടി മാത്രമല്ലാത്ത,വെറും പന്തുപെറുക്കികളല്ലാത്ത ഒരു തലമുറ. അവർ ചേട്ടനെറിയുന്ന പന്തിനെ സധൈര്യം നേരിടട്ടെ..അതിനെ അതിർത്തിക്കപ്പുറത്തേക്ക് പറത്തട്ടെ...അതിനൊപ്പം അവളുടെ സ്വപ്നങ്ങളും ഉയരേക്ക് പോകട്ടെ...ലോകകപ്പിനെ കെട്ടിപ്പിടിച്ചു കിടന്നപ്പോൾ ഹർമൻപ്രീത് കൗറിന്റെ ടീഷർട്ടിലുണ്ടായിരുന്ന വെട്ടിത്തിരുത്ത് ഉറക്കെയുറക്കെ വിളിച്ചു പറയട്ടെ....ക്രിക്കറ്റ് ജന്റിൽമാന്റെ കളിയല്ല..എല്ലാവരുടെയും കളിയാണ്...

Related Stories

No stories found.
Pappappa
pappappa.com