
രണ്ടായി ജീവിക്കാൻ വിധിക്കപ്പെട്ട ഒരാളാണ് അഭിനേതാവ്. ഒരു ദിവസത്തിന്റെ പകുതിയോ അതിലധികമോ നേരം അയാൾ അല്ലെങ്കിൽ അവൾ മറ്റൊരാളാകുന്നു. താനല്ലാതായിത്തീരുക എന്നതാണ് അവർ അനുഷ്ഠിക്കേണ്ട ധർമം. അതാണ് അവരുടെ തൊഴിലും അന്നവും. മറ്റൊരാളാകുന്നതിലൂടെയാണ് അവർ സ്വയം അടയാളപ്പെടുത്താൻ ശ്രമിക്കുന്നത്. ഒരുതരം കൂടുവിട്ടു കൂടുമാറ്റമാണത്. പക്ഷേ അഭിനയശേഷം സ്വന്തം ശരീരമെന്ന കൂട്ടിലേക്ക് മടങ്ങിവരാൻ പറ്റിയില്ലെങ്കിൽ?
അഭിനയത്തെക്കുറിച്ചുള്ള അബദ്ധധാരണകളെയൊക്കെ തിരുത്തിയത് കാവാലം സാറാണ്. 'അഭിജ്ഞാനശാകുന്തളം' സംസ്കൃതനാടകം ചെയ്യാനായി അദ്ദേഹത്തിന് കീഴിൽ ശിഷ്യയായി നിന്നപ്പോൾ ആരാണ് അഭിനേതാവ് എന്നും എന്താണ് അഭിനയമെന്നും പഠിച്ചു. കാവാലം കളരിയിൽ അഭ്യസിച്ചതൊക്കെയും വിലപ്പെട്ട പാഠങ്ങളായിരുന്നു. അന്ന് കാവാലത്ത് ചെലവഴിച്ച ചില ദിവസങ്ങളിൽ കുട്ടനാട്ടിലെ പാടവരമ്പുകളിലൂടെ നടക്കുമായിരുന്നു. ഒരു വശത്ത് വലിയ പാടങ്ങൾ. മറുവശത്ത് കൈത്തോട്. ഒരഭിനേതാവിന്റെ ജീവിതവും അതുപോലെ തന്നെയാണെന്ന് അപ്പോഴൊക്കെ തോന്നിയിട്ടുണ്ട്. യാഥാർഥ്യത്തിനും മിഥ്യയ്ക്കുമിടയിലൂടെ നീളുന്ന ഒരു നേർരേഖ. അങ്ങോട്ടോ ഇങ്ങോട്ടോ കാൽവഴുതാതെ വേണം സഞ്ചാരം.
ഇപ്പോൾ ഇതൊക്കെ ഓർക്കാൻ കാരണം മൈക്കൽ ചെക്കോവിന്റെ 'ഓൺ ദ് ടെക്നിക്ക് ഓഫ് ആക്ടിങ്' എന്ന പുസ്തകം വായിക്കാനിടയായതാണ്. അതിൽ അദ്ദേഹം അഭിനേതാവിന്റെ ശരീരത്തെ ഒരേസമയം ശത്രുവെന്നും മിത്രമെന്നുമാണ് വിളിക്കുന്നത്. അഭിനയത്തിൽ മന:ശാസ്ത്രത്തിനുള്ള പ്രാധാന്യത്തെക്കുറിച്ചും, എങ്ങനെയാണ് ഒരു അഭിനേതാവ് മാനസികമായി കരുത്ത് നേടേണ്ടതെന്നും വിശദീകരിക്കുന്നതുകണ്ടപ്പോൾ ഞാൻ വർഷങ്ങൾക്കു മുമ്പുള്ള ഒരു സന്ധ്യ ഓർത്തുപോയി.
ചെറുതുരുത്തി റെയിൽവേ പാലത്തിന് മുകളിലായിരുന്നു അന്ന് ഷൂട്ടിങ്. നായികയായുള്ള ആദ്യ സിനിമ-'സല്ലാപം'. ലോഹി സാർ എനിക്കുതന്ന ഏറ്റവും ആഴമുള്ള കഥാപാത്രങ്ങളിലൊന്നായിരുന്നു അതിലെ രാധ. സംവിധായകനുണ്ടെങ്കിലും അഭിനേതാക്കൾക്ക് സീൻ വിശദീകരിച്ചുകൊടുക്കുന്ന ജോലി അദ്ദേഹം തന്നെയാണ് ഏറ്റെടുക്കാറുള്ളത്. കടലാസിൽ എഴുതിവയ്ക്കുന്നതു മാത്രമല്ല ലോഹിസാറിന് സിനിമ. അദ്ദേഹം മനസ്സിലെഴുതിവച്ച മറ്റൊരു കഥയുണ്ട്. അത് കടലാസിലെ സിനിമയ്ക്ക് മുമ്പുള്ള കഥയാണ്. കഥയുടെ തിരകൾ ഉദ്ഭവിക്കുന്നയിടം. അവിടെയാണ് ഓരോ കഥാപാത്രത്തിന്റെയും ബാല്യവും കൗമാരവും അവർ തിരശ്ശീലയിലെത്തും മുമ്പ് നടന്നുതീർത്ത വഴികളുമെല്ലാമുള്ളത്.
രാധയ്ക്കും അങ്ങനെ സാർ മനസ്സിലെഴുതിവച്ചിരുന്ന ഒരു ബാല്യവും കൗമാരവുമുണ്ടായിരുന്നു. സീൻ വിശദീകരിക്കുമ്പോൾ മനസ്സിലുള്ള കഥകൂടി പങ്കുവെച്ചുകൊണ്ടാണ് പറഞ്ഞുതരിക. അവൾ കുട്ടിക്കാലത്ത് ഇങ്ങനെയായിരുന്നു,അവളുടെ ചിന്തകൾ അന്ന് ഇതുപോലെയായിരുന്നു എന്നൊക്കെ വൈകാരികമായി ലോഹി സാർ വിവരിക്കും. നമ്മളെ രാധയിലേക്ക്,അവളുടെ മനോനിലയിലേക്ക് കയറ്റിവിടാനുള്ള ചവിട്ടുപടികളായിരുന്നു ആ പശ്ചാത്തലവിവരണങ്ങൾ.
എനിക്കാകട്ടെ അത് വളരെ സഹായകരവുമായിരുന്നു. ഞാൻ കഥാപാത്രത്തിലേക്ക് പെട്ടെന്ന് കയറിപ്പറ്റുന്ന ആളല്ല. അതിനുതക്ക അഭിനയശേഷിലുള്ളയാളല്ല ഞാനെന്ന ബോധ്യം അന്നും ഇന്നുമുണ്ട്. തിരക്കഥവായിച്ച് അതിന്റെ ആഴത്തിലേക്ക് ചിന്തിച്ചുപോകാനുള്ള അറിവും എനിക്കില്ല. അതുകൊണ്ടുതന്നെ സംവിധായകനോ തിരക്കഥാകൃത്തോ തരുന്ന വിശദീകരണങ്ങൾ(ബ്രീഫ്) എന്നെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനമാണ്. അതിനനുസരിച്ചായിരിക്കും ആ കഥാപാത്രത്തെ ഞാൻ ഉൾക്കൊള്ളുന്നത്. അവർ തരുന്ന ഇൻപുട്ടിന് അനുസരണമായിട്ടായിരിക്കും എന്നിൽ നിന്നുണ്ടാകുന്ന ഔട്ട്പുട്ട്. ഒരുപക്ഷേ അതെന്റെ പരിമിതിയായിരിക്കാം.
ലോഹി സാർ പറഞ്ഞുതരുന്നതിനെ മനസ്സിലിട്ട് ആലോചിച്ചു പെരുക്കിയെടുക്കുന്നതായിരുന്നു 'സല്ലാപ'ത്തിൽ എന്റെ രീതി. ആദ്യ ദിവസങ്ങളിൽ തന്നെ ഇങ്ങനെ രാധയായി മെല്ലെ മാറിത്തുടങ്ങിയിരുന്നു. അഭിനയിച്ചുതുടങ്ങി ഇത്രവർഷമായിട്ടും എനിക്ക് നേരത്തെ പറഞ്ഞ പരിമിതികളുണ്ട്. അപ്പോൾ പിന്നെ ഒന്നുമറിയാത്ത ഒരു പ്രായത്തിൽ എന്താകും ചിന്തകളും അഭിനയരീതിയുമെന്ന് പറയേണ്ടതില്ലല്ലോ. ഷൂട്ട് തുടങ്ങി കുറച്ചുദിവസം കഴിഞ്ഞപ്പോൾ ക്ലൈമാക്സ് എടുക്കുന്ന ദിവസമായി. നേരത്തെ പറഞ്ഞ ചെറുതുരുത്തി പാലത്തിനുമുകളിലെ സന്ധ്യ.
പതിവുപോലെ ലോഹി സാർ രാധയുടെ അപ്പോഴത്തെ മാനസികാവസ്ഥ എന്തെന്ന് വിശദീകരിച്ചു. അവൾ എങ്ങനെയൊക്കെയായിരിക്കും പെരുമാറുക,അവളുടെ ചലനങ്ങളെന്താകും എന്നെല്ലാം പറഞ്ഞുതന്നു. ആ നിമിഷം ഒരു തന്മയീഭവിക്കൽ സംഭവിച്ചുവെന്ന് പറയാം. 'മണിച്ചിത്രത്താഴി'ൽ ഗംഗ നാഗവല്ലിയാകുന്നതുപോലുള്ള കൂടുമാറ്റം. ഒരുതരത്തിൽ പറഞ്ഞാൽ അപരവ്യക്തിത്വത്തിലേക്ക് അഥവാ ദ്വന്ദവ്യക്തിത്വത്തിലേക്കുള്ള പറക്കൽ.
ആത്മഹത്യയ്ക്ക് അരികെയാണ് രാധ. അവൾക്ക് മുന്നിൽ അതല്ലാതെ വേറെ വഴിയില്ല. അപമാനത്തിൽ നിന്ന് കുതറി അവൾ ഒരു പാടവരമ്പിലൂടെ ഓടുന്നു. ഓടിയോടി തീവണ്ടിപ്പാളത്തിലേക്ക് കയറുന്നു. പിന്നെ ചുണ്ടിലൊരു ബീഡിയും കത്തിച്ച് വില്ലനെപ്പോലെ ചുവന്നവെളിച്ചവുമായി വരുന്ന തീവണ്ടിക്ക് നേർക്ക്. 'Y' ഷേപ്പിലാണ് അവിടെ തീവണ്ടിപ്പാളം. ഒന്നിൽനിന്ന് പിരിഞ്ഞുണ്ടായ മറ്റൊന്ന്. അതിലൊന്നിലേക്ക് കരച്ചിലോടെ വീഴുന്ന രാധ തീവണ്ടി മറ്റേപ്പാളത്തിലൂടെ പോകുന്നതുകണ്ട് അതിനുനേർക്ക് കുതിക്കുകയാണ്. അതാണ് എനിക്ക് അഭിനയിക്കേണ്ടിയിരുന്ന രംഗം.
നേരത്തെ പറഞ്ഞതുപോലെ യാഥാർഥ്യത്തിനും മിഥ്യയ്ക്കുമിടയിലുള്ള പാടവരമ്പ്. അതിലൂടെ ഓടി എനിക്ക് ചെന്നുകയറേണ്ടിയിരുന്നത് രണ്ടായി പിരിയുന്ന പാളങ്ങളിലേക്ക്. അപമാനത്തിനും ആത്മഹത്യയ്ക്കുമിടയിലൂടെ ആർത്തനാദം പോലെ പായുന്ന രാധയുടെ ജീവിതം ലോഹിസാർ പറഞ്ഞുതന്നപ്പോൾ കേട്ടുനിന്നത് ഞാനായിരുന്നില്ല എന്നതിന്റെ തെളിവായിരുന്നു പിന്നീട് സംഭവിച്ചതെല്ലാം.
പാളത്തിൽ വീണ ഞാൻ-അല്ല രാധ- അടുത്തുകൂടി പാഞ്ഞുപോകുന്ന തീവണ്ടിയുടെ നേർക്ക് അലറിച്ചെന്നു. മനോജേട്ടനാണ്(മനോജ് കെ.ജയൻ) ആ സീനിൽ കൂടെയുള്ളത്. ഓടിവന്ന മനോജേട്ടൻ 'രാധേ..' എന്ന വിളിയോടെ പിടിച്ചുമാറ്റാൻ നോക്കുമ്പോൾ ഞാൻ പിടിയിൽ നില്കുന്നില്ല. തീവണ്ടിയുടെ നേരെ സർവശക്തിയുമെടുത്ത് കുതറിച്ചെല്ലുകയാണ്. ഇതിനിടയിൽ 'രാധേ' എന്ന വിളി മാറ്റി മനോജേട്ടൻ 'മഞ്ജൂ'....എന്നാക്കിക്കഴിഞ്ഞിരുന്നു. ആ സിനിമയിൽ പറയേണ്ട ഡയലോഗുകളൊക്കെ മറന്ന് മനോജേട്ടൻ ദിവാകരനിൽ നിന്ന് മനോജ് കെ.ജയനായി മാറി. പക്ഷേ ഞാൻ രാധ തന്നെയായിരുന്നു. അവൾക്ക് മുന്നിൽ ആത്മഹത്യയല്ലാതെ മറ്റൊന്നില്ല. അതെ, ആ നിമിഷം രാധയ്ക്ക്-അല്ല,എനിക്ക്-ആത്മഹത്യ ചെയ്യണമായിരുന്നു.
മനോജേട്ടൻ ആഞ്ഞുവലിച്ചിട്ടും ഞാൻ തീവണ്ടിക്ക് നേരെ തന്നെ കുതിച്ചു. ഇതിനിടയിൽ എന്റെ നീണ്ടമുടി തീവണ്ടിയുടെ വാതിലിനരികിലെ കൈപിടിക്കുന്ന കമ്പിയിലുടക്കി. അതിനൊപ്പം ഞാനും തീചിതറിച്ച് പായുന്ന ചക്രങ്ങൾക്കിടയിലേക്ക് വീഴേണ്ടതായിരുന്നു. പക്ഷേ മനോജേട്ടൻ എന്നെ അഭിനയത്തിൽ നിന്ന് ജീവിതത്തിലേക്ക് വലിച്ചിട്ടു. എന്റെ കുറേ മുടിയിഴകളുമായി ആ തീവണ്ടി ഇതൊന്നുമറിയാതെ ഏതോ ദൂരദിക്കിലേക്ക് പാഞ്ഞു.
പിന്നെ ഒരു നിശബ്ദത. മനോജേട്ടന്റെ ആഞ്ഞുള്ള കരണത്തടിയുടെ ശബ്ദം പോലും ഞാൻ കേട്ടില്ല. അതെന്റെ കവിളിലായിരുന്നോ എന്നുപോലും എനിക്കോർമയില്ല. ഞാൻ തളർന്ന് നിലത്തേക്കിരുന്നു. അപ്പോഴേക്കും ലോഹിസാർ അടക്കമുള്ളവർ ഓടിവന്നു. ലോഹിസാർ എന്റെ കവിളി തട്ടിക്കൊണ്ട് 'കഴിഞ്ഞു...കഴിഞ്ഞു..' എന്നു പലവട്ടം പറഞ്ഞു. മുഖത്ത് വെള്ളം തളിച്ചു. പിന്നെയും കുറേനിമിഷം കഴിഞ്ഞപ്പോഴാണ് എനിക്ക് സ്ഥലകാലബോധം വന്നത്. സംവിധായകൻ സുന്ദർദാസ് സാറും യൂണിറ്റിലുമുള്ളവരുമൊക്കെ വന്ന് 'എന്താണീ കാണിച്ചത്' എന്നൊക്കെ ചോദിച്ചു. അവർ കട്ട് വിളിക്കാൻ പോലുമാകാതെ നില്കുകയായിരുന്നു അത്രയും നേരം. മുന്നിൽ സിനിമയല്ല, പകരം ജീവിതം.
ഇരുപത്തിയൊമ്പത് വർഷങ്ങൾക്കിപ്പുറം 'ഓൺ ദ് ടെക്നിക്ക് ഓഫ് ആക്ടിങ്' അരികെ വച്ച് ആലോചിക്കുമ്പോൾ എന്തൊരു അമച്വറായിട്ടായിരുന്നു ഞാൻ ആ സീനിൽ അഭിനയിച്ചത്/പെരുമാറിയത് എന്ന് തോന്നിപ്പോകുന്നു. അഭിനേതാവ് എന്ന നിലയിലുള്ള ആത്മാർഥതയാണ് ഒന്നുമറിയാത്ത പ്രായത്തിൽ ഞാൻ കാണിച്ചത്. തീവണ്ടി പാഞ്ഞുപോകുമ്പോൾ അതിന് ചുറ്റുമുള്ള വായുവിൽ മർദവ്യതിയാനമുണ്ടാകും. അരികെ നില്കുകയാണെങ്കിൽ അതിലേക്ക് ആകർഷിക്കപ്പെടും. അത് ഫിസിക്സാണ്. അഭിനേതാവായ ഞാൻ അത് മനസ്സിലാക്കേണ്ടതായിരുന്നു. ഫിസിക്സ് പഠിച്ചിട്ടുള്ള ഞാൻ, ഞാനായി നിന്നുകൊണ്ടുവേണ്ടിയിരുന്നു രാധയാകാൻ. എന്റെ മനസ്സ് കൈവിട്ടുപോകരുതായിരുന്നു.
ആത്മാർഥതയുടെ അളവുകോലുകൾ വച്ചുള്ളതാകരുത് അഭിനയം. അഭിനയത്തിനും ജീവിതത്തിനും അല്ലെങ്കിൽ അഭിനേതാവിനും കഥാപാത്രത്തിനുമിടയിലുള്ള അതിർവരമ്പുകളിലൂടെ കാൽവഴുതാതെയാകണം എപ്പോഴും സഞ്ചാരം. അങ്ങനെ സംഭവിച്ചില്ലെങ്കിൽ അത് നമ്മെ മാനസികമായും ശാരീരികമായും തളർത്തും. ഒന്നോ രണ്ടോ വേഷങ്ങളഭിനയിച്ചുകഴിയുമ്പോൾ നമ്മൾ നമ്മളല്ലാതെയാകും. പകരം ആരൊക്കയോ ആയിത്തീരും. ഒടുവിൽ ഒന്നുമല്ലാതെയും. ഇത് കാലം എന്നെ പഠിപ്പിച്ചതാണ്.
ഞാൻ അന്നത്തെ മനോജേട്ടന്റെ അവസ്ഥ പിന്നീട് പലപ്പോഴും ആലോചിച്ചിട്ടുണ്ട്. ദിവാകരനിൽ നിന്ന് പെട്ടെന്ന് മനോജ് കെ. ജയൻ ആകേണ്ടിവരുന്ന അവസ്ഥ. അഭിനയിക്കണോ അതോ ഒരു ദുരന്തം മുന്നിൽ കണ്ട് സന്ദർഭോചിതമായി പെരുമാറണോ എന്ന് തിരിച്ചറിയാകാനാത്ത അവസ്ഥ. തീരുമാനമെടുക്കാൻ മുന്നിൽ കണ്ണടച്ചുതുറക്കുന്ന സമയം മാത്രം. അദ്ദേഹം നിന്നിരുന്നതും ആ നേർത്ത അതിർവരമ്പിലായിരുന്നു. മുന്നിലാകട്ടെ വലിയൊരു അത്യാഹിതവും. സിനിമയും ജീവിതവും തമ്മിൽ വേർതിരിക്കാനാകാതെ പോയ ഒരു നിമിഷം.
അന്ന് ആ സീനിലുണ്ടായിരുന്നതിനെയൊക്കെ അഭിനേതാവിന്റെ ജീവിതവുമായി ബന്ധിപ്പിക്കാമെന്ന് തോന്നുന്നു. നേരത്തെ പറഞ്ഞപോലെ ആ പാടവരമ്പും പാളവുമെല്ലാം. രണ്ടായി പിരിയുന്ന പാളങ്ങൾ സത്യത്തിൽ ജീവിതവും അഭിനയവും തന്നെയായി കാണാം. ഒരിടത്ത് കൂട്ടിമുട്ടി പിന്നെ പിരിഞ്ഞുപോകുന്ന ലോഹശിഖരങ്ങൾ. കൂട്ടിമുട്ടുന്ന ആ മുനമ്പിലാണ് അഭിനേതാവ് നില്കുന്നത്. അവിടെ നിന്നുകൊണ്ടുവേണം ജീവിതമെന്ന യാഥാർഥ്യം മറക്കാതെ അഭിനയമെന്ന മിഥ്യയെ മികവുറ്റതാക്കാൻ. അതുപോലെ തന്നെ രാധയുടെ ആത്മഹത്യാശ്രമവും മറ്റൊരു പ്രതീകമായിട്ട് എനിക്ക് തോന്നുന്നു. ഒരു അഭിനേതാവ് ജീവിതം മറന്ന് കഥാപാത്രമാകരുത്. അങ്ങനെ ചെയ്താൽ അതൊരു സ്വയംഹത്യതന്നെയാണ്.
അഭിനയിക്കൽ എന്നത് താത്കാലികമായ ഒരു ആയിത്തീരൽ മാത്രമാണ് എന്നാണ് ഞാൻ വിശ്വസിക്കുന്നത്. അത് എന്നേക്കുമുള്ളതായാൽ അവിടെ അഭിനേതാവിന്റെ മരണമാണ് സംഭവിക്കുക. സ്വയംമറന്ന് അഭിനയിക്കുക,അഭിനയത്തിൽ ആത്മാർപ്പണം ചെയ്യുക എന്നൊക്കെ പറയുന്നത് അപ്പോൾ എന്താണെന്ന് നിങ്ങൾ ചോദിച്ചേക്കാം. കഥാപാത്രത്തോട് ആത്മാർഥത കാണിക്കാതിരിക്കുന്നത് ശരിയല്ല എന്നും പറയാം. പക്ഷേ നേരത്തെ സൂചിപ്പിച്ചതുപോലെ അഭിനയത്തിലെ ആത്മാർഥത അളക്കേണ്ടത് സ്വയംമറന്നുള്ള പ്രകടനത്തിലൂടെയല്ല എന്ന് ആവർത്തിക്കട്ടെ. ആത്മാർഥതയാണ് അളവുകോലെങ്കിൽ, അന്ന് ആ സന്ധ്യയിൽ മനോജേട്ടന്റെ പിടി ഒരു നിമിഷം വിട്ടുപോയി എന്ന് സങ്കല്പിക്കുക. അപ്പോൾ രാധയായി ആ തീവണ്ടിക്ക് മുന്നിൽ ഞാൻ കാണിച്ച ആത്മാർഥതയുടെ ക്ലൈമാക്സ് എന്താകുമായിരുന്നു?
ലാലേട്ടനൊക്കെ സീനിന് തൊട്ടുമുമ്പുവരെ കളിതമാശ പറഞ്ഞിരുന്നശേഷം 'ഷോട്ട് റെഡി' എന്നുകേൾക്കുമ്പോൾ ഞൊടിയിടയിൽ കഥാപാത്രമാകുന്നത് കണ്ടിട്ടുണ്ട്. മറ്റ് ചില സിനിമാ സുഹൃത്തുക്കളാകട്ടെ കഥാപാത്രത്തിന്റെ ചായമിട്ടാൽ പിന്നെ ഒരു ധ്യാനത്തിലെന്നോണം ആരോടും സംസാരിക്കുകപോലും ചെയ്യാതിരിക്കുന്നതും കണ്ടിട്ടുണ്ട്. ഇതൊക്കെ ഓരോരുത്തരുടേതായ അഭിനയശൈലികളാണ്. അതിലൊന്നും ശരിതെറ്റുകൾ കണ്ടെത്താനാകില്ല. പക്ഷേ, കഥാപാത്രമായിരിക്കുമ്പോഴും പ്രജ്ഞ അഭിനേതാവിന്റേതായി സൂക്ഷിക്കുകയാണ് പ്രധാനമെന്നാണ് അനുഭവങ്ങൾ എന്നെ പഠിപ്പിച്ചിട്ടുള്ളത്. കഥാപാത്രത്തിലേക്ക് കയറുന്നതുപോലെ ഏതുനിമിഷവും അതിൽ നിന്ന് ഇറങ്ങിപ്പോരാനും നമുക്ക് സാധിക്കണം. മറ്റൊരു കൂട്ടിലേക്ക് പറക്കുമ്പോഴും സ്വന്തം കൂട്ടിലേക്ക് തിരികെവരാനാകുന്ന സ്വതന്ത്രപ്പറവയാകണം അഭിനയിക്കുന്നയാൾ.
അഭിനയം എന്ന വാക്കിന് തന്നെ ഒരു 'നാട്യ'മുണ്ട്. അത് സത്യമല്ല,മിഥ്യയാണ്. ജീവിതത്തിൽ നിന്ന് വേറിട്ടുനില്കുന്നതുകൊണ്ടാണല്ലോ അതിനെ അങ്ങനെ വിളിക്കുന്നതും. ഇന്ന് വീട്ടിൽ നിന്നോ, ഹോട്ടലിൽ നിന്നോ ഞാനായി ഇറങ്ങി സെറ്റിൽ ചെന്ന്,അവിടെ മറ്റൊരാളായി മാറി തിരികെ വൈകീട്ട് ഞാനായി തന്നെ മടങ്ങിവരുന്ന ജീവിതത്തിനിടയിൽ രാധ വല്ലപ്പോഴും മുന്നിൽ വന്ന് നില്കാറുണ്ട്. ആ നേർത്ത പാടവരമ്പിലൂടെയോടി,രണ്ടായി പിരിയുന്ന പാളങ്ങളുടെ മുനമ്പിൽ, ആത്മഹത്യയ്ക്കും ജീവിതത്തിനുമിടയിൽ ഒരു ആർത്തനാദം പോലെ...എനിക്ക് അവളെ ഇപ്പോൾ കാണുമ്പോൾ ചിരിയാണ് വരാറുള്ളത്!
(തുടരും)