
ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ പ്രപഞ്ചത്തിലെ സർവചരാചരങ്ങളും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുവെന്നാണ് എന്റെ തോന്നൽ. നിലാവിനെ പ്രണയിക്കുന്ന ആമ്പലിന്റെ വേരുകൾ വെള്ളത്തെ തൊട്ടുനില്കുകയാണ്. ആ വെള്ളത്തിലൂടെ ഒരു വഞ്ചി പോകുന്നു. അതിലിരിക്കുന്നയാളുടെ കൈയിൽ ഒരുപക്ഷേ ഒരു പുസ്തകമുണ്ടായേക്കാം. അത് എഴുതിയത് മറ്റൊരു ഭൂഖണ്ഡത്തിന്റെ ഏതോ ഒരറ്റത്തുള്ളയാളാകാം. ആലോചിച്ചുനോക്കിയാൽ ആ എഴുത്തുകാരനും നിലാവും തമ്മിലൊരു ബന്ധമില്ലേ....!
ഭ്രാന്തമായ കല്പനയാണെന്ന് എനിക്ക് തന്നെയറിയാം. പക്ഷേ ഇപ്പോഴിങ്ങനെ പറയാൻ കാരണം ജപ്പാൻ യാത്രയുടെ അനുഭവങ്ങൾ കുറിക്കുന്നതിനിടെ ലാലേട്ടനിലേക്ക് നടത്തിയ സഞ്ചാരവും അതിന്റെ തുടർച്ചയുമാണ്. ജപ്പാനെക്കുറിച്ചുള്ള എഴുത്ത് പാതിവഴിയിൽ നിർത്തിയാണ് ലാലേട്ടനെക്കുറിച്ചെഴുതിയത്. ജപ്പാനിലേക്ക് എനിക്ക് തിരികെ വരണമല്ലോ...അതെങ്ങനെ എന്നാലോചിച്ചിരിക്കുമ്പോൾ ഒരു സുഹൃത്ത് ലാലേട്ടൻ ജപ്പാനെക്കുറിച്ചെഴുതിയ ബ്ലോഗ് അയച്ചുതന്നു. അദ്ദേഹത്തിന്റെ ബ്ലോഗുകൾ ശ്രദ്ധിച്ചിരുന്നുവെങ്കിലും ജപ്പാൻവിവരണം ഞാൻ ഇതുവരെ വായിച്ചിരുന്നില്ല.
'ഇതാ...ജപ്പാനും ലാലേട്ടനും' ഒരുമിച്ച് എന്ന കുറിപ്പോടെ സുഹൃത്ത് അയച്ച ബ്ലോഗ് കണ്ടപ്പോൾ കൗതുകവും അദ്ഭുതവും ചേർന്നൊരു വികാരമായിരുന്നു ഉള്ളിൽ. സുഹൃത്ത് ജോസ് തോമസുമൊത്ത് നടത്തിയ ജപ്പാൻ യാത്രയെക്കുറിച്ചാണ് ലാലേട്ടൻ എഴുതിയിരുന്നത്. അദ്ദേഹം അത് അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ്: 'ജപ്പാനിൽ നിന്ന് തിരിച്ചുവരുമ്പോൾ ഞാൻ കൂടെക്കൊണ്ടുപോരുന്ന ഏറ്റവും വിലപിടിപ്പുള്ള വസ്തു ഈ ജനതയുടെ ജീവിത മനോഭാവമായിരിക്കും. ഭൂമിയിൽ മറ്റൊരിടത്തും നിങ്ങൾക്ക് അത് ലഭിക്കില്ല..തീർച്ച..'
വായിച്ചുനിർത്തുമ്പോൾ ഒരു മെന്റലിസ്റ്റിനെപ്പോലെ ലാലേട്ടൻ എന്റെ മനസ്സിലുള്ളതും അറിഞ്ഞുവോ എന്നു വിസ്മയിച്ചുപോയി. സത്യം. ജപ്പാൻ യാത്രയുടെ ഏറ്റവും വലിയ ഓർമയും അടയാളവും സമ്മാനവുമായി ഞാൻ കൂടെക്കൊണ്ടുപോന്നതും ലോകത്തെവിടെയും കിട്ടാത്ത ആ വിലപിടിപ്പുള്ള വസ്തുതന്നെ-അവിടത്തെ മനുഷ്യരുടെ ജീവിതമനോഭാവം...
ഇവിടെയാണ് ആദ്യം പറഞ്ഞ തോന്നൽ ശക്തിപ്പെടുന്നത്. എന്നോ ലാലേട്ടൻ ജപ്പാനിലേക്ക് നടത്തിയ ഒരു യാത്ര. അതിന്റെ ഓർമ അദ്ദേഹം കുറിച്ചിടുന്നു. അത് ഭൂമിയിലെ ആരൊക്കയോ സൂക്ഷിച്ചുവയ്ക്കുന്നു. പിന്നീട് കാലങ്ങൾക്ക് ശേഷം ഞാനും ആ നാട്ടിലെത്തുന്നു. ആ യാത്രയെക്കുറിച്ചെഴുതുന്നു. അതിനിടെ ലാലേട്ടന് വലിയൊരു പുരസ്കാരം കിട്ടുന്നു. ജപ്പാൻവിവരണത്തിന് താത്കാലികവിരാമമിട്ട് ഞാൻ ലാലേട്ടനിലേക്ക് യാത്രപോകുന്നു. അവിടെ നിന്ന് തിരിച്ചുവരാൻ ഒരു വഞ്ചി നോക്കിയിരിക്കെ ലാലേട്ടൻ പണ്ടെഴുതിയ ജപ്പാൻകുറിപ്പ് ഒരാൾ അയച്ചുതരുന്നു. അതിലേറി ഞാൻ വീണ്ടും ജപ്പാനിലേക്ക് പോകുന്നു. നിർത്തിയ ഇടത്തുനിന്ന് തുടങ്ങാൻ ലാലേട്ടൻ കുറിപ്പവസാനിപ്പിച്ച വരികൾ എടുത്തെഴുതുന്നു...ഓർത്തുനോക്കൂ...നിങ്ങൾക്കും തോന്നുന്നില്ലേ..പ്രപഞ്ചം അതിലുള്ള എല്ലാത്തിനെയും തമ്മിൽ അദൃശ്യമായ ഒരു നൂലുകൊണ്ട് ബന്ധിപ്പിച്ചിരിക്കുന്നുവെന്ന്...?
ജപ്പാൻ ജനത ജീവിതത്തെ സമീപിക്കുന്ന വിധം ഞാൻ അടുത്തുകണ്ടത് ഒകിനാവ ദ്വീപിൽ പോയപ്പോഴാണ്. ഹെക്തർ ഗാർസിയയും ഫ്രാൻസെസ്ക് മിറാല്യെസും ചേർന്നെഴുതിയ 'ഇക്കിഗായ്' എന്ന പുസ്തകത്തിലൂടെ ഒരുപക്ഷേ ഇപ്പോൾ ലോകത്തുള്ളവർക്കെല്ലാം ഒകിനാവയെക്കുറിച്ചറിയാം. ഞാനും അറിഞ്ഞത് ആ പുസ്തകത്തിലൂടെയാണ്. അതിന്റെ ആമുഖത്തിൽ എഴുത്തുകാർ പറയുന്നു: 'ഒകിനാവയിൽ ഓരോ ലക്ഷം പേരിലും 24.55 പേർ നൂറുവയസ്സിനുമുകളിൽ പ്രായമുള്ളവരാണ്-ആഗോളശരാശരിയേക്കാൾ ഏറെ മുന്നിൽ. ദ്വീപിന്റെ വടക്കേ അറ്റത്തുള്ള ഗ്രാമീണ നഗരമാണ് ഒഗിമി. ജനസംഖ്യ 3000. ഇവിടെയുള്ളവർക്കാണ് ലോകത്തെ ഏറ്റവും വലിയ ആയുർദൈർഘ്യമുള്ളത്. അതുകൊണ്ട് ഈ ഗ്രാമം ദീർഘായുസ്സിന്റെ ഗ്രാമം എന്ന വിളിപ്പേരിലറിയപ്പെടുന്നു..'
ജപ്പാൻ യാത്രയെക്കുറിച്ച് പങ്കുവച്ച ചിത്രങ്ങളിലൊന്നിൽ ബുള്ളറ്റ് ട്രെയിനിലിരുന്ന് മുറകാമിയുടെ 'നോർവീജിയൻ വുഡ്' വായിക്കുന്നതിനിടെയുണ്ടായ ഒരു നിമിഷം നിങ്ങൾ ശ്രദ്ധിച്ചിരുന്നോ എന്നറിയില്ല. അത് നോക്കിയാലറിയാം മനസ്സ് വായിച്ചിരുന്നത് മറ്റേതോ പുസ്തകമാണെന്ന്. അത് സത്യവുമാണ്. ആ യാത്രയിൽ എന്റെ ഉള്ളിൽ മറിഞ്ഞിരുന്ന താളുകൾ 'ഇക്കിഗായ്'യുടേതായിരുന്നു. അതിന്റെ 210 താളുകളും ജപ്പാനിലൂടെ സഞ്ചരിക്കവേ എന്റെ മനസ്സ് പലകുറി വായിച്ചുതീർത്തു. ജീവിതത്തെക്കുറിച്ചുള്ള ആനന്ദരഹസ്യം പറഞ്ഞുതന്നവർ അതിന് ആധാരമാക്കിയ ദ്വീപിൽ കാലുകുത്തിയപ്പോൾ അതിലെ ഒരു തലവാചകം കാതിലിരുന്നാരോ പറഞ്ഞു: 'അനശ്വരയൗവനത്തിന്റെ ദ്വീപ്...'
'ഇക്കിഗായ്'ൽ പറയുന്ന ഒഗിമിയിലേക്കാണ് ഞങ്ങൾ പോയത്. അവിടെ കണ്ടുമുട്ടിയ ഓരോ ആളും ആയുസ്സിന്റെ ഓരോ പുസ്തകമായിരുന്നു. ഞാനവരിൽ നിന്ന് ജീവിതം എങ്ങനെയാണ് ദീർഘായുസ്സോടെ ആഹ്ലാദകരമാക്കുന്നത് എന്ന് പഠിച്ചു. ഒകിനാവയിലെ ആളുകൾ കമ്യൂണിറ്റികളായി ജീവിക്കുന്നു. പരസ്പരസഹവർത്തിത്തത്തിന്റെ സമൂഹങ്ങൾ. 'മൊആയ്' എന്നാണ് അവരതിനെ വിളിക്കുന്നത്. 'യിച്ചാറിമ ചോഡേ' എന്നാണ് അവരുടെ തത്വം. 'നിങ്ങൾ മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത ഒരാളെപ്പോലും സഹോദരനോ സഹോദരിയോ ആയി കാണുക' എന്നതാണ് അതിനർഥം. എത്ര മനോഹരമായ സങ്കല്പമാണത്. 'എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരീസഹോദരന്മാരാണ്' എന്ന വാചകം നമ്മൾ പാഠപുസ്തകങ്ങളിൽ പഠിച്ച് പിന്നീട് പലപ്പോഴും മറന്നുകളയുമ്പോൾ ഒഗിമിയിലെ മനുഷ്യർ അത് ജീവിതത്തിൽ പ്രാവർത്തികമാക്കിക്കാണിക്കുന്നു.
ഇവിടെ എല്ലാവർക്കും ഓരോ ജോലിയുണ്ട്. അവർ അത് ആസ്വദിച്ചു ചെയ്യുന്നു. അതിൽ ആനന്ദം കണ്ടെത്തുന്നു. തലേന്ന് ചെയ്തതിനേക്കാൾ എത്ര മികച്ചതായും മനോഹരമായും ഇന്ന് തന്റെ ജോലി ചെയ്യാം എന്നാണവരുടെ ചിന്ത. അത് ചിലപ്പോൾ തുന്നലോ,കരകൗശലപ്പണികളോ എന്തുമാകാം. പക്ഷേ അത് അവർ ഓരോ ദിവസവും തലേന്നത്തേക്കാൾ ഭംഗിയായി ചെയ്യാൻ ശ്രമിച്ചുകൊണ്ടേയിരിക്കുന്നു. 'ഇന്നിൽ ജീവിക്കുക' എന്ന ആശയത്തെ 'ഇന്നിൽ ഏറ്റവും മികച്ചവരായി തൊഴിൽ ചെയ്ത് ജീവിക്കുക' എന്ന് തിരുത്തുകയാണ് ഒകിനാവയിലുള്ളവർ. ഇങ്ങനെ ഓരോരുത്തർക്കും ഓരോ ഇക്കിഗായ് ഉണ്ട്. അതായത് അവരവരുടേതായ ആനന്ദമന്ത്രങ്ങൾ. അതാണ് അവരെ ദീർഘായുസ്സുള്ളവരാക്കി മാറ്റുന്നത്. എന്നും ജോലി ചെയ്തുകൊണ്ടേയിരിക്കുന്നതിനാൽ ഒകിനാവയിലുള്ളവർ ഒരിക്കലും വിരമിക്കാറില്ല. അതുകൊണ്ടാണ് അവരുടെ ജീവിതത്തിന്റെ പൂർണവിരാമം വൈകുന്നതും. മനോനിറവ്(Mindfulness)അവർ അനുഭവിക്കുന്നത് എന്നും സ്വന്തം ഇക്കിഗായ് ചില്ലകളിലിരുന്ന് സ്വയം പൂക്കളായി വിടരുന്നതിലൂടെയാണ്.
ഇതോടൊപ്പം നല്കുന്ന ചിത്രത്തിൽ എനിക്കൊപ്പമുള്ളത് 87 വയസ്സുള്ള ഒരാളാണ്. അദ്ദേഹത്തിന്റെ പേര് എനിക്ക് ഓർത്തുവയ്ക്കാനാകുന്നതായിരുന്നില്ല. എല്ലാ ജപ്പാൻപേരുകളും ഒരേപോലെ തോന്നിക്കുന്നതിനാൽ കണ്ടുമുട്ടിയ മനുഷ്യരെല്ലാം ഒരേ പേരുകാരായിരുന്നുവെന്നാണ് ഇപ്പോൾ എനിക്ക് തോന്നിപ്പോകുന്നത്! പക്ഷേ ഞാൻ ആ മനുഷ്യനെ 'ക്വി' എന്ന് വിളിക്കുന്നു. 'ഊർജ'മെന്നോ 'ജീവശക്തി'യെന്നോ ആണ് ആ വാക്കിന്റെ അർഥം. ക്വിയെ കണ്ടുമുട്ടിയത് ഒരു പാർക്കിങ് ഏരിയയിലാണ്. അവിടെയെത്തുന്ന കാറുകൾ കൃത്യമായി പാർക്ക് ചെയ്യാൻ സഹായിക്കുക എന്നതാണ് അദ്ദേഹത്തിന്റെ ജോലി. പക്ഷേ അതിനൊപ്പം ക്വി തന്റെ യഥാർഥ ഇക്കിഗായ് എന്ത് എന്ന് എനിക്ക് പറഞ്ഞുതന്നു. വരുന്നവർക്കെല്ലാം ഒരു കടലാസിൽ തീർച്ചയായും കാണേണ്ട സ്ഥലങ്ങൾ,അവിടെ എന്തൊക്കെ കാണണം എന്നെല്ലാം എഴുതി നല്കും. അതാണ് ക്വിയുടെ ജീവോർജം. ആ കടലാസ് വാങ്ങുന്നവർ നല്കുന്ന ചിരിയിൽ അയാളുടെ ജീവിതം പ്രകാശിക്കുന്നു.
ഒകിനാവയിൽ കണ്ടവരെക്കുറിച്ച് പറയാൻ ഇക്കിഗായിയിലെ ഒരു ഖണ്ഡികയാകും നല്ലത്. അതിൽനിന്ന് തെല്ലും വ്യത്യാസമില്ലായിരുന്നു എന്റെ അനുഭവവും. അതുകൊണ്ട് ആ വാചകങ്ങൾ ആവർത്തിക്കുന്നു: 'ഞങ്ങൾ ദീർഘായുസ്സിന്റെ ഗ്രാമമായ ഒഗിമി സന്ദർശിച്ചപ്പോൾ,എൺപതിനും തൊണ്ണൂറിനും മീതേയുള്ളവർ പോലും വളരെ കർമോത്സുകരാണ്. അവർ ജനാലയിലൂടെ പുറത്തേക്ക് നോക്കി വീട്ടിൽ നില്കുന്നവരല്ല. വെറുതെ പത്രം വായിച്ച് ചടഞ്ഞിരിക്കുന്നവരല്ല. ഒഗിമിയിലെ ജനങ്ങൾ ധാരാളം നടക്കുന്നവരാണ്. അയൽക്കാർക്കൊപ്പം കരോക്കെ ചെയ്യുന്നവരാണ്. രാവിലെ നേരത്തെ എഴുന്നേല്ക്കുന്നവരാണ്. പ്രഭാത ഭക്ഷണം കഴിഞ്ഞാൽ,അല്ലെങ്കിൽ അതിനുമുമ്പേ സ്വന്തം തോട്ടങ്ങളിലേക്ക് പോകുന്നവരാണ്. അവർ വ്യായാമത്തിന് ജിംനേഷ്യങ്ങളിലേക്ക് പോകുന്നവരല്ല. അമിതമായ വ്യായാമം ചെയ്യുന്നവരല്ല. പകരം,തങ്ങളുടെ ദൈനംദിന ജോലികൾ കൃത്യമായി ചെയ്യുന്നവരാണ്...'
ഇത്തവണത്തെ തിരുവോണം ആഘോഷിച്ചത് ഒകിനാവയിലായിരുന്നുവെന്ന് ആദ്യ ജപ്പാൻ കുറിപ്പിൽ സൂചിപ്പിച്ചിരുന്നല്ലോ. അവിടത്തെ ഒരു ഭക്ഷണശാലയിലായിരുന്നു 'ഓണസദ്യ'. മുന്നിൽ നിരന്നത് ജീവിതത്തിൽ അന്നേവരെ കണ്ടിട്ടില്ലാത്ത ഭക്ഷണങ്ങൾ. വെളുത്തതും ചുവന്നതുമായ അരികൊണ്ടുള്ള ചോറ്,സ്വീറ്റ് പൊട്ടറ്റോ,പാവയ്ക്കയും പ്ലമ്മുമൊക്കെ ഉപ്പിലിട്ടത്,കൊഴുവപോലുള്ള ചെറുമീൻകൊണ്ടുള്ള ഒരു വിഭവം,ചുവന്ന വെണ്ടയ്ക്ക,ചേന,പപ്പായ തുടങ്ങിയവയുടെ തോരനെന്നോ കറിയെന്നോ വിളിക്കാവുന്നവ, സോയാബീൻ കൊണ്ടുള്ള മിസോ സൂപ്പ്,കടൽമുന്തിരി(സീ ഗ്രേപ്സ്)യും സോയ സോസും...അങ്ങനെ 'വായിൽക്കൊള്ളാത്ത' പേരുകളുള്ള പത്തിലധികം വിഭവങ്ങൾ..ഇതെല്ലാം ചേർന്നതാണ് ഒകിനാവയുടെ ഭക്ഷണം. അഥവാ ദീർഘായുസ്സിന്റെ ഭക്ഷണം(Foods for longevity). ഈ വിഭവങ്ങൾ നല്കുന്ന ലോഞ്ചിവിറ്റി റസ്റ്ററന്റുകൾ ധാരാളമുണ്ട് ഇപ്പോൾ ഒകിനാവയിൽ.
ഞാനപ്പോൾ നാട്ടിലെ ഇല സദ്യയെക്കുറിച്ചോർത്തു. ശരിക്കും അതും ദീർഘായുസ്സിന്റെ ഭക്ഷണം തന്നെയല്ലേ? പച്ചക്കറികൾ എല്ലാം നിറഞ്ഞ പലതരം വിഭവങ്ങൾ. ചേന,ചേമ്പ്,കാരറ്റ്,വെണ്ടയ്ക്ക,ഉരുളൻകിഴങ്ങ്,കാബേജ്,മാങ്ങ,മത്തങ്ങ,തേങ്ങാപ്പാൽ അങ്ങനെ പലതും നിറഞ്ഞവ. അത് വിളമ്പുന്നത് വാഴയിൽ നിന്ന് വെട്ടിയെടുത്ത ഇലയിൽ. പായസത്തിന്റെ മധുരം ഒഴിച്ചുനിർത്തിയാൽ ഒകിനാവയിൽ ഞാൻ കഴിച്ചതും പലതരം പച്ചക്കറികൾ നിറഞ്ഞ സദ്യ തന്നെ. അത് വിളമ്പുന്നത് പാത്രത്തിലാണെന്നുമാത്രം. നമ്മുടെ പൂർവികർ സദ്യയെ ചിട്ടപ്പെടുത്തിയതും ദീർഘായുസ്സിന്റെ ചേരുവകൾ ചേർത്താകണം. നമ്മുടെ കാലാവസ്ഥയ്ക്കും ശരീരപ്രകൃതത്തിനും അനുസരിച്ച് അവർ രൂപപ്പെടുത്തിയെടുത്ത ആഹാരക്രമം.
ഓരോ നാടിനും അതിന്റെ കാലാവസ്ഥയ്ക്കും മനുഷ്യപ്രകൃതത്തിനും അടിസ്ഥാനമാക്കിയുള്ള ഭക്ഷണക്രമമുണ്ട്. ഒകിനാവയിലും അങ്ങനെ തന്നെ. ഈ ഭൂമിയിലില്ലാത്ത വിശിഷ്ടവസ്തുക്കൾ കൊണ്ടൊന്നുമല്ല അവർ ആയുസ്സുകൂട്ടുന്ന ഭക്ഷണം ഉണ്ടാക്കുന്നത്. ലോകത്ത് മറ്റെവിടെയും കാണുന്ന ഭക്ഷ്യവസ്തുക്കൾ തന്നെ അതിലുമുള്ളത്. അവർ അതിനെ അവരുടേതായ രീതിയിൽ പാകം ചെയ്ത് കഴിക്കുന്നു. പക്ഷേ ഒറ്റ വ്യത്യാസം മാത്രം. ഒരുപക്ഷേ അതിലായിരിക്കാം ഒകിനാവയിലുള്ളവരും മറ്റുള്ളവരും തമ്മിൽ വ്യത്യാസപ്പെട്ടിരിക്കുന്നത്. 'ഹാര ഹാച്ചി ബു...'എന്നതാണ് അവരുടെ പ്രമാണം. അതായത് എൺപതുശതമാനം മാത്രം കഴിക്കുക.
ഭക്ഷണം കഴിച്ച് വയർ ഏതാണ്ട് നിറയുമ്പോൾ നമുക്ക് അല്പം കൂടി കഴിച്ചേക്കാം എന്ന് തോന്നാറില്ലേ. നമ്മൾ അല്പം കൂടി കഴിക്കുകയും ചെയ്യും. പക്ഷേ ഒകിനാവയിലുള്ളവർ ആ തോന്നൽ വരുമ്പോഴേ ഭക്ഷണം കഴിക്കുന്നത് നിർത്തും. വയറിന്റെ 80ശതമാനം കഴിച്ച് 20ശതമാനം ഒഴിച്ചിടുന്നവർ. നമ്മളാണെങ്കിൽ സദ്യ 100 ശതമാനം കഴിച്ച് ഒരു ഏമ്പക്കവും വിട്ട് അതിൽ നിന്ന് കിട്ടുന്ന സ്ഥലത്ത് ലേശം മോരൊഴിച്ച് ചോറുണ്ണന്നവരാണല്ലോ...! അതാണ് അവരും നമ്മളും തമ്മിലുള്ള വ്യത്യാസം. സദ്യയോ, പച്ചക്കറിയും ചോറും മീനുമെല്ലാം ചേരുന്ന ഊണോ ഇനിയൊന്ന് 'ഹാര ഹാച്ചി ബു' രീതിയിൽ അതായത് വയറിന്റെ 20 ശതമാനം കിഴിച്ച് കഴിച്ചുനോക്കൂ..അറിയാമല്ലോ എന്താണ് ഗുണമെന്ന്...!
ഒകിനാവയിലെ ദീർഘായുസ്സിന്റെ ഭക്ഷണം കഴിച്ചുകഴിഞ്ഞപ്പോൾ,നാലുനാളുകളിൽ അവിടെ ജീവിച്ചപ്പോൾ എനിക്ക് തോന്നിയത് ഇതെല്ലാം നമ്മുടെ നാട്ടിലുമുണ്ട് എന്നാണ്. നമ്മൾ അത് തിരിച്ചറിയുന്നില്ല എന്നുമാത്രം. നമ്മുടെ വീട്ടുവളപ്പിലെ പപ്പായ കാക്കയ്ക്ക് ഭക്ഷണമാകുന്നു. പകരം നമ്മൾ കീടനാശിനി പുരണ്ട പച്ചക്കറിതേടിപ്പോകുന്നു. ആഘോഷനാളുകളിൽ പച്ചക്കറികളുടെ ധാരാളിത്തം നിറഞ്ഞ ഇലസദ്യയെ വിട്ട് കൃത്രിമരുചിക്കൂട്ടുകളുള്ള മറ്റ് ആഹാരരീതികൾക്ക് പിന്നാലെയോടുന്നു. എന്തിന് ഒകിനാവക്കാരുടെ 'മൊആയ്' പോലും നമ്മുടെ നാട്ടിലുണ്ട്. അയൽക്കൂട്ടങ്ങളുടെയും കുടുംബശ്രീയുടെയൊക്കെ മാതൃകതന്നെയാണതിന്റെയും. പക്ഷേ ഇവയെ ഒന്നും ദീർഘായുസുള്ള ജീവിതത്തിനുള്ള മാർഗമാക്കിമാറ്റാൻ നമുക്ക് സാധിക്കുന്നില്ല. അല്ലെങ്കിൽ അതിന്റെയൊന്നും ശക്തി വേണ്ടവിധം തിരിച്ചറിയപ്പെടുന്നില്ല. ജീവിതത്തോടുള്ള നമ്മുടെ മനോഭാവം തന്നെ കാരണം. അതാണ് മാറ്റേണ്ടതും.
നമ്മുടെ ആനന്ദമന്ത്രം അഥവാ ഇക്കിഗായ് നമ്മളിൽ തന്നെയുണ്ട്.പക്ഷേ, കസ്തൂരി ഗന്ധം തേടിനടക്കുന്ന കസ്തൂരിമാനുകളെപ്പോലെയാണ് നമ്മൾ. ഉള്ളിലുള്ള ആനന്ദത്തെ തിരിച്ചറിയാതെ അതിനുവേണ്ടി അന്വേഷിച്ചുനടക്കുന്നവർ. ഒകിനാവ എന്നോട് പറഞ്ഞതും ഒരിക്കലും ഒരു കസ്തൂരിമാൻ ആകാതിരിക്കുക എന്നാണ്...
(തുടരും)