

ദുബായ് എന്ന മഹാനഗരവുമായുള്ള മലയാളികളുടെ ആത്മബന്ധത്തെക്കുറിച്ചും അവിടം മലയാളി ജീവിതത്തിലുണ്ടാക്കിയ സ്വാധീനത്തെക്കുറിച്ചുമുള്ള കുറിപ്പ്
ദുബായ് എങ്ങനെയാണ് കിനാവുകളുടെയും കണ്ണീരിന്റെ നഗരമാകുന്നത് എന്നു വിശദീകരിക്കുന്നു, മലയാളത്തിന്റെ പ്രിയ അഭിനേത്രി
വിമാനത്തിൽ യാത്ര ചെയ്യുമ്പോൾ, രാത്രിയിലാണ് ടേക്ക് ഓഫ് എങ്കിൽ, ആകാശത്തേക്കെത്തുന്ന നേരം താഴേക്ക് നോക്കിയിരിക്കാൻ ഒരുപാട് ഇഷ്ടമാണ്. അനേകായിരം നക്ഷത്രങ്ങൾ വിളഞ്ഞുകിടക്കുന്ന പാടം പോലെയായിരിക്കും ഭൂമി അപ്പോൾ. നമ്മൾ ആകാശത്താണെന്ന് ഒരുനിമിഷം മറക്കുകയും താഴെയാണാകാശം എന്ന് തോന്നുകയും ചെയ്യും. രാത്രിയിൽ, മനുഷ്യർ ഭൂമിയിൽ നിന്നുകൊണ്ട് ആകാശത്തേക്ക് നോക്കുമ്പോൾ കാണുന്ന കാഴ്ചപോലെയായിരിക്കും ആ സമയം ചേക്കേറാനായി വേഗത്തിൽ പറക്കുന്ന പക്ഷികൾ താഴേക്ക് നോക്കുമ്പോഴുള്ള ദൃശ്യവും. അവരുടെ ആകാശമാണ് അന്നേരം ഭൂമി. അതുകൊണ്ട് വിമാനത്തിലിരുന്നുകൊണ്ടുള്ള ഭൂമിയുടെ രാത്രിക്കാഴ്ച ഒരു പക്ഷിക്കണ്ണിലൂടെ കാഴ്ചപോലെയായിരിക്കും.
ആദ്യനിമിഷങ്ങളിലെ മനോഹാരിതയും കാല്പനികതയും മാറ്റിവച്ച് ചിന്തിക്കുമ്പോൾ മനസ്സിലാകും താഴെ നക്ഷത്രങ്ങൾ പോലെ തോന്നിക്കുന്നത് മനുഷ്യർ പാർക്കുന്നയിടങ്ങളിലെയും പായുന്ന നിരത്തുകളിലെയും വെളിച്ചമാണ് എന്ന്. എത്രയെത്രപേരായിരിക്കും ആ വെളിച്ചങ്ങളുള്ളയിടത്ത് സ്വപ്നം കണ്ട് കിടക്കുകയും സഞ്ചരിക്കുകയും ചെയ്യുന്നുണ്ടാകുക? ഈ ഒരു ചിന്ത ഏറ്റവും കൂടുതൽ തീവ്രമാകുന്നത് ദുബായ് വിമാനത്താവളത്തിൽ നിന്ന് പറന്നുയരുമ്പോഴാണ്. അവിടെ ഭൂമിയിലെ നക്ഷത്രങ്ങളായി അനുഭവപ്പെടുന്നത് അനേകമനേകം മലയാളികളുടെ കിനാവുകളാണ്. നാടിനെയും വീടിനെയും ഉറ്റവരെയും വിട്ട് താഴെക്കാണുന്ന ഈ മഹാ മണൽനഗരത്തിൽ പകലന്തിയോളം വിയർപ്പുചിന്തുന്നവരുടെ മനസ്സിൽ തെളിഞ്ഞുനില്കുന്ന പ്രത്യാശയുടെ വിളക്കുകൾ.
ദുബായ് യാത്രകഴിഞ്ഞ് തിരിച്ച് നാട്ടിലേക്കുള്ള വിമാനം മിക്കവാറും രാത്രിയിലാകും. അതുകൊണ്ടുതന്നെ ഓരോ തവണയും ടേക്ക് ഓഫിന്റെ സമയത്ത് ഞാൻ താഴെയുള്ള ആ മനുഷ്യരെക്കുറിച്ച് ഓർക്കാറുണ്ട്. വിമാനത്തിന്റെ ഇരമ്പൽ അവരിൽ കുറേപ്പെരെങ്കിലും കേൾക്കുന്നുണ്ടാകും അപ്പോൾ. ആ ശബ്ദം അവരെ ചിലപ്പോൾ നാടിനെക്കുറിച്ചുള്ള ഓർമയിലേക്കെത്തിക്കും. എന്നോ പുറപ്പെടാനിരിക്കുന്ന ഒരു യാത്രയെക്കുറിച്ചുള്ള പ്രതീക്ഷ ജ്വലിപ്പിക്കുകയും ചെയ്തേക്കാം. പറന്നുയരുന്ന ഓരോ വിമാനം കാണുമ്പോഴും മരുഭൂമിയിലെ മലയാളികൾ മനസ്സുകൊണ്ട് കേരളത്തിലേക്കെത്തുന്നു. അവിടെ കാത്തിരിക്കുന്നവരെ ഉള്ളാലെ പുണരുന്നു.
ലോകമെങ്ങുമുള്ള പ്രവാസികളായ മലയാളികളുടെയെല്ലാം വികാരങ്ങളും മേൽപ്പറഞ്ഞുതന്നെയാകാം. പക്ഷേ അവിടങ്ങളിൽ നിന്ന് ദുബായിയെ വേറിട്ടുനിർത്തുന്ന ചിലതുണ്ട്. അത് മലയാളിയുടെ രണ്ടാം വീട് എന്നു പറയാറുണ്ട്. ദുബായിയെ ഒരു ഗ്ലോബായി സങ്കല്പിക്കാനാണ് എനിക്കിഷ്ടം. ലോകത്തെ എല്ലാ രാജ്യങ്ങളുമുണ്ടാകും ഗ്ലോബിൽ. അതുപോലെ ദുബായിയിൽ എല്ലാ 'രാജ്യങ്ങളും' കാണാം. ലണ്ടനിലെയും ന്യൂയോർക്കിലെയുമെല്ലാം റോഡുകളിലും മാളുകളിലുമെല്ലാം അവിടത്തുകാരായിരിക്കും കൂടുതൽ. പക്ഷേ ദുബായ് എല്ലാ രാജ്യക്കാരുടേതുമാണ്. അതൊരു ലോകമഹാസംഗമവേദിയാണ്. അക്ഷരാർഥത്തിൽ 'ഗ്ലോബൽ വില്ലേജ്'. ഭൂമിയിലെ എല്ലായിടത്തു നിന്നുമുള്ള മനുഷ്യരെയും പേറി ആ നഗരം ഒരു ഭൂഗോളം പോലെ ഇരുപത്തിനാലുമണിക്കൂറും കറങ്ങിക്കൊണ്ടിരിക്കുന്നു. ആ 'ഭൂഗോളത്തിന്റെ സ്പന്ദനം' പക്ഷേ മലയാളികളാണെന്ന് മാത്രം.
സൗദിയും കുവൈറ്റും ബഹ്റൈനും ഒമാനും ഖത്തറുമെല്ലാം മലയാളികൾ തിങ്ങിനിറഞ്ഞയിടങ്ങളാണെങ്കിലും യു.എ.ഇയോളം വരില്ല അവിടങ്ങളിലെ 'മലയാളിത്തം' എന്നാണ് വ്യക്തിപരമായ കാഴ്ചപ്പാട്. ഒരുപാട് കുടുംബങ്ങൾ ഒരുമിച്ച് താമസിക്കുന്ന മലയാളിക്കൂട്ടുകുടുംബത്തറവാട് പോലെയാണ് യു.എ.ഇ. അതിന്റെ നടുമുറ്റമാണ് ദുബായ്. ആ തറവാടിന്റെയാകെ സിരാകേന്ദ്രം.
ആദ്യമായി ദുബായിയിൽ പോകുന്നത് 1997-ൽ ആണ്. ഈസ്റ്റ് കോസ്റ്റ് വിജയന്റെ 'കിലുക്കം' എന്ന് സ്റ്റേജ് ഷോയുടെ ഭാഗമായിട്ടായിരുന്നു യാത്ര. ലോഹിസാറും കൈതപ്രം തിരുമേനിയുമായിരുന്നു സംഘത്തിലെ ഏറ്റവും മുതിർന്നവർ. പിന്നെ ജനാർദനേട്ടൻ,ഇന്ദ്രൻസേട്ടൻ,കോട്ടയം നസീർ,പ്രേംകുമാർ,ദിവ്യഉണ്ണി,പ്രദീപ് സോമസുന്ദരം,സംഗീത തുടങ്ങിയവരുമുണ്ടായിരുന്നു. പിന്നീട് സ്റ്റേജ് ഷോകളുടെ സംവിധായകനായി ശ്രദ്ധനേടിയ എൻ.വി.അജിത്തിന്റെ ആദ്യ ഷോയായിരുന്നു അത്. ഒമാൻ,ഖത്തർ എന്നിവിടങ്ങൾക്കുശേഷമാണ് ഞങ്ങൾ ദുബായിയിലെത്തിയത്.
അന്ന് ദുബായിയെക്കുറിച്ച് കേട്ടറിവുമാത്രമേയുണ്ടായിരുന്നുള്ളൂ എനിക്ക്. കടലിനക്കരെയുള്ള ഒരു സ്വപ്നനഗരം എന്നതായിരുന്നു കേൾവികളിലൂടെ മനസ്സിലുണ്ടായിരുന്ന സങ്കല്പം. ഒരിക്കൽപോലും അവിടെയെത്തുമെന്ന് ചിന്തിച്ചിരുന്നുമില്ല. പക്ഷേ സിനിമ എന്നെ ആ മായാനഗരിയിലേക്ക് കൂട്ടിക്കൊണ്ടുപോയി. മരുഭൂമി ആദ്യമായി കാണുന്നത് ആ യാത്രയിലാണ്. ഈ പൊള്ളുന്ന വെയിലിലാണല്ലോ കേരളത്തിൽ നിന്നുള്ള ഒരുപാട്പേർ അധ്വാനിക്കുന്നത് എന്ന് ആലോചിച്ചപ്പോൾ എളുപ്പത്തിൽ പണംകായ്ക്കുന്ന നഗരം എന്ന പ്രതിച്ഛായ ഉള്ളിൽ നിന്ന് പതിയെ മാഞ്ഞു.
പിന്നീട് ഒരുപാട് തവണ സ്റ്റേജ് ഷോകളും മറ്റുമായി ദുബായിയിലെത്തി. ആഴ്ചയ്ക്കാഴ്ചയ്ക്ക് മുഖം മാറിക്കൊണ്ടിരിക്കുന്ന നഗരമാണ് ദുബായ് എന്നാണ് തോന്നിയിട്ടുള്ളത്. ആദ്യമായി ഞാൻ കണ്ട ദുബായ് അല്ല അടുത്തതവണയെത്തിയപ്പോൾ കണ്ടത്. പിന്നീട് ഓരോ തവണയും കണ്ടത് ഓരോ ദുബായ്. അമ്മയ്ക്ക് വലിയൊരു ആഗ്രഹമായിരുന്നു അവിടെ പോകണമെന്ന്. ആദ്യമായി പോയപ്പോൾ അച്ഛനും അമ്മയും കൂടെയുണ്ടായിരുന്നെങ്കിലും ഏറ്റവും പുതിയ ദുബായ് കാണണമെന്നായിരുന്നു അമ്മയുടെ മോഹം. അങ്ങനെ മൂന്നുവർഷം മുമ്പ് അമ്മയുമായി ദുബായിയിലെത്തി. അമ്മ കൊതിച്ചപോലെ അന്നത്തെ ദുബായ് കണ്ടു. പക്ഷേ അടുത്തിടെ പോയപ്പോൾ കണ്ടത് അതിൽ നിന്ന് എത്രയോ മാറിയ മറ്റൊരിടമാണ്. അമ്മയുമായി പോയ സ്ഥലങ്ങൾക്കൊക്കെ പുതിയമുഖഛായ.
ഇന്നിപ്പോൾ ബാംഗ്ലൂരോ മുംബൈയിലോ പോകുന്നതുപോലെയാണ് മലയാളികൾ ദുബായിയിൽ പോയിവരുന്നത്. അത്രയും അരികത്തുള്ള ഒരിടമാണത്. അതുകൊണ്ടുതന്നെ മലയാളസിനിമാ പ്രമോഷൻ ചടങ്ങുകൾക്ക് ഇപ്പോൾ ദുബായിയും സ്ഥിരം വേദിയാണ്. കൊച്ചിയിലെ ഒരു ഹോട്ടലിൽ ഇരുന്ന് സംസാരിക്കുന്നതുപോലെയാണ് ദുബായിയിലിരുന്ന് സിനിമയെക്കുറിച്ച് സംസാരിക്കുമ്പോൾ തോന്നുക. ദുബായി മലയാളിയെ അത്രത്തോളം സ്നേഹിക്കുന്നുണ്ട് എന്ന് തോന്നും അപ്പോൾ. തിരിച്ചും അങ്ങനെതന്നെയാണ്. മലയാളി ഈ മഹാനഗരത്തെയും അഗാധമായി സ്നേഹിക്കുന്നു. പരസ്പരമുള്ള ഈ പുണരൽ രണ്ടുഹൃദയങ്ങളുടെ ചേർന്നിരിപ്പ് കൂടിയാണ്.
നേരത്തെ പറഞ്ഞതുപോലെ ലോകത്തുള്ള എല്ലാ സംസ്കാരങ്ങളുടെയും നിറങ്ങൾ ഒരു പാലറ്റിലെന്നോണം ദുബായിയിൽ കൂടിക്കലരുന്നു. അല്ലെങ്കിൽ എല്ലാ നാടുകളിലെയും രുചികളും രീതികളും ഒരു മിക്സിങ് ബൗളിലെപ്പോലെ ഇവിടെ ഒരുമിക്കുന്നു. ലോകത്തുള്ള എല്ലാ വിഭവങ്ങളും വിളമ്പിവച്ചൊരു മേശയെന്നും ഈ നഗരത്തെ വിളിക്കാം. ഭക്ഷണത്തിലുൾപ്പെടെ എന്തിലും ദുബായ് പുലർത്തുന്നതും ലോകനിലവാരം തന്നെ. ഈ ഗുണമേന്മയാണ് ലോകമെങ്ങും നിന്നുള്ളവരുടെ പ്രിയപ്പെട്ട ഷോപ്പിങ് ഡസ്റ്റിനേഷനായി ദുബായിയെ മാറ്റുന്നത്.
ദുബായിൽ എല്ലാ രാജ്യാക്കാരുമുണ്ടെങ്കിലും സക്സസ് റേറ്റ് എടുത്തുനോക്കിയാൽ ഒരുപക്ഷേ ഇന്ത്യക്കാരാകും മുമ്പിൽ. അതിൽതന്നെ മലയാളികൾ. ഇന്ന് ആ നഗരത്തിന്റെ ഉയരങ്ങളിലെല്ലാം മലയാളിസാന്നിധ്യമുണ്ട്; എന്തിന് ദുബായിയുടെ അടയാളമായ ബുർജ് ഖലീഫയിൽപോലും. ദുബായ് നഗരത്തിന്റെ സാമ്പത്തികമേഖലയെ ചലപ്പിക്കുന്നതിൽ മലയാളിവ്യവസായികൾ വഹിക്കുന്ന പങ്ക് ആ അംബരച്ചുംബിയോളം വളർന്നുനില്കുന്നു.
പക്ഷേ ആകാശം മുട്ടുന്ന കെട്ടിടങ്ങളുടെയും അത്യാഡംബരനൗകകളുടെയും സപ്തനക്ഷത്രങ്ങൾക്കപ്പുറമുള്ള സൗകര്യങ്ങൾ ഒരുക്കി വിരുന്നുവിളിക്കുന്ന ഹോട്ടലുകളുടെയുമെല്ലാം ദുബായിയുടെ അരികത്തുതന്നെ മറ്റൊരു ദുബായിയുമുണ്ട്. അവിടത്തെ ലേബർ ക്യാമ്പുകളിൽ കാണുന്നത് പളപളപ്പില്ലാത്ത മനുഷ്യജീവിതമാണ്. തീവണ്ടിബർത്തുകളിലെപ്പോലെ അട്ടിയിട്ടിരിക്കുന്ന ഇത്തിരിപ്പോന്ന സ്ഥലത്ത് കിടന്ന് നാടിനെക്കുറിച്ചോർത്ത് വേദനിച്ചുകൊണ്ടേയിരിക്കുന്നവർ. വെയിലിൽ കരുവാളിച്ചവരുടെയും മരുഭൂമിയിൽ വെന്തുരുകുന്നവരുടെയും ലോകമാണത്.
പണ്ട് മൊബൈൽ ഫോണും വാട്സ് ആപ്പും വീഡിയോ കോളുമൊന്നുമില്ലാതിരുന്ന ഒരു കാലത്ത് ഇങ്ങനെയുള്ള ഇടങ്ങളിലിരുന്ന് കുറേ മനുഷ്യർ നാട്ടിലെ പ്രിയപ്പെട്ടവർക്ക് കത്തുകളെഴുതി. 'ദുബായ് കത്തുകൾ'. അതായിരുന്നു അവരുടെ ആകെയുള്ള ആശ്വാസം. ചുടുനിശ്വാസങ്ങൾ നിറഞ്ഞതും കണ്ണീരിൽ നനഞ്ഞതുമായിരുന്നു അക്ഷരങ്ങൾ. അതുവരുന്നതും കാത്ത് കേരളത്തിലെ ഏതൊക്കയോ ദേശങ്ങളിൽ ഒരുപാട് പേർ വഴിക്കണ്ണുമായി കാത്തിരിപ്പുണ്ടായിരുന്നു. അങ്ങനെ വിരഹത്തിന്റെയും കാത്തിരിപ്പിന്റെയും ചൂടുകൂടി നിറഞ്ഞ നഗരമായിരുന്നു പണ്ടത്തെ ദുബായ്.
പണ്ടൊക്കെ സ്റ്റേജ് ഷോകൾക്ക് ചെല്ലുമ്പോൾ ഇങ്ങനെ ലേബർ ക്യാമ്പുകളിൽ നിന്നെത്തിയ ഒരുപാടുപേരെ കണ്ടിട്ടുണ്ട്. ദു:ഖങ്ങൾക്ക് അന്ന് അവർ അവധി കൊടുക്കും. പാട്ടും നൃത്തവും സ്കിറ്റുമെല്ലാം കാണുമ്പോൾ അവർ കുറച്ചുനേരത്തേക്ക് എല്ലാം മറക്കും. നാട്ടിലെ ഏതോ തിയേറ്ററിലിരിക്കുകയാണെ ന്നായിരിക്കും അവർ അപ്പോൾ സങ്കല്പിക്കുന്നുണ്ടാകുക. അല്പസമയത്തേങ്കിലും നാടിന്റെ ഓർമകളെ തിരികെപ്പിടിക്കാനുള്ള ഉപാധിയുമായിരുന്നു അവർക്കത്. ഒരുപക്ഷേ അതിനായി അവർ ചെലവിട്ടിട്ടുണ്ടാകുക ആ മാസം വീട്ടിലേക്ക് അയയ്ക്കാൻ വച്ച പണത്തിന്റെ ഒരു പങ്ക് ആയിരിക്കും. ചിരിക്കും സന്തോഷത്തിനും അല്പനേരം മാത്രമാണ് ആയുസ്സ്. അതിനുശേഷം പഴയതുപോലെ ലേബർക്യാമ്പുകളിലെ ഏകാന്തതയിലേക്ക് മടങ്ങിയാൽ പിറ്റേന്നുമുതൽ അത്യധ്വാനം ചെയ്യണം. എങ്കിൽമാത്രമേ സ്റ്റേജ് ഷോ കാണാൻ മുടക്കിയ പണം തിരിച്ചുപിടിക്കാനാകൂ. അത് പ്രതീക്ഷിച്ച് കാത്തിരിക്കുന്ന കുറേപ്പേർ അങ്ങകലെയുണ്ട്.
ഇങ്ങനെ നോക്കുമ്പോൾ കിനാവുകളുടെയും കണ്ണീരിന്റെയും നഗരമാണ് ദുബായ്. അവിടത്തെ മലയാളി ജീവിതങ്ങൾ അതുരണ്ടും നിറഞ്ഞതാണ്. പണ്ട് പത്തേമാരിയിൽ വന്നണഞ്ഞവരുടെയും ഇപ്പോൾ വിമാനത്തിൽ വരുന്നവരുടെയും ഉള്ളിൽ ഒന്നുമാത്രമാണ്-ജീവിതം. ദുബായി ഒരു സത്രമെന്നോണം എല്ലാവർക്കും അഭയമൊരുക്കുന്നു. പ്രിയപ്പെട്ട നഗരമേ,തുടരുക...എന്റെ നാടിന് തുണയാകുക...
(തുടരും)