

ഒരു ദിവസത്തെ യാത്രക്കിടയിൽ നമ്മൾ എത്രപേരെ കടന്നുപോയിട്ടുണ്ടാകും! ഒന്നുകിൽ എതിരേ..അല്ലെങ്കിൽ മറികടന്ന്...യാത്രക്കിടയിൽ മരങ്ങൾ പോലെ തന്നെയാണ് മനുഷ്യരും. നമുക്ക് നേരെ വന്ന് പിന്നോട്ട് മറഞ്ഞും,നമ്മളാൽ മറികടക്കപ്പെട്ടും അപ്രത്യക്ഷമാകുന്നവ. എണ്ണം അനേകമെങ്കിലും അവയിൽ ചിലത് ഉള്ളിൽ പതിഞ്ഞുകിടക്കും. ചിലപ്പോൾ അല്പനേരത്തേക്ക്..അല്ലെങ്കിൽ ഒരു ദിവസത്തേക്ക്..ചിലപ്പോഴൊക്കെ എന്നേക്കുമായിട്ടും. പൂത്തുനിന്നോ ഇലകൊഴിഞ്ഞോ നമ്മുടെ ശ്രദ്ധയിലേക്ക് കടന്നുവരുന്ന മരങ്ങളെപ്പോലെയുള്ള മനുഷ്യർ.
കഴിഞ്ഞദിവസത്തെ ഏകാന്തമായ ഒരു രാത്രിയാത്ര. നിരത്തിൽ അധികം വാഹനങ്ങളില്ല. മരങ്ങളെപ്പോലെ മനുഷ്യരും നിഴൽരൂപങ്ങളായി തോന്നിക്കുന്നു. മുന്നേ ഒരു സ്കൂട്ടർ പോകുന്നുണ്ട്. കാർ മെല്ലെ അതിനോട് അടുത്തപ്പോൾ മനസ്സിലായി,ഓടിക്കുന്നത് പോലീസ് യൂണിഫോമിലുള്ള ഒരു പെൺകുട്ടിയാണ്. ദൂരേയേതോ ലക്ഷ്യത്തിലേക്ക് കണ്ണയച്ചാണ് അവൾ വാഹനമോടിക്കുന്നത്. മെല്ലെ ആ പെൺകുട്ടിയെ മറികടക്കുമ്പോൾ ഒന്ന് പാളിനോക്കി. വലിയ വഴിവിളക്കിൽ നിന്നുള്ള മഞ്ഞവെളിച്ചം അവളുടെ കാക്കിയിലേക്ക് വീണുകലരുന്നു. ഒരു മാത്രകൊണ്ട് അവൾ പിന്നിലേക്ക് മറഞ്ഞുപോയൊരു മഞ്ഞമരമായി.
ഒരു പകൽ മുഴുവൻ നീണ്ട ജോലിഭാരം ഈ യാത്രയിലായിരിക്കാം ഒരുപക്ഷേ അവൾ കുടഞ്ഞുകളയുന്നത്. അല്ലെങ്കിൽ വീട്ടിൽ കാത്തിരിക്കുന്നവർക്കരികിലേക്കെത്താനുള്ള ധൃതിയിലുമാകാം. ആ ദിവസം അവളും എത്രയെത്ര മനുഷ്യരെ കടന്നുപോയിട്ടുണ്ടാകാം..കള്ളന്മാർ,കൊലപാതകികൾ,കണ്ണീരുവീണ കടലാസുകളുമായി പരാതി പറയാൻ വന്നവർ,അപകടത്തിന്റെ ചോരപുരണ്ടവർ...അല്ലെങ്കിൽ ഒരു കഷണം കയറിലോ,ഒരു കുപ്പി വിഷത്തിലോ സ്വയം അവസാനിപ്പിച്ചവർ...അവൾ കണ്ടതൊന്നും അത്ര സുഖകരമായ കാഴ്ചകളായിരിക്കില്ല.
ഒരിക്കൽ ഞാനും കൊതിച്ചിരുന്നു പോലീസുകാരിയാകണമെന്ന്. കുട്ടിക്കാലത്ത്,ആരാകണം എന്ന പതിവ്ചോദ്യത്തിന് എന്റെ ഉത്തരം 'പോലീസ്' എന്നായിരുന്നു. കാക്കിയിലേക്ക് എന്റെ ബാല്യകാലമോഹങ്ങളെ കൈപിടിച്ചുകൊണ്ടുപോയത് രേഖ എന്ന ബോളിവുഡ് അഭിനേത്രിയാണ്. ഇന്ത്യൻസിനിമയിലെ തന്നെ ഏറ്റവും തിളക്കമുള്ള നക്ഷത്രങ്ങളിലൊന്നിലേക്ക് നേർരേഖ വരച്ചത് 'ഫൂൽ ബനെ അംഗരേ' എന്ന സിനിമയാണ്. രജനികാന്തും രേഖയും ഒരുമിച്ചഭിനയിച്ച ചിത്രം.
അതിൽ നമ്രത സിങ് എന്ന അധ്യാപികയുടെ വേഷത്തിലാണ് സിനിമ തുടങ്ങുമ്പോൾ രേഖ. പോലീസുദ്യോഗസ്ഥനായ ഭർത്താവിന്റെ കൊലപാതകികളോട് പകരം ചോദിക്കാൻ പിന്നീട് പോലീസിൽ ചേരുകയാണ് അവർ. കാക്കിത്തൊപ്പിയും യൂണിഫോമും അരയിൽ സർവ്വീസ് റിവോൾവറുമായി തലകുനിക്കാത്ത ഒരുപെൺമരമായി മുന്നിൽ വളർന്നു നിന്ന രേഖയെ കണ്ട് ഉറപ്പിച്ചു,ഞാനും ഒരു പോലീസുകാരിയാകും. 'ഫൂൽ ബനേ അംഗരേ' എന്നാൽ കനലായി മാറിയ പൂവ്. പൂവിൽ നിന്നുള്ള കനലിലേക്കുള്ള രേഖയുടെ പരിണാമം, ആ സിനിമ കണ്ടതിനുശേഷമുള്ള ദിവസങ്ങളിലത്രയും ഉള്ളിൽ ആഗ്രഹത്തിന്റെ തീ കോരിയിട്ടു.
പക്ഷേ ആഗ്രഹിക്കുക മാത്രമേ ചെയ്തുള്ളൂ. അതിനായി അധ്വാനിച്ചില്ല. പോലീസുകാരിയാകുന്നതിനുള്ള ശാരീരികപരിശീലനങ്ങളോ കായികക്ഷമത വർധിപ്പിക്കുന്നതിനുള്ള പ്രവൃത്തികളോ ഒന്നും ഞാൻ ചെയ്തില്ല. പകരം കാലം എന്ന കലാവേദികളിലേക്കാണ് കൂട്ടിക്കൊണ്ടുപോയത്. നൃത്തവും ചിലങ്കയും കലോത്സവവേദികളുമായപ്പോൾ ഞാൻ നമ്രത സിങ്ങിനെ മറന്നു. പോലീസുകാരിയാകണം എന്ന ആഗ്രഹം എന്നോ മനസ്സിൽന്ന് ജലരേഖപോലെ മാഞ്ഞുപോയി.
പക്ഷേ അഭിനയിച്ചുതുടങ്ങിയപ്പോൾ കാക്കി വീണ്ടും കിനാവുകളിലേക്ക് വന്നു. അതിന് കാരണം മമ്മൂക്കയും സുരേഷേട്ടനുമാണ്. അവർ അഭിനയിച്ച പോലീസ് കഥാപാത്രങ്ങളുണ്ടാക്കുന്ന ഓളത്തിൽ ആവേശം കൊണ്ടവരിലൊരാളായിരുന്നു ഞാനും. സ്ക്രീനിൽ ഏറ്റവും കൂടുതൽ പ്രകമ്പനം സൃഷ്ടിക്കാനാകുക പോലീസ് കഥാപാത്രങ്ങൾക്കാണ്. അത് പലവട്ടം തെളിയിച്ചവരാണ് മമ്മൂക്കയും സുരേഷേട്ടനും. എണ്ണത്തിൽ കുറവെങ്കിലും ലാലേട്ടന്റെ പോലീസ് വേഷങ്ങൾക്കുമുണ്ടായിരുന്നു അതേ തീവ്രത. പക്ഷേ അഭിനയജീവിതത്തിന്റെ ആദ്യപകുതിയിൽ എന്നെ തേടിവന്നതുമുഴുവൻ നാട്ടിൻപുറഛായയിലുള്ള പെൺകുട്ടികളുടെ കഥാപാത്രങ്ങളായിരുന്നു. ഒരു സാദാ പോലീസുകാരിയായിപ്പോലും എനിക്ക് അഭിനയിക്കാനായില്ല.
പക്ഷേ രണ്ടാംപകുതിയിൽ അതിന് സാധിച്ചു. 'വേട്ട' ആയിരുന്നു ആ സിനിമ. വേഷം പോലീസ് കമ്മീഷണറുടേത്. പേര് ശ്രീബാല ഐപിഎസ്. കഥ കേട്ടപ്പോൾ മുതൽ ആകാംക്ഷയായിരുന്നു,എന്നാണ് കാക്കിയിടാനാകുക...ഷൂട്ട് തുടങ്ങിയപ്പോഴും ആ ദിവസത്തിനുവേണ്ടിയായിരുന്നു കാത്തിരിപ്പ്.
ഓർമകളിപ്പോൾ തെന്നിത്തെറിച്ച് രാജേഷ് പിള്ളയിലേക്ക് പോകുന്നു. രാജേഷിന്റെ അവസാനചിത്രമായിരുന്നു 'വേട്ട'. അതിന്റെ ചിത്രീകരണത്തിനിടെ മരണം ഏതാണ്ട് അടുത്തെത്തിയെന്നുറപ്പിച്ചിരുന്നു രാജേഷ്. അതുകൊണ്ടുതന്നെ ഇടയ്ക്കൊക്കെ ഇടറിപ്പോകുമായിരുന്നു. അപ്പോഴൊക്കെ, ചാക്കോച്ചനും ഇന്ദ്രനും രാജേഷിന്റെ ഭാര്യ മേഘയും ഞാനും...അങ്ങനെ ഞങ്ങൾ സെറ്റിലുള്ളവരെല്ലാം കൈപിടിച്ചു. പക്ഷേ ആ നിമിഷങ്ങളിലും രാജേഷിന്റെ കണ്ണിലുണ്ടായിരുന്നത് മരണം മുന്നിൽവന്നുനില്കുന്നതിന്റെ ഭയമല്ല,സിനിമയോടുള്ള അടങ്ങാത്ത അഭിനിവേശമായിരുന്നു. ചെയ്തുതീർക്കാൻ കൊതിച്ച അനേകം സിനിമകളുടെ കഥകൾ മരണത്തെ തോല്പിച്ച് രാജേഷിന്റെ കണ്ണുകളിൽ പ്രകാശം നിറച്ചുകൊണ്ടേയിരുന്നു.
ഒരിക്കൽ ജീവിതത്തിൽ ഇടണമെന്ന് കൊതിച്ച, അഭിനയിച്ചുതുടങ്ങിയപ്പോൾ അണിയാൻ ആഗ്രഹിച്ച ആ പോലീസ് വേഷം ആദ്യമായി എനിക്ക് തന്നത് രാജേഷാണ്. 'വേട്ട'യുടെ ഷൂട്ട് മുന്നോട്ടുപോകവേ ഒരു ദിവസം എനിക്ക് മുന്നിലേക്ക് കോസ്റ്റ്യൂമർ എടുത്തുനീട്ടി; തോളിൽ നക്ഷത്രമുള്ള ഒരു കാക്കിക്കുപ്പായം. എങ്ങനെ വേണം അത് ധരിക്കാൻ എന്ന് പറഞ്ഞുതരാൻ ഒരാളുണ്ടായിരുന്നു. സിനിമകളിൽ കോൺസ്റ്റബിൾ മുതൽ എസ്.പി യെ വരെ അവതരിപ്പിച്ച പ്രിയപ്പെട്ട കുട്ടേട്ടൻ(വിജയരാഘവൻ). 'വേട്ട'യിലും അദ്ദേഹത്തിന് പോലീസ് വേഷമായിരുന്നു. അഭിനയിക്കുമ്പോൾ അണിയുന്ന മറ്റുവേഷങ്ങളെപ്പോലെ കാക്കിക്കുപ്പായത്തെ കാണരുത് എന്നു പറഞ്ഞുതന്നത് കുട്ടേട്ടനാണ്. 'അതിനോട് നമ്മൾ എപ്പോഴുമൊരു ബഹുമാനം സൂക്ഷിക്കണം'-കുട്ടേട്ടൻ പറഞ്ഞു. എന്താണ് അങ്ങനെ പറയാൻ കാരണമെന്ന് എനിക്ക് അപ്പോൾ മനസ്സിലായില്ല.
എന്റെ കൈകളിലിരുന്ന ആ കാക്കിവേഷത്തിലേക്ക് ഞാൻ ഒന്നുകൂടി നോക്കി. ഒരു കഥാപാത്രത്തിന്റെ വേഷത്തിനുമപ്പുറം അതിനുള്ള വൈകാരികത അപ്പോൾ മുതൽ ശരീരത്തിലേക്ക് അരിച്ചുകയറുകയായിരുന്നു. ഒടുവിൽ വിറയാർന്ന കൈകൾ കൊണ്ട് ഞാനതണിഞ്ഞു. മനസ്സിലപ്പോൾ എന്നിലേക്ക് കാക്കിയണിയണമെന്ന ആഗ്രഹത്തിന്റെ തീക്കനൽ നിറച്ച രേഖമുതൽ മമ്മൂക്കയും ലാലേട്ടനും സുരേഷേട്ടനുമെല്ലാം കടന്നുപോയി. അവരൊക്കെയും പലവട്ടം അണിഞ്ഞ ആ നിറം ആദ്യമായി ഇതാ എന്നിലും...കണ്ണാടിയിലേക്ക് നോക്കിയപ്പോൾ ഏതോ ഒരു ഉത്തരവാദിത്തത്തിന്റെ ഊർജം ഉള്ളിൽ നിറയുന്നതുപോലെ. ഇതായിരിക്കാം ഒരുപക്ഷേ കാക്കിയുടെ പവർ! ഞാനപ്പോൾ കുട്ടേട്ടൻ പറഞ്ഞ വാക്കുകളുടെ അർഥം തിരിച്ചറിഞ്ഞു.
ആദ്യമായി കാക്കിവേഷമിട്ടുനിന്ന എനിക്ക് അതിന്റെ കോളറും ടക്ക് ഇന്നും ചുമലിലെ നക്ഷത്രങ്ങളും ഒക്കെ ശരിയാക്കിത്തന്നതും കുട്ടേട്ടനാണ്. ഒരു കോസ്റ്റ്യൂമറെക്കാൾ ഭംഗിയായി അദ്ദേഹം അത് ചെയ്തു. കുട്ടേട്ടൻ കോളർ മെല്ലെ ഒന്ന് പിടിച്ച് നേരെയാക്കുമ്പോൾ, തൊപ്പി ചെറുതായൊന്ന് ചെരിച്ച് വയ്ക്കുമ്പോൾ ഞാൻ അച്ഛനെ ഓർത്തു. കുട്ടിക്കാലത്ത് ആഗ്രഹിച്ച പോലെ പോലീസുകാരിയായിത്തീർന്നിരുന്നെങ്കിൽ ആദ്യമായി പോലീസ് യൂണിഫോമിട്ട് മുന്നിൽ വരുന്ന നേരം അച്ഛനും ഒരുപക്ഷേ ഇങ്ങനെയൊക്കെയാകും ചെയ്യുക.
സേനയിലല്ലാതെ പോലീസ് വേഷം അണിയാൻ അനുമതിയുള്ളവർ അഭിനേതാക്കൾ മാത്രമാണ്. അത് അവർക്ക് മാത്രം കിട്ടുന്ന പ്രിവിലജ് ആണ്. അതുകൊണ്ടാണ് മറ്റുവേഷങ്ങളിൽ നിന്ന് അത് വ്യത്യസ്തമാകുന്നതും. ഡ്രൈവറുടെ കാക്കിയിൽ നിന്ന് പോലീസിന്റെ കാക്കി വേറിട്ടുനില്കുന്നത്,അത് വെറുമൊരു നിറമല്ലാതായിത്തീരുന്നത് അവിടെയാണ്. ജീവിതത്തിൽ കൊതിച്ച വേഷത്തെ അഭിനയത്തിലൂടെ എനിക്ക് സമ്മാനിച്ച പ്രപഞ്ചശക്തിയെ പ്രണമിക്കുകയായിരുന്നു ആ കണ്ണാടിക്ക് മുന്നിൽ നില്കുമ്പോൾ ഞാൻ.
'വേട്ട'യ്ക്ക് ശേഷം, പോലീസ് ഉദ്യോഗസ്ഥരോടുള്ള എന്റെ ആദരവ് കൂടി. പട്ടാളം അതിർത്തികളിൽ ചെയ്യുന്നത് നിരത്തുകളിലും നമ്മുടെ നിത്യജീവിതത്തിലും പോലീസ് ചെയ്യുന്നു. അവരുടെ കാവലാണ് നമ്മുടെ കരുത്ത്. അവർ ഉറങ്ങാതിരിക്കുമ്പോൾ നമ്മൾ സുഖമായുറങ്ങുന്നു. കേരളാ പോലീസ് രാജ്യത്തെ ഏറ്റവും മികച്ച സേനകളിലൊന്നുതന്നെ എന്നതിന് എത്രയോ സംഭവങ്ങൾ സാക്ഷി പറയും.
അവരുടെ അന്വേഷണ മികവ് കണ്ട് ഞാൻ ഞെട്ടിയത് സംവിധായകൻ ജോഷിസാറിന്റെ കൊച്ചിയിലെ വീട്ടിൽ മോഷണം നടന്നപ്പോഴാണ്. വൻനഗരങ്ങളിലെ വീടുകളിൽ മോഷണം നടത്തി കടന്നുകളയുന്ന രാജ്യാന്തരമോഷ്ടാവിനെ കൊച്ചി സൗത്ത് അസിസ്റ്റന്റ് കമ്മീഷണർ രാജ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ഒറ്റപ്പകൽ കൊണ്ട് കർണാടകയിൽനിന്ന് പിടികൂടിയ വാർത്ത വായിച്ചപ്പോൾ ഹൃദയം കൊണ്ട് ആ ഉദ്യോഗസ്ഥർക്ക് സല്യൂട്ട് ചെയ്തുപോയി. ഇതേ പോലീസ് തന്നെയാണ് പ്രളയമുണ്ടാകുമ്പോൾ,മഹാമാരി വരുമ്പോൾ,എന്തിന്..ഒരു രാത്രിയിൽ ഒറ്റയ്ക്ക് നടക്കേണ്ടിവരുമ്പോൾ പോലും നമ്മുടെ രക്ഷയ്ക്കെത്തുന്നത്. അവർ തന്നെയാണ് ഉറങ്ങാതിരുന്നത് ശബരിമലതീർഥാടകർക്ക് വഴിയോരത്ത് ചുക്കുകാപ്പി നല്കുന്നതും..
ഒരു സ്ത്രീയായതുകൊണ്ടുതന്നെ സേനയിലെ വനിതാ ഉദ്യോഗസ്ഥരിലേക്ക് നീളാറുണ്ട് പലപ്പോഴും കണ്ണുകൾ. ബഹുമാനപ്പെട്ട അജിതാ ബീഗം,നിശാന്തിനി,മെറിൻ ജോസഫ്,ഐശ്വര്യ ഡോംഗ്രേ,ഡി.ശില്പ,ഹർഷിത അട്ടല്ലൂരി,ചൈത്രാ തെരേസ ജോൺ തുടങ്ങി ഉന്നതതസ്തികയിലുള്ളവർ മുതൽ ജീവിതത്തിലെ കഠിനപാതകൾ താണ്ടി എസ്.ഐ ആയി മാറിയ ആനി ശിവ, മൃതദേഹം വിട്ടുകിട്ടാൻ ആഭരണം ഊരിനല്കുകയും ആംബുലൻസിന് വഴിയൊരുക്കാൻ മുന്നിലോടുകയും ചെയ്ത അപർണ ലവകുമാർ തുടങ്ങിയവർ വരെയുള്ളവരുടെ പേരുകൾ അങ്ങനെയാണ് ഉള്ളിൽ പതിഞ്ഞത്. പേരറിയാത്ത, പ്രയത്നത്താൽ സേനയ്ക്ക് അഭിമാനമാകുന്ന പിന്നെയും എത്രയോ എത്രയോ പേർ...എല്ലാവർക്കുമായി വാക്കുകളിലൂടെയുള്ള സല്യൂട്ട്.
മർദനത്തിന്റെയും അഴിമതിയുടെയും പേരിൽ പഴികേൾക്കാറുണ്ട് നമ്മുടെ പോലീസ് സേന. പലപ്പോഴും അതിലൊക്കെ സത്യമുണ്ടുതാനും. പക്ഷേ അത് സേനയെ മുഴുവൻ അടച്ചാക്ഷേപിക്കലായി മാറുന്നതിനോട് വ്യക്തിപരമായി യോജിപ്പില്ല. എല്ലാ തൊഴിൽമേഖലയിലുമുള്ളതുപോലെ പോലീസിലുമുണ്ട് നല്ലവരും ചീത്തവരും. 'പുഴുക്കുത്തുകൾ' എന്ന് പലവട്ടംകേട്ടുപഴകിയ പ്രയോഗം ആവർത്തിക്കുന്നില്ല. വെളുപ്പിന് കറുപ്പെന്നപോലെയും പകലിന് രാത്രിയെന്ന പോലെയും വെളിച്ചത്തിന് ഇരുട്ടെന്ന പോലെയുമുള്ള ഒരു മറുപകുതി പോലീസിന്റെ കാര്യത്തിലുമുണ്ട്. അതുകൊണ്ട് എല്ലായിടവും കറുപ്പും രാത്രിയും ഇരുട്ടും മാത്രമാണെന്ന് പറയുന്നത് ശരിയല്ലല്ലോ.
ഈ വരികൾ എഴുതുമ്പോഴും ഓർക്കുന്നത് ആ രാത്രിയാത്രയിൽ ഞാൻ മറികടന്നുപോയ ആ പോലീസ് പെൺകുട്ടിയെയാണ്. 'വേട്ട'യിൽ ഞാനിട്ട കുപ്പായം തന്നെയാണ് അവളുടേതും. ആ കാക്കിപ്പെൺകുട്ടിയിപ്പോൾ ഏതെങ്കിലും നിരത്തിൽ വിയർത്തൊലിച്ച് വാഹനങ്ങൾക്കും കാൽനടക്കാർക്കും വഴിയൊരുക്കുന്നുണ്ടാകാം. അല്ലെങ്കിൽ ഇരച്ചുവരുന്ന സമരക്കാരുടെ മുദ്രാവാക്യങ്ങൾക്ക് നടുവിൽ ബാരിക്കേഡ് മുന്നോട്ടുതള്ളി നില്കുന്നുണ്ടാകാം..അല്ലെങ്കിൽ, 'രക്ഷിക്കണേ..' എന്ന ഒരു വിലാപത്തിന്റെ ഉറവിടംതേടി പായുകയുമാകാം...
(തുടരും)