

തന്റെ ജീവകാരുണ്യപ്രസ്ഥാനമായ കെയർ ആന്റ് ഷെയറിൽ ഭിന്നിപ്പുണ്ടാക്കാൻ ശ്രമിച്ചവരെ മമ്മൂട്ടി സൗമ്യമായി നേരിട്ട കഥ
സിനിമയ്ക്ക് പുറത്തും നായകനാണ് മമ്മൂട്ടി എന്ന് തെളിയിക്കുന്ന അനുഭവക്കുറിപ്പ്
ഏതാണ്ട് പതിനാറുവർഷം മുമ്പാണ് കെയർ ആന്റ് ഫൗണ്ടേഷൻ രൂപംകൊണ്ടത്. അതിന്റെ ആശയവും സംവിധാനവുമെല്ലാം മമ്മൂക്ക തന്നെയായിരുന്നു. എങ്ങനെ വേണം ആ കാരുണ്യപ്രസ്ഥാനം എന്നതിനെക്കുറിച്ച് അദ്ദേഹത്തിന്റെ മനസ്സിൽ വ്യക്തമായ രൂപരേഖയുണ്ടായിരുന്നു. അതിനനുസരിച്ചാണ് അദ്ദേഹം അതിന്റെ ചട്ടക്കൂട് തീരുമാനിച്ചത്. കെയർ ആന്റ് ഷെയറിന്റെ പ്രവർത്തനം ഒരു ഡയറക്ടർബോർഡിന്റെ മേൽനോട്ടത്തിലാകണം മുന്നോട്ടുപോകേണ്ടത് എന്നായിരുന്നു മമ്മൂക്കയുടെ തീരുമാനം. അതിലേക്കുള്ള അംഗങ്ങളെ കണ്ടെത്തിയതും അദ്ദേഹം തന്നെ. പലയാളുകളോട് സംസാരിച്ച്, അഭിപ്രായം ആരാഞ്ഞ്, ഒരുപാടു പേരുകൾ പരിശോധിച്ച് അതിൽ നിന്ന് പലവിധ മാനദണ്ഡങ്ങൾവെച്ച് അരിച്ചരിച്ചെടുത്തവരുടെ ഒരു പട്ടികയുണ്ടായിരുന്നു മമ്മൂക്കയുടെ കൈകളിൽ.
ദൈനംദിന പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകുന്ന തിനായി ഫാ.തോമസ് കുര്യനെ മാനേജിങ് ഡയറക്ടറായി തിരഞ്ഞെടുത്തു. (അതേപ്പറ്റി മുമ്പ് വിശദമായി പറഞ്ഞിട്ടുണ്ട്) ചെയർമാനായി മമ്മൂക്ക കണ്ടെത്തിയത് അബുദാബിയിലെ എസ്.എഫ്.സി ഗ്രൂപ്പിന്റെ സാരഥി കെ.മുരളീധരനെയാണ്. നോട്ടം കൊണ്ടുപോലും ഒരാളെയും വേദനിപ്പിക്കാത്ത, സൗമ്യതയുടെ ആൾരൂപം എന്ന് വിളിക്കാവുന്ന ഒരാൾ. അംഗങ്ങളായി നിശ്ചയിച്ചത് ഒരിക്കലും കളങ്കംപുരളാത്ത കുറച്ചു വ്യവസായികളെയാണ്. സ്വന്തം സമ്പാദ്യത്തിൽ നിന്ന് വേദനിക്കുന്നവർക്കായി വലിയൊരു പങ്കുതന്നെ മാറ്റിവയ്ക്കുന്ന നല്ല മനുഷ്യർ. ലാഭക്കണക്കുകൾക്കപ്പുറം അന്യന്റെ സങ്കടങ്ങളെക്കുറിച്ച് ആലോചിക്കുകയും അവർക്ക് തുണയാകുകയും ചെയ്യുന്നവർ. അവരായിരുന്നു ഡോ.വിജു ജേക്കബ്ബ്(സിന്തൈറ്റ് ഗ്രൂപ്പ്),റോയ് മുത്തൂറ്റ്(മുത്തൂറ്റ് ഗ്രൂപ്പ്)ഡോ.ഗീവർഗീസ് യോഹന്നാൻ(എം.ജി.എം ഗ്രൂപ്പ് ഓഫ് എജ്യുക്കേഷനൽ ഇൻസ്റ്റിറ്റ്യൂഷൻസ്) എന്നിവർ.
ഫൗണ്ടേഷൻ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനുള്ള ചുമതല ജോർജേട്ടനും എനിക്കുമായിരുന്നു. ജോർജേട്ടന് മമ്മൂക്കയുമായി ബന്ധപ്പെട്ട വേറെ ധാരാളം ജോലികളുള്ളതുകൊണ്ടും ജീവകാരുണ്യപ്രവർത്തനങ്ങളുടെ ഏകോപനം എന്റെ ഉത്തരവാദിത്തമായിരുന്നതുകൊണ്ടും ഏതാണ്ട് ഒറ്റയ്ക്ക് തന്നെയാണ് പുതിയ ദൗത്യം നിർവഹിക്കേണ്ടിയിരുന്നത്. കെയർ ആന്റ് ഷെയർ രൂപവത്കരണവുമായി ബന്ധപ്പെട്ട ആദ്യത്തെ യോഗം ചേരുന്നത് എന്റെ പൂർവവിദ്യാലയമായ പ്രസ് അക്കാദമിയിൽ 'ഡാഡികൂൾ' എന്ന സിനിമയുടെ സെറ്റിൽവെച്ചാണ്. അതിനുശേഷമുള്ള യോഗങ്ങൾ വിജു ജേക്കബ്ബിന്റെ ഉടമസ്ഥതയിലുള്ള കുമ്പളത്തെ റമദ ഹോട്ടലിൽ വെച്ചും. എല്ലാത്തിലും മമ്മൂക്ക പങ്കെടുത്തു. എങ്ങനെയാകണം പ്രവർത്തനരീതി,ഏതൊക്കെ മേഖലകളിലാകണം പ്രവർത്തനം എന്നതിലൊക്കെ അദ്ദേഹത്തിന് വ്യക്തമായ കാഴ്ചപ്പാടുണ്ടായിരുന്നു. അതിനുസരിച്ച് ഫൗണ്ടേഷന്റെ ആദ്യഘട്ട പ്രവർത്തനങ്ങൾ മുന്നോട്ടുപോയി.
ഞാൻ എന്നെ ഏല്പിച്ച ചുമതലകൾ വീഴ്ചവരുത്താതെ ചെയ്തുതീർത്തുപോന്നു. മമ്മൂക്കയുടെ സൗകര്യമനുസരിച്ച് യോഗങ്ങൾക്കുള്ള ഒരുക്കങ്ങൾ ചെയ്യുകയും അതിന്റെ വിവരങ്ങൾ മറ്റുഭാരവാഹികളെ യഥാസമയം അറിയിക്കുകയും ചെയ്തുകൊണ്ടേയിരുന്നു. ഇതിനിടയ്ക്ക് രജിസ്ട്രേഷൻ ഘട്ടമെത്തി. അതിന്റെ രേഖകൾ തയ്യാറാക്കുന്നതിനും പിന്നീട് ഓഡിറ്റിങ് സംബന്ധമായ പല കാര്യങ്ങളും ചെയ്തുതീർക്കേണ്ടതുകൊണ്ടും ആ മേഖലയിൽ പരിചയസമ്പന്നനായ ഒരാളുടെ സേവനം ആവശ്യമായിരുന്നു. ഡോ.വിജു ജേക്കബ്ബ് അദ്ദേഹത്തിന്റെ ഓഡിറ്ററായ എ.മോഹനന്റെ പേര് നിർദേശിച്ചു. എല്ലാവർക്കും അത് സ്വീകാര്യമായി. അങ്ങനെ അദ്ദേഹവും ഡയറക്ടർ ബോർഡിലേക്കെത്തി.
ആ സമയത്ത് ഫൗണ്ടേഷന്റെ പ്രവർത്തനങ്ങൾക്ക് പ്രൊഫഷണൽ സ്വഭാവം കൊണ്ടുവരാൻ രണ്ടുപേരുണ്ടാ കണമെന്ന അഭിപ്രായം പങ്കുവെച്ചത് തോമസ് കുര്യൻ അച്ചനാണ്. പ്രൊഫഷണൽ എക്സ്പർട്ടുകളായ രണ്ടുപേരെ അദ്ദേഹം തന്നെ നിർദേശിക്കുകയും ചെയ്തു. കേരളത്തിലെ പ്രശസ്തമായൊരു മാധ്യമസ്ഥാപനത്തിലെ ഉയർന്ന തസ്തികയിൽ നേരത്തെ ജോലിചെയ്തിരുന്ന തിരുവനന്തപുരം സ്വദേശിയായ ഒരാളായിരുന്നു അതിലൊന്ന്. മറ്റൊരാൾ ജീവകാരുണ്യ മേഖലയിൽ പ്രവർത്തിച്ചിരുന്ന കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശിയും. ഇവർ രണ്ടുപേരും ഒരുപാട് പ്രവൃത്തിപരിചയമുള്ളവരാണെന്നും സംഘടനയെ പ്രൊഫഷണലാക്കാൻ ഇവർക്ക് സാധിക്കുമെന്നുമാണ് അച്ചൻ പറഞ്ഞത്. അതനുസരിച്ച് അവരും കെയർ ആന്റ് ഷെയറിലേക്ക് കടന്നുവന്നു.
അങ്ങനെയിരിക്കെ, ഒരു ദിവസം ഡോ.വിജു ജേക്കബ്ബ് വിളിച്ചു. കഴിഞ്ഞദിവസം ഞങ്ങളൊരു മീറ്റിങ് ചേർന്നെന്നും പ്രൊഫഷണൽ എക്സ്പർട്ടുകളായി വന്ന രണ്ടുപേർ അതിൽ ചിലകാര്യങ്ങൾ അവതരിപ്പിച്ചുവെന്നുമാണ് അദ്ദേഹം പറഞ്ഞത്. ചെയർമാൻ ആരാകണം എന്നുൾപ്പെടെയുള്ള കാര്യത്തിൽ ചർച്ചവന്നുവന്നുവെന്നു പറഞ്ഞ വിജു സാർ മറ്റൊരു കാര്യം കൂടി പങ്കുവെച്ചു. ജോർജും റോബർട്ടും ഡയറക്ടർ ബോർഡിൽ വേണ്ട എന്നാണ് ആ പ്രൊഫഷണൽ എക്സ്പർട്ടുകളുടെ അഭിപ്രായം. കാരണം ഞങ്ങൾ രണ്ടുപേരും മമ്മൂക്കയുടെ സ്റ്റാഫുകളാണ്. അവരെ ബോർഡിൽ ഉൾക്കൊള്ളിക്കേണ്ടതില്ല. തിരുവനന്തപുരം സ്വദേശിയായ ആളിനാണ് ഇക്കാര്യത്തിൽ നിർബന്ധം. പക്ഷേ സ്റ്റാഫ് ആയതുകൊണ്ടല്ല, ബോർഡിലുള്ള മറ്റുള്ളവരുടെ 'സ്റ്റാറ്റസ്' വച്ചുനോക്കുമ്പോൾ ജോർജേട്ടനും ഞാനും വെറും സാധാരണ ക്കാരാണ്. അതുകൊണ്ട് ഒഴിവാക്കാം എന്ന ധ്വനിയാണ് ആ രണ്ടുപേരുടെ വാക്കുകളിലുമുണ്ടായിരുന്നത് എന്ന് വിജു സാർ എന്നോട് പറയാതെ പറഞ്ഞു. എന്നോട് പറയാനുള്ള ബുദ്ധിമുട്ടുകൊണ്ട് അദ്ദേഹം അത് തുറന്നുപറഞ്ഞില്ല എന്നേയുള്ളൂ. വിജു സാർ ഉൾപ്പെടെയുള്ളവർക്ക് ആ അഭിപ്രായമായിരുന്നില്ല. പക്ഷേ 'പ്രൊഫഷണലുകൾ' അവതരിപ്പിച്ച നിർദേശം അതായിരുന്നു.
മമ്മൂക്ക അന്ന് 'ഡാഡികൂളി'ന്റെ ഷൂട്ടിങ്ങിനായി വിദേശത്താണ്. ജോർജേട്ടനും അവിടെയാണ്. മീറ്റിങ്ങിന്റെ വിവരം അവർ രണ്ടുപേരും അറിഞ്ഞിട്ടില്ല. എന്നെയും അറിയിച്ചിട്ടില്ല. അതുകൊണ്ടുതന്നെ വിജു സാർ പറഞ്ഞതുകേട്ടപ്പോൾ ഷോക്കായിപ്പോയി. ഡയറക്ടർബോർഡിലെ അംഗത്വമൊന്നും ആഗ്രഹിച്ചിരുന്നയാളല്ല ഞാൻ. പക്ഷേ എന്നിട്ടും എന്നെ ഒഴിവാക്കണമെന്ന രീതിയിൽ ചിലർ സംസാരിച്ചുവെന്ന് കേട്ടപ്പോൾ വല്ലാത്ത വിഷമവും സങ്കടവും തോന്നി. ഞാൻ ജോർജേട്ടനെ വിളിച്ച് വിവരം പറഞ്ഞു. മമ്മൂക്ക ഇതൊന്നും അറിഞ്ഞിട്ടില്ലെന്നും അദ്ദേഹം വന്നിട്ട് ബാക്കി കാര്യങ്ങൾ തീരുമാനിച്ചോളും എന്നും ജോർജേട്ടൻ പറഞ്ഞു.
ഒരാഴ്ച കഴിഞ്ഞപ്പോൾ മമ്മൂക്ക എത്തി. വിജുസാറിനെയും തോമസ് കുര്യൻ അച്ചനെയും എന്നെയും തൃശ്ശൂരിലെ ഹോട്ടലിലേക്ക് വിളിപ്പിച്ചു. അദ്ദേഹം അന്ന് അവിടെ 'ലൗഡ് സ്പീക്കർ' എന്ന സിനിമയുടെ ഷൂട്ടിലാണ്. ഞങ്ങളവിടെ എത്തി. ആദ്യമൊക്കെ മമ്മൂക്ക കെയർ ആന്റ് ഷെയറിന്റെ കാര്യങ്ങളും പ്രവർത്തനപുരോഗതിയുമൊക്കെ ചോദിച്ചറിഞ്ഞു. അതിനുശേഷം ഡോ.വിജു ജേക്കബ്ബിനോട് ഞാനുമായി നടത്തിയ ഫോൺസംഭാഷണത്തിന്റെ വിശദവിവരങ്ങൾ ആരാഞ്ഞു. ജോർജും റോബർട്ടും ഡയറക്ടർ ബോർഡിൽ വേണ്ട എന്ന തീരുമാനം മീറ്റിങ്ങിൽ വന്ന കാര്യം വിജു സാർ മമ്മൂക്കയോടും പറഞ്ഞു. 'ആരു തീരുമാനിച്ചു?' എന്ന് അപ്പോൾ മമ്മൂക്ക. 'പുതുതായി വന്ന രണ്ട് എക്സ്പർട്ടുകൾ' എന്ന് വിജു സാർ പറഞ്ഞപ്പോൾ 'അവരെ ആരു വിളിച്ചു'വെന്ന് വീണ്ടും ചോദ്യം. 'സംഘടനയെ പ്രൊഫഷണലാക്കാൻ വേണ്ടി തോമസ് കുര്യൻ അച്ചന്റെ നിർദേശപ്രകാരം വന്നവരാണെ'ന്നും മറ്റുമുള്ള കാര്യങ്ങൾ വിജു സാർ മമ്മൂക്കയെ ധരിപ്പിച്ചു.
അപ്പോൾ മമ്മൂക്ക പറഞ്ഞു: 'കെയർ ആന്റ് ഷെയർ ഉണ്ടാക്കാൻ തീരുമാനിച്ചത് ഞാനാണ്. അതിന് ഒരുപാട് ഉദ്ദേശ്യലക്ഷ്യങ്ങളുണ്ട്. ആരുടെയും വലിപ്പച്ചെറുപ്പം നോക്കിയാകരുത് അതിന്റെ പ്രവർത്തനം. അതുശരിയല്ല. സംഘടനയ്ക്കുള്ളിൽ വലിപ്പച്ചെറുപ്പങ്ങൾ നോക്കിത്തുടങ്ങിയാൽ പിന്നെ പുറത്ത് എങ്ങനെയാകും അതിന് വേണ്ടവിധത്തിൽ പ്രവർത്തിക്കാനാകുക? ഇങ്ങനെ വലിപ്പച്ചെറുപ്പത്തിന്റെ കണ്ണിലൂടെ മറ്റുള്ളവരെ നോക്കുന്നവർ കെയർ ആന്റ് ഷെയറിലിരിക്കാൻ യോഗ്യരല്ല. ഞാനും മുരളിയുമായി സംസാരിച്ചപ്പോൾ അദ്ദേഹവും ഈ അഭിപ്രായം തന്നെയാണ് പറഞ്ഞത്. ജോർജും റോബർട്ടുമാണ് ഇതിന്റെ പ്രധാനപ്പെട്ട കാര്യങ്ങൾ നോക്കുന്നത്. അവർ ഡയറക്ടർ ബോർഡിലുണ്ടാകണം എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം.'
അപ്പോഴാണ് മമ്മൂക്ക എത്രത്തോളം ഗൗരവമായാണ് ആ വിഷയം എടുത്തിരിക്കുന്നത് എന്ന് വിജു ജേക്കബ്ബിന് മനസ്സിലായത്. 'വേറെ ആർക്കെങ്കിലും ഇവർ വരുന്നതിൽ എതിർപ്പുണ്ടോ?'-മമ്മൂക്ക ചോദിച്ചു. 'ആർക്കുമില്ല,ആ രണ്ടുപേർക്കുമാത്ര'മെന്ന് വിജു സാർ പറഞ്ഞു. 'കെയർ ആന്റ് ഷെയർ നന്മയുടെ പ്രസ്ഥാനമാണ്. അതിൽ വേർതിരിവുണ്ടാക്കാൻ ശ്രമിക്കുന്നവർ നമുക്ക് പറ്റിയ ആളുകളല്ല. പ്രൊഫഷണലുകൾ വേണം എന്നുണ്ടെങ്കിൽ നമ്മുടെ കൈയിൽതന്നെ അതിന് പറ്റിയ ആളുകളുണ്ടല്ലോ..'-മമ്മൂക്ക ഒരു വിധിപ്രസ്താവം പോലെ പറഞ്ഞുനിർത്തി. എന്നിട്ട് ഒരു ഒരു കാര്യം കൂടി അച്ചനോട് പറഞ്ഞു: 'ആ രണ്ടുപേർക്കും കൊച്ചിയിൽ വന്നുപോയതിന്റെ യാത്രാച്ചെലവ് കൊടുത്തേക്കണം.'അച്ചൻ സമ്മതിച്ചപ്പോൾ ചില മമ്മൂക്കാ സിനിമകളിലെ ഡയലോഗ് പോലെ എന്നോടായി ഒന്നുകൂടി:'ഡയറക്ടർ ബോർഡ് അംഗം എന്ന നിലയിൽ നീ വേണം ആ ചെക്ക് ഒപ്പിട്ട് അയയ്ക്കാൻ...!'
ആ അധ്യായം അതോടെ അവിടെ അവസാനിച്ചു. മമ്മൂക്കയുടെ ആത്മസുഹൃത്തും മുൻ കളക്ടറുമായ കെ.ആർ.വിശ്വംഭരൻ പ്രൊഫഷണൽ എക്സ്പർട്ടായി കെയർ ആന്റ് ഷെയർ ഡയറക്ടർ ബോർഡിലെത്തി. പിന്നീട് ഞാനറിഞ്ഞു,മുരളി സാറും റോയ് മുത്തൂറ്റ് സാറും ആ യോഗത്തിനുശേഷം മമ്മൂക്കയെ വിളിച്ചിരുന്നു. ജോർജേട്ടനെയും എന്നെയും ഒഴിവാക്കാനുള്ള തീരുമാനത്തിൽ അവർക്കും അമർഷവും പ്രതിഷേധവുമുണ്ടായിരുന്നു. എല്ലാമറിഞ്ഞു വെച്ചതിനുശേഷമായിരുന്നു മമ്മൂക്ക തൃശ്ശൂരിൽവച്ച് അസന്നിഗ്ദ്ധമായി ആ പ്രഖ്യാപനം നടത്തിയത്. 'ആ യോഗത്തിൽ പങ്കെടുത്തുപോയല്ലോ എന്ന മനോവിഷമത്താലും റോബർട്ടിനെ ഒഴിവാക്കാനുള്ള തീരുമാനം ശരിയല്ല എന്ന് തോന്നിയതിനാലുമാണ് ഫോണിൽവിളിച്ച് മീറ്റിങ്ങിന്റെ തീരുമാനങ്ങൾ വെളിപ്പെടുത്തിയതെ'ന്ന് പിന്നീട് വിജു സാറും എന്നോട് പറഞ്ഞു.
പിന്നീട് കെയർ ആന്റ് ഷെയറിന്റെ അഞ്ചാംവാർഷിക ആഘോഷവേദിയിൽ മമ്മൂക്ക ഇങ്ങനെ പ്രസംഗിച്ചു: 'കെയർ ആന്റ് ഷെയറിന്റെ പ്രവർത്തനം ഭംഗിയായിട്ടാണ് മുന്നോട്ടുപോകുന്നത്. കുറ്റങ്ങളും കുറവുകളുമുണ്ടായേക്കാം. എന്നാലും പരമാവധി ഭംഗിയായിട്ടുതന്നെ പ്രവർത്തിക്കാനാകുന്നു എന്നാണ് എന്റെ വിശ്വാസം. അതിനൊരു കാരണമുണ്ട്. കെയർ ആന്റ് ഷെയറിൽ ആർക്കും ആളാകേണ്ട കാര്യമില്ല. അത്യാവശ്യം ആളായവർ തന്നെയാണ് ഇതിലുള്ളത്. നാലഞ്ചുസിനിമയിലഭിനയിച്ചതുകൊണ്ട് എന്നെ നാലഞ്ചുപേർക്കറിയാം. മുരളി അത്യാവശ്യം വലിയ ആളാണ്. ഇതിൽ ചെയർമാനായി വരേണ്ട ആവശ്യമൊന്നും അദ്ദേഹത്തിനില്ല. അതുപോലെ തന്നെ വിജുവും റോയിയും ഗീവർഗീസ് യോഹന്നാനുമെല്ലാം അവരവരുടെ പ്രവർത്തനമേഖലയിൽ വലിയ ആളുകൾ തന്നെ. തോമസ് കുര്യൻ അച്ചനും ജോർജും റോബർട്ടുമെല്ലാം അവരുടെ രീതിയിൽ ഇതിനായി പണിയെടുക്കുന്നവരാണ്. അവർക്കും ഇതുകൊണ്ട് മറ്റ് ഉദ്ദേശ്യങ്ങൾ സാധിക്കാനില്ല. ചിലർ ഇതുകൊണ്ട് ആളാകമെന്ന് ചിന്തിച്ചിട്ടുണ്ടാകാം. അവരൊന്നും ഇന്ന് ഇതിൽ ഇല്ല. അവരെ ഞങ്ങൾക്ക് വേണ്ട....'
(തുടരും)