

2019-ലെ ഒരു ദിവസം. ഏപ്രിലിലെ മേയിലോ ആണോ എന്ന് വ്യക്തമായി ഓർക്കാനാകുന്നില്ല. തോമസ് കുര്യനച്ചനെ(ഫാ.തോമസ് കുര്യൻ) അന്നത്തെ കണ്ടനാട് വെസ്റ്റ് ഭദ്രസാനാധിപൻ മാത്യൂസ് മാർ സേവേറിയോസ് വിളിക്കുന്നു. 'ഒന്ന് കാണണം'-അതായിരുന്നു തിരുമേനി പറഞ്ഞത്. അച്ചൻ കാണാനായി ചെന്നു. സേവേറിയോസ് തിരുമേനിക്ക് വേണ്ടിയിരുന്നത് ഒരു സഹായമാണ്. ഭദ്രാസനത്തിന്റെ കീഴിൽ എറണാകുളം ജില്ലയിലെ പെരുവ എന്ന സ്ഥലത്ത് പ്രശാന്തം പാലിയേറ്റീവ് കെയർ സെന്റർ എന്ന പേരിൽ കാൻസർ രോഗികൾക്കായുള്ള കേന്ദ്രം മമ്മൂക്ക ഒന്ന് സന്ദർശിക്കണം.
ഇതിന് ഒരു ഫ്ളാഷ് ബാക്കുണ്ട്. കുറച്ചുനാൾ മുമ്പ് ഈ കേന്ദ്രത്തിന്റെ വാർഷികത്തിന് അതിഥിയായി എത്താനാകുമോ എന്ന് ചോദിച്ച് മലയാളസിനിമയിലെ ചില താരങ്ങളെ ഭദ്രാസനത്തിലുള്ളവർ സമീപിച്ചിരുന്നു. എല്ലാവരും പ്രതിഫലമായി ചോദിച്ചത് ലക്ഷങ്ങളാണ്. അത് അവരെ തളർത്തി. അത്രയും വലിയ തുക കൊടുത്ത് ഏതെങ്കിലും താരത്തെ അതിഥിയാക്കുക എന്നത് ആ കാരുണ്യകേന്ദ്രത്തെ സംബന്ധിച്ചിടത്തോളം അസാധ്യമായ കാര്യമായിരുന്നു. അപ്പോഴാണ് ആരോ ഒരാൾ സേവേറിയോസ് തിരുമേനിയോട് പറഞ്ഞത്, 'മമ്മൂട്ടിയെ ഒന്ന് ശ്രമിച്ചാലോ...!' എന്നിട്ട് ഇത്രകൂടി: 'പുള്ളി ഒരു പരിപാടിക്ക് ചുരുങ്ങിയത് 50ലക്ഷം രൂപയെങ്കിലും മേടിക്കും...'
ഇപ്പോൾ നിങ്ങളിൽ ചിലരെങ്കിലും ഉള്ളിൽ ചോദിക്കുന്നുണ്ടാകാം,എന്തിനാണ് കാൻസർ രോഗികൾക്കുള്ള കേന്ദ്രത്തിന്റ വാർഷികത്തിൽ സിനിമാതാരമെന്ന്. അവർ ഇല്ലെങ്കിലെന്താ പരിപാടി നടക്കില്ലേ? ചോദ്യം ഒരുപരിധി ശരിയുമാണ്. പക്ഷേ സിനിമയെന്നത് മനുഷ്യരുടെ ഏറ്റവും പ്രിയപ്പെട്ട വിനോദോപാധികളിലൊന്നാണ്. അതിൽ പ്രവർത്തിക്കുന്നവരോട് അതുകൊണ്ടുതന്നെ അവർക്ക് ഇഷ്ടമുണ്ടാകും. ആ കാൻസർ കേന്ദ്രത്തിലുള്ളവരിൽ ഏറിയ പങ്കും സിനിമയെ ഇഷ്ടപ്പെടുന്ന,സ്നേഹിക്കുന്ന സാധാരണ മനുഷ്യരാണ്. അവരുടെ രോഗത്തിന് ഒരുപക്ഷേ സാന്ത്വനത്തിന്റെ ലേപനമായേക്കാം ഒരു സിനിമാതാരത്തിന്റെ സാന്നിധ്യം. അദ്ദേഹത്തെ കാണുന്നതോടെ കുറച്ചുനേരത്തേക്കെങ്കിലും അവർ എല്ലാ വേദനകളും മറക്കും. അതുകൊണ്ടുമാത്രമാണ് ഭദ്രാസനത്തിലുള്ളവർ ഒരു സിനിമാതാരത്തെ അന്വേഷിച്ചത്.
മമ്മൂട്ടി ചോദിക്കാൻ സാധ്യതയുള്ള തുകയുടെ വലിപ്പം അറിഞ്ഞതോടെ സേവേറിയോസ് തിരുമേനിയും സംഘവും വീണ്ടും തളർന്നു. സാധാരണതാരങ്ങൾ ലക്ഷങ്ങൾ ചോദിക്കുമ്പോൾ മമ്മൂട്ടി എന്തായാലും, അദ്ദേഹത്തിന്റെ പേര് നിർദേശിച്ചയാൾ പറഞ്ഞപോലെ അമ്പതുലക്ഷമെങ്കിലും ആവശ്യപ്പെടും. അതുകൊണ്ട് അവർ ആ വഴിക്ക് ചിന്തിക്കാനേ പോയില്ല. പക്ഷേ ഇങ്ങനെയുള്ള ചില ഘട്ടങ്ങളിൽ ദൈവം ആരുടെയങ്കിലും രൂപത്തിൽ അവതരിക്കും. കാരണം ദയ എന്ന വാക്കിനെ അടിസ്ഥാനമാക്കി നിലകൊളളുന്നതിനെയൊക്കെ തുണയ്ക്കാൻ എപ്പോഴും ദൈവമുണ്ടാകുമല്ലോ. 'നമ്മുടെ സഭയിലെ ഒരു അച്ചന് മമ്മൂട്ടിയുമായി നല്ല ബന്ധമാണ്. അദ്ദേഹം വഴി ഒന്ന് ശ്രമിച്ചാൽ നടക്കില്ലേ..?' തളർന്നിരുന്ന സമയത്ത് സേവേറിയോസ് തിരുമേനിക്ക് മുമ്പാകെയെത്തിയ ഏതോ ഒരു ദൈവദൂതൻ ചോദിച്ചു. അങ്ങനെയാണ് തിരുമേനി തോമസ് കുര്യൻ അച്ചനെ വിളിച്ചത്.
അച്ചൻ അക്കാര്യം എന്റെയടുത്ത് അവതരിപ്പിച്ചു. ഞാൻ ജോർജേട്ടനോട് സംഭവം പറഞ്ഞു. മമ്മൂക്കയ്ക്ക് മുമ്പാകെ കാര്യം അവതരിപ്പിക്കാനുള്ള ശ്രമങ്ങളായി. ഞാൻ പറഞ്ഞത് പ്രകാരം അച്ചൻ പോയി മമ്മൂക്കയെ കണ്ടു. മമ്മൂക്കയോട് കാര്യം പറഞ്ഞു. പ്രസ്ഥാനത്തെക്കുറിച്ചുള്ള വിശദാംശങ്ങൾ അദ്ദേഹം ചോദിച്ചറിഞ്ഞു. അതിനുമുമ്പുതന്നെ അദ്ദേഹം തന്റേതായ മാർഗങ്ങളിലൂടെ അതിനെക്കുറിച്ച് ഒരു പ്രാഥമികാന്വേഷണം നടത്തിയിരുന്നു. ഒരു എതിർപ്പും പറഞ്ഞില്ല. പകരം നമുക്ക് സമയം പോലെ ഒരുദിവസം അവിടെപ്പോകാം എന്ന ഉറപ്പുനല്കി.
അങ്ങനെ ഒരു ദിവസം നിശ്ചയിച്ചു. 2019 ഫെബ്രുവരിയിൽ മമ്മൂക്ക പ്രശാന്തം പാലിയേറ്റീവ് കെയർ സെന്റർ സന്ദർശിച്ചു. ആ നാടുമുഴുവൻ അങ്ങോട്ടേക്ക് ഒഴുകിവന്നു. ആൾക്കൂട്ടത്തെ നിയന്ത്രിക്കാൻ പോലീസ് നന്നേ പണിപ്പെട്ടു. മലങ്കര സഭ പരമാധ്യക്ഷനും സഭയിലെ എല്ലാ ബിഷപ്പുമാരും അന്ന് അവിടെയുണ്ടായിരുന്നു. ജനക്കൂട്ടത്തെ കണ്ട് അവരും അദ്ഭുതപ്പെട്ടു. മമ്മൂക്കയുടെ സാന്നിധ്യം നേരത്തെ പറഞ്ഞതുപോലെ കുറേ നോവുന്ന മനുഷ്യർക്ക് സാന്ത്വനമായി. അവർ അല്പനേരത്തേക്ക് രോഗത്തിന്റെ വേദന മറന്നു.
അന്ന് സഭയുടെ പരമാധ്യക്ഷനോട് ഒരാൾ രഹസ്യമായി ചോദിച്ചു: 'മമ്മൂട്ടിക്ക് എത്ര പൈസയാ കൊടുത്തത്...അമ്പത് ഒന്നുമായിരിക്കില്ല..ഒരു കോടിയെങ്കിലും കൊടുത്താലെ അങ്ങേര് ഇവിടെ ഇത്രനേരമൊക്കെ ചെലവഴിക്കൂ..' മറ്റുള്ളവരുടെ ഉള്ളിൽ എത്ര 'വിലപിടിപ്പുള്ളതായിരുന്നു' ആ സന്ദർശനം എന്ന് തിരിച്ചറിയാൻ ഈ ഒറ്റച്ചോദ്യം മതി. കണ്ടനാട് വെസ്റ്റ് ഭദ്രാസനത്തിലുള്ളവർ സമീപിച്ച താരങ്ങളെല്ലാം മറ്റേതൊരു ചടങ്ങിനെയും പോലെയാണ് വാർഷികത്തെ കണ്ടത്. അതുകൊണ്ടാണ് അവർ ലക്ഷങ്ങൾ പ്രതിഫലം ചോദിച്ചത്. പക്ഷേ മമ്മൂക്ക 'പ്രശാന്തം' എന്ന ആ കേന്ദ്രത്തിന് പിന്നിലെ 'കാരുണ്യം' എന്ന വാക്കുമാത്രം കണ്ടു. താൻ അല്പസമയം അവിടെ ചെലവിട്ടാൽ അവിടെയുള്ളവർക്ക് കിട്ടുന്ന ആനന്ദത്തെക്കുറിച്ച് മാത്രം ആലോചിച്ചു. അവരുടെ നൊമ്പരം മായ്ക്കാൻ തന്റെ സാന്നിധ്യം ഉപകാരപ്പെടുന്നുവെങ്കിൽ പോകുകതന്നെ വേണം എന്നുറച്ചു.
അന്ന് 'പ്രശാന്തം' സന്ദർശിച്ചുമടങ്ങും വഴി ആ കേന്ദ്രം എങ്ങനെയാണ് നടക്കുന്നത്,അതിന്റെ ചെലവൊക്കെ ആരാണ് വഹിക്കുന്നത്,സഭയ്ക്ക് അതിന്റെ സാമ്പത്തികഭാരം താങ്ങാനുള്ള വഴികളെന്തൊക്കെയാണ് എന്നൊക്കെ മമ്മൂക്ക ചോദിച്ച് മനസ്സിലാക്കിയിരുന്നു. പിറ്റേന്ന് നന്ദി പറയാനായി ഞാൻ വിളിച്ചു. 'പ്രശാന്ത'ത്തെക്കുറിച്ചറിഞ്ഞ കാര്യങ്ങളൊക്കെ പങ്കിട്ടപ്പോൾ മമ്മൂക്ക പറഞ്ഞു: 'നമ്മളെ കൊണ്ട് ചെയ്തു കൊടുക്കാവുന്ന സഹായങ്ങളൊക്കെ നമുക്ക് ചെയ്തുകൊടുക്കാം..'
പിന്നീട് കോവിഡ് കാലം. ലോകത്തുള്ള എല്ലായിടത്തുമുണ്ടായ പ്രതിസന്ധി ആ കാരുണ്യകേന്ദ്രത്തിനുമുണ്ടായി. മുന്നോട്ടു പോകാൻ പറ്റാത്ത അവസ്ഥ. തിരുമേനി വീണ്ടും അച്ചനെ വിളിച്ചു. അന്ന് സംസാരിച്ചത് പ്രശാന്തം പാലിയേറ്റീവ് കെയർ കേന്ദ്രത്തിനൊപ്പമുള്ള 'പ്രിയ പ്രതിഭ' കറി പൗഡർ യൂണിറ്റിനെക്കുറിച്ചാണ്. ആരോഗ്യമുള്ള അന്തേവാസികളും അസുഖം ഭേദമായവരും ഭിന്നശേഷിക്കാരിൽ നിന്ന് സ്വയംപര്യാപ്തത നേടിയവരുമെല്ലാം ചേർന്നാണ് കറിപൗഡർ നിർമിച്ചിരുന്നത്. യാതൊരു മായവുമില്ല. ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സംരംഭം. കറിപൗഡർ വിറ്റുകിട്ടുന്ന വരുമാനം കൊണ്ടാണ് പാലിയേറ്റീവ് കെയർ കേന്ദ്രം നടത്തിക്കൊണ്ടുപോയിരുന്നത്. കോവിഡ് കാലത്ത് ഈ വരുമാനം നിലച്ചു. പ്രിയ പ്രതിഭയും പ്രശാന്തവും രോഗബാധിതരായി.
'പ്രിയ പ്രതിഭയ്ക്കായി മമ്മൂട്ടിയെ കൊണ്ട് എന്തെങ്കിലും സഹായം ചെയ്യിപ്പിക്കാമോ...?'തിരുമേനിയുടെ ചോദ്യം കേട്ട് തോമസ് കുര്യൻ അച്ചൻ വീണ്ടും വിളിച്ചു. ഞാൻ മമ്മൂക്കയ്ക്ക് മുമ്പിൽ കാര്യം അവതരിപ്പിച്ചു. അതിന് കുറച്ചുകാലം മുമ്പ് അദ്ദേഹം സമാനമായ ഒരു ഉത്പന്നത്തിന്റെ പരസ്യത്തിൽ അഭിനയിച്ചിരുന്നു. സ്വാഭാവികമായും വലിയൊരു തുകയായിരുന്നു പ്രതിഫലം. അവർ വീണ്ടും സമീപിച്ചിട്ടുണ്ട്. അതിനൊപ്പം മറ്റു ചിലരും. മമ്മൂക്ക 'പ്രിയ പ്രതിഭ'യ്ക്ക് വേണ്ടി എന്തെങ്കിലും പ്രചാരണം നടത്തിയാൽ പിന്നെ മറ്റ് ഉത്പന്നങ്ങളുടെ പ്രത്യക്ഷപ്പെടാനാകില്ല.(അങ്ങനെ ചെയ്താലും മറ്റുള്ളവർ കുഴപ്പമൊന്നും കാണില്ലെങ്കിലും ധാർമികമായി അത് ശരിയല്ല എന്നായിരുന്നു മമ്മൂക്കയുടെ നിലപാട്) കോടികളാണ് അദ്ദേഹത്തിന് നഷ്ടപ്പെടുക. അവിടെയാണ് മമ്മൂക്ക എന്ന മനുഷ്യൻ താരത്തെ തോല്പിച്ച് വളർന്നത്. കിട്ടുമായിരുന്ന വൻതുക വേണ്ടെന്ന് വെച്ച് അദ്ദേഹം കുറേ രോഗികളും അശരണരുമായ കുറേ പാവപ്പെട്ട മനുഷ്യർ അവരുടെ അധ്വാനം കൊണ്ട് ഉണ്ടാക്കിയെടുക്കുന്ന കറിപൗഡർ ഉത്പന്നത്തിന് വേണ്ടി രംഗത്തിറങ്ങി.
സമൂഹമാധ്യമ അക്കൗണ്ടുകളിൽ കറിപൗഡറിനെ പരിചയപ്പെടുത്തിക്കൊണ്ടായിരുന്നു മമ്മൂക്ക പ്രിയ പ്രതിഭയോട് കൈകോർത്തത്. 30സെക്കന്റ് ഇൻസ്റ്റ റീലുകൾക്ക് ലക്ഷങ്ങൾ പ്രതിഫലം ചോദിച്ചുവാങ്ങുന്ന ഇന്നത്തെ സോഷ്യൽമീഡിയ ഇൻഫ്ളുവൻസർമാരായ പല താരങ്ങൾക്കും ചിന്തിക്കാൻ പോലുമാകാത്ത കാര്യം. മമ്മൂക്കയുടെ ഒരു പോസ്റ്റിനുണ്ടായിരുന്നത് കോടികളുടെ മൂല്യമാണ്. ഒരു പൈസപോലും പ്രതിഫലം വാങ്ങാതെ അദ്ദേഹം ആ കറിപൗഡറിനെ ലോകത്തിന് മുമ്പാകെ തന്റെ വാക്കുകളിലൂടെ അവതരിപ്പിച്ചു.
പിന്നീടായിരുന്നു അദ്ഭുതം. എറണാകുളം ജില്ലയിലും പരിസരപ്രദേശങ്ങളിലും മാത്രം വിറ്റുപോന്നിരുന്ന പ്രിയ പ്രതിഭ കറിപൗഡറിന്റെ പേര് ലോകമെങ്ങുമെത്തി. എല്ലായിടത്തും അതിന് ആവശ്യക്കാരുണ്ടായി. ഇവിടെ മമ്മൂക്ക എന്ന താരത്തിന് മലയാളികൾ കല്പിക്കുന്ന വില കൂടി ഓർമിക്കേണ്ടതുണ്ട്. മമ്മൂക്ക പരിചയപ്പെടുത്തുന്ന ഒരു സംരംഭം തീർച്ചയായും ഉദ്ദേശ്യശുദ്ധിയുള്ളതായിരിക്കുമെന്നും അത് മായം കലരാത്തതാകുമെന്നും അവർക്ക് തീർച്ചയായിരുന്നു.
എനിക്ക് പോലും ആദ്യദിവസം പ്രതിഭയെക്കുറിച്ചന്വേഷിച്ച് നൂറുഫോൺവിളികളെങ്കിലുമെത്തി. മമ്മൂക്ക പോസ്റ്റ് ഇട്ടതിനു തൊട്ടുപിന്നാലെ വിളിക്കുന്നത് കൈരളി ചാനലിലെ ബ്യൂറോ ചീഫായിരുന്ന സലിം മുഹമ്മദാണ്. ചെയർമാന്റെ പോസ്റ്റ് എന്ന നിലയിലല്ല കൈരളി അതിനെ സമീപിച്ചത്. മറിച്ച് അറിയപ്പെടാത്ത ഒരു സംരംഭം എന്ന നിലയ്ക്കാണ്. 'ഇതെവിടെയാണ് ഇത്...നമുക്ക് ഒരു സ്റ്റോറി ചെയ്യാം...'സലിം മുഹമ്മദ് പറഞ്ഞു. അവർ അവിടെയെത്തുമ്പോഴേക്കും ഏഷ്യാനെറ്റും മനോരമയും മീഡിയ വണ്ണും സ്റ്റോറിക്കായി പ്രിയ പ്രതിഭ കറിപൗഡർ യൂണിറ്റിലെത്തിയിരുന്നു. അങ്ങനെ എല്ലാ ചാനലുകളിലും പത്രങ്ങളിലും ഓൺലൈൻ മാധ്യമങ്ങളിലും പ്രതിഭയുടെ പ്രകാശം നിറഞ്ഞു. കോടിക്കണക്കിന് രൂപമുടക്കി പരസ്യം ചെയ്താൽ കിട്ടാത്ത റീച്ച് പ്രതിഭയ്ക്ക് കിട്ടി. ദുബായ് ഉൾപ്പെടെ മലയാളികൾ ഏറെയുള്ള വൻനഗരങ്ങളിൽ നിന്ന് പ്രതിഭയുടെ ഡിസ്ട്രിബ്യൂഷനെടുക്കാൻ താത്പര്യമറിയിച്ച് ആളുകളെത്തിത്തുടങ്ങി. ആർക്കും ലാഭമായിരുന്നില്ല ലക്ഷ്യം. മമ്മൂക്ക പരിചയപ്പെടുത്തിയ ഒരു നല്ലകാര്യത്തിനൊപ്പം നില്കാനുള്ള താത്പര്യമായിരുന്നു.
എന്തു നന്മയാണോ പ്രതിഭ കൊണ്ട് ഉദ്ദേശിച്ചിരുന്നത്,അതിന്റെ ഇരട്ടി സ്വീകാര്യത കിട്ടി എന്നതാണ് മമ്മൂക്കയുടെ പ്രചാരണം കൊണ്ടുണ്ടായ നേട്ടം. പ്രതിഫലമില്ലാതെ പ്രതിഭയുടെ ബ്രാൻഡ് അംബാസിഡറായി മാറുകയായിരുന്നു അദ്ദേഹം. സാധാരണ ബ്രാൻഡ് അംബാസിഡർമാരുടെ കരാർ ഒന്നോ രണ്ടോ വർഷമൊക്കെയാണ്. പക്ഷേ മമ്മൂക്ക ഇപ്പോഴും ആ സംരംഭത്തിന്റെ പ്രചാരകനായി തുടരുന്നു. കഴിഞ്ഞമാസം പോലും പ്രതിഭ വാർത്തകളിൽ നിറഞ്ഞു. മമ്മൂക്കയുടെ പിറന്നാൾ ആഘോഷവേളകളിൽ നിറഞ്ഞ അനേകം വാർത്തകളിൽ ഏറ്റവും തിളക്കത്തോടെ ഈ കുഞ്ഞുകറിപൗഡർ യൂണിറ്റുമുണ്ടായിരുന്നു. വർഷങ്ങൾക്ക് മുമ്പ് തോമസ് കുര്യൻ അച്ചനെ വിളിച്ച സേവേറിയോസ് തിരുമേനിയാണ് പിന്നീട് മലങ്കര സഭയുടെ പരമാധ്യക്ഷനായ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാബാവയായി മാറിയത്. മമ്മൂക്കയുടെ ജന്മദിനത്തിൽ പരിശുദ്ധ ബാവ തിരുമേനി കുറിച്ചു:
'മമ്മൂട്ടിയുടെ ഒരു ഫേസ്ബുക്ക് പോസ്റ്റിലൂടെ 'പ്രിയ പ്രതിഭയെ'ക്കുറിച്ച് ലോകമറിഞ്ഞു,തളർച്ചമാറി ആ പ്രസ്ഥാനം വീണ്ടും തളിർത്തു. ഇന്ന് നാടെങ്ങും അതിന്റെ രുചി നിറയുമ്പോൾ കുറെയേറെ ജീവിതങ്ങൾ ചിരിക്കുന്നു,കുറെയേറെ വയറുകൾ നിറയുന്നു. 'അവൻ താണവരെ ഉയർത്തുന്നു,ദുഖിക്കുന്നവരെ രക്ഷയിലേക്ക് കയറ്റുന്നു'വെന്ന ബൈബിൾ വചനമാണ് ഈ വേളയിൽ ഓർമിക്കുന്നത്. എളിയവന്റെ പ്രത്യാശയാകുന്നു എന്നത് കൂടിയാണ് മമ്മൂട്ടിയെ ലോകത്തിന് പ്രിയപ്പെട്ടവനാക്കുന്നത്...'
(തുടരും)