
ഇന്ത്യയിൽ നിലവിലുള്ള രണ്ട് ആദിവാസി രാജവംശങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മന്നാൻ ആദിവാസി സമുദായം. ദക്ഷിണേന്ത്യയിലെ ഏക ആദിവാസി രാജവംശവും ഇതാണ്. ഈ രാജവംശത്തിലെ രാജാവും മമ്മൂക്കയും തമ്മിലൊരു ഹൃദയബന്ധമുണ്ട്. അതാകട്ടെ അനേകം പേരുടെ ഹൃദയത്തുടിപ്പുകൾ വീണ്ടെടുത്തുകൊടുക്കാൻ ഇടയാക്കിയ ഒരു കാരുണ്യപദ്ധതിയോട് ബന്ധപ്പെട്ടുകിടക്കുന്നതുമാണ്.
2005-ൽ ആരംഭിച്ച 'കാഴ്ച' പദ്ധതി വിജയമായി മുന്നോട്ടുപോകുന്നതിനിടയ്ക്കാണ് പത്രങ്ങളിൽ ഒരു വാർത്ത വന്നത്. മന്നാൻ രാജവംശത്തിലെ അപ്പോഴത്തെ രാജാവ് തേവൻ രാജമന്നാൻ ചികിത്സയ്ക്കായി ബുദ്ധിമുട്ടുന്നതിനെക്കുറിച്ചായിരുന്നു അത്. പേരിൽ മാത്രമേ രാജാവ് എന്ന പദവിയുണ്ടായിരുന്നുള്ളൂ. മറ്റേതൊരു ആദിവാസി സമൂഹത്തെയും പോലെ പിന്നാക്കാവസ്ഥയിൽ തന്നെയായിരുന്നു മന്നാൻ രാജവംശവും. അതിഗുരുതരമായിരുന്നു തേവൻ രാജമന്നാന്റെ അവസ്ഥ. ബ്രെയിൻ ട്യൂമറിനൊപ്പം കണ്ണിലും അർബുദം ബാധിച്ചു. ആശങ്കാജനകമായിരുന്നു അദ്ദേഹത്തിന്റെ അരോഗ്യാവസ്ഥ. പത്രവാർത്ത ശ്രദ്ധയിൽ പെടുത്തിയപ്പോൾ ഉടൻതന്നെ തേവൻ രാജമന്നാന് ചികിത്സയൊരുക്കണമെന്നാണ് മമ്മൂക്ക നിർദേശിച്ചത്. അതനുസരിച്ച് ആദ്യപടിയായി അദ്ദേഹത്തിന്റെ നേത്രശസ്ത്രക്രിയയ്ക്കുള്ള ഏർപ്പാടുകൾ അങ്കമാലി ലിറ്റിൽ ഫ്ളവർ ആശുപത്രിയിൽ ചെയ്തു. പക്ഷേ അപ്പോഴേക്കും ആരോഗ്യസ്ഥിതി മോശമാകുകയും തേവൻ രാജമന്നാനെ തിരുവനന്തപുരത്ത് ആർ.സി.സിയിൽ പ്രവേശിപ്പിക്കുകയും 2007 ഡിസംബറിൽ അദ്ദേഹം അന്തരിക്കുകയും ചെയ്തു.
ഇതോടെയാണ് മമ്മൂക്കയുടെ ഉള്ളിൽ കാരുണ്യ പ്രവർത്തനങ്ങൾ കൂടുതൽ വിപുലമാക്കണമെന്ന ചിന്തയുണ്ടാകുന്നത്. ഒരുദിവസം രാവിലെ ഏതാണ്ട് പതിനൊന്നുമണിയായപ്പോൾ മമ്മൂക്കയുടെ ഒരു വിളി വന്നു. ജോലി ചെയ്തിരുന്ന ആശുപത്രിയിലെ ടീ ബ്രേക്ക് സമയമായതിനാൽ ഞാനപ്പോൾ ചായകുടിക്കാനായി പുറത്തൊരിടത്തായിരുന്നു. 'താനെവിടെയാണ്' എന്നായിരുന്നു ആദ്യ ചോദ്യം. 'ജോലിയിലാണ്' എന്നു പറഞ്ഞപ്പോൾ 'ഞാനൊരു നമ്പർ തരാം അത് നോട്ട് ചെയ്യണം' എന്ന് മമ്മൂക്ക. അദ്ദേഹം നമ്പർ തന്നു. ഞാനത് കുറിച്ചെടുത്തു. ഫൈസൽ എന്നയാളുടേതാണ് ആ നമ്പരെന്ന് പറഞ്ഞ മമ്മൂക്ക പിന്നീട് കാര്യങ്ങൾ വിശദീകരിച്ചു.
തിരുവനന്തപുരത്ത് നിംസ് ആശുപത്രിയുമായി ബന്ധപ്പെട്ടയാളാണ് ഫൈസൽ. നിംസുമായി ചേർന്ന് ഹൃദയശസ്ത്രക്രിയാപദ്ധതി ആലോചിക്കുന്നു. ഇതിലൂടെ അവർ ശസ്ത്രക്രിയകൾ സൗജന്യമായി ചെയ്തുതരാമെന്ന് പറഞ്ഞിട്ടുണ്ട്. പദ്ധതി കോ ഓർഡിനേറ്റ് ചെയ്യണം. ഫാൻസിന്റെ ഭാഗത്തുനിന്നുള്ള കാര്യങ്ങളൊക്കെ ഉറപ്പുവരുത്തണം. ആദ്യം ഫൈസലുമായൊന്ന് സംസാരിക്കണം. അത് കഴിഞ്ഞിട്ട് തിരിച്ചുവിളിച്ച് വിവരം പറയണം-ഇത്രയുമാണ് മമ്മൂക്ക പറഞ്ഞത്.
ഫോൺനമ്പർ കുറിച്ചെടുത്തുവെങ്കിലും അവിടെ വിളിക്കാൻ പറ്റിയ സാഹചര്യമായിരുന്നില്ല. വാഹനങ്ങളുടെ ഇരമ്പലും ആളുകളുടെ കലപിലയും. അതുകൊണ്ട് ആശുപത്രിയിൽ ചെന്ന് സ്വസ്ഥമായി വിളിക്കാമെന്ന് കരുതി മെല്ലെ ചായയൊക്കെ കുടിച്ചിരുന്നു. പത്തുമിനിട്ട് കഴിഞ്ഞപ്പോൾ മമ്മൂക്ക വിളിച്ചു: 'എന്തായി? വിളിച്ചോ?' ഇല്ല ഇവിടെ ബഹളമായതിനാൽ ആശുപത്രിയിൽ ചെന്നതിന് ശേഷം വിളിക്കാമെന്ന് കരുതിയെന്ന് പറഞ്ഞപ്പോൾ മമ്മൂക്കയുടെ സ്വരത്തിൽ കാർക്കശ്യം പുരണ്ടു: 'വേഗം വിളിക്കൂ...'
ഞാൻ ഓടിപ്പിടിച്ച് ആശുപത്രിയിലെത്തി കാബിനിലിരുന്ന് ഫൈസലിനെ വിളിച്ച് സംസാരിച്ചു. തൊട്ടുപിന്നാലെ മമ്മൂക്കയെയും. 'വിളിച്ചു,സംസാരിച്ചു'വെന്ന് പറഞ്ഞപ്പോൾ 'എന്തു തോന്നുന്നു' എന്നായി മമ്മൂക്ക. 'നല്ല പ്രോജക്ടാണ്,ഒരുപാട് പേർക്ക് ഗുണം ചെയ്യും. ഞാൻ പറഞ്ഞു. നല്ല മനുഷ്യരാ അവര്..ഞാൻ അവരെക്കുറിച്ച് അന്വേഷിച്ചിരുന്നു. മാതൃഭൂമിയിലെ പ്രമോദിനൊക്കെ അറിയാവുന്ന ആളുകളാണ്. കുഴപ്പമൊന്നുമില്ല,അവരുമായി ടൈ അപ് ആകാം. പ്രോജക്ട് നമുക്ക് നടത്താം. അവരുടെ ഒരു പരസ്യത്തിൽ എന്റെ ഫോട്ടോ ഉപയോഗിക്കാൻ ഞാൻ സമ്മതിച്ചിട്ടുണ്ട്. പ്രതിഫലം വാങ്ങുന്നില്ല. പകരം സർജറികൾ ചെയ്തുതന്നാൽ മതിയെന്ന് ഞാൻ പറഞ്ഞിട്ടുണ്ട്'-മമ്മൂക്കയുടെ വാക്കുകളിൽ വലിയൊരു നന്മയുടെ പ്രകാശം നിറഞ്ഞുനിന്നു.
പിന്നീടാണ് ഞാൻ ഇതിന്റെ പശ്ചാത്തലം അറിഞ്ഞത്. ഞാൻ വിളിച്ചു സംസാരിച്ചയാളുടെ മുഴുവൻ പേര് ഫൈസൽഖാൻ എന്നാണ്. നിംസ് ആശുപത്രിയുടെ ഡയറക്ടർ. അദ്ദേഹത്തിന്റെ കൂടെ നിഴലുപോലെ എപ്പോഴുമുണ്ടാകുന്ന നസ്ലിം എന്നൊരു ബന്ധുവുണ്ട്. മമ്മൂട്ടി ഫാൻസിന്റെ നേരത്തെയുള്ള പ്രവർത്തകനായിരുന്നു നസ്ലിം. ഇവർ ഇരുവരും തിരുവനന്തപുരത്തെ ഫാൻസ് ഭാരവാഹി ഭാസ്കറും ചേർന്ന് നേരത്തെ മമ്മൂക്കയെ കണ്ടിരുന്നു. അങ്ങനെയാണ് നിംസുമായി ചേർന്നുള്ള പ്രോജക്ട് രൂപപ്പെട്ടത്.
'ഹാർട്ട് ടു ഹാർട്ട്' എന്നുപേരിട്ട ആ സൗജന്യ ശസ്ത്രക്രിയാപദ്ധതി വലിയ വിജയമായി. ഇന്നും അത് തുടരുന്നു. നിംസ് ആശുപത്രി അവരുടെ ഏറ്റവും ആധുനികമായ ശസ്ത്രക്രിയാസൗകര്യങ്ങളാണ് ഇതിനായി ഉപയോഗിക്കുന്നത്. അതിനൊപ്പം മികച്ച ഡോക്ടർമാരുടെ സേവനവും ഉറപ്പുവരുത്തുന്നു. ഒരുപാട് പേർ 'ഹാർട്ട് ടു ഹാർട്ടി'ലൂടെ ജീവിതത്തിന്റെ ഹൃദയതാളം വീണ്ടെടുത്തു.
ഇത്രയും പറഞ്ഞത് ഒരാമുഖമായി കണ്ടാൽ മതി. ഇനിപ്പറയാൻ പോകുന്ന സംഭവത്തിലാണ് ദൈവം മനുഷ്യർക്ക് മുന്നിൽ പലരൂപത്തിൽ പ്രത്യക്ഷമാകുന്നതിന്റെ ഉദാഹരണം ഉള്ളടങ്ങുന്നത്. ഒരു യാത്ര,കേവലം ഒരു കടലാസ് കഷണം ഇതിലൊക്കെയും ദൈവസ്പർശമുണ്ടായേക്കാം.
'ഹാർട്ട് ടു ഹാർട്ട്' പദ്ധതി പ്രഖ്യാപിച്ച സമയം. ആദ്യം ആരെ വേണം തിരഞ്ഞെടുക്കാൻ എന്ന ആലോചനകൾ നടക്കുന്നു. ഒരുപാട് അപേക്ഷകൾ വന്നു. അതെല്ലാം സൂക്ഷ്മപരിശോധന നടത്തി കുറേയേറെ എണ്ണം ഷോർട്ട് ലിസ്റ്റ് ചെയ്തു. അതിൽ പലതും ചെയ്യാമെന്ന് തന്നെ തീരുമാനിച്ചു.
അങ്ങനെ മുന്നോട്ടു പോകുന്നതിനിടെ ഒരു ദിവസം എനിക്കൊരു ഫോൺ കോൾ വന്നു. 'ഇത് മമ്മൂട്ടി സാറാണോ....?' ഫോണെടു ത്തയുടൻ കേട്ട ചോദ്യം. ആരോ കബളിപ്പിക്കാനായി മമ്മൂക്കയുടെ നമ്പറാണെന്ന് പറഞ്ഞ് കൊടുത്ത നമ്പരിലേക്കുള്ള വിളി എന്നേ ആദ്യം കരുതിയുള്ളൂ. 'അല്ല' എന്ന ഉത്തരത്തിൽ തൃപ്തിപ്പെട്ട് അപ്പുറത്തുള്ളയാൾ കട്ട് ചെയ്യുമെന്ന് കരുതി. പക്ഷേ അതുകേട്ടതും അടുത്ത ചോദ്യം: 'ഇത് മമ്മൂട്ടി സാറുമായി ബന്ധപ്പെട്ട ആരുടെയെങ്കിലും നമ്പറാണോ..?' അതുകേട്ടപ്പോൾ 'അതെ' എന്ന് പറയാതിരിക്കാനായില്ല. കാരണം മമ്മൂക്ക എന്നെ പല ജോലികൾ ഏല്പിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ജീവനക്കാരിലൊരാളെപ്പോലെ തന്നെയാണ് ഞാൻ; മറ്റൊരുസ്ഥാപനത്തിലാണ് ജോലി ചെയ്യുന്നതെങ്കിലും. അതുകൊണ്ടുതന്നെ കാര്യമെന്തെന്ന് അന്വേഷിച്ചു. അപ്പോൾ ഫോണിനപ്പുറത്തെ തളർന്ന ശബ്ദം തുടർന്നു:
'എന്റെ പേര് ജോസ്.(സ്വകാര്യതയെ കരുതി യഥാർഥ പേര് ഇവിടെ നല്കുന്നില്ല). ഞാനിപ്പോ തിരുവനന്തപുരത്ത് ശ്രീചിത്രായിൽ പോയിട്ട് ഇടുക്കിലേക്ക് പോകുന്ന വഴിയാണ്'. അപ്പോഴേക്കും അയാൾ വിതുമ്പി. പെയ്യാൻ തുടങ്ങുന്ന കരച്ചിലും യാത്രക്കിടെയിലെ ഏതോ ശബ്ദങ്ങളുമെല്ലാം ചേർന്ന് ആ മനുഷ്യൻ പറയുന്നതൊന്നും എനിക്ക് കേൾക്കാൻ കഴിയാതെയാക്കി. ഞാൻ പറഞ്ഞു: 'ചേട്ടാ...എനിക്കൊന്നും കേൾക്കുന്നില്ല. ഒന്ന് എവിടെയെങ്കിലും മാറിനിന്ന് സംസാരിക്കാമോ..?'
ഫോൺ കട്ടായി. പക്ഷേ അഞ്ചുനിമിഷം കഴിഞ്ഞപ്പോൾ വീണ്ടും കോൾ. ശബ്ദം പഴയതുപോലെ മുറിഞ്ഞുമുറിഞ്ഞുപോകുന്നു. ഞാൻ ആവർത്തിച്ചു. 'ചേട്ടാ...പറയുന്നതൊന്നും എനിക്ക് തിരിയുന്നില്ല....വണ്ടീയിലാണെങ്കിൽ എവിടെയെങ്കിലും ഒന്ന് നിർത്തിയിട്ട് സംസാരിക്കാമോ...?' വീണ്ടും ഫോൺ കട്ടായി.
ഏതാണ്ട് ഇരുപതുമിനിട്ട് കഴിഞ്ഞുകാണണം. ആ നമ്പരിൽ നിന്ന് പിന്നെയും വിളിവന്നു. 'സാറേ....ഞാൻ ബസിലാണ്..ഇപ്പോ ഒരു സ്റ്റാൻഡില് വണ്ടി നിർത്തിയിരിക്കുകയാണ്. ഞാൻ പറയുന്നത് പെട്ടെന്നൊന്ന് കേൾക്കാമോ...?' ജോസ് എന്ന് നേരത്തെ പരിചയപ്പെടുത്തിയ ആൾ വല്ലാത്ത വിവശതയോടെ ചോദിച്ചു. 'എന്താ ചേട്ടാ സംഭവം...'ഞാൻ അന്വേഷിച്ചു.
ഏതോ ബസ് സ്റ്റാൻഡിന്റെ കോണിൽ ഒഴിഞ്ഞുനിന്ന് ബസ് പുറപ്പെടുന്നതിന് മുമ്പുള്ള ഏതാനും നിമിഷങ്ങൾ കൊണ്ട് ആ മനുഷ്യൻ ഒറ്റശ്വാസത്തിലെന്നോണം സ്വന്തം ജീവിതം പറഞ്ഞു. ഞാനൊരു കൂലിപ്പണിക്കാരനാണ്. ഇപ്പോ ഭാര്യയും മക്കളും കൂടെയുണ്ട്. ഞങ്ങള് ശ്രീചിത്രായിൽ പോയിട്ട് വരുന്ന വഴിയാണ്. രണ്ടുമക്കൾക്കും പെട്ടെന്നാണ് ഹാർട്ടിന് അസുഖം കണ്ടെത്തിയത്. എനിക്ക് മുമ്പോട്ടുപോകാൻ ഒരുവഴിയുമില്ല. ജോലിക്ക് പോകാത്തതുകൊണ്ട് കുടുംബം പോലും പോറ്റാൻ പറ്റാത്ത അവസ്ഥയാണ്. രണ്ടുപേർക്കും ഓപ്പറേഷൻ വേണമെന്നാണ് പറയുന്നത്. അതിനു വലിയ തുകയാകും. എനിക്ക് എന്തു ചെയ്യണമെന്നറിയില്ല...'
ഞാൻ എന്നാൽ കഴിയും വിധം അദ്ദേഹത്തെ ആശ്വസിപ്പിച്ചു. ഇത്തരം ഘട്ടങ്ങളിൽ മനുഷ്യരെല്ലാം പറയുന്നതുപോലെ ദൈവം കൂടെയുണ്ടാകുമെന്നും, ഒരു കുഴപ്പവും വരില്ലെന്നും, എല്ലാം നേരെയാകുമെന്നുമൊക്കെ പറഞ്ഞു. അതൊന്നും ആ അച്ഛന്റെയുള്ളിലെ ചൂട് ഇല്ലാതാക്കിയില്ല. അദ്ദേഹം കരഞ്ഞുതുടങ്ങി. വിഷയം മാറ്റാനായും കരച്ചിലിൽ നിർത്തിക്കൊട്ടേയെന്ന് കരുതിയും ഞാൻ ചോദിച്ചു: 'എന്റെ നമ്പർ ആരാണ് തന്നത്...?'
അപ്പോൾ അദ്ദേഹം പറഞ്ഞ വാചകങ്ങൾ വർഷങ്ങൾക്കിപ്പുറമിരുന്ന് ആവർത്തിക്കുമ്പോഴും എനിക്ക് ദേഹത്ത് തരിപ്പ് പടരുന്നു.
'ഓരോന്ന് ഓർത്തപ്പോ ബസിലിരുന്ന് ഞാനൊന്ന് വിതുമ്പി. അപ്പോ അടുത്തിരുന്നയാൾ ചോദിച്ചു,എന്തിനാ കരയുന്നതെന്ന്. ഞാനെന്റെ സങ്കടമെല്ലാം പറഞ്ഞു. അതൊരു ചെറുപ്പക്കാരൻ പയ്യനായിരുന്നു. മമ്മൂട്ടിയെ അയാൾക്ക് ഒരുപാട് ഇഷ്ടമാണെന്നും അദ്ദേഹം ഇത്തരം ചികിത്സാകാര്യങ്ങൾക്കൊക്കെ സഹായം ചെയ്യുന്നുണ്ട്,ഒന്ന് സമീപിച്ചുനോക്ക് എന്നും പറഞ്ഞു. പക്ഷേ മമ്മൂട്ടിയുടെ അടുത്തൊക്കെ എത്തിപ്പെടണത് വലിയ പാടല്ലേ എന്ന് ചോദിച്ചപ്പോ ആ പയ്യൻ പേഴ്സീന്ന് ഒരു കടലാസ് കഷണം എടുത്ത് അതിലൊണ്ടായിരുന്ന നമ്പര് പറഞ്ഞു തന്നു. അതാണ് സാറിന്റെ നമ്പര്...മമ്മൂട്ടീടെ എന്തോ സഹായപദ്ധതീടെ വാർത്തയായിരുന്നു അത്..മമ്മൂട്ടിയെ ഇഷ്ടമായതുകൊണ്ട് ആ നമ്പര് മമ്മൂട്ടീടെ അടുത്ത ആരുടേലും ആയിരിക്കും എന്ന് കരുതി സൂക്ഷിച്ചുവച്ചിരുന്നതാണെന്നാ പറഞ്ഞേ...ഒരിക്കലും ഇങ്ങനൊരു ആവശ്യം വരുമെന്ന് കരുതിയില്ലെന്നും പറഞ്ഞു..'
ജോസ് എന്ന ആ പാവം മനുഷ്യൻ പറയുന്നതുകേട്ടപ്പോൾ എനിക്കും കരച്ചിൽ വന്നു. 'കാഴ്ച' പദ്ധതിയ തുടങ്ങിയ സമയത്ത് എല്ലാ പത്രങ്ങളിലും വിശദമായ വാർത്ത വന്നിരുന്നു. അതിൽ പദ്ധതിയുടെ വിശദാംശങ്ങളറിയാനായി കൊടുത്തിരുന്ന നമ്പരിലൊന്ന് എന്റേതായിരുന്നു. ആ വാർത്തകളിലേതെങ്കിലുമായിരിക്കാം ആ ചെറുപ്പക്കാരൻ എടുത്ത് സൂക്ഷിച്ചിരുന്നത്.
ഏതാണ്ട് ഒരുവർഷം മുമ്പുവന്ന പത്രവാർത്ത. അത് ഒരാൾ സൂക്ഷിച്ചുവച്ചു. അത് ഒരു യാത്രക്കിടെ മറ്റൊരാളുടെ കരച്ചിലിനുള്ള പ്രതിവിധിയായി മാറുന്നു. ഇതിലൊക്കെ എവിടെയോ നേരത്തെ പറഞ്ഞ ദൈവസാന്നിധ്യമുണ്ട് എന്നുതന്നെ ഞാൻ വിശ്വസിക്കുന്നു. ദൈവനിയോഗം എന്നല്ലാതെ എന്താണ് ഇതിനെ വിളിക്കുക? ഞാൻ ജോസേട്ടനെ സമാധാനിപ്പിച്ചു. മമ്മൂക്കയോട് പറഞ്ഞ് ചെയ്യാൻ പറ്റുന്ന സഹായമെല്ലാം ചെയ്യാമെന്ന് വാക്കും കൊടുത്തു.
'ഹാർട്ട് ടു ഹാർട്ട്' പദ്ധതിയുടെ അപേക്ഷാ ഫോം പിറ്റേന്ന് തന്നെ ഞാൻ ജോസേട്ടന്റെ വീട്ടിലേക്ക് അയച്ചുകൊടുത്തു. ദിവസങ്ങൾക്കകം ആവശ്യമായ രേഖകൾ സഹിതം അത് പൂരിപ്പിച്ച് അവർ തിരികെ അയച്ചു. അതുൾപ്പെടെ ഷോർട്ട് ലിസ്റ്റ് ചെയ്ത എല്ലാ അപേക്ഷകളുമായി ഞാൻ മമ്മൂക്കയെ ചെന്നുകണ്ടു. ഇതിൽ നിന്ന് ഉചിതമായവ തിരഞ്ഞെടുക്കാൻ ഫൈസലിനോട് പറയാനാണ് അദ്ദേഹം നിർദേശിച്ചത്. അപ്പോൾ ഞാൻ ജോസേട്ടന്റെ കാര്യം മമ്മൂക്കയോട് പറഞ്ഞു. എന്റെ ഫോണിലേക്ക് വന്ന വിളിയും ബസ് യാത്രക്കിടെയുള്ള സംഭവവുമെല്ലാം വിശദമായി അവതരിപ്പിച്ചു. ജോസേട്ടന്റെ മക്കളിൽ (സ്വകാര്യത മാനിച്ച് കുട്ടികളുടെ പേര് നല്കുന്നില്ല. ഈ കുറിപ്പിനൊപ്പം നല്കുന്ന ചിത്രത്തിൽ അവരുടെ മുഖം മറച്ചിരിക്കുന്നതും അതുകൊണ്ടാണ്) രണ്ടുപേർക്കും രണ്ടുതരത്തിലുള്ള ഹൃദയശസ്ത്രക്രിയകളാണ് വേണ്ടിയിരുന്നത്. അതിലൊരാളുടേത് ഉടൻ ചെയ്യണമെന്നാണ് ഡോക്ടർമാർ പറഞ്ഞിട്ടുള്ളത്.
എല്ലാം കേട്ടപ്പോൾ മമ്മൂക്കയും കണ്ടു, ഞാൻ പറഞ്ഞ സംഭവങ്ങളിലെ ദൈവത്തിന്റെ കരങ്ങൾ. കുട്ടികളിൽ അടിയന്തര സർജറി വേണ്ടയാളുടേത് ഉടൻ ചെയ്യാൻ സാധിക്കുമോ എന്ന് ഫൈസലിനോട് അപ്പോൾ തന്നെ ചോദിക്കാൻ മമ്മൂക്ക പറഞ്ഞു. അവർ സന്നദ്ധരായിരുന്നു. അങ്ങനെ ആ കുട്ടിയുടെ സർജറി കഴിഞ്ഞു. വളരെ സങ്കീർണമായിരുന്നു ആ സർജറി. നിംസിലെ വിദ്ഗ്ദ്ധരായ ഡോക്ടർമാരുടെ മേൽനോട്ടത്തിൽ അത് വിജയകരമായി പൂർത്തിയാക്കാനായി. അതുകഴിഞ്ഞും ജോസേട്ടൻ എന്നെ വിളിക്കുമായിരുന്നു,രണ്ടാമന്റെ സർജറികാര്യം കൂടി സാധിക്കുമോ എന്നറിയാൻ. സത്യത്തിൽ നിംസുമായി ചേർന്നുള്ള പദ്ധതിയിൽ കുട്ടികളുടെ ഹൃദയശസ്ത്രക്രിയ ഉൾപ്പെടുത്തിയിരുന്നില്ല. മമ്മൂക്കയുടെ ഇടപെടലിലൂടെ ആദ്യത്തെ കുട്ടിയുടെ കാര്യത്തിൽ പ്രത്യേക ഇളവ് മമ്മൂട്ടിഅനുവദിക്കുകയായിരുന്നു നിംസ് അധികൃതർ. രണ്ടാമത്തെയാളുടെ കാര്യം സൂചിപ്പിച്ചപ്പോൾ മമ്മൂക്ക ഉടൻ പറഞ്ഞു: 'നമുക്ക് കുട്ടികളുടെ ഹൃദയശസ്ത്രക്രിയയ്ക്കുള്ള പദ്ധതി ഉടൻ തുടങ്ങണം.' അങ്ങനെ 'ഹൃദയപൂർവം' പദ്ധതിക്കും തുടക്കമായി.
കോഴിക്കോട് മിംസ് ആശുപത്രിയിൽ രണ്ടാമത്തെ കുട്ടിയുടെ സർജറിയും മമ്മൂക്കയുടെ 'ഹൃദയപൂർവം' പദ്ധതി പ്രകാരം നടത്തി. അന്നത്തെ സർജറികൾക്ക് ശേഷം പിന്നീട് ആ കുട്ടികൾക്ക് യാതൊരുവിധ ആരോഗ്യപ്രശ്നങ്ങളുമുണ്ടായില്ല. പൂർണ ആരോഗ്യവാന്മാരായി അവർ. പഠിക്കാൻ മിടുക്കരായിരുന്നു ആ കുട്ടികൾ. അതുകൊണ്ട് അവരുടെ തുടർപഠനം ഫൈസലിന്റെ നേതൃത്വത്തിൽ നിംസ് ഏറ്റെടുത്തു. പ്ലസ് ടുവിന് ഉന്നത വിജയം നേടിയപ്പോൾ സെമിനാരിയിൽ പോകാനായിരുന്നു അവരുടെ രണ്ടുപേരുടെയും തീരുമാനം. അതിന് മുമ്പായി തങ്ങൾക്ക് ജീവിതം തിരികെത്തന്ന ദൈവദൂതനായ മമ്മൂക്കയെ കാണാൻ അവരെത്തി. ഒരുമിച്ചു ഫോട്ടോയെടുത്തു. പക്ഷേ ദൈവനിശ്ചയം മറ്റൊന്നായിരുന്നു. സെമിനാരി പഠനം പൂർത്തിയാക്കാതെ അവർ എൻജനീയറിങ്ങിന് ചേർന്നു. വിദേശത്തുവരെ പോയി പഠിച്ചു. ഉന്നത വിജയത്തോടെ ഉയർന്ന ശമ്പളമുള്ള ജോലികളിലെത്തി. അവർക്കൊപ്പം ആ കുടുംബവും വളർന്നു. കഷ്ടതകളൊക്കെ മാറി. ഉന്നതനിലയിലാണ് അവരുടെ ജീവിതം ഇപ്പോൾ. രണ്ടുപേരും യൂറോപ്പിലെ ഒരു രാജ്യത്ത് മറ്റോ ഉയർന്ന ശമ്പളത്തിൽ ജോലിനോക്കുന്നു.
എന്റെ അടുത്ത സുഹൃത്താണ് എറണാകുളത്തെ അറിയപ്പെടുന്ന ഡെന്റൽ സർജനും സെന്റ് ജോർജ് ക്ലിനിക്കുകളുടെ ഉടമയും പ്രശസ്തനായ വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫറുമായ ഡോ.ബിജീഷ് മത്തായി. അദ്ദേഹത്തിന് പരിചയമുള്ളവരായിരുന്നു ജോസേട്ടനും കുടുംബവും താമസിച്ചിരുന്നത്. ഇക്കാര്യം പിന്നീടാണ് അറിയുന്നത്. ആ കുട്ടികളുടെ വിജയവും വളർച്ചയും അരികെനിന്ന് കണ്ട് സന്തോഷിച്ചയാളായിരുന്നു ഡോ.ബിജീഷ്. മമ്മൂക്കയെന്ന ഒറ്റ മനുഷ്യനിലൂടെയാണ് ആ കുടുംബത്തിന്റെ ജീവിതംതന്നെ മാറിമറിഞ്ഞതെന്ന് അദ്ദേഹം ഇപ്പോഴും പറയും.
പിന്നീട് പലപ്പോഴും ഞാൻ ജോസേട്ടനോട് ചോദിച്ചിട്ടുണ്ട്,അന്ന് ബസിൽ കണ്ട ചെറുപ്പക്കാരൻ ആരായിരുന്നുവെന്നും അയാളുടെ വല്ല വിവരങ്ങളുമുണ്ടോ എന്നും. അപ്പോഴൊക്കെ ജോസേട്ടൻ പറഞ്ഞിരുന്നത് ഒരേ വാചകങ്ങൾ...
'എനിക്കറിയത്തില്ല..ചെലപ്പോ ഏതെങ്കിലും മാലാഖയായിരിക്കാം..ഞാൻ സാറിനെ വിളിക്കും മുമ്പ് ഏതോ ഒരു സ്റ്റോപ്പിലെറങ്ങിപ്പോയി..'
(തുടരും)