
കാഴ്ച പദ്ധതിയുടെ ഉദ്ഘാടനച്ചടങ്ങ് സംഘടിപ്പിക്കുന്നതിൽ എനിക്കൊപ്പം ലിറ്റിൽഫ്ളവർ ആശുപത്രിയിലെ രണ്ടുപേരുണ്ടായിരുന്നു. രണ്ടുപേരും അവിടത്തെ നഴ്സിങ് വിദ്യാർഥികൾ. അവരിലൊരാൾക്കായിരുന്നു വോളന്റിയേഴ്സിന്റെ ചുമതല. പരിപാടിക്കെത്തുന്നവരെ സ്വീകരിക്കാനും സഹായിക്കാനുമായി നിന്ന വിദ്യാർഥിസംഘത്തിന്റെ തലവൻ. പിന്നീട് മമ്മൂക്ക കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ ആരംഭിച്ചപ്പോൾ അതിന്റെയും മുൻനിരപ്രവർത്തകനായി, പാലാക്കാരനായ ആ വിദ്യാർഥി. പഠന ശേഷം ഓസ്ട്രേലിയയിലേക്ക് കുടിയേറിയപ്പോഴും മമ്മൂക്കയോടുള്ള ആരാധനയും ഇഷ്ടവും ഉപേക്ഷിച്ചില്ല. അവിടെച്ചെന്നിട്ടും ഫാൻസ് പ്രവർത്തനങ്ങളിൽ മുന്നിൽ നിന്നു. അന്നത്തെ ആ വിദ്യാർഥിയാണ് ഓസ്ട്രേലിയയിലെ നോർത്തേൺ ടെറിട്ടറിയിലെ ഇപ്പോഴത്തെ മന്ത്രി ജിൻസൺ ചാൾസ്.
രണ്ടാമത്തേത് ഒരു പെൺകുട്ടിയായിരുന്നു. അനൗൺസ്മെന്റിന്റെയും സ്റ്റേജ് മാനേജ്മെന്റിന്റെയുമൊക്കെ ചുമതലയായിരുന്നു ആ കുട്ടിക്ക്. ആശുപത്രിയിൽ വച്ച് അധികം കണ്ടിട്ടില്ല. കാഴ്ചയുടെ വേദിയിൽ വച്ചാണ് ഞങ്ങൾ പരിചയപ്പെടുന്നത്. ഏല്പിച്ച ചുമതലകളൊക്കെ ഭംഗിയായി നിറവേറ്റിയ ആ പെൺകുട്ടിയുടെ പേര് ഗീതു ജോർജ് എന്നായിരുന്നു. അന്നത്തെ ആ കുട്ടിയാണ് ഇപ്പോൾ എന്റെ ഭാര്യ!
ഗീതു പഠനത്തിൽ മിടുക്കിയായിരുന്നു. നഴ്സിങ് പഠനം ഒന്നാം റാങ്കോടെയാണ് പൂർത്തിയാക്കിയത്. പ്രസംഗമത്സരങ്ങളിലും മറ്റും പലപ്പോഴും കോളേജിനെ പ്രതിനിധീകരിച്ച് സമ്മാനം നേടിയിട്ടുമുണ്ട്. അതൊക്കെ കൊണ്ട് ആ കുട്ടിയോട് വളരെ ബഹുമാനമാണ് തോന്നിയത്. ഞങ്ങൾ പരിചയപ്പെട്ട് പതുക്കെ അത് വിവാഹത്തിലേക്ക് എത്തുകയായിരുന്നു. വിവാഹത്തെക്കുറിച്ച് എനിക്ക് പേടിയില്ലായിരുന്നു. പക്ഷേ അതു രണ്ടും ഒരേയൊരു കാര്യത്തിൽ മാത്രമായിരുന്നു..ഞങ്ങളുടെ കല്യാണത്തിന് മമ്മൂക്ക വരില്ലേ?
മമ്മൂക്ക വരാതെ എങ്ങനെയാണ് എന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട നിമിഷം പൂർണമാകുക? വിവാഹം നിശ്ചയിക്കപ്പെട്ടപ്പോൾ മുതൽ അതായിരുന്നു ആധി. മമ്മൂക്ക വരില്ലേ...? ആ ചോദ്യം മനസ്സിലുയർന്നപ്പോഴൊക്കെ സ്വയം സമാധാനിക്കും. വരുമായിരിക്കും.
പള്ളിക്കത്തോട് അന്നൊരു നാട്ടിൻപുറത്തിന്റെ എല്ലാവിധ സ്വഭാവസവിശേഷതകളും നിറഞ്ഞ സ്ഥലമായിരുന്നു. ഏതൊരു ഗ്രാമത്തിലെയും പോലെ നിഷ്കളങ്കരായ ചിലരും അസൂയാലുക്കളായ മറ്റുചിലരും പരദൂഷണപ്രിയരായ വേറെ ചിലരുമെല്ലാം അവിടെയും ഉണ്ടായിരുന്നു. അക്കാലത്ത് ഫാൻസിന്റെയും കെയർ ആന്റ് ഷെയറിന്റെയുമെല്ലാം പ്രവർത്തനങ്ങളെക്കുറിച്ചുള്ള വാർത്തകളിലൂടെയും മറ്റും മമ്മൂട്ടിയുമായി ബന്ധമുള്ള ഒരാൾ എന്ന പ്രതിച്ഛായ എനിക്ക് ഉണ്ടായിത്തുടങ്ങുകയും ചെയ്തിരുന്നു. പതുക്കെപ്പതുക്കെ നാട്ടിലൊക്കെ ഞാൻ മമ്മൂക്കയുടെ അടുത്തയാളായി അറിയപ്പെട്ടു തുടങ്ങി. വിവാഹം നിശ്ചയിച്ചപ്പോൾ അതുതന്നെയാണ് എന്റെയുള്ളിൽ ഉൾക്കിടിലം തീർത്തതും. വിവാഹത്തിന് മമ്മൂക്ക വന്നില്ലെങ്കിൽ അതോടെ അവസാനിക്കും എല്ലാം. നാട്ടിൽ എനിക്ക് പിന്നെ ജീവിക്കാനാകില്ല. കാരണം അതാണ് നാട്ടിൻപുറത്തിന്റെ രീതി. അവർക്ക് എപ്പോഴും ആഘോഷിക്കാൻ ആരുടെയെങ്കിലുമൊക്കെ വീഴ്ചവേണം. അങ്ങനെയൊന്ന് കിട്ടിയാൽ സംതൃപ്തിയായി. അത്രയും നാൾ കൂടെ നടന്നവർ പോലും വീണവനെ ചവിട്ടി ആനന്ദനൃത്തം തുടങ്ങും,സ്വയം ഓരോ കഥമെനയും..
കല്യാണം അടുത്തതോടെ ഇതൊക്കെ ആലോചിച്ചാലോചിച്ച് ഉറക്കം പോയിത്തുടങ്ങി. ഇക്കാര്യങ്ങളൊക്കെ മമ്മൂക്കയോട് പറയണമെന്നുണ്ട്. പക്ഷേ അത് ശരിയാണോ എന്നൊരു പേടി. എന്തുവിചാരിക്കും,എങ്ങനെയാകും പ്രതികരിക്കുക തുടങ്ങിയ ചിന്തകൾ പിന്തിരിപ്പിച്ചുകൊണ്ടേയിരുന്നു. പക്ഷേ മമ്മൂക്കയുടെ അടുത്ത ആൾക്കാരോടൊക്കെ എന്റെ അവസ്ഥ അറിയിച്ചിരുന്നു. ജോർജേട്ടനോടും ഞാൻ 'കോയമോൻ' എന്നുവിളിച്ചിരുന്ന മമ്മൂക്കയുടെ ഭാര്യാസഹോദരൻ അസീസിനോടും ആന്റോ ചേട്ടനോടും കാര്യം പറഞ്ഞു. ഇടയ്ക്ക് കോയമോൻ എന്റെ ആധികൂട്ടാൻ വേണ്ടി പറഞ്ഞു: 'അളിയൻ നിന്റെ കല്യാണത്തിന് വരുകേല കെട്ടോ. നിന്റെ കാര്യം പോക്കാ...നിന്നെ ഇനി നാട്ടുകാരാരും വിശ്വസിക്കുകേല...'
കല്യാണം ക്ഷണിക്കാൻ ചെല്ലുന്ന വീടുകളിൽ നിന്നെല്ലാം ചോദ്യങ്ങളുയർന്നുതുടങ്ങി. പെണ്ണിനെക്കുറിച്ച് വീട്ടുകാരേക്കുറിച്ചോ ആർക്കും ഒന്നും അറിയേണ്ട. എല്ലാവർക്കും ഒറ്റക്കാര്യം മാത്രം അറിഞ്ഞാൽ മതി. 'മമ്മൂട്ടി വരുമോ?' പലതരം രീതികളിലായിരുന്നു ചോദ്യമെന്നുമാത്രം. 'മമ്മൂട്ടി വരില്ലേ...' 'മമ്മൂട്ടി വരുന്നുണ്ടോ' 'മമ്മൂട്ടിവരുമായിരിക്കും അല്ലേ...' 'മമ്മൂട്ടി വന്നില്ലെങ്കിൽ കുഴപ്പമാകുമല്ലോ...' 'മമ്മൂട്ടി വരാൻ ചാൻസ് കുറവാ അല്ലേ..' ഇങ്ങനെ പലവേർഷനുകളിൽ ഒറ്റക്കാര്യം നാട്ടുകാർ ആവർത്തിച്ചുചോദിച്ചുതുടങ്ങി. അതോടെ വീട്ടിലുള്ളവർക്കും ആധിയായിത്തുടങ്ങി. ഒരുരാത്രിയിൽ അമ്മച്ചി എന്നോടുചോദിച്ചു: 'എടാ മമ്മൂട്ടി സാറ് വരുവോ...'അതിലൊരു സംശയത്തിന്റെ ധ്വനിയേക്കാളുണ്ടായിരുന്നത് പലരോടും മറുപടി തളർന്ന ഒരുപാവം അമ്മയുടെ ഉള്ളിലെ കനലായിരുന്നു. അതോടെ എനിക്ക് മനസ്സിലായി. മമ്മൂക്ക വന്നില്ലെങ്കിൽ ഞാൻ മാത്രമല്ല,വീട്ടുകാരും അതോടെ നാണംകെടും.
ഒടുവിൽ രണ്ടുംകല്പിച്ച് മമ്മൂക്കയെ വിവാഹം ക്ഷണിക്കാൻ ചെന്നു. മമ്മൂക്ക അന്ന് 'കിങ് ആന്റ് കമ്മീഷണറി'ന്റെ ഷൂട്ടിലാണ്. കാര്യം പറഞ്ഞപ്പോഴേ എടുത്തടിച്ചപോലെ മറുപടി: 'അയ്യോ...കോട്ടയമോ....പള്ളിക്കത്തോടോ...ഇത്രയും ദൂരെയോ..നീ എന്തായീപ്പറയുന്നത്..ഷൂട്ടിങ് ഇങ്ങ് എറണാകുളത്താ...ഞാൻ ഇത്രേം ദൂരമൊന്നും വരത്തില്ല..അവിടെ വരണമെങ്കിൽ കുറഞ്ഞത് മൂന്നുമണിക്കൂർ...തിരിച്ചിങ്ങോട്ടും മൂന്നുമണിക്കൂർ..അങ്ങനെ ആറുമണിക്കൂർ...നിന്റെയടുത്ത് വന്നുനിന്നുകഴിഞ്ഞാ ഒരു മണിക്കൂർ...അങ്ങനെ മൊത്തം ഏഴുമണിക്കൂർ..അരദിവസം പോകും...നടക്കുകേല..നടക്കുകേല... എറണാകുളത്താണെങ്കിൽ നോക്കാം...നടക്കുകേല..മോനേ...നടക്കുകേല...'
എന്റെ കൈയും കാലും അതുകേട്ട് തളർന്നു. എന്റെ മുഖഭാവം കണ്ട് മമ്മൂക്ക പറഞ്ഞു: 'നീ എറണാകുളത്ത് റിസപ്ക്ഷൻ വയ്ക്ക്..അതിനുവരാം..'അതുപക്ഷേ സാധ്യമായ കാര്യമല്ലായിരുന്നു. എന്റെ പ്രതീക്ഷ ഏതാണ്ട് അവസാനിച്ചു. അതോടെ കല്യാണം വിളിക്കാൻ പോകുന്നിടത്തെല്ലാം ഇങ്ങോട്ട് ചോദിക്കാതെ ഞാൻ പറഞ്ഞു തുടങ്ങി: 'മമ്മൂക്ക വരുന്നില്ല...എറണാകുളത്ത് റിസപ്ഷന് പ്ലാനുണ്ട്. അന്നുവരാമെന്നാ പറഞ്ഞത്..' അവസാനഓട്ടത്തിൽ അതിങ്ങനെയായി: 'കല്യാണത്തിന് മമ്മൂക്ക വരില്ല..നിങ്ങള് വരണം...'
കോൺഗ്രസ് പ്രവർത്തകനായിരുന്നതുകൊണ്ട് നേതാക്കന്മാരെ കല്യാണത്തിന് ക്ഷണിക്കേണ്ടതുണ്ടായിരുന്നു. മന്ത്രിമാരായിരുന്ന മാണിസാറിനെയും കെ.ബാബുച്ചേട്ടനെയും കെ.സി.ജോസഫ് സാറിനെയും ക്ഷണിക്കാൻ ചെന്നപ്പോൾ നേരിട്ടതും അതേ ചോദ്യം: 'മമ്മൂട്ടി എപ്പഴാ വരുന്നേ..? ആ സമയത്ത് എത്തിക്കൊള്ളാം...'മമ്മൂക്ക വരില്ലെന്ന് മൂന്നുപേരോടും പറഞ്ഞു. കെ.ബാബുചേട്ടൻ അതുകേട്ടപ്പോൾ തമാശയായി പറഞ്ഞു: 'ങ്ഹേ...വരില്ലേ...എന്നാ നിന്റെ കാര്യം പോക്കാണല്ലോ...'
അവസാനം ഉമ്മൻചാണ്ടി സാറിനെ കല്യാണം വിളിക്കാൻ ചെന്നു. പ്രതിപക്ഷനേതാവായിരുന്നപ്പോൾ എന്നെ മമ്മൂക്കയെ കാണിക്കാനായി വിമാനത്തിൽ അടുത്തിരുത്തിക്കൊണ്ടുപോയി പോലീസ് അകമ്പടിയോടെ ഹോട്ടലിലെത്തിച്ച ഉമ്മൻചാണ്ടി സാർ അന്ന് മുഖ്യമന്ത്രിയാണ്. എന്നോട് വിമാനത്തിലിരുന്ന് ചോദിച്ച അതേ ശൈശവനിഷ്കളങ്കതയോടെ സാർ ചോദിച്ചു: 'മമ്മൂട്ടി എപ്പഴാ വരുന്നേ...?'
(തുടരും)