ഇന്നത്തെ ഈ ചിരിക്ക് പിന്നിലുണ്ട്, ഇന്നലെ കണ്ണീരും വിയർപ്പും കലർന്നുണ്ടായ ഉപ്പുകടലുകൾ

ജോജു ജോർജ്
ജോജു ജോർജ്അറേഞ്ച്ഡ്
Published on
Summary
  • ജൂനിയർ ആർട്ടിസ്റ്റിൽ നിന്ന് മലയാളത്തിലെ മുൻനിരനായകനിലേക്കുള്ള ജോജു ജോർജിന്റെ വളർച്ചയുടെ വഴികൾ

  • 'വരവ്' എന്ന സിനിമയുടെ സെറ്റിൽ ജോജുവിനൊപ്പം ചെലവഴിച്ച നിമിഷങ്ങളിലെ കാഴ്ചകളും അനുഭവങ്ങളും

  • ജോജുവിന്റെ ജന്മദിനത്തിന്റെ ഭാ​ഗമായി ജീവിതയാത്രയും വ്യക്തിത്വസവിശേഷതകളും വിശകലനം ചെയ്യുന്ന ലേഖനം

ജോജു നടന്നു വരുന്നതു കാണുമ്പോൾ ഒറ്റയാനെയാണ് ഓർമവരിക. കുപ്പായത്തിനെപ്പോഴുമുണ്ടാകും ഒരു കാനനഛവി. കാടിൻപൊടി പുരണ്ടതുപോലുള്ള കറുപ്പ്. തല സദാ ഉയർന്നുതന്നെയാകും. മെല്ലെയുള്ള ആനനട. ഒരു ചങ്ങലയിലും അയാൾ ബന്ധിതനല്ല. മണ്ണിൽ ആഴ്ന്നമരുന്ന പാദങ്ങളിൽ കടന്നുവന്ന ഏകാന്തപാതകളുടെ തഴമ്പുണ്ട്. കണ്ണിൽ ഏതോ നഷ്ടവാത്സല്യങ്ങളുടെ,പ്രണയങ്ങളുടെ സാന്ദ്രമൗനങ്ങൾ. കൂട്ടംതെറ്റി മേയേണ്ടി വരുന്നവന്റെ സ്വകാര്യവിചാരങ്ങൾ ഒരുപക്ഷേ നെഞ്ചിൽപതിഞ്ഞുകിടക്കുന്ന മുത്തുമാലയ്ക്ക് മാത്രം മനസ്സിലാകുന്നുണ്ടാകാം. മുടിയെ കാറ്റിന് കളിക്കാൻ വിട്ടുകൊടുത്തും,താടിരോമങ്ങൾക്ക് തഴച്ചുവളരാൻ തടമൊരുക്കിയും അയാൾ അലസതയെ ആഘോഷമാക്കുന്നു. ആരുമില്ലാത്ത വനവീഥിയിലൂടെ സഞ്ചരിക്കുന്നവന്റെ ആനന്ദങ്ങൾ. ഇതുകൊണ്ടൊക്കെത്തന്നെ ജോജുവിന് മദം പൊട്ടാറുമുണ്ട്. ചിലനേരങ്ങളിൽ അയാൾ ചിന്നം വിളിക്കുന്നു. 'ഞാൻ ഒറ്റയാനാണ്' എന്ന് പ്രഖ്യാപിക്കുന്ന അടയാളചിഹ്നങ്ങൾ.

Must Read
ആ കാഴ്ച കണ്ട് ദൈവം മമ്മൂട്ടിയെ ഇഷ്ടപ്പെട്ടു, കഷ്ടകാലത്തിന്റെ കരിന്തേളുകൾ ഒഴിഞ്ഞുപോയി..
ജോജു ജോർജ്

ജോജുവിപ്പോൾ ഷാജി കൈലാസിന്റെ പുതിയ സിനിമയിലെ നായകനാണ്. അയാളിലെ വന്യതയത്രയും നിറഞ്ഞ 'വരവ്'. ഒരു വിരലനക്കത്തിനുപോലും വിസ്ഫോടനശേഷിയുണ്ടെന്ന് പലവട്ടം കാട്ടിത്തന്ന സംവിധായകന്റെ നിർദേശങ്ങൾക്ക് മെരുങ്ങി ജോജു മുണ്ടുമാടിക്കുത്തുന്നു, നോട്ടത്തിൽ തീ നിറയ്ക്കുന്നു, പറന്നടിക്കുന്നു,വൈകാരികരം​ഗങ്ങളിൽ കണ്ടുനില്കുന്നവന്റെ കണ്ണുനനയിക്കുന്നു...അതൊക്കെയും ആവാഹിച്ചെടുക്കാൻ ഷാജി കൈലാസ് തനിക്ക് മാത്രം സാധ്യമാകുന്ന തരത്തിൽ ക്യാമറയെ ഒപ്പുകടലാസാക്കുന്നു. ഒരുപക്ഷേ പുതിയൊരു അവതാരപ്പിറവി,ഒരു സൂപ്പർസ്റ്റാറിന്റെ വരവ്.

ആ സെറ്റിൽ രണ്ടുദിവസം ജോജുവിനെ അരികിൽ നിന്ന് കണ്ടു,ശ്രദ്ധിച്ചു. ഷോട്ട് കഴിഞ്ഞാൽ അയാൾ കാരവൻ എന്ന തണുത്തവനത്തിന്റെ ശീതളിമയിലേക്ക് ഓടുന്നില്ല. കസേരയിലിരിക്കുമ്പോഴോ നടക്കുമ്പോഴോ അധികാരത്തിന്റേതായ മുത്തുക്കുട തലയ്ക്ക് മീതേ നിവരുന്നുമില്ല. ആലവട്ടങ്ങളും വെൺചാമരങ്ങളും 'ദീവെട്ടികളിളക്കും വെളിച്ചത്തിൽ പതയും നെറ്റിപ്പട്ട പൊന്നരുവികളും',പൂത്ത താഴ്വരപോലെയുള്ള ആരാധകപ്പുരുഷാരങ്ങളുമില്ലാതെ അയാൾ അയ്മനം എന്ന ​ഗ്രാമത്തിന്റെ നട്ടുച്ചയിൽ തനിക്കൊപ്പം ജോലിചെയ്യുന്നവരുടെ തോളിൽ വലിപ്പക്രമം നോക്കാതെ കൈയിട്ടുനടന്നു. അങ്ങനെയാകാനേ ജോജുവിന് സാധിക്കൂ. അയാളെപ്പോഴും ഒറ്റയാനാണ്. അതുകൊണ്ടുതന്നെ മീനച്ചിലാറിന്റെ തീരത്തുള്ള ആ ഷൂട്ടിങ് സ്ഥലം കൊമ്പൻ തിടമ്പേറ്റിയ ഒരു ഉത്സവപ്പറമ്പുമായിരുന്നില്ല.

ഷാജി കൈലാസും ജോജുവും 'വരവി'ന്റെ സെറ്റിൽ
'വരവി'ന്റെ സെറ്റിൽ ഷാജി കൈലാസും ജോജുവുംഫോട്ടോ-ഹരി തിരുമല

ആദ്യദിനം എസ്.എൻ.സ്വാമി ജോജുവിനെ കാണാൻ വന്നു. കൂടെ രാജേഷ് എന്നുപേരായ ഒരു ചെറുപ്പക്കാരനുമുണ്ടായിരുന്നു. ലണ്ടനിലും കോട്ടയത്തുമായി ബിസിനസ് നടത്തുന്ന ഒരാൾ. ഷൂട്ടിന്റെ ഇടവേളയിൽ ജോജു സ്വാമിയെക്കണ്ട് ഓടിവന്ന് കൈകൊടുത്തു. പിന്നെ അരിക് പൊട്ടി, മെഴുക്ക് പുരണ്ട ഒരു കസേരയിൽ നാട്ടിൻപുറകലുങ്കിലെന്നോണമിരുന്ന് സംസാരിച്ചുതുടങ്ങി. രാജേഷ് അപ്പോൾ ചോദിച്ചു: 'ജോജു നമ്മളൊരുമിച്ച് ഒരു പടത്തിൽ ജൂനിയർ ആർട്ടിസ്റ്റായി അഭിനയിച്ചിട്ടുണ്ട്...ഒരുമിച്ചായിരുന്നു താമസം..ഓർമയുണ്ടോ..?' ഒരു നായകനും കേൾക്കാനാ​ഗ്രഹിക്കാത്ത ചോദ്യം. പക്ഷേ അത് ജോജുവിൽ നീരസമുണ്ടാക്കിയില്ല. പകരം ആകാംക്ഷയിലയാളുടെ കണ്ണുകൾ കൂടുതൽ വലുതായി. 'ബാബാ കല്യാണി' എന്ന് ആ ചെറുപ്പക്കാരൻ പറഞ്ഞപ്പോൾ ജോജു ഒറ്റമാത്രയിൽ ഷാജി കൈലാസിന്റെ ആക്ഷന് കാതോർത്തുനിന്ന ആ പഴയ ജൂനിയർ ആർട്ടിസ്റ്റായി.

Must Read
അയാൾ മുന്നിലേക്ക് വന്നു; ചാറ്റൽമഴ നനഞ്ഞ്...കാക്കിക്കുപ്പായമിട്ട് ആറടിയുയരത്തിൽ...മുഖത്ത് പൗരുഷവും പ്രണയവും ഒരേപോലെ നിറച്ച്....
ജോജു ജോർജ്

അഭ്രാരണ്യകങ്ങളിലെ പഴയകാലങ്ങൾ ജോജു മറക്കാനാ​ഗ്രഹിക്കുന്ന കയ്പൻദിനങ്ങളല്ല. ഇന്നലെകളിലെ അനുഭവങ്ങളുടെ വീണ്ടെടുപ്പ് അയാൾക്ക് ഇന്നിലേക്കുള്ള ഇന്ധനമാണ്. ഓരോ തവണയും പഴയത് ഓർക്കുമ്പോൾ,അതേക്കുറിച്ച് അടുത്തുള്ളവരോട് സംസാരിക്കുമ്പോൾ ജോജു ഉത്സാഹിയാകും. 'ബാബാ കല്യാണി'യിൽ രണ്ടോ മൂന്നോ സീനിലേ ഉണ്ടായിരുന്നുള്ളൂവെങ്കിലും അതേക്കുറിച്ച് ഷാജി കൈലാസിനെയും എസ്.എൻ.സ്വാമിയെയും സാക്ഷിയാക്കി പറയവേ,അന്ന് ആകെ കിട്ടിയ ഡയലോ​ഗ് ഏതാണ് എന്ന് ഓർത്തെടുക്കവേ അയാൾ ജോജു ജോർജ് ആയിരുന്നില്ല,പഴയ ജോജു മാളയായിരുന്നു.

ജോജു ജോർജ്(വലത്തേയറ്റം) ബാബാ കല്യാണിയിലെ ഒരു രം​ഗത്തിൽ
'ബാബാ കല്യാണി'യിലെ ഒരു രം​ഗത്തിൽ ജോജു ജോർജ്(വലത്തേയറ്റം)സ്ക്രീൻ​ഗ്രാബ്

'നമ്മക്കന്ന് ലാലേട്ടന്റെ പടത്തിലൊരു സീനെന്നൊക്കെപ്പറഞ്ഞാ വൻ സംഭവാണ്. അപ്പോപ്പിന്നെ ലാലേട്ടനൊക്കെ ഒന്ന് മിണ്ടിയാലത്തെ കാര്യം പറയണ്ടല്ലോ...ഞാനിങ്ങനെ ലാലേട്ടന്റെ സീനെടുക്കുന്ന മുറിയുടെ പുറത്ത് നിക്കുമ്പോ പുള്ളി പുറത്തേക്ക് വന്നു. എന്നിട്ട് എന്നോട് ചോദിച്ചു,മോനേ...വാഷ് റൂം എവിടെയാ...? നമ്മളിങ്ങനെ ത്രില്ലടിച്ച് നിക്കുവാണ്...അത് മതിയായിരുന്ന് നമക്ക്...'-പറയുന്നത് ഇന്ന് മലയാളസിനിമ കഥ പറയാൻ ക്യൂ നില്കുന്ന നായകരിലൊരാളാണ്.

ചർച്ച 'രാവണപ്രഭു'വിലേക്ക് കടന്നപ്പോൾ ജോജു പറഞ്ഞു: 'അതിലുമൊണ്ടായിരുന്നു നമ്മള്...ഇപ്പോ റീ റിലീസ് ചെയ്തപ്പോ ആൾക്കാര് കണ്ടുപിടിച്ച് മെസേജ് അയയ്ക്കുന്നുണ്ട്. ലാസ്റ്റ് ക്ലൈമാക്സിനോട് അടുക്കുമ്പോ ഓടിവന്ന് സായികുമാറിനോട് മുണ്ടക്കൽ ശേഖരനെവിടെയെന്ന് പറഞ്ഞുകൊടുക്കുന്ന സീനിലാ...അന്നത് കഴിഞ്ഞപ്പോ ഭയങ്കര സന്തോഷായിരുന്നു...നമ്മടെ ഡയലോ​ഗീന്നായിരുന്നല്ലോ പടം എൻഡിലേക്ക് തിരിയണത്...നമ്മള് പറയണസ്ഥലത്തേക്കല്ലേ കാർത്തികേയൻ പോണത്..പക്ഷേ സ്ക്രീനിൽ വന്നപ്പോ ഡയലോ​ഗിന്റെ മേളില് ബി.ജി.എം വന്ന് കേറി...'-ജോജു ചിരിക്കുകയാണ്. പക്ഷേ അതിന് പിന്നിൽ ഏതൊക്കയോ പകലുകളിൽ,രാത്രികളിൽ അയാൾ അടക്കിപ്പിടിച്ച കണ്ണീരിന്റെയും,വെയിൽവഴികളിലൂടെയുള്ള യാത്രയിലെ വിയർപ്പിന്റെയും ഉപ്പുപുരണ്ടിട്ടുണ്ടാകണം. ഇങ്ങനെ കണ്ണീരും വിയർപ്പും കലർന്നുണ്ടായ ഉപ്പുകടലിലൂടെയുള്ള ഏകാകിയുടെ തോണിയാത്രയായിരുന്നു ജോജുവിന്റെ ഭൂതകാലം.

ജോജു സായികുമാറിനൊപ്പം രാവണപ്രഭുവിൽ
ജോജു(വലത്)സായികുമാറിനൊപ്പം 'രാവണപ്രഭു'വിൽസ്ക്രീൻ​ഗ്രാബ്

കെ.കരുണാകന്റെ മണ്ഡലമായതിനാൽ കേരളത്തിന്റെ നാനാദിക്കുകളിലേക്കും മാളയിൽ നിന്ന് കെ.എസ്.ആർ.ടി.സി ബസുകളുണ്ടായിരുന്നു, ഒരു കാലത്ത്. കരുണാകരൻ മാള വിട്ടിട്ടും ബസുകൾ സ്റ്റാൻഡ് വിട്ടുപോയില്ല. അത് ഒരുപക്ഷേ ഏറ്റവും കൂടുതൽ സഹായിച്ചത് ജോജുവിനെയാകണം. മാളയിൽ നിന്ന് പുറപ്പെടുന്ന ബസുകളിലേറി പലയിടങ്ങളിലേക്കയാൾ തീർഥയാത്ര നടത്തി. ആർക്ക് ലൈറ്റുകൾ കത്തിനില്കുന്ന,നായകവി​ഗ്രഹങ്ങൾ നിറയുന്ന ലൊക്കേഷനുകളായിരുന്നു ദേവാലയങ്ങൾ. പിന്നെ പർണശാലകൾ പോലെയുള്ള സംവിധായകവീടുകളും. ബസുകൾ കിട്ടാത്ത നേരങ്ങളിൽ പച്ചക്കറിലോറികളിൽ കയറിപ്പറ്റി. അതിന് മുകളിൽ ഉറങ്ങാതെകിടന്ന് നക്ഷത്രങ്ങളെ നോക്കി. പുലർകാലത്ത് കൊച്ചിയിലിറങ്ങി ഏതെങ്കിലും കംഫർട്ട് സ്റ്റേഷനിൽ കുളിച്ച് തയ്യാറായി പലയിടങ്ങളിലെ 'ദർശന'ത്തിന്. ചെല്ലുന്നിടത്തെല്ലാം ഒരേയൊരു പ്രാർഥന മാത്രം. 'പുതിയ സിനിമയിൽ എന്തെങ്കിലുമൊരു വേഷം..'

ആ നാളുകളെക്കുറിച്ച് ജോജു പറയുമ്പോൾ അരികത്ത് 'വരവി'ന്റെ തിരക്കഥാകൃത്തുകൂടിയായ സംവിധായകൻ എ.കെ.സാജനുണ്ടായിരുന്നു. കറുകപ്പള്ളിയിലെ സാജന്റെ വീടായിരുന്നു അന്നൊക്കെ ജോജുവിന്റെ പ്രധാന അഭയസ്ഥാനം. 'സാജൻ ചേട്ടന്റെ വീട്ടിൽ അന്ന് സ്ഥിരമായി അമലും(അമൽ നീരദും) അൻവറും(അൻവർ റഷീദ്)വരും. അവരൊക്കെ നല്ല ഡ്രസൊക്കെയിട്ട് അത്യാവശ്യം സിനിമാ ബാ​ക്ക്​ഗ്രൗണ്ടൊക്കെയായിട്ടാണ് വരണത്. നേരെ എൻട്രിയാകാം. നമ്മക്ക് അങ്ങനെയല്ലല്ലോ...അതുകൊണ്ട് ഞാൻ പലപ്പഴും സൈഡ് വഴി കേറിപ്പറ്റും.. അല്ലേ സാജൻ ചേട്ടാ...' പ്രതീകാത്മകമായ ജോജുവിന്റെ ചോദ്യം സാജനെയും കൊണ്ടുപോയിക്കാണണം ആ പ്രഭാതങ്ങളിലേക്ക്.

ജോജു ജോർജും എ.കെ.സാജനും
ജോജു ജോർജും എ.കെ.സാജനുംഫോട്ടോ-ഹരി തിരുമല

സംവിധായകരിൽ പലരും വാതിലുകൾ തുറക്കാതിരുന്നപ്പോൾ സാജന്റെ 'പാർപ്പിടം' ജോജുവിനെപ്പോലെ ആ​ഗ്രഹത്തിന്റെ അ​ഗ്നിയെരിയുന്ന വയറുമായി വന്നുകയറുന്നവരെയെല്ലാം വരവേറ്റു. ഭാര്യ ഷെമി അവർക്കൊക്കെയും ഭക്ഷണം വിളമ്പി. അന്ന് അവിടെയിരുന്ന് സിനിമാ സ്വപ്നങ്ങൾ കണ്ടവരെല്ലാം ഇന്ന് വിലപിടിപ്പുള്ള സംവിധായകരും അഭിനേതാക്കളുമൊക്കെയാണ്. അവരിൽ ജോജു ഒന്നും മറന്നില്ല. ഒരുകാലത്ത് തനിക്കായി തുറന്നിട്ട വാതിലിന് കടപ്പാടെന്നോണം സാജനായി എപ്പോഴും 'ഓപ്പണാ'ണ് ജോജുവിന്റെ കലണ്ടർചതുരങ്ങൾ. ആത്മബന്ധത്തിന്റേതായ അരുവി അവർക്കിടയിൽ എപ്പോഴും ഒഴുകിക്കൊണ്ടേയിരിക്കുന്നു.

പക്ഷേ തിരസ്കാരങ്ങളുടെയും അവഹേളനങ്ങളുടെയും ആഞ്ഞുകൊത്തലുകളുടെയും മനുഷ്യൻ എന്ന പരി​ഗണന പോലും നല്കാതിരുന്നവരുടെ കൊടിയപീഡകളുടെയും കഥയാണ് ഇന്ന്, ഒക്ടോബർ 22ന് നാല്പത്തിയെട്ടാം വയസ്സിലേക്ക് കാൽവയ്ക്കുന്ന ജോജുവിന്റെ ജീവിതത്തിന്റെ ആദ്യപകുതിയിൽ കൂടുതലും. മലയാളത്തിൽ ഇപ്പോഴുള്ള മുൻനിരയുവനായകരിൽ ഒരാൾക്കുപോലുമില്ല ഇത്തരത്തിൽ ഇടിവെട്ടിപ്പെയ്ത,ഇരുട്ടുനിറഞ്ഞ ഇന്നലെകൾ. ഇതെഴുതുന്നയാൾ ജോജുവിനെ ആദ്യമായി കണ്ടതുപോലും അത്തരമൊരു നിമിഷത്തിലായിരുന്നു.

 ഷാജി കൈലാസും ജോജു ജോർജും 'വരവി'ന്റെ സെറ്റിൽ
'വരവി'ന്റെ സെറ്റിൽ ഷാജി കൈലാസും ജോജു ജോർജുംഫോട്ടോ-ഹരി തിരുമല

മട്ടാഞ്ചേരിയിൽ 'ബെസ്റ്റ് ആക്ടറി'ന്റെ സെറ്റ്. ഇടുങ്ങിയ വഴിക്കരികിലെ പഴയകെട്ടിടത്തിന്റെ മുകൾ നിലയിലാണ് ഷൂട്ട്. മമ്മൂട്ടിയെ കാണാൻ ചെന്നതായിരുന്നു. സംസാരിച്ചിരുന്നശേഷം അദ്ദേഹം ഉച്ചമയക്കത്തിനായി ആ കെട്ടിടത്തിലെതന്നെ ഒരു ചെറിയ മുറിയിലേക്ക് പോയി. അല്പം കഴിഞ്ഞപ്പോൾ അപ്പുറത്ത് കതിനപൊട്ടുംപോലെയുള്ള ശബ്ദം കേട്ടു. പ്രൊഡക്ഷൻ വിഭാ​ഗത്തിന്റെ ചുമതലയുള്ളവരിൽ ഒരാൾ വന്ന് അവിടെയുണ്ടായിരുന്ന ഒരു ചെറുപ്പക്കാരനോട് പൊട്ടിത്തെറിക്കുകയാണ്: 'വല്ലതും നക്കാനാണ് വന്നതെങ്കിൽ നക്കീട്ട് പൊയ്ക്കോണം. ചുമ്മാ ഷോ കാണിക്കാൻ നിക്കരുത്.. വഴിയിൽ കൊണ്ട് കാറിടാൻ നീയാരാടാ...എടുത്തുമാറ്റടാ നിന്റെ കോപ്പിലെ കാറ്..' ഇപ്പോഴും കാതിലുണ്ട് ആദ്യവാചകം. അത് അങ്ങനെതന്നെയായിരുന്നു.

ചെറിയ വഴിയിൽ ​ഗതാ​ഗതതടസ്സമുണ്ടാക്കുന്ന രീതിയിൽ പാർക്ക് ചെയ്തിരിക്കുന്ന ആ ചെറുപ്പക്കാരന്റെ കാർ ഉടൻ മാറ്റണമെന്നായിരുന്നു അയാളുടെ ആക്രോശത്തെ അരിച്ചെടുത്താൽ കിട്ടുന്ന ഏറ്റവും ലളിതമായ അർഥം. സൗമ്യമായി പറയാവുന്ന ഒരു കാര്യത്തെ നാണംകെടുത്താനുള്ള വടിയാക്കി ഉപയോ​ഗിച്ചപ്പോൾ ചെറുവേഷത്തിലഭിനയിക്കാൻ വന്ന ആ ചെറുപ്പക്കാരനൊന്ന് പതറി. ആദ്യമൊക്കെ അയാൾ മര്യാദയോടെ സംസാരിച്ചു. പിന്നെ പ്രത്യാക്രമണം തുടങ്ങി. ഒടുവിൽ 'അകത്ത് മമ്മൂക്കയുണ്ട്' എന്നാരോ പറഞ്ഞപ്പോഴാണ് ആ വഴക്ക് അവസാനിച്ചത്. ചെറുതെങ്കിലും ഒരാൾക്കൂട്ടത്തിനുമുമ്പിൽ വാക്കുകൾകൊണ്ട് മുറിവേറ്റുനില്കുന്ന ആ ചെറുപ്പക്കാരന്റെ പേര് അടുത്തുണ്ടായിരുന്ന ഒരാളോട് ചോദിച്ചു. അയാൾ പറഞ്ഞു: 'ജോജു'.

ജോജു ജോർജ്
ജോജു ജോർജ്അറേഞ്ച്ഡ്

'വരവി'ന്റെ സെറ്റിലിരുന്ന് ഇക്കാര്യം ജോജുവിനെ ഓർമിപ്പിച്ചപ്പോൾ വീണ്ടും കണ്ണുകൾ വലുതായി വിരിഞ്ഞുവന്നു. 'അന്ന് നമ്മുക്കൊരു കാറൊക്കെയുണ്ടായ സമയമാണ്. ആദ്യമൊക്കെ പിടിച്ചുനിന്നു..പിന്നെയങ്ങ് കൺട്രോള് പോയി.. പക്ഷേ അതൊന്നും ഒന്നുമല്ല. വിനയൻസാറിന്റെ ഒരു സിനിമയിലഭിനയിക്കാൻ ചെന്നപ്പോ മൂന്നുപേരായിരുന്നു മുറിയിൽ. കൂടെയുണ്ടായിരുന്നവര് എന്നെ ശരിക്കും റാ​ഗ് ചെയ്തു. കട്ടിലിൽ കിടക്കാൻ സമ്മതിച്ചില്ല. നെലത്ത് കെടന്നോളാൻ പറഞ്ഞു. തമിഴ്നാട്ടിലെ ചെങ്കോട്ടയിലായിരുന്നു ഷൂട്ട്. കത്തിപ്പോകുന്ന വെയില്. അതിലിങ്ങനെ പൊള്ളിനിക്കുമ്പോ ഷോട്ടിന് സമയമാകും. തണുത്തവെള്ളം ദേഹത്തോട്ട് ചീറ്റിച്ചടിക്കും...സൂചികുത്തിക്കേറും പോലെ തോന്നും. ഒരേ സമയം വെയിലിലും മഴേലും നിക്കുന്നപോലെ.. ഒരു മാസമുണ്ടായിരുന്നു ഷൂട്ട്. അവസാനം ബാക്കിയെല്ലാ ജൂനിയർ ആർട്ടിസ്റ്റുകൾക്കും 15000 രൂപ. ഡയറക്ടറിനോട് നേരിട്ട് ചാൻസ് ചോദിച്ചുവന്നയാളായതുകൊണ്ട് എനിക്ക് മാത്രം 1500 രൂപ..'-ജോജു വീണ്ടും ചിരിക്കുന്നു.

ഇങ്ങനെ കുറഞ്ഞുപോയ പൂജ്യങ്ങളിൽ നിന്ന് തുടങ്ങിയവനാണ് ജോജു. ഇന്നയാളുടെ പ്രതിഫലത്തിലെ പൂജ്യങ്ങളുടെ എണ്ണം ഏഴുകടക്കുന്നു. അയാൾ താണ്ടിയ കഷ്ടപ്പാടിന്റെ കടലുകളുടെ എണ്ണത്തെപ്പോലെ..

വർഷങ്ങൾക്കുമുമ്പ് മട്ടാഞ്ചേരിയിലെ ഒരു കുടുസുമുറിയിൽ അപമാനത്തിന്റെ കത്തിരിച്ചൂടിൽ വെന്തുരുകി നിന്ന ചെറുപ്പക്കാരൻ തൊട്ടുമുന്നിലിരിക്കുന്നയാൾ തന്നെയെന്ന് ഓർത്തപ്പോൾ കാലം എന്ന മഹാപ്രവാഹത്തിന്റെ കലങ്ങിമറഞ്ഞൊഴുകൽ കണ്ണോരത്തുള്ളതു പോലെ. മനുഷ്യൻ തന്നെയാണ് 'മദ'ങ്ങളെ സൃഷ്ടിക്കുന്നത്. ആനകളിലും അതിന്റെ സ്വഭാവമുള്ള ആളുകളിലും..

ജോജു ജോർജ്
ജോജു ജോർജ് അറേഞ്ച്ഡ്

ജോജു ചെറുവേഷങ്ങൾചെയ്യുന്നകാലത്ത് കൊച്ചിയിൽ കൂടെ താമസിച്ചിരുന്ന ഒരു സുഹൃത്ത് അടുത്തിടെ പറഞ്ഞു: 'അന്ന് അവനെ സ്ഥിരം കളിയാക്കുന്ന ഒരു നടനുണ്ടായിരുന്നു. തമാശവേഷങ്ങളിൽ തിളങ്ങിനിന്ന സമപ്രായക്കാരൻ. ഇടയ്ക്കൊക്കെ ഞങ്ങൾ താമസിച്ചിരുന്ന സ്ഥലത്ത് വരും. ജോജുവിനെ കാണുമ്പോൾ ചോദിക്കും,ങ്ഹാ...നടൻ..അല്ല..ഭടൻ എത്തിയോ...ഇന്നെവിടെയായിരുന്നു കുന്തം പിടിച്ചുള്ള നില്പ്....'

കാലത്തിന്റെ ഒഴുക്കിൽ ആ നടൻ മലയാളസിനിമയിൽ നിന്നേ മാഞ്ഞുപോയി. ജോജു ഇപ്പോഴുമുണ്ട്. ഭടനായല്ല,കോടികൾ വിലമതിക്കുന്ന നടനായിത്തന്നെ. അന്ന് 'ബെസ്റ്റ് ആക്ടറി'ന്റെ സെറ്റിൽ ജോജുവിനെ അപമാനിച്ചയാളെ രണ്ടുവർഷം മുമ്പൊരു ഫോട്ടോയിൽ കണ്ടു. ഒരു സിനിമാസെറ്റിലെ പിറന്നാളാഘോഷത്തിൽ കേക്കുമുറിക്കുന്ന ജോജുവിന് പിന്നിൽ ദൂരെമാറി നിഴൽരൂപമെന്നോണം. ഇതാണ് സിനിമ. അത് വാഴുന്നവരെ വീഴിക്കും,വീണവനെ വാഴിക്കും..

കല്ലും മുള്ളും കുഴികളും കൊല്ലികളും നിറഞ്ഞ ഇത്തരം കാട്ടുവഴികൾ താണ്ടിവന്നവനായതുകൊണ്ട് ജോജു ലൈറ്റ്ബോയ്സിന്റെയും ജൂനിയർ ആർട്ടിസ്റ്റുകളുടെയും സെറ്റിൽ ചായവിളമ്പുന്നവരുടെയും തോളിൽ കൈയിട്ടുനടക്കുന്നു. അവർക്ക് ബാറ്റ കൃത്യമായി കിട്ടുന്നുണ്ടോ എന്ന് തിരക്കുന്നു. ഇല്ലെന്ന് കേട്ടാൽ 'ചുരുളി'യിലെ തങ്കൻചേട്ടനായി മാറുന്നു. അങ്ങനെയൊരു ദൃശ്യത്തിനും ഒരിക്കൽ സാക്ഷിയായി. തൊഴിലാളികളുടെ തോളോട്തോളുചേർക്കാൻ,അവന്റെ വിയർപ്പിൽ അറപ്പിനു പകരം അന്നവും അധ്വാനവും കാണാൻ ഇന്ന് മലയാളസിനിമയുടെ പുതുതലമുറയിൽ ഒരേയൊരു നായകനേയുള്ളൂ-അയാളുടെ പേരും ജോജു എന്നാണ്.

ജോജു ജോർജ്
ജോജു ജോർജ്അറേഞ്ച്ഡ്

സിനിമയിൽ മാത്രം അഭിനയിക്കാനറിയുന്നതുകൊണ്ടാണ് ഇങ്ങനെയാകാൻ അയാൾക്ക് സാധിക്കുന്നത്. ജീവിതത്തിൽ ജോജു നല്ല നടനല്ല. പൊട്ടിത്തെറിക്കുകയും പൊട്ടിക്കരയുകയും ആഹ്ലാദിക്കുകയും ആകുലപ്പെടുകയുമെല്ലാം ചെയ്യുന്ന സാധാരണ മനുഷ്യൻ മാത്രമാണയാൾ. അതുകൊണ്ടാണ് നാലുവർഷം മുമ്പ് കൊച്ചിയിൽ കോൺ​ഗ്രസിന്റെ സമരത്തിനിടയിലേക്ക് എല്ലാ കൂച്ചുവിലങ്ങുകളും പൊട്ടിച്ചു ചെന്നുകയറിയത്. സിനിമയെക്കുറിച്ച് മോശം അഭിപ്രായമെഴുതിയ ചെറുപ്പക്കാരനോട് ഫോണിൽ കൊമ്പുകോർത്തത്, അവൻ തിരിച്ചുകുത്തിയപ്പോൾ ഒരുവേള പകച്ചുപോയത്,ആ സംഭാഷണം ലോകമറിഞ്ഞപ്പോൾ 'ഇനി ഞാനൊന്നിനുമില്ല' എന്നു പറഞ്ഞ് തന്റേതായ വനസ്ഥലികളിലേക്ക് തിരികെപ്പോയത്...ഈ സ്വഭാവത്തിന് പിന്നിലും അയാൾ പിന്നിട്ട കനലുകളും കാടകങ്ങളും സമ്മാനിച്ച സഹജവാസന തന്നെ.

കൊച്ചിയിലെ സമരത്തിനിടയിലുണ്ടായ സംഭവത്തിനുശേഷം സ്വകാര്യസംഭാഷണത്തിൽ ഒരു മുതിർന്ന കോൺ​ഗ്രസ് നേതാവ് പറഞ്ഞു:'അയാളത് മന:പൂർവം ചെയ്തതാണെന്നോ,അതിൽ രാഷ്ട്രീയമുണ്ടെന്നോ ഞാൻ കരുതുന്നില്ല. കാരണം അയാളൊരു സിനിമാനടനാണ്. ഇങ്ങനെയൊരു സീനുണ്ടാക്കുന്നതുകൊണ്ട് ആത്യന്തികമായ നഷ്ടം അയാൾക്ക് തന്നെയാണ്. തന്ത്രശാലിയായ സിനിമാക്കാർ അതുകൊണ്ട് ഒന്നും മിണ്ടാതിരിക്കും. പക്ഷേ അയാളൊരു സാധുവായതുകൊണ്ടാകാം നേരെവന്ന് ബഹളം വച്ചത്..സ്വന്തം ഇമേജ് കളഞ്ഞുകുളിച്ച് ഏത് സിനിമാക്കാരനാണ് രാഷ്ട്രീയം കളിക്കുക..'

ജോജു ജോർജ് എ.കെ.സാജൻ സംവിധാനം ചെയ്ത പുലിമടയിലെ ഒരു രം​ഗത്തിൽ
എ.കെ.സാജൻ സംവിധാനം ചെയ്ത 'പുലിമട'യിൽ ജോജു ജോർജ്അറേഞ്ച്ഡ്

ജോജു ഏറ്റവും കൂടുതൽ ആഹ്ലാദവാനായിക്കാണപ്പെടുന്നയിട ങ്ങളിലൊന്ന് തീൻമേശയാണ്. അഭിനയത്തോടുള്ളതു പോലെയുള്ള കൊതിയാണയാൾക്ക് ഭക്ഷണത്തോടും. സ്വയം ആസ്വദിച്ച് കഴിച്ചും മറ്റുള്ളരെ നിർബന്ധിച്ച് കഴിപ്പിച്ചുമാണ് ജോജു വയറുനിറയ്ക്കുന്നത്. യാതൊരു നിയന്ത്രണങ്ങളും പാലിക്കാതെ കാടുകയറിയുള്ള തീറ്റ. 'വരവി'ന്റെ സെറ്റിൽ ഉച്ചഭക്ഷണത്തിനിരുന്നപ്പോൾ ജോജു പ്രത്യേകമായി വരുത്തിവെച്ചിരുന്നത് പാൽക്കപ്പയും ബീഫുമാണ്. അത് കൂടെയിരുന്ന ഒരു ജൂനിയർ ആർട്ടിസ്റ്റിനുൾപ്പെടെ എല്ലാവർക്കുമായി വിളമ്പിക്കൊടുക്കുമ്പോൾ ജോജു ദാവീദിനോടുള്ള യിശ്ശായിയുടെ വചനത്തെ ഓർമിപ്പിച്ചു: 'ആ പാൽക്കട്ട പത്തും സഹസ്രാധിപന് കൊടുക്ക...നിന്റെ സഹോദരന്മാരുടെ ക്ഷേമവും ചോ​​ദിച്ച് ലക്ഷ്യവും വാങ്ങിവരിക...'

ഷാജി കൈലാസ് അപ്പോൾ പറഞ്ഞു:'ഞങ്ങൾ കഴിഞ്ഞദിവസം കുട്ടേട്ടന്റെ(വിജയരാഘവൻ) വീട്ടിൽപ്പോയി. അവിടെ പാൽച്ചേമ്പുണ്ടായിരുന്നു. പിന്നെ ദോശയും കാന്താരിച്ചമ്മന്തിയുമെല്ലാം..'ജോജു പുതിയൊരു കഥാപാത്രത്തെ കിട്ടിയപോലെ ആവേശഭരിതനായി:പാൽച്ചേമ്പോ..അതെന്താ ഐറ്റം..?' പിന്നെ അടുത്തിരുന്ന ബൈജുവിനോടായി: 'മ്മക്ക് പോയാലോ...'

ഒളശ്ശയിലെ ആ വീട്ടിൽ പാൽച്ചേമ്പിനോളം പ്രിയപ്പെട്ട മറ്റുചിലത് കൂടിയുണ്ടാകുമെന്ന് ജോജുവിനറിയാം. കാലംകഴിയുന്തോറും വീര്യമേറുന്ന എൻ.എൻ.പിള്ളയെന്ന ആചാര്യലഹരിയുടെ ഓർമത്തുള്ളികളാണ് അതിലൊന്ന്. പിന്നെ ആ പാരമ്പര്യം പകർന്നുകിട്ടിയ മകന്റെ സ്നേഹാശ്ലേഷങ്ങളും. ജോജു രുചിക്കാൻ കൊതിക്കുന്നത് അവയും കൂടിയാണ്.

ഒരു സിനിമാ ചടങ്ങിനെത്തുന്ന ജോജു ജോർജ്
ജോജു ജോർജ് ഒരു സിനിമാ ചടങ്ങിനെത്തിയപ്പോൾഫോട്ടോ അനൂപ് ചാക്കോ

ഭക്ഷണവും വിശപ്പും ജോജുവിന്റെ അഭിനയജീവിതത്തോട് ബന്ധപ്പെടുത്തി വേണം കാണാൻ. ആഹാര്യമെന്നാൽ ചതുർവിധാഭിനയങ്ങളിൽ മൂന്നാമത്തേത്. ഒരു വ്യക്തി കഥാപാത്രത്തിന്റെ വേഷമണിയുകയാണിതിൽ. ആഹാരത്തോടെന്നപോലെ ആഹാര്യത്തോടും ജോജുവിന് ആർത്തിയോളമെത്തുന്ന ആ​ഗ്രഹമുണ്ട്. രണ്ടിനുമിടയിൽ ചൂണ്ടക്കൊളുത്തിന്റെ ആകൃതിയിലുള്ള ചിഹ്നം മാത്രം. അതാകട്ടെ കഥാപാത്രത്തെ ഒരു മീനിനെയെന്നോണം കൊളുത്തിവലിച്ചെടുക്കാനുള്ള ഉപകരണവും. അതുപോലെതന്നെയാണ് വിശപ്പും. വയറിനെമറന്ന് വേഷത്തിനുവേണ്ടി വിശന്നുനടന്നവനായതുകൊണ്ട് അയാളുടെ ഉള്ളിൽ അത് ഒരിക്കലും ശമിക്കുന്നില്ല. അതുകൊണ്ട് സെറ്റിലെ ഒരു ജൂനിയർ ആർട്ടിസ്റ്റിന്റെ കണ്ണിലെ വിശപ്പ് അയാൾക്ക് മറ്റാരേക്കാൾ എളുപ്പത്തിൽ തിരിച്ചറിയാനാകും.

ഇവിടെ ജോജുവിലേക്ക് 'രണ്ടാമൂഴ'ത്തിലെ ഭീമന്റെ തണൽപ്പാടുകൾ വന്നുവീഴുന്നു. എന്തുകഴിച്ചാലും വിശപ്പുള്ളതിനാൽ വൃകോദരനെന്ന് വിളികേട്ട,ജ്യേഷ്ഠന്മാർ 'മന്ദാ' എന്ന് വിളിച്ച് പരിഹസിച്ച എം.ടിയുടെ ഭീമൻ. അഞ്ചാനക്കൂട്ടത്തിലും ഒറ്റപ്പെട്ടുപോയ ഒരുവൻ,മാറ്റിനിർത്തപ്പെട്ടവൻ,ചതിയാൽ കൈകാലുകൾ കെട്ടി മഹാനദിയിലേക്ക് കെട്ടിത്താഴ്ത്തപ്പെട്ടവൻ, ഹൃദയം പോലെ പറിച്ചുകൊടുത്ത കടുംനീലസൗ​ഗന്ധികങ്ങൾ ഒന്നുവാസനിക്കുകപോലും ചെയ്യാതെ ഉപേക്ഷിക്കപ്പെട്ടതു കാണേണ്ടിവന്നവൻ... എം.ടി.തന്നെ ഫലശ്രുതിയിൽ പറയുംപോലെ 'കാമമോഹവൈരാ​ഗ്യങ്ങൾ മറച്ചുപിടിക്കേണ്ട ബാധ്യതയില്ലാത്ത പ്രാകൃതനായ യോ​ദ്ധാവ്. തത്വചിന്തകളുടെയും ആര്യനിയമങ്ങളുടെയും കെട്ടുപാടുകളില്ലാത്ത വെറും മനുഷ്യൻ'.

'മധുരം' എന്ന സിനിമയിൽ ജോജു ജോർജും ശ്രുതി രാമചന്ദ്രനും
ജോജു ജോർജും ശ്രുതി രാമചന്ദ്രനും 'മധുരം' എന്ന സിനിമയിൽഅറേഞ്ച്ഡ്

ജോജു പ്രണയമഭിനയിക്കുന്നത് ഓർത്തുനോക്കൂ. കാണാനാകും,ഭീമന്റേതുപോലെ തന്നെയുള്ള സാ​ഹസങ്ങൾ,കണ്ണുകളിലൊളിപ്പിച്ചുനിർത്തിയ പൂവനങ്ങൾ,വലിയ ശരീരത്തിനുള്ളിലെ ചെറിയചെറിയ രാ​ഗനിശ്വാസങ്ങൾ...അയാളപ്പോഴൊക്കെയും തേടുന്നത് സ്വേദപരാ​ഗങ്ങളിലെ താമരപ്പൂമണം തന്നെ. ജീവിതത്തിലയാൾ ആകെ തോല്കാൻ തയ്യാറാകുന്നത് പ്രണയത്തിന് മുന്നിൽ മാത്രമാണ്. അതുകൊണ്ടാണ് മഹാപ്രസ്ഥാനങ്ങളുടെ നിയമം മറന്ന് അയാൾ തിരിഞ്ഞുനില്കുന്നത്. എല്ലാ നിയമങ്ങളും ശാസ്ത്രങ്ങളും ഒരു നിമിഷം വിസ്മരിക്കുന്നത്. അദൃശ്യശക്തി കൊണ്ട് ആവാഹിച്ചുനില്കുന്ന മേരുവിന്റെ ശൃം​ഗങ്ങൾ പിന്നിലാകുന്നതും അയാൾ ഒരിക്കൽക്കൂടി തോറ്റുകൊടുത്തുകൊണ്ട് പ്രണയത്തിന് മുമ്പാകെ മുട്ടുകുത്തിയിരിക്കുന്നതും...

അടുത്തറിയുമ്പോൾ തിരിച്ചറിയും.. ഭീമനെപ്പോലെ ജോജുവും ആ​ഗ്രഹിക്കുന്നില്ല; വിശപ്പില്ലാത്ത,വിയർപ്പില്ലാത്ത,പൂക്കൾ വാടാത്ത സ്വർ​ഗം. കാമക്രോധാദികളില്ലാത്തവർക്കുള്ള ലോകം. ഒഴിഞ്ഞുകിടക്കുന്ന ഒരു പീഠവും അയാൾക്ക് വേണ്ട. അതുകൊണ്ട് ചെങ്കുത്തായ വഴികളിലൂടെ ഇടറാത്ത കാലുകൾ അമർത്തിച്ചവിട്ടി,വീണുകിടക്കുന്ന ശ്യാമമേഘംപോലെ താഴത്തുകാണുന്ന വനഭൂമിയിലെത്താൻ വേണ്ടി ജോജു ജോർജ് നടക്കുകയാണ്...അയാൾക്ക് വഴികാട്ടാൻ വേണ്ടി വെള്ളപ്പറവകൾ മേഘങ്ങളിൽ നിന്നിറങ്ങി വ്യൂഹം ചമച്ച് മുമ്പേ,താഴ് വരയിലേക്ക് പറക്കുന്നുമുണ്ട്...

Related Stories

No stories found.
Pappappa
pappappa.com