
മമ്മൂട്ടി എന്ന വാക്കിലേക്ക് സൂക്ഷിച്ചുനോക്കിയാൽ ശിരസ്സ് കഴിഞ്ഞ്,വലതുഭാഗത്ത് ശ്വാസകോശത്തിന്റേതുപോലുള്ള രണ്ടറകൾ കാണാം. അതൊരു പ്രതീകമാണ്. ആദ്യത്തേതിലൂടെ മമ്മൂട്ടി തന്റെ എക്കാലത്തെയും അഭിനിവേശമായ അഭിനയത്തെ ശ്വസിക്കുന്നു, രണ്ടാമത്തേതിലൂടെ അലിവിനെ പുറത്തേക്കുവിടുന്നു. ആദ്യപാതിയിൽ നടനും രണ്ടാമത്തേതിൽ മനുഷ്യനും. അഭിനയിക്കാതിരിക്കുന്ന ഒരവസ്ഥ മമ്മൂട്ടിയുടെ ജീവിതത്തിൽ നാല്പതുവർഷത്തിലധികമായി ഇല്ല. അങ്ങനെയൊരു ഇടവേളയുണ്ടായപ്പോൾ ആ മനുഷ്യന് ശ്വാസംമുട്ടിയിട്ടുണ്ടാകുമോ?
ഇല്ല. ഇത്രയും കാലം നടനെന്ന പാതിയ്ക്ക് പിന്നിൽ ഒളിപ്പിച്ചുനിർത്തിയ മനുഷ്യനിൽ സ്വസ്ഥനായിരുന്നു മമ്മൂട്ടി. കഴിഞ്ഞ ആറുമാസവും ചെന്നൈയിലെ വീട്ടിൽ അലിവിനെ പുറത്തേക്ക് വിട്ട് അദ്ദേഹം ഔഷധങ്ങൾ സ്വീകരിച്ചു. ആ കാഴ്ച കണ്ടാകണം ദൈവംപോലും മമ്മൂട്ടിയെ ഇഷ്ടപ്പെട്ടത്. അങ്ങനെയാകണം കഷ്ടകാലം പറഞ്ഞുവിട്ട കരിന്തേളുകൾ ഒഴിഞ്ഞുപോയതും.
രോഗം കീഴടക്കാനായി വന്നത് മമ്മൂട്ടി എന്ന നായകനെയാണ്. പക്ഷേ നേരിൽ കണ്ടത് മമ്മൂട്ടി എന്ന സാധാരണ മനുഷ്യനെയും. തനിക്കു ചുറ്റുമുള്ളവരെപ്രതി ആകുലപ്പെടുന്ന,ഉറങ്ങാതിരിക്കുന്ന,'നമുക്ക് എന്തെങ്കിലുമൊന്ന് ചെയ്യേണ്ടേ' എന്ന് ചോദിക്കുന്ന ഒരാൾ. തനിക്ക് രോഗമുണ്ടെന്നുപോലും ചിന്തിക്കാതെ മറ്റുള്ളവരെക്കുറിച്ച് സങ്കടപ്പെടുന്ന ഒരു സാധാരണ മനുഷ്യൻ. അങ്ങനെയൊരാളെ ലോകം എന്നപോലെ രോഗവും കണ്ടിട്ടുണ്ടാകില്ല. അതുകൊണ്ട് 'ആരോഗ്യത്തോടെയും ആയുസ്സോടെയും ഇരിക്കുക' എന്നുപറഞ്ഞ് ഹസ്തദാനം ചെയ്ത് രോഗം ഒടുവിൽ മമ്മൂട്ടിയോട് യാത്രപറഞ്ഞു.
രണ്ടുവർഷത്തിനപ്പുറത്താണ്....
ഡൽഹിയിൽ നിന്നെത്തിയ ഒരു സുഹൃദ്‌സന്ദേശം കണ്ട് മമ്മൂട്ടി അമ്പരന്നു. 'അയയ്ക്കാമായിരുന്നു' എന്നായിരുന്നു അതിലെ വാചകം. അതുകൊണ്ട് മറുപടിയിലും അവിശ്വസനീയത പുരണ്ടു.
'അയക്കാമായിരുന്നു എന്നോ...അത് എന്ത് ചോദ്യമാണ് ഹേ...'
'ഇല്ല...അയച്ചിട്ടില്ല...'
രണ്ടാമത്തെ സന്ദേശം മമ്മൂട്ടിയെ ഞെട്ടിച്ചു. എന്നിട്ടും എപ്പോഴും ഉള്ളിലുള്ള താർക്കികന്റെ വാശിയോടെ അദ്ദേഹം പറഞ്ഞു:'അയച്ചിട്ടുണ്ട്..'
'ഇല്ല...ഒന്നുകൂടി പരിശോധിക്കൂ..'
മമ്മൂട്ടി അന്വേഷിച്ചു. ഒടുവിൽ അറിഞ്ഞു,'നൻപകൽനേരത്ത് മയക്ക'വും 'റോഷാക്കും' ദേശീയ അവാർഡിന് അയച്ചിട്ടില്ല.
മമ്മൂട്ടി എന്നപേരിനൊപ്പം കമ്പനി എന്ന് ചേർത്താൽ ഈ രണ്ട് ചിത്രങ്ങളുടെയും നിർമാണക്കമ്പനിയായി. സിനിമാഅവാർഡുകൾക്ക് എൻട്രി സമർപ്പിക്കുന്നത് നിർമാതാവാണ്. മമ്മൂട്ടിക്കമ്പനി ചിത്രങ്ങളൊന്നും ദേശീയ അവാർഡിന് അയച്ചിട്ടില്ല. ഉത്തരവാദിത്തമേല്പിക്കപ്പെട്ട ഒരാൾക്ക് സംഭവിച്ച തെറ്റ്.
അവാർഡിന് ചിത്രങ്ങളയച്ചില്ല എന്ന വിവരം സ്വാഭാവികമായും മമ്മൂട്ടിയെ ഉലച്ചു. സ്വന്തം അവാർഡിനേക്കാൾ അദ്ദേഹത്തിന് വലുത് ലിജോ ജോസ് പല്ലിശ്ശേരിക്കും നിസാം ബഷീറിനും ബിന്ദുപണിക്കർക്കുമൊക്കെ കിട്ടാമായിരുന്ന അംഗീകാരങ്ങളായിരുന്നു. തന്റെ ചിത്രങ്ങൾ രാജ്യത്തെ പരമോന്നത പുരസ്‌കാരനിർണയസമിതി കാണണം എന്ന മോഹം ഉള്ളിന്റെയുള്ളിൽ എവിടെയെങ്കിലും ഉണ്ടായിരുന്നുവെങ്കിൽ തന്നെ അതൊരിക്കലും മികച്ച നടനുവേണ്ടിയുള്ള അത്യാഗ്രഹമല്ലെന്ന് മമ്മൂട്ടിയെ അടുത്തറിയുന്നവർക്കറിയാം. 'ഇതാ....നിങ്ങൾ കാണൂ...ഇതാണ് ഇപ്പോഴത്തെ മമ്മൂട്ടി...'എന്ന പ്രഖ്യാപനം മാത്രമായിരിക്കും ആ മോഹത്തിന്റെ കാതൽ!
ചിത്രങ്ങൾ അയക്കാൻ ഏല്പിച്ചയാളെ മമ്മൂട്ടി മുന്നിലേക്ക് വിളിച്ചു. പിന്നെ തീയിൽ വറുത്തു എന്നുവേണമെങ്കിൽ പറയാം. (ദേഷ്യപ്പെടുന്ന മമ്മൂട്ടി ചുറ്റുമുള്ളവർക്ക് പുതിയ അനുഭവമല്ല. ഞങ്ങളുടെ ആദ്യ കൂടിക്കാഴ്ച തുടങ്ങിയത് തന്നെ ഒരാളോട് ദേഷ്യപ്പെടുന്ന മമ്മൂട്ടിയിൽ നിന്നാണ്. 'മിഷൻ 90 ഡേയ്‌സ്' എന്ന സിനിമയുടെ സെറ്റിൽ. പാന്റിന്റെ അളവിൽ എന്തോ ഏറ്റക്കുറച്ചിൽ കണ്ട് കോസ്റ്റ്യൂമറെ മൂന്നാംകണ്ണാൽ എരിച്ചുകളയുകയാണ്. ഔപചാരികമായ പരിചയപ്പെടലിന് മുന്നേയുള്ള ഈ തിളച്ചുമറിയൽ ലേശമൊന്ന് പേടിപ്പിച്ചു. പക്ഷേ പിന്നീടുള്ള നേരങ്ങളിൽ പലവട്ടം കണ്ടു,പറഞ്ഞുപോയ വാക്കുകളിലുള്ള കുറ്റബോധം ആ കോസ്റ്റ്യൂമറെ നോട്ടത്തിലൂടെയും ചിരിയിലൂടെയും അറിയിക്കാൻ ശ്രമിക്കുന്ന മമ്മൂട്ടിയെ.)
നാലാമത്തെ ദേശീയ അവാർഡ് മമ്മൂട്ടിയുടെ കൈകളിലെത്തിക്കും എന്ന് ആരാധകർ വിശ്വസിച്ച രണ്ട് സ്വപ്‌നങ്ങളാണ് ഒരാളുടെ ഉദാസീനതയിൽ ഉടഞ്ഞുപോയത്. മമ്മൂട്ടിക്ക് വേണമെങ്കിൽ അപ്പോൾ തന്നെ അയാളെ സ്വന്തം കമ്പനിയുടെ പുറത്തേക്ക് ആട്ടിപ്പായിക്കാമായിരുന്നു. പക്ഷേ എല്ലാ ദേഷ്യവും സങ്കടവും അദ്ദേഹം പൊട്ടിത്തെറിയിൽ ഒതുക്കി.
കൊച്ചിയിൽ ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്യുന്ന 'ഡൊമിനിക് ആന്റ് ലേഡീസ് പഴ്സ്' എന്ന ചിത്രത്തിന്റെ സെറ്റിലായിരുന്നു സംഭവം. 'നൻപകലും' 'റോഷാക്കും' ദേശീയ അവാർഡ് ജൂറിക്ക് മുമ്പാകെയെത്തിയിട്ടില്ലെന്ന് മമ്മൂട്ടി അറിയുന്നത് അപ്പോൾ മാത്രം.
മമ്മൂട്ടി പെയ്തുതോർന്നപ്പോൾ അവിടെയുണ്ടായിരുന്ന ഒരാൾ അടുത്ത് ചെന്നുപറഞ്ഞു:'അവനൊരു ഹാർട്ട് പേഷ്യന്റാണ്...'
ആ ഒറ്റവാചകത്തിൽ മമ്മൂട്ടി കീഴ്മേൽമറിഞ്ഞുപോയി. അദ്ദേഹത്തിലെ നടനെ താഴേക്കുകൊണ്ടുപോയി മനുഷ്യനെ മുകളിലേക്കെത്തിച്ച ഒരു റോളർകോസ്റ്റർനിമിഷം. അയാൾ ചെയ്ത എല്ലാ തെറ്റും അപ്പോൾ മമ്മൂട്ടിയിൽ നിന്ന് മാഞ്ഞുപോയി.
പിന്നീട് അതേപ്പറ്റി മമ്മൂട്ടിയോട് സംസാരിച്ചു. ദേശീയ അവാർഡിന് ചിത്രങ്ങളയക്കാത്തതിനെക്കുറിച്ചുള്ള സംഭാഷണം തുടങ്ങിയപ്പോഴേ മമ്മൂട്ടി പറഞ്ഞു:
'അയാളൊരു ഹാർട്ട് പേഷ്യന്റാണ്..'
ഇതാണ് മമ്മൂട്ടി. ഹൃദയം കൊണ്ട് ചിന്തിക്കുന്നയാൾ.
മമ്മൂട്ടി ആ തെറ്റ് എന്നേ പൊറുത്തുകഴിഞ്ഞിരിക്കുന്നു. നാല് പതിറ്റാണ്ടുപിന്നിട്ട അഭിനയജീവിതത്തിലെ ഏറ്റവും തിളക്കമുള്ള രണ്ട് ഏടുകൾ എവിടെയും അടയാളപ്പെടാതെ പോയതിന്റെ നിരാശയും വേദനയുമെല്ലാം അദ്ദേഹം ഇടറുന്ന ഒരു ഹൃദയത്തിന് മുന്നിൽ മറന്നുകളഞ്ഞു.
ആരാധകർക്ക് ദേശീയ അവാർഡ് എന്നത് മമ്മൂട്ടിയെന്ന വികാരത്തിന്റെ ഏറ്റവും ഉത്തുംഗമായ ശൃംഗങ്ങളിലൊന്നിന്റെ ആകാശംതൊടലാണ്. അതുകൊണ്ടുതന്നെ മമ്മൂട്ടിയുടെ ഫോണിലേക്ക് അദ്ദേഹത്തെ ഇഷ്ടപ്പെടുന്നവരുടെ പ്രതികരണങ്ങൾ ദേഷ്യമായും സങ്കടമായും ഒഴുകിനിറയുകയായിരുന്നു ആ ദിവസങ്ങളിൽ. പക്ഷേ അപ്പോഴും നിസ്സംഗനായിരുന്ന് മമ്മൂട്ടി പറഞ്ഞു: 'അയാളൊരു ഹാർട്ട് പേഷ്യന്റാണ്..'
ചെയ്ത തെറ്റിന് ഉത്തരമല്ല രോഗം എന്ന് മമ്മൂട്ടിക്കും നന്നായി അറിയാം. പക്ഷേ അദ്ദേഹം അയാളിൽ എവിടെയോ ഉള്ള ഒരു വേദന കണ്ടു. അത് മഹാനടനല്ല,മനുഷ്യന് മാത്രം കണ്ടെടുക്കാനാകുന്ന വേദനയാണ്. എനിക്ക് നോവുന്നുവെങ്കിലും എന്നെ നോവിച്ചയാളുടെ ഹൃദയത്തിന് എന്നേക്കാൾ നോവുണ്ടല്ലോ എന്ന തോന്നൽ. അവിടെയാണ് മമ്മൂട്ടി മമ്മൂട്ടിയാകുന്നത്. ആ മമ്മൂട്ടിയാണ് രോഗത്തിനുമുന്നിൽ ചിരിച്ചുനിന്നത്...
അകലെ നിന്ന് നോക്കുന്നവർക്ക് പലപ്പോഴും മമ്മൂട്ടിയൊരു അഗ്നിപർവതമാണ്. ശരിയാണ്,അതിൽ നിന്ന് ലാവ തിളച്ചൊഴുകാറുണ്ട്. പക്ഷേ എല്ലാം അടങ്ങിക്കഴിയുമ്പോൾ ആ അഗ്നിപർവതത്തിന് അപാരമായൊരു ശാന്തതയുണ്ടാകും. അതിൽ നിന്നൊഴുകിയ ലാവയിൽ പിന്നീട് നാമ്പുകൾ-നഗരങ്ങൾതന്നെയും-തളിർക്കുകയും ചെയ്യും.
മാർച്ച് മാസത്തിലാണ്....
'മാതൃഭൂമി'യിൽ നിന്ന് രാജിവയ്ക്കാൻ തീരുമാനിച്ചപ്പോൾ ആ വിവരം ആദ്യം അറിയിക്കേണ്ടവരിലൊരാൾ മമ്മൂട്ടിയാണെന്ന് നിശ്ചയിച്ചിരുന്നു. പക്ഷേ ആ ദിവസങ്ങളിലാണ് രോഗം മമ്മൂട്ടിയെ കാണാൻ വന്നത്. അവർ ഒരുമിച്ച് ചെന്നൈയ്ക്ക് പോയ ശേഷം പിന്നെ ഇടയ്ക്കൊക്കെ മെസേജുകളേ അയച്ചുള്ളൂ. ഫോൺവിളി അലോസരമാകുമെന്ന പേടിയായിരുന്നു. ഒടുവിൽ രാജിക്കത്ത് നല്കി തൊട്ടുപിന്നാലെ മമ്മൂട്ടിയോട് വിവരം പറഞ്ഞു. അദ്ഭുതപ്പെട്ട രണ്ടു കണ്ണുകളുള്ള മഞ്ഞമുഖം മറുപടിയായി വന്നു. പിന്നീടുള്ള ദിവസങ്ങളിലൊന്നിൽ മനസ്സിലുള്ള പദ്ധതി സന്ദേശത്തിലൂടെ തന്നെ പങ്കുവച്ചു. മൂന്നാമത്തെ മിനിട്ടിൽ തിരികെവന്നത് അഞ്ചുവാചകങ്ങൾ.
'നന്നായി വരും. എടുത്തുചാട്ടവും ദേഷ്യവും നന്നല്ല. ആത്മസംയമനം പാലിക്കുക. വിജയിക്കേണ്ടത് നമ്മളാണെങ്കിലും മറ്റുള്ളവരെ തോല്പിക്കുക അല്ല നമ്മുടെ ലക്ഷ്യം. നന്മകൾ നേരുന്നു...'
എന്നിലെ എന്നെ ഏറ്റവും കൂടുതൽ മനസ്സിലാക്കിയ ഒരാൾക്കുമാത്രം പറയാനാകുന്ന വാക്കുകൾ. മുന്നിൽ ചുട്ടുപഴുത്ത മൺപാതയാണെന്നറിഞ്ഞിട്ടും അതിലൂടെ ഒറ്റയ്ക്ക് നടക്കാനിറങ്ങിപ്പുറപ്പെട്ടവനു മുന്നിൽ അപ്പോഴൊരു മഹാമരം പൊടുന്നനെ പ്രത്യക്ഷമാകുകയായിരുന്നു. അതിന്റെ ചുവട്ടിലേക്ക് നീങ്ങിനിന്നുകൊണ്ട് അവൻ കണ്ണുകൾ തുടച്ചു. 'നന്നായിവരും' എന്ന വാക്കൊരു അനുഗ്രഹാകാശമായി മുകളിൽ വിരിഞ്ഞു. ദൂരെയിരുന്നുകൊണ്ട് മമ്മൂട്ടി തന്റെ മൂർധാവിൽ കൈവച്ചതായി അവന് അനുഭവപ്പെട്ടു. ഇയാളെപ്പോലെയുള്ള ഒരാളെ ഞാൻ ഏതൊക്കയോ തിരശ്ശീലകളിൽ എപ്പോഴൊക്കയോ കണ്ടിരുന്നല്ലോ എന്ന് അവനോർത്തു. അല്ല,ഇയാൾ തന്നെയായിരുന്നില്ലേ അയാൾ എന്ന് സംശയിച്ചു...
ചമയങ്ങളില്ലാതെ ഇത്രയും സംയമിയായി,സ്ഥിതപ്രജ്ഞനായി ജീവിതത്തെ നേരിടുന്ന ഒരു മനുഷ്യനുമുന്നിൽ സലാം പറയുകയല്ലാതെ രോഗത്തിനുവേറെ വഴിയുണ്ടാകില്ലല്ലോ...
ഏപ്രിലിൽ...
മമ്മൂട്ടിയുടെ ആരാധകരുടെ ആഗോളകൂട്ടായ്മയ്ക്കും അദ്ദേഹത്തിന്റെ ജീവകാരുണ്യപ്രസ്ഥാനമായ കെയർ ആന്റ് ഷെയർ ഇന്റർനാഷണലിനും നേതൃത്വം നല്കുന്ന റോബർട്ട് കുര്യാക്കോസിനെത്തേടി ഓസ്ട്രേലിയയിലേക്ക് മമ്മൂട്ടിയുടെ ഫോൺവിളി. അവിടെയപ്പോൾ സമയം പുലർച്ച രണ്ടര. മമ്മൂട്ടി എന്ന വാക്കുകേട്ടാൽ ഏതുറക്കത്തിലും ജാഗ്രത്തിലേക്കുണരുന്ന റോബർട്ട് ഫോണെടുത്തയുടൻ മമ്മൂട്ടി ഏതോ ഒരാൾക്ക് സഹായമെത്തിക്കുന്നതിനെക്കുറിച്ച് പറഞ്ഞുതുടങ്ങി. ആരോ വഴിക്ക് എത്തിയ അഭ്യർഥനയാണ്. 'നമുക്ക് എന്തെങ്കിലുമൊന്ന് ചെയ്യണം' എന്ന് പറഞ്ഞ് മമ്മൂട്ടി തെല്ലിട നിശബ്ദനായി. പിന്നെ എന്തോ ഓർത്തെന്നപോലെ ചോദിച്ചു. 'അല്ലെടോ...അവിടെ സമയമെത്രയായി....'രണ്ടര എന്നുപറഞ്ഞപ്പോൾ 'അയ്യോ....സോറിയെടോ...സോറി..സോറി' എന്നു പറഞ്ഞ് ഫോൺ കട്ട്...
കഴിഞ്ഞ മാസം...
മമ്മൂട്ടിക്ക് നന്നായി അറിയാവുന്ന ഒരാളുടെ മകൻ സാങ്കേതികപ്രവർത്തകനായി സിനിമാമേഖലയിലുണ്ട്. മികച്ച ആരുടെയെങ്കിലും ശിക്ഷണത്തിലേക്കെത്തിക്കാനും സ്ഥിരമായ ജോലിയിലേക്കെത്തിക്കാനും ഒരു വഴി അന്വേഷിക്കുകയാണ്. അദ്ദേഹത്തിനുമുന്നിൽ മമ്മൂട്ടിയല്ലാതെ മറ്റാരുടെയും മുഖം തെളിഞ്ഞില്ല. നേരിൽക്കണ്ടുപറയാനായിരുന്നതാണ്. അപ്പോഴാണ് ചികിത്സയിലാണെന്നറിഞ്ഞത്. മമ്മൂട്ടിയെ ഈ സമയത്ത് കാണാൻ അനുവദിക്കുമോ എന്നായിരുന്നു ഒരുദിവസം രാവിലെ, ഇതെഴുതുന്നയാൾക്കെത്തിയ ഫോൺവിളിയിലെ വിവശമായ ചോദ്യം. അത്രയും ഗുരുതുല്യനായ ഒരാളാണ്. അദ്ദേഹത്തിനുവേണ്ടി വിവരം മമ്മൂട്ടിയെ ധരിപ്പിക്കാനുള്ള ചുമതലയേറ്റു.
മടിച്ചുമടിച്ച് വിവരം അറിയിച്ചയുടൻ 'നോക്കാം' എന്ന് മറുപടി. ചികിത്സയിലെ ഏറ്റവും സങ്കീർണമായ ദിവസങ്ങളിലൂടെ കടന്നുപോകുകയായിരുന്നു മമ്മൂട്ടി,അന്ന്. എന്നിട്ടും അദ്ദേഹം ഒരച്ഛന്റെ വേദന തന്റെ വേദനയിലും വലുതായി കണ്ടു.
എല്ലാ പള്ളികളിലും അമ്പലങ്ങളിലും കൈകൂപ്പി നിന്ന്, എല്ലാ ആഴ്ചയിലുമെന്നപോലെ ആ ആഴ്ചയിലും തന്നെ കാണാൻ ചെന്നൈയിലെത്തിയ ആന്റോ ജോസഫിനോട് മമ്മൂട്ടി വിവരം പറഞ്ഞു. തൊട്ടുപിന്നാലെ ആന്റോയുടെ വിളി പകച്ചുനില്കുന്ന ആ അച്ഛനെത്തേടിച്ചെന്നു...
ഇപ്പോൾ ചെന്നൈയിൽ വിശ്രമിക്കുന്നത് മമ്മൂട്ടി എന്ന നടനല്ല,വെറും മനുഷ്യനാണ്. അധികമാർക്കും പിടികൊടുക്കാത്ത മമ്മൂട്ടി. വി.കെ.ശ്രീരാമനെയും കെ.ആർ.പ്രമോദിനെയും പോലുള്ള അടുത്തസുഹൃത്തുക്കളെ അങ്ങോട്ടുവിളിച്ച് 'ഞാൻ മൂന്നാമത്തെ പരീക്ഷയും ജയിച്ചു' എന്നു പറഞ്ഞ് ആഹ്ലാദിച്ച കൊച്ചുകുട്ടി. സൂക്ഷിച്ചുനോക്കിയാൽ ആ താരശരീരത്തിന് ജീവശ്വാസമേകുന്ന ഒന്നാമത്തെ അറയ്ക്ക് പിന്നിലുണ്ടായിരുന്ന രണ്ടാമത്തേത് മാത്രമാണിപ്പോൾ കാണാനാകുക. ഒരു അലിവുപാത്രം.
ഇങ്ങനെയുള്ള ഒരു മനുഷ്യൻ ദൈവത്തിന് ഇഷ്ടപ്പെട്ടവനാകും. അയാൾക്കായി അനേകം മനുഷ്യരുടെ പ്രാർഥനകൾ അവിടത്തേക്കുമുമ്പാകെ എത്തിയിട്ടുമുണ്ടാകും. അതുകൊണ്ടാണ് ആ മനുഷ്യൻ തോറ്റുപോകാതിരുന്നതും അയാൾക്കായി അനേകർ ഇന്നലെ ആർത്തുവിളിച്ചതും...