
ഇന്നലെ മമ്മൂട്ടിയുടെ ഒരു ചിത്രമായിരുന്നു സോഷ്യൽമീഡിയയുടെ ചുമരുകളിൽ നിറയെ. അത് പഴയതോ പുതിയതോ എന്ന് മമ്മൂട്ടിയോട് തന്നെ ചോദിച്ചു. അതിന് അദ്ദേഹം നല്കിയ മറുപടി രഹസ്യമായിരിക്കട്ടെ. ഏതു കാലത്തെ ചിത്രമാണെങ്കിലും മമ്മൂട്ടി ഒരിക്കലും പഴയതാകുന്നില്ല. ഏറ്റവും പുതുത് എന്നുള്ളതിന് മലയാളിയുടെ എക്കാലത്തെയും മറുപടി മമ്മൂട്ടി എന്നാണ്.
ആ ചിത്രം ഒരു പ്രതീകമായി കാണാം. ലോകത്ത് എവിടെയുമുള്ള കാര്യങ്ങൾ ഒരു ഫോൺ നിവർത്തിവച്ച് മമ്മൂട്ടി അറിയുന്നു. അത് പണ്ട് പനമ്പിള്ളി നഗറിലെ എയ്റ്റ്ത് ക്രോസ് റോഡിലിരുന്നായാലും പിന്നെ അംബേലിപ്പാടം പാതയോരത്തെ വീട്ടിലിരുന്നായാലും ഇപ്പോൾ ചെന്നൈയിലിരുന്നായാലും. ആ വാർത്തകളിൽ തന്നെക്കുറിച്ചുള്ള അനേക എണ്ണവും അദ്ദേഹത്തിന്റെ കണ്ണുകളിലൂടെ കടന്നുപോകുന്നു. അപ്പോഴാ മുഖത്ത് എപ്പോഴത്തെയും പോലെ ഒരു ചെറു ചിരിനദി ഉത്ഭവിക്കുന്നുമുണ്ടാകണം. അതിന്റെ ഓളങ്ങളിലായിരിക്കും പിന്നീടുള്ള വർത്തമാനങ്ങൾ.
മമ്മൂട്ടി കുറച്ചുദിവസങ്ങളായി അഭിനയത്തിൽ നിന്ന് അവധിയെടുത്തെന്നേയുള്ളൂ. പക്ഷേ എല്ലാം അറിയുകയും അതിനൊത്ത് സഞ്ചരിക്കുകയും ചെയ്യുന്നു. രാവിലെ വീട്ടിൽ നിന്ന് ലൊക്കേഷനിലേക്കുള്ള യാത്രയ്ക്ക് മാത്രമേ താത്കാലികമാറ്റമുണ്ടായിട്ടുള്ളൂ. ബാക്കിയെല്ലാം പഴയതുപോലെ. ഷൂട്ടിന്റെ ഇടവേളകളിലെന്നപോലെ മെസേജുകൾക്ക് മറുപടി പറയുന്നു,രാഷ്ട്രീയം ചർച്ച ചെയ്യുന്നു,ആർട്ടിഫിഷൽ ഇന്റലിജൻസിലെ ഏറ്റവും പുതിയൊരു അപ്ഡേഷനെക്കുറിച്ച് വാചാലനാകുന്നു.
അങ്ങനെയൊരു പകലിലാണ് മമ്മൂട്ടി, കൊച്ചിയുടെ സഞ്ചരിക്കുന്ന പുസ്തകശാലയെന്നോ മഹാരാജാസ് പ്രതാപത്തിന്റെ പതാകവാഹകനെന്നോ വിളിക്കാവുന്ന സി.ഐ.സി.സി ജയചന്ദ്രനൊരു മെസേജ് അയച്ചത്. പി.ജെ.ആന്റണിയുടെ മകൻ ജോസഫ് ആന്റണിയെ സഹോദരിയുടെ മകളുടെ വിവാഹനിശ്ചയത്തിന് എറണാകുളത്തുവെച്ച് കണ്ടകാര്യം ജയചന്ദ്രൻ മഹാരാജാസുകാരുടെ വാട്സ് ആപ്പ് കൂട്ടായ്മയായ 'മഹാരാജകീയ'ത്തിൽ പോസ്റ്റ് ചെയ്തിരുന്നു. തൊട്ടുപിന്നാലെയായിരുന്നു മമ്മൂട്ടിയുടെ മെസേജ്-'നമ്പർ തരുമോ?'
ഇതാണ് ഇടനേരങ്ങളിലെ മമ്മൂട്ടി. പി.ജെ.ആന്റണിയെ ആരു മറന്നാലും മമ്മൂട്ടി മറക്കില്ല. തനിക്ക് മുമ്പേ പോയവർ അദ്ദേഹത്തിന് എപ്പോഴും പ്രചോദനത്തിന്റെ പ്രകാശസ്രോതസ്സുകളാണ്. അവർ ഇപ്പോൾ ഈ ഭൂമിയിലില്ലെങ്കിലും ആ വെളിച്ചം മമ്മൂട്ടിയുടെ ഉള്ളിൽ ബാക്കിയുണ്ട്. അതിന്റെ കടപ്പാടാണ് അദ്ദേഹം അവരുടെ അടുത്തബന്ധുക്കളോടുള്ള അടുപ്പമായി ഇപ്പോഴും സൂക്ഷിക്കുന്നത്. ആ വെളിച്ചത്തിന്റെ പാട് ആണ് പി.ജെ.ആന്റണിയുടെ മകനെത്തേടിയുള്ള വിളിയായി ചെന്നൈയിൽ നിന്നെത്തിയത്.
മമ്മൂട്ടിയോടൊപ്പം കാറിൽപ്പോയാൽ ഫോണിലേക്ക് പിണറായി വിജയൻ മുതൽ പിലാക്കണ്ടി മുഹമ്മദാലി വരെ വിളിക്കുന്നത് കേൾക്കാമെന്ന് ഒരിക്കൽ എഴുതിയത് വി.കെ.ശ്രീരാമനാണ്. അതേപ്പറ്റി ചോദിച്ചപ്പോൾ മമ്മൂട്ടിയുടെ ഉത്തരം ഇതായിരുന്നു:'ഏയ് അതൊരു പ്രയോഗത്തിനുവേണ്ടി എഴുതിയതാകും. പ്രാസത്തിനുവേണ്ടിയുള്ള ഒരു പ്രയോഗം.'
ഇന്നിപ്പോൾ ഈ വാട്സ് ആപ്പ് കാലത്ത് ശ്രീരാമന്റെ 'ഞാറ്റുവേല'യിൽ മുതൽ 'മഹാരാജകീയ'ത്തിൽ വരെ മമ്മൂട്ടിയുണ്ട്. അവയിൽ അദ്ദേഹം ഏറ്റവും കൂടുതൽ സജീവമാകുന്നത് മഹാരാജാസുകാരുടെ പലവിധമുള്ള വാട്സ്ആപ്പ് ഗ്രൂപ്പുകളിലാണ്. അവിടയദ്ദേഹം പഴയ പി.ഐ.മുഹമ്മദ് കുട്ടിയാണ്. ചെമ്പിൽനിന്ന് കായൽതാണ്ടി കൊച്ചിയിലേക്കെത്തിയ പഴയ കോളേജ് വിദ്യാർഥി. മഹാരാജാസിന്റെ മരഗോവണികൾക്കരികെ നിന്ന് 'വില്കാനുണ്ട് സ്വപ്നങ്ങൾ' എന്ന് ലോകത്തോടായി വിളിച്ചുപറഞ്ഞ കൗമാരക്കാരൻ.
മമ്മൂട്ടിയുടെ ചിത്രം തീപടർത്തിയ ദിവസം തന്നെ അദ്ദേഹത്തെക്കുറിച്ചുള്ള മറ്റൊരു വാർത്തയും കേരളം ഏറ്റെടുത്തു. മമ്മൂട്ടിയുടെ കഥ ഇനി മഹാരാജാസ് രണ്ടാംവർഷ ചരിത്രവിദ്യാർഥികളുടെ പാഠപുസ്തകത്തിലുണ്ടാകും. ഒരിക്കൽ അവിടത്തെ മരത്തണലുകളിലും ഇടനാഴികളിലും ക്ലാസ് മുറിയിലും ഒരു കോളേജ് വിദ്യാർഥിയുടെ എല്ലാവിധ ചുറുചുറുക്കോടെയും നിറഞ്ഞു നിന്ന ഒരാൾ പില്കാലം അതേയിടത്ത് പാഠ്യവിഷയമാകുന്ന അദ്ഭുതം. വിദ്യാർഥിയിൽ നിന്ന് അധ്യായത്തിലേക്കുള്ള ദൂരത്തിൽ മമ്മൂട്ടി പിന്നിട്ട കനവുകളും കനൽപ്പാതകളും കീഴടക്കിയ കൊടുമുടികളും ഉള്ളടങ്ങുന്നു. ഒരു മനുഷ്യൻ ഒരു പാഠമായി മാറുന്ന കാലത്തിന്റെ സിലബസ് പരിഷ്കരണം.
മമ്മൂട്ടിക്ക് മഹാരാജാസ് അത്രയും പ്രിയപ്പെട്ടതാകാൻ കാരണം പലതാണ്. ഇന്നിപ്പോൾ ലോകം രാജപദവി നല്കി ആദരിക്കുകയും ആരാധിക്കുകയും ചെയ്യുന്ന, 'മ' എന്ന അക്ഷരം ഒട്ടിച്ചേർന്ന ആ മാന്ത്രികപ്പേരുപോലും മഹാരാജാസിന്റെ സംഭാവനയാണ്. സ്വന്തം പേരിന്റെ ആദ്യ അക്ഷരം മൂന്നിരട്ടിയായി പറിച്ചുകൊടുത്ത് മഹാരാജാസ് സൃഷ്ടിച്ച അപൂർവമായൊരു രസക്കൂട്ട്. അല്ലെങ്കിൽ മഹാരാജാസിന്റെ ഒരു ത്രീഡി പ്രിന്റിങ്. അതുമല്ലെങ്കിൽ ത്രിമാനസമവാക്യം.
മഹാരാജാസിലെ സഹപാഠിയായിരുന്ന വൈപ്പിൻ എടവനക്കാടുകാരൻ സി.ശശിധരനാണ് തനിക്ക് മമ്മൂട്ടിയെന്ന് പേരിട്ടതെന്ന് അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്. ഇതേപേരുള്ള മറ്റൊരാളും മമ്മൂട്ടിക്കൊപ്പം പഠിച്ചിട്ടുണ്ട്. വൈറ്റില പൊന്നുരുന്നിയിലുള്ള എം.കെ.ശശീന്ദ്രൻ. മമ്മൂട്ടിയെഴുതിത്തന്ന ഓട്ടോഗ്രാഫ് ശശീന്ദ്രന്റെ ശേഖരത്തിൽ ഇന്നുമുണ്ട്. ഭൂതകാലം ഇളംമഞ്ഞഭൂപടങ്ങൾവരച്ച അതിലെ കുസൃതികലർന്ന വാചകങ്ങൾ ഇങ്ങനെയാണ് 'വിടപറയുവാൻ ഗദ്ഗദപ്പെടുന്ന എന്റെ കണ്ഠനാളത്തിന് ആശ്വാസത്തിന്റെ ലൂബ്രിഗന്റാണ് ശശീന്ദ്രാ...തന്നെക്കുറിച്ചുള്ള സ്മരണകൾ. എന്തിനുവലിച്ചുനീട്ടുന്നു..'
കീഴേ ഒപ്പ്. ഇംഗ്ലീഷിൽ പി.ഐ.മുഹമ്മദ് കുട്ടിയെന്ന് പേരും വീട്ടുപേരും. ചെമ്പ് പി.ഒ,വൈക്കം എന്ന് മലയാളത്തിൽ. ഈ കൂട്ടുകാരോടെല്ലാം മമ്മൂട്ടി ഇപ്പോഴും കോളേജ്കാലത്തെ സൗഹൃദം സൂക്ഷിക്കുന്നു. എത്രതിരക്കിനിടയിലും അവരുടെ വീട്ടിലെയും ജീവിതത്തിലെയും ചടങ്ങുകൾക്കെത്തുന്നു, അവരിലാരെങ്കിലും ഭൂമി വിട്ടുപോകുമ്പോൾ വിതുമ്പുന്നു. മഹാരാജാസിലെ ആത്മസുഹൃത്ത് കെ.ആർ.വിശ്വംഭരന്റെ വേർപാടിൽ ഉലഞ്ഞ് മമ്മൂട്ടി പറഞ്ഞു: '48വർഷത്തെ ഒരുമിച്ചുള്ള യാത്രയായിരുന്നു ഞങ്ങളുടേത്. ആ യാത്രയിൽ ഒരാൾ നഷ്ടപ്പെട്ടു. എന്റെ ഉയർച്ചകളിലും താഴ്ചകളിലും വിശ്വംഭരൻ ഉണ്ടായിരുന്നു. എന്റെ വിജയങ്ങളും പരാജയങ്ങളും പ്രിയ ചങ്ങാതി അവന്റേതായി കണ്ടു. പലപ്പോഴും ഞാൻ വീണുപോയിട്ടുണ്ട്. അപ്പോൾ ഒരു കൈത്താങ്ങുമായി വിശ്വംഭരൻ കൂടെയുണ്ടായിരുന്നു....'
വിശ്വംഭരനെ അവസാനമായി കണ്ട് വീട്ടിലെത്തിയ മമ്മൂട്ടിയെക്കുറിച്ച് നിഴലും നിർമാതാവുമായ ആന്റോ ജോസഫ് എഴുതി: 'മമ്മൂക്ക കുറേനേരം ഒറ്റയ്ക്കുമാറി നിശബ്ദനായിരുന്നു. ആ കണ്ണുകൾ പതുക്കെ നിറഞ്ഞു,ശബ്ദം ഇടറി. കെ.ആർ.വിശ്വംഭരൻ എന്ന ഐ.എ.എസ് ഉദ്യോഗസ്ഥനോടായിരുന്നില്ല മമ്മൂക്കയുടെ സൗഹൃദം. ഒരുകാലം ഒരുമിച്ച് തോളിൽ കൈയിട്ടുനടന്ന,ഒരുമിച്ച് വെയിലും മഴയും കൊണ്ട,ഒരുമിച്ച് കരഞ്ഞ,ചിരിച്ച വിശ്വംഭരൻ എന്ന സുഹൃത്തിനോടായിരുന്നു...'
മമ്മൂട്ടിയുടെ അഭിനയജീവിതത്തിനൊപ്പം മഹാരാജാസിലെ വിദ്യാർഥികൾ പഠിച്ചിരിക്കേണ്ടത് കോളേജ്കാലത്തെ ആത്മബന്ധങ്ങളുടെ ഈ നിഷ്കളങ്കതയുടെയും നൈർമല്യത്തിന്റെയും ചരിത്രം കൂടിയാണ്. ഉപാധികളില്ലാത്ത സ്നേഹത്തിന്റെ അഗാധമായ അധ്യായങ്ങൾ...
'സിനിമാനടനല്ലാത്ത മുഹമ്മദ് കുട്ടി കഥകളെയും കഥാപാത്രങ്ങളെയും എല്ലാം അടുത്തറിയുകയും സ്വപ്‌നാടനം ചെയ്യുകയും ചെയ്ത സ്ഥലം'എന്നാണ് മമ്മൂട്ടി ഒരിക്കൽ മഹാരാജാസിനെക്കുറിച്ച് പറഞ്ഞത്. 'കണ്ണൂർ സ്ക്വാഡി'ന്റെ ചിത്രീകരണത്തിനായി അവിടെയെത്തിയപ്പോഴുണ്ടായ അനുഭവം അദ്ദേഹം ഒരു വീഡിയോയിലൂടെ പങ്കുവയ്ക്കുകയും ചെയ്തു. 'എന്നെങ്കിലുമൊരിക്കൽ സിനിമാഷൂട്ടിങ്ങിന് ഇവിടെ വരുമെന്ന് കരുതിയിരുന്നില്ല. വർഷങ്ങൾക്കിപ്പുറം അതും സംഭവിച്ചു.'- മമ്മൂട്ടി അന്നുപറഞ്ഞു.
ഒരു കൗതുകത്തിന് കോളേജ് മാഗസിനുകൾ അന്വേഷിച്ചപ്പോൾ കിട്ടിയത് അമൂല്യമായൊരു ഓർമ. ബ്ലാക്ക് വൈറ്റ് ചിത്രം പതിഞ്ഞ മാഗസിൻ ആരോ എടുത്തുനീട്ടി. കാലം കൈയേറിയ അതിന്റെ താളിൽ 'ഡ്രാമ ക്ലബ്ബ് ലീഡർ' എന്ന വാചകത്തിന് കീഴേ ഒരു പൊടിമീശക്കാരന്റെ ചിത്രം. പേര് മമ്മൂട്ടി. 'ഒരുപക്ഷേ ആദ്യമായി എന്റെ ചിത്രം അച്ചടിച്ചുവന്നത് ഇതിലായിരിക്കാം...എന്റെ കോളേജ് മാഗസിനിൽ...'- മമ്മൂട്ടി വികാരാധീനനായി. പിന്നെ ഇത്രയും കൂടി: 'കാലം മാറും.. കലാലയത്തിന്റെ ആവേശം,അതുമാറില്ല...ഒരിക്കലും..'
മഹാരാജാസിലെ വിദ്യാർഥികൾക്കൊപ്പം സെൽഫിയെടുത്തുമടങ്ങുമ്പോൾ മമ്മൂട്ടിയുടെ വാക്കുകൾ ഇങ്ങനെയായിരുന്നു: 'ആ പുസ്തകത്തിൽ നിന്ന് ഇപ്പോൾ മൊബൈലിൽ പതിഞ്ഞ ചിത്രത്തിലേക്കുള്ള ദൂരം...ഞാൻ...'
ഇടവേള ഉടൻ കഴിയും. രണ്ടാം പകുതി തുടങ്ങും. ആലിംഗനത്തിന് കാത്തുനില്കുന്ന ആർക്ക് ലൈറ്റുകൾക്കുനടുവിലേക്ക് മമ്മൂട്ടി നടന്നുവരുമ്പോൾ മഹാരാജാസിലെ ക്ലാസ് മുറിയിലിരുന്ന് കുട്ടികൾ ഇങ്ങനെ വായിക്കും:'മലയാളസിനിമയിലെ ഒരു യുഗത്തിന്റെ പേരാണ് മമ്മൂട്ടി...'