
ഭരതനെ പരിചയപ്പെടണമെന്നത് ലോഹിയുടെ വലിയ ആഗ്രഹമായിരുന്നു. മമ്മൂട്ടിയും മുരളിയും മറ്റും പല അവസരങ്ങളിലും തന്നെപ്പറ്റി പറയുമായിരുന്നു എന്ന് ലോഹി പിന്നീടറിഞ്ഞിട്ടുണ്ട്. പരിചയപ്പെട്ട് അധികമാവും മുമ്പേ അദ്ദേഹം തിരക്കഥ ചോദിച്ചു. കടലിൻ്റെ പശ്ചാത്തലത്തിലുള്ള കഥയായിരുന്നു അദ്ദേഹം ആഗ്രഹിച്ചിരുന്നത്. ഉടനടി പറയാൻ കടലിൻ്റെ കഥയൊന്നും കൈയിലില്ലായിരുന്നു. ശ്രമിക്കാം എന്ന് ഉറപ്പു നൽകി.
ലോഹി നല്ല കഥയുടെ ആലോചനയിലായിരുന്നെങ്കിലും നിർമ്മാതാവ് ബാബു തിരുവല്ലയുടെ സമ്മർദ്ദംകൊണ്ടാവാം ഭരതൻ കൂടെക്കൂടെ അന്വേഷിച്ചുകൊണ്ടിരുന്നു. ഒടുവിൽ ഭരതേട്ടൻ്റെ മുഷിച്ചിൽ ഇല്ലാതാക്കാൻ കടലിൻ്റെ പശ്ചാത്തലത്തിൽ ഒരു തട്ടിക്കൂട്ട് കഥ പറഞ്ഞ് തല്ക്കാലം രക്ഷപ്പെട്ടു. തൃപ്തി തരുന്ന കഥ കിട്ടാനായി ലോഹി തൃശ്ശൂർ ജില്ലയിലെ കടൽത്തീരങ്ങളിലും പരിസരങ്ങളിലും ചുറ്റിത്തിരിഞ്ഞു തുടങ്ങി. വാടാനപ്പള്ളിയിലും ചാവക്കാടും നാട്ടികയിലും കടലിൽ പോവുന്നവർക്കിടയിൽ സമയം ചെലവഴിച്ചു. ഒരാഴ്ചയായിട്ടും കഥാബീജങ്ങളൊന്നും കിട്ടിയില്ല.
ഒരു ദിവസം രാവിലെ നാട്ടിക കടപ്പുറത്തിരിക്കുമ്പോൾ കണ്ട കാഴ്ച ലോഹി ശ്രദ്ധിച്ചു. സ്കൂളിൽ പോവാൻ മടിയുള്ള ഒരു പെൺകുട്ടിയെ അച്ഛൻ അടി കൊടുത്ത് കൈപിടിച്ച് ധൃതിയിൽ നടത്തിക്കൊണ്ടു പോവുന്നു. നടക്കുമ്പോൾ അച്ഛൻ ആവലാതിയായി പറയുന്നുണ്ട്: 'സ്കൂളിൽ പോയി വല്ലതും നാലക്ഷരം പഠിച്ച് വല്ല ജോലീം സമ്പാദിക്കാൻ നോക്കാതെ പെണ്ണ് കടപ്പുറം നെരങ്ങി നടക്കാണ്.' അച്ഛനും മകളും തൻ്റെ മുന്നിലൂടെ കടന്നുപോയെങ്കിലും ലോഹി അയാളുടെ വാക്കുകൾ മറന്നില്ല. ജോലി സമ്പാദിക്കണം. കടപ്പുറം നെരങ്ങുകയല്ല വേണ്ടത്. അച്ഛൻ്റെ സ്വപ്നമതാണ്. അതിനെ മകൾ തകിടം മറിച്ചാൽ അയാൾ എത്ര വേദനിക്കും!
കൃഷ്ണേട്ടൻ എന്ന മറ്റൊരച്ഛൻ ഒരിക്കൽ തന്നെ കെട്ടിപ്പിടിച്ച് കരഞ്ഞ സംഭവം കൂടി ലോഹിയുടെ മനസ്സിൽ വന്നു. മകൾ കാമുകനോടൊപ്പം ഒളിച്ചോടിപ്പോയ ദിവസം കൃഷ്ണേട്ടൻ നിലവിട്ട് കരഞ്ഞ സംഭവം.
കൃഷ്ണേട്ടൻ്റെ മകൾ രാധിക പോയത് ലോഹിയുടെ സുഹൃത്ത് വേണുവിൻ്റെ കൂടെയായിരുന്നു. തുടക്കം മുതൽ അവരുടെ ബന്ധത്തിന് എല്ലാ ഒത്താശയും ചെയ്തു കൊടുത്തയാളാണ് ലോഹി. അത് കൃഷ്ണേട്ടനറിയില്ല. രാധിക പോയ ദിവസം ഒന്നുമറിയാത്ത പോലെ കൃഷ്ണേട്ടനെ ആശ്വസിപ്പിക്കാൻ ചെല്ലുമ്പോഴും പ്രണയസാഫല്യത്തിനു വേണ്ടി തികച്ചും ന്യായമാണ് ആ പെൺകുട്ടി ചെയ്തതെന്ന കാര്യത്തിൽ ലോഹിയുടെ മനസ്സിൽ സംശയമുണ്ടായിരുന്നില്ല. പക്ഷേ കെട്ടിപ്പിടിച്ചു കരഞ്ഞ തന്തയുടെ കണ്ണീര് ലോഹിയെ പൊള്ളിച്ചു. പോറ്റി വളർത്തി സ്വപ്നങ്ങൾ കണ്ട അച്ഛനോട് അവൾ ചെയ്തത് അരുതാത്തതാണെന്നു തോന്നി. കാമുകൻ്റെ സ്നേഹം ത്യജിക്കണമെന്നല്ല, അച്ഛൻ്റെ നെഞ്ചു പൊട്ടിയുള്ള കണ്ണീര് വീഴ്ത്തരുതായിരുന്നു എന്ന്. ആ 'ഡബിൾ സ്റ്റാൻ്റി'ൻ്റെപ്രതിസന്ധിയാണ് കടലിൻ്റെ പശ്ചാത്തലത്തിലുള്ള കഥയായി രൂപപ്പെട്ടത്.
എഴുത്തിൻ്റെ ആവശ്യങ്ങൾക്കായി ആലപ്പുഴ ഗവ. ഗസ്റ്റ്ഹൗസിൽ താമസമാക്കാൻ ചെല്ലുമ്പോൾ ലോഹിയുടെ കൂടെ നിർമാതാവ് കിരീടം ഉണ്ണിയുമുണ്ടായിരുന്നു. കഥ പറഞ്ഞു കേട്ടപ്പോൾ ഉണ്ണി ലോഹിയോട് അഭ്യർത്ഥിച്ചു. 'ലോഹി എങ്ങനെയെങ്കിലും ഈ കഥ മാറ്റിവെച്ചാൽ നമുക്കിത് ചെയ്യാമായിരുന്നു. ഈ തിരക്കഥ എനിക്ക് നിർമ്മിക്കണമെന്നുണ്ട്.' ഭരതേട്ടനോട് വാക്കുപറഞ്ഞ കാരണം ലോഹി ഉണ്ണിയോട് അങ്ങനെയൊരാലോചന സാധിക്കില്ലെന്ന് പറഞ്ഞു. ഗസ്റ്റ്ഹൗസിൽ താമസിക്കുമ്പോൾ ഓമനപ്പുഴ കടപ്പുറത്ത് ഇടക്കിടെ പോകുമായിരുന്നു ലോഹിയും ഉണ്ണിയും. ഒരാഴ്ചകൊണ്ട് തിരക്കഥ പൂർത്തിയാക്കി. അമരത്തിൻ്റെ എഴുത്ത് നടക്കുന്നതിനിടയിലാണ് നവംബർ മൂന്നിന് സിന്ധു രണ്ടാമത്തെ മകന് ജന്മം നൽകുന്നത്.
'ചെമ്മീൻ' എന്ന ഇതിഹാസ സിനിമ ലോഹിക്കും ഭരതനും മുന്നിൽ കടമ്പയായിരുന്നു. പ്രമേയത്തിലും ചിത്രീകരണത്തിലും കഥാപാത്രങ്ങളുടെ മിഴിവിലും ഇതേ പരിസരത്തുണ്ടായ ചെമ്മീന് ഒപ്പമെത്തുകയെങ്കിലും വേണം. അതുപോലെ പുതിയൊരനുഭവമായിരുന്നു ഭരതൻ എന്ന സംവിധായകനോടൊപ്പമുള്ള ദിവസങ്ങൾ. തൻ്റെ കഴിവിൽ തികഞ്ഞ ആത്മവിശ്വാസമുള്ള ഭരതൻ ചിത്രീകരണം അടുത്തവരുന്തോറും ഹിസ്റ്റീരിയ ബാധിച്ച പോലെ പെരുമാറുമായിരുന്നു. സിനിമയെപ്പറ്റിയും കഥയെപ്പറ്റിയും ഏറെ ചർച്ച ആഗ്രഹിക്കുന്നയാൾ. ലോഹി നേരെ മറിച്ചും. എഴുത്തിൻ്റെ സമയത്ത് ഒരാളുമായും ചർച്ച ചെയ്താൽ ശരിയാവില്ല. തന്നെ പൂർണ്ണമായി വിശ്വസിക്കുന്ന സിബിയെപ്പോലുള്ള ഒരാളെ പ്രതീക്ഷിച്ച ലോഹിയുടെ അനുഭവം അങ്ങനെയായിരുന്നില്ല. അവർ തമ്മിൽ തർക്കവും പൊരിഞ്ഞ വാഗ്വാദങ്ങളുമുണ്ടായി. എഴുത്തിന് മേലുള്ള തൻ്റെ പരിപൂർണ്ണ സ്വാതന്ത്ര്യത്തെ തരിമ്പും വിട്ടു കൊടുക്കാൻ ലോഹി തയ്യാറായില്ല. എന്നാലും രണ്ട് ജീനിയസ്സുകൾ തമ്മിലുള്ള ആ കലഹം സിനിമ എന്ന ഔട്ട്പുട്ടിനെ ജ്വലിപ്പിക്കുകയായിരുന്നു എന്ന് രണ്ടു പേരും മനസ്സിലാക്കിയിട്ടുമുണ്ട്.
സംഭാഷണങ്ങൾ എഴുതുന്നതായിരുന്നു കടുത്ത വെല്ലുവിളി. കഥ ചിത്രീകരിക്കുന്ന ഓമനപ്പുഴ ഭാഗങ്ങളിലെ കടപ്പുറം ഭാഷ ലോഹി അവിടെ താമസിച്ച് അടുത്തു നിന്നു കേട്ടു. അപരിചിതർക്ക് മനസ്സിലാവുക പോലും ചെയ്യാത്ത അത്ര തനിമയുള്ള മറ്റൊരു ഭാഷയായിരുന്നു അത്. ആ ഭാഷയിൽ സിനിമ ചെയ്താൽ ആർക്ക് മനസ്സിലാവാനാണ്? ഒടുവിൽ പലേടത്തു നിന്നും കടം കൊണ്ടവ വെച്ച് കൂടിക്കലർന്ന ഒരു തരം പുതിയ ഭാഷയായിരുന്നു ലോഹി തിരക്കഥയിലുപയോഗിച്ചത്.
'അരയൻ' എന്ന പേരായിരുന്നു സിനിമയ്ക്ക് ആദ്യം തീരുമാനിക്കപ്പെട്ടതെങ്കിലും കൂടുതൽ കാവ്യാത്മകമായ 'അമരം' എന്ന ടൈറ്റിലിൽ ലോഹി തന്നെയാണ് എത്തിപ്പെട്ടത്. തോണിയുമായി ബന്ധപ്പെട്ട് 'അമരം' പലമാനങ്ങളുള്ള അത്രയും പ്രധാനപ്പെട്ടൊരു വാക്ക് തന്നെ.
അച്ചൂട്ടിയായി മമ്മൂട്ടിയേയും കൊച്ചുരാമനായി മുരളിയേയും ചന്ദ്രികയായി ചിത്രയേയും നേരത്തേ ഉറപ്പിച്ചിരുന്നു. ചോരത്തിളപ്പുള്ള രാഘവൻ എന്ന ചെറുപ്പക്കാരൻ കഥാപാത്രത്തിന് വൈശാലിയിൽ ഋശ്യശൃംഗനായി അഭിനയിച്ച സഞ്ജയിനെ കൊണ്ടുവരാനായിരുന്നു ഭരതൻ ആഗ്രഹിച്ചിരുന്നത്. ലോഹിയും നിർമാതാവ് ബാബുവും അസോസിയേറ്റ് ജോർജ് കിത്തുവും മലയാള സിനിമയിൽ നിന്നൊരാളാവുകയാണ് നല്ലതെന്ന് അഭിപ്രായപ്പെട്ടെങ്കിലും സഞ്ജയ് തന്നെ തീരുമാനിക്കപ്പെട്ടു. പക്ഷേ ഷൂട്ട് തുടങ്ങാൻ രണ്ടു ദിവസം ബാക്കി നിൽക്കുമ്പോൾ നിർമാതാവ് ബാബുവിന് സഞ്ജയിൻ്റെ ടെലഗ്രാം മെസേജ് ലഭിച്ചു. മഞ്ഞപ്പിത്തം ബാധിച്ചതു കാരണം വരാൻ കഴിയില്ല എന്നായിരുന്നു ആ സന്ദേശം. പിന്നീടാണ് അശോകനെ രാഘവൻ്റെ കഥാപാത്രത്തിന് തീരുമാനിക്കുന്നത്. മമ്മൂട്ടിയുടെ മകൾ കഥാപാത്രത്തിന് പുതുമുഖമായൊരു പെൺകുട്ടിയെയാണ് കാസ്റ്റ് ചെയ്തിരുന്നത്. മമ്മൂട്ടി ജോയിൻ ചെയ്യുന്നതിന് രണ്ടു ദിവസം മുമ്പ് ഷൂട്ട് ചെയ്തു തുടങ്ങിയ രംഗങ്ങളിൽ ആ കുട്ടി അഭിനയിച്ചുവെങ്കിലും ഭരതന് ഒട്ടും തൃപ്തി വന്നില്ല. നിയോഗിക്കപ്പെട്ട പ്രകാരം അസോസിയേറ്റ് ജോർജ് കിത്തുവാണ് എഴുതി വന്നപ്പോൾ കഥാപാത്രം മാറി എന്നൊക്കെ പറഞ്ഞ് ആ കുട്ടിയെ മാറ്റുന്നത്. പകരം ആര് എന്ന പ്രശ്നവുമുയർന്നു.
തിരുവനന്തപുരത്ത് 'കുട്ടേട്ട'ൻ്റെ സെറ്റിൽ മമ്മൂട്ടിയെ കാണാൻ ചെന്ന ഭരതനും ബാബുവും അവിടെ വെച്ച് മാതുവിനെ കണ്ടു. ആ കുട്ടിയായാൽ നന്നാവും എന്ന അഭിപ്രായം രണ്ടുപേർക്കുമുണ്ടായി. അന്വേഷിച്ചു വന്നപ്പോഴേക്കും ഷൂട്ട് കഴിഞ്ഞ് അവർ തിരിച്ച് ഹൈദരാബാദിലേയ്ക്ക് പോയിരുന്നു. മാതു കേരളത്തിലെ ഷൂട്ട് തീർന്ന് വീട്ടിൽ വന്ന് കേറുമ്പോഴാണ് 'അമര'ത്തിനു വേണ്ടിയുള്ള ഫോൺ കോളും എത്തുന്നത്. പിറ്റേന്ന് തന്നെ മാതു 'അമര'ത്തിൽ ജോയിൻ ചെയ്യാനായി തിരിച്ച് പുറപ്പെടുകയായിരുന്നു.
കഥ സൃഷ്ടിക്കുന്ന സ്വാധീനങ്ങൾക്ക് നിരവധി അനുഭവങ്ങൾ പറയാനുണ്ട് ലോഹിക്ക്. അതിലൊന്ന് 'അമര'വുമായി ബന്ധപ്പെട്ടു കിടക്കുന്നതാണ്. വയനാട്ടിൽ നിന്ന് ഒളിച്ചോടിയ കാമുകനും കാമുകിയും രാത്രി കോഴിക്കോട് നഗരത്തിലെത്തുന്നു. പിറ്റേന്ന് സുഹൃത്തുക്കളുടെ സഹായത്തോടെ രജിസ്ട്രാപ്പീസിൽ വെച്ച് വിവാഹിതരാവാനാണ് അവരുടെ തീരുമാനം. വിവാഹിതരാവാൻ പോകുന്ന സന്തോഷത്തിൽ രാത്രി അവർ സിനിമയ്ക്കു കയറി. 'അമര'മായിരുന്നു ചിത്രം. മകൾ പോയ ദു:ഖത്തിൽ പിടയുന്ന അച്ഛൻ്റെ സങ്കടം പെൺകുട്ടി കണ്ടു. അവൾക്കത് സഹിക്കാനായില്ല. കാമുകനുമായി സംസാരിച്ചു. പിറ്റേന്നത്തെ വിവാഹ തീരുമാനത്തിൽ നിന്ന് അവർ ഒരുമിച്ച് പിന്മാറി. പെൺകുട്ടി അച്ഛനടുത്തേക്ക് തിരിച്ചു പോയി. വീട്ടുകാർ പിന്നീടവരുടെ വിവാഹം നടത്തിക്കൊടുത്തു. നോക്കണം, മനുഷ്യൻ്റെ കഥ മനുഷ്യനെ കീഴടക്കുന്ന വിധം.
ഒന്നിനൊന്ന് മികച്ച പ്രതിഭകളായിരുന്നു 'അമര'ത്തിനു പിന്നിൽ. പിൽക്കാലത്ത് ഇന്ത്യൻ സിനിമ മുഴുവൻ അറിയപ്പെട്ട സാബു സിറിൽ സ്വതന്ത്ര കലാസംവിധായകനായത് 'അമര'ത്തിലൂടെയായിരുന്നു. (ആദ്യ റിലീസ് 'അയ്യർ ദ ഗ്രേറ്റ്')
ഛായാഗ്രഹകനായി മധു അമ്പാട്ട് വന്നു. കെ.നാരായണനെയാണ് എഡിറ്ററായി കണ്ടത്. ആലപ്പുഴയിൽ ഷൂട്ട് ചെയ്ത ചിത്രത്തിൻ്റെ ബജറ്റ് പ്രതീക്ഷകൾ കടന്ന് അമ്പത്തെട്ടുലക്ഷം രൂപയിലാണ് നിന്നത്. ഒരു ലക്ഷത്തോളം അടി ഫിലിം ഷൂട്ടിങ്ങിന് വേണ്ടി വന്നത് ചെലവ് കൂടാൻ കാരണമായി. ഒടുവിൽ ചാകര വരുന്നത് മാത്രം ഷൂട്ട് ചെയ്യാൻ ബാക്കിവെച്ച് ചിത്രീകരണം കഴിയാറായി. നിർമ്മാതാവിന് സാമ്പത്തിക പ്രതിസന്ധി വന്നു തുടങ്ങിയിരുന്നു. ഷൂട്ടിങ്ങിനായി ചാകര സെറ്റ് ചെയ്യാൻ നല്ല ചെലവ് വരികയും ചെയ്യും. എന്തു വേണമെന്ന് അറിയാത്ത അങ്കലാപ്പിലായി പ്രൊഡ്യൂസറും ഡയറക്ടറും. അമ്പലപ്പുഴ കടപ്പുറത്ത് ഷൂട്ടിംഗ് ഇടവേളയിൽ ഉച്ചയ്ക്ക് മമ്മൂട്ടി അല്പം വിശ്രമിക്കുകയായിരുന്നു. വാഹനങ്ങൾ പാർക്ക് ചെയ്ത സ്ഥലത്തേക്ക് കുറച്ചധികം ദൂരം നടക്കണം എന്നതുകൊണ്ട് അദ്ദേഹം ഷൂട്ടിങ് സെറ്റിട്ട ഒരു പട്ടപ്പുരയിലാണ് കിടന്നത്. ബ്രേക്ക് കഴിഞ്ഞുള്ള ഷോട്ടിനു വേണ്ടി ക്യാമറ ക്രെയിനിൽ സെറ്റു ചെയ്യുന്നുണ്ടായിരുന്നു യൂണിറ്റംഗങ്ങൾ. പെട്ടന്ന് കടപ്പുറത്ത് ഒച്ചപ്പാടും ബഹളവും കേട്ട് സിനിമക്കാർ നോക്കുമ്പോൾ മത്തി ചാകര വന്നിരിക്കുകയാണ്. ഉടൻ എല്ലാവരും സജീവമായി. മമ്മൂട്ടിയും വേഗം റെഡിയായി. അച്ചൂട്ടിയും തോണിയും ഉൾപ്പെടുത്തിയുള്ള ഒറിജിനൽ ചാകര ഷൂട്ട് ചെയ്തു. അതൊരു മഹാഭാഗ്യമായും കടലമ്മയുടെ കനിവായും എല്ലാവർക്കും തോന്നി. തോണിയുമായി മമ്മൂട്ടിയെ വെച്ച് ഒരു ട്രയൽ ഷോട്ടിന് ശ്രമിച്ചതായിരുന്നു. പക്ഷേ പരിചിതനായ ഒരു അരയനെപ്പോലെ അദ്ദേഹം തോന്നി തുഴഞ്ഞ് തിരമാലകൾ കടന്നു പോവുന്നതു കണ്ട് സെറ്റിൽ എല്ലാവർക്കും ഭയം തോന്നി. ട്രയൽ ഷോട്ട് ഒ.കെ ഷോട്ടായി മാറി. കഥാപാത്രത്തോടുള്ള ആ നടൻ്റെ കമ്മിറ്റ്മെൻറ് അപാരമായിരുന്നു. ചെമ്പ് എന്ന സ്വന്തം നാടിൻ്റെ തുഴച്ചിൽ സംസ്കാരം മമ്മൂട്ടിയിൽ നിന്ന് അനായാസം പ്രകടമായ നിമിഷമായിരുന്നു അത്.
'അമര'ത്തിലെ പാട്ടുകൾക്കു സംഗീതം നൽകിയത് രവീന്ദ്രനാണ്. കവിത തുളുമ്പുന്ന വരികൾ നൽകിയത് കൈതപ്രവും. 'അഴകേ നിൻ മിഴിയിൽ...'പാട്ട് പാടാൻ ആദ്യം തീരുമാനിക്കുന്നത് യേശുദാസിനെയായിരുന്നു. പിന്നീട് മാറ്റിത്തീരുമാനിച്ച് എസ്.പി. ബാലസുബ്രഹ്മണ്യത്തെ വിളിച്ചു. മദ്രാസിൽ നിന്ന് എസ്.പി.ബി വന്നു. പാട്ട് പാടിക്കേൾപ്പിച്ച രവീന്ദ്രനോട് 'ഇത് നിങ്ങൾ ആർക്കു വേണ്ടി ചിട്ടപ്പെടുത്തിയതാണെന്ന് കേൾക്കുമ്പോഴേ എനിക്കറിയാം. അയാൾ തന്നെ പാടിയാൽ മതി' എന്നാണദ്ദേഹം സ്നേഹപൂർവ്വം ചിരിച്ചുകൊണ്ട് പറഞ്ഞത്. എന്നിട്ടദ്ദേഹം തിരിച്ചുപോയി. 'വികാരനൗകയുമായ്...' എന്ന ഗാനത്തിൽ തിരമാലയിൽ ആടിയുലയുന്നൊരു തോണിയുടെ താളം ധ്വനിപ്പിക്കാൻ കഴിഞ്ഞു എന്ന് രവീന്ദ്രൻ വിശ്വസിച്ചിരുന്നു. പശ്ചാത്തലസംഗീതം ജോൺസണായിരുന്നു. പാട്ടുകൾ പോലെത്തന്നെ ഓർമയിൽ നില്ക്കുന്നതായി 'അമര'ത്തിന്റെ പശ്ചാത്തലസംഗീതം.
മകളെ ആനി ഡോക്ടറെപ്പോലെ വലിയ ഡോക്ടറാക്കണം എന്ന് അച്ചൂട്ടി പറയുന്നുണ്ട്. അത് ലോഹിയുടെ നാടായ ചാലക്കുടിയിൽ ജെ.എ ആശുപത്രി തുടങ്ങിയ പ്രസിദ്ധയായ ഡോക്ടറുടെ പേരു തന്നെ ആയിരുന്നു. സ്വന്തം അമ്മയുടെ പ്രസവത്തിന് മേൽനോട്ടം വഹിക്കുക എന്ന അപൂർവ്വ അവസരം കിട്ടിയ ആളായിരുന്നു ഡോക്ടർ ആനി.
തീയേറ്ററിൽ ജനത്തിക്കിൻ്റെ തിരമാലകളുയർന്നു. എല്ലാ റിലീസ് കേന്ദ്രങ്ങളിൽ നിന്നും മികച്ച റിപ്പോർട്ടുകൾ കിട്ടിക്കൊണ്ടിരുന്നു. 'അമരം' പ്രേക്ഷകശ്രദ്ധകൊണ്ടും പ്രദർശനവിജയം കൊണ്ടും എക്കാലത്തെയും മികച്ച മലയാള സിനിമകളുടെ പട്ടികയിലേയ്ക്ക് തോണിതുഴഞ്ഞു കയറുകയായിരുന്നു.
ഭാഷയുടെ കാര്യത്തിൽ ചിത്രീകരണ സമയത്ത് കടപ്പുറത്ത് പ്രതിഷേധങ്ങളുയർന്നിരുന്നു. അരയസമൂഹത്തെ അപമാനിക്കുന്നു എന്നാരോപിച്ച് സമരം പോലും നടന്നു. പക്ഷേ ലോഹിക്ക് ഉറപ്പുണ്ടായിരുന്നു, ഭാഷയുടെ കടുംപിടുത്തത്തിനപ്പുറം 'അമര'ത്തിൻ്റെ മുഹൂർത്തങ്ങളിൽ, അത് കാഴ്ചക്കാരിലുണ്ടാക്കുന്ന അനുഭവങ്ങളിൽ. അതു തന്നെയാണ് പിന്നെ സംഭവിച്ചതും. 'അച്ചനെ ആരൊക്കെ കൈവിട്ടാലും കൈവിടാത്ത ഒരാളുണ്ട്. കരയണ കണ്ടാ സമാധാനിപ്പിക്കും ചിരിക്കണ കണ്ടാ കൂടെ ചിരിക്കും...കണ്ടാ...വിളിക്കണ കണ്ടാ? സമാധാനിപ്പിക്കാനാണ്.
കരയണ്ടാ എന്ന് പറഞ്ഞു സമാധാനിപ്പിക്കാൻ.' അച്ചൂട്ടിയുടെ നെഞ്ചു പൊട്ടിയ സംഭാഷണം അരയസമൂഹമടങ്ങുന്ന മഹാജനം സ്വന്തക്കാരൻ്റെ വേദന പോലെ ഏറ്റെടുത്തു.
മലയാള സിനിമയുടെ സുവർണ വർഷമായിരുന്നു 1991. അരവിന്ദനും പത്മരാജനും എം.ടിയും ഭരതനുമെല്ലാം സിനിമകളുമായി വന്ന വർഷം. അവാർഡ് ജൂറിയുടെ തലപെരുപ്പിച്ച, ഒന്നിനൊന്ന് മെച്ചമായ പ്രകടനങ്ങൾ. പ്രേക്ഷകർക്കും ആ വർഷം ഒരു ചലച്ചിത്രോത്സവമായിരുന്നു. 'ഉള്ളടക്കം', 'കിലുക്കം', 'അഭിമന്യു' എന്നീ ചിത്രങ്ങളിലൂടെ മോഹൽലാലാണ് സംസ്ഥാനത്തെ മികച്ച നടനായത്. ശാന്തമായ കടലുപോലെ ആഴങ്ങൾ ഒളിപ്പിച്ച 'അമര'ത്തിൻ്റെ തിരക്കഥയുമായി ലോഹിതദാസ് വെല്ലുവിളി ഉയർത്തിയെങ്കിലും 'കടവ്' എന്ന സ്വന്തം സിനിമയിലൂടെ എം.ടി വാസുദേവൻ നായർ മികച്ച തിരക്കഥാകൃത്തായി തുടർച്ചയായി മൂന്നാംവർഷവും തെരഞ്ഞെടുക്കപ്പെടുകയായിരുന്നു.
മികച്ച സഹനടിക്കുള്ള ആ വർഷത്തെ ദേശീയ അവാർഡ് കെ.പി.എ.സി ലളിത 'അമര'ത്തിലെ ഭാർഗവിയിലൂടെ നേടി. സഹനടനും സഹനടിക്കുമുള്ള സംസ്ഥാന അവാർഡിന് മുരളിയും ലളിതയും ഛായാഗ്രഹണത്തിന് മധു അമ്പാട്ടും അർഹരായി. മമ്മൂട്ടിക്ക് ഫിലിംഫെയർ അവാർഡും ലഭിച്ചു.