

റഷ്യയില്‍ നടന്ന 48-ാമത് മോസ്‌കോ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ (MIFF) ചരിത്ര നേട്ടം കൊയ്ത് മലയാള ചിത്രം. ഫാസില്‍ റസാഖ് സംവിധാനം ചെയ്ത 'മോഹം' മേളയിലെ പരമോന്നത ബഹുമതിയായ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കി. ഈ നേട്ടം കൈവരിക്കുന്ന ആദ്യ മലയാള ചിത്രമാണ് 'മോഹം'. ഏപ്രില്‍ 16 മുതല്‍ 23 വരെ നടന്ന മേളയുടെ പ്രധാന മത്സരവിഭാഗത്തിലാണ് ചിത്രം പ്രദര്‍ശിപ്പിച്ചത്.
ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ അമലയെ അവതരിപ്പിച്ച അമൃത കൃഷ്ണകുമാര്‍ മികച്ച നടിക്കുള്ള പുരസ്‌കാരവും നേടി. തിരുവനന്തപുരത്ത് നടന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ(ഐഎഫ്എഫ്‌കെ) വലിയ പ്രശംസ പിടിച്ചുപറ്റിയ 'തടവ്' എന്ന ചിത്രത്തിനു ശേഷം ഫാസില്‍ റസാഖ് ഒരുക്കിയ രണ്ടാമത്തെ ചിത്രമാണിത്.
നിയമക്കുരുക്കുകളില്‍നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്ന ഷാനു എന്ന യുവാവും മാനസിക പ്രയാസങ്ങളിലൂടെ കടന്നുപോകുന്ന അമലയും ചേര്‍ന്നു നടത്തുന്ന ബൈക്ക് യാത്രയാണ് സിനിമയുടെ ഇതിവൃത്തം. മന:ശാസ്ത്രപരമായ പശ്ചാത്തലത്തില്‍ ഒരുക്കിയ ഈ ഡ്രാമ ഇതിനോടകം തന്നെ അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു.
ഫാസില്‍ റസാഖ്, അമൃത കൃഷ്ണകുമാര്‍, ഇഷാഖ് മുസാഫിര്‍, ഛായാഗ്രാഹകന്‍ മൃദുല്‍ എസ്. വിനായക് എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. റസാഖ് അഹമ്മദ് നിർമിച്ച ചിത്രത്തിൽ ബീന ആര്‍ ചന്ദ്രന്‍, ഗൗതമി ഗോപന്‍, വിനീത് വാസുദേവന്‍, ജിബിന്‍ ഗോപിനാഥ് തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തിയത്.