സാജുകൊടിയനെ ജീവിതത്തിലെ പ്രതിസന്ധി ഘട്ടങ്ങളിൽ മമ്മൂട്ടി സഹായിച്ചതിനെക്കുറിച്ചുള്ള കുറിപ്പ്
ശുപാർശകളോടുള്ള മമ്മൂട്ടിയുടെ സമീപനം വ്യക്തമാക്കുന്ന അനുഭവങ്ങൾ
അങ്കമാലി ലിറ്റിൽ ഫ്ളവർ ആശുപത്രിയിൽ ജോലി ചെയ്യുമ്പോൾ കാഷ്വാലിറ്റിയുടെ ചുമതലുണ്ടായിരുന്ന ഒരു ദിവസം. രാത്രി വൈകി ഒരു ഫോൺ കോൾ വന്നു. അങ്കമാലിയിൽ വച്ച് ഒരു മാരുതിക്കാർ ലോറിക്കടിയിൽ ഇടിച്ചു കയറി. കാറിലുണ്ടായിരുന്നയാളെ അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കൊണ്ടുവന്നിട്ടുണ്ട്. ആരെന്ന് തിരിച്ചറിഞ്ഞിട്ടില്ല. അടിയന്തരസർജറി വേണം. ആളെ തിരിച്ചറിയാതെ സർജറി നടത്തുന്നത് ആശുപത്രിയെ സംബന്ധിച്ചിടത്തോളം റിസ്ക് ഉള്ള കാര്യമാണ്. എങ്കിലും ജീവനാണ് വലുത് എന്നുളളതുകൊണ്ട് ഇത്തരം ഘട്ടങ്ങളിൽ പലപ്പോഴും ഔദ്യോഗികരീതികളോ അതിന്റെ നൂലാമാലകളോ നോക്കാറില്ല. കാഷ്വാലിറ്റിച്ചുമതലുള്ളയാൾക്ക് ഇങ്ങനെയുള്ള ഘട്ടങ്ങൾ കൂടി തരണം ചെയ്യേണ്ടതുണ്ട്. അതുകൊണ്ടുതന്നെ ഞാൻ പറഞ്ഞു: 'ധൈര്യമായി സർജറി ചെയ്തോളൂ..ആളെ കണ്ടുപിടിക്കാം...'അങ്ങനെ മരണത്തിനും ജീവിതത്തിനുമിടയിലെ നൂലിഴയിലൂടെ പോയിക്കൊണ്ടിരുന്ന ആ മനുഷ്യനെ സർജറിക്ക് കയറ്റി.
പിറ്റേദിവസം. ആൾക്ക് ബോധം വീണിട്ടില്ല. തിരിച്ചറിയാനുമായിട്ടില്ല. ഉച്ചയോടെ ഒരു അറ്റൻഡറാണ് പറഞ്ഞത്, 'ഇയാൾ പ്രധാനമന്ത്രിയായിരുന്ന വാജ്പേയിയെ പോലെയുണ്ടല്ലോ..' മരണത്തിൽ നിന്ന് രക്ഷപ്പെട്ട് അബോധാവസ്ഥയിൽ തുടരുന്ന ആ അജ്ഞാതനിലേക്ക് ഒരു വാതിൽ തുറക്കുകയായിരുന്നു അവിടെ. അത് മിമിക്രിവേദികളിൽ തിളങ്ങിനിന്നിരുന്ന കലാകാരനും അഭിനേതാവുമായ സാജു കൊടിയൻ ആയിരുന്നു..
കലാഭവൻ മണിയുടെ വീട്ടിൽ നിന്ന് ന്യൂഇയർ പാർട്ടി കഴിഞ്ഞ് മടങ്ങും വഴിയാണ് കൊടിയൻ അപകടത്തിൽ പെട്ടത്. നന്നായി മദ്യപിച്ചിരുന്നു. അതുതന്നെയായിരുന്നു അപകടകാരണവും. കുറേ നാളത്തെ ചികിത്സവേണ്ടിവന്നു, സാധാരണജീവിതത്തിലേക്ക് തിരികെ വരാൻ. പക്ഷേ അന്നത്തെ ആ അപകടത്തിനുശേഷം കൊടിയൻ പിന്നെ മദ്യപിച്ചിട്ടില്ല. ആശുപത്രി വിട്ടിട്ടും അദ്ദേഹവുമായി ഇടയ്ക്കിടെ സംസാരിക്കും. അതൊരു സൗഹൃദമായി വളർന്നു. പിന്നീട് ഞങ്ങൾ ആത്മസുഹൃത്തുക്കളായി.
കൊടിയൻ വല്ലൊത്തൊരു പ്രതിസന്ധിയിലൂടെ കടന്നുപോയ നാളുകളായിരുന്നു പിന്നീട്. ചികിത്സയ്ക്ക് കുറേനാൾ വേണ്ടിവന്നു. അതോടെ മിമിക്രിവേദികളിൽ നിന്നൊക്കെ മാറിനില്കേണ്ടിവന്നു. തിരിച്ചെത്തിയിട്ടും കലാരംഗത്ത് വേണ്ടവിധത്തിൽ ശ്രദ്ധിക്കപ്പെടാൻ അദ്ദേഹം നന്നേ പാടുപെട്ടു. സിനിമകളിലേക്കൊന്നും ആരും വിളിക്കുന്നുമില്ല. എന്നുകരുതി സാമ്പത്തികമായി ഒരിക്കലും ബുദ്ധിമുട്ട് ഉണ്ടായില്ല. മാത്രവുമല്ല അദ്ദേഹം തനിക്ക് കിട്ടുന്ന വരുമാനത്തിന്റെ ഒരു പങ്ക് എന്നും അശരണർക്കായി നീക്കിവയ്ക്കുന്നയാളുമായിരുന്നു. ഗൾഫ് ഷോകളൊക്കെ കഴിഞ്ഞുവരുമ്പോൾ കൊടിയൻ എപ്പോഴും ഒരു തുക തന്റെ കാരുണ്യദൗത്യങ്ങൾക്ക് മാറിവെച്ചു. ചിലർക്കൊക്കെ വീടുവച്ചുകൊടുക്കുക പോലും ചെയ്തിട്ടുണ്ട് കൊടിയൻ എന്ന നല്ല മനുഷ്യൻ. അതുകൊണ്ട് ദൈവം അദ്ദേഹത്തിന് ഒരിക്കലും സാമ്പത്തികപ്രയാസമുണ്ടാക്കിയിട്ടില്ല. പക്ഷേ കലാകാരൻ എന്ന നിലയിൽ അപകടത്തിനുശേഷം അദ്ദേഹം ഒരു അസ്തിത്വപ്രതിസന്ധി അനുഭവിച്ചു.
കൊടിയന്റെ ആ അവസ്ഥ എനിക്ക് നന്നായി മനസ്സിലാകുന്നുണ്ടായിരുന്നു. സ്ഥിരം മദ്യപാനിയുമല്ലായിരുന്നു കൊടിയൻ. കൂട്ടുകാർക്കൊപ്പം ചേരുമ്പോൾ ചിലപ്പോഴൊക്കെ ആഘോഷം കൈവിട്ടുപോകുന്നതാണ്. ആ അപകടദിവസമാണ് അദ്ദേഹം അവസാനമായി മദ്യപിച്ചതെന്നും പിന്നീട് മദ്യം കൈകൊണ്ട് തൊട്ടിട്ടില്ലെന്നും വ്യക്തമായി അറിയാമായിരുന്നുതുകൊണ്ടും അപകടശേഷമുള്ള പ്രതിബന്ധങ്ങൾ നേരിട്ട് കണ്ടുകൊണ്ടിരുന്നതിനാലും എനിക്ക് അദ്ദേഹത്തെ എങ്ങനെയെങ്കിലും സഹായിക്കണമെന്നുണ്ടായി രുന്നു. പക്ഷേ അതിന് പറ്റിയ അവസ്ഥയിലൊന്നുമായിരുന്നില്ല ഞാൻ. അതുകൊണ്ട് കണ്ടുനില്കാനേ കഴിഞ്ഞുള്ളൂ പലപ്പോഴും.
ഇതിനിടയ്ക്ക് കൊടിയനെ ശ്രദ്ധേയനാക്കിയ ഏഷ്യാനെറ്റിലെ സിനിമാലയുടെ ചുമതലക്കാരിയായിരുന്ന ഡയാന സിൽവസ്റ്ററും പലവട്ടം എന്നോട് കൊടിയന്റെ കാര്യം സൂചിപ്പിച്ചിരുന്നു. ആ കലാകാരൻ അവസരനിഷേധങ്ങളിൽ അവസാനിക്കേണ്ടയാളല്ല എന്ന് ഉറച്ചു വിശ്വസിച്ചിരുന്നയാളായിരുന്നു ഡയാന.
അങ്ങനെയിരിക്കെ ഒരുദിവസം കൊടിയൻ സംസാരത്തിനിടെ ചോദിച്ചു: 'ബുദ്ധിമുട്ടില്ലെങ്കിൽ എന്റെ കാര്യം ഒന്ന് മമ്മൂക്കയോട് പറയാൻ സാധിക്കുമോ.?' ഇന്നുകാണുന്ന അടുപ്പമൊന്നും അന്ന് എനിക്ക് മമ്മൂക്കയുടെ അടുത്ത് ഇല്ല. നേരത്തെ പറഞ്ഞതുപോലെ എനിക്ക് മറ്റ് സഹായങ്ങളൊന്നും ചെയ്യാൻ പറ്റുന്ന ശേഷിയുമുണ്ടായിരുന്നില്ല. എന്നിട്ടും കൊടിയന്റെ അഭ്യർഥന കേട്ടപ്പോൾ ഞാൻ മമ്മൂക്കയോട് പറയാൻ തന്നെ തീരുമാനിച്ചു. കാരണം കൊടിയന് ആ ഘട്ടത്തിൽ ആരുടെയെങ്കിലും തുണ അത്യവശ്യമായിരുന്നു.
അങ്ങനെ സാജു കൊടിയൻ, മമ്മൂട്ടി ടൈംസിന്റെ ചുമതലക്കാരൻ റഫീക്ക്, നിർമാതാവും മമ്മൂട്ടി ഫാൻസ് അസോസിയേഷൻ ഭാരവാഹിയുമായിരുന്ന ഫൈസൽ ലത്തീഫ് എന്നിവരെയുംകൂട്ടി ഞാൻ മമ്മൂക്കയെ കാണാൻ പോയി. റഫീഖിനോട് നേരത്തെ തന്നെ കൊടിയന്റെ കാര്യം സൂചിപ്പിച്ചിരുന്നു. പക്ഷേ അപ്പോൾ റഫീഖ് പറഞ്ഞത്,'ഇത്തരം ശുപാർശകളൊന്നും ഇഷ്ടപ്പെടുന്നയാളല്ല മമ്മൂക്ക' എന്നാണ്. ഒരു മുന്നറിയിപ്പുപോലെയാണ് റഫീഖ് അത് പറഞ്ഞത്. പക്ഷേ എനിക്ക് കൊടിയൻ എന്ന സുഹൃത്തിനായി എന്തെങ്കിലുമൊന്ന് ചെയ്തേ പറ്റുമായിരുന്നുള്ളൂ.
അങ്ങനെ ഞങ്ങൾ മമ്മൂക്ക അന്നുണ്ടായിരുന്ന ഹോട്ടലിലെത്തി. കൊടിയനെ താഴെ നിർത്തി ഞാനും റഫീഖും ഫൈസലുമാണ് മുകളിലെ മുറിയിലേക്ക് പോയത്. മമ്മൂക്ക ആദ്യം പതിവുപോലെ വിശേഷങ്ങൾ ചോദിച്ചു. ജോർജേട്ടനുമുണ്ട് കൂടെ. കാര്യങ്ങളൊക്കെ പറയുന്നതിനിടയ്ക്ക് ഞാൻ പറഞ്ഞു: 'സാർ.ഒരു സഹായം വേണം..ശുപാർശയാണെന്ന് കരുതരുത്. ഒരു അപേക്ഷയായി കണ്ടാൽ മതി..'ഇതുകേട്ട് മമ്മൂക്ക ചോദിച്ചു: 'എന്താണ്..?' അപ്പോൾ ഞാൻ സാജു കൊടിയന്റെ കാര്യം അവതരിപ്പിച്ചു. അപകടത്തിൽപെട്ട് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ വന്നതു മുതൽ ഇപ്പോൾ അയാൾ അനുഭവിക്കുന്ന ജീവിതപ്രതിസന്ധി വരെയുള്ള സംഭവങ്ങൾ വിശദീകരിച്ചു.
'അവന് സിനിമയിൽ അഭിനയിക്കണമെങ്കിൽ അവനല്ലേ പറയേണ്ടത്...?'-എല്ലാം കേട്ടുകഴിഞ്ഞപ്പോൾ ഇതായിരുന്നു മമ്മൂക്കയുടെ ചോദ്യം. 'അല്ല..ആള് വന്നിട്ടുണ്ട്..'എന്നുപറഞ്ഞപ്പോൾ 'എന്നിട്ടെവിടെ' എന്ന് മമ്മൂക്ക.
ഞാൻ-താഴെയുണ്ട്..
മമ്മൂക്ക- അതെന്തിനാ താഴെ നിർത്തിയത്...വിളിക്ക്..
അങ്ങനെ താഴെനിന്ന സാജു കൊടിയൻ മുകളിൽ മമ്മൂക്കയുടെ മുറിയിലേക്ക്. വലിയ ആദരവോടെയാണ് കൊടിയൻ കയറിവന്നത്. കണ്ടതും മമ്മൂക്ക ഒന്ന് നോക്കി. പിന്നെ ചോദിച്ചു: 'അപകടമൊക്കെക്കഴിഞ്ഞിട്ട് എങ്ങനെയുണ്ട്..എല്ലാം ഒ.കെയാണോ ഇപ്പോൾ?'
സാജു കൊടിയൻ-എല്ലാം ഒ.കെയാണ്...
മമ്മൂക്ക-എങ്ങനെയാണ് അപകടമുണ്ടായത്..?
സാജുകൊടിയൻ-വണ്ടിയോടിച്ചപ്പോ ലോറിയുടെ അടിയിൽ കേറി..
മമ്മൂക്ക-എങ്ങനെ വണ്ടിയോടിച്ചപ്പോഴാണ്..?
സാജുകൊടിയൻ-അത് ഞാൻ..അല്പം മദ്യപിച്ചിട്ടുണ്ടായിരുന്നു...
അടുത്ത നിമിഷം മമ്മൂക്ക കൊടിയനെ രൂക്ഷമായി നോക്കി. എന്നിട്ട് പറഞ്ഞു: 'താൻ രണ്ടുതെറ്റാണ് ചെയ്തത്...കള്ളുകുടിച്ചു എന്നതാണ് ഒന്നാമത്തെ തെറ്റ്...കള്ളുകുടിച്ചിട്ട് വണ്ടിയോടിച്ചു എന്നത് രണ്ടാമത്തെ തെറ്റ്...ഒരിക്കലും ചെയ്യരുതാത്ത ആ രണ്ടുതെറ്റുകൾ കാരണമാണ് താൻ ഈ അവസ്ഥയിലെത്തിയത്. എന്നിട്ട്.. ഇപ്പോഴും നല്ല കുടിയുണ്ട് അല്ലേ...?'
അതുകേട്ടപ്പോൾ ഞാൻ ഇടയ്ക്ക് കയറിപ്പറഞ്ഞു: 'ഇല്ല മമ്മൂക്ക...ഇപ്പോ ഇല്ല...അന്നത്തേത് ഇയാളുടെ അവസാനത്തെ മദ്യപാനമായിരുന്നു..ഇനി അയാൾ ജീവിതത്തിൽ കുടിക്കില്ല..' അതുകേട്ടപ്പോൾ 'അങ്ങനെയാണെങ്കിൽ തനിക്ക് കൊള്ളാം' എന്ന് കൊടിയനെ നോക്കി മമ്മൂക്ക. പിന്നെ കുറച്ചുനേരം മിണ്ടാതെയിരുന്നിട്ട് മമ്മൂക്ക ചോദിച്ചു.
'കുറച്ചുകാലം മുമ്പ് സൗദി അറേബ്യയിൽ വച്ച് ഒരു സംഭവമുണ്ടാ യി. കൂട്ടുകാരുമായി ചേർന്ന് മദ്യപിച്ച മലയാളികളുടെ ഒരു സംഘത്തെ സൗദി പോലീസ് കസ്റ്റഡിയിലെടുത്ത സംഭവം...ഓർമയുണ്ടോ അത്...'
പിന്നെ ഞങ്ങൾ കണ്ടത് അക്ഷരാർഥത്തിൽ മമ്മൂക്കയുടെ കാലിലേക്ക് വീഴുന്ന സാജു കൊടിയനെയാണ്. ആ സംഭവത്തെക്കുറിച്ച് പിന്നീട് ഞാൻ അറിഞ്ഞത് ഇങ്ങനെയാണ്: മമ്മൂക്ക കൊടിയനോട് ആ ചോദ്യം ചോദിച്ചതിന്റെ നാലഞ്ചുവർഷം മുമ്പ് മലയാളികളുടെ ഒരു സംഘം സൗദിയിലെത്തി. ആഘോഷം കൊഴുത്തപ്പോൾ അവിടെയുള്ള കൂട്ടുകാരുമായി മദ്യപിച്ചു. മദ്യപാനം കർശനകുറ്റമായി കാണുന്ന രാജ്യമാണ് സൗദി. അവിടത്തെ പോലീസ് മലയാളി സംഘത്തെ കസ്റ്റഡിയിലെടുത്തു. ജയിൽശിക്ഷ ഉറപ്പ്. പിന്നെ പുറത്തിറങ്ങുന്നതൊക്കെ അവിടത്തെ നിയമത്തിന്റെ കാരുണ്യം അനുസരിച്ചിരിക്കും. സൗദിയിലെ മലയാളി സംഘടനകളെല്ലാം പരമാവധി ശ്രമിച്ചിട്ടും കസ്റ്റഡിയിലുള്ളവരെ വിട്ടുകൊടുക്കാൻ സൗദി പോലീസ് തയ്യാറായില്ല.
ജയിലിലേക്ക് എന്ന് ആ മലയാളി സംഘം ഉറപ്പിച്ചുനില്കെ വിവരം ആരോ മമ്മൂക്കയുടെ കാതിലെത്തിക്കുന്നു. അദ്ദേഹം ഉടൻ തന്നെ സൗദിയിലുള്ള തന്റെ ബന്ധങ്ങളുപയോഗിച്ച് അവിടത്തെ ഉന്നതപോലീസുദ്യോഗസ്ഥരുമായി സംസാരിച്ചു. ഒരുമിനിറ്റ് വൈകിയാൽപോലുമുണ്ടാകുന്ന പ്രത്യാഘാതം അറിയാവുന്നതുകൊണ്ട് മിന്നൽവേഗത്തിലായിരുന്നു മമ്മൂക്കയുടെ നീക്കങ്ങൾ. ഒടുവിൽ ഏറ്റവും സ്വാധീനശക്തിയുള്ള ഒരു സൗദിഉദ്യോഗസ്ഥനെ തന്നെ നേരിട്ടു ഫോണിൽബന്ധപ്പെട്ടു. മമ്മൂക്ക എന്ന ഒറ്റയാൾ പറഞ്ഞതുകൊണ്ടുമാത്രം അദ്ദേഹം വഴങ്ങി. അങ്ങനെ ആ മലയാളികൾ കസ്റ്റഡിയിൽനിന്ന് പുറത്തേക്ക്...സൗദിയിൽ പരിപാടി അവതരിപ്പിക്കാൻ ചെന്ന കലാകാരന്മാരായിരുന്നു അവർ. അതിലൊരാളായിരുന്നു സാജു കൊടിയൻ..
'എനിക്കറിയാം...മമ്മൂക്ക..അന്ന് മമ്മൂക്ക ചെയ്തതറിയാം.പക്ഷേ എന്നെ മമ്മൂക്കയ്ക്ക് ഓർമയുണ്ടാകും എന്നറിയില്ലായിരുന്നു..'- കാല്ക്കൽനിന്ന് എഴുന്നേറ്റ് ഇതുപറയുമ്പോൾ കൊടിയൻ കരച്ചിലിന്റെ വക്കിലായിരുന്നു. മമ്മൂക്ക പിന്നെ കൊടിയനെ അതിരൂക്ഷമായ ഭാഷയിൽ ശകാരിച്ചു. 'എടോ മദ്യപാനം നിർത്താനായിരുന്നെങ്കിൽ അന്ന് തനിക്ക് നിർത്താമായിരുന്നു.. അതായിരുന്നു ഏറ്റവും പറ്റിയദിവസം..അന്നത് ചെയ്യാതിരുന്നതുകൊണ്ടാണ് ഇന്ന് ഇങ്ങനെയൊക്കെ സംഭവിച്ചത്..'
'ഞാൻ എന്നും അങ്ങനെ കുടിക്കുന്നയാളല്ല മമ്മൂക്ക...മണിച്ചേട്ടൻ നിർബന്ധിച്ചപ്പോ...'കൊടിയൻ പറഞ്ഞുതുടങ്ങിയതും മമ്മൂക്കയുടെ രോഷം മണിയോടായി. എല്ലാം കഴിഞ്ഞ് ഒരു ശാന്തനായപ്പോൾ അദ്ദേഹം പറഞ്ഞു: 'സിനിമ ശുപാർശകൾ കൊണ്ട് കിട്ടണ്ടതല്ല...തനിക്ക് പറ്റിയ വേഷം വന്നാൽ ഞാൻ പറയാം..'
അതിന്റെ പിറ്റേന്ന് മമ്മൂക്ക 'പരുന്ത്' എന്ന സിനിമയുടെ ലൊക്കേഷനിലേക്ക് പോയി. കുറച്ചുദിവസം കഴിഞ്ഞപ്പോൾ പ്രൊഡക്ഷൻ കൺട്രോളർ സാജുകൊടിയനെ വിളിച്ചിട്ടു പറഞ്ഞു,'ഒരു വേഷമുണ്ട്..വരണം..'കൊടിയൻ അതു കേട്ടപ്പോൾ ഒരുനിമിഷം സ്വയം മറന്നുനിന്നുപോയി. ആ സിനിമയിൽ മമ്മൂക്കയ്ക്കും കൊച്ചിൻ ഹനീഫ,സുരാജ് വെഞ്ഞാറമ്മൂട് തുടങ്ങിയവർക്കുമൊപ്പം രസകരമായ ഒരു സീനിൽ പ്രത്യക്ഷപ്പെടുന്ന ജ്യോത്സന്റെ വേഷമായിരുന്നു കൊടിയന്. അത് ചെയ്ത് തിരിച്ചുവരുന്നവഴി അബു സലിമും കൊടിയന്റെ കൂടെയുണ്ടായിരുന്നു. അബു സലിം ചോദിച്ചു: 'തന്നോടെന്താ മമ്മൂക്കയ്ക്ക് ഇത്ര താത്പര്യം..?തനിക്ക് വേഷം കൊടുക്കണമെന്ന് മമ്മൂക്ക സംവിധായകൻ പത്മകുമാറിനെ വിളിച്ച് പറഞ്ഞതിന് ഞാൻ സാക്ഷിയാണ്..എല്ലാ വേഷത്തിലും ആളെ ഫിക്സ് ചെയ്തുപോയെന്ന് പത്മകുമാർ പറഞ്ഞപ്പോ എന്നാപ്പിന്നെ എന്റെ വേഷം കൊടുത്തോ....എന്തുവന്നാലും അവന് വേഷം കൊടുക്കണം...അല്ലെങ്കിൽ അവന് പറ്റിയ ഒരു കഥാപാത്രമുണ്ടാക്ക് എന്നാണ് മമ്മൂക്ക പറഞ്ഞത്. അങ്ങനെയാ തനിക്കീ വേഷം കിട്ടിയത്..'
സാജു കൊടിയന് അബുസലിമിന്റെ വാക്കുകൾ വിശ്വസിക്കാനായില്ല. അതിനുശേഷം കൊടിയന് മമ്മൂക്കയുടെ പലപടങ്ങളിലും നല്ലവേഷങ്ങൾ കിട്ടിത്തുടങ്ങി. 'ചടമ്പിനാടി'ലൊക്കെ ഉഗ്രൻ ഇൻട്രോ സഹിതമായിരുന്നു കഥാപാത്രം. മമ്മൂക്കയുടെ സിനിമകളിൽ അവസരം കിട്ടിയപ്പോൾ കഷ്ടകാലവും മാറി. മറ്റുള്ളവരും കൊടിയനെ വിളിച്ചു തുടങ്ങി. സാജുകൊടിയന് ഇന്ന് മമ്മൂക്കയെന്നാൽ ദൈവതുല്യനാണ്.
മമ്മൂക്ക കൊടിയന്റെയുള്ളിലെ നന്മയെ മനസ്സിലാക്കി. അദ്ദേഹത്തിന് സംഭവിച്ച തെറ്റ് ഏതുമനുഷ്യനും സംഭവിക്കാവുന്നതാണെന്ന് തിരിച്ചറിഞ്ഞു. കൊടിയൻ തന്റെ കുടുംബത്തെ സ്നേഹിക്കുന്നുണ്ടെന്നും അവരെ എപ്പോഴും ചേർത്തുപിടിക്കുന്ന ഒരാളാണെന്നും മമ്മൂക്കയ്ക്ക് നന്നായി അറിയാമായിരുന്നു. അതുകൊണ്ടാണ് അദ്ദേഹം കൊടിയനെ സഹായിച്ചത്.
ഇതൊക്കെക്കഴിഞ്ഞിട്ട് ഞാൻ നന്ദി പറയാനായി മമ്മൂക്കയുടെ അടുക്കലെത്തി. മറ്റുകാര്യങ്ങൾ ധരിപ്പിക്കാനാണ് എന്ന മട്ടിലാണ് ചെന്നത്. സംസാരത്തിനിടെ കൊടിയന് ചെയ്തുകൊടുത്ത ഉപകാരം അയാൾക്ക് വലിയ ഗുണമായി എന്നു ഞാൻ പറഞ്ഞു. അതുകേട്ട് മമ്മൂക്ക പറഞ്ഞു: 'താൻ ഒരു കാര്യം ചോദിച്ചു. അതിൽ ഒരു സത്യസന്ധതയുണ്ടെന്ന് തോന്നിയതുകൊണ്ട് ഞാനത് ചെയ്തുതന്നു. ചെയ്യാൻ പാടില്ലാത്തതാണ്. ശുപാർശകേട്ടൊന്നും ചെയ്യേണ്ട കാര്യങ്ങളല്ല ഒന്നും. പക്ഷേ ഞാനത് ചെയ്തു. അത് അയാൾ ജീവിതത്തിലേക്ക് തിരിച്ചുവരാൻ വേണ്ടിയാണ്...പക്ഷേ...'
ഇത്രയും പറഞ്ഞിട്ട് മമ്മൂക്കയൊന്ന് നിർത്തി. പിന്നെ തുടർന്നു: 'തന്നെ ഞാനേല്പിച്ചിരിക്കുന്നത് ജീവകാരുണ്യമേഖലയാണ്. അത് നോക്കിയാൽ മതി. ഇനി മേലിൽ ഒരു ശുപാർശയും കൊണ്ട് എന്റെയടുത്ത് കൊണ്ടുവരരുത്. അയാൾക്ക് അർഹതയുണ്ടായിരുന്നതുകൊണ്ടാണ് ഞാൻ അവസരം കൊടുത്തത്..അങ്ങനെ ശുപാർശകൾ സ്വീകരിക്കാൻ പോയാൽ എനിക്ക് ഒരുപാട് കാര്യങ്ങൾ ചെയ്യേണ്ടിവരും...'
അതൊരു വഴക്കുപറയലായിരുന്നില്ല. സ്നേഹപൂർവമായ ഉപദേശമായിരുന്നു. അതുകഴിഞ്ഞ് കുറച്ചുകാലത്തിനുശേഷം അന്ന് കത്തിനിന്നിരുന്ന,ഇന്നും കേരളരാഷ്ട്രീയത്തിൽ അറിയപ്പെടുന്ന ഒരു മുതിർന്ന നേതാവിന്റെ വളരെയടുത്ത സുഹൃത്ത് എന്നെ വിളിക്കുന്നു. 'നിന്നെയൊന്ന് കാണണം.' അങ്ങനെ ഞാനയാളെ കൊച്ചിയിലൊരിടത്ത് വച്ചു കണ്ടു. 'ആ രാഷ്ട്രീയനേതാവിന്റെ മകന് സിനിമയിൽ അഭിനയിക്കാൻ താത്പര്യമുണ്ട്. അക്കാര്യം മമ്മൂക്കയോട് ഒന്ന് സംസാരിക്കണം...'അതായിരുന്നു സുഹൃത്തിന്റെ ആവശ്യം.
അത് എന്നോടുപറയാനായി നേതാവുതന്നെ സുഹൃത്തിനെ ഏല്പിച്ചുവിട്ട ദൗത്യമായിരുന്നു. ഞാൻ വ്യക്തമായ മറുപടിയൊന്നും നല്കാതെ മടങ്ങി. അതിനുശേഷം ജോർജേട്ടനെ വിവരം ധരിപ്പിപ്പിച്ചശേഷം ഞാൻ പറഞ്ഞു: 'ഞാൻ ഏതായാലും ഇക്കാര്യം മമ്മൂക്കയോട് സംസാരിക്കില്ല. എന്റെ മേഖല സിനിമയല്ല..എന്നെ മമ്മൂക്ക ഏല്പിച്ചിരിക്കുന്ന പണിയും ഇതല്ല..അതുമാത്രവുമല്ല രാഷ്ട്രീയക്കാരാണ്..എങ്ങനെ കൈകാര്യം ചെയ്യണം എന്ന് നമുക്കറിയുകയുമില്ല..ഒരു രാഷ്ട്രീയക്കാരനായി ശുപാർശപറയാൻ ഞാനൊരിക്കലും മമ്മൂക്കയുടെ അടുത്ത് പോകില്ല'-കേട്ടപ്പോൾ ജോർജേട്ടനും പറഞ്ഞപ്പോൾ അതു ശരിവെച്ചു.
അന്ന് ഞാൻ എന്റെ വാട്സാപ്പ് ബയോയിൽ കുറിച്ചിട്ട വാചകം പിന്നെ ഇന്നുവരെ മാറ്റിയിട്ടില്ല-'സിനിമാ ശുപാർശകൾ ഞാൻ വിചാരിച്ചാൽ നടക്കില്ല..'
(തുടരും)