ഓസ്ട്രേലിയൻ യാത്രക്കിടെ മമ്മൂട്ടിക്കൊപ്പം റോബർട്ട് കുര്യാക്കോസിന്റെ സെൽഫി ഫോട്ടോ-അറേഞ്ച്ഡ്
Columns

ജന്മദിനത്തിൽ ഏറ്റവും പ്രിയപ്പെട്ട ഒരാളെപ്പറ്റി..കണ്ണ് നിറഞ്ഞ്...

ഒരു മമ്മൂട്ടി ആരാധകന്റെ ഓർമക്കുറിപ്പുകൾ. 'മധുരം മമ്മൂട്ടി' ഭാ​ഗം-26

റോബര്‍ട്ട് കുര്യാക്കോസ്‌

സ്വന്തം ജന്മദിനത്തിൽ മമ്മൂട്ടിയെക്കുറിച്ചുള്ള കുറിപ്പ്

മമ്മൂട്ടിയും ആത്മീയ നേതാക്കളുമായുള്ള അടുപ്പത്തിന്റെ കാഴ്ചകൾ

ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മമ്മൂട്ടിയെക്കുറിച്ച് പറഞ്ഞ വാക്കുകൾ

ഇന്ന് എന്റെ ജന്മദിനമാണ്. ഈ ദിവസം ഏറ്റവും പ്രിയപ്പെട്ട ഒരാളെക്കുറിച്ച് എഴുതുകയെന്നത് ഒരുപക്ഷേ കാലം കാത്തുവച്ച ഭാ​ഗ്യമാകാം. ആ പ്രിയപ്പെട്ടയാൾ കഴിഞ്ഞ കുറേവർഷങ്ങളായി തരുന്നതാണ് ഏറ്റവും വിലപ്പെട്ട ജന്മദിനസമ്മാനവും. പ്രിയപ്പെട്ട ജിൻസിന് ജന്മദിനാശംസകൾ എന്ന വരിയായിരുന്നു കഴിഞ്ഞവർഷം. ഇത്തവണ, അതായത് ഇന്ന് ഇട്ട ആശംസ പ്രിയപ്പെട്ട ജിൻസിന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ എന്നാണ്. എന്റെ ഹൃദയംനിറയുന്നു. ആ ഹൃദയത്തിൽ ഇടമുണ്ട് എന്നറിയുമ്പോൾ കണ്ണ് നിറയുന്നു. ആ വാചകത്തിനൊപ്പം ഫേസ്ബുക്കിൽ ഒരു ഫോട്ടോ-അറുപതുലക്ഷത്തിലധികം പേരിലേക്ക് എത്തുന്ന സ്നേഹം. ഒരുപക്ഷേ അതിനും പതിന്മടങ്ങ് പേരിലേക്ക് കൈമാറികൈമാറിപ്പോകുന്ന കരുതൽ,വാത്സല്യം...അങ്ങനെ പലതരത്തിൽ വിളിക്കാം മമ്മൂക്ക എന്ന ആ പ്രിയപ്പെട്ടയാൾ തരുന്ന ജന്മദിന സമ്മാനത്തെ.

റോബർട്ട് കുര്യാക്കോസിന്റെ 2025ലെ ജന്മദിനത്തിൽ മമ്മൂട്ടി ഫേസ്ബുക്കിൽ പങ്കുവെച്ച ആശംസ

ദൈവവിശ്വാസിയായതിനാൽ ഓരോ ജന്മദിനത്തിനും ദൈവത്തോടുള്ള പ്രാർഥനകളിലൊന്ന് മമ്മൂക്കയ്ക്കുള്ള ഈ സ്നേഹം എക്കാലവുമുണ്ടാകണേ എന്നാണ്. ജന്മദിനങ്ങളിൽ നാം ആത്മീയതയോട് കൂടുതൽ അടുത്തുനില്കും. ആ ദിവസം കൂടുതലായി പ്രാർഥിക്കും. ഇന്നേദിവസം മമ്മൂക്കയെക്കുറിച്ച് എഴുതുമ്പോൾ ഓർത്തുപോകുന്നത് അദ്ദേഹവും കേരളത്തിലെ ആത്മീയനേതാക്കളുമായുള്ള ഹൃദയബന്ധത്തെക്കുറിച്ചാണ്. മതാതീതമാണ് ആ അടുപ്പം. സ്വന്തം മതത്തിലുള്ള നേതാക്കളെക്കാൾ മമ്മൂക്കയ്ക്ക് അടുപ്പം അന്യമതസ്ഥരായ ആത്മീയ ​ഗുരുക്കന്മാരുമായിട്ടാണ്.

മമ്മൂക്കയുടെ സുഹൃത്തുക്കളുടെ നിര എണ്ണമറ്റതാണ്. വലിപ്പച്ചെറുപ്പങ്ങളിലാത്തവിധം വിപുലമാണത്. പക്ഷേ ആത്മീയ മേഖലയിൽ അദ്ദേഹത്തിന്റെ സൗഹൃദവലയത്തിലുള്ളവരുടെ പട്ടിക നമ്മെ അമ്പരപ്പിക്കുന്നതാണ്. അക്കൂട്ടത്തിൽ ഏറ്റവും വലിയ ഒരാളായിരുന്നു കാലം ചെയ്ത ഫിലിപ്പോസ് മാർ ക്രിസോസ്റ്റം തിരുമേനി.

മമ്മൂക്കയും ക്രിസോസ്റ്റം തിരുമേനിയും തമ്മിലുള്ള ഒരു സംഭാഷണത്തിന്റെ ഒരു വീഡിയോ അടുത്തിടെ വ്യാപകമായി പ്രചരിച്ചിരുന്നു. അതുകാണുമ്പോഴറിയാം അവർ തമ്മിലുണ്ടായിരുന്ന ആത്മീയഐക്യത്തിന്റെ ആഴം. മമ്മൂക്കയ്ക്ക് മുന്നിൽ സാധാരണക്കാരനായ ഒരു ശ്രോതാവിനെപ്പോലെ കാതുതുറന്നിരിക്കുന്ന ക്രിസോസ്റ്റം തിരുമേനി ഞാൻ കണ്ട ഏറ്റവും സുന്ദരമായ കാഴ്ചകളിലൊന്നാണ്.

മമ്മൂട്ടിയും ഫിലിപ്പോസ് മാർ ക്രിസോസ്റ്റവും. സമീപം റോബർട്ട് കുര്യാക്കോസ്

തിരുമേനിക്ക് മമ്മൂക്ക ആരായിരുന്നു? എനിക്ക് ഇന്നും ഉത്തരം കിട്ടാത്ത ചോദ്യമാണത്. പിതൃതുല്യമായ സ്നേഹമായിരുന്നു എപ്പോഴും ചിരിയുടെ അംശവടിയേന്തി നടന്ന മാർത്തോമാ സഭാപിതാവ് മമ്മൂക്കയോട് കാട്ടിയിരുന്നത്. മമ്മൂക്കയ്ക്ക് മുമ്പിൽ തമാശ പറയുന്ന തിരുമേനി,അതുകേട്ട് പൊട്ടിപ്പൊട്ടിച്ചിരിക്കുന്ന മമ്മൂക്ക..എത്രയോ തവണ കണ്ടിരിക്കുന്നു ആ കാഴ്ച.

തിരുമേനി കാലം ചെയ്യുന്നതിന് ഏതാണ്ട് മൂന്നുമാസം മുമ്പ് ഞാനും കെയർ ആന്റ് ഷെയർ മാനേജിങ് ഡയറക്ടർ തോമസ് കുര്യൻ അച്ചനും കൂടി മാരാമണിൽ സഭാ ആസ്ഥാനത്ത് ചെന്നിരുന്നു. തിരുമേനിയുടെ സെക്രട്ടറിയായ എബിയെ കണ്ടപ്പോൾ പറഞ്ഞു: 'തിരുമേനി ഉറങ്ങുകയാണ്.. അല്ലെങ്കിൽതന്നെ ഓർമക്കുറവിന്റെ പ്രശ്നങ്ങൾ നന്നായുണ്ട്...പലരെയും തിരിച്ചറിയാനാകുന്നില്ല...ഇടയ്ക്ക് ഉണരും,നമുക്കൊന്ന് ശ്രമിച്ചുനോക്കാം..'

മമ്മൂട്ടിയും ഫിലിപ്പോസ് മാർ ക്രിസോസ്റ്റവും. സമീപം ശാന്തി​ഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ​ഗുരുരത്നം ജ്ഞാനതപസ്വി

അല്പനേരം കഴിഞ്ഞപ്പോൾ ഞങ്ങൾ തിരുമേനിയുടെ മുറിയിലേക്ക് ചെന്നു. തോമസ് കുര്യൻ അച്ചൻ തിരുമേനീ എന്നുവിളിച്ചു. പക്ഷേ അദ്ദേഹം കണ്ണുതുറക്കുന്നില്ല. 103 വയസ്സുള്ള ഒരാളാണ്. പ്രായം എത്രത്തോളം അദ്ദേഹത്തിൽ പിടിമുറുക്കിയെന്ന് ഊഹിക്കാവുന്നതേയുള്ളൂ. എബിയും വിളിച്ചു...തിരുമേനീ ആരാ വന്നിരിക്കുന്നതെന്ന് നോക്കിക്കേ...തോമസ് കുര്യൻ അച്ചനും കൂടെ റോബർട്ടുമുണ്ട്...തിരുമേനി കണ്ണടച്ചുതന്നെ കിടക്കുകയാണ്. അപ്പോൾ എബി പറഞ്ഞു നമ്മുടെ മമ്മൂട്ടിയച്ചൻ...റോബർട്ട്...മമ്മൂട്ടിയുടെ പിആർഒ...അതിശയമെന്നേ പറയേണ്ടൂ. അതുകേട്ടതും തിരുമേനി കണ്ണുകൾ പാതി തുറന്നു. മമ്മൂട്ടി എന്ന ഒറ്റവാക്കിൽ ക്രിസോസ്റ്റം തിരുമേനി പ്രജ്ഞയിലേക്ക് ഉണർന്നു.

ആദ്യമൊന്ന് വിവശമായൊരു ചിരി ചിരിച്ചു. പിന്നെ വിറയാർന്ന ശബ്ദത്തിൽ ചോദിച്ചു എപ്പഴാ വന്നേ...മമ്മൂട്ടി എവിടെയാ...?

ഓർത്തുനോക്കൂ...എത്ര ​ഗൗഢമായിരിക്കണം അവർ തമ്മിലുള്ള ബന്ധം. അവശതകളിൽ കണ്ണുതുറക്കാൻ പോലും കഴിയാതെ ക്ഷീണിതനായിരിക്കുന്ന പരമോന്നതനായ ആ ദൈവശുശ്രൂഷകൻ മമ്മൂട്ടിയെന്ന സുഹൃത്തിന്റെ പേരുകേട്ടപ്പോൾ എല്ലാ തളർച്ചയും മറന്നുചോദിക്കുന്നു മമ്മൂട്ടി എവിടെയാ...?

ഫിലിപ്പോസ് മാർ ക്രിസോസ്റ്റത്തിന്റെ ജന്മദിനാഘോഷത്തിൽ മമ്മൂട്ടി കേക്ക് മുറിക്കുന്നു. സമീപം സ്വാമി ​ഗുരുരത്നം ജ്ഞാനതപസ്വി,ഫാ.തോമസ് കുര്യൻ മരോട്ടിപ്പുഴ

മമ്മൂക്കയിലൂടെയാണ് ഞാനും തോമസ് കുര്യൻ അച്ചനുമെല്ലാം തിരുമേനിയിലേക്ക് അടുത്തത്. കെയർ ആന്റ് ഷെയറിന്റെ പല പരിപാടികൾക്കും മമ്മൂക്കയുടെ നിർദേശപ്രകാരം ഞങ്ങൾ ക്രിസോസ്റ്റം തിരുമേനിയെ ക്ഷണിച്ചു. അപ്പോഴെല്ലാം അദ്ദേഹം സന്തോഷത്തോടെ അത് സ്വീകരിച്ച് പരിപാടികളിൽ പങ്കെടുത്തു. പലപ്പോഴും അനാരോ​ഗ്യത്തെ അവ​ഗണിച്ചാണ് അദ്ദേഹം എത്തിയിരുന്നത്. മമ്മൂക്കയുടെ പരിപാടിയാണെങ്കിൽ എത്ര അകലത്തുനിന്നുപോലും അനു​ഗ്രഹിക്കാനെത്തും. കെയർ ആന്റ് ഷെയറിന്റെ മൂന്നാംവാർഷികവും തിരുമേനിയുടെ നൂറാം ജന്മദിനവും ഒന്നിച്ചാണ് ആഘോഷിച്ചത്.

ഫിലിപ്പോസ് മാർ ക്രിസോസ്റ്റത്തിനൊപ്പം മമ്മൂട്ടി

ക്രിസോസ്റ്റം തിരുമേനി മമ്മൂക്കയെക്കുറിച്ച് പറഞ്ഞ ചില വാചകങ്ങൾ ഇന്നും മനസ്സിൽ തങ്ങിനില്കുന്നതാണ്. ഒരിക്കൽ കെയർ ആന്റ് ഷെയറിന്റെ പരിപാടിയിൽവച്ച് അദ്ദേഹം പറഞ്ഞു: 'ഞാൻ സ്വർ​​ഗത്തിൽപോയില്ലെങ്കിലും മമ്മൂട്ടിപോകും. ദൈവത്തിന് എന്നേക്കാൾ ഇഷ്ടം മമ്മൂട്ടിയെയാണ്. ഞാൻ മറ്റുള്ളവരോട് നന്മ ചെയ്യാൻ ഉപദേശിക്കുന്നു. പക്ഷേ ചെയ്യുന്നില്ല. മമ്മൂട്ടി അങ്ങനെ ഉപദേശിക്കുന്നില്ല. പകരം സ്വയം നന്മ ചെയ്തുകാണിക്കുന്നു. എത്രപേരെയാണ് അദ്ദേഹം സഹായിക്കുന്നത്. നരകത്തിൽപോകുന്നവരുടെ എണ്ണം മമ്മൂട്ടി കാരണം കുറയുകയാണ്..!' സ്വതസിദ്ധമായ ശൈലിയിൽ തിരുമേനി പറഞ്ഞുനിർത്തിയപ്പോൾ സദസ്സിൽ നിന്ന് കുറച്ചുനേരത്തേക്ക് നിർത്താത്ത കൈയടിയായിരുന്നു.

ക്രിസോസ്റ്റം തിരുമേനിയെപ്പോലെ മമ്മൂക്കയുമായി അടുപ്പം സൂക്ഷിച്ച മറ്റൊരാളായിരുന്നു വർക്കല ശിവ​ഗിരി മഠം മഠാധിപതി പ്രകാശാനന്ദ സ്വാമിജി. മതത്തിനപ്പുറം ഉന്നതമായ മാനുഷികമൂല്യങ്ങൾ സൂക്ഷിച്ചവരായിരുന്നു തിരുമേനിയും സ്വാമിജിയുമെല്ലാം. അതുകൊണ്ടാണ് മമ്മൂക്ക അവരിലേക്ക് ആകൃഷ്ടനായതും. പ്രകാശാനന്ദ സ്വാമിജികളുടെ 90-ാം ജന്മദിനം കെയർ ആന്റ് ഷെയറിന്റെ നേതൃത്വത്തിൽ ആഘോഷിച്ചപ്പോൾ മമ്മൂക്ക ഷൂട്ടിങ് പോലും നിർത്തിവച്ചാണ് അതിൽ പങ്കെടുക്കാനെത്തിയത്. അതുകഴിഞ്ഞ് സ്വാമിജി ചെയ്തതാണ് രസകരമായ കാര്യം.

സ്വാമി പ്രകാശാനന്ദയുടെ ജന്മദിനാഘോഷത്തിൽ അദ്ദേഹത്തിനൊപ്പം മമ്മൂട്ടി. റോബർട്ട് കുര്യാക്കോസ്,റോയ് മുത്തൂറ്റ്, കെ.മുരളീധരൻ(മുരളിയ), ഡോ.വിജു ജേക്കബ്ബ്(സിന്തൈറ്റ്),ഫാ.തോമസ് കുര്യൻ മരോട്ടിപ്പുഴ എന്നിവർ സമീപം

ഗ്രേറ്റ് ഫാദറിന്റെ ഷൂട്ടിങ് നടക്കുന്ന സമയം. ഒരു ദിവസം രാത്രി പ്രകാശാനന്ദ സ്വാമിജികളുടെ സെക്രട്ടറി വിളിച്ചിട്ടു പറഞ്ഞു, സ്വാമിജി നാളെ മമ്മൂക്കയുടെ വീട്ടിലേക്ക് വരുന്നുണ്ട്. ആ ദിവസത്തിന് ഒരു പ്രത്യേകതയുണ്ടായിരുന്നു. അന്ന് മമ്മൂക്കയുടെ ജന്മദിനമായിരുന്നു. അദ്ദേഹത്തിന് നല്കാൻ പായസവുമായിട്ടാണ് സ്വാമിജി വരുന്നത്.

കെയർ ആന്റ് ഷെയറിന്റെ ചടങ്ങിൽ സ്വാമി പ്രകാശാനന്ദ സംസാരിക്കുന്നു. സമീപം മമ്മൂട്ടി

ജോർജേട്ടനെ വിളിച്ചപ്പോൾ കിട്ടിയ വിവരം, 'തൃശ്ശൂരിന്റെ ഉൾപ്രദേശത്ത് ഒരു സ്കൂളിലാണ് ഷൂട്ട്. മമ്മൂക്ക അതിരാവിലെ ലൊക്കേഷനിലേക്ക് പോകും.' സ്വാമിജി വരുന്നത് ശിവ​ഗിരിയിൽ നിന്നാണ്. അതുകൊണ്ട് അതിരാവിലെ വീട്ടിലെത്താനാകില്ല. വിവരം വിളിച്ചറിയിക്കുമ്പോൾ മനസ്സിൽ സ്വാമിജി വരവ് ഉപേക്ഷിക്കുമെന്നുള്ള ധാരണയായിരുന്നു. പക്ഷേ എന്നെ അദ്ഭുതപ്പെടുത്തിക്കൊണ്ട് സ്വാമിജിയുടെ സെക്രട്ടറി പറഞ്ഞു,'അതുസാരമില്ല...എവിടെയാണെങ്കിലും സ്വാമിജി അവിടെ വരും. വഴിയൊന്ന് പറഞ്ഞുതന്നാൽ മതി.'

ഇക്കാര്യം മമ്മൂക്കയെ അറിയിച്ചപ്പോഴുള്ള മറുപടി, 'സ്വാമിജിയെപ്പോലെയുള്ള ഒരാളെ എങ്ങനെയാണ് ലൊക്കേഷനിലേക്കൊക്കെ വരുത്തുക. അവിടത്തെ അന്തരീക്ഷമൊന്നും അദ്ദേഹത്തിന് സുഖകരമായിരിക്കില്ല. ആകെ ആളും ബഹളവും...'എന്നായിരുന്നു. ഞാൻ വീണ്ടും സ്വാമിജിയുടെ സെക്രട്ടറിയെ വിളിച്ചു. ലൊക്കേഷനൊന്നും സ്വാമിജിക്ക് പ്രശ്നമില്ലെന്നും മമ്മൂട്ടി എവിടെയാണോ അവിടേക്ക് പോകാം എന്നാണ് സ്വാമിജി പറഞ്ഞിട്ടുള്ളതെന്നും അദ്ദേഹം അറിയിച്ചു.

മമ്മൂട്ടിയും മാർ ജേക്കബ്ബ് മുരിക്കനും സ്വാമി പ്രകാശാനന്ദ,ഡോ.​ഗീവർ​ഗീസ് യോ​ഹന്നാൻ(എംജിഎം ​ഗ്രൂപ്പ് ഓഫ് എജ്യുക്കേഷണൽ ഇൻസ്റ്റിറ്റ്യൂഷൻസ്) എന്നിവർ സമീപം ഫോട്ടോ-അറേഞ്ച്ഡ്

അങ്ങനെ ഉച്ചയ്ക്ക് മൂന്നുമണികഴിഞ്ഞപ്പോൾ സ്വാമിജി വന്നു. പൊരിവെയിലാണ്. അതൊന്നും സ്വാമിജിക്ക് വിഷയമായിരുന്നില്ല. അദ്ദേഹം മമ്മൂക്കയ്ക്ക് മാത്രമല്ല, ലൊക്കേഷനിലേക്കുള്ളവർക്ക് മുഴുവൻ പേർക്കും വിളമ്പാനുള്ള പായസവുമായിട്ടാണ് എത്തിയത്. അത്രത്തോളം മാധുര്യമുള്ളതായിരുന്നു സ്വാമിജിക്ക് മമ്മൂട്ടി എന്ന പേര്.

പ്രകാശാനന്ദ സ്വാമിജി പറഞ്ഞിട്ടാണ് വൃക്കമാറ്റിവയ്ക്കലിനുള്ള സഹായം നല്കുന്ന പദ്ധതി മമ്മൂക്ക ആവിഷ്കരിച്ചതും. സ്വാമിജിയുടെ പരിചയത്തിലുളള ഒരാൾക്ക് വൃക്ക മാറ്റിവയ്ക്കണം. സ്വാമിജി ആദ്യം വിളിച്ചത് മമ്മൂക്കയെ. അങ്ങനെ മമ്മൂക്കയുടെ പ്രത്യേകനിർദേശപ്രകാരം കൊല്ലം മെഡിസിറ്റിയിൽ രോ​ഗിക്ക് ശസ്ത്രക്രിയ നടത്തി. പിന്നീട് വൃക്കരോ​ഗികൾക്കായി കെയർ ആന്റ് ഷെയർ സഹായപദ്ധതി തുടങ്ങുകയും ചെയ്തു. ഇതിലൂടെ വൃക്ക മാറ്റിവച്ച ആദ്യ പത്തുപേരെ കാണാനും അവരെ അനു​ഗ്രഹിക്കാനും പ്രകാശാനന്ദ സ്വാമിജി നേരിട്ട് എത്തി.

മമ്മൂട്ടി, ഓർത്തഡോക്സ് സഭാ പരമാധ്യക്ഷൻ മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാബാവ,ശിവ​ഗിരി മഠാധിപതി സ്വാമി സച്ചിദാനന്ദ,രാജ​ഗിരി ആശുപത്രി എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജോൺസൺ വാഴപ്പിള്ളി സിഎംഐ എന്നിവർക്കൊപ്പം

അതുപോലെ തന്നെ വൃക്കദാനം ചെയ്തുകൊണ്ട് അവയവദാനത്തിന്റെയും മനുഷ്യസ്നേഹത്തിന്റെ മഹനീയമാതൃകകാട്ടിയ പാലാ രൂപത സഹായ മെത്രാൻ മാർ ജേക്കബ്ബ് മുരിക്കൻ മമ്മൂക്കയുമായി അടുത്തബന്ധം സൂക്ഷിക്കുന്നു. ഓർത്തഡോക്സ് സഭാ പരമാധ്യക്ഷൻ മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാബാവയാണ് മറ്റൊരാൾ. അവർ തമ്മിലുള്ളതും ആത്മീയതയുടെ അനു​ഗ്രഹമേലാപ്പുളള അടുപ്പം തന്നെ. അതുപോലെ ചിന്മയമിഷനിലെയും ശ്രീരാമകൃഷ്ണമിഷനിലെയും സ്വാമിജിമാർ മമ്മൂക്കയുടെ പരിപാടികളിലെ നിത്യസാന്നിധ്യമാണ്. ഇവരെല്ലാം മമ്മൂക്കയെ കാണുന്നത് ഒരു നടനായല്ല,മഹാനായ മനുഷ്യസ്നേഹിയായാണ്.

(തുടരും)