മമ്മൂട്ടിയും കെ.ജി.ജോർജും ഇലവങ്കോട് ദേശത്തിന്റെ ഷൂട്ടിങ്ങിനിടെ ഫോട്ടോ-അറേഞ്ച്ഡ്
Columns

മമ്മൂട്ടിക്ക് ദേശീയ അവാർഡ് കിട്ടിയ ദിവസം പുലർച്ചെ മൂന്നിന് വന്ന ബോംബുഭീഷണി

'അച്ഛൻ ഒരു ഫ്ളാഷ്ബാക്ക്' ഭാ​ഗം-8

താരാ കെ.ജോർജ്

കെ.ജി.ജോർജ് നാഷണൽ അവാർഡ് ജൂറിയം​ഗമായപ്പോഴുണ്ടായ അനുഭവം

മമ്മൂട്ടിയും മോഹൻലാലും അവാർഡിനായി മത്സരിച്ചപ്പോൾ

ആരാധകരുടെ പ്രതിഷേധം ഭീഷണിയായി മാറിയ സംഭവം

'സ്വപ്നാടനം' എന്ന ആദ്യ സിനിമയിലൂടെ തന്നെ ഡാഡിക്ക് നാഷണൽ അവാർഡ് ലഭിച്ചു. ദേശീയ അവാർഡ് ജൂറിയിൽ ഡാഡി പലവട്ടം അം​ഗവുമായിരുന്നു. എന്റെ ഓർമ ശരിയെങ്കിൽ നാലു പ്രാവശ്യം ഡാഡി നാഷണൽ അവാർഡ് ജൂറിയം​ഗമായിരുന്നു. അന്നൊക്കെ ഇം​ഗ്ലീഷ് നന്നായി കൈകാര്യം ചെയ്യാനറിയാവുന്നവരാണ് ജൂറിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നത് എന്നാണ് കേട്ടിരുന്നത്. ഡാഡിയും അടൂർ ​ഗോപാലകൃഷ്ണൻ അങ്കിളുമൊക്കെയാണ് പലപ്പോഴും അതുകൊണ്ട് മലയാളത്തിൽ നിന്നുള്ള ജൂറിയം​ഗങ്ങളായിരുന്നത്.

അതുപോലെ തന്നെ ഡാഡിയുടെ സിനിമകൾ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലുകളിലേക്ക് സ്ഥിരമായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇന്ത്യയിൽ അലഹബാദ് ഫിലിം ഫെസ്റ്റിവൽ അതുപോലെ വിദേശത്ത് ലണ്ടൻ,പാരീസ്,റഷ്യ തുടങ്ങിയ സ്ഥലങ്ങളിലെ പ്രശസ്തമായ ഫെസ്റ്റിവലുകളിൽ ഒക്കെ ഡാഡിയുടെ സിനിമകൾ പ്രദർശിപ്പിക്കപ്പെട്ടു. 'ആദാമിന്റെ വാരിയെല്ല്','ലേഖയുടെ മരണം ഒരു ഫ്ളാഷ്ബാക്ക്' തുടങ്ങിയ സിനിമകളൊക്കെ ഇങ്ങനെ പല ഫെസ്റ്റിവലുകളിലെത്തി. ഈ ഫെസ്റ്റിവലുകൾക്കെല്ലാം ഡാഡി പങ്കെടുക്കുകയും ചെയ്യും.

ഫെസ്റ്റിവൽ സമയത്ത് സംഘാടകർ തന്നെയാണ് ഡാഡിക്കുള്ള വീസ,വിമാനടിക്കറ്റ് തുടങ്ങിയ സൗകര്യങ്ങളൊരുക്കിയിരുന്നത്. അവരൊക്കെ അത്രയും ആദരവുള്ള ഒരാളായിട്ടാണ് കെ.ജി.ജോർജ് എന്ന ഫിലിം മേക്കറെ കണ്ടിരുന്നത്. റഷ്യൻ ഫിലിം ഫെസ്റ്റിവലിന് 'കോലങ്ങൾ' ആയിരുന്നു പ്രദർശിപ്പിച്ചതെന്നാണ് ഓർമ. അടൂർ അങ്കിളും ശ്രീകുമാരൻ തമ്പിയങ്കിളുമൊക്കെയായിട്ടാണ് അന്ന് ഡാഡി അതിൽ പങ്കെടുക്കാൻ പോയിരുന്നത്. ഇന്ത്യയിൽ ഫെസ്റ്റിവലുകളിൽ പങ്കെടുക്കുന്നവരെല്ലാം ഒരുമിച്ച് ഒരു സംഘമായി പോകുന്നതായിരുന്നു അന്നത്തെ രീതി.

ഇങ്ങനെ ഡാഡി നാഷണൽ അവാർഡ് ജൂറിയം​ഗമായി പോകുമ്പോഴും ഇന്റർനാഷണൽ ഫെസ്റ്റിവലുകളിൽ പങ്കെടുക്കാൻ പോകുമ്പോഴും മമ്മിയും ഞാനും സഹോദരനും മാത്രമായിരിക്കും കുറേ ദിവസത്തേക്ക് വീട്ടിൽ. ഡാഡിയുടെ ഇത്തരം യാത്രകളെല്ലാം ഞങ്ങൾക്ക് കള്ളന്മാരുടെ ഓർമകളാണ് സമ്മാനിച്ചിട്ടുള്ളത്! തിരുവനന്തപുരത്ത് കമലേശ്വരത്ത് താമസിക്കുമ്പോഴായിരുന്നു സംഭവം. ഫെസ്റ്റിവലുകളുടെ നോട്ടീസ് കള്ളന്മാർക്കും കൃത്യസമയത്ത് കിട്ടുന്നതുപോലെ!

കെ.ജി.ജോർജ്- ഒരു ചലച്ചിത്രോത്സവക്കാഴ്ച

കമലേശ്വരത്ത് താമസിക്കുമ്പോഴുണ്ടായ അനുഭവം പേടിപ്പിക്കുന്നതാണ്. ഡാഡി ഫെസ്റ്റിവലിന് പോയിരിക്കുകയായിരുന്നു. ഞങ്ങൾ എല്ലാവരും മുകൾ നിലയിലാണ്. അന്ന് എ.സി ഒന്നും ഇല്ലാത്തതിനാൽ ജനലുകളൊക്കെ തുറന്നിട്ടാണ് കിടക്കുന്നത്. രാത്രിയിൽ എന്തോ ശബ്ദം കേട്ട് മമ്മിയാണ് ഞെട്ടിയുണർന്നത്. അടുക്കളയുടെ വാതിൽ ചവിട്ടിപ്പൊളിച്ച് അകത്തുകടന്ന കള്ളൻ താഴത്തെ നിലയിൽനിന്ന് ഡാഡിയുടെ വാച്ച് ഉൾപ്പെടെയുള്ളവ മോഷ്ടിച്ചു. മമ്മി ലൈറ്റ് ഇട്ട് ചെല്ലുമ്പോഴേക്കും കള്ളൻ കടന്നുകളഞ്ഞു.

പിറ്റേന്ന് പോലീസിനെ അറിയിച്ചപ്പോൾ അവർ പറഞ്ഞത് സിനിമാക്കാരുടെ വീടുകൾ നോക്കിവച്ച് മോഷണം നടത്തുന്ന സംഘം ഉണ്ടെന്നാണ്. കള്ളനെ പിന്നീട് പിടികൂടുകയും ചെയ്തു. ഡാഡിയും മമ്മിയും ചെന്നൈയിൽ താമസിക്കുമ്പോഴും വീട്ടിൽ കള്ളൻ കയറിയിട്ടുണ്ട്. ഡാഡി തന്നെ പിന്നീട് ഇതേപ്പറ്റി ഞങ്ങളോട് പറയുകയും ചെയ്തു. അതുകൊണ്ട് ഡാഡി ഏതെങ്കിലും ഇന്റർനാഷണൽ ഫെസ്റ്റിവലിന് പോകുന്നതിന് മുമ്പ് മമ്മിക്കും ഞങ്ങൾ മക്കൾ രണ്ടുപേർക്കും പേടി തുടങ്ങും. എപ്പോഴാണ് വീട്ടിൽ കള്ളൻ കയറുക എന്നോർത്ത്.

കെ.ജി.ജോർജും മമ്മൂട്ടിയും

അവാർഡ് ജൂറിയിൽ അം​ഗമായി പോകുമ്പോഴും ഡാഡി കുറേദിവസത്തേക്ക് വീട്ടിലുണ്ടാകില്ല. ഒരിക്കൽ അങ്ങനെയൊരു സമയത്തുണ്ടായ സംഭവം ഞങ്ങളെ വല്ലാതെ പേടിപ്പിച്ചു. പക്ഷേ ഇപ്പോൾ അതേക്കുറിച്ച് ആലോചിക്കുമ്പോൾ ചിരി വരും. എങ്കിലും അന്ന് ചിരിക്കാനാകുമായിരുന്നില്ല. അത്രയും ഭയാനകമായിരുന്നു അന്നത്തെ അവസ്ഥ. മമ്മി ഒറ്റയ്ക്കാണ് വീട്ടിൽ,ഞങ്ങളാകട്ടെ തീരെ ചെറിയ കുട്ടികളും.

അത് നടക്കുന്നത് 1990-ൽ ആണ്. ഡാഡി നാഷണൽ അവാർഡ് ജൂറിയം​ഗമാണ്. 1989-ലെ ചിത്രങ്ങൾക്കാണല്ലോ 1990-ൽ അവാർഡ് പ്രഖ്യാപിക്കുന്നത്. ഇതെഴുതുന്നതിന് മുമ്പ് ഞാൻ ​ഗൂ​ഗിളിൽ ഒന്ന് തിരഞ്ഞപ്പോൾ കിട്ടിയ വിവരമനുസരിച്ച് ശ്രീകുമാരൻ തമ്പിയങ്കിളും അന്ന് ഡാഡിക്കൊപ്പം ജൂറിയം​ഗമാണ്. ​ഗുരുദത്തിന്റെ ഇളയ സഹോദരനും ഹിന്ദി സംവിധായകനുമായ ആത്മാറാം ആയിരുന്നു ജൂറി ചെയർപേഴ്സൺ.

1989-ൽ പുറത്തിറങ്ങിയ രണ്ട് മികച്ച മലയാള ചിത്രങ്ങളായിരുന്നു 'ഒരു വടക്കൻവീര​ഗാഥ'യും,'ദശരഥ'വും. ഇതിലെ പ്രകടനത്തിന് മമ്മൂട്ടിയും മോഹൻലാലുമായിരുന്നു മികച്ച നടനുള്ള അവാർഡിന് പ്രധാനമായും മത്സരരം​ഗത്തുണ്ടായിരുന്നത്. 'മതിലുകൾ' എന്ന സിനിമയിലെ പ്രകടനം കൂടി മമ്മൂട്ടിക്ക് തുണയായി ഉണ്ടായിരുന്നു. അവസാനം 'വടക്കൻവീര​ഗാഥ'യിലൂടെയും 'മതിലുകളി'ലൂടെയും മമ്മൂട്ടി മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു. മികച്ച നടനുള്ളത് ഉൾപ്പെടെ നാല് പ്രധാന അവാർഡുകളും 'വടക്കൻ വീര​ഗാഥ'യ്ക്ക് ലഭിച്ചു.

മമ്മൂട്ടി 'ഒരു വടക്കൻ വീര​ഗാഥ'യിൽ

അന്ന് മൊബൈൽ ഫോണുകളില്ല. ലാൻഡ് ഫോണുകളാണ് ആശയവിനിമയോപാധി. അവാർഡ് പ്രഖ്യാപനം തത്സമയം കാണാൻ ടി.വി.ചാനലുകളുമില്ല. പത്രങ്ങളിലൂടെയാണ് അവാർഡ് വാർത്ത എല്ലാവരും അറിഞ്ഞിരുന്നത്. മമ്മൂട്ടി മികച്ച നടൻ എന്ന തലക്കെട്ടോടെയായിരുന്നു സ്വഭാവികമായും അന്ന് മലയാള പത്രങ്ങളെല്ലാം പുറത്തിറങ്ങിയത്. മലയാളത്തിൽ നിന്ന് ഡാഡിയായിരുന്നു ജൂറിയം​ഗമെന്ന വിവരവും പത്രവാർത്തയിലുണ്ടായിരുന്നു. രാവിലെ ഒമ്പതുമണിയായിക്കാണും. ഞങ്ങളുടെ വീട്ടിലെ ലാൻഡ് ഫോൺ ബെല്ലടിച്ചു. ആ മണിമുഴക്കം പിന്നെ ദിവസങ്ങളോളം നിലച്ചില്ല. രാത്രിയെന്നും പകലെന്നുമില്ലാതെ ഫോൺ നിർത്താതെ ബെല്ലടിച്ചുകൊണ്ടേയിരുന്നു.

'കെ.ജി.ജോർജിന്റെ വീടല്ലേ' എന്നാണ് ആദ്യ ചോദ്യം. അതേ എന്ന മറുപടി പറയുമ്പോഴേക്കും കേട്ടുതുടങ്ങുന്നത് കാതുപൊട്ടുന്ന ചീത്തവിളിയാണ്. മോഹൻലാൽ ആരാധകരെന്ന് പറഞ്ഞുവിളിക്കുന്നവരാണ് മുഴുവൻ. മമ്മൂട്ടിക്ക് ദേശീയ അവാർഡ് കൊടുത്തതിലുള്ള പ്രതിഷേധം പലവിധത്തിലാണ് അവർ അറിയിക്കുന്നത്. 'നിങ്ങളെന്ത് അടിസ്ഥാനത്തിലാണ് മമ്മൂട്ടിക്ക് അവാർഡ് കൊടുത്തത്' എന്നാണ് പലരുടെയും ചോദ്യം. ചിലർക്ക് അറിയേണ്ടിയിരുന്നത് 'ദശരഥത്തിലെ മോഹൻലാലിന്റെ അഭിനയമല്ലേ മമ്മൂട്ടിയുടേതിനേക്കാൾ മികച്ചത്' എന്നാണ്. കുറച്ചുകഴിഞ്ഞപ്പോൾ വിളികളുടെ സ്വഭാവം മാറി. 'നിങ്ങളെ കൊന്നുകളയും' എന്ന് രീതിയിലേക്കുള്ള ഭീഷണിയായി അത് മാറി.

'ദശരഥ'ത്തിലെ ഒരു രം​ഗം

മമ്മിയാണ് ഫോണെടുത്തിരുന്നത്. ഒരുപ്രാവശ്യം ഫോണെടുത്തപ്പോൾ കേട്ടത് മറ്റൊരു ഭീഷണി: 'നിങ്ങളുടെ മക്കൾ രണ്ടുപേരും ഇപ്പോൾ സ്കൂളിലല്ലേ ഉള്ളത്. അവരെ ഞങ്ങൾ തട്ടിക്കൊണ്ടുപോകാൻ പോകുകയാണ്...'നേരാണോ അതോ വെറും ഭീഷണിയാണോ എന്നറിയാതെ മമ്മി ആകെ പേടിച്ചുവിറച്ചു നിന്നു. രാത്രി പന്ത്രണ്ടുമണിക്കും ഒരുമണിക്കുമൊക്കെയാണ് ഫോൺ കോളുകൾ. ഓരോ തവണയും ഫോണടിക്കുമ്പോൾ മമ്മിക്ക് പേടിയാണ്. എന്താണ് കേൾക്കാൻ പോകുന്നത് എന്നറിയില്ലല്ലോ.

രണ്ടാംദിവസം പുലർച്ചെ മൂന്നുമണിയോടെ ഒരു ഫോൺവന്നു. 'നിങ്ങളുടെ വീട്ടിൽ ബോംബ് വച്ചിട്ടുണ്ട്. അല്പസമയത്തിനകം പൊട്ടിത്തെറിക്കും. ജീവൻ വേണമെങ്കിൽ പിള്ളേരെയും എടുത്തുകൊണ്ട് വീട്ടിൽ നിന്ന് രക്ഷപ്പെട്ടോ....'

അതോടെ മമ്മി ആകെ വിറച്ചുപോയി. പിറ്റേ ദിവസം പോലീസിൽ പരാതി കൊടുത്തു. അന്നൊക്കെ ടെലിഫോൺ എക്സേഞ്ചിലും പരാതി നല്കാനുള്ള സൗകര്യമുണ്ട്. ഫോൺകോളുകൾ നിയന്ത്രിക്കാൻ അതിലൂടെ സാധിക്കും. അങ്ങനെ ടെലിഫോൺ എക്സേഞ്ചിലും പരാതി അറിയിച്ചു. അതോടെയാണ് കോളുകൾക്ക് ഒരു ശമനമുണ്ടായത്.

മമ്മൂട്ടിയും മോഹൻലാലും

നേരത്തെ പറഞ്ഞതുപോലെ ഇപ്പോൾ ഓർക്കുമ്പോൾ ചിരി വരും. ഞാൻ ആലോചിക്കുന്നത് ആരാധകരെക്കുറിച്ചാണ്. മോഹൻലാൽ അന്ന് ഈ ഭീഷണികളുടെ കാര്യമൊന്നും അറിഞ്ഞുകാണില്ല. അദ്ദേഹത്തിനുവേണ്ടി വെറുതേ കുറേപ്പേർ ചീത്തവിളിയുമായി ഇറങ്ങിപ്പുറപ്പെട്ടതായിരിക്കും. ശരിക്കുമുള്ള ആരാധകർ ഇങ്ങനെ ചെയ്യുമെന്നും വിശ്വസിക്കുന്നില്ല. ഇത് മോഹൻലാൽ എന്ന നമ്മുടെ പ്രിയപ്പെട്ട ലാലേട്ടനുകൂടി ചീത്തപ്പേരുണ്ടാക്കുന്ന കുറേപ്പേരുടെ മനോവിഭ്രാന്തികൾ. അത്രയേ അതേപ്പറ്റി കരുതുന്നുള്ളൂ. മമ്മൂക്കയും ലാലേട്ടനും കൂടിയുള്ള മനോഹരമായ സൗഹൃദനിമിഷങ്ങൾ കാണുമ്പോൾ ഞാൻ അന്ന് പുലർച്ചെ മൂന്നുമണിക്ക് വന്ന ആ ഫോൺകോൾ ഓർക്കും...ഈ ഉറ്റസുഹൃത്തുക്കൾക്കുവേണ്ടിയാണല്ലോ അന്ന് അവർ ഞങ്ങളുടെ വീട്ടിൽ 'ബോംബുവച്ചതെ'ന്ന് ഓർക്കുമ്പോൾ എങ്ങനെ ചിരിക്കാതിരിക്കും...!

(തുടരും)