വിപിൻദാസ് രണ്ടുകാലങ്ങളിൽ ഫോട്ടോ കടപ്പാട്-രാമചന്ദ്രബാബു,ആർ.​ഗോപാലകൃഷ്ണൻ
Premium

35വയസ്സിന് ഇളപ്പമുള്ള നായികയുമായി പ്രണയം,എങ്ങോട്ടോമാഞ്ഞുപോയ സന്യാസി ആരുമറിയാതെ അന്ത്യം..വിപിൻദാസിന്റെ ജീവിതകഥയുടെ അവസാനഭാ​ഗം

പപ്പപ്പ റിസര്‍ച്ച് ടീം

താപസൻ എന്ന് ജോൺപോൾ വിശേഷിപ്പിക്കുന്ന പ്രശസ്തഛായാ​ഗ്രാഹകൻ മങ്കട രവിവർമ ഒരിക്കൽ പറഞ്ഞു: 'വിപിൻദാസ് കറുപ്പിലും വെളുപ്പിലുമായി കാണിച്ചത് ഐന്ദ്രജാലികമായ വൈഭവമാണ്..'മങ്കട ആരെക്കുറിച്ചും അങ്ങനെ പ്രശംസപറയാറില്ലെന്നും ജോൺപോൾ. വിപിൻദാസ് ഛായാ​ഗ്രഹണം നിർവഹിച്ച ചിത്രങ്ങളുടെ പട്ടികനോക്കിയാൽ കറുപ്പിലും വെളുപ്പിലും മാത്രമല്ല കളറിലും അദ്ദേഹം മാജിക് കാണിച്ചു എന്നു ബോധ്യപ്പെടും.

മലയാളത്തിലെ തന്റെ ആദ്യസംവിധാനസംരംഭത്തിന് വിപിൻദാസ് ക്യാമറാമാനാക്കിയ ഐ.വി.ശശി പിന്നീട് സൂപ്പർഹിറ്റ് സംവിധായകനായപ്പോൾ ആ ബന്ധം മറ്റൊരു തലത്തിലേക്കാണ് വളർന്നത്. 'അവളുടെ രാവുകളു'ൾപ്പെടെ ശശിയുടെ 25ഓളം ചിത്രങ്ങളുടെ ക്യാമറ വിപിൻദാസ് ആയിരുന്നു. പക്ഷേ പിന്നീടെപ്പോഴോ അവർ വഴിപിരിഞ്ഞു. ആരിലും തളച്ചിടപ്പെടാതെ തന്റേതായ വഴികളിലൂടെ ഒഴുകുന്ന ശീലമായിരുന്നു വിപിൻദാസിന്റേത്. അതുതന്നെയായിരുന്നു കാരണവും.

'മണിമുഴക്കം' പോലുള്ള സമാന്തരസിനിമകളുടെ ഛായാ​ഗ്രാഹകനായിരുന്ന വിപിൻദാസ് 'ഒരു സി.ബി.ഐ ഡയറിക്കുറിപ്പ്','ജാ​ഗ്രത','ഇരുപതാം നൂറ്റാണ്ട്' പോലുള്ള ചിത്രങ്ങൾക്കും ക്യാമറ ചലിപ്പിച്ചു. 'കള്ളൻപവിത്രനും' 'ഒരിടത്തൊരു ഫയൽവാനും' 'ചില്ലു'മെല്ലാമുണ്ടായിരുന്നു കൂടെ. എല്ലാത്തരം സിനിമകൾക്കും പറ്റുന്ന ദൃശ്യഭാഷ കൈയിലുള്ള അപൂർവം പ്രതിഭകളുടെ മുൻനിരയിലാണ് ഇന്നും വിപിൻ​ദാസിന്റെ സ്ഥാനം.

പക്ഷേ ഒരു ക്യാമറയിലും പൂർണമായി പതിയാതെ ഇടയ്ക്കൊക്കെ അവ്യക്തതകളും അസാന്നിധ്യങ്ങളും സമ്മാനിച്ച് വിപിൻദാസ് ഫോക്കസ് ഔട്ട് ആയിക്കൊണ്ടേയിരുന്നു. കെ.മധുവുമായി ചേർന്ന് അദ്ദേഹം ചെയ്തതെല്ലാം കൊട്ടകകളെ പൂരപ്പറമ്പക്കിയ സിനിമകളായിരുന്നു. എന്നിട്ടും മധുവിൽ നിന്നും വിപിൻദാസ് അകന്നുപോയി.

ഒരിക്കൽ മധു പുതിയചിത്രത്തിന്റെ പ്രീപ്രൊഡക്ഷൻജോലികൾക്കായി കൊച്ചി ബി.ടി.എച്ചിൽ താമസിക്കുമ്പോൾ വിപിൻദാസ് അവിടെ വന്നു. പക്ഷേ മധുവിനെ വിളിച്ചില്ല. അവിടത്തെന്നെയുണ്ടായിരുന്ന ജോൺപോളിനെ വിളിച്ച് പുതിയ ചിത്രത്തിൽ തന്നെ സഹകരിപ്പിക്കാൻ മധുവിനോട് ശുപാർശ ചെയ്യണമെന്ന് അഭ്യർഥിച്ചു. ജോൺപോൾ അത് മധുവിനെ അറിയിക്കുകയും ചെയ്തു. സന്തോഷത്തോടെയാണ് മധു ആ വാക്കുകൾ സ്വീകരിച്ചത്. പക്ഷേ വിവരം പറയാനായി ജോൺപോൾ തിരിച്ച് ബി.ടി.എച്ചിന്റെ റിസപ്ഷനിലെത്തുമ്പോൾ വിപിൻദാസ് അപ്രത്യക്ഷനായിരുന്നു. പിന്നീട് അദ്ദേഹം മധുവിനെ ബന്ധപ്പെട്ടതുമില്ല.

1991-ൽ കെ.മധുവിന്റെ 'അടയാളം' എന്ന സിനിമയ്ക്ക് ശേഷം എങ്ങോട്ടോ മാഞ്ഞുപോയ വിപിൻദാസ് പിന്നീട് പ്രത്യക്ഷനായത് 2010-ൽ ആണ്. ആ വർഷമാണ് അദ്ദേഹം അവസാനമായി സിനിമ ചെയ്തത്.

ഭരതന്റെ സ്വപ്നത്തിലെ ഹൈബ്രിഡ് നായ

മലയാളസിനിമാലോകത്ത് ഇന്നും ഒരു പ്രഹേളികയുടെ പ്രതിച്ഛായയാണ് വിപിൻദാസിന്. എണ്ണമറ്റ കഥകളും കെട്ടുകഥകളും അദ്ദേഹത്തെക്കുറിച്ച് ഇപ്പോഴും നിലനില്കുന്നു. അക്കൂട്ടത്തിൽ ഏറ്റവും പ്രശസ്തമായ ഒന്ന് ഭരതനുമായി ബന്ധപ്പെട്ടതാണ്. വിപിൻദാസ് എന്ന മനുഷ്യന്റെ എല്ലാത്തരം നി​ഗൂഢതകളും നിറഞ്ഞ ഒരു ഭ്രമകല്പന.

വിപിൻദാസ് ഭരതന്റെ ചിത്രങ്ങളിൽ സഹകരിക്കുന്ന കാലം. ഒരുദിവസം സെറ്റിലേക്ക് വന്ന അദ്ദേഹം ഭരതനോട് പറയുന്നു: 'എന്റെ കൈയിൽ ഒരു വളർത്തുനായയുണ്ട്. ഹൈബ്രിഡ് ഇനത്തിലുള്ളതാണ്. പക്ഷേ ജനിച്ചിട്ട് അധികനാളായിട്ടില്ല. അതിനെ ഞാൻ തനിക്ക് സമ്മാനമായിത്തരാം.' ഭരതന് സന്തോഷമായി. രണ്ടാഴ്ച കഴിഞ്ഞു. പക്ഷേ വിപിൻദാസിന്റെ നായക്കുട്ടി സമ്മാനമായി വന്നില്ല. ഭരതൻ അക്കാര്യം ചോദിച്ചപ്പോൾ വിപിൻദാസിന്റെ മറുപടി ഇങ്ങനെയായിരുന്നു: 'രണ്ടാഴ്ചയല്ലേയായുള്ളൂ...അതൊന്ന് നേരെ നില്കാറായിക്കൊള്ളട്ടേ...അല്ലാതെ കൊണ്ടുവന്നുതന്നാൽ ചിലപ്പോൾ ചത്തുപോകും. അല്പം കൂടി മുതിർന്നിട്ട് തരാം.' ഭരതൻ അത് സമ്മതിച്ചു.

അടുത്തചിത്രം മൂന്നുനാലുമാസം കഴിഞ്ഞപ്പോഴായിരുന്നു. അപ്പോഴും വിപിൻദാസ് ഭരതനോട് പറഞ്ഞു: 'നമ്മുടെ നായക്കുട്ടി മുതിർന്നുകെട്ടോ...ഇപ്പോ ദേ..ഇത്രയുമായിട്ടുണ്ട്. കുരകേട്ടാൽ വലിയ പട്ടിയാണെന്ന് തോന്നും...' ഇതല്ലാതെ സമ്മാനത്തിന്റെ കാര്യമൊന്നും ഓർമയില്ലാത്തപോലെ. പിന്നീട് എപ്പോൾ ഭരതനെക്കണ്ടാലും നായയുടെ വിശേഷം ഒന്നുപോലും വിടാതെ പറയും വിപിൻദാസ്. അങ്ങനെ മൂന്നുനാലുവർഷം കൊണ്ട് വിപിൻദാസിന്റെ വർണനകളിലൂടെ ആ നായക്കുട്ടി ഭരതനുമുന്നിൽ വളർന്നുവലുതായി എന്തിനും പോന്ന ഒരു മുതിർന്ന ശുനകശ്രേഷ്ഠനായി ​ഗരിമയോടെ തലയുയർത്തി നിന്നു. പക്ഷേ അപ്പോഴും ഭരതൻ അതിനുവേണ്ടി മനസ്സിലൊരുക്കിയ കൂട് ഒഴിഞ്ഞുതന്നെ കിടന്നു.

ഒടുവിൽ പവിത്രനാണ് ഭരതനോട് പറഞ്ഞത്: 'നീ ആ പട്ടിക്കുട്ടിയെ കണ്ട് മോഹിക്കണ്ട. കുറേക്കഴിയുമ്പോൾ അതിന് വയസ്സാകും,അത് ചത്തുപോകും..അതിന്റെ ചരമവാർത്ത അപ്പോൾ വിപിൻദാസ് പൊലിപ്പിച്ച്പറഞ്ഞ് നമ്മളെ വിശ്വസിപ്പിക്കും..'

അങ്ങനെയൊരു നായയുണ്ടായിരുന്നോ എന്നുപോലും ആർക്കുമറിയില്ലായിരുന്നു. അഥവാ ഉണ്ടായിരുന്നെങ്കിൽ തന്നെ അത്രത്തോളം ജീവനോടെയായിരുന്നു വിപിൻദാസ് ഓരോ കഥയും പറഞ്ഞുകൊണ്ടിരുന്നത്. അത് ഭരതന്റെ സിനിമകിട്ടാനുള്ള അടവുമായിരുന്നില്ല. കാരണം ഭരതൻ ആവശ്യപ്പെടുമ്പോൾ മാത്രം ക്യാമറയ്ക്ക് പിന്നിലേക്ക് വരുന്നയാളായിരുന്നു വിപിൻദാസ്. ചാൻസിനുവേണ്ടി ഇല്ലാത്ത സമ്മാനത്തിന്റെ കഥ പറയാൻ തക്ക ചെറുതായിരുന്നില്ല ആ വ്യക്തിത്വം.

സംവിധായകൻ മോഹനൊപ്പം തുടങ്ങിയ പരസ്യകലാസ്ഥാപനം തമ്മിലടിച്ചുപിരിയും മുമ്പേ രണ്ടുപേരും ചേർന്ന് പൂട്ടിയതാണ് മറ്റൊരു സംഭവം. സൈലന്റ് വാലി സമരകാലത്ത് ഒ.വി.വിജയനൊപ്പം കാടുകയറിയ വിപിൻദാസിനെക്കുറിച്ചും ചിലർ വാചാലരാകുന്നു. പേരിൽത്തന്നെ കാട് പൂത്തുനില്കുന്ന ഒരു കലാകാരന് അങ്ങനെ ചെയ്യാതിരിക്കാനാകില്ലല്ലോ...

സ്പീൽബർ​ഗിന്റെ പ്രശംസയിലെ നായകൻ

ഇങ്ങനെ വിചിത്രമായ സംഭവങ്ങളല്ലാതെ വിപിൻദാസിനെക്കുറിച്ച് അധികം നല്ലതൊന്നും സിനിമാലോകം കേട്ടിട്ടില്ല. പക്ഷേ അദ്ദേഹത്തെക്കുറിച്ചുള്ള ഏറ്റവും വലിയ പ്രശംസ പ്രചരിക്കുന്നത് നിസ്സാരനായ ഒരാളുടെയല്ല സാക്ഷാൽ സ്റ്റീവൻ സ്പിൽബർ​ഗിന്റെ പേരിലാണ്!

'മനസ്സിൽ പ്രകാശത്തിന്റെ അതീന്ദ്രിയമാപിനി സൂക്ഷിക്കുന്ന പ്രതിഭാശാലിയാണ് ഈ മലയാളി' എന്ന് സ്പീൽബർ​ഗ് യു.എസ്.ടെലിവിഷനിലൂടെ വിപിൻദാസിനെക്കുറിച്ചുപറഞ്ഞുവെന്നാണ് കഥ. ചില ഫീച്ചറുകളിലെല്ലാം ഇത് രേഖപ്പെടുത്തപ്പെടുകയും ചെയ്തു. എന്നാൽ എപ്പോൾ,ഏത് സാഹചര്യത്തിൽ പറഞ്ഞു എന്നതിന് തെളിവില്ല. വിപിൻദാസിന്റെ മരണശേഷം ഇന്ത്യൻ എക്സ്പ്രസ് പ്രസിദ്ധീകരിച്ച വാർത്തയിൽ വിപിൻദാസും സ്പീൽബർ​ഗും നേരിൽക്കണ്ട കാര്യം പറയുന്നുണ്ട്. തന്നെക്കുറിച്ചുള്ള ഡോക്യുമെന്ററിയായ 'ദി സെയ്ന്റ് വിത്ത് ദി ക്യാമറ'യുടെ സംവിധായകൻ രതീഷ് വാസുദേവനോട് വിപിൻദാസ് അതേക്കുറിച്ച് പറഞ്ഞെന്നാണ് വാർത്തയിലുള്ളത്. 'ഏഴാംകടലിനക്കരെയുടെ ഷൂട്ടിങ് സമയത്ത് മിയാമി ബീച്ചിൽവച്ചാണ് സ്പീൽബർ​ഗിനെ കണ്ടത്. അന്ന് ഞാൻ ചെറുപ്പമായിരുന്നു. ആധുനിക ഉപകരണങ്ങളുടെ സഹായമില്ലാതെ നിങ്ങൾ എങ്ങനെയാണ് പ്രകാശം അളക്കുന്നതെന്നും ഓരോ ഷോട്ടിനുമുമ്പും ഫിൽട്ടറുകൾ നിശ്ചയിക്കുന്നതെന്നും സ്പീൽബർ​ഗ് അദ്ഭുതത്തോടെ ചോദിച്ചു.'-ഇതാണ് ഡോക്യുമെന്ററിയിൽ വിപിൻദാസ് പറയുന്നത്.

വിപിൻദാസിന്റേതായി ഏറ്റവും ഒടുവിൽ രേഖപ്പെടുത്തപ്പെട്ട വാക്കുകളും ഒരുപക്ഷേ ഈ ഹ്രസ്വചിത്രത്തിലാകാം ഉള്ളത്. 'എന്നെയാരും ഫോട്ടോ​ഗ്രഫി പഠിപ്പിച്ചിട്ടില്ല. എല്ലാം ഞാൻ തനിയെ പഠിച്ചതാണ്. പിൽക്കാലത്ത് നേടിയ പേരും പ്രശസ്തിയും ഭൂതകാലത്തിൽ ഞാൻ കടന്നുപോയ സമാനതകളില്ലാത്ത കഠിനവഴികളുടെ ഫലമാണ്. നിങ്ങളുടെ ജോലി നന്നായി ചെയ്യുക. പിന്നെ സ്ഥലം കാലിയാക്കുക. ചെയ്ത ജോലിയുടെ ​ഗുണനിലവാരം മാത്രമേ എന്നും നിലനില്കൂ. അല്ലാതെ നിങ്ങൾ ധരിച്ച പളപളപ്പൻ ഷർട്ടും തൊപ്പിയുമാകില്ല. പടംപിടുത്തം എന്നത് കല മാത്രമല്ല,ശാസ്ത്രവും കൂടിയാണ്. അത് കെമിസ്ട്രിയും ഫിസിക്സും മെക്കാനിസവുമാണ്. ഫിലിം,അതിന്റെ പ്രോസസിങ്,ഡവലപ്പിങ് എന്നിവ കെമിസ്ട്രിയാണ്. ലെൻസും ക്യാമറയും അതിനോട് ബന്ധപ്പെട്ട മറ്റുപകരണങ്ങളും ഫിസിക്സ്. കൃത്യമായ ലൈറ്റ് ആന്റ് ഷേഡ് ആണ് മെക്കാനിസം.'-ഒരേസമയം ശാസ്ത്രജ്ഞനും കലാകാരനുമായി വിപിൻദാസ് ഡോക്യുമെന്ററിയിൽ പറയുന്നു.

വിപിൻദാസ്

അത് ആത്മീയതയോ പ്രണയമോ?

മലയാളത്തിലെ ഒരു ഛായാ​ഗ്രാഹകന്റെ ബന്ധുവിനെയാണ് വിപിൻദാസ് വിവാ​ഹം കഴിച്ചത്. പക്ഷേ സിനിമാക്കാരനും സുഖാന്വേഷിയും സന്യാസിയുമെല്ലാമായിരുന്ന വിപിൻദാസ് കുടുംബത്തിന്റെ ചതുരക്കള്ളിയിലും ഒതുങ്ങിയില്ല. '​ഗാർ​​ഹികമെന്ന് തോന്നിക്കാവുന്ന ചുറ്റുവൃത്തങ്ങളിൽ പലപ്പോൾ,പലയിടങ്ങളിൽ വിപിൻദാസിനെ കണ്ടിരുന്നു'വെന്നാണ് ജോൺപോൾ ആ സ്വഭാവത്തിന് നല്കിയ വിശേഷണം.

പക്ഷേ മലയാളസിനിമയെ മുഴുവൻ അദ്ദേഹം ഞെട്ടിച്ചത് തന്റെ മകളുടെ പ്രായമുള്ള നായികയുമായുള്ള പ്രണയത്തിലൂടെയാണ്. ആ നടി സിനിമയിലേക്ക് വരുമ്പോൾ പ്രായം 13വയസ്സ്. വിപിൻദാസിനപ്പോൾ 48. ഒരുമിച്ച് അധികം സിനിമകളിൽ പ്രവർത്തിച്ചില്ലെങ്കിലും പിന്നീട് ഇരുവരും എങ്ങനെയോ അടുപ്പത്തിലായി. തൊണ്ണൂറുകളുടെ തുടക്കത്തിൽ സിനിമാലോകം പുരികം ചുളിച്ച് കണ്ടുനിന്ന ബന്ധമായിരുന്നു അത്. ആത്മീയതലത്തിലുള്ള ഒന്നായാണ് വിപിൻദാസ് അതിനെ വിശദീകരിച്ചത്. യോ​ഗയും ധ്യാനവുമെല്ലാമായി ആ നായികയുടെ ​ഗുരുസ്ഥാനത്ത് തന്നെത്തന്നെ പ്രതിഷ്ഠിക്കുകയായിരുന്നു അദ്ദേഹം. പിന്നീട് എല്ലാത്തിൽനിന്നുമെന്നപോലെ ആ ബന്ധത്തിൽ നിന്നും വിപിൻദാസ് ഇറങ്ങിനടന്നു. നായികയാകട്ടെ ഇന്നും അവിവാഹിതയായി തുടരുന്നു.

അവസാനകാലത്ത് വയനാട്ടിൽ ഏകാകിയായിക്കഴിയുകയായിരുന്നു വിപിൻദാസ്. 2011 ഫെബ്രുവരി 12-ന് ആയിരുന്നു അന്ത്യം.

ഇന്നും ആർക്കും പിടികിട്ടാത്ത ചോദ്യത്തിനുള്ള ഉത്തരമെന്നു വിളിക്കാം വിപിൻദാസിനെ. അദ്ദേഹം ആരായിരുന്നു എന്നതിന് കാലം കരുതിവച്ച ഉത്തരമാകാം അവസാനചിത്രം. 2010-ൽ പുറത്തിറങ്ങിയ അതിന്റെ പേര് 'തത്വമസി' എന്നാണ്.

'തത്വമസി' എന്നാൽ 'അത് നീയാകുന്നു' എന്നർഥം.

(അവസാനിച്ചു)