"അയാളുടെ ഉള്ളിൽ ഒരു ക്രിമിനലുണ്ട്. പക്ഷേ ആ ക്രിമിനലിനുള്ളിൽ സൗന്ദര്യത്തോട് ആരാധനയുമുണ്ട്.."

ഇതൊക്കെ നേരോ എന്ന് സംശയിക്കാമെങ്കിലും വിപിൻദാസിനെ ചൂഴ്ന്ന് നിന്ന അതി​ഗൂഢവിസ്മയങ്ങൾ അതെല്ലാം ശരിയാണെന്ന് ചിന്തിക്കാൻ പ്രേരിപ്പിക്കുന്നു-മലയാളത്തിലെ അതിപ്രശസ്ത ഛായാ​ഗ്രാഹകന്റെ ജീവിതകഥ തുടരുന്നു
വിപിൻദാസ്
വിപിൻദാസ്ഫോട്ടോ-അറേഞ്ച്ഡ്
Published on

അത് കുന്നക്കുടി വൈ​ദ്യനാഥനായിരുന്നു. വയലിൻലോകത്തെ സൂപ്പർസ്റ്റാർ. തന്ത്രികളിലൂടെ വിസ്മയനാദം തീർത്ത് പാഞ്ഞോടുന്ന വിരലുകളുടെ ഉടമയ്ക്ക് ആ കുട്ടിയുടെ തലോടലിന്റെ അർഥം മനസ്സിലാക്കാനായി. അങ്ങനെയാണ് വിപിൻദാസിനെ കുന്നക്കുടി വയലിൻ പഠിക്കാനായി വീട്ടിലേക്ക് ക്ഷണിച്ചത്.

രാത്രി പത്തുമണിവരെയുണ്ട് ഹോട്ടലിലെ ജോലി. അതുകഴിഞ്ഞ് വേണം പഠിക്കാൻപോകാൻ. പക്ഷേ ലോകം കാതോർക്കുന്ന കുന്നക്കുടി രാവേറുവോളം തീൻമേശ തുടച്ച്ക്ഷീണിച്ച്തളർന്ന് വരുന്ന തന്റെ ശിഷ്യനുവേണ്ടി കാത്തിരുന്നു. സം​ഗീതത്തോടുള്ള അവന്റെ വിശപ്പ് അദ്ദേഹത്തിന് ആരേക്കാൾ നന്നായി മനസ്സിലാക്കാനായി.

ഇതൊക്കെ നേരോ എന്ന് സംശയിക്കാമെങ്കിലും വിപിൻദാസിനെ ചൂഴ്ന്ന് എക്കാലവുമുണ്ടായിരുന്ന അതി​ഗൂഢവിസ്മയങ്ങൾ അതെല്ലാം ശരിയാണെന്ന് ചിന്തിക്കാൻ പ്രേരിപ്പിക്കുന്നു. കാരണം അസാമാന്യപാടവത്തോടെ വയലിൻവായിക്കുമായിരുന്നു വിപിൻദാസ്. ഭരതനെപ്പോലെ സം​ഗീതത്തിൽ അ​ഗാധജ്ഞാനമുള്ളവർക്ക് മുന്നിൽ അപൂർവ്വമായി മാത്രം നിറഞ്ഞിരുന്ന സദിരുകൾ. വിപിൻദാസ് വയലിൻ വായിക്കുമ്പോൾ അതിൽ മുഴുകിയിരിക്കുന്ന ഭരതൻ ജോൺപോളിന്റെ ഓർമകളിലുണ്ടായിരുന്നു. മുഖത്തൊരു ചിരിയും ചുണ്ടുകൾ പ്രത്യേകതരത്തിൽ കുനിപ്പിച്ചുനിർത്തിക്കൊണ്ടുളള ഭാവവുമായിരുന്നു ഭരതന് മുന്നിലിരുന്ന വയലിൻവായിക്കുന്ന വിപിൻദാസിലുണ്ടായിരുന്നതെന്ന് ജോൺ പോൾ പറഞ്ഞിട്ടുണ്ട്. 'ഏതോ ഒരു നിർവാണത്തിൽ മുഴുകി, ചുണ്ടിൽ കുസൃതിയും ആ കുസൃതിക്കിടയിൽ അല്പം വിചിത്രപ്രകൃതത്തിന്റെ സാന്നിധ്യവും സ്ഫുരിപ്പിക്കുന്ന ഭാവം'-ജോൺപോൾ ആ നിമിഷങ്ങളെ സ്വതസിദ്ധമായ ശൈലിയിൽ വാക്കുകളിൽ വരഞ്ഞത് ഇങ്ങനെ.

പക്ഷേ വയലിനല്ല വഴിയെന്ന് തിരിച്ചറിഞ്ഞതുകൊണ്ടോ,അതോ ഛായകളിലാണ് നീ സം​ഗീതം തീർക്കേണ്ടതെന്ന് ആരോ നേരത്തെ നിശ്ചയിച്ചതുകൊണ്ടോ,അങ്ങനെ ഏതോ ഒരു കാരണത്താൽ വിപിൻദാസ് കുറച്ചുകാലത്തിനുശേഷം കുന്നക്കുടിസന്നിധിയിൽ നിന്ന് ഇറങ്ങി നടന്നു എന്നാണ് കേൾവി.

കുന്നക്കുടി വൈ​ദ്യനാഥൻ
കുന്നക്കുടി വൈ​ദ്യനാഥൻഫോട്ടോകടപ്പാട്-വിക്കിപീഡിയ

ഡാർക്ക് റൂം,അധോലോകം, അജ്ഞാത​ഗുരു

അറുപതുകളുടെ തുടക്കം. ബോംബെ അന്ന് മുംബൈ ആയിട്ടില്ല. അധോലോകത്തെ ഉള്ളിൽസൂക്ഷിക്കുന്ന മണ്ണിന്റെ പരിവേഷമായിരുന്നു ആ ന​ഗരത്തിന്. സുഹൃത്ത് കൃഷ്ണന്റെ മേൽവിലാസവുമായി മദിരാശിയിൽ നിന്ന് വിപിൻദാസ് പിന്നെപ്പോയത് ബോംബെയിലേക്കാണ്. കൃഷ്ണൻ അവിടെയുണ്ടായിരുന്നു. പക്ഷേ സുഹൃത്തിനെ സഹായിക്കാൻതക്ക സ്ഥിതിയിലൊന്നുമായിരുന്നില്ല. അന്യദേശത്തെ നല്ലജോലിക്കാരന്റെ മേൽവിലാസം ജനിച്ച നാട്ടിലുണ്ടാകുകയും, എന്നാൽ പരിചിതമല്ലാത്തയിടത്ത് പട്ടിണിമാറ്റാൻ പാതിരാത്രിവരെ പണിയെടുക്കുകയും ചെയ്തിരുന്ന അനേകം മലയാളികളിലൊരാളായിരുന്നു കൃഷ്ണനും.

നിരാശയോടെ ബോംബെയുടെ തെരുവുകളിലേക്കിറങ്ങിയ വിപിൻദാസ് അതിലൊരിടത്തുവച്ച് തന്റെ പഠിപ്പിന്റെ സർട്ടിഫിക്കറ്റുകളെല്ലാം കീറിയെറിഞ്ഞു. ഒരു സിനിമാദൃശ്യത്തെ ഓർമിപ്പിക്കുന്ന ജീവിതമുഹൂർത്തം. അറിയാവുന്ന പണി സം​ഗീതവും അന്യന്റെ എച്ചിലെടുക്കലും മാത്രമാണ്. ആദ്യത്തേതിന് സാധ്യതയില്ലാതിരുന്നതിനാൽ വിപിൻദാസ് രണ്ടാമത്തേത് തിരഞ്ഞെടുത്തു. വീണ്ടും ഹോട്ടൽജോലിക്കാരൻ.

പക്ഷേ അയാൾ നിഴലുകളെയും വെളിച്ചങ്ങളെയും സംയോജിപ്പിച്ച് ദൃശ്യങ്ങൾ വിളമ്പാൻ നിയോ​ഗിക്കപ്പെട്ടവനായിരുന്നു. ഛായാ​ഗ്രാഹകനാകാൻ വിധിക്കപ്പെട്ടവൻ. മാട്ടും​ഗയിലെ ഉഡുപ്പി ​ഹോട്ടലിൽ സപ്ലൈയറായി ജോലി ചെയ്യുന്നതിനിടെ തൊട്ടടുത്തൊരു സ്റ്റുഡിയോയുണ്ടായിരുന്നു. പണ്ട് പഴയന്നൂരിൽ മൈക്കിൾ സാറിന്റെ അനുജന്റെ സ്റ്റുഡിയോയെ നോക്കിയ അതേ കൗതുകത്തോടെ, അപ്പോഴേക്കും യുവാവായിക്കഴിഞ്ഞിരുന്ന വിപിൻദാസ് അതിനെ നോക്കിനിന്നു. ഒരു പാഴ്സിയായിരുന്നു അവിടത്തെ ജീവനക്കാരൻ. അയാൾ ഡാർക്ക് റൂം എന്ന ഇരുട്ടുമുറിയിൽ എങ്ങനെയാണ് നെ​ഗറ്റീവുകളുടെ പിറവി എന്ന് പറഞ്ഞുകൊടുത്തു. ആഴത്തിലുള്ളതല്ലെങ്കിലും ആ അറിവ് ധാരാളമായിരുന്നു വിപിൻദാസിന്.

വിപിൻദാസ്
വിപിൻദാസ്ഫോട്ടോകടപ്പാട്-വിക്കിപീഡിയ

ഒരു ദിവസം പത്രത്തിലൊരു പരസ്യം കണ്ടു. അക്കാലത്ത് ഹിന്ദിയിലെ ​ഗ്ലാമർഫോട്ടോ​ഗ്രഫറായ ബീവോഷോമിന് ഒരു ഡാർക്ക് റൂം അസിസ്റ്റന്റിനെ വേണം. ഇന്റർവ്യൂവിന് ചെന്ന വിപിൻദാസിന്റെ കൈയിലേക്ക് ബീവാഷോം ഒരു ഫിലിം റോൾ നീട്ടിയിട്ട് പറഞ്ഞു: 'ഇപ്പോഴിതിന്റെ വില രണ്ടുരൂപ. ഞാൻ ഇത് എക്സ്പോസ് ചെയ്തുകഴിഞ്ഞാൽ 5000 രൂപ. ഡവലപ് ചെയ്യാൻ ധൈര്യമുണ്ടോ?'

മറുപടി പറയാതെ വിപിൻദാസ് ഡാർക്ക് റൂമിലേക്ക് കയറി. ഫിലിം ഡവലപ്ചെയ്യാൻ രാസവസ്തുക്കളുടെ സഹായം വേണം. ലായനിയിലേക്ക് അത് കൃത്യമായി അളന്നിട്ടില്ലെങ്കിൽ ചിത്രങ്ങൾ ജനിക്കില്ല. പക്ഷേ വിപിൻദാസ് ചെയ്തത് സ്പൂണിൽ വെറുതെ കോരിയിടുകയാണ്. അതുകണ്ട് ബീവാഷോമിന് ദേഷ്യം വന്നു. പക്ഷേ ഫിലിം ‍ഡെവലപ് ചെയ്തപ്പോൾ കിറുകത്യം. ബീവാഷോമിന്റെ അഭിനന്ദനം ആദ്യം തോളിൽതട്ടലായും പിന്നെ തൊഴിലായും വിപിൻദാസിലേക്കെത്തി. മൂന്നുകൊല്ലം പിന്നെ അവിടെ. ഒടുവിൽ ബീവാഷോം ബം​ഗാളിലേക്ക് പോയപ്പോൾ തിരിച്ച് മദിരാശിയിലേക്ക്.

ഈ ബോംബെ അധ്യായം നാവുകളിൽ നിന്ന് നാവുകളിലേക്കും അവിടെനിന്ന് ചില പഴയപത്രവാർത്തകളിലേക്കും പരന്നതാണ്. വിപിൻദാസിനെക്കുറിച്ചുള്ള വിക്കിപീഡിയ പേജിലും ഈ ബീവാഷോമിനെ കാണാം. പക്ഷേ അങ്ങനെയൊരാൾ ഉണ്ടായിരുന്നോ? ഇതെഴുതുമ്പോൾ ഇന്റർനെറ്റിൽ മുഴുവൻ പരതി. ചാറ്റ് ജി.പി.ടിയോട് ചോദിച്ചു. അതിന്റെ വലക്കണ്ണികളിലൊന്നും ബീവാഷോം എന്നൊരാൾ കുടുങ്ങിയില്ല. പിന്നെ ആരായിരുന്നു ആ ​ഗുരുനാഥൻ?

മലയാളം മൂവി ആന്റ് മ്യൂസിക് ഡാറ്റാബേസ്(എംത്രീഡിബി) പറയുന്നത് ഇങ്ങനെയാണ്: 'മുംബൈയിലെ പ്രശസ്ത ഫോട്ടോഗ്രാഫറായിരുന്ന സുബ്രതോ മിശ്രയുടെ സഹായിയായി സിനിമയിലെത്തിയ വിപിൻദാസ് മീനകുമാരിയെ ക്യാമറയിൽ പകർത്തിയാണ് ഈ രംഗത്ത് ചുവടുറപ്പിക്കുന്നത്. ഈ ചിത്രം സ്ക്രീൻ മാസികയുടെ മുഖ ചിത്രമായി അന്ന് പ്രസിദ്ധീകരിച്ചിരുന്നു.'

അടൂർഭാസിയുടെ സഹോദരനായ ചന്ദ്രാജിയിലൂടൊണ് വിപിൻദാസിന്റെ ബോംബെ ​ഗുരുനാഥനെക്കുറിച്ചുള്ള വിവരങ്ങൾ പിൽക്കാലം സിനിമാലോകത്ത് എത്തിയത്. മദിരാശിയിൽ മലയാളസിനിമയുമായി ബന്ധപ്പെട്ട ജോലികളിൽ സജീവമാകുന്നതിന് മുമ്പ് ചന്ദ്രാജി ബോംബൈയിൽ ഒരു സിനിമയുടെ പ്രൊഡക്ഷൻ കൺട്രോളറായി ജോലി ചെയ്തിരുന്നു. അക്കാലത്ത് വിപിൻദാസിനെ പരിചയവുമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ അദ്ദേഹം പറഞ്ഞത് സിനിമയിലുള്ളവർ അവിശ്വസിച്ചുമില്ല. പക്ഷേ ആ ​ഗുരുവിന്റെ പേര് ഇന്നും അവ്യക്തം.

ബോംബെവാസക്കാലത്ത് വിപിൻദാസിന് അധോലോകബന്ധമുണ്ടായിരുന്നു എന്നും പഴയകാലസിനിമാപ്രവർത്തകർക്കിടയിൽ പ്രചരിച്ച കഥയാണ്. അദ്ദേഹത്തിന്റെ സ്വഭാവംവെച്ച് നോക്കുമ്പോൾ അതിന് നല്ല സാധ്യതയുമുണ്ടായിരുന്നു. വിപിൻദാസിന് സംസ്ഥാന അവാർഡ് നേടിക്കൊടുത്ത മണിമുഴക്കത്തിന്റെ സംവിധായകനും അദ്ദേഹവുമായി അടുത്തിഴപഴകിയ ആളുമായ പി.എ.ബക്കർ ഒരിക്കൽ പറഞ്ഞത് ഇങ്ങനെയാണ്: 'അയാളുടെ ഉള്ളിൽ ഒരു ക്രിമിനലുണ്ട്. പക്ഷേ ആ ക്രിമിനലിനുള്ളിൽ സൗന്ദര്യത്തോട് ആരാധനയുമുണ്ട്.' വിപിൻദാസിലെ കലാകാരനെയും ദുരൂഹവ്യക്തിത്വത്തെയും അടുത്തറിഞ്ഞ ഒരാളുടെ നിരീക്ഷണം.

പി.എ.ബക്കർ
പി.എ.ബക്കർഫോട്ടോകടപ്പാട്-മലയാളം മൂവി ആന്റ് മ്യൂസിക് ഡാറ്റാബേസ്

റയിൽവേസ്റ്റേഷനിൽനിന്നുകിട്ടിയ നിർമാതാവ്

ബീവാഷോമിന്റെ അസിസ്റ്റന്റെന്ന വിശേഷണവുമായി മദിരാശിയിലേക്ക് മടങ്ങിയെത്തിയ വിപിൻദാസിന്റെ പക്കൽ പുതുമയുള്ള ചിത്രങ്ങളുമുണ്ടായിരുന്നു എന്നാണ് അക്കാലത്തെ സിനിമാപ്രവർത്തകരുടെ സാക്ഷ്യം. അതിൽ ചിലത് ബ്ലിറ്റ്സ് പോലുള്ള മാസികകളിൽ പ്രസിദ്ധീകരിച്ചുവെന്ന് അവർ പറയുന്നു. ഇതിനിടയ്ക്ക് നിശ്ചലഛായാ​ഗ്രഹണമുൾപ്പെടെ ചലച്ചിത്രനിർമാണത്തിലെ വിവിധമേഖലകളിൽ പ്രവർത്തിച്ചുവെന്നും ഹിന്ദിസംവിധായകനായ ബിമൽറോയിയുടെ സിനിമകളുടെ പിന്നണിയിലുണ്ടായിരുന്നുവെന്നുമെല്ലാം കഥകളുണ്ട്. പക്ഷേ അതിന്റെയെല്ലാം നേര് വിപിൻദാസിന് മാത്രമേ അറിയുമായിരുന്നുള്ളൂ.

അദ്ദേഹത്തിന്റെ ജീവിതസന്ധികളിലെല്ലാം സിനിമാറ്റിക് ആയ ഒരു കൂടിക്കാഴ്ചയോ വഴിത്തിരിവോ ഉണ്ടായിരുന്നു. അടിമുടി സിനിമാക്കാരനായിരുന്ന വിപിൻദാസ് സ്വന്തം ജീവിതത്തെക്കുറിച്ച് പതിവു ചെറിയചിരിയോടെ സൃഷ്ടിച്ച്, ആരിലൂടെയൊക്കയോ മറ്റുള്ളവരിലേക്ക് പകർന്ന ജീവിതരം​ഗങ്ങളായിരുന്നോ അവയെന്ന് അറിയില്ല. സിനിമയുടെ മുൻനിരയിലേക്കുള്ള കടന്നുവരവിലുമുണ്ട് ഇത്തരത്തിലൊരു സംഭവം.

മദിരാശിവാസത്തിനിടെ ഒരുദിവസം വിപിൻദാസ് കോടമ്പാക്കം റയിൽവേസ്റ്റേഷനിൽ വച്ച് നിർമാതാവ് ആർ.ബി.സാമിയെ പരിചയപ്പെടുന്നു.

വിപിൻദാസിന്റെ ആദ്യ സിനിമയായ 'താലാട്ടി'ന്റെ ടൈറ്റിൽകാർഡ്
വിപിൻദാസിന്റെ ആദ്യ സിനിമയായ 'താലാട്ടി'ന്റെ ടൈറ്റിൽകാർഡ്യൂട്യൂബ് സ്ക്രീൻ​ഗ്രാബ്

അതിന്റെ ഫലശ്രുതിയായിരുന്നു 'താലാട്ട്' എന്ന തമിഴ് ചിത്രം. 1969-ൽ പുറത്തിറങ്ങിയ ഇതിന്റെ സംവിധാനവും ഛായാ​ഗ്രഹണവും വിപിൻദാസ് ആയിരുന്നു. ഒരുപക്ഷേ ഇങ്ങനെ ഡബിൾറോളിൽ അരങ്ങേറ്റംകുറിച്ച മറ്റൊരാൾ ഇന്ത്യൻസിനിമയിൽതന്നെയുണ്ടായിട്ടുണ്ടോ എന്ന് സംശയമാണ്. യൂട്യൂബിൽ ലഭ്യമായ 'താലാട്ടി'ന്റെ പ്രിന്റിലെ ക്രഡിറ്റ് കാർഡിൽ ഇങ്ങനെ കാണാം: Director of Photography and Direction Vipindass IFDA. രാജപാണ്ഡ്യൻ,രാജശ്രീ തുടങ്ങിയവരായിരുന്നു ഈ ചിത്രത്തിലെ അഭിനേതാക്കൾ.

മലയാളത്തിലും സംവിധായകനായാണ് വിപിൻദാസ് തുടങ്ങിയത്. ചിത്രം 'പ്രതിധ്വനി'. 1971-ൽ പുറത്തിറങ്ങിയ ഈ ചിത്രത്തിന്റെ ഛായാ​ഗ്രഹണച്ചുമതല അദ്ദേഹം ഏല്പിച്ചത് ശശി എന്ന ചെറുപ്പക്കാരനെയായിരുന്നു. അയാളാണ് പിന്നീട് ഐ.വി.ശശിയായത്. പക്ഷേ എന്തുകൊണ്ടോ വിപിൻദാസ് സംവിധായകനാകാൻ പോയില്ല. പകരം സംവിധായകൻ പറയുന്നത് പകർത്തുന്നയാളായിത്തീർന്നു 'ഉദ്യോ​ഗസ്ഥ'യിലൂടെ ശ്രദ്ധേയനായ പി.വേണു 1973-ൽ സംവിധാനം ചെയ്ത 'പ്രേതങ്ങളുടെ താഴ്വര'യിലൂടെ മലയാളത്തിലെ ഛായാ​ഗ്രാഹണരം​ഗത്തേക്ക് ക്യാമറ തിരിച്ചുവച്ച വിപിൻദാസ് സമാനതകളില്ലാത്ത ഒരു യാത്രക്കാണ് തുടക്കമിട്ടത്.

(തുടരും)

വിപിൻദാസ്
മലയാളംകണ്ട പ്രതിഭകളിലൊരാൾ, യുവനായികയുമായി പ്രണയം,സന്യാസം

Related Stories

No stories found.
Pappappa
pappappa.com