
എഴുപതു വർഷം മുമ്പ് തൃശ്ശൂരിലെ ഒരു ഗ്രാമത്തിൽ നിന്ന് മഴപെയ്യുന്ന സന്ധ്യയിൽ ഇരുപത്തിയഞ്ചുരൂപയുമായി മദിരാശിയിലേക്ക് തീവണ്ടികയറിയ ഒരു കുട്ടി. ഫോട്ടോഗ്രഫറാകണമെന്നായിരുന്നു ആഗ്രഹം. പക്ഷേ ക്യാമറയ്ക്ക് പകരം കൈയിലെടുക്കേണ്ടിവന്നത് ഹോട്ടലിലെ എച്ചിലിലകളാണ്. അവിടെവച്ച് മറ്റൊരു സന്ധ്യയിൽ മസാലദോശകഴിക്കാനെത്തിയ ഒരു മഹാമനുഷ്യനൊപ്പം വയലിൻതന്ത്രികളുടെ വിളികേട്ട് ഇറങ്ങിനടന്നു. പിന്നീടൊരു പ്രഭാതത്തിൽ എല്ലാം ഉപേക്ഷിച്ച് ബോംബൈയിലേക്ക്. അവിടെ വീണ്ടും ഹോട്ടലിൽ സപ്ലൈയർ. പിന്നെ ഒരു പത്രപരസ്യം കണ്ട് ബോളിവുഡിലെ പ്രശസ്തനായ ഫോട്ടോഗ്രഫറുടെ ഡാർക്ക്റൂം സഹായി. കാലംകുറച്ചുകഴിഞ്ഞപ്പോൾ ഏതാനും ചിത്രങ്ങളും നെഞ്ചത്തടുക്കി ഒരിക്കൽക്കൂടി മദിരാശിയിലേക്ക്. റെയിൽവേസ്റ്റേഷനിൽവച്ച് പരിചയപ്പെട്ട നിർമാതാവിലൂടെ സംവിധായകനായും ഛായാഗ്രാഹകനായും തമിഴിൽ അരങ്ങേറ്റം. തൊട്ടടുത്ത സംവിധാനസംരംഭം മലയാളത്തിൽ. അതിന്റെ ക്യാമറ ചെയ്തത് പിൽക്കാലം മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റ്മേക്കർമാരിലൊരാളായി മാറിയ ചെറുപ്പക്കാരൻ. പിന്നീട് ഒരു റോളർകോസ്റ്റർറൈഡിലെന്നോണം കീഴ്മേൽ മറിഞ്ഞ സൗഹൃദം. സംവിധായകൻ ഛായാഗ്രാഹകനും ഛായാഗ്രാഹകൻ സംവിധായകനുമായി 25ഓളം ചിത്രങ്ങൾ. മറ്റുള്ള സംവിധായകർക്കൊപ്പം മധ്യവർത്തി സിനിമകളിൽ മുതൽ മലയാളത്തിലെ മെഗാഹിറ്റ് കുറ്റന്വേഷണചിത്രങ്ങളിൽ വരെ ക്യാമറയ്ക്ക് പിന്നിൽ. ക്രഡിറ്റിൽ സംസ്ഥാന അവാർഡുകളും ഇരുനൂറോളം ചിത്രങ്ങളും. എണ്ണത്തിൽ ഗിന്നസ് ബുക്കിലേക്ക് വരെയെത്തിയ നേട്ടപ്പട്ടിക. ഇതിനിടയ്ക്ക് തന്റെ മകളുടെ പ്രായംമാത്രമുള്ള നായികയുമായുള്ള പ്രണയം. താടിയും മുടിയും നീട്ടിവളർത്തി സന്യാസത്തിലേക്കുള്ള ഇറങ്ങിനടപ്പും അജ്ഞാതവാസവും. ഒടുവിൽ പതിനാലുവർഷം മുമ്പ് വയനാട്ടിൽ ഒറ്റയാൻജീവിതത്തിനിടെ മരണം...
മലയാളസിനിമ കണ്ട ഏറ്റവും മികച്ച ഛായാഗ്രാഹകരിലൊരാളായ വിപിൻദാസിന്റെ ജീവിതത്തെ വേണമെങ്കിൽ ഇങ്ങനെ ഒരു ഖണ്ഡികയിൽ സംഗ്രഹിക്കാം. പക്ഷേ അതെല്ലാം അർധസത്യങ്ങൾ മാത്രമായിരിക്കും. അറിഞ്ഞതിലുമേറെയാണ് അറിയപ്പെടാത്ത വിപിൻദാസ്. പലർക്കും പലതരത്തിൽ വെളിപ്പെട്ട ഒരാൾ. ആർക്കും മുഴുവനായി പിടികൊടുക്കാതിരുന്ന ഒരാൾ. സ്വന്തംപേരിൽപോലും രഹസ്യത്തിന്റെ മഹാവിപിനം സൂക്ഷിച്ച മനുഷ്യൻ. ഛായാഗ്രാഹണകലയിലെന്ന പോലെ കറുപ്പുംവെളുപ്പും ഇടകലർന്നുള്ള ഒരു ജീവിതം.
വിപിൻദാസ് ആരായിരുന്നു? ഒരുപക്ഷേ അദ്ദേഹവും അവസാനനിമിഷം വരെ ചോദിച്ച ചോദ്യം അതായിരിക്കണം...ഞാൻ ആരാണ്???
വിപിൻദാസോ നാരായണൻകുട്ടിയോ?
ആർക്കും പൂർണമായി മനസ്സിലാക്കാനാകാതെ പോയ സമസ്യയായതിനാൽ വിപിൻദാസിനെക്കുറിച്ച് അധികം എഴുതപ്പെട്ടില്ല. പലയിടങ്ങളിലായി ചിതറിക്കിടക്കുന്ന അർധസത്യങ്ങളും അതിശയോക്തിയും അതിവൈകാരികതയുമെല്ലാം നിറഞ്ഞ കഥകൾ പേറ്റിയും കൊഴിച്ചുമെടുത്താൽ കിട്ടുന്ന ചില വസ്തുതകളുണ്ട്.
തൃശ്ശൂരിലെ പഴയന്നൂരിൽ 1938-ൽ പള്ളിപ്പറ്റ ശങ്കരൻനായരുടെയും ലക്ഷ്മി അമ്മയുടെയും മകനായാണ് വിപിൻദാസ് ജനിച്ചത്. മാതാപിതാക്കൾ തനിക്കിട്ട പേര് എന്തായിരുന്നു എന്നത് വിപിൻദാസിന് മാത്രം അറിയാവുന്ന സത്യം. സിനിമയിൽ വരുമ്പോൾ അദ്ദേഹം വിപിൻദാസ് ആയിക്കഴിഞ്ഞിരുന്നു. ജീവിതയാനത്തിനിടയിലെവിടെയോ അദ്ദേഹം സ്വീകരിച്ച പേരാകും അതെന്ന് ഉറപ്പാണ് എന്നുപറഞ്ഞുകൊണ്ട് അതിനുപിന്നിലെ നിഗൂഢതയെക്കുറിച്ച് ജോൺപോൾ പങ്കുവെച്ചൊരു കഥയുണ്ട്
ഒരിക്കൽ ജോൺപോൾ സംവിധായകൻ ജേസിയോട് ചോദിച്ചു, വിപിൻദാസിന്റെ യഥാർഥ പേരെന്താണെന്ന്. ഒരുനിമിഷം പോലും ആലോചിക്കാതെ ജേസി മറുപടി പറഞ്ഞു: 'നാരായണൻകുട്ടി'. ജേസിയിൽനിന്നുള്ള ഈ കേട്ടറിവ് സിനിമയിൽ പലർക്കുമുണ്ടായിരുന്നു. വർഷങ്ങൾക്ക് ശേഷം ജോൺപോൾ ശങ്കരാടിയുമൊത്ത് ഒരു സിനിമാസെറ്റിലിരിക്കുമ്പോൾ വിപിൻദാസ് അവിടേക്ക് കയറിവന്നു. ശങ്കരാടി 'നാരായണൻകുട്ടീ' എന്ന് നീട്ടിവിളിച്ചപ്പോൾ വിപിൻദാസ് തിരിഞ്ഞുനോക്കി. ഒന്നുചിരിച്ചശേഷം അദ്ദേഹം പറഞ്ഞു: 'എന്റെ പേര് അതാണെന്ന് കരുതിയാണല്ലേ വിളിച്ചത്. ജേസിയായിരിക്കും പറഞ്ഞത്. നാരായണൻകുട്ടീ എന്നും വിളിച്ചോളൂ...വിപിൻദാസ് എന്നാണ് ഇപ്പോൾ എന്റെ പേര്.'
പൂർവാശ്രമത്തിൽ എന്തായിരുന്നു പേര് എന്നുചോദിച്ചാൽ വിപിൻദാസ് ഇതുപോലെ ചിരിക്കുമായിരുന്നെന്ന് ജോൺപോൾ. 'ശങ്കരൻകുട്ടീ എന്നുവിളിച്ചാലും അയാൾ തിരിഞ്ഞുനോക്കും' എന്നായിരുന്നു ആ കൂടിക്കാഴ്ചയ്ക്ക് ശേഷം ശങ്കരാടി ജോൺപോളിനോട് പറഞ്ഞത്. 'നിർവചനങ്ങളോടൊന്നും പൊരുത്തപ്പെടാത്ത,കണക്കുകൂട്ടലുകളിലൊന്നും പെടാത്ത,കണക്കിൽനിന്ന് അല്പം തെറ്റി എറിച്ചുനില്കുന്ന ഒരു അക്കം' എന്നാണ് വിപിൻദാസിന് ജോൺപോൾ നല്കിയ വിശേഷണം. അയാൾ നാരായണൻകുട്ടിയും ശങ്കരൻകുട്ടിയും ജോർജും അലിയാരും എല്ലാമായിരുന്നു.
കാണാതായ അച്ഛനും കാൻവാസിലെ നിറങ്ങളും
സിങ്കപ്പൂരിൽ എസ്റ്റേറ്റ് മാനേജറായിരുന്നു വിപിൻദാസിന്റെ അച്ഛൻ ശങ്കരൻനായർ. ഗറില്ലായുദ്ധക്കാർ അദ്ദേഹത്തെ പിടിച്ചുകൊണ്ടുപോയി എന്നാണ് നാട്ടിൽപരന്ന കഥ. അതോടെ ലക്ഷ്മിയമ്മ അഞ്ചുമക്കളെയും കൂട്ടി തന്റെ കുറുപ്പത്തുതറവാട്ടിലേക്ക് തിരിച്ചെത്തി. മുത്തച്ഛൻ കൈമൾകുന്നത്ത് ഗോവിന്ദമേനോനായിരുന്നു പിന്നെ വിപിൻദാസിന്റെയും അമ്മയുടെയും സഹോദരങ്ങളുടെയും സംരക്ഷണം ഏറ്റെടുത്തത്.
മുത്തച്ഛൻ പറഞ്ഞുകൊടുത്ത മിത്തുകളുടെയും ഐതിഹ്യങ്ങളുടെയും കടുംചായങ്ങൾ കൊച്ചുമനസ്സിൽ എളുപ്പം പതിഞ്ഞു. അത് അവിടെ വിവിധതരം ചിന്തകളുടെ നിറക്കൂട്ടുകളിലേക്ക് പരിണമിച്ചു. മുത്തച്ഛന്റെ കഥകളിലെ കഥാപാത്രങ്ങളുടെ ഛായയായിരുന്നു വിപിൻദാസിന്റെ മനസ്സിൽ അച്ഛന്. എങ്ങോ മറഞ്ഞുപോയ ഒരാൾ. ആരോ തട്ടിപ്പറിച്ചുകൊണ്ടുപോയ വാത്സല്യം. കിട്ടാതെപോയ കളിപ്പാട്ടങ്ങളുടെ ഓർമ. ഇനിയും എവിടെയെന്നറിയാത്ത അച്ഛൻ തന്റെ പേരുകേട്ട് തിരികെവരണമെന്ന് അതിയായി ആഗ്രഹിച്ചപ്പോൾ ആ കുട്ടി മനസ്സിലെ ചായങ്ങളിൽ മുക്കി വരച്ചുതുടങ്ങി. അച്ഛനായിരുന്നു ക്യാൻവാസ്. അതിലായിരുന്നു വരച്ചുകൂട്ടിയതത്രയും. അങ്ങനെ 1953-ൽ ശങ്കേഴ്സ് വീക്ക്ലി നടത്തിയ ചിത്രരചനാ മത്സരത്തിൽ ആ കുട്ടി ഒന്നാമനായി.
യക്ഷന്മാരും കിന്നരന്മാരും കഥകളിലൂടെ പരിചിതരായപ്പോൾ വരയിൽ നിന്ന് സംഗീതത്തിലേക്കും ഓടിച്ചെന്നു. നാരായണയ്യർ എന്ന ഗുരു വയലിൻപഠിപ്പിക്കും. പക്ഷേ മൂന്നുരൂപവേണം. തറവാട്ടിലെ ഔദാര്യത്തിൽ കഴിയുന്ന അമ്മയുടെ കൈയിൽ അത് എങ്ങനെയുണ്ടാകാൻ? സംഗീതമോഹം അങ്ങനെ അവസാനിച്ചു. പക്ഷേ സംസ്ഥാനസ്കൂൾ യുവജനോത്സവത്തിൽ വയലിന് ഒന്നാംസമ്മാനം വിപിൻദാസിനായിരുന്നു എന്നൊരു ഉപകഥ കൂടി ഇതിനൊപ്പമുണ്ട്. ശങ്കേഴ്സ് വീക്ക്ലിയുടെയും യുവജനോത്സവത്തിലെയും വിജയങ്ങൾക്ക് ചരിത്രരേഖകളുടെ പിൻബലമുണ്ടോ എന്ന് ചോദിച്ചാൽ വിപിൻദാസ് ബാക്കിവെച്ചുപോയ അനേകം കഥകളുടെ കൂട്ടത്തിൽ ഇവയുമുണ്ടെന്ന് മാത്രം പറയേണ്ടിവരും.
പക്ഷേ ആ മനസ്സിൽ കലയുണ്ടായിരുന്നു എന്നത് സത്യം. പഴയന്നൂർ സ്കൂളിലെ ഡ്രിൽമാഷ് ജേക്കബ്ബും ഡ്രോയിങ് മാഷ് മൈക്കിളും അത് തിരിച്ചറിയുകയും ചെയ്തു. അവരുടെ പ്രോത്സാഹനത്തിലായിരുന്നു ആദ്യചുവടുകൾ. അക്കാലത്താണ് മൈക്കിൾ മാഷിന്റെ അനുജൻ പഴയന്നൂരിൽ ഫോട്ടോ സ്റ്റുഡിയോ തുടങ്ങിയത്. വരച്ചുണ്ടാക്കാൻ ശ്രമിച്ചവയെ അതേപടി പകർത്തിയെടുക്കാൻ കഴിയുന്ന ഉപകരണത്തിൽ മനസ്സുടക്കിയതോടെ ഫോട്ടോഗ്രഫി എന്ന വാക്കിന്റെ ഷട്ടർ വിപിൻദാസിൽ ആദ്യമായി തുറന്നടഞ്ഞു. അത് പിൽക്കാലജീവിത്തിലേക്കുള്ള ക്ലിക്ക് കൂടിയായിരുന്നു.
പക്ഷേ തറവാടിന്റെ പാരമ്പര്യം ഇത്തരം മോഹങ്ങൾക്ക് വെളിച്ചമേകുന്നതായിരുന്നില്ല. കൂട്ടുകുടുംബത്തിന്റെ മാറാലകളും തറവാട്ടുമഹിമയെക്കുറിച്ചുള്ള ദ്രവിച്ച അവകാശവാദങ്ങളും ഉള്ളിലെ കലാകാരനെ ശ്വാസംമുട്ടിച്ചുതുടങ്ങിയപ്പോൾ വിപിൻദാസ് വീടുവിട്ടുപോകാൻ തീരുമാനിച്ചു. അമ്മാവന്റെ പോക്കറ്റിൽനിന്നെടുത്ത 25 രൂപയുമായി ആരോടും ഒന്നുംമിണ്ടാതെ പുറത്തേക്കിറങ്ങുമ്പോൾ മഴപെയ്യുന്നുണ്ടായിരുന്നു.
വടക്കാഞ്ചേരിയിൽ നിന്ന് മദിരാശിയിലേക്കുള്ള തീവണ്ടിടിക്കറ്റിന് അന്ന് 12 രൂപയാണ്. ബാക്കിയുള്ള 13 രൂപയുമായി മലയാളസിനിമയുടെ മഹാനദിയൊഴുകുന്നയിടത്തേക്ക് വിപിൻദാസ് യാത്രയായി. തീവണ്ടിക്കൊപ്പം ഉള്ളിൽ ആരോ ചൂളംകുത്തി. അതിന്റെ വയറിനുള്ളിലെപ്പോലെ നെഞ്ചിലും തീയെരിഞ്ഞു. പക്ഷേ മനസ്സിലെ ചിത്രപേടകത്തിൽ സ്വപ്നങ്ങൾ അനവധി.
ഒരു ലോഡ്ജിൽ മുറിയെടുത്തു. മൂന്നുദിവസം കഴിഞ്ഞപ്പോൾ കൈയിലുണ്ടായിരുന്ന കാശുതീർന്നു. ലോഡ്ജുകാർ ഇറക്കിവിട്ടു. വിപിൻദാസ് മദിരാശിയുടെ കത്തിരിച്ചൂടിലേക്ക് കാൽവെച്ചു. പൊള്ളുന്നു. പക്ഷേ മുന്നോട്ടുനടക്കാതെ വയ്യ. ഒരു ഹോട്ടലിന് മുന്നിലാണ് ചെന്നുനിന്നത്. അവിടെ മേശതുടയ്ക്കലും എച്ചിലിലയെടുക്കലുമായി കുറേനാളുകൾ. അന്തിയുറക്കം തേനാംപേട്ട് കോൺഗ്രസ് ബിൽഡിങ്ങിനുമുന്നിൽ തെരുവുവീടാക്കിയവർക്കൊപ്പം. ഇതിനിടയ്ക്ക് പല സ്റ്റുഡിയോകളിലും പോയി ഫോട്ടോഗ്രഫി പഠിക്കാനുള്ള അവസരം ചോദിച്ചു. നയാപൈസ കൈയിലില്ലാത്ത ഹോട്ടൽ ക്ലീനിങ് തൊഴിലാളി ക്യാമറ പിടിക്കണമെന്ന മോഹം പറയുന്നതുകേട്ട് എല്ലാവരും ആട്ടിയോടിച്ചു.
അങ്ങനെയൊരു വൈകുന്നേരം നെറ്റിയിൽ വലിയ ഭസ്മക്കുറിയും അതിനുനടുവിൽ കുങ്കുമവും തൊട്ട ഒരാൾ വയലിൻപെട്ടിയുമായി ഹോട്ടലിലേക്ക് വന്നുകയറി. പെട്ടി മേശമേൽവെച്ച് കൈകഴുകാൻ പോയ അദ്ദേഹം തിരികെവന്നപ്പോൾ കണ്ടത് കിട്ടാൻകൊതിച്ചിരുന്ന ഒരു കളിപ്പാട്ടത്തെപ്പോലെ അതിനെ അരുമയോടെ,സ്നേഹത്തോടെ,ആരാധനയോടെ,എന്നാൽ ലേശം ഭയത്തോടെ തലോടുന്ന ക്ലീനിങ് പയ്യനെയാണ്.
"എന്നാ..വയലിൻ വായിക്കപ്പോറായാ?"
പയ്യൻ തലയാട്ടി...
വന്നയാൾ ഒരു മസാലദോശയ്ക്ക് ഓർഡർ കൊടുത്തിട്ട് പറഞ്ഞു
"വീട്ടിലേക്ക് വാങ്കോ...."
(തുടരും)