ക്യാപ്റ്റൻ രാജു ഫോട്ടോ-അറേഞ്ച്ഡ്
Premium

'മാതൃഭൂമി'ഓഫീസിലേക്ക് തോക്കുമായി കയറിവന്ന് ക്യാപ്റ്റൻ രാജു ചോദിച്ചു:'എവിടെയവൻ...?'

കെ.പി.നാരായണൻ

മദമിളകിയ കൊമ്പനെപ്പോലെ വന്ന ക്യാപ്റ്റൻ രാജുവിനെ മെരുക്കിയ കഥ ഒരു ആനപ്രേമി എഴുതുന്നു

പണ്ടേ ഒരു ആനക്കമ്പക്കാരനാണ് ഞാൻ. സിനിമയിലെ അഭിനേതാക്കളേക്കാൾ എനിക്ക് പരിചയം ആനകളുടെ പേരുകളാണ്. പക്ഷേ ചില്ലറ സിനിമാപ്രേമവുമുണ്ടായിരുന്നു ചെറുപ്പകാലം തൊട്ടേ. ചില സിനിമാനടന്മാരെക്കാണുമ്പോൾ തലയെടുപ്പുള്ള ആനകളെയാണ് ഓർമവരിക. അവരുടെ തലപ്പൊക്കവും ചേഷ്ടകളും ശരീരഭാഷയുമൊക്കെ കാണുമ്പോൾ കൊമ്പുള്ള ചില വമ്പനാനകളെപ്പോലെ തന്നെയുണ്ടാകും. അക്കൂട്ടത്തിൽ ഞാൻ ശ്രദ്ധിച്ചിരുന്ന ഒരാളായിരുന്നു ക്യാപ്റ്റൻ രാജു.

പട്ടാളത്തിലായിരുന്നതിനാൽ ക്യാപ്റ്റന് നല്ല ഉയരവും ഒത്ത ശരീരവുമായിരുന്നു. ആദ്യകാലത്തെ സിനിമകളിലൊക്കെ സ്ക്രീൻനിറഞ്ഞാണ് ക്യാപ്റ്റൻ രാജു നില്കുക. ശരിക്കും ഉത്സവപ്പറമ്പിലെ ആനയെപ്പോലെതന്നെ. ആ​ഗസ്റ്റ് 1 എന്ന സിനിമയിലെ വാടകക്കൊലയാളിയെ ശ്രദ്ധിച്ചാലറിയാം ക്യാപ്റ്റന്റെ തലയെടുപ്പ്. പക്ഷേ ആ ക്യാപ്റ്റൻ രാജുവുമായി മുഖാമുഖം ഇരിക്കേണ്ടി വരുമെന്ന്-അതും പേടിച്ചുവിറച്ച്-സ്വപ്നത്തിൽപ്പോലും ഞാൻ വിചാരിച്ചിരുന്നില്ല. ആ​ഗസ്റ്റ് 1-ലെ വില്ലനെ നേരിൽ കണ്ടതുപോലെയുള്ള നിമിഷം.

പറഞ്ഞുവല്ലോ,സിനിമയോട് ചെറിയ കമ്പമേയുണ്ടായിരുന്നുള്ളൂ. സിനിമ കാണുന്നതിലുമിഷ്ടം ആനയെക്കാണുന്നതായിരുന്നു. അതുകൊണ്ട് ഞാൻ കണ്ട സിനിമകളുടെ എണ്ണം ഞാൻ കണ്ട ആനകളുടെ എണ്ണത്തേക്കാൾ തുലോം കുറവാണ്. സിനിമാ നടീനടന്മാരെയും സംവിധായകരെയുമൊന്നും വ്യക്തിപരമായി എനിക്ക് പരിചയമുണ്ടായിരുന്നില്ല. പക്ഷേ ആനയുടമകളുമായും പാപ്പാന്മാരുമായും നല്ല സൗഹൃദമുണ്ടായിരുന്നുതാനും.

'മാതൃഭൂമി' പോലെ വലിയൊരു പത്രത്തിന്റെ പരസ്യവിഭാ​ഗത്തിന്റെ ചുമതല വഹിച്ചിരുന്നതിനാൽ സിനിമാപ്രവർത്തകരുമായി ഇടപഴകാനുള്ള സാഹചര്യങ്ങൾ ധാരാളമുണ്ടായിരുന്നു. പക്ഷേ എന്തുകൊണ്ടോ പലപ്പോഴും അതിൽനിന്ന് ഒഴിഞ്ഞുനില്കുകയായിരുന്നു പതിവ്. ഉത്സവപ്പറമ്പുകളിലെ ആനകൾക്കിടയിൽ ആഹ്ലാദം കണ്ടെത്തുന്നയാളായിരുന്നു എന്നും ഞാൻ. അങ്ങനെ സിനിമയിൽനിന്നൊഴിഞ്ഞ് ആനപ്രേമത്തിൽ അലിഞ്ഞുനടന്ന എന്റെ മുന്നിലേക്കാണ് അന്ന് മദമിളകിയ കൊമ്പനെപ്പോലെ ക്യാപ്റ്റൻ രാജുവന്നുകയറിയത്.

ഓ​ഗസ്റ്റ് 1 എന്ന ചിത്രത്തിൽ ക്യാപ്റ്റൻ രാജു

പതിനഞ്ചുവർഷത്തിനപ്പുറമാണ്. ഉച്ചകഴിഞ്ഞ സമയം. കോഴിക്കോട്ടെ 'മാതൃഭൂമി' ഓഫീസിലെ എന്റെ മുറിയിലിരിക്കുമ്പോൾ ഇന്റർകോമിൽ ഒരു കോൾ. പരസ്യവിഭാ​ഗത്തിലെ തന്നെ എന്റെയൊരു സഹപ്രവർത്തകനാണ്. 'സാറേ...ക്യാപ്റ്റൻ രാജു അങ്ങോട്ട് തോക്കുമായി വരുന്നുണ്ട്...ഞാനില്ല..ഞാൻ മരിച്ചുപോയെന്ന് പറഞ്ഞേക്ക്...'ഫോൺ കട്ടായി. എനിക്കൊന്നും മനസ്സിലായില്ല. തിരിച്ചുവിളിച്ചുചോദിക്കാൻ ഫോണെടുക്കാനോ എന്താണയാൾ പറഞ്ഞതെന്ന് ആലോചിക്കാനോ സമയം കിട്ടുംമുമ്പ് എന്റെ ക്യാബിനിലേക്ക് ക്യാപ്റ്റൻരാജു കയറിവന്നു. കൈയിൽ പിസ്റ്റൾ പോലൊരു തോക്കുണ്ട്. അത് മേശപ്പുറത്തേക്ക് വച്ച് കസേരയിലിരുന്ന് ക്യാപ്റ്റൻ രാജു ചോദിച്ചു: 'എവിടെ അവൻ....?'മുന്നിൽ സിനിമയാണോ അതോ ശരിക്കുള്ള സീനാണോ എന്ന് ഒരുനിമിഷത്തേക്ക് ഭ്രമിച്ചുപോയി. സമചിത്തത വീണ്ടെടുത്ത് അദ്ദേഹത്തോട് ചോദിച്ചു: 'എന്താണ് സാർ പ്രശ്നം...?'

ഇവിടെയാണ് ഫ്ളാഷ്ബാക്ക്. 'മാതൃഭൂമി'യുടെ ക്ലാസിഫൈഡ് പേജിൽ അന്ന് 'ചിരിമരുന്ന്' എന്നൊരു പംക്തിയുണ്ടായിരുന്നു. 'മാതൃഭൂമി' പീരിയോഡിക്കൽസ് വിഭാ​ഗത്തിൽ കോപ്പിറൈറ്ററായിരുന്ന മധുമോഹൻ ആയിരുന്നു രചയിതാവ്. സിനിമാലോകത്തുനിന്നുള്ള നുറുങ്ങ് സംഭവങ്ങൾ നർമത്തിൽപൊതിഞ്ഞ് അവതരിപ്പിക്കുകയായിരുന്നു 'ചിരിമരുന്നി'ൽ. യാഥാർഥ്യങ്ങളും കല്പിതകഥകളുമെല്ലാം ചേർന്നൊരു പംക്തി. 'ക്യാപ്റ്റൻ തോക്കുമായി വരുന്നുണ്ട്,ഞാൻ മരിച്ചുപോയെന്ന് പറഞ്ഞേക്കാൻ' പറഞ്ഞ് ഓഫീസിൽ നിന്ന് മുങ്ങിയ എന്റെ സഹപ്രവർത്തകനായിരുന്നു മധു എഴുതിത്തരുന്ന കുറിപ്പ് നോക്കി അപ്രൂവ് ചെയ്യാനുള്ള ഉത്തരവാ​ദിത്തം. അദ്ദേഹം തരുന്നത് ഞാൻ നേരയെങ്ങ് സെൻട്രൽ ഡസ്കിന്റെ ചുമതലയുണ്ടായിരുന്ന ഡപ്യൂട്ടി എഡിറ്റർ രാധാകൃഷ്ണൻ നമ്പിക്ക് കൈമാറും. തിരക്കിനിടയിൽ എന്താണതിൽ ഉള്ളതെന്നുപോലും ശ്രദ്ധിക്കാറില്ല. നേരത്തെ പറഞ്ഞതുപോലെ സിനിമ എന്റെ മേഖലയല്ലായിരുന്നതിനാൽ പ്രത്യേകിച്ചും. പത്രത്തിൽ അച്ചടിച്ചുവരുന്നതിനുമുമ്പുള്ള പ്രക്രിയ ഇതായിരുന്നു.

'നാടോടിക്കാറ്റി'ലെ 'പവനായി' എന്ന കഥാപാത്രമായി ക്യാപ്റ്റൻ രാജു

തൊട്ടുമുമ്പിലുള്ള ആഴ്ചയിൽ വന്ന കഥയിലെ നായകൻ ക്യാപ്റ്റൻ രാജുവായിരുന്നു. പലകാലങ്ങളിൽ പലരീതിയിൽ പ്രചരിച്ച,സിനിമയിലുള്ള പലരുടെയും പേരിൽ ആരോപിക്കപ്പെട്ട,ഒടുവിൽ 'മിമിക്സ് പരേഡ്' എന്ന സിനിമയിൽപോലും പ്രത്യക്ഷപ്പെട്ട ഒരു കല്പിതകഥ ക്യാപ്റ്റന്റെ പേരിൽ ചാർത്തിയുണ്ടാക്കിയ ചിരിമരുന്ന്. ഏറെ പറഞ്ഞുപഴകിയതിനാൽ ആ കഥ ചുരുക്കം വാചകങ്ങളിൽ മാത്രം കുറിക്കുന്നു. ക്യാപ്റ്റൻ രാജു ഒരു കാറിൽപോകുമ്പോൾ മുമ്പേ പോകുന്ന വാഹനത്തിൽ നിന്ന് ഒരു കെട്ട് താഴേക്ക് വീഴുന്നു. അറിയാതെ വീണതാണെന്നും ഓവർടേക്ക് ചെയ്യുമ്പോൾ അവർക്ക് കൈമാറാമെന്നും വിചാരിച്ച് ക്യാപ്റ്റനതെടുത്ത് സ്വന്തം വണ്ടിയിലിടുന്നു. പക്ഷേ മുമ്പോട്ടുപോകുന്തോറും അതാ വീണ്ടും വീണ്ടും കെട്ടുകൾ.. അതെല്ലാം പെറുക്കിയെടുത്ത് ഒറ്റക്കെട്ടാക്കി മാറ്റി ഒടുവിൽ വണ്ടിയെ ഓവർടേക്ക് ചെയ്ത് ചെന്ന് നിർത്തി ഡ്രൈവറെ ഉപദേശിക്കാൻ തുടങ്ങിയതും അയാൾ തലയ്ക്ക് കൈവെച്ച് നിലത്തേക്കിരിക്കുന്നു. അതൊരു പത്രവണ്ടിയായിരുന്നു. ഏജന്റുമാർക്കായി ഓരോയിടത്ത് ഇട്ട പത്രക്കെട്ടുകളെല്ലാം കൂടിയാണ് ക്യാപ്റ്റൻ പെറുക്കിയെടുത്ത് കൊണ്ടുവന്നിരിക്കുന്നത്..

പത്രത്തിൽ ഈ കഥ തന്റെ പേരിൽ അച്ചടിച്ചുവന്നത് കുറച്ചുദിവസം കഴിഞ്ഞാണ് ക്യാപ്റ്റൻ അറിഞ്ഞത്. നേരെ ഒരു തോക്കുമെടുത്ത് 'മാതൃഭൂമി' ഓഫീസിലേക്ക് വരികയായിരുന്നു.

കട്ട് ബാക്ക് ടു

എന്റെ ഓഫീസ് മുറി

'എവിടെയവൻ..എനിക്കിപ്പോ അവനെ കാണണം...'-കുപിതനായ ക്യാപ്റ്റൻ തിരക്കുന്നത് 'ചിരിമരുന്നു'ണ്ടാക്കിയ ആ 'വൈദ്യനെ'യാണ്. പക്ഷേ അന്ന് 'മാതൃഭൂമി' പീരിയോഡിക്കൽസ് വിഭാ​ഗം പ്രവർത്തിച്ചിരുന്നത് പ്രധാന ഓഫീസിൽ നിന്ന് അല്പം ദൂരെയായി ചെറൂട്ടി റോഡിലുള്ള എം.എം.പ്രസ്സിലാണ്. മധുമോഹൻ അവിടെയാണുണ്ടാകുക. തന്നെ അന്വേഷിച്ചാകും ക്യാപ്റ്റൻരാജു തോക്കുമായി വന്നതെന്ന് കരുതിയാണ് 'ചിരിമരുന്ന്' കുറിപ്പ് പാസ്സാക്കി വിടാൻ നിയുക്തനായ പരസ്യവിഭാ​ഗത്തിലെ എന്റെ സഹപ്രവർത്തകൻ മുങ്ങിക്കളഞ്ഞത്. താഴെ സെക്യൂരിറ്റി വിഭാ​ഗത്തിൽ 'ചിരിമരുന്ന്' അച്ചടിച്ച 'മാതൃഭൂമി'യുടെ കോപ്പിയുമായി വന്ന് ആരാണിതിന്റെ ചുമതലക്കാരൻ എന്നന്വേഷിച്ചപ്പോൾ സെക്യൂരിറ്റി ജീവനക്കാർ ക്യാപ്റ്റനെ നേരെ ന്യൂസ് ബ്യൂറോയിലേക്ക് വിട്ടു. അവിടെച്ചെന്നപ്പോൾ ക്ലാസിഫൈഡ് പേജിൽ വന്നതിനെക്കുറിച്ചുള്ള പരാതിയായതിനാൽ എന്റെ ഓഫീസിലേക്ക് അയക്കുകയായിരുന്നു.

ക്യാപ്റ്റൻ ആവർത്തിക്കുകയാണ്: 'എവിടെയവൻ...എനിക്കിപ്പോ അവനെ കാണണം...'തോക്ക് അപ്പോഴും മേശപ്പുറത്തുണ്ട്. സത്യം പറഞ്ഞാൽ ഞാൻ ഭയന്നു. എന്താണ് ചെയ്യേണ്ടതെന്ന് അറിയില്ല. ഞാൻ അദ്ദേഹത്തെ തണുപ്പിക്കാനായി ചോദിച്ചു:' സർ,കുടിക്കാനെന്താണ് വേണ്ടത്..?'ക്യാപ്റ്റൻ ചൂടിൽ തന്നെ. 'എനിക്കൊന്നും വേണ്ട....'-കടുപ്പത്തിലുള്ള മറുപടി. എങ്കിലും ഞാൻ അത് കാര്യമാക്കാതെ ക്യാന്റീനിൽ വിളിച്ച് ചായ കൊണ്ടുവരാൻ പറഞ്ഞു. കഴിക്കാൻ വല്ലതുമുണ്ടോ എന്നന്വേഷിച്ചപ്പോൾ നാലുമണിയുടെ ചായനേരമടുക്കുന്നതിനാൽ എന്തോ പലഹാരവും തയ്യാറായിട്ടുണ്ടായിരുന്നു. എന്നാൽ അതും ഒരു പ്ലേറ്റ് എടുത്തോ എന്നായി ഞാൻ.

'ഒരു വടക്കൻ വീര​ഗാഥ'യിൽ അരിങ്ങോടരായി ക്യാപ്റ്റൻ രാജു

എന്റെ ഉപചാരമര്യാദ കണ്ട് ക്യാപ്റ്റൻ അപ്പോഴേക്കും ലേശം തണുത്തു. പിന്നെ തന്റെ പട്ടാളചരിത്രം മുതലുള്ള കാര്യങ്ങൾ പറഞ്ഞുതുടങ്ങി. പട്ടാളത്തിൽ പ്രവർത്തിച്ച തന്നെപ്പോലൊരാൾ ഇത്തരത്തിലുള്ള മണ്ടത്തരം കാണിച്ചുവെന്ന് പറഞ്ഞത് സഹിക്കാനാകാത്ത ആക്ഷേപമാണ്. അത് പൊറുക്കാനാകില്ല. പിന്നെ ക്യാപ്റ്റൻ മാതൃഭൂമി ഡയറക്ടറായിരുന്ന പി.വി.​ഗം​ഗാധരനുമായുള്ള ആത്മബന്ധത്തെക്കുറിച്ച് വാചാലനായി. അദ്ദേഹം 'ഒരു വടക്കൻ വീര​ഗാഥ'യിൽ തന്ന അരിങ്ങോടരുടെ വേഷം അഭിനയജീവിതത്തിലെ ഏറ്റവും വലിയ ഭാ​ഗ്യമായി കാണുന്നയാളാണ് താനെന്നായിരുന്നു ക്യാപ്റ്റൻ പറഞ്ഞത്. പി.വി.ജിയെപ്പോലൊരാളുടെ പത്രത്തിൽ തന്നെക്കുറിച്ച് ഇങ്ങനെയൊരു കഥ അച്ചടിച്ചുവരുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ലെന്നും അദ്ദേഹം സങ്കടപ്പെട്ടു.

അതോടെ എന്റെ അത്രയും കാലത്തെ പബ്ലിക്റിലേഷൻസ് പരിചയം മുഴുവനെടുത്ത് ക്യാപ്റ്റനെ സമാധാനിപ്പിക്കാൻ ആരംഭിച്ചു. ഇടഞ്ഞ ആനയെ മെരുക്കാൻ ശ്രമിക്കുന്ന പാപ്പാനായി മാറി അപ്പോഴേക്കും ഞാൻ. മാനേജ്മെന്റിൽ വിവരം ധരിപ്പിക്കാമെന്നും കൃത്യമായ നടപടിയുണ്ടാകുമെന്നും പറഞ്ഞപ്പോൾ ക്യാപ്റ്റൻ അടങ്ങി. അങ്ങനെ കുറച്ചുനേരത്തെ പരിശ്രമത്തിനുശേഷം അദ്ദേഹം തോക്ക് മേശമേൽ നിന്നെടുത്തു. അതോടെയാണ് എനിക്ക് സമാധാനമായത്. അവസാനം 'മാതൃഭൂമി'ക്യാന്റീനിലെ ചായയും പലഹാരവും കഴിച്ച് എനിക്ക് ഹസ്തദാനവും തന്നാണ് ക്യാപ്റ്റൻ മടങ്ങിയത്.

ക്യാപ്റ്റൻ രാജു

എനിക്ക് അദ്ദേഹത്തിന്റെ മാനസികാവസ്ഥ ഊഹിക്കാമായിരുന്നു. അതൊരു സാധുമനുഷ്യന്റെ വികാരപ്രകടനമായിരുന്നു. ആ തോക്ക് പക്ഷേ കളിത്തോക്കായിരുന്നോ അസ്സൽ തോക്കായിരുന്നോ എന്ന് എനിക്ക് ഇന്നും അറിഞ്ഞുകൂടാ. 'ചിരിമരുന്ന്' പിന്നീട് പുസ്തകമാക്കിയപ്പോൾ മധു ആമുഖത്തിൽ ഈ സംഭവം പ്രത്യേകം പരാമർശിച്ചു. 'തമാശ, അതിൽ കഥാപാത്രമാകുന്നവർക്കുകൂടി രസിക്കുമ്പോഴേ ഉദാത്ത ഫലിതമാകൂ എന്ന് തന്നെ പഠിപ്പിച്ച ക്യാപ്റ്റന് നന്ദി'യെന്നും മധു കുറിച്ചു.

കുറച്ചുനാളുകൾക്ക് ശേഷം ഒരുദിവസം. തിരുവനന്തപുരത്ത് ഭാര്യയുടെ വീട്ടിൽ പോയി മടങ്ങുകയാണ് ഞാനും ഭാര്യയും. റെയിൽവേസ്റ്റേഷനിൽ തീവണ്ടി കാത്തുനില്കെ ഒരു വിളി:'നാരായണൻ.....'നോക്കുമ്പോൾ ക്യാപ്റ്റൻ രാജു...അദ്ദേഹം എന്റെ പേര് ഓർത്തുവച്ചിരിക്കുന്നുവെന്നറിഞ്ഞപ്പോൾ അദ്ഭുതം തോന്നി. തീവണ്ടിയിറങ്ങി കാർ വരാനായി കാത്തുനില്കുകയാണ്. റയിൽവേസ്റ്റേഷനിലെ വെയിറ്റിങ് റൂമിൽ സൗകര്യമൊരുക്കാമെന്നു പറഞ്ഞെങ്കിലും ക്യാപ്റ്റൻ സമ്മതിച്ചില്ല. കുറച്ചുനേരം ഞങ്ങൾ സംസാരിച്ചുനിന്നപ്പോഴേക്കും അദ്ദേഹത്തിന് പോകാനുള്ള വാഹനമെത്തി. അതിനുശേഷം തൃശ്ശൂർ 'മാതൃഭൂമി' ഓഫീസിലെ ഒരു ജീവനക്കാരന്റെ കല്യാണത്തിനും ഞങ്ങൾ തമ്മിൽ കണ്ടു. വധുവിന്റെ ബന്ധുവായിരുന്നു ക്യാപ്റ്റൻ.

കാലമേറെക്കഴിഞ്ഞിരിക്കുന്നു. 'ചിരിമരുന്ന്' എഴുതിയ മധു 'മാതൃഭൂമി'യിൽ ജോലിചെയ്യവേ അസുഖബാധിതനായി ഞങ്ങൾക്ക് കരച്ചിൽ തന്ന് ജീവിതത്തിൽ നിന്ന് മടങ്ങി. ക്യാപ്റ്റനും കഥാവശേഷനായി. 'മാതൃഭൂമി'യിൽ നിന്ന് വിരമിച്ച ഞാൻ ആനക്കമ്പവും ഉത്സവങ്ങളുമായി സമയം ചെലവിടുന്നു. ഇന്നും എപ്പോഴെങ്കിലുമൊക്കെ ടി.വിയിലോ യൂട്യൂബിലോ ക്യാപ്റ്റൻ രാജു അഭിനയിച്ച സിനിമകളുടെ ഭാ​ഗങ്ങൾ കാണുമ്പോൾ ഞാൻ,വർഷങ്ങൾക്കു മുമ്പ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെപ്പോലെ മദംപൊട്ടി എന്റെ മുന്നിലേക്ക് തോക്കുമായി വന്ന ഒരാളെ ഓർക്കും. ഒപ്പം ആ ചോദ്യവും: 'എവിടെയവൻ..?'