'മാതൃഭൂമി' ഓഫീസിലെ ന്യൂസ്പാഡിൽ പിറന്ന 'സരസ്വതീയാമം...' ഓർമകളിലിന്നും വയലാർ

ഇന്ന് ഒക്ടോബർ 27. വയലാർ രാമവർ​മയുടെ വിയോ​ഗത്തിന് അരനൂറ്റാണ്ട്
കവിയും ​ഗാനരചയിതാവുമായ വയലാർ രാമവർമ
വയലാർ രാമവർമപപ്പപ്പ
Published on

പത്ര ഓഫീസിൽ പിറന്ന ഒരു സിനിമാ ഗാനമേ ഉള്ളൂ. 'അനാവരണം' എന്ന സിനിമയിലെ 'സരസ്വതിയാമം കഴിഞ്ഞു..' എന്ന് തുടങ്ങുന്ന ഗാനമാണത്. പിറന്നത് 'മാതൃഭൂമി' ആലപ്പുഴ ഓഫീസിലായിരുന്നു. ഒരാളുടെ വിലാപയാത്ര ചിത്രീകരിച്ച് സിനിമയ്ക്ക് മുൻപായികാണിച്ചിട്ടുണ്ട്. രണ്ടിലും കഥാപാത്രം വയലാർ രാമവർമ .

ആദ്യം ഗാനപ്പിറവിയെപ്പറ്റി പറയാം. 1970 കളിൽ മാതൃഭൂമി ആലപ്പുഴ ജില്ലാ ലേഖകനായിരുന്നു എം.എം.വർഗീസ്‌. രണ്ട് സംഘങ്ങളുടെ ഒത്തുചേരൽ ഇടയ്ക്കിടെ വർഗീസിന്റെ ഓഫീസിൽ നടക്കാറുണ്ട്. 'തെക്കൻ' 'വടക്കൻ' സംഘങ്ങൾ എന്നാണ് ഇവർ അറിയപ്പെട്ടിരുന്നത്. തെക്കൻ സംഘത്തിൽ തകഴി, തോപ്പിൽ ഭാസി, പി.പത്മരാജൻ തുടങ്ങിയവർ. വടക്കൻ സംഘത്തിൽ വയലാറും ചേലങ്ങാടനും(ചേലങ്ങാട് ​ഗോപാലകൃഷ്ണൻ). ഒരു ദിവസം വൈകിട്ട് സംഘങ്ങളുടെ സംഗമം നടക്കവേ 'മാതൃഭൂമി' ഓഫീസിലേക്ക് ഒരു ഫോൺ വിളി. സംവിധായകൻ എ.വിൻസന്റാണ് അങ്ങേത്തലയ്ക്കൽ. മദ്രാസിലാണ് അദ്ദേഹമപ്പോൾ ഉള്ളത്.അദ്ദേഹത്തിന് അത്യാവശ്യമായി വയലാറുമായി സംസാരിക്കണം. വയലാറിലെ വീട്ടിൽ വിളിച്ചപ്പോൾ ഇവിടെ കാണുമെന്ന് വിവരം ലഭിച്ചു. വിൻസന്റ് 'മാതൃഭൂമി' ആലപ്പുഴ ഓഫീസിലെ നമ്പർ തപ്പിപ്പിടിച്ച് വിളിക്കുകയായിരുന്നു.

ഛായാ​ഗ്രാഹകനും സംവിധായകനുമായിരുന്ന എ.വിൻസെന്റ്
എ.വിൻസെന്റ്ഫോട്ടോ കടപ്പാട്-എം3ഡിബി

വയലാറിനെ കിട്ടി. ഒരു പാട്ട് കൂടി എഴുതാമെന്നേറ്റിട്ടും എഴുതിക്കൊടുത്തിരുന്നില്ല. അതിനാണ് വിളിച്ചത്. അര മണിക്കൂർ സമയം വയലാർ ചോദിച്ചു. പാട്ട് പൂർത്തിയായാൽ ട്രങ്ക്കോൾ ബുക്ക് ചെയ്ത് വിളിക്കുമെന്ന് ഉറപ്പുംനൽകി. സമയമൊട്ടും പാഴാക്കാതെ വർഗീസിന്റെ മുന്നിലിരുന്ന ന്യൂസ് പാഡിൽ നിന്ന് കുറച്ചു കടലാസുകൾ വലിച്ചു കീറിയെടുത്ത് പാട്ടെഴുത്ത് തുടങ്ങി. ഇരുപത് മിനിട്ട് വേണ്ടി വന്നില്ല. ഒറ്റയെഴുത്തിന് പാട്ട് പൂർത്തിയാക്കി. പറഞ്ഞതു പോലേ ട്രങ്ക്ബുക്ക് ചെയ്തു കാത്തിരുന്നു. അധികം സമയമെടുത്തില്ല. മറുതലയ്ക്കൽ അക്ഷമനായുണ്ടായിരുന്ന വിൻസന്റിനെ കിട്ടി. എഴുതി എടുത്തോളാൻ വയലാർ പറഞ്ഞു. വിൻസന്റ് എഴുതിയെടുത്തു. ദേവരാജന്റെ കയ്യിൽ വൈകാതെ വരികൾ എത്തി. യേശുദാസ് അത്പാടി പൂർണതയിലെത്തിച്ചു. പത്രമോഫീസിൽ പിറന്ന ഏക മലയാളം സിനിമാ പാട്ടിന്റെ കഥ അങ്ങനെ.

വയലാർ രാമവർമ, ജി.ദേവരാജൻ
വയലാർ രാമവർമയും ജി.ദേവരാജനുംഫോട്ടോ-അറേഞ്ച്ഡ്

ഇനി ചിത്രീകരിക്കപ്പെട്ട വിലാപയാത്രയുടെ കഥ ഇങ്ങനെ.

വയലാർ മരിച്ചത് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വെച്ചാണ്. അവിടെ നിന്ന് അദ്ദേഹത്തിന്റെ വീടായ വയലാറിലെ രാഘവപ്പറമ്പിലേക്ക് മൃതദേഹം കൊണ്ടുവന്നത് കെ.എസ്.ആർ.ടി.സിയുടെ തുറന്ന ബസിലായിരുന്നു. വഴിനീളെ നൂറു കണക്കിനാളുകൾ ആദരാഞ്ജലി അർപ്പിച്ചു. ആലപ്പുഴ പട്ടണം കഴിഞ്ഞ് ചേർത്തലയ്ക്കുളള വഴിയിൽ ഉദയാ സ്റ്റുഡിയോയുടെ മുന്നിൽ അല്പനേരം ബസ് നിർത്തി. ഒരുപാട് പേർ പ്രിയ കവിയെ അവസാനമായി കണ്ടു. അവിടം മുതൽബസിന്റെ പിന്നാലേ തുറന്ന ടെമ്പോയിൽ ഒരു സംഘം ക്യാമറയുമായി കൂടി. ഉദയായിലെ ക്യാമറാ യൂണിറ്റായിരുന്നു അത്.

കുഞ്ചാക്കോയുടെ താല്പര്യപ്രകാരമായിരുന്നു ചിത്രീകരണം. അഞ്ച് ക്യാമറാമാൻമാർ വിലാപയാത്ര മാറി മാറി ചിത്രീകരിച്ചു. രാത്രിയിൽ മൃതദേഹം ദഹിപ്പിക്കുന്നതു വരെയുള്ളവ അവർ ക്യാമറയിലാക്കി. 'ചീനവല' അടക്കമുള്ള സിനിമ തുടങ്ങും മുൻപ് പത്ത് മിനിട്ടോളം ദൈർഘ്യമുള്ള ഈ റീൽ പ്രദർശിപ്പിച്ചിരുന്നു. ആ റീൽ കുറെ നാൾ ഉദയായിലുണ്ടായിരുന്നു. ഇന്ന് ഉദയാ സ്റ്റുഡിയോ ഒന്നും അവശേഷിക്കാത്ത വിധം മൺ മറഞ്ഞല്ലോ. കേരളത്തിൽ ആദ്യമായി ചിത്രീകരിച്ച് സിനിമയ്ക്കൊപ്പം തിയറ്ററുകളിൽ പ്രദർശിപ്പിച്ച ആ റീലും അപ്രത്യക്ഷമായി.

അതിന് മുമ്പ് നടൻ സത്യന്റെ അന്ത്യയാത്രയും ഇത്തരത്തിൽ ചിത്രീകരിച്ച് പ്രദർശിപ്പിച്ചിരുന്നു. 'അനുഭവങ്ങൾ പാളിച്ചകൾ' എന്ന സിനിമയുടെ തുടക്കത്തിലായിരുന്നു അത്. ഈ സിനിമ ചിത്രീകരിച്ചതും ചേർത്തലയിൽ തന്നെ.

(സാജു ചേലങ്ങാട് ഫേസ്ബുക്കിൽ പങ്കുവെച്ചത്)

Related Stories

No stories found.
Pappappa
pappappa.com