മമ്മൂട്ടി ഫോട്ടോ-അറേഞ്ച്ഡ്
Malayalam

അടിമാലി അപകടം: സന്ധ്യയുടെ ചികിത്സാച്ചെലവുകൾ മമ്മൂട്ടി ഏറ്റെടുത്തു

പപ്പപ്പ റിപ്പോര്‍ട്ടര്‍

അടിമാലി കൂമ്പൻപാറയിലുണ്ടായ മണ്ണിടിച്ചിലിൽ ​ഗുരുതരമായി പരിക്കേറ്റ അടിമാലി നെടുമ്പിളിക്കുടി വീട്ടിൽ സന്ധ്യ ബിജു(41)വിന്റെ ചികിത്സാച്ചെലവുകൾ പൂർണമായും നടൻ മമ്മൂട്ടി ഏറ്റെടുത്തു. ആലുവ രാജ​ഗിരി ആശുപത്രിയിലെ തുടർ ചികിത്സ മമ്മൂട്ടിയുടെ കെയർ ആന്റ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ നടക്കും. ​ഗുരുതരമായി ​പരിക്കേറ്റതിനാൽ സന്ധ്യയുടെ കാൽമുറിച്ചുമാറ്റേണ്ടിവന്നിരുന്നു.

അപകടത്തിൽ ഭർത്താവ് ബിജു മരിക്കുകയും കാൽമുറിച്ചുമാറ്റുകയും ചെയ്തതോടെ സന്ധ്യയുടെ ജീവിതം പ്രതിസന്ധിയിലായിരുന്നു. മകൻ കാൻസർ മൂലം കഴിഞ്ഞവർഷം മരിച്ചു. നഴ്സിങ് വിദ്യാർഥിനിയായ മകൾ മാത്രമാണ് ഇനിയുള്ള തുണ. തുടർന്ന് ബന്ധുക്കൾ സഹായം തേടി മമ്മൂട്ടിയുടെ കെയർ ആന്റ് ഷെയർ ഫൗണ്ടേഷനെ സമീപിക്കുകയായിരുന്നു. തുടർന്ന് മമ്മൂട്ടി നേരിട്ട് രാജ​ഗിരി ആശുപത്രി അധികൃതരുമായി സംസാരിക്കുകയും ചികിത്സാച്ചെലവുകൾ ഏറ്റെടുക്കാമെന്ന് അറിയിക്കുകയുമായിരുന്നു.

ഞായാറാഴ്ച പുലർച്ച 5.16 ന് ആയിരുന്നു സന്ധ്യയെ രാജ​ഗിരി ആശുപത്രിയിലെത്തിച്ചത്. ഇരുകാലുകൾക്കും പരിക്കേറ്റ് മൂന്ന് മണിക്കൂറോളം മണ്ണിനടിയിൽ അകപ്പെട്ട ശേഷമാണ് സന്ധ്യയെ പുറത്തെടുത്തത്. ആലുവ രാജഗിരി ആശുപത്രിയിൽ എത്തുമ്പോൾ ഏകദേശം ഏഴ് മണിക്കൂറോളം പിന്നിടുകയും വലതുകാലിലേക്കുള്ള രക്തയോട്ടം പൂർണ്ണമായും തടസ്സപ്പെടുകയും ചെയ്തിരുന്നു. അസ്ഥികൾ പലയിടങ്ങളിലായി ഒടിഞ്ഞ നിലയിലുമായിരുന്നു.

പിന്നീട് എട്ടുമണിക്കൂർ നീണ്ടുനിന്ന ശസ്ത്രക്രിയയിൽ ഇടത്തേക്കാൽ പ്രവർത്തനം പൂർവസ്ഥിയിലാക്കുകയും, വലത്തേക്കാലിലെ രക്തയോട്ടം വീണ്ടെടുക്കുകയും അസ്ഥികൾ സംരക്ഷിക്കുകയും ചെയ്തു. പക്ഷേ ചതഞ്ഞരഞ്ഞ മസിലുകളും കോശങ്ങളും പുറപ്പെടുവിക്കുന്ന വിഷാംശങ്ങൾ കൂടിവരികയും ആന്തരികാവയവങ്ങളുടെ പ്രവർത്തനം തടസ്സപ്പെടുത്തുകയും ചെയ്യുന്ന അവസ്ഥയിലെത്തിയതോടെ സന്ധ്യയുടെ ജീവൻരക്ഷിക്കുന്നതിനായി വലത്തേക്കാൽ മുട്ടിന് താഴെ നീക്കംചെയ്യേണ്ടതായി വന്നു.